ജാതികേരളത്തിന്റെ രാഷ്ട്രീയ ബോധം ‘ഒരു തീണ്ടാപ്പാടകലെ’

സാഹിത്യത്തിലെ ഭാഷ അതു പ്രതിനിധാനം ചെയ്യുന്ന സാമൂഹിക സാംസ്കാരിക പശ്ചാത്തലങ്ങളുടെ പ്രതീകമാണ്. ഈ നിലയ്ക്കാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ‘ഒരു തീണ്ടാപ്പാടകലെ’ എന്ന വിവാദ ഹ്രസ്വചിത്രം പ്രശ്നവൽക്കരിക്കപ്പെടുന്നത്. ലോകം മുഴുവൻ ഒരുമയുടെ രാഷ്ട്രീയം പറയുന്ന ഈ കൊറോണക്കാലത്ത് സാമൂഹിക ചേരിതിരിവുകളുടേയും തീണ്ടിക്കൂടായ്മയുടേയും ഗതകാലത്തെ ഓർമപ്പെടുത്തുകയാണ് ഈ ചിത്രം. ഇത് മലയാളിയുടെ രാഷ്ട്രീയ അബോധത്തിന്റെ സ്വഭാവത്തെ നിർവ്വചിക്കുന്നു. അഭിരാമി എസ്.ആർ എഴുതുന്നു.

സാമൂഹികവും സാംസ്കാരികവുമായ പല ദ്വന്ദ്വങ്ങളെയും പാർശ്വവൽകൃത ശ്രമങ്ങളെയും കൂടുതലായി തിരിച്ചറിയുകയും അവയെ നിരാകരിക്കുകയും ചെയ്യേണ്ട രാഷ്ട്രത്തെപ്പറ്റിയുള്ള നിരവധിയായുള്ള ചർച്ചകൾ ഈ കൊറോണക്കാലത്ത് സജീവമാകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ തലവനായ തെദ്രോസ് അധനോം (Tedros Adhanom) ഈ മഹാമാരിയുടെ സമയത്തും തനിക്കെതിരെ ഉയർന്ന വംശീയ വിദ്വേഷം കലർന്ന വിമർശനങ്ങളെ ഉയർത്തിക്കാട്ടി ഇത്തരം അരികുവൽകൃത ശ്രമങ്ങളെ ശക്തമായി അപലപിച്ചിരുന്നു. വംശീയവും അധീശത്വപരവുമായ ഇത്തരം ഇടുങ്ങിയ നയപരിപാടികളെയും നിലപാടുകളെയും ലോകം മുഴുവൻ പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടുന്ന കാലത്ത് കേരളത്തിലെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഒരു തീണ്ടാപ്പാടകലെ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രത്യയശാസ്ത്ര ഒളിയിടങ്ങളെ വിശകലനം ചെയ്യുവാനുള്ള ശ്രമമാണ് ഈ ലേഖനം. അമേരിക്കൻ മാർക്സിസ്റ്റു ചിന്തകനും പഠിതാവുമായ ഫ്രെഡെറിക് ജെയിംസണിന്റെ രാഷ്ട്രീയ അബോധം (political unconscious) എന്ന ആശയവും ചിഹ്നവിജ്ഞാനീയത്തിന്റെ രീതിശാസ്ത്രവുമാണ് ഇവിടെ അപഗ്രഥനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത്.

