പരമാധികാരത്തിന്റെ പരീക്ഷണങ്ങള്‍

നോട്ടുപിന്‍വലിക്കല്‍ നടപടി അത്തരമൊരു ജനാധിപത്യ ധ്വംസനമായിരുന്നു. ആ അര്‍ഥത്തില്‍ അത് കേവലമായ ഒരു സാമ്പത്തിക ഇടപെടല്‍ മാത്രമായിരുന്നില്ല. പൗരാവകാശങ്ങളോടുള്ള പുതിയ ഭരണകൂട സമീപനം അത് കൂടുതല്‍ പരസ്യമാക്കി. സ്വതന്ത്രവിപണി നല്‍കുന്ന ആനുകൂല്യങ്ങള്‍പോലും ഭരണകൂടത്തിന്‍െറ അമിതമായ മധ്യസ്ഥതയില്‍ മാത്രമേ ഇനിമുതല്‍ നിര്‍വചിക്കപ്പെടുകയുള്ളൂവെന്ന് ആ നടപടി നിസ്സംശയം നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംവാദങ്ങള്‍-ബി.ജെ.പി ചില സ്വകാര്യ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഈ വിവരം ചോര്‍ത്തി നല്‍കിയോ, ആവശ്യമായ നോട്ടുകള്‍ വിതരണത്തിന് എത്തിക്കാതെ നോട്ടുകള്‍ പിന്‍വലിച്ചത് നയപരമായ പാളിച്ചയാണോ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതുകൊണ്ട് സമ്പദ്വ്യവസ്ഥക്ക് നേട്ടമാണോ കോട്ടമാണോ ഉണ്ടാവുക തുടങ്ങിയവയൊക്കെ- അപ്രസക്തമാണ്. കാരണം, ഇത് നിയമവ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന ഒരു പരീക്ഷണമാണ്.

മുതലാളിത്ത സമ്പദ് വ്യവസ്ഥക്ക് അതിന്‍േറതായ ചില പക്വതകളുണ്ട്. വിശേഷിച്ചും പ്രാതിനിധ്യ ജനാധിപത്യത്തിന്‍െറ രാഷ്ട്രീയരൂപം, അത് സ്വീകരിക്കുന്ന സമൂഹങ്ങളില്‍ അനുക്രമം വികസിക്കുന്ന ലിബറല്‍ വ്യക്തിസ്വാതന്ത്ര്യ-മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനമാണ്. അതൊരിക്കലും പരിപൂര്‍ണമോ പ്രശ്നരഹിതമോ ആവണമെന്നില്ല. എങ്കിലും രാഷ്ട്രീയ-സിവില്‍സംവിധാനങ്ങളിലെ നിയമങ്ങളും ചട്ടക്കൂടുകളും പ്രധാനമായും സ്വകാര്യസ്വത്ത് സംരക്ഷിക്കുന്നതും സാമ്പത്തികാവകാശങ്ങള്‍ അംഗീകരിക്കുന്നതുമായിരിക്കും.

ഭരണകൂടം പ്രധാനമായും ഇതിന്‍െറ മേല്‍നോട്ടം വഹിക്കുകയും ഇത്തരം വിപണികേന്ദ്രിതമായ വ്യക്തിസ്വാതന്ത്ര്യ സമീപനത്തിന്‍െറ കാവലാളാവുകയും ചെയ്യുന്നത് അഭിലഷണീയമായി കരുതപ്പെടുന്നു. ഇതിനു ചില അപവാദങ്ങള്‍ ഉണ്ടാകാറില്ല എന്നല്ല. പക്ഷേ, ചരിത്രപരമായി ഇത്തരമൊരു കടമ മുതലാളിത്ത  ഭരണകൂടങ്ങള്‍ക്കുണ്ട്. അതില്‍നിന്നുള്ള വ്യതിചലനങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത് മുതലാളിത്ത ഭരണകൂടം ബൂര്‍ഷ്വ ജനാധിപത്യ സങ്കല്‍പങ്ങളില്‍നിന്നുതന്നെ വിരമിച്ച്, സ്വേച്ഛാധിപത്യ ഭരണക്രമത്തിലേക്ക് പിന്മാറുന്നതിന്‍െറ സൂചനയാണ്. ഏകാധിപതികളുടെ പിറവിയുടെയോ ഫാഷിസ്റ്റ് ഭരണക്രമത്തിന്‍െറ വഴിയിലേക്കുള്ള മാറ്റത്തിന്‍െറയോ ഘട്ടത്തിലാണ് ദേശരാഷ്ട്രങ്ങള്‍ ഈ അവസ്ഥയെ നേരിടേണ്ടിവരുന്നത്.

