ഡൽഹി സർവകലാശാല, ജാതി, പ്രതിരോധം: പ്രൊഫ. എൻ.സുകുമാർ സംസാരിക്കുന്നു

ഡൽഹി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അധ്യാപകനാണ് പ്രൊഫ. എൻ.സുകുമാർ. പഠന കാലത്ത് ഹൈദരാബാദ് സർവകലാശാലയിൽ അംബേഡ്ക്കർ സ്റ്റുഡന്റസ് അസോസിയേഷന്റെ രൂപീകരണത്തിലും സംഘാടനത്തിലും പ്രധാന പങ്കുവഹിച്ച അദ്ദേഹം ഇപ്പോൾ ഡൽഹി സർവകലാശാല കേന്ദ്രീകരിച്ച് തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നു. പ്രൊഫ. എൻ.സുകുമാറുമായി റാനിയ സുലൈഖ നടത്തിയ അഭിമുഖം.

സാമൂഹിക നീതിക്കുവേണ്ടി ശബ്ദിച്ചത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട കാഞ്ച ഐലയ്യ, ഹാനി ബാബു എന്നിവരുടെ അനുഭവങ്ങൾ നമുക്ക് മുൻപിലുണ്ട്. 2001 മുതൽ അധ്യാപന മേഖലയിൽ വന്ന മാറ്റത്തെ എങ്ങനെ വീക്ഷിക്കുന്നു?

ഏണെസ്റ്റ് ഗെൽനർ ഒരിക്കൽ പറയുകയുണ്ടായി, ആധുനിക സാമൂഹിക ക്രമത്തിന്റെ അടിത്തറ സ്ഥാപനങ്ങളല്ല മറിച്ചു പ്രൊഫസർമാരാണെന്ന്. ലോകത്തെ മാറ്റാൻ ആർക്കാണ് കഴിയുകയെന്നതിന് അദ്ദേഹത്തിന്റെ മനസിൽ ആഴത്തിലുള്ള ഉൾക്കാഴ്ചയുണ്ടായിരുന്നു. തലമുറകളായി വിദ്യാർഥികളുമായി ഇടപഴകാൻ കഴിയുന്ന വിഭാഗം എന്ന നിലയിൽ അധ്യാപക വിഭാഗത്തിന് വിപ്ലവാത്മകമായ സാമൂഹിക മാറ്റങ്ങൾ സാധ്യമാക്കാനാകും. ക്ലാസ് മുറികളിൽ ക്രിയാത്മക സംവാദങ്ങളിലൂടെ മാറ്റങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിയും. ഈ സാധ്യത ഉൾക്കൊണ്ടതിനാലാണ് ഇത്തരമൊരു മേഖല തിരഞ്ഞെടുത്തത്. വൈവിധ്യമാർന്ന ആശയങ്ങൾ വിദ്യാർഥികൾക്കിടയിലേക്ക് ഇട്ടുകൊടുത്താൽ അത്യന്തം ആവേശത്തോടെ അവരതിനെ സമീപിക്കും. ഇത്രയും കാലത്തെ എന്റെ തന്നെ അനുഭവങ്ങൾ അതിനുദാഹരണമാണ്. ജാതിയെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ മനുഷ്യസൃഷ്ടി ബ്രഹ്മാവിന്റെ തലയിൽ നിന്നും ഉടലിൽ നിന്നും കാലിൽ നിന്നുമൊക്കയാണെന്നുള്ള സങ്കൽപത്തെ കീറിമുറിച്ചു പരിശോധിക്കാൻ ഞാൻ ആവശ്യപ്പെടാറുണ്ട്. അതിനവർ തയ്യാറുമാണ്. ഇത്തരത്തിൽ ബൗദ്ധിക സംവാദത്തിനുള്ള ഇടമായി ക്ലാസ് മുറികൾ മാറ്റുമ്പോൾ അവരിൽ ഉൽഭവിക്കുന്ന ചോദ്യങ്ങളും സംശയങ്ങളും സാമൂഹിക മാറ്റത്തിന് ചാലകശക്തിയായി വർത്തിക്കാൻ കെൽപ്പുള്ളവയാകും. 