സാഹിത്യം, സിനിമ, നാടകം, മറ്റു കലാരൂപങ്ങൾ, എന്നിങ്ങനെ അനുവാചകരിലേക്ക്  സംവേദനം നടത്തുന്ന എന്തിനേയും ഏതിനേയും പാഠം (text) എന്നു പൊതുവേ പറയാം. പത്രവാർത്തകൾ, ചിത്രങ്ങൾ, കാർട്ടൂൺ, സാമൂഹിക രാഷ്ട്രീയ സംഭവങ്ങൾ അങ്ങനെ എന്തും സംസ്കാര പഠനത്തിന്റെ വിശാലമായ ക്യാൻവാസിൽ പാഠങ്ങളാണ്. ഈ പാഠങ്ങൾ നിർമിക്കപ്പെടുന്നത് അതാതു സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങളുടെ ഉപോൽപ്പന്നമായാണ് എന്നു നിഷ്കർഷിക്കുകയാണ് മാർക്സിസ്റ്റു ചിന്തകൻ കൂടിയായ ഫ്രെഡെറിക് ജെയിംസണിന്റെ രാഷ്ട്രീയ അബോധം (political unconscious) എന്ന ചിന്താപദ്ധതി. അതായത് ഒരു പാഠം നിർമിക്കപ്പെടുന്നത് അതിന്റെ സാംസ്കാരിക പശ്ചാത്തലത്തിലൂന്നിയാകും – ഇങ്ങനെ സാഹിത്യവും സിനിമയുമെല്ലാം അതാതു സമൂഹത്തിന്റെ സാംസ്കാരിക പ്രതിഫലനങ്ങൾ കൂടിയാകുകയാണ്. പാഠങ്ങളുടെയോ അതിനെ ഉൾക്കൊള്ളുന്ന വ്യവഹാരത്തിന്റെയോ (discourse) ബോധപൂർവ്വമല്ലാത്ത ഈ സാംസ്കാരിക സ്വാധീനത്തെ അഥവാ പ്രതിഫലനത്തെയാണ് രാഷ്ട്രീയ അബോധാവസ്ഥ എന്നുകൊണ്ടു അർഥമാക്കുന്നത്. ഇതുകൊണ്ടു തന്നെയാണ് ഇപ്പോൾ  വിവാദമായി പിൻവലിക്കപ്പെട്ട ചിത്രത്തിന്റെ സെമിയോട്ടിക്സ് കൂടുതൽ വിശകലനങ്ങൾക്കു പാത്രമാക്കേണ്ടതും. കാരണം, സിനിമ അതിന്റെ സാമൂഹിക പരിസരത്തിൽ വളർന്നു വികാസം പ്രാപിക്കുന്ന ഒരു സാംസ്കാരികോൽപ്പന്നം ആയതുകൊണ്ടുതന്നെ അതിന്റെ രാഷ്ട്രീയ ശരികേട് ആ സമൂഹത്തിന്റെ ശരികേട് കൂടിയാകുകയാണ്.

വർദ്ധിച്ചുവരുന്ന കെവിന്റേതടക്കമുള്ള ദുരഭിമാനക്കൊലകൾ, സംവരണവിരുദ്ധ പ്രക്ഷോഭങ്ങൾ, എഫ്എഫ്‌സി (ഫാൻ ഫൈറ്റ് ക്ലബ്ബ്), യൂറ്റ്യൂബ് റോസ്റ്റിങ് എന്നിവ വഴി പുതുതായി നിർമ്മിക്കപ്പെടുന്ന ദലിത് വിരുദ്ധ ആക്ഷേപപദങ്ങൾ (കോളനിവാണം, കരച്ചിലോളികൾ മുതലായവ) തുടങ്ങിയവയെല്ലാം നവോത്ഥാന കേരളത്തിലെ പിന്തിരിപ്പൻ സവർണ ബോധത്തിന്റെ പുത്തൻ മാതൃകകളാകുകയാണ്. ഇതിനു കാരണം കേരളസംസ്കാരം അഥവാ ഭാരതീയ/ആർഷഭാരതീയ സംസ്കാരം എന്ന നിലയിൽ പൊതുബോധത്തിലേക്ക് അടിച്ചേൽപ്പിച്ചു വിടുന്ന വരേണ്യ രാഷ്ട്രീയമാണ്.

മുണ്ടും വേഷ്ടിയും കേരളാ സാരിയും കഥകളിയും ഇങ്ങനെ സാംസ്കാരിക മാതൃകകളായി പടച്ചുവിടുന്ന അധീശത്വ രാഷ്ട്രീയം ഒരു പൊതുബോധമായി തീർന്നതിന്റെ സൂചനകളാണ് ഒരു തീണ്ടാപ്പാടകലെ എന്ന ഹ്രസ്വചിത്രത്തിൽ നിന്നും ലഭിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ തലവൻ തെദ്രോസ് അധനോം

