ട്രാൻസ്‌ജെൻഡർ ദൃശ്യത, സിസ് ഫെമിനിസ്റ്റ് യാഥാസ്ഥിതികത: ചില വീക്ഷണങ്ങൾ
ട്രാൻസ്‌ജെൻഡർ സ്ത്രീകൾ ‘യഥാർത്ഥ’ സ്ത്രീകളല്ല, മറിച്ച് സിസ് സ്‌ത്രീകളുടെ ഇടങ്ങൾ കയ്യേറുന്നവരാണ്, ജെൻഡർ സ്വയനിർണയം അക്രമികളായ പുരുഷന്മാർക്ക് ആൾമാറാട്ടത്തിലേർപ്പെടാൻ അവസരം നൽകുന്നു എന്നീ വാദങ്ങളാണ് ട്രാൻസ് വിരുദ്ധ സ്ത്രീവാദികളുടെ മുഖമുദ്ര. ഇത്തരം വാദങ്ങൾ സിസ്-പ്രബല ശാരീരിക മാനദണ്ഡങ്ങൾ പാലിക്കാത്ത ട്രാൻസ് സ്ത്രീകളെ കുറ്റവാളികളായി കാണുകയും, പുരുഷയിടങ്ങളിൽ സ്ഥാനംതേടുന്ന ട്രാൻസ് പുരുഷന്മാരുടെ അനുഭവങ്ങൾ പാടെ അവഗണിക്കുകയും ചെയ്യുന്നു. ശിൽപ. എം എഴുതുന്നു.
ആഗോള-ദേശീയ തലങ്ങളിൽ ട്രാൻസ്‌ജെൻഡർ എന്ന സ്വത്വ വിശേഷണത്തിനു ദൃശ്യത ലഭിക്കുന്ന ഈ വേളയിൽ, ഈ ദൃശ്യതയുടെ പല തരത്തിലുള്ള ഭവിഷ്യത്തുകൾ അനുഭവിക്കുന്ന, അവകാശങ്ങൾക്കായി സമരം ചെയ്യുന്ന ട്രാൻസ്‌ജെൻഡർ, ജെൻഡർ ഫ്ലൂയിഡ് വ്യക്തികളോടൊപ്പം ഐക്യരാഷ്ട്രീയം പണിതുയർത്തണമെങ്കിൽ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ കാലാകാലങ്ങളായുള്ള അസമത്വപരമായ പ്രവണതകൾ തുറന്നു പരിശോധിക്കേണ്ടതുണ്ട്. മറ്റു ചില രാജ്യങ്ങളുടെ അനുഭവങ്ങൾ പരിശോധിക്കുന്നതിലൂടെ ട്രാൻസ്‌ജെൻഡർ-ഫെമിനിസ്റ്റ് ഐക്യരാഷ്ട്രീയത്തിന് ഇൻഡ്യയിൽ, പ്രത്യേകിച്ച് കേരളത്തിലുള്ള ആവശ്യകതയും, സാധ്യതകളും ഈ ലേഖനത്തിൽ ആരായുന്നു. ഇവിടെ ട്രാൻസ്‌ജെൻഡർ, ഫെമിനിസ്റ്റ് എന്നീ സ്വത്വരാഷ്ട്രീയ വിശേഷണങ്ങൾ ഞാൻ രണ്ടായി ഉപയോഗിക്കുന്നത് ട്രാൻസ്‌ജെൻഡർ വ്യക്തികൾ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമല്ല എന്ന അർത്ഥത്തിലല്ല എന്നാദ്യം തന്നെ വ്യക്തമാക്കട്ടെ. ചരിത്രപരമായി ട്രാൻസ്‌ജെൻഡർ സ്വത്വരാഷ്ട്രീയ സമരങ്ങൾക്ക് സിസ്-പ്രബല ഫെമിനിസ്റ്റ് ധാരയുടെ രക്ഷാകർതൃത്വത്തെ എതിർക്കേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത ഉൾക്കൊണ്ടു കൊണ്ടാണ് ഈ വേർതിരിവ്.
ട്രാൻസ്‌ജെൻഡർ ദൃശ്യതയുടെ സങ്കീർണതകൾ
അമേരിക്കൻ മാസികയായ ടൈം മാഗസിൻ 2014ൽ ‘ട്രാൻസ്‌ജെൻഡർ ടിപ്പിങ്ങ് പോയിന്റ്’ എന്ന പ്രതിഭാസത്തെക്കുറിച്ചാണ് കവർ ലേഖനത്തിൽ പരാമർശിച്ചത്. ബ്ലാക്ക് ട്രാൻസ്‌ജെൻഡർ അഭിനേതാവ് ലാവെൺ കോക്‌സായിരുന്നു കവറിൽ. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ട്രാൻസ്‌ജെൻഡർ സമരങ്ങളും ട്രാൻസ്‌ജെൻഡർ വ്യക്തികളും പൊതുധാരയിൽ നേടിയെടുത്ത അസാമാന്യ ദൃശ്യതയെ വിശേഷിപ്പിക്കാനാണ് ഈ പദമുപയോഗിച്ചത്. 2014ൽ തന്നെയാണ് ഇൻഡ്യൻ സുപ്രീംകോടതി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെ കുറിച്ച് ആദ്യമായി വിധി പ്രസ്താവം നടത്തിയതും.