ഇന്ത്യയില്‍ അടിയന്തരാവസ്ഥയുടെ കാലം അത്തരത്തിലുള്ള ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. വ്യക്തികളുടെ പല സാമ്പത്തിക അവകാശങ്ങളും പൗരാവകാശങ്ങളുംതന്നെ അക്കാലത്ത് റദ്ദാക്കപ്പെട്ടു. അതിലേക്കു നയിച്ച ആഭ്യന്തരപ്രശ്നങ്ങള്‍ എന്തായാലും, അതിന്‍െറ ആത്യന്തികഫലം അമിതമായ ഭരണകൂട ഇടപെടലുകള്‍ വിപണിയിലും മറ്റു ജീവിതമേഖലകളിലും കാണാനായി എന്നതാണ്. രാഷ്ട്രശരീരത്തില്‍ അതേല്‍പിച്ച മുറിവുകളും അതിന്‍െറ വേദനകളും അളക്കാനാവാത്തത്ര ഭീകരമായിരുന്നു. പക്ഷേ, അത് ഒരു ചെറിയ കാലയളവിലേക്കായിരുന്നു. ആഭ്യന്തര സുരക്ഷിതത്വത്തിന്‍െറ പേരിലാണ് അത് കൊണ്ടുവന്നത്.

അത് ഭരണകൂടത്തിന്‍െറ അനുക്രമമായ ഒരു ഭാവമാറ്റം ആയിരുന്നില്ല. പെട്ടെന്ന് പ്രഖ്യാപിച്ചു പത്തൊമ്പതു മാസക്കാലം നീണ്ടുനിന്ന പ്രതിഭാസമായിരുന്നു. വീണ്ടും കോണ്‍ഗ്രസ് ജയിച്ചിരുന്നെങ്കില്‍ അത് പിന്‍വലിക്കപ്പെടുമായിരുന്നോ എന്ന ചോദ്യം പ്രസക്തമല്ല. അതിന് ഉത്തരം പറയുകയും എളുപ്പമല്ല.

എന്നാല്‍, അടിയന്തരാവസ്ഥപോലെ ഒരു സംവിധാനത്തിന്‍െറ മറയില്ലാതെതന്നെ ഭരണകൂടത്തിനു ജനങ്ങളുടെ ബൂര്‍ഷ്വ  ജനാധിപത്യാവകാശങ്ങള്‍ കടന്നെടുക്കാന്‍ കഴിയും. ലോകവ്യാപാര സമുച്ചയത്തിന്‍െറ മേല്‍ നടന്ന ആക്രമണത്തിനുശേഷം അമേരിക്കയില്‍ കൊണ്ടുവന്ന പേട്രിയറ്റ് നിയമങ്ങള്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അത് മുതലാളിത്തം ഉയര്‍ത്തിപ്പിടിക്കുന്ന പരിമിതമായ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ രാഷ്ട്രതാല്‍പര്യത്തിന്‍െറ പേരില്‍ തിരിച്ചെടുക്കുന്നതായിരുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. അതുകൂടാതെ പിന്നീട് പല കടുത്ത നിയന്ത്രണങ്ങളും ഉണ്ടായി.