സിനിമ, സാഹിത്യം, നാടകം, പത്രവാർത്ത, അങ്ങനെ ഏതൊന്നിന്റെയും തന്ത്രപ്രധാനമായ ഭാഗമാണ് അതിന്റെ തലക്കെട്ട് എന്നു പറയുന്നത്. കാരണം പാഠത്തിന്റെ ആശയത്തെ വളരെ ഹ്രസ്വമായി ഉൾക്കൊള്ളിക്കുവാൻ ഉതകുന്നവയാകണം തലക്കെട്ടുകൾ. ഈ നിലയ്ക്ക് ഒരു തീണ്ടാപ്പാടകലെ എന്ന ഹ്രസ്വചിത്രം രാഷ്ട്രീയ ശരികേടുകളുടെ ഭൂമികയാകുകയാണ്. ശാരീരിക അകലം എന്നതിനെ തീണ്ടാപ്പാടകലം എന്നു ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് തീണ്ടലിന്റേയും തൊടീലിന്റേയും ഉച്ചനീചത്വങ്ങളുടേയും ജാതീയ വേർതിരിവുകളുടേയും പൂർവ്വകാലത്തേക്കുള്ള ഒരു തിരിഞ്ഞുനടത്തമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. കൊറോണ പകർച്ചവ്യാധി തടയുവാൻ ശാരീരിക അകലം പാലിക്കേണ്ടുന്നിടത്ത് അതിനെ സാമൂഹിക അകലമായി തന്നെ വ്യാഖ്യാനിച്ചതിലെ ശരികേട് അമേരിക്കയിലെ കറുത്ത വർഗക്കാരുടെ പീഡിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമായി ചർച്ചയ്ക്കെടുക്കുകയും പിന്നീടിത് കേരള സർക്കാരുൾപ്പെടെ “ശാരീരിക അകലം, സാമൂഹിക ഒരുമ” എന്നു തിരുത്തുകയും ചെയ്തിട്ടുള്ളതാണ്. കാര്യങ്ങൾ ഇങ്ങനെയെല്ലാമായിരുന്നിട്ടും തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹിക അനാചാരങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങൾ ശരിയായിരുന്നു എന്ന് സ്ഥാപിക്കുവാൻ തീവ്രവലതുപക്ഷ അനുഭാവികൾ ശ്രമിക്കുന്നുണ്ട്. കൊറോണക്കാലം ‘ഭാരതീയ സംസ്കാര’ത്തിലേക്കു മടങ്ങുവാനുള്ള കൃത്യമായ സമയമാണെന്നും അയിത്തവും അശുദ്ധി കൽപ്പിക്കലുമുൾപ്പെടെയുള്ള ‘പൂർവ്വകാല ശരികളെ’ സംസ്ഥാപിക്കുവാനുള്ള  സമയമാണെന്നുമുള്ള തീർപ്പുകൽപ്പിക്കലാകുകയായിരുന്നു ചുരുക്കത്തിൽ ഒരു തീണ്ടാപ്പാടകലെ എന്ന ചിത്രം. സാമൂഹിക അകലം പാലിക്കുവാൻ ദലിതനോടാവശ്യപ്പെടുന്ന നമ്പൂതിരി (അയിത്തം), വേഷത്തിലും ശരീരഭാഷയിലും വരെ സമീപിച്ചിരിക്കുന്ന ജാതിമുദ്രകൾ (കറുത്ത, ഒറ്റമുണ്ട് ധരിച്ച, ഭവ്യതയോടെ നിൽക്കുന്ന ദലിതനും നിർദ്ദേശങ്ങൾ കൽപ്പിക്കുന്ന, പൂണൂലും ശുഭ്ര വസ്ത്രവും ധരിച്ച ബ്രാഹ്മണനും) എന്നിങ്ങനെ ജാതിബദ്ധമായ സവർണ രാഷ്ട്രീയത്തിന്റെ സംജ്ഞകൾ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ബാനർ പതിഞ്ഞ ചിത്രത്തിൽ പോലും കടന്നുകൂടിയിരിക്കുന്നതായി കാണാം. ജാതിബദ്ധമായ ഒരു അധികാര ധ്രുവീകരണത്തിന് സാധ്യമായ, അബോധത്തിൽ പ്രവർത്തിക്കുന്ന ചിഹ്നപദ്ധതികൾ തന്നെയാണിവ. ഇത്തരത്തിൽ മേലാളയുക്തികളുടെ സാംസ്കാരിക വാഹകരായി കലയും സാഹിത്യവും മാറുന്ന വികലമായ അവസ്ഥ കൂടിയാണ് ഇവിടെ രാഷ്ട്രീയ അബോധാവസ്ഥ.