എന്നാൽ ദേശീയ-ആഗോള തലങ്ങളിലെ ഈ ദൃശ്യത ഒരു മുന്നേറ്റമായി എളുപ്പം വിലയിരുത്താനാകില്ല. 2021ൽ അമേരിക്കയിൽ മറ്റൊരു ‘ടിപ്പിങ്ങ് പോയിന്റ്’ ആണ് ചർച്ചാ വിഷയമാകുന്നത്; അമേരിക്കൻ നിയമ ചരിത്രത്തിൽ ആദ്യമായി ഈ വർഷത്തിൽ തന്നെ പല സംസ്ഥാനങ്ങളിലായി നൂറിലേറെ ട്രാൻസ്-വിരുദ്ധ ബില്ലുകളാണ് വിവിധ നിയമസഭകളിൽ അവതരിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ട്രാൻസ്‌ജെൻഡർ കുട്ടികൾക്ക് മാതാപിതാക്കളുടെ സമ്മതം വഴി നൽകാവുന്ന ഹോർമോൺ തെറാപ്പിയും ശാസ്ത്രക്രിയയും, ട്രാൻസ്‌ജെൻഡർ സ്കൂൾ കുട്ടികൾക്ക് സ്വയം പ്രഖ്യാപിത ജെൻഡറിൽ മത്സരിക്കാനുള്ള അവകാശം, സ്വയം പ്രഖ്യാപിത ജെൻഡറിൽ ഡ്രസിങ് റൂമുകൾ, ബാത്ത്റൂമുകൾ പോലുള്ള സമ-ജൻഡർ (same-gender) ഇടങ്ങളിൽ പ്രവേശിക്കാനുള്ള അവകാശം- ഇതൊക്കെയാണ് നിയമങ്ങൾ വഴി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. യു.കെയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ നിർണയിക്കുന്ന ‘ജെൻഡർ റെക്കഗ്നിഷൻ ആക്ട്’ (Gender Recognition Act) ഭേദഗതിക്കെതിരെ ശക്തമായ ട്രാൻസ് വിരുദ്ധ പ്രതിഷേധങ്ങളാണ് നടന്നത്. ഈ ആക്ടിൽ മെഡിക്കൽ സാക്ഷ്യപത്രം ഇല്ലാതെ പൗരന്മാരുടെ ജെൻഡർ സ്വയം പ്രഖ്യാപിതമാക്കാനായുള്ള നീക്കമാണ് ഏറ്റവും വിവാദമായത്. ട്രാൻസ് കൂട്ടായ്മകളുടെ വാദങ്ങൾ കണക്കിലെടുക്കാതെ ഒടുവിൽ മെഡിക്കൽ സാക്ഷ്യപത്രം വേണമെന്ന് 2020ൽ സർക്കാർ നിർണയിച്ചു. ഇൻഡ്യയിലും LGBTQ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങൾ, വിദഗ്ധ കമ്മിറ്റിയുടെ ഉപദേശങ്ങൾ എന്നിവയൊന്നും വകവെക്കാതെയാണ് സർക്കാർ 2019ലെ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ബിൽ പാസ്സാക്കിയത്. ഇവിടെയും തിരിച്ചറിയൽ രേഖകളിൽ ജെൻഡർ മാറ്റുവാനായി മെഡിക്കൽ പരിശോധനയും ലിംഗ ശാസ്ത്രക്രിയയും നിബന്ധനയാക്കിയിട്ടുണ്ട്. മാത്രമല്ല, വീടു വിട്ടു താമസിക്കാനായി കോടതി വിധിയുടെ ആവശ്യം, ട്രാൻസ് വ്യക്തികൾക്കെതിരെയുള്ള അക്രമങ്ങൾക്ക് ലഘു ശിക്ഷ മാത്രം എന്നിങ്ങനെ, ട്രാൻസ് വ്യക്തികളെ പ്രതികൂലമായി ബാധിക്കുന്ന മറ്റു പല നിബന്ധനകളും ഈ ആക്ടിന്റെ ഭാഗമായിട്ടുണ്ട്.
പൊതുവെയുള്ള പുരോഗമനപരമായ മനുഷ്യാവകാശ മുന്നേറ്റങ്ങളുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും അംഗീകാരം ലഭിക്കുന്നതാണ് ഏറ്റവും അഭികാമ്യം. എന്നാൽ പല രാജ്യങ്ങളിലും ട്രാൻസ്‌ജെൻഡർ അംഗീകാരം വന്നിട്ടുള്ളത് വൈരുധ്യം നിറഞ്ഞ, പലപ്പോഴും ഉപരിപ്ലവമായ രീതികളിലാണെന്നു ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ട്രാൻസ്‌ജെൻഡർ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്ന സർക്കാരുകൾ പൊതുധാരയിൽ പേരും അംഗീകാരവും നേടുമ്പോഴും, ഇതിനെ ‘പിങ്ക് വാഷിങ്’ എന്ന പ്രയോഗത്തിലൂടെ പ്രശ്നവത്ക്കരിക്കുന്നുണ്ട് പല പൊതുപ്രവർത്തകരും ഗവേഷകരും.