ഇവയൊക്കെയും രാഷ്ട്രസുരക്ഷയുടെ  പേരില്‍ നീതിമത്കരിക്കപ്പെട്ടു. അമേരിക്ക ഒരു ഫാഷിസ്റ്റ് രാഷ്ട്രമായി മാറിയില്ല എന്നത് ശരിയാണെങ്കിലും ഇതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നതിലേക്കുള്ള മുന്നറിയിപ്പുകൂടി ആയിരുന്നു ആ നിയമഭേദഗതികള്‍. ഇക്കഴിഞ്ഞ അമേരിക്കന്‍   പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിനുശേഷം അലന്‍ ബാദ്യോ നടത്തിയ നിരീക്ഷണങ്ങള്‍  ഈ  സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ പുതിയ ഫാഷിസം രൂപപ്പെടുന്നു എന്നുള്ളത് ചരിത്രത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് എന്നത് ബാദ്യോ ചൂണ്ടിക്കാണിക്കുന്നു.

ഇതിനെ ജനാധിപത്യ ഫാഷിസം എന്നാണു വിളിക്കുന്നത്. ഈ പ്രവണതയെ സൂചിപ്പിക്കാനായി ഇറ്റലിയില്‍ ബെര്‍ലുസ്കോനി, ഹംഗറിയില്‍ ഒര്‍ബാന്‍,  ഫ്രാന്‍സില്‍ സാര്‍കോസി, തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ തുടങ്ങിയ ഉദാഹരണങ്ങള്‍ക്കൊപ്പം  മോദിയുടെ ഇന്ത്യയെയും ബാദ്യോ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനാധിപത്യത്തെ ഫാഷിസവും സ്വേച്ഛാധിപതികളും  ഉപയോഗിക്കുന്നുവെന്നത് സമകാല ലോകരാഷ്ട്രീയത്തില്‍ പ്രകടമായ ഒരു പ്രതിഭാസമാണ്. ട്രംപിന്‍െറ വിജയത്തെ ഇതിനു സമാനമായ ഒരു സംഗതിയായാണ് ബാദ്യോ വിലയിരുത്തിയത്.

ഇത്തരം ഇടപെടലുകള്‍ക്ക് ഒരു വലിയ വിഭാഗം ജനങ്ങളുടെ പിന്തുണയുണ്ടാവുന്നു എന്നുള്ളതിലാണ് ഒരു രാഷ്ട്രീയ പ്രതിഭാസം എന്നനിലയില്‍ സമകാലചരിത്രത്തില്‍ ഈ പ്രവണത ശ്രദ്ധേയമാവുന്നത്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അപകടം അത് ഏകാധിപതികള്‍ക്കോ  സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ ജനകീയ ഭൂരിപക്ഷത്തെ ഒപ്പംനിര്‍ത്താന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കുന്നു എന്നതാണ്. ജനാധിപത്യ സംവിധാനങ്ങളെ ഉപയോഗിച്ച് ജനാധിപത്യത്തത്തെന്നെ അട്ടിമറിക്കാന്‍ കഴിയുന്ന വലിയൊരു ദൗര്‍ബല്യം അതില്‍ അടങ്ങിയിരിക്കുന്നു. ഭൂരിപക്ഷഭരണം എന്ന രാഷ്ട്രീയസങ്കല്‍പത്തെ വര്‍ഗ-വംശ സ്വത്വങ്ങളിലൂടെ മാത്രം നിര്‍വചിച്ചുകൊണ്ട് ജനാധിപത്യവിരുദ്ധമായ ഒരു ഭൂരിപക്ഷവാദമായി മാറ്റാന്‍ കഴിയുന്നു.