ഒരു കലാസൃഷ്ടിയുടെ രാഷ്ട്രീയം അതിന്റെ പ്രതീകാത്മകതയിലാണെന്ന് ഫ്രെഡെറിക് ജെയിംസൺ പറയുന്നുണ്ട്. അഥവാ, കലയുടെ പ്രതീകാത്മക പ്രവർത്തനത്തിന്റെ (symbolic act) ഘടനാപരമായ വിശകലനമാണ് അതിന്റെ രാഷ്ട്രീയ അബോധത്തെ തുറന്നുകാട്ടുന്നത്. ഇതിനു കാരണം കലാകാരന്മാരും സാഹിത്യകാരന്മാരും ചരിത്രകാരന്മാരും മനുഷ്യർ പൊതുവിലും അവരുടെ സാമൂഹികമോ സാമ്പത്തികമോ ആയ പദവിയനുസരിച്ച് ചില തത്ത്വങ്ങളുടെ (ideologemes) വക്താക്കളാകുന്നു എന്നതാണ്. ഈ തത്ത്വങ്ങൾ വ്യക്തിയുടെ അബോധങ്ങളിലായിരിക്കും പ്രവർത്തിക്കുക – അതായത് ഒരാൾ വളരെ ശക്തമായി വിശ്വസിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന അഭിപ്രായങ്ങൾ പലപ്പോഴും അയാളുടെ സാമൂഹിക സാഹചര്യങ്ങൾ അയാളിൽ വ്യവസ്ഥപ്പെടുത്തിയെടുക്കുന്നവയാകും. ഇങ്ങനെ സാമൂഹിക പദവിയുടേയോ വർഗ പദവിയുടേയോ ഒരിക്കലും പരിഹരിക്കപ്പെടാത്ത സംഘട്ടനത്തിന്റെ (unresolved conflict) പ്രാതിനിധ്യമായി സാഹിത്യം മാറുന്നു. “പെറ്റി ബൂർഷ്വാ ബുദ്ധിജീവികളെ പെറ്റി ബൂർഷ്വാസിയുടെ പ്രതിനിധികളാക്കുന്നത് അവർ മാനസികമായി ഒട്ടും തന്നെ രണ്ടാം കൂട്ടരുടെ പരിധികൾക്കപ്പുറത്തേക്ക് കടക്കുന്നില്ല എന്നതു തന്നെയാണ്. തന്മൂലം പെറ്റി ബൂർഷ്വാസികൾ അവരുടെ ഭൗതിക താൽപര്യങ്ങളിലേക്കും സാമൂഹിക പദവികളിലേക്കും നയിക്കപ്പെടുന്ന അതേ രാഷ്ട്രീയത്താൽ തന്നെ ബൂർഷ്വാ ബുദ്ധിജീവികളും സൈദ്ധാന്തികമായി നയിക്കപ്പെടുന്നു. ഒരു വർഗത്തിന്റെ രാഷ്ട്രീയ സാഹിത്യ പ്രതിനിധികളും അവർ പ്രതിനിധീകരിക്കുന്ന വർഗവും തമ്മിലുള്ള ബന്ധമാണിത് വ്യക്തമാക്കുന്നത്” (ജെയിംസൺ, 37).

ഇങ്ങനെ സാഹിത്യം ഒരു സാംസ്കാരിക പ്രക്രിയയായി പ്രവർത്തിക്കുകയും വ്യത്യസ്ത സാമൂഹിക ക്രമങ്ങളുടെ പാഠങ്ങളായി മാറുകയും ചെയ്യുന്നു. ഇതിലെ ആന്തരിക വിവരണ മാതൃകകളോ അസംസ്കൃതവസ്തുക്കളോ ആണ് തത്ത്വങ്ങൾ (ideologemes). പുകസയുടെ ലഘുചിത്രം ഈ നിലയ്ക്കാണ് പ്രശ്നവൽക്കരിക്കപ്പെടുന്നതും. ഇതിന്റെ വിവരണഘടനയിൽ കടന്നു വരുന്ന ദലിത് വിരുദ്ധ സ്വഭാവം ചിത്രം മുന്നോട്ടു വയ്ക്കുന്ന സാംസ്കാരിക മാതൃകയെ പ്രതിക്കൂട്ടിലാക്കുന്നു.

ജാതിബോധത്തെ ചൊല്ലിയുള്ള മുൻധാരണകളെ നിലനിർത്തിക്കൊണ്ടുള്ള ചലച്ചിത്രഭാഷ്യം കേരള സാംസ്കാരിക പരിസരത്തു നിന്നും ഇനിയും ഒഴിഞ്ഞു പോകാത്ത ഉച്ഛനീചത്വങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. പരമ്പരാഗത സാമൂഹിക ബൈനറിയായ സവർണൻ/അവർണൻ എന്ന കൽപ്പനയെ അതേപടി സ്വീകരിച്ചിരിക്കുന്നത് പ്രേക്ഷകരെ വീണ്ടും മതത്തിന്റെയും ജാതിയുടേയും പ്രത്യയശാസ്ത്ര പരിസരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കൊറോണക്കെതിരായ സാമൂഹിക സന്ദേശം നൽകേണ്ടുന്ന ചിത്രത്തിൽ കടന്നുവന്നിരിക്കുന്ന മതസംബന്ധിയും ജാതിസംബന്ധിയുമായ വ്യാവഹാരിക ചിഹ്നങ്ങൾ ഇതിന്റെ രാഷ്ട്രീയ അബോധത്തെ തുറന്നുകാട്ടുന്നു.