രണ്ടായിരങ്ങളിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഉയർന്നുവന്ന പുരോഗമനവാദ ഇടതുഭരണങ്ങൾ ‘പിങ്ക് പ്രവാഹം’ (Pink Tide) എന്നു പിന്നീട് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അർജന്റീന പോലുള്ള രാജ്യങ്ങളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജെൻഡർ അഫർമേറ്റിവ് (gender affirmative) ശാസ്ത്രക്രിയക്ക് സർക്കാർ അംഗീകാരമുണ്ടെങ്കിലും, അബോർഷൻ, സ്വവർഗാനുരാഗം എന്നീ വിഷയങ്ങളിൽ ഭരണകൂടം ക്രിസ്ത്യൻ മത പ്രസ്ഥാനങ്ങളുടെ എതിർപ്പുകൾ വകവെച്ചു പിന്നാക്ക നിലപാടുകൾ വെച്ചുപുലർത്തുന്നത് കാണാം (ഫ്രീഡ്മാൻ 2019). ഇസ്‌ലാമിക ഭരണകൂടമുള്ള ഇറാനിൽ സ്വവർഗാനുരാഗം, ട്രാൻസ്‌ജെൻഡർ വ്യക്തിത്വം എന്നിവ മാനസിക രോഗങ്ങളായി കാണുകയും, ശാസ്ത്രക്രിയ അതിനൊരു ചികിത്സയുമായാണ് അംഗീകരിച്ചിരിക്കുന്നത് (അഫ്സനെ നജ്മബാദിയുടെ ഗവേഷണങ്ങൾ ഇവിടെ പ്രസക്തമാണ്). ഇവിടങ്ങളിലെ ട്രാൻസ്‌ജെൻഡർ അനുഭവങ്ങൾക്ക് ഇൻഡ്യയുമായും, പ്രത്യേകിച്ച് കേരളവുമായും പല സാമ്യങ്ങളുണ്ട്. ട്രാൻസ് വിരുദ്ധത പല രീതികളിലും ഊട്ടിയുറപ്പിക്കുന്ന ഇൻഡ്യയിലെ ഹിന്ദുത്വ ഭരണകൂടം പക്ഷേ, “പാകിസ്ഥാനെ തച്ചുടക്കും’ എന്നൊക്കെ പ്രഖ്യാപിക്കുന്ന, കാവിവസ്ത്രം ധരിച്ച് രാഷ്ട്രീയത്തിലിറങ്ങുന്ന, ‘കിന്നർ അഖാഡകൾ’ സ്ഥാപിക്കുന്ന ലക്ഷ്മി ത്രിപാഠി ഉൾപ്പടെയുള്ള ചില ട്രാൻസ്‌ജെൻഡർ സ്വത്വ പ്രകടനങ്ങളെ ‘ദേശീയമായി’ ആഘോഷിക്കുന്നുമുണ്ട് (ഭട്ടാചാര്യ 2019). ത്രിപാഠി നയിക്കുന്ന ‘കിനീർ സർവീസസ്’ ട്രാൻസ്‌ജെൻഡർ വ്യക്തികളെ നിർമാണാത്മകമായ ‘നല്ല’ ദേശീയ പൗരന്മാരായി ചിത്രീകരിക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തൊഴിൽ മാർഗങ്ങൾ സൃഷ്ടിക്കുന്നത് ഉപയോഗപ്രദമാണെങ്കിലും, ഈ ആനുകൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്ന ഹിന്ദുത്വ-ദേശീയ-കച്ചവട കൂട്ടായ്മകൾ എന്തൊക്കെയാണ് എന്നു പരിശോധിക്കേണ്ടതുണ്ട്. ലാറ്റിൻ അമേരിക്കൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ എൽ.ഡി.എഫ് ഉൾപ്പടെയുള്ള കേരളത്തിലെ പുരോഗമനവാദം ഉന്നയിക്കുന്ന ഇടതു പ്രസ്ഥാനങ്ങളും സമരങ്ങളും ട്രാൻസ്‌ജെൻഡർ ദൃശ്യതയെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നും വീക്ഷിക്കേണ്ടതുണ്ട്. വിഹാൻ പീതാംബർ, അഹാന മേഖൽ പോലുള്ള LGBTQ പൊതുപ്രവർത്തകർ കേരളത്തിലെ ട്രാൻസ്‌ജെൻഡർ ക്ഷേമപദ്ധതികളുടെ പരാജയങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇത്തരം പദ്ധതികൾക്ക് ട്രാൻസ് പുരുഷന്മാരുടെ ആവശ്യങ്ങൾ പരിഗണിക്കാനാവാത്തതും ശ്രദ്ധേയമാണ്. ഏറ്റവും അടുത്തായി ഉണ്ടായ അനന്യയുടെ ആത്മഹത്യയും കേസ് അന്വേഷണത്തിൽ വന്ന ഗുരുതര വീഴ്ച്ചകളും, അന്വേഷിക്കാതെ പോകുന്ന ട്രാൻസ് മരണങ്ങളും സർക്കാറിന്റെ ട്രാൻസ്-ഉദാര നിലപാടിനെ സംശയാത്മകമായി കാണാൻ പ്രേരിപ്പിക്കുന്നുണ്ട്.
ട്രാൻസ് സമരങ്ങളും സിസ് ഫെമിനിസവും
ചുരുക്കത്തിൽ, ട്രാൻസ്‌ജെൻഡർ ദൃശ്യതയോടൊപ്പം ആഗോള തലത്തിൽ ട്രാൻസ് വിരുദ്ധതയും സങ്കീർണമായ രീതികളിൽ സ്ഥാപിതമാകുന്നതായി കാണാം. ഇവിടെ ഏറ്റവും ശ്രദ്ധേയമായ സംഗതി, അമേരിക്കയിലും യു.കെയിലും ‘ഫെമിനിസ്റ്റ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് ജെൻഡർ സ്വയം നിർണയത്തിനെതിരെ ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് എന്നതാണ്. ജനനം മുതൽ സമൂഹം സ്ത്രീകളായി കാണാത്ത, പുരുഷാനുകൂല്യങ്ങൾ അനുഭവിക്കുന്ന വ്യക്തികളാണ് ട്രാൻസ് സ്ത്രീകൾ എന്നതിനാൽ, അവർക്കു സിസ് സ്ത്രീകളുമായി സമാനത പുലർത്താനാകില്ല. ട്രാൻസ്‌ജെൻഡർ സ്ത്രീകൾ ‘യഥാർത്ഥ’ സ്ത്രീകളല്ല, മറിച്ച് സിസ് സ്‌ത്രീകളുടെ ഇടങ്ങൾ കയ്യേറുന്നവരാണ്, ജെൻഡർ സ്വയനിർണയം അക്രമികളായ പുരുഷന്മാർക്ക് ആൾമാറാട്ടത്തിലേർപ്പെടാൻ അവസരം നൽകുന്നു എന്നീ വാദങ്ങളാണ് ഇത്തരം ട്രാൻസ് വിരുദ്ധ സ്ത്രീവാദികളുടെ മുഖമുദ്ര. ഇത്തരം വാദങ്ങൾ സിസ്-പ്രബല ശാരീരിക മാനദണ്ഡങ്ങൾ പാലിക്കാത്ത ട്രാൻസ് സ്ത്രീകളെ കുറ്റവാളികളായി കാണുകയും, പുരുഷയിടങ്ങളിൽ സ്ഥാനംതേടുന്ന ട്രാൻസ് പുരുഷന്മാരുടെ അനുഭവങ്ങൾ പാടെ അവഗണിക്കുകയും ചെയ്യുന്നു. ഹാരി പോട്ടർ പുസ്തക പരമ്പരയിലൂടെ ആഗോള തലത്തിൽ ചെറുപ്പക്കാരുടെ ആരാധനാപാത്രമായ ജെ.