എന്നാൽ നിർഭാഗ്യവശാൽ ഈ സമൂഹത്തിൽ പിന്തിരിപ്പൻ ബ്രാഹ്മണിക്കൽ സാമൂഹിക ക്രമം രൂക്ഷമാകുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. അത്തരമൊരു ഇടത്തിൽ നിങ്ങളുടെ ശരീരഭാഷ പോലും എങ്ങനെ ആയിരിക്കണമെന്ന് നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വിധേയത്വമുള്ള ശരീരഭാഷ സ്വീകരിക്കാനേ അനുവാദമുണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ആഭ്യന്തരമായും ബാഹ്യമായും മാറ്റങ്ങൾ പ്രകടമായി തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. ആദ്യ ദലിത് അധ്യാപകൻ എന്ന നിലയിൽ എനിക്ക് വേദനിപ്പിക്കുന്ന അനുഭവങ്ങൾ മാത്രം സമ്മാനിച്ച ഒരു ഡിപ്പാർട്ട്മെന്റിൽ നിന്ന്, എന്റെ അഭാവത്തിലും സാമൂഹിക നീതി ഉറപ്പു വരുത്തുന്ന രീതിയിലുള്ള ഒരു ഡിപ്പാർട്ട്മെന്റായി ഇവിടം മാറി എന്നുള്ളത് ഒരു പരിധിവരെ സന്തോഷം നൽകുന്നുണ്ട്.

പ്രൊഫ. എൻ. സുകുമാർ

കാലങ്ങളായി അവഗണിക്കപ്പെട്ട അംബേഡ്ക്കറിനെയും മനുഷ്യാവകാശങ്ങളേയും മറ്റു സാമൂഹിക വേർതിരിവുകളെയും കുറിച്ചുള്ള പഠനങ്ങൾ ഉൾപ്പെടുത്തുകയും അരികുവൽക്കരിക്കപ്പെട്ട വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഈ കഴിഞ്ഞ വർഷങ്ങളിൽ പരോക്ഷമായി നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനേക്കാൾ വിപ്ലവാത്മകമായി എനിക്ക് തോന്നിയത് സഹപ്രവർത്തകരുടെ മനോഭാവത്തിലുണ്ടായ മാറ്റമാണ്. ദലിത്‌ പിന്നാക്ക വിഭാഗക്കാരെ ഉൾക്കൊള്ളാത്ത, വളരെ യാഥാസ്ഥിതികമായ ഒരു യൂണിവേഴ്സിറ്റി ഇടത്തിൽ നിന്ന് ഒരു പരിധി വരെ മാറി ചിന്തിക്കുന്ന ഒരുപാട് കൂട്ടങ്ങളുള്ള ഇടമായി ഇത് പരിണമിച്ചിട്ടുണ്ട്. അതിനു ഉദാഹരണം തന്നെയാണ് ഇവിടെ സൂചിപ്പിച്ച അധ്യാപകർ. ഇവരൊക്കെ എന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിത്വങ്ങൾ കൂടിയാണ്. ഒരേസമയം, ശീലിച്ചു പോന്ന തെറ്റായ സംസ്കാരവുമായി ഏറ്റുമുട്ടുകയും ഭരണകൂടത്തെ വിമർശിക്കുകയും ചെയ്യുകയെന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ‘എതിർശബ്ദങ്ങളെ ഉന്മൂലനം ചെയ്യുക’ എന്നത് മുദ്രാവാക്യമാക്കിയ ഒരു ഭരണകൂടത്തെ. എന്നിട്ടും സ്വയo അതേറ്റെടുത്ത് മുന്നോട്ട് വരുന്ന അധ്യാപകർ പ്രതീക്ഷ തന്നെയാണ്. എന്നാൽ അതോടൊപ്പം ഇത്തരമൊരു ഭരണകൂട നിലപാടിനെ ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചില കേന്ദ്രങ്ങൾ ഈ അടുത്ത വർഷങ്ങളിലായി കലാലയങ്ങളിൽ വർധിച്ചു വരുന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. ഡൽഹി യൂണിവേഴ്സിറ്റിയിലെ മൊത്തം ദലിത്‌ അധ്യാപകരുടെ എണ്ണം ഇപ്പോഴും ഏഴിൽ ഒതുങ്ങി നിൽക്കുന്നതും ഗൗരവപൂർവ്വം പരിഗണിക്കേണ്ടതാണ്. 

