ദലിതർക്ക് നേരെയുള്ള മേൽജാതി ഹിന്ദുത്വ ഹിംസകളെ അപലപിക്കുന്നു: അംബേഡ്കറൈറ്റ് സംഘടനകളുടെ സംയുക്ത പ്രസ്താവന

ദലിത് വിരുദ്ധ ജാതി ഹിംസകള്‍ക്കെതിരെ അംബേഡ്കറൈറ്റ് സംഘടനകള്‍ ‘ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍’ രൂപീകരിച്ചിട്ടുണ്ട്. ദലിത് ശരീരങ്ങള്‍ക്കെതിരെ സവര്‍ണര്‍ നടത്തുന്ന ജാതി അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ വ്യവസ്ഥാപിതമായി നടത്താന്‍ രാജ്യത്തെ വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അംബേഡ്കറൈറ്റ് സംഘടനകളെ ഒന്നിച്ചുനിര്‍ത്താന്‍ ജെ.എ.സി ആഗ്രഹിക്കുന്നു. അംബേഡ്കറൈറ്റ് വിദ്യാർഥി സംഘടനകളുടെ സംയുക്ത പ്രസ്താവന.

മുഖ്യധാരാ സവര്‍ണ അക്കാദമിയക്കും മാധ്യമങ്ങള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും ജാതിയധിഷ്ഠിത ഭീകരതയെ കുറിച്ച് പഠിക്കാനുതകുന്ന നല്ലൊരു പാഠപുസ്തകമാണ് 2006 സെപ്റ്റംബർ 29ന് ഖിർലാഞ്ചി ഗ്രാമത്തിൽ മറാത്ത കുമ്പികൾ നടത്തിയ ഖിർലാഞ്ചി കൂട്ടക്കൊല. ഖിര്‍ലാഞ്ചിയില്‍, ഒരു ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ‘ഭോട്മാംഗെ’ കുടുംബത്തിലെ സ്ത്രീകളെ കുമ്പികള്‍ ബലാത്സംഗം ചെയ്യുകയും അവരുടെ നഗ്ന ശരീരങ്ങളുമായി ഗ്രാമം മുഴുവന്‍ പരേഡ് നടത്തുകയും ഭോട്മാംഗെ കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തുകയും ചെയ്തു. നാഗ്പൂരില്‍ ദലിതുകള്‍ സമരം നടത്തുന്നതുവരെ ഈ സംഭവം ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഖിര്‍ലാഞ്ചിക്ക് ശേഷം, കഴിഞ്ഞ പതിനാലു വര്‍ഷങ്ങൾക്കിടയിൽ ദലിത് സ്ത്രീകള്‍ക്ക് നേരെയുള്ള മേല്‍ജാതി-അധീശ പുരുഷന്മാരുടെ ലൈംഗികാതിക്രമങ്ങള്‍ കാര്യമായ പരിശോധനകള്‍ക്ക് വിധേയമാവാതെ നില്‍ക്കുന്നതായി കാണാം. ആ കുടുംബത്തില്‍ നിന്ന് ആകെ അവശേഷിച്ച ‘ബൈയലാല്‍ ഭോട്മാംഗെ’ 2017ല്‍ നീതി ലഭിക്കാതെ മരണപ്പെട്ടെങ്കിലും, അതുവരെ സുപ്രീംകോടതി ഈ സംഭവം ജാതീയ ഹിംസയായി പരിഗണിച്ചിരുന്നില്ല.

ഖിര്‍ലാഞ്ചിക്ക് ശേഷം രാജ്യത്താകെ ധാരാളം ജാതിയധിഷ്ഠിത ലൈംഗികാതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും സവര്‍ണ മുഖ്യധാരയുടെ കാഴ്ച്ചക്കകത്ത് വന്നിട്ടില്ല. സവര്‍ണ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ ബ്രാഹ്മണിക്കല്‍ മാധ്യമങ്ങളുടെയും സവര്‍ണ ആക്റ്റിവിസ്റ്റുകളുടെയും പ്രതിഷേധങ്ങള്‍ ദലിത് സ്ത്രീകളുടെ കാര്യത്തില്‍ ഉണ്ടാകാറില്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2019ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 32,033 ബലാത്സംഗ കേസുകളില്‍ 11 ശതമാനം, അഥവാ 3524 കേസുകളും ദലിത് സ്ത്രീകള്‍ക്കെതിരെ നടന്നവയായിരുന്നു. പ്രതിദിനം 10 ദലിത് സ്ത്രീകളെങ്കിലും ബലാത്സംഗത്തിന് ഇരയാവുന്നു. അതോടൊപ്പം, ബലാത്സംഗത്തിന് ഇരയാക്കപ്പെടാനുള്ള സാധ്യത കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 44 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. അവയില്‍ വലിയൊരു വിഭാഗം ദലിത് സ്ത്രീകളാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്മണ പുരുഷ ഹിംസകളെ ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. സവര്‍ണ ജാതിക്കാര്‍ക്ക് ജാതി-പോലീസ്, ഭരണകൂട, മാധ്യമ സംഘങ്ങളുടെ സഹായം ലഭിക്കുന്നത് അധികരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത് എന്ന് നമുക്കു കാണാം.