കെ റൗളിങ്, തന്റെ ശക്തമായ എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ‘മൂന്നാം ലോക’ ഫെമിനിസ്റ്റ് ചിന്തകളെ പാശ്ചാത്യ ലോകത്തിന്റെ പൊതുധാരയിൽ ചർച്ചാ വിഷയമാക്കുവാൻ സഹായിച്ച നൈജീരിയൻ എഴുത്തുകാരി ചിമമാണ്ട ങ്കോസി അടീച്ചെ (Chimamanda Ngozi Adichie) എന്നിവർ മുൻനിരയിൽ നിൽക്കുന്നു എന്നത് ഇത്തരം ട്രാൻസ്‌ജെൻഡർ-ഫെമിനിസ്റ്റ് സംഘർഷങ്ങൾക്ക് കൂടുതൽ ദൃശ്യതയും സ്വീകാര്യതയും നൽകിയിട്ടുണ്ട്. സ്ത്രീത്വമെന്നത് ഗർഭശേഷിയുള്ള ജനനേന്ദ്രിയങ്ങൾ മാത്രമല്ലെന്നു ദശാബ്ദങ്ങളായി വാദിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനത്തിനു വിരുദ്ധമായാണ് ജീവശാസ്ത്രപരമായി ‘ഫീമെയിൽ’ ശരീര ഘടനയുള്ളവർക്ക് മാത്രമുള്ളതാണ് ഫെമിനിസ്റ്റ് ഇടങ്ങളും സ്ത്രീപദവിയും എന്ന് ഇവർ വാദിക്കുന്നത്.
2019ൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ നടത്തിയ ‘വിമൻസ് മാർച്ചിൽ’ സിസ് സ്ത്രീകൾ യോനിയെ പ്രതിനിധീകരിക്കുന്ന പിങ്ക് നിറത്തിലുള്ള ‘പുസ്സി’ തൊപ്പികൾ ധരിച്ചത് വിവാദമായത് ഈ പശ്ചാത്തലത്തിലാണ്. എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കുന്ന വിമൻസ് മാർച്ച് പോലുള്ള ഒരു സമരത്തിൽ, ഫീമെയിൽ ജനനേന്ദ്രിയം പ്രതീകമാകുന്നതിന്റെ രാഷ്ട്രീയമെന്താണെന്ന് ട്രാൻസ്‌ജെൻഡർ, ജെൻഡർ ഫ്ലൂയിഡ് അണികൾ ചോദ്യമുന്നയിച്ചു (‘പിങ്ക്’ നിറത്തിലുള്ള ഗുഹ്യഭാഗം ഉള്ളത് വെളുത്തവർക്കു മാത്രമാണെന്നും ചിലർ ചൂണ്ടിക്കാണിച്ചു). ‘ട്രാൻസ് സ്ത്രീകളും സ്ത്രീകളാണ്’ എന്ന് പ്രസ്താവിക്കാൻ എന്തുകൊണ്ട് മടിക്കുന്നു എന്ന ഈ ചോദ്യം ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര ചരിത്രങ്ങളുടെ അടിത്തറകളെ പുനഃവീക്ഷിക്കാനുള്ള സുപ്രധാന അവസരമാണ്. ‘സ്ത്രീ’ എന്ന വിശേഷണം, അതിലുൾപ്പെടുന്ന ജീവിതാനുഭവങ്ങൾ, സ്വത്വങ്ങൾ എന്നിവയൊക്കെ ഫെമിനിസ്റ്റുകൾക്കിടയിൽ ചർച്ചാ വിഷയമാകുന്നത് ആദ്യമായല്ല.
സാമൂഹിക വ്യവസ്ഥയിൽ വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന സ്ത്രീകൾക്ക് ഒരുപോലെ അനുഭവപ്പെടുന്നതല്ല ജെൻഡർ സ്വത്വവും പുരുഷമേധാവിത്വവും എന്നത് ഏറ്റവും ശക്തമായി ഉന്നയിച്ചിരിക്കുന്നത് ബ്ലാക്ക്, ദലിത് സ്ത്രീവാദികളാണ് . ‘ജെൻഡർ’ എന്ന വിശേഷണം ആരുടേയും തറവാട്ടു സ്വത്തല്ലെന്നു വെളുത്ത വംശീയ/സവർണ ഫെമിനിസ്റ്റ് പൊതുധാരയോട് അവർ ഉറക്കെപ്പറഞ്ഞു. പുരുഷാധിഷ്ഠിത സമൂഹം പ്രദാനം ചെയ്യുന്ന കുലസ്ത്രീ പദവിയും, അതു നേടിത്തരുന്ന സംരക്ഷണവും അനുഭവിച്ചുവന്ന സ്ത്രീകളുടെ അനുഭവങ്ങളും, സ്ത്രീയെന്ന പദവിപോലും ലഭിക്കാതെ വെറും ഉത്പന്നമായി മാത്രം കരുതപ്പെട്ടു വന്ന അടിമത്വ-വിധേയ സമുദായങ്ങളിലെ സ്ത്രീകളുടെ അനുഭവങ്ങളും ‘ജെൻഡർ’, ‘സ്ത്രീ’ എന്നീ വാർപ്പുകളിലൂടെ ഏകീകൃതമാക്കുന്നത് തങ്ങളുടെ ചരിത്രങ്ങളും ജീവിതാനുഭവങ്ങളും നിശ്ശബ്ദമാക്കി കൊണ്ടാണെന്നു ഏഞ്ചലാ ഡേവീസ്, ഹോർട്ടൻസ് സ്‌പില്ലർ പോലുള്ള ചിന്തകർ എൺപതുകൾ തൊട്ടേ വാദിച്ചു. സ്ത്രീ സ്വത്വങ്ങളിലേക്കുള്ള മാർഗങ്ങൾ പലതാണ്. സമാനത മാത്രം അടിസ്ഥാനമാക്കിയുള്ള സമത്വമല്ലാതെ, നമുക്കിടയിലുള്ള വ്യത്യസ്തതകളും വൈരുധ്യങ്ങളും മായ്ക്കാത്ത, ഭരണകൂടങ്ങൾ കണക്കെടുപ്പിനായി നിശ്ചയിക്കുന്ന വംശീയ-ജാതീയ വിഭാഗങ്ങൾക്കപ്പുറമുള്ള ഐക്യരാഷ്ട്രീയമാണ് അവർ മുന്നോട്ടുവച്ചത്. ട്രാൻസ് സ്ത്രീകളെ സ്ത്രീകളല്ലാതാക്കുമ്പോൾ, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജെൻഡർ മിഥ്യയാണെന്ന് അർത്ഥമാക്കുമ്പോൾ, ഇത്തരം വിപ്ലവകരമായ, ‘ഇന്റർസെക്ഷണൽ’ വീക്ഷണത്തെയും തിരസ്കരിക്കുകയാണ് മുഖ്യധാരാ ഫെമിനിസ്റ്റുകൾ.
