‘വോളണ്ടറി ചൈൽഡ്‌ലെസ്സ്നെസ്സ്’: ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പ്

വിവാഹം ഒരു തെരഞ്ഞെടുപ്പാണ് എന്നതുപോലെ, കുട്ടികൾ വേണോ വേണ്ടയോ എന്നതും ഒരു തെരഞ്ഞെടുപ്പാണ്. എന്നാൽ, ഇൻഡ്യൻ സാഹചര്യത്തിൽ വിവാഹം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവുക എന്നത് ഒരു നാട്ടുനടപ്പായും, തുടർന്നുവരേണ്ടുന്ന ധാർമിക ബാധ്യതയായും കണക്കാക്കപ്പെടുന്നു. ‘വോളണ്ടറി ചൈൽഡ്ലെസ്സ്നെസ്സ്’ പഠനങ്ങളെ മുൻനിർത്തി സൈക്കോളജിസ്റ്റ് കാവേരി. എസ് എഴുതുന്നു.

“കുട്ടികൾ വേണ്ട എന്ന നിലപാട് നല്ലതാണെന്ന് ഞാൻ ഇപ്പോഴും കരുതുന്നു. ലോകത്ത് വളരെയധികം ആളുകളുണ്ട്. ഈ തീരുമാനം പരിസ്ഥിതി ശാസ്‌ത്രത്തിനുള്ള എന്റെ സംഭാവനയാണ്”, പ്രശസ്ത ഇംഗ്ലീഷ് അഭിനേത്രി ഹെലൻ മിറെൻ പറഞ്ഞ വാക്കുകളാണിവ. ഒരുപക്ഷേ കുട്ടികൾ വേണോ വേണ്ടയോ എന്നുള്ളത് ഒരു തെരഞ്ഞെടുപ്പാണ് (choice) എന്ന തിരിച്ചറിവ് ഇംഗ്ലണ്ടിലെ സ്ത്രീകൾക്കുള്ളത് കൊണ്ടാവും ‘വോളണ്ടറി ചൈൽഡ്‌ലെസ്സ്നെസ്സ്’ എന്ന വിഷയത്തിൽ പല പഠനങ്ങളും നടന്നിട്ടുള്ളത്.

എന്നാൽ, ഈ വിഷയത്തിൽ ഇൻഡ്യയുടെയും കേരളത്തിന്റെയും അവസ്ഥ ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യാൻ പോലും കഴിയാത്ത വിധം ദയനീയമാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുൻപ് എല്ലാ ദമ്പതികളും നേരിടുന്ന ഒരു ചോദ്യമാണ് “വിശേഷമൊന്നും ആയില്ലേ” എന്നത്. എത്ര പുരോഗമനവാദികളായ ദമ്പതികളാണെങ്കിലും വീട്ടുകാരോ ബന്ധുക്കളോ നാട്ടുകാരോ ഒരു തവണയെങ്കിലും അവരോട് ഈ ചോദ്യം ചോദിച്ചു കാണും. നമ്മുടെ നാട്ടിൽ വിവാഹം ഒരു തെരഞ്ഞെടുപ്പാണ് എന്ന തിരിച്ചറിവ് ഇല്ലാത്തതുപോലെ, കുട്ടികൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശവും ദമ്പതികൾക്കുണ്ട് എന്നും നമുക്കറിയില്ല. വിവാഹം കഴിഞ്ഞാൽ കുട്ടികൾ ജനിക്കുക എന്നുള്ളത് ഒരു നാട്ടുനടപ്പാണ്. അതിനെപ്പറ്റി ചിന്തിച്ചിട്ടില്ലാത്ത ദമ്പതികളെ പോലും അതിനു പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്വമാണ് എന്ന് കരുതപ്പെടുന്നു. ഇത്തരം നാട്ടുനടപ്പുകൾ നിലനിൽക്കുന്ന സമൂഹത്തിൽ വ്യത്യസ്തമായ നിലപാടുള്ളവർക്ക് മുന്നോട്ടുപോകാൻ വളരെ പ്രയാസമാണ്. പലപ്പോഴും ദമ്പതികൾക്ക് അവരുടെ തീരുമാനം തുറന്നുപറയാനോ അതനുസരിച്ചു പ്രവർത്തിക്കാനോ സാധിക്കാറില്ല. മറ്റുള്ളവരുടെ പ്രേരണ മൂലം അവരും കുട്ടികളെ ജനിപ്പിക്കുന്നു. ഒരുപക്ഷേ ജനിച്ച ശേഷം ആ കുട്ടിയെ സ്നേഹിക്കാനും വളർത്താനും അവർക്കു കഴിയും എന്ന് പ്രതീക്ഷിക്കാം. എങ്കിലും എല്ലാവർക്കും അതിനു സാധിക്കുമോ എന്ന ചോദ്യം ആശങ്കയുണ്ടാക്കുന്നു.