പ്ലാറ്റോ, മാർക്സ് മുതൽ ഗാന്ധി വരെ എല്ലാത്തരം ‘പുരോഗമന’ സിദ്ധാന്തങ്ങളും ചർച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും അംബേദ്കറിന്റേതാണ് കാണാതായ/കാണാതാക്കിയ പ്രത്യയശാസ്ത്രം. രാജ്യത്തെ പ്രധാനപ്പെട്ടൊരു യൂണിവേഴ്സിറ്റിയിൽ നിന്നു കൊണ്ട് ഇത്തരമൊരു പ്രതിസന്ധിയെ എങ്ങനെയാണ് നേരിട്ടത്?

ചരിത്രം ഇനിയും രചിക്കപ്പെട്ടിട്ടില്ല. എഴുതപ്പെട്ട ചരിത്രത്തിനു പിന്നിലെ ഗൂഢാലോചനകൾ വ്യക്തമാണ്. ഇവിടം വാഴുന്നവരുടെ ആശയങ്ങളാണ് വാഴ്ത്തപ്പെടുന്ന ആശയങ്ങൾ എന്ന് മാർക്സ് പറഞ്ഞു വെച്ചതിനെ ഗ്രാംഷി വിശദീകരിച്ചത് ഓർത്തു പോകുകയാണ്.

ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് പൊതുബോധത്തിന്റെ ഈ സമവായ മനോഭാവം കൂടിയാണ്. കീഴാളർക്കെതിരായ അപ്രഖ്യാപിത ബഹിഷ്കരണം കേവലം അക്കാദമിക ഇടത്തിൽ മാത്രമുള്ളതല്ല. നിലനിൽക്കുന്ന അനീതി നിറഞ്ഞ സാമൂഹിക ക്രമത്തിന്റെ പ്രതിഫലനമാണ് വിദ്യാഭ്യാസ രംഗത്തും കാണാൻ സാധിക്കുന്നത്. ഗാന്ധി ജയന്തി ദേശീയോത്സവമായി കൊണ്ടാടുന്നിടത്ത് ഫൂലെയുടെയും പെരിയാറിന്റെയും ജന്മദിനം അപരിചിതമാകുന്നത് പ്രശ്നം തന്നെയാണ്. അംബേഡ്ക്കർ ജയന്തി ഒരു പരിധിവരെ ഓർക്കും, കാരണം ഈ സാഹചര്യത്തിൽ നമ്മളതിന് നിർബന്ധിതരാണ്. പൊതുബോധത്തിന്റെ ഇവ്വിധമുള്ള മറവിയുടെ രാഷ്ട്രീയം വ്യക്തമാണ്. എന്ത് വായിക്കണമെന്നും ആരെ വായിക്കണമെന്നും നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ ഇനി എങ്ങനെ വായിക്കണമെന്നുള്ളത് കൂടി നിശ്ചിതമാക്കാനുള്ള തത്രപ്പാടിലാണ് ഇവിടുത്തെ വരേണ്യ വർഗം.