ഒരു തീണ്ടാപ്പാടകലെയിൽ നിന്നുള്ള രംഗം

ക്ഷേത്രക്കടവിൽ നിന്നും കയറിവരുന്ന ഒരു ബ്രാഹ്മണനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയാവതരണം നടത്തിയിട്ടുള്ളത്. പശ്ചാത്തലത്തിൽ മന്ത്രോച്ചാരണങ്ങളും മണിനാദവും മറ്റും കേൾക്കാം. തുടർന്ന് ചിത്രത്തിന്റെ തലക്കെട്ട് എഴുതിക്കാണിക്കുന്നു – “ഒരു തീണ്ടാപ്പാടകലെ: To Break the Chain of Corona”. പിന്നീടു വരുന്ന രംഗങ്ങളിൽ വെങ്കിടേശ്വര സുപ്രഭാതത്തിന്റെ പശ്ചാത്തലത്തിലുള്ള ക്ഷേത്രാങ്കണമാണ് കഥാപരിസരം. ഇത്രയും ഭാഗത്തു നിന്നു തന്നെ ചിത്രം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം പ്രകടമാണ്. തുടക്കം മുതലേ ക്യാമറയുടെ ഫോക്കസ് ബ്രാഹ്മണ കഥാപാത്രമായതുകൊണ്ടു തന്നെ ചിത്രത്തിന്റെ കേന്ദ്രബിന്ദുവും അയാളാണ് എന്നു വ്യക്തമാണ്. തുടർന്നാണ് ദലിതനായ കഥാപാത്രത്തിന്റെ ആമുഖരംഗം വരുന്നത്. ക്ഷേത്രത്തിൽ തൊഴുതു നിൽക്കുകയായിരുന്ന ബ്രാഹ്മണനടുത്തേക്ക് ആരോ വന്നു നിന്നതായി തോന്നിയപ്പോൾ അയാൾ തിരിഞ്ഞുനോക്കുന്നു. ഈ നോട്ടം വളരെ പ്രശ്നമുള്ളതാണ്. നോട്ടത്തിന്റെ രാഷ്ട്രീയം പ്രധാനമായതുകൊണ്ടുതന്നെ അതു പലവിധത്തിൽ സൈദ്ധാന്തവൽക്കരിക്കപ്പെട്ടിട്ടുമുണ്ട്. സ്ത്രീശരീരത്തെ കേവലം ലൈംഗിക  വസ്തുവായിക്കാണുന്ന ആൺനോട്ടത്തെ പ്രമുഖ ചലച്ചിത്ര വിമർശകയും സൈദ്ധാന്തികയുമായ ലോറ മൽവി പഠിച്ചിട്ടുണ്ട്. ഇതുപോലെ ഇവിടെ അടിമുതൽ മുടിവരെ ഉഴിഞ്ഞുള്ള ബ്രാഹ്മണനോട്ടവും പ്രശ്നവത്തായതാണ്. ഇതിനു കാരണം തന്റെ സമീപം മറ്റൊരാൾ വന്നു നിൽക്കുന്നതായി തോന്നുമ്പോൾ സ്വാഭാവികമായുണ്ടാകേണ്ട പ്രതികരണം ഞെട്ടിത്തിരിഞ്ഞു നോക്കുക എന്നുള്ളതാണ്. എന്നാലിവിടെ അതിനു വിപരീതമായി അടുത്ത വ്യക്തിയെ അടി മുതൽ മുടി വരെ ചുഴിഞ്ഞു നോക്കുകയും തുടർന്ന് സമീപമുള്ളത് ദലിതനാണെന്നറിഞ്ഞ് മാറി നിൽക്കുകയുമാണ് ബ്രാഹ്മണൻ ചെയ്യുന്നത്. ഇവിടെ കഥാപാത്രങ്ങളുടെ രൂപം, വേഷം, ശരീരഭാഷ എന്നിവയും പ്രധാനമാണ്. വെളുത്ത ബ്രാഹ്മണനും കറുത്ത ദലിതനും, അധികാരത്തിന്റെയും അപകർഷതയുടേയും ശരീരഭാഷ, എന്നിങ്ങനെയുള്ള ചിഹ്നങ്ങളെല്ലാം ജാതിബദ്ധവും ദലിത് വിരുദ്ധവുമാണ്.