ഹെലൻ മിറെൻ

ഈയിടെ വിവാഹം കഴിക്കാനിരിക്കുന്ന രണ്ടു പേർക്ക് ‘വോളണ്ടറി ചൈൽഡ്ലെസ്സ്നെസ്സ്’ എന്ന വിഷയത്തിൽ രണ്ടു നിലപാടുള്ളതായി ഒരു സുഹൃത്ത് പറഞ്ഞ് ഞാനറിഞ്ഞു. അപ്പോഴാണ് ഇതിനെപറ്റി അന്വേഷിക്കുന്നതും ബന്ധപ്പെട്ട പഠനങ്ങൾ വായിക്കാനിടയായതും. ദമ്പതികളിൽ രണ്ടു പേർക്കും വ്യത്യസ്ത അഭിപ്രായമാണെങ്കിൽ എന്ത് ചെയ്യാനാകും?വിവാഹം കഴിയുന്നതിനു മുൻപാണെങ്കിൽ കാമുകനോടോ കാമുകിയോടോ ഒരു ‘ഗുഡ്ബൈ’ പറഞ്ഞ് സമാന നിലപാടുള്ള ഒരാളെ കണ്ടെത്താൻ ശ്രമിക്കാം. കഴിവതും ഇത്തരം വിഷയങ്ങൾ വിവാഹത്തിന് മുൻപ് മനസ്സിലാക്കുന്നതാണ് ഏറ്റവും നല്ലത്. അതിനു ശേഷമാവുമ്പോൾ ഒരാൾക്കുവേണ്ടി മറ്റെയാൾ തന്റെ തീരുമാനവും ഇഷ്ടങ്ങളും മാറ്റേണ്ടി വരും. സ്വാഭാവികമായും മാറാൻ നിർബന്ധിതരാകുന്നത് സ്ത്രീകൾ തന്നെയായിരിക്കും. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ വിഷമം അനുഭവിക്കുന്നവരെ പോലെ തന്നെയാണ് കുട്ടികൾ വേണ്ടാഞ്ഞിട്ടും കുട്ടികളെ ജനിപ്പിക്കാൻ നിർബന്ധിതരാകുന്ന വ്യക്തികളുടെ കാര്യവും.

പക്ഷേ എന്തുകൊണ്ടോ കുട്ടികൾ വേണ്ട എന്ന തീരുമാനം വളരെ സ്വാർഥവും മോശപ്പെട്ടതുമായാണ് സമൂഹം കാണുന്നത്.2014ൽ ഇംഗ്ലണ്ടിൽ നടന്ന ഒരു പഠനം ‘വോളണ്ടറി ചൈൽഡ്ലെസ്സ്നെസ്സിന്’ പിന്നിലെ കാരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. കുട്ടികളെ നോക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ താത്പര്യമില്ലായ്ക, കരിയർ വളർച്ച, സാമ്പത്തിക കാരണങ്ങൾ, വിവാഹ ജീവിതത്തിലെ സംതൃപ്തി, കുട്ടികളെ നല്ല പാരന്റിങ് നൽകി വളർത്തിയെടുക്കാൻ കഴിയും എന്ന കാര്യത്തിൽ ഉറപ്പില്ലായ്ക എന്നിങ്ങനെ പല കാരണങ്ങളും അതിനുണ്ട്. നല്ല രീതിയിൽ കുട്ടികളെ വളർത്താനുള്ള സാഹചര്യവും അറിവും ഉണ്ടോ എന്ന് ചിന്തിക്കാൻ കഴിയുന്നത് തന്നെ വളരെ നല്ല കാര്യമാണ്. കുട്ടികളെ ജനിപ്പിക്കേണ്ടത് ഒരു നിർബന്ധമാകുമ്പോൾ അവരെ വളർത്താനുള്ള അടിസ്ഥാന അറിവു പോലുമില്ലാതെ ‘പാരന്റിങ്’ എന്ന കർത്തവ്യത്തിൽ വന്നു പെടുന്നവരുടെ കുട്ടികൾ നേരിടുന്ന സാഹചര്യങ്ങളും അതിന്റെ ഫലമായുണ്ടാവുന്ന മാനസിക പ്രശ്നങ്ങളും വളരെ വലുതാണ്. അത് വിശദമായി ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ്. പഠനത്തിൽ പറയുന്നതും അല്ലാത്തതുമായ പല കാരണങ്ങളും ‘വോളണ്ടറി ചൈൽഡ്ലെസ്സ്നെസ്സിന്’ ഉണ്ടാവാം. ഇനി യാതൊരു കാരണവും പറയാനില്ലെങ്കിലും അതിൽ പ്രശ്നമൊന്നുമില്ല. കാരണം ‘വോളണ്ടറി ചൈൽഡ്ലെസ്സ്നെസ്സ്’ എന്നത് അസുഖമല്ല, മറിച്ച് ഒരു ചോയ്സ് തന്നെയാണ്.