സാമൂഹിക നീതിയെ അടിസ്ഥാനമാക്കിയുള്ള ഫൂലെയുടെ വിമോചന സിദ്ധാന്തവും, മദ്രാസ് പ്രസിഡൻസിയുടെ ആദ്യത്തെ അംഗീകൃത ജാതിവിരുദ്ധ നേതാവായ അയോത്തി ദാസിന്റെ ചരിത്രവും, താരാ ഭായിയുടെ ‘സ്ത്രീ പുരുഷ തുലൻ’ എന്ന പുസ്തകവും, ദ്രാവിഡ പ്രസ്ഥാനത്തിന്റെ പിതാവായ പെരിയാറിന്റെയും അംബേഡ്ക്കറിന്റെയും ആശയങ്ങളുമൊക്കെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന തിരിച്ചറിവിലാണ് അവയെയൊക്കെയും വിസ്‌മൃതിയിൽ ഒതുക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ ഓർമപ്പെടുത്തലുകൾ നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ചും അക്കാദമിക്‌ തലത്തിൽ.

എച്ച്സിയുവിൽ വിദ്യാർഥിയായിരിക്കെ തന്നെ സ്വത്വത്തെ പ്രതിനിധീകരിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെട്ടിരുന്നെങ്കിലും പ്രവർത്തനങ്ങൾ വിദ്യാർഥി രാഷ്ട്രീയ സംഘടനാ തലത്തിൽ ചുരുക്കേണ്ടി വന്നിരുന്നു. ഡിയുവിൽ അധ്യാപകനായി പ്രവേശിച്ചതിനു ശേഷമാണ് വിദ്യാഭ്യാസത്തിന്റെ ഘടനാതലത്തിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചു തുടങ്ങിയത്. അംബേഡ്ക്കറിന്റെ ‘ജാതി ഉന്മൂലനം’ ഡൽഹി സർവകലാശാലയിൽ ആദ്യമായി പരിചയപ്പെടുത്തിയതിന്റെ അനുഭവം അനുസ്മരണീയം തന്നെയാണ്. ആശയങ്ങളെ ആസ്പദമാക്കുന്ന ശൈലി അധ്യാപകരുടെ പക്ഷപാതപരമായ ക്ലാസുകൾക്ക് വഴിയൊരുക്കിയതിനാൽ ചിന്തകരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു. അതിന്റെ ഭാഗമായി ‘Understanding Ambedkar’ എന്ന പേപ്പർ നിർദേശിച്ചു. പരിചിതമായ ജാതി വിവേചനം മാത്രമാക്കാതെ ദേശീയത, സാമ്പത്തികം, സ്ത്രീകൾ, കൃഷി, നികുതി അങ്ങനെ അംബേഡ്ക്കർ ഇടപ്പെട്ട സമ്പൂർണ വിഷയങ്ങളും പ്രതിപാദിച്ചു കൊണ്ടുള്ള ഒരു ഓപ്ഷണൽ പേപ്പർ അത്തരമൊരു സ്പേസിൽ കൊണ്ട് വരുന്നതിന് അനുമതി ലഭിക്കാൻ മൂന്നര മണിക്കൂറോളം വാദിക്കേണ്ടി വന്നിട്ടുണ്ട്. യൂണിവേഴ്സിറ്റി കാമ്പസിൽ അംബേഡ്ക്കറിനെ വരയ്ക്കാനായി ഒരു ക്യാൻവാസ് ലഭിക്കുക എന്നത് തന്നെ അപൂർവമാണ്, പരിചിതമല്ലാത്ത നിറങ്ങൾ കൊണ്ടാവുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ. ഗാന്ധി-അംബേഡ്ക്കർ ചർച്ചകളാവാമെന്നും അംബേഡ്ക്കറിനെ മാത്രമായി പഠിക്കേണ്ടതില്ലെന്നും ആവർത്തിച്ച സഹപ്രവർത്തകർക്കിടയിൽ നിന്ന് വിട്ടുവീഴ്ച നടത്താതെ അത്തരമൊരു പേപ്പർ പൊരുതി നേടിയതിന്റെ ഫലമായി വിദ്യാർഥികൾക്ക് ഒരു ബദൽ പഠനം ഉയർത്തികൊടുക്കാൻ സാധിച്ചു. ഓപ്ഷണൽ പേപ്പർ വികാരമാണെന്ന് മനസു തുറന്ന വിദ്യാർഥികൾ ഉണ്ടായിട്ടുണ്ട്.