ജാതീയ വേർതിരിവിന്റെ മറ്റൊരുദാഹരണം ബ്രാഹ്മണന്റെയും ദലിതന്റെയും ഭാഷയിലുള്ള വൈജാത്യങ്ങളാണ്. ബ്രാഹ്മണന്റെ അടുത്തു വന്നു നിൽക്കുന്ന ദലിതൻ മറ്റൊരു വിധത്തിൽ അപരാധിയാകപ്പെടുകയാണ്. ഈ അപരാധത്തെ പൊറുത്തു തിരുത്തിക്കുവാനുള്ള ശ്രമങ്ങളാണ് പിന്നീടു നടക്കുന്നത്. ഇങ്ങനെ ബ്രാഹ്മണനും പൂജാരിയും അറിവിന്റെ ഉൽപ്പാദകരും, ദലിതൻ അജ്ഞാനിയായ ഉപഭോക്താവുമായി മാറുന്നു. അഥവാ അജ്ഞാനിയും അപരിഷ്കൃതനുമായ ദലിതനെ അറിവു പകർന്ന് പരിഷ്കൃതനാക്കിയെടുക്കുകയാണ് ഇവിടെ ബ്രാഹ്മണനും പൂജാരിയും ചെയ്യുന്നത്. കൊറോണയെ സംബന്ധിച്ചുള്ള പ്രാഥമിക അറിവു പോലുമില്ലാത്തവരാണ് ദലിതരെന്നും, ആയതിനാൽ അവർക്ക് അറിവു പകർന്നു കൊടുത്ത് ബോധവാന്മാരാക്കേണ്ടത് ബ്രാഹ്മണരുടെ കടമയാണെന്നും അന്തരാർഥം. വെള്ളക്കാരന്റെ ഭാരം (whiteman’s burden) എന്നത് ഇവിടെ നമ്പൂതിരിയുടെ ഭാരം എന്നാകുന്നു. കൊറോണ പ്രതിരോധാർഥം സാമൂഹിക സന്ദേശം നൽകേണ്ടുന്നത് ബ്രാഹ്മണന്റെ കടമയെന്നുമാകുന്നു. ഇത്തരം ജാതീയ മുൻവിധികളോ ജാതിചിഹ്നങ്ങളോ ഒഴിച്ചു നിർത്താനാകാഞ്ഞതു തന്നെയാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയ ശരികേട്. “സാമൂഹികമല്ലാത്തതോ ചരിത്രപരമല്ലാത്തതോ ആയി ഒന്നും തന്നെയില്ല, എല്ലാ വ്യവഹാരങ്ങളും അതിന്റെ അവസാന വിശകലനത്തിൽ രാഷ്ട്രീയം തന്നെയാണ്” എന്നു ഫ്രെഡെറിക് ജെയിംസൺ അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. സാഹിത്യത്തിലെ ഭാഷ അതു പ്രതിനിധാനം ചെയ്യുന്ന സാമൂഹിക സാംസ്കാരിക പശ്ചാത്തലങ്ങളുടെ പ്രതീകമാണെന്നും അദ്ദേഹം വാദിക്കുന്നു. ഈ നിലയ്ക്കാണ് പുകസയുടെ വിവാദ ഹ്രസ്വചിത്രം ഒരു തീണ്ടാപ്പാടകലെ പ്രശ്നവൽക്കരിക്കപ്പെടുന്നത്. ലോകം മുഴുവൻ ഒരുമയുടെ രാഷ്ട്രീയം പറയുന്ന ഈ കൊറോണക്കാലത്ത് സാമൂഹിക ചേരിതിരിവുകളുടേയും തീണ്ടിക്കൂടായ്മയുടേയും ഗതകാലത്തെ ഓർമപ്പെടുത്തുകയാണ് ഈ ചിത്രം. ഇത് മലയാളിയുടെ രാഷ്ട്രീയ അബോധത്തിന്റെ സ്വഭാവത്തെ നിർവ്വചിക്കുന്നു. കാലികപ്രസക്തിയുള്ള ഒരു വിഷയത്തെ അവതരിപ്പിക്കുവാൻ നമ്മുടെ അബോധത്തിൽ ഒളിഞ്ഞു കിടക്കുന്ന ഫ്യൂഡൽ വരേണ്യതയേയും സാമൂഹിക വിഭജനരാഷ്ട്രീയത്തേയും കൂട്ടുപിടിക്കേണ്ടി വരുന്നു എന്നതും അപലപനീയമായ കാര്യം തന്നെയാണ്.