സ്തീകളായി സമൂഹം അടയാളപ്പെടുത്തിയ, ജനനേന്ദ്രിയങ്ങൾ മൂലം സമൂഹത്തിൽ പുനരുത്പാദന ബാദ്ധ്യതകളുടെ ഭീകരത അനുഭവിക്കുന്നവർ നേരിടുന്ന സവിശേഷമായ പ്രശ്നങ്ങളെക്കുറിച്ചു സംവാദങ്ങളും സമരങ്ങളും വേണ്ടതു തന്നെയാണ്. എന്നാൽ ഈ സമരങ്ങളിൽ, ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന ട്രാൻസ്‌ജെൻഡർ പുരുഷന്മാർ, ജെൻഡർ ഫ്ലൂയിഡ് വ്യക്തികൾ, ഇന്റർസെക്സ് വ്യക്തികൾ, ഈ വിശേഷണങ്ങളാൽ എളുപ്പം അടയാളപ്പെടുത്താനാകാത്തവർ, എന്നിവരൊക്കെ പങ്കുവഹിക്കേണ്ടതുണ്ട്. ഇത് കണക്കിലെടുക്കാതെ, ആഗോള തലത്തിൽ ‘സ്ത്രീകൾ മാത്രമുള്ള’ ഇടങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം ഇത്തരം സമരങ്ങളുടെ മുഖമുദ്രയാകുന്നത് എങ്ങിനെയാണ് എന്നത് വിമർശനപരമായി വീക്ഷിക്കേണ്ടതുണ്ട്.
സ്ത്രീ ഇടങ്ങളുടെ ‘സംരക്ഷണം’ ആരുടെ ആവശ്യമാണ്?
മനുഷ്യത്വരഹിതമായ, അശാസ്ത്രീയമായ ടെസ്റ്റോസ്റ്ററോൺ പരിശോധനകൾ ഇല്ലാതെ സ്വയംപ്രഖ്യാപിത ജെൻഡറിൽ കായികാഭ്യാസങ്ങളിൽ പങ്കെടുക്കുക, സ്വയംപ്രഖ്യാപിത ജെൻഡറിൽ ടോയ്‌ലറ്റുകൾ ഉപയോഗിക്കുക, ജെൻഡർ വിഭജനങ്ങളില്ലാത്ത ടോയ്‌ലറ്റുകൾ സ്ഥാപിക്കുക എന്നീ ട്രാൻസ്‌ജെൻഡർ ആവശ്യങ്ങളെ പ്രബല ഫെമിനിസ്റ്റ് രാഷ്ട്രീയ താൽപര്യങ്ങൾ പാടെ എതിർക്കുന്നത് അമേരിക്കയിലും യു.കെയിലും സംഘർഷങ്ങൾക്കിടയായി. ഇൻഡ്യയിൽ ട്രാൻസ്‌ജെൻഡർ സമരങ്ങളും വ്യക്തികളും സർക്കാർ അംഗീകാരം വഴി മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തുന്ന വേളയിൽ, ഇൻഡ്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ഈ വിഷയങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ട്രാൻസ്‌ജെൻഡർ സ്വത്വരാഷ്ട്രീയത്തോടു ഐക്യദാർഢ്യം പുലർത്തേണ്ടതുണ്ട്. ഒരു സവർണ സിസ് സ്ത്രീ ഫെമിനിസ്റ്റ് ഗവേഷക എന്ന നിലയിൽ ഞാൻ മറ്റു ഫെമിനിസ്റ്റ് സഹപ്രവർത്തകരോട് ഇതേക്കുറിച്ചു സംസാരിക്കുമ്പോൾ, പലപ്പോഴും ഇത്തരം വിഷയങ്ങളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള വിമുഖത അവർ പ്രകടിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.