ഇന്ത്യയില്‍ അത്തരമൊരു സാഹചര്യം സംജാതമായിരിക്കുന്നതിന്‍െറ സൂചനകള്‍ ബി.ജെ.പി അധികാരത്തില്‍ വന്ന സമയത്ത് അമിത് ഷാ നടത്തിയ ചില പ്രസ്താവനകളില്‍നിന്ന് വ്യക്തമായിരുന്നു. ഇന്ത്യയില്‍ ഇന്ന് കാണുന്നത് കോണ്‍ഗ്രസിന്‍െറ പ്രത്യയശാസ്ത്ര ആധിപത്യമാണ് എന്നും ഇത് മാറ്റി ഹിന്ദുത്വ ആശയങ്ങള്‍ക്കുള്ള മേല്‍ക്കൈ  ഉറപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസിന്‍േറതെന്ന് അദ്ദേഹം പറയുന്നത് ചില ലിബറല്‍ ജനാധിപത്യ ആശയങ്ങളെയാണ്. കൊളോണിയല്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഉപഭൂഖണ്ഡത്തിലാകെ ഉയര്‍ന്നുവന്ന  സ്വാതന്ത്ര്യബോധത്തിന്‍െറയും  സമത്വബോധത്തിന്‍െറയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്‍െറയും സമവായചിന്തയുടേതുമായ രാഷ്ട്രീയത്തെ കേവലം കോണ്‍ഗ്രസിന്‍െറ പ്രത്യയശാസ്ത്രം എന്ന് അധിക്ഷേപിച്ചു തള്ളാനാവില്ല. എന്നാല്‍, ഇത്തരം ലിബറല്‍ മൂല്യങ്ങളെ അവമതിച്ചും അവഗണിച്ചും മാത്രമേ ഏതുതരം ഭൂരിപക്ഷവാദത്തിനും നിലനില്‍ക്കാനും സ്വന്തം അസ്തിത്വത്തിനു സാധുത നേടാനും കഴിയൂ.
മുതലാളിത്ത ഭരണകൂടങ്ങളുടെ സാമ്പത്തിക ഇടപെടലുകളില്‍ സ്വേച്ഛാപരമായ നയങ്ങള്‍ കടന്നുവരുന്നു എന്നതിനര്‍ഥം അത് ലിബറല്‍ വ്യക്തിവാദമൂല്യങ്ങളെ കൈയൊഴിയുന്നു എന്നുതന്നെയാണ്.

ലിബറല്‍ വ്യക്തിവാദമാണ് ചരിത്രത്തില്‍  മനുഷ്യന് സാധ്യമായ ആത്യന്തികമായ  സ്വാതന്ത്ര്യസങ്കല്‍പം എന്ന് അര്‍ഥമാക്കുന്നില്ല. സാമ്പത്തിക സ്വാതന്ത്ര്യങ്ങള്‍ മുതലാളിത്തത്തില്‍ അടിസ്ഥാനപരമായി ബൂര്‍ഷ്വാസിക്ക് മാത്രമാണ് എന്നതിലും സംശയമൊന്നുമില്ല. എന്നാല്‍, പ്രാതിനിധ്യ ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും വോട്ടവകാശമുണ്ട് എന്നതിനാല്‍ എല്ലാ മനുഷ്യാവകാശവും ഒരു വര്‍ഗത്തിനോ  വംശത്തിനോ മാത്രമായി പരിമിതപ്പെടുത്താനും കഴിയില്ല. മൗലികാവകാശങ്ങള്‍ -അവ പ്രാവര്‍ത്തികമാക്കുന്നതില്‍ പലപ്പോഴും വിമുഖതകള്‍ ഉണ്ടാവാറുണ്ട് എങ്കിലും- ചോദ്യംചെയ്യുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഒരു ക്ഷമാപണവും ഇല്ലാതെ കൊണ്ടുവരുന്നത് ഭൂരിപക്ഷവാദത്തിന്‍െറ മറയില്‍ ജനാധിപത്യത്തെ അപകടപ്പെടുത്താന്‍ ഒരുങ്ങുന്ന ദുരധികാരം വേരുറപ്പിക്കുന്നു എന്നതിന്‍െറ സൂചനയാണ്.