സ്വമേധയാ കുട്ടികൾ വേണ്ട എന്ന് തീരുമാനമെടുക്കുന്നവരെ പോലെത്തന്നെ, എത്ര ആഗ്രഹിച്ചിട്ടും കുട്ടികൾ ഉണ്ടാവാത്ത ദമ്പതികളും സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നു. അവിടെയും സ്ത്രീകളാണ് “മച്ചിയാണോ”, “ചികിത്സിക്കായിരുന്നില്ലേ” എന്നൊക്കെയുള്ള ചോദ്യങ്ങൾ കൂടുതലും നേരിടുന്നത്. പുരോഗമന കേരളം എന്നൊക്കെ പറഞ്ഞാലും കുട്ടികൾ ഉണ്ടാവാത്ത സ്ത്രീകളാണെങ്കിൽ അവരെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ നിന്നൊക്കെ മാറ്റിനിർത്തുന്നത് ഇന്നും നമുക്ക് കാണാൻ സാധിക്കും.

ആർത്തവത്തെയും ഭർത്താവില്ലാത്ത സ്ത്രീകളെയും ‘സ്റ്റിഗ്മാറ്റൈസ്’ ചെയ്യുന്നതുപോലെ തന്നെ, കുട്ടികൾ ഇല്ലാത്ത സ്ത്രീകളെയും നമ്മൾ ഉൾപ്പെടുന്ന കേരളീയ സമൂഹം മാറ്റിനിർത്തുന്നു. 1999ൽ ഇംഗ്ലണ്ടിൽ നടന്ന ഒരു പഠനത്തിൽ, കുട്ടികൾ വേണ്ട എന്ന് സ്വയം തീരുമാനമെടുത്ത സ്ത്രീകൾ പ്രൊഫഷണൽ അല്ലെങ്കിൽ മാനേജുമെന്റ് തൊഴിലുകളിൽ ഉയർന്ന പ്രാതിനിധ്യം ഉള്ളവരും ഉയർന്ന വരുമാനമുള്ളവരുമാണ് എന്ന് പറയുന്നുണ്ട്. പഠനത്തിനും കരിയറിനും കുടുംബത്തെക്കാൾ പ്രാധാന്യം കൊടുക്കുന്ന സ്ത്രീകളെ മോശക്കാരായി കാണുന്ന, കുടുംബത്തിനും കുട്ടികൾക്കും വേണ്ടി ത്യാഗം ചെയ്യുന്ന സ്ത്രീകളെ മഹത്വവത്കരിച്ച്, അപ്രകാരം തന്നെ തുടരാൻ പ്രേരിപ്പിക്കുന്ന ഇൻഡ്യൻ സമൂഹത്തിൽ ഇതിനൊക്കെ മാറ്റം വരാൻ ഇനിയും എത്ര കാലമെടുക്കും എന്ന് നമ്മൾ കണ്ടറിയേണ്ടിയിരിക്കുന്നു. ‘വോളണ്ടറി ചൈൽഡ്ലെസ്സ്നെസ്സിനെ’ പറ്റി ഇൻഡ്യയിലും കേരളത്തിലും ഗൗരവകരമായ പഠനങ്ങൾ നടന്നാൽ ഒരുപക്ഷേ നമുക്ക് ഈ വിഷയം മറ്റുള്ളവരിലേക്കെത്തിക്കാൻ സാധിച്ചേക്കാം. ന്യൂനപക്ഷമെങ്കിലും ഇങ്ങനെയുള്ളവർ നേരിടുന്ന പ്രശ്നങ്ങൾക്കും മാനസിക സമ്മർദത്തിനും അശ്വാസമേകാൻ ഇത്തരം പഠനങ്ങൾക്ക് കഴിയട്ടെ.

Top