പ്രബല വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ- ഇൻഡ്യൻ പശ്ചാത്തലത്തിൽ സവർണ ഹിന്ദു സ്ത്രീകളുടെ- ‘സംരക്ഷണം’ സവർണ മധ്യവർഗ പുരുഷാധികാര ശ്രേണികളെ ഊട്ടിയുറപ്പിക്കാനായി എങ്ങിനെയൊക്കെ ആയുധവത്ക്കരിക്കപ്പെടുന്നു എന്നു നമുക്കറിയാം. തൊഴിലിടങ്ങളിൽ സ്ത്രീസംരക്ഷണം ഉറപ്പാക്കുന്ന 2013ലെ ‘സെക്ഷ്വൽ ഹരാസ്‌മെന്റ് ആക്ട്’ ഇത്തരമൊരു ഇടപെടലാകുന്നത് എങ്ങനെയെന്ന് ജെന്നി റൊവീന അപഗ്രഥിച്ചിട്ടുണ്ട്. ‘സ്വയംപ്രഖ്യാപിത ജെൻഡർ’ സ്ത്രീയിടങ്ങൾക്ക് ഭീഷണിയായി കാണുന്നതിൽ ഇങ്ങനെ പല സമത്വവിരുദ്ധമായ പ്രവണതകളും പ്രവർത്തിക്കുന്നുണ്ട്; സ്ത്രീ എന്നതിനെ ഏകജാതീയമായ സ്വത്വമായി കാണുക, അതിനെ ലിംഗപദവിയാക്കി ചുരുക്കുക, സ്ത്രീ സംരക്ഷണം എന്ന കാരണമുപയോഗിച്ചു സ്ത്രീയിടങ്ങളുടെ കാവലാളുകളായി സവർണ-പുരുഷാധികാര പ്രസ്ഥാനങ്ങളെ ശാക്തീകരിക്കുക എന്നിവയാണവ. എന്നാൽ അസംഘടിത മേഖലകളിൽ കഠിന ജോലിചെയ്യുന്ന, തെരുവിൽ സമരം ചെയ്യുന്ന (അതായത് ‘അന്തർ’ജനങ്ങൾ അല്ലാത്ത) ദലിത്-ബഹുജൻ സ്ത്രീകൾക്ക് ഇത്തരം വേർതിരിച്ചുള്ള ‘സ്ത്രീസംരക്ഷണം’ എന്നത് ഒരിക്കലും പ്രാവർത്തികമോ അഭികാമ്യമോ അല്ല- ‘സംരക്ഷിതം’ (protected) എന്ന് സവർണ സിസ് സ്ത്രീകൾ കൽപ്പിക്കുന്ന സ്ത്രീയിടങ്ങളിൽ ജാതീയ, വംശീയ, ദേശീയ അടിച്ചമർത്തലുകൾ അനുഭവിക്കുന്നവരാണിവർ. സംരക്ഷണം എന്നതിനുപരി സവർണ-പുരുഷാധിപത്യ സമൂഹത്തിൽ അനിവാര്യമായ അപായങ്ങളെ സംഘടിതമായ ഐക്യരാഷ്ട്രീയത്തിലൂടെ നേരിടുക എന്ന സമരതന്ത്രമാണ് ചരിത്രപരമായി ദലിത്-ബഹുജൻ സ്ത്രീകൾ ഉപയോഗിച്ചിരിക്കുന്നത്. ഈ സമരങ്ങളുടെ ലോകവീക്ഷണത്തിൽ ട്രാൻസ്‌ജെൻഡർ-സിസ് ഫെമിനിസ്റ്റ് ഐക്യരാഷ്ട്രീയം തികച്ചും സ്വാഭാവികവും അത്യന്താപേക്ഷിതവുമാണ്.
ഉദാഹാരണത്തിന്, സിസ് സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ സ്ത്രീകൾ, ഗേ പുരുഷന്മാർ, ഈ വിശേഷണങ്ങളാൽ എളുപ്പം അടയാളപ്പെടുത്താനാകാത്തവരൊക്കെ ഉൾപ്പെടുന്നതായിരുന്നു ദലിത്-ബഹുജൻ ഭൂരിപക്ഷമുണ്ടായിരുന്ന തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ലൈംഗിക തൊഴിലാളി സമരങ്ങൾ. ലൈംഗിക തൊഴിലാളിയും ആക്ടിവിസ്റ്റുമായ നളിനി ജമീല LGBTQ ഇടങ്ങളിൽ ഇന്നും ഒരു സജീവ സാന്നിധ്യമാണ്. ജെൻഡർ അഫർമേറ്റിവ് ശാസ്ത്രക്രിയ നിയമപരമാക്കുമ്പോഴും അബോർഷൻ അനുവദിക്കാത്ത അർജന്റീനയിലും, സമരയിടങ്ങളിൽ ട്രാൻസ്‌ജെൻഡർ സിസ് സ്ത്രീ ഐക്യരാഷ്ട്രീയങ്ങൾ ഉടലെടുക്കുന്നതു കാണാം. പെൺ കൊലപാതകങ്ങൾക്കെതിരെ 2014ൽ തുടങ്ങിയ ‘നി ഉന മെനോസ്’ (Ni Una Menos- ഇനി ഒരുവൾ പോലും) എന്ന സമരത്തിന്റെ സംഘാടകർ അവർ ട്രാൻസ്‌ജെൻഡർ, ട്രാവെസ്റ്റി (travesti-ട്രാൻസ്‌ജെൻഡർ സ്ത്രീകൾ ഉപയോഗിക്കുന്ന പ്രാദേശിക സ്വത്വവിശേഷണം) സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾക്കെതിരെയുമാണ് പ്രതികരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട് (ഗാഗോ 2020). സ്വന്തം ശരീരത്തിന്മേലുള്ള പരമാധികാരം സിസ് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഒരുപോലെ വേണമെന്ന് ട്രാൻസ് ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്ന കൂട്ടായ്മകൾ വാദിച്ചു. 2020ൽ അർജന്റീനയിൽ അബോർഷൻ നിയമപരമാക്കിയത് ഇത്തരം കൂട്ടായ്മകളുടെ വിജയമാണ്. രക്ഷകർതൃത്വം, അവഗണന, കുറ്റവാളിയാക്കൽ (criminalization) എന്നിങ്ങനെയുള്ള നിലപാടുകൾ മാറ്റിവെച്ചു ഫെമിനിസ്റ്റ് സമരങ്ങൾ ട്രാൻസ്‌ജെൻഡർ സമരങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിന്റെ വിപ്ലവകരമായ സാധ്യതകളാണ് ഇവിടെ കാണാനാവുന്നത്.