ഇതിന്റെ തുടർ പഠനമെന്നോണം ‘Ambedkar in Contemporary India’ എന്നൊരു പേപ്പർ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് പഠിക്കാനുണ്ട്. എന്നാൽ എല്ലാത്തിനുമുപരി കാര്യങ്ങളെ നിർണയിക്കുന്നത് മനോഭാവമാണ്. വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞതു പോലെ ഭാവിയുടെ രാജാക്കന്മാർ മനസിന്റെ രാജാക്കന്മാരാണ്. ജിജ്ഞാസയും ബലമുള്ളതുമായ മനസുകളുടെ വളർച്ച കാണാൻ സാധിക്കുന്നുണ്ടെന്നത് ആശാവഹമാണ്.

ന്യൂ എഡ്യൂക്കേഷൻ പോളിസി, വിദ്യാഭ്യാസ സ്വകാര്യവൽക്കരണം, ഹിന്ദി ഭാഷ നിർബന്ധ പഠനം തുടങ്ങിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഇതൊക്കെ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നില്ലേ?

സംവരണത്തെ ദാനമായി കണക്കാക്കുന്ന, സാമ്പത്തിക സംവരണത്തിനു മുറവിളികൂട്ടുന്ന ഒരിടത്തു നിന്ന് കൂടുതൽ എന്തു പ്രതീക്ഷിക്കാനാണ്? പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികളോടുള്ള അവഗണന, വിദ്യാഭ്യാസ രംഗത്തെ സർക്കാർ നിക്ഷേപം മൂന്നു ശതമാനമായി വെട്ടികുറക്കൽ, കാമ്പസുകൾക്കിടയിൽ വേർതിരിവ് സൃഷ്ടിക്കുന്ന ശ്രേണികളുണ്ടാക്കൽ എന്നിവയാണ് പുതിയ വിദ്യാഭ്യാസ നയത്തിലെ ‘പുതിയ’ തീരുമാനങ്ങൾ. എന്നാൽ കഴിഞ്ഞ 20 വർഷമായി തുടർന്നു കൊണ്ടിരിക്കുന്ന ഒന്നാണ് പുതിയ വിദ്യാഭ്യാസ നയത്തിലെ ഇത്തരം വിവേചനങ്ങൾ എന്നത് നമ്മളിൽ എത്ര പേർക്കറിയാം? പൊളിറ്റിക്കൽ സയൻസ് എംഎ ക്ലാസുകളിലേക്ക് ചെന്നാൽ വിദ്യാർഥികൾ നിലത്തിരുന്ന് പഠിക്കുന്ന കാഴ്ച നിങ്ങൾക്ക് കാണാൻ സാധിക്കും. എല്ലാവിധ ബഹുമാനത്തോടെയും കൂടി തന്നെ പറയട്ടെ, 450 ഓളം കുട്ടികൾ പഠിക്കുന്ന ക്ലാസ്സുകളിൽ പ്രവർത്തനരഹിതമായ പ്രൊജക്ടറുകൾ നോക്കി നിസ്സഹായനായി നിൽക്കേണ്ടി വന്നിട്ടുണ്ട്. കേവലം അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല വിഷയം, കേന്ദ്ര സർവകലാശാലകളിൽ നടക്കുന്ന വിവേചനങ്ങളെ പരാമർശിക്കുക പോലും ചെയ്യാതെ വിദ്യാർഥികൾക്കിടയിൽ അന്തരം വർദ്ധിപ്പിക്കാനുള്ള എല്ലാവിധ സാധ്യതകളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ചാണകത്തിനു ദേശീയ മുൻഗണന നൽകുന്നതിനിടയിൽ സാമ്പത്തിക ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച യുജിസി, ഇന്ന് ഐഐടികളിൽ പഞ്ചകാവ്യത്തിന്റെ (പശു ഉൽപന്നങ്ങളുടെ മിശ്രിതം) ഗുണങ്ങളെ പറ്റി ചർച്ച ചെയ്യാനുള്ള തത്രപ്പാടിലാണ്. ശൂർപണകയേയും മാലിക് ആംബറിനെയും ബോധപൂർവ്വം മറക്കുന്നതും ഏകലവ്യന്റെ ചരിത്രം ആവർത്തിച്ച് പ്രതിപാദിപ്പിക്കുന്നതിന്റെയും രാഷ്ട്രീയം വ്യക്തമാണ്.