ആലായാൽ തറ വേണം

അടുത്തോരമ്പലം വേണം

ആലിനു ചേർന്നൊരു കുളവും വേണം

കുളിപ്പാനായ് കുളം വേണം

കുളത്തിൽ ചെന്താമര വേണം

കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം

ഈ പാട്ടിന്റെ ഭൂതകാലത്തിലേയ്ക്കു കടന്നുചെല്ലുവാൻ തക്കവിധത്തിലുള്ള പ്രത്യയശാസ്ത്രപരമായ ഐക്യപ്പെടലാണ് കൊറോണ പ്രതിരോധ സന്ദേശം നൽകുവാൻ നിർമ്മിച്ച ഒരു ചിത്രം മുന്നോട്ടു വയ്ക്കുന്നത് എന്നത് വളരെ രാഷ്ട്രീയ ജാഗ്രതയോടെ നോക്കിക്കാണേണ്ടുന്ന ഒന്നാണ്. ക്ഷേത്രവും ക്ഷേത്രക്കുളവും മന്ത്രോച്ചാരണങ്ങളും വള്ളുവനാടൻ നമ്പൂതിരി ഭാഷയും പൂണൂലുമെല്ലാം വളരെ കാൽപ്പനികമായ ഫ്യൂഡൽ ഗൃഹാതുരത്വമാണെന്നതിനേക്കാൾ അതിപ്രധാനം ഗൗരവപരമായ ഒരു മെഡിക്കൽ വ്യവഹാരത്തിലേക്ക് മതാധിഷ്ഠിതമായ ഒരു ദൈവസങ്കൽപ്പത്തെ അടിച്ചേൽപ്പിച്ചു എന്നുള്ളതാണ്. നിർമിതമായ ഒരു ഭൂതകാലത്തിൽ അഭിരമിക്കാൻ ശ്രമിക്കുന്ന തീവ്രവലതുപക്ഷ സൈദ്ധാന്തിക പക്ഷത്തിൽ നിന്നുകൊണ്ട് സാമൂഹിക സന്ദേശം നൽകാനുള്ള ശ്രമമാണ് ഈ ചിത്രം മുന്നോട്ടു വയ്ക്കുന്നത് എന്നത് ഇതിന്റെ സാംസ്കാരിക രാഷ്ട്രീയ പരിസരത്തെ പ്രശ്നവൽക്കരിക്കുന്നു. ഇവിടെയാണ് ഫ്രെഡെറിക് ജെയിംസൺ പ്രസ്ഥാവിച്ചിട്ടുള്ള രൂപത്തിന്റെ പ്രത്യയശാസ്ത്രത്തിനു (ideology of form) പ്രാധാന്യമേറുന്നത്. രൂപത്തിന്റെ പ്രത്യയശാസ്ത്രം എന്നാൽ ഉൽപ്പാദനരീതിയുടെ പൊരുത്തക്കേട് (conflict of the mode of production) എന്നു കൂടിയാണ്. അഥവാ സാഹിത്യത്തിന്റെ രൂപം എല്ലായ്പ്പോഴും അതിൽ വ്യവഹരിക്കുന്ന ഉൽപ്പാദകവ്യവസ്ഥയുടെ സംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. ജെയിംസണിന്റെ അഭിപ്രായ പ്രകാരം ശുദ്ധമായ ഉൽപ്പാദന മാതൃകകളെ അവലംബിക്കുന്ന സമൂഹങ്ങളില്ല. മറിച്ച്, സാമൂഹിക രൂപങ്ങൾ എല്ലായ്പ്പോഴും ശിഷ്ഠ മാതൃകകളാലോ (residual forms) ഉദയ മാതൃകകളാലോ (emergent forms) ചിത്രീകരിക്കപ്പെടുകയും ഇതിന്റെ മുദ്രകൾ സാഹിത്യത്തിൽ അവശേഷിപ്പിക്കുകയും ചെയ്യുന്നു. ഈ മുദ്രണങ്ങളെ രൂപത്തിന്റെ പ്രത്യയശാസ്ത്രം എന്നും ജെയിംസൺ വിശേഷിപ്പിക്കുന്നു. “ഉൽപാദന രീതികളുടെ സൂചനകളായ വിവിധ ചിഹ്നസംവിധാനങ്ങളുടെ സഹവർത്തിത്ത്വം വഴി നമ്മളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്ന പ്രതീകാത്മക സന്ദേശങ്ങളാണ് ഇവ” (ജെയിംസൺ, 76).