കേരളത്തിലെ സാധ്യതകൾ
പുരോഗമനപരമായി ട്രാൻസ്‌ജെൻഡർ വ്യക്തികളെ അംഗീകരിക്കുന്ന, മാതൃകാപരമായ ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിലെ ഇടതു സർക്കാരിന് പൊതുസമൂഹം നൽകുമ്പോഴും, ഇൻഡ്യൻ ലിബറൽ സംവാദങ്ങളിൽ കേരളം പുകഴ്ത്തപ്പെടുമ്പോഴും, കേൾക്കാതെ പോകുന്നത് കേരളത്തിലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ദുരിതങ്ങളാണ്. കടലാസിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്നതിലുപരി, ലിംഗ വീണ്ടെടുപ്പ് ശാസ്ത്രക്രിയയും, സാമ്പത്തിക ആനുകൂല്യങ്ങളും, സംവരണവും, അയൽക്കൂട്ട സ്വയംതൊഴിൽ സംരംഭങ്ങൾ പോലുള്ള നിർമാണാത്മകമായ ഇടപെടലുകളും ഒക്കെയായി ട്രാൻസ്‌ജെൻഡർ രാഷ്ട്രീയ കർതൃത്വത്തെ സർക്കാർ നിർവീര്യമാക്കുന്നുണ്ടോ എന്ന ചോദ്യവും ഉന്നയിക്കേണ്ടതുണ്ട്. തൊഴിലാളിവർഗ സിസ് സ്ത്രീകളെ ഇതുപോലെ ഗുണഭോക്താക്കളും കുടുംബശ്രീയിലെ ചെറുവ്യവസായികളും മാത്രമായി ഒതുക്കുകയും, യൂണിയൻ, പാർട്ടി ഇടങ്ങളിൽ പുരുഷമേധാവിത്വം വെച്ചുപുലർത്തുകയും, വികസന താൽപര്യങ്ങൾക്കായി ദലിത്-ആദിവാസി-ബഹുജൻ സ്ത്രീ സമരങ്ങളെ അടിച്ചമർത്തുകയും ചെയ്ത് പുരോഗമന രാഷ്ട്രീയം നടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ജെ. ദേവിക, ജെന്നി റൊവീന, കാർമൽ ക്രിസ്റ്റി, രേഖാ രാജ് എന്നീ ഫെമിനിസ്റ്റ് ചിന്തകർ ശക്തമായി വിമർശിച്ചിട്ടുണ്ട്.
ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ, പ്രത്യേകിച്ച് ട്രാൻസ്‌ജെൻഡർ സ്ത്രീകളെ ഇതേ രീതിയിൽ അംഗീകാരത്തിന്റെ മറവിൽ അരികുവത്കരിക്കുകയാണോ എന്ന ചോദ്യം ചോദിക്കേണ്ടതുണ്ട്. സിസ് സ്ത്രീകളും ട്രാൻസ്‌ജെൻഡർ വ്യക്തികളും ഒത്തുചേർന്നു എതിർക്കേണ്ടതാണ് ഈ പ്രവണതയെ. സിസ് പുരുഷന്മാർക്കു ലഭ്യമായ, എല്ലാ ജനാധിപത്യ സംവിധാനങ്ങളിലും രാഷ്ട്രീയ ഇടപെടലുകൾ നടത്താനുള്ള സാഹചര്യം സിസ് സ്ത്രീകൾക്കും ട്രാൻസ്ജൻഡർ വ്യക്തികൾക്കും ഉണ്ടാകണം. സ്വയംതൊഴിൽ പദ്ധതികൾ നടപ്പാക്കി ലൈംഗിക തൊഴിൽ പോലുള്ള ‘മാന്യ’മല്ലാത്ത ജോലി വിട്ടു ട്രാൻസ്‌ജെൻഡർ മലയാളികളെ ‘നല്ല’ പൗരന്മാരാകുവാൻ സർക്കാർ ശ്രമിക്കുമ്പോൾ, ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്കും സിസ് സ്ത്രീകൾക്കും ഒരുപോലെ ആവശ്യമുള്ള ലൈംഗിക തൊഴിലാവകാശങ്ങൾ സമര മണ്ഡലങ്ങളിൽ അദൃശ്യമാകുന്നു എന്ന സ്ഥിതിവിശേഷം സൂചിപ്പിക്കുന്നത് ഫെമിനിസ്റ്റ്-ട്രാൻസ്‌ജെൻഡർ ഐക്യരാഷ്ട്രീയത്തിന്റെ അഭാവമാകാം. തുർക്കിയിൽ ട്രാൻസ്‌ജെൻഡർ-സിസ് ഫെമിനിസ്റ്റ് രാഷ്ട്രീയ സംഘർഷങ്ങൾ പതിവാക്കവേ, വർഷാവർഷം നടക്കുന്ന തൊഴിലാളിവർഗ ട്രാൻസ്‌ജെൻഡർ സ്ത്രീകളുടെയും സിസ് ജെൻഡർ സ്ത്രീകളുടെയും കൊലപാതകങ്ങൾ, പുരുഷാധിഷ്ഠിത എതിർലിംഗാധിഷ്ഠിത (heteronormative) സമൂഹത്തിൽ അവർ നേരിടുന്ന അക്രമങ്ങൾ, ഇതൊക്കെ രണ്ടു സമരങ്ങളും ഒന്നായി ചെറുക്കേണ്ട പ്രവണതകൾ ആണെന്ന് അസ്‌ലി സെങ്കിൻ (Aslı Zengin) അഭിപ്രായപ്പെടുന്നു. ഈ നിരൂപണം കേരളത്തിലും ബാധകമാണ്: 2017ൽ വാളയാറിൽ ലൈംഗികാക്രമണം നേരിട്ട, ദുരൂഹമായ സാഹചര്യങ്ങളിൽ മരണപ്പെട്ട രണ്ടു മക്കൾക്കും നീതി ലഭിക്കാനായി ഇന്നും അവരുടെ അമ്മ സമരം ചെയ്യുന്നതും, വർഷാവർഷം അന്വേഷിക്കപ്പെടാതെ പോകുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ മരണങ്ങളെപ്പറ്റി അവരുടെ സുഹൃത്തുക്കളും സംഘടനകളും ശബ്ദം ഉയർത്തുന്നതും ഒരേ അധികാര മണ്ഡലങ്ങൾക്കെതിരെയാണ്. ഇനിയെങ്കിലും ഫെമിനിസ്റ്റ് ഇടങ്ങളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ പ്രശ്നങ്ങൾ ചർച്ചാ വിഷയങ്ങളാകട്ടെ: അടുത്തുണ്ടായ ട്രാൻസ് യുവതി അനന്യയുടെ മരണവും, അന്വേഷണത്തിലെ വീഴ്ചകളും ഒരു ഫെമിനിസ്റ്റ് പ്രശ്നമാണെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട സമയം വന്നിരിക്കുന്നു.