നോട്ടുപിന്‍വലിക്കല്‍ നടപടി അത്തരമൊരു ജനാധിപത്യ ധ്വംസനമായിരുന്നു. ആ അര്‍ഥത്തില്‍ അത് കേവലമായ ഒരു സാമ്പത്തിക ഇടപെടല്‍ മാത്രമായിരുന്നില്ല. പൗരാവകാശങ്ങളോടുള്ള പുതിയ ഭരണകൂട സമീപനം അത് കൂടുതല്‍ പരസ്യമാക്കി. സ്വതന്ത്രവിപണി നല്‍കുന്ന ആനുകൂല്യങ്ങള്‍പോലും ഭരണകൂടത്തിന്‍െറ അമിതമായ മധ്യസ്ഥതയില്‍ മാത്രമേ ഇനിമുതല്‍ നിര്‍വചിക്കപ്പെടുകയുള്ളൂവെന്ന് ആ നടപടി നിസ്സംശയം നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംവാദങ്ങള്‍-ബി.ജെ.പി ചില സ്വകാര്യ വ്യക്തികള്‍ക്കും  സംഘടനകള്‍ക്കും ഈ വിവരം ചോര്‍ത്തി നല്‍കിയോ, ആവശ്യമായ നോട്ടുകള്‍ വിതരണത്തിന് എത്തിക്കാതെ നോട്ടുകള്‍ പിന്‍വലിച്ചത് നയപരമായ പാളിച്ചയാണോ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതുകൊണ്ട് സമ്പദ്വ്യവസ്ഥക്ക് നേട്ടമാണോ കോട്ടമാണോ ഉണ്ടാവുക തുടങ്ങിയവയൊക്കെ-  അപ്രസക്തമാണ്. കാരണം, ഇത് നിയമവ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന ഒരു പരീക്ഷണമാണ്.

സാമ്പത്തികമേഖലയിലെ അടിസ്ഥാനപരമായ പൗരസ്വാതന്ത്ര്യങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ടാണ് ഇത് നടപ്പാക്കിയത്. ജനനന്മയുടെ പേരില്‍ നിയമസംവിധാനങ്ങളെ തകിടംമറിക്കാനുള്ള സവിശേഷാധികാരം ഭരണാധികാരി എടുത്തണിയുന്നതിന്‍െറ- പാശ്ചാത്യ രാഷ്ട്രീയചിന്തകരായ കാള്‍ ഷ്മിറ്റിന്‍െറയും അഗംബന്‍െറയുമൊക്കെ ഭാഷയില്‍ സ്റ്റേറ്റ് ഓഫ് എക്സപ്ഷന്‍ (നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി രാജ്യഭരണം  സ്വേച്ഛാപരമായി നിര്‍വഹിക്കപ്പെടുന്ന അവസ്ഥ) ജനാധിപത്യത്തിന്‍െറ മറവില്‍ സൃഷ്ടിക്കപ്പെടുന്നതിന്‍െറ -ഏറ്റവും ശക്തമായ ചരിത്രസൂചനയാണ്.

പരമാധികാരം ജനാധിപത്യ വ്യവസ്ഥയുടെ നിയന്ത്രണങ്ങള്‍ ഭേദിച്ച് സ്വയം വെളിപ്പെടുന്നതിന്‍െറ അടയാളമാണ്. അതുകൊണ്ട് തന്നെ, ഇപ്പോള്‍ മരവിച്ചിരിക്കുന്നത് ഗ്രാമങ്ങളിലെയും ചെറുനഗരങ്ങളിലെയും കോടിക്കണക്കിനു മനുഷ്യരുടെ സാമ്പത്തിക ജീവിതം മാത്രമല്ല, നമ്മുടെ എല്ലാവരുടെയും രാഷ്ട്രീയ സ്വാതന്ത്ര്യം കൂടിയാണ്.

കടപ്പാട് : മാധ്യമം ദിനപ്പത്രം.

Top