നിലവിലുള്ള സാമൂഹിക ബന്ധങ്ങളുടെ മാനദണ്ഡങ്ങളെ സ്ഥിരീകരിക്കുന്ന, ഇരവാദ രാഷ്ട്രീയത്തിലും ത്യാഗത്തിന്റെ ഭാഷയിലും അധസ്ഥിത വിഭാഗങ്ങളെ ഒതുക്കാൻ സഹായിക്കുന്ന വിഷയങ്ങൾ ഇന്ന് സുലഭമാണ്. അത്തരം വിഷയങ്ങളെ പരിപോഷിപ്പിക്കാൻ സഹായിക്കുന്ന പ്രത്യയശാസ്ത്രത്തെ – ഭരണകർത്താക്കളുടെ പോപ്പുലറായ ആശയ പ്രചാരണങ്ങളെ ഇനിയും തിരുത്തിയില്ലെങ്കിൽ അത് ആപത്താണ്. കഴിഞ്ഞ സർക്കാർ എല്ലാം തികഞ്ഞതായിരുന്നു എന്നതല്ല എനിക്ക് പറയാനുള്ളത്. മറിച്ച് അവിടെയൊക്കെയും സംവാദം സാധ്യമായിരുന്നു. ഇന്നതല്ല അവസ്ഥ. രസകരമായ കാര്യം എന്തെന്നാൽ, സംവാദം പോലും സാധ്യമാകാത്ത ഇടങ്ങളിലാണ് സംവദിക്കാനുള്ള ഭാഷയുടെ ഏകീകരണത്തിനായി മുറവിളി കൂട്ടുന്നത് എന്നതാണ്.

ആത്മനിഷ്ഠമായി പറയുകയാണെങ്കിൽ ഒരു ദക്ഷിണേന്ത്യൻ എന്ന നിലയിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിൽ വിരോധവും ഒരു ദലിതനെന്ന നിലയിൽ ഇംഗ്ലീഷ് ഭാഷ കൂടുതൽ സൗകര്യപ്രദവുമാണ് എനിക്ക്. എന്നു കരുതി ഹിന്ദി മീഡിയം വിദ്യാർഥികൾക്കായി ഹിന്ദി ഭാഷയിൽ പഠിപ്പിക്കുക എന്ന എന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറില്ല. ഏതെങ്കിലും ഒരു ഭാഷയോടല്ല, മറിച്ച് അതിന്റെ ആധിപത്യത്തിനോടാണ് വിയോജിപ്പ്. ഭാഷ ആശയവിനിമയത്തിനുള്ള ഉപാധി മാത്രമാണ്, അതിന് പവിത്രത നൽകി സൂക്ഷിക്കേണ്ട ആവശ്യമില്ല. ദേശമെന്ന ഭൂമിശാസ്ത്രപരമായ ആശയത്തെ ദേശീയത എന്ന വികാരമാക്കാനുള്ള തത്രപ്പാടിൽ നിന്നാണ് ഭാഷ, ഭക്ഷണം, സംസ്കാരം എന്നിവയുടെയൊക്കെ വൈവിധ്യത്തെ നശിപ്പിക്കാൻ തുനിയുന്നത്. ഇത് തിരിച്ചറിയുകയാണ് നാം ആദ്യം ചെയ്യേണ്ടത്. ശേഷം അത്തരം നീക്കങ്ങളോട് ചെറുത്തു നിൽക്കുകയും വേണം. 

‘ഇടതു പുരോഗമന’ ബുദ്ധിജീവികൾ അംബേഡ്ക്കറെ സ്വായത്തമാക്കിയ  രീതികളെ പറ്റി നിങ്ങൾ ചർച്ച ചെയ്തിരുന്നു. എന്താണ് താങ്കളുടെ വിമർശനം?