വർഗ സമൂഹത്തിന്റെ അക്രമം, സാമൂഹിക ജീവിതത്തിലെ അധീശത്വപരമായ വേർതിരിവുകൾ എന്നിങ്ങനെയുള്ള ചരിത്ര സത്യങ്ങളെ അടിച്ചമർത്തുന്നതിനുള്ള ഒരു സംവിധാനമായി പാഠത്തിന്റെ രൂപം മാറുന്നു. ഇവിടെ ഒരു തീണ്ടാപ്പാടകലെ എന്ന ചലച്ചിത്രത്തിന്റെ രൂപവും ഘടനയും ചിഹ്നങ്ങളും അതു പ്രതിനിധീകരിക്കുവാൻ ശ്രമിക്കുന്ന സംസ്കാരത്തിന്റെ പുനർനിർമിതിയിലേക്കുള്ള ഈടുവയ്പ്പുകൾ കൂടിയാണ്. ഇവിടുത്തെ ഉൽപ്പാദന വ്യവസ്ഥ ഫ്യൂഡൽ വരേണ്യതയുടേയും, ഉൽപാദകർ ജാതിബദ്ധ സാമൂഹിക ഘടനയുടെ രാഷ്ട്രീയ അബോധം ഉള്ളിൽ പേറുന്നവരുടേയുമാണെന്ന് ഈ വായനയിൽ നിന്നും തെളിയുന്നു.

മനുഷ്യ സമൂഹങ്ങൾ അവയുടെ സാംസ്കാരിക ചരിത്രദശകളിൽ എല്ലായ്പ്പോഴും ഏതെങ്കിലും വിധത്തിലുള്ള പ്രത്യയശാസ്ത്രത്തെ അവരുടെ ചരിത്രപരമായ നിലനിൽപ്പിനുള്ള സാധൂകരണത്തിനായി ഉപയോഗിച്ചുവരുന്നു. ഇത്തരത്തിൽ ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും മതസംഹിതകളുടെയും രൂപത്തിൽ വിവിധങ്ങളായ പ്രത്യയശാസ്ത്ര ഘടനകൾ (ideological structures) സാമൂഹിക ചിത്തത്തിൽ (social psyche) അടിച്ചേൽപ്പിക്കപ്പെടുന്നുമുണ്ട്.

ഇങ്ങനെ കാലാകാലങ്ങളായുള്ള നിരന്തരമായ പ്രത്യയശാസ്ത്ര പരിശീലനങ്ങളിലൂടെയാണ് ഒരു സമൂഹത്തിന്റെ സാംസ്കാരിക പരിസരം രൂപപ്പെടുന്നത്. ഉദാഹരണത്തിന്, ഹൈന്ദവമതത്തിന്റെ പ്രത്യയശാസ്ത്ര ഘടനകളിൽ നിന്നുമാണ് ആർഷഭാരത സംസ്കാരം എന്ന് തീവ്രവലതുപക്ഷം ഇന്നുന്നയിക്കുന്ന സാംസ്കാരിക പരിസരം നിർമിച്ചെടുത്തിരിക്കുന്നത്. പിന്നീട് ഈ സാമൂഹിക വ്യവസ്ഥയിൽ ഉരുത്തിരിയുന്ന പാഠങ്ങളിലെല്ലാം തന്നെ ഇതിന്റെ സാംസ്കാരിക രാഷ്ട്രീയം അബോധതലത്തിൽ പ്രവർത്തിക്കപ്പെടുന്നു. ഇങ്ങനെയാണ് വരേണ്യ പ്രത്യയശാസ്ത്രത്തിന്റെ വർഗ ബോധങ്ങൾ (class consciousness) വർഗ ശിക്ഷണ അബോധങ്ങളായി (class conditioned unconsciousness) മാറുന്നത്. ഇത്തരത്തിൽ രൂപപ്പെടുന്ന ചിഹ്നങ്ങളും അതിലൂടെ നിർമ്മിക്കപ്പെടുന്ന അധീശത്വ സവർണ അബോധങ്ങളും ഒട്ടും പുരോഗമനപരമല്ല എന്നതു മാത്രമല്ല, അവ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ശക്തമായി എതിർക്കപ്പെടേണ്ടതുമാണ്.

 

തിരുവനന്തപുരം കേരള സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ എംഫിൽ ഗവേഷകയാണ് ലേഖിക.

  • Jameson, Fredric. 1981. The Political Unconscious. Routledge.
Top