2020 സെപ്റ്റംബര്‍ 14ന് ഉത്തര്‍പ്രദേശിലെ ഹഥ്‌റാസ് ‘വാല്‍മീകി’ (ഇപ്പോഴും തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്തപ്പെടുന്ന) സമുദായത്തില്‍ പെട്ട 19കാരിയായ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തു. തന്റെ മാതാവിനൊപ്പം വൈക്കോല്‍ ശേഖരിക്കാനായി പാടത്തേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ‘ഠാക്കൂര്‍’ സമുദായത്തില്‍പ്പെട്ട നാലു പേര്‍ (സന്ദീപ് സിംഗ്, ലവകുശ, രവി സിംഗ്, രാം കുമാര്‍) എന്നിവര്‍ ചേര്‍ന്ന് അവളുടെ ദുപ്പട്ടയില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. അവളുടെ നാവ് മുറിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്തു. അതിനാൽ തന്നെ അവളുടെ കഴുത്തിലും മുതുകിലും കാര്യമായ പരിക്കുകള്‍ പറ്റിയിരുന്നു. അവളുടെ ശരീരം അവർ വികൃതമാക്കി. ഈ പരിക്കുകള്‍ക്കിടയിലും ഇരയായ പെണ്‍കുട്ടി പോലീസിന് മരണമൊഴി നല്‍കുകയും മൊത്തം സംഭവങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. വളരെ കാലമായി, ഠാക്കൂർ പീഡകർ പെണ്‍കുട്ടിയെ അധിക്ഷേപിക്കാറുണ്ട്. കൂടാതെ ഇരയുടെ കുടുംബത്തിനെതിരെ പീഡകരുടെ കുടുംബം നടത്തിപ്പേരുന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ വലിയൊരു ചരിത്രം തന്നെയുണ്ട്.

തന്റെ പരിക്കുകളോട് മല്ലിട്ട് 15 ദിവസത്തിനു ശേഷം ‘സഫ്ദര്‍ജംഗ് ആശുപത്രിയില്‍’ വെച്ച് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. പീഡകരും കൊലയാളികളുമായ ആളുകള്‍ ചെയ്ത അതിക്രമങ്ങള്‍ കൂടിപ്പോയില്ലായിരുന്നുവെങ്കിൽ അജയ് സിംഗ് ബിശ്ത്, അഥവാ യോഗി ആദിത്യനാഥ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇരക്ക് നീതിയുടെ ചെറിയ കണിക പോലും ഉറപ്പുവരുത്തില്ലായിരുന്നു. കുറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷവും പത്തു ദിവസത്തോളം കുറ്റവാളികള്‍ അറസ്റ്റു ചെയ്യപ്പെട്ടില്ല. ദലിതുകളുടെ കൂറ്റന്‍ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് അവരെ കസ്റ്റഡിയിലെടുത്തത്. ഇരയായ പെണ്‍കുട്ടിക്ക് മതിയായ മെഡിക്കല്‍ സൗകര്യങ്ങളും ലഭ്യമായിരുന്നില്ല. കഴുത്തിലും, അടിവയറ്റിലും മുഖത്തും ഭീകരമായി മുറിവേറ്റിട്ടും ആവശ്യമായ ചികിത്സ പെണ്‍കുട്ടിക്ക് ലഭ്യമാക്കിയിരുന്നില്ല. ആദ്യം ജില്ലാ ആശുപത്രിയിലെ സാധാരണ വാര്‍ഡിലായിരുന്ന അവളെ, പിന്നീട് അലീഗഡിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്. ഗുരുതരമായ മുറിവുള