ഈയടുത്ത കാലത്ത്, സാമൂഹിക മാറ്റത്തെക്കുറിച്ച് ഒരു പ്രബന്ധം എഴുതുമ്പോൾ ഏറ്റവും കൂടുതൽ വെല്ലുവിളി നിറഞ്ഞ ചോദ്യമായിരുന്നു ഇത്‌. നീലാകാശത്തിലെ ചുവന്ന സൂര്യൻ: രോഹിത് വെമുലയുടെ ഉട്ടോപ്യൻ റിപ്പബ്ലിക്ക് എന്നായിരുന്നു എന്റെ ഒരു പേപ്പറിന്റെ തലക്കെട്ട്. രോഹിത്തിന്റെ തന്നെ വാക്കുകൾ കടമെടുത്തതാണത്. ചെറുക്കുക എന്നത് പ്രധാനo തന്നെയാണ്. എന്നാൽ ചെറുത്തുനിൽപ്പ് ഒരു കൂട്ടർക്ക് തീറെഴുതി കൊടുക്കുന്നത് ന്യായീകരിക്കാനാവില്ല. വിദ്യാർഥി രാഷ്ട്രീയത്തിൽ ഇടതുപക്ഷം സജീവമാണ്. എന്നാൽ ആ സജീവത ഒരിക്കലും അവർക്ക് പരമാധികാരം സമ്മാനിക്കുന്നില്ല. ദലിതരും ന്യൂനപക്ഷങ്ങളും രാഷ്ട്രീയമായി സംവദിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ എന്നത് ശരി തന്നെയാണ്. പക്ഷേ കാലതാമസം സംഭവിച്ചത് മിണ്ടാൻ അറിയാഞ്ഞിട്ടല്ല മറിച്ച് അവരെ നിശ്ശബ്ദരാക്കിയതിനാലാണെന്ന് വ്യക്തമാണ്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ വികാരമാണ് ജയ് ഭീം എന്ന മുദ്രാവാക്യം പ്രതിധ്വനിക്കുന്നത്. അത് മുഖ്യധാരയിൽ ശ്രവണസാധ്യമായതിന്റെ കഥ ദുസഹ്യമായിരുന്നെന്ന് ചരിത്രം ഓർമിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്നതിനു ശ്രോതാക്കളേറെയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി മുതലെടുക്കാൻ എല്ലാവരും പരസ്പരം മത്സരിക്കുകയാണ്. ഗാന്ധിയുടെ ജാതീയ ചിന്തകളെ കക്ഷത്തിൽ ഒളിപ്പിച്ചു കൊണ്ട് അംബേഡ്ക്കറിനെ ഉത്തരത്തിൽ പ്രതിഷ്ഠിക്കാനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്‌.

ദക്ഷിണേഷ്യയുടെ സോക്രട്ടീസ് എന്ന് യുഎൻ അഭിസംബോധന ചെയ്ത, സ്ത്രീകൾ അവരുടെ ശരീരത്തിന്മേൽ ഏജൻസി നേടണമെന്ന് വാദിച്ച പെരിയാറിനെ ഇടതു ലിബറലുകൾ ഉൾപ്പെടെയുള്ള അക്കാദമിക, നിയമ നിർമാതാക്കൾ അവഗണിച്ച വസ്തുത നമുക്ക് മുന്നിലുണ്ട്. ഇടതുപക്ഷ പ്രഭാഷകരൊക്കെയും അംബേഡ്ക്കറിനെ ഉദ്ധരിക്കാൻ തുടങ്ങിയത്, അതിനവർ നിർബന്ധിതരായത് ഈ അടുത്ത കാലത്താണ്. അപ്പോഴും വർഗമെന്നതിനേക്കാൾ (ക്ലാസ്) ജാതിയാണ് ഇൻഡ്യൻ അടിസ്ഥാന പ്രശ്നമെന്ന യാഥാർഥ്യo ഇതുവരെ ഈ കൂട്ടർ ഉൾക്കൊണ്ടിട്ടില്ല. രോഹിതാനന്തര കാമ്പസ് കാലഘട്ടത്തിലെ ബഹുജൻ രാഷ്ട്രീയ കൂട്ടായ്മകളോടുള്ള ഇടതുപക്ഷ സംഘടനകളുടെ നിലപാടിൽ നിന്ന് അത് വ്യക്തമായി വായിച്ചെടുക്കാവുന്നതാണ്.

യോജിപ്പുകളെ ഉയർത്തിപ്പിടിക്കാനും പൊതുശത്രുവിനെ തിരിച്ചറിയാനും ഇനിയും ഇടതു സംഘടനകൾ അലംഭാവം കാട്ടിയാൽ അത് അവരുടെ തന്നെ ഉന്മൂലനത്തിനു കാരണമാകുമെന്നത് സത്യമാണ്. ജയ്ഭീം എന്ന മുദ്രാവാക്യം ലാൽസലാമിനെ അതിജയിക്കുമോ എന്ന പേടിയും ഉള്ളിൽ വച്ചു പുരോഗമനത്തിന്റെ മുഖംമൂടി അണിയുന്നത് ഇനി കലാലയങ്ങളിൽ അത്ര എളുപ്പമാകില്ല. പരസ്പര സഹകരണത്തിന്റെ – പല നിറത്തിന്റെ രാഷ്ട്രീയം അനിവാര്യമാണ്. ജാതി സംബന്ധിച്ച വീക്ഷണങ്ങളെക്കുറിച്ച് മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം, പ്രത്യേകിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ടതുണ്ട്. ദലിത്‌-ന്യൂനപക്ഷ സ്വത്വ രാഷ്ട്രീയo ഉയർത്തുന്ന വിഷയങ്ങളെ ഇനിയും കണ്ണടച്ച് ഇരുട്ടാക്കാൻ സാധിക്കില്ല. ജയ്ഭീം മാത്രമല്ല സമാനമായ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ നമ്മുടെ വിദ്യാർഥികൾക്ക് ധൈര്യം നൽകണം. എങ്കിൽ അസ്ഥിത്വം പണയം വെക്കാതെ വിശാലമായ കൂട്ടങ്ങളായി അവർ ഇൻഡ്യൻ ഫാസിസത്തെ തുരത്തി ഓടിക്കുന്ന കാഴ്ച വിദൂരമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്.

അവസാനമായി, എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസർ ആയിരുന്നോ, അതോ ഒരു ദലിത് പ്രൊഫസർ ആയിരുന്നോ?

ദലിത് ആക്ടിവിസ്റ്റായൊരു പ്രൊഫസർ. ഞാനൊരു രാഷ്ട്രീയ ശാസ്ത്രജ്ഞനാണ്. എങ്കിലും ഈ ചോദ്യത്തിനു മറുപടി നൽകുമ്പോൾ സാഹചര്യത്തെ പരിഗണിക്കും. ഞാൻ പ്രതിനിധീകരിക്കുന്നത് എനിക്ക് പ്രിയപ്പെട്ടത് തന്നെയാണ്. അതുപോലെ തന്നെ എന്റെ ഉത്തരവാദിത്വവും എനിക്ക് വിലപ്പെട്ടതാണ്. ആക്ടിവിസത്തെ പുച്ഛ മനോഭാവത്തോടെ മാത്രം നോക്കുന്ന സഹപ്രവർത്തകർ ഇന്നും ചുറ്റുമുണ്ട്. അവരോടൊക്കെയും ബഹുമാനത്തോടെ തന്നെ, ലൈബ്രറിയിലെ പുസ്തകങ്ങളെ പോലെ, തെരുവിൽ മുഴങ്ങുന്ന മുദ്രാവാക്യങ്ങളെ കുറിച്ചും ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്.

റാനിയ സുലൈഖ

(ഡൽഹി യൂണിവേഴ്സിറ്റിയിലെ രാംജാസ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് റാനിയ സുലൈഖ)

Top