കടപ്പാട്: സംഘടിത മാസിക, ലക്കം 18, ഒക്ടോബർ 2021
ശിൽപ. എം: ചിക്കാഗോയിലെ ഇല്ലിനോയി സർവകലാശാലയിൽ ആന്ത്രോപോളജി ഗവേഷക വിദ്യാർത്ഥിയാണ് ലേഖിക (she/her/hers). കേരളത്തിലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ രാഷ്ട്രീയ ഇടപെടലുകൾ (പ്രത്യേകിച്ച് വികസന സംവാദങ്ങളിൽ) ആണ് ഗവേഷണ വിഷയം. ‘അല’ എന്ന ദ്വിഭാഷ ബ്ലോഗിന്റെ (http://ala.keralascholars.org/) എഡിറ്റോറിയൽ ടീമിന്റെ ഭാഗമായും പ്രവർത്തിക്കുന്നു.
- Anitha, S., Reshma Bharadwaj, J. Devika, Ranjini Krishnan, Nisha P. R., Praveena K. P., Reshma Radhakrishnan, et al. 2008. 'Gendering Governance or Governing Women? Politics, Patriarchy, and Democratic Decentralisation in Kerala State, India.' IDRC Grant Number: 102927 –005. Thiruvananthapuram: Centre for Development Studies. http://citeseerx.ist.psu.edu/viewdoc/download;jsessionid=ECD7ADA1BE17A9CEA3A2EA5DC8BA63F8?doi=10.1.1.615.2539&rep=rep1&type=pdf.
- Bhattacharya, Sayan. 2019. 'The Transgender Nation and Its Margins: The Many Lives of the Law.' South Asia Multidisciplinary Academic Journal, no. 20 (May). https://doi.org/10.4000/samaj.4930
- Christy, Carmel. Sexuality and Public Space in Kerala. Routledge.
- Friedman, Elisabeth Jay, ed. 2019. Seeking Rights from the Left: Gender, Sexuality, and the Latin American Pink Tide. Durham, N.C.: Duke University Press. www.dukeupress.edu/seeking-rights-from-the-left?viewby=subject&categoryid=100&sort=newest.
- Gago, Verónica. 2020. Feminist International: How to Change Everything. Verso Books.
- Mekhal, Ahana. 2021. 'എത്രയോ വിഷയങ്ങളിൽ സർക്കാറിന്റെ ട്രാൻസ് ജൻഡർ ക്ഷേമ സംവിധാനങ്ങൾ വൻ പരാജയമാണ് [Transgender Welfare Mechanisms Are a Failure in So Many Ways].' Newsport.In (blog). July 25, 2021. https://newsport.in/ahana-mekhal-view-on-transgender-problems/.
- Mohan, Sunil, 2021. ‘Ala Podcast: LGBTQIA+ ആക്ടിവിസത്തിൻറെ രാഷ്ട്രീയ പാഠങ്ങൾ’. Ala (അല), 31 January 2021. http://ala.keralascholars.org/issues/29/podcast-beyond-single-issue-activism/
- Moraga, Cherríe, and Gloria Anzaldúa. 2015. This Bridge Called My Back, Fourth Edition: Writings by Radical Women of Color. Fourth edition. SUNY Press.
- Najmabadi, Afsaneh. 2013. Professing Selves: Transsexuality and Same-Sex Desire in Contemporary Iran. Duke University Press.
- Peethamber,Vihaan. 2018. ‘'This is our right, not a favour': Kerala’s Shoddy Implementation of Transgender Policy.’ The News Minute, 22 March, 2018. https://www.thenewsminute.com/article/our-right-not-favour-kerala-s-shoddy-implementation-transgender-policy-78348
- Raj, Rekha. 2016. ദളിത് സ്ത്രീ ഇടപെടലുകൾ. Kottayam: D C Books.
- Ronan, Wyatt. 2021. ‘BREAKING: 2021 Becomes Record Year For Anti-Transgender Legislation’. Human Rights Campaign (blog), 13 March 2021. https://www.hrc.org/press-releases/breaking-2021-becomes-record-year-for-anti-transgender-legislation
- Rowena, Jenny. 2017. ‘What Can We Do With Sexual Violence Hall of Shame?’ Raiot (blog), 21 November, 2017. https://raiot.in/the-sexual-harassment-discourse-a-bahujan-womans-perspective/
- Semmalar, Gee Imaan. 2019. ‘Caster Semenya vs IAAF: Believing that testosterone is a superhuman hormone is a masculinist myth. Firstpost, 4 May 2019. ’https://www.firstpost.com/sports/caster-semenya-vs-iaaf-believing-that-testosterone-is-a-superhuman-hormone-is-a-masculinist-myth-6570481.html
- Spillers, Hortense J. 1987. 'Mama’s Baby, Papa’s Maybe: An American Grammar Book.' Diacritics 17 (2): 65–81. https://doi.org/10.2307/464747.
- Zengin, Aslı. 2016. “Mortal Life of Trans/Feminism: Notes on ‘Gender Killings’ in Turkey.” TSQ: Transgender Studies Quarterly 3 (1–2): 266–71. https://doi.org/10.1215/23289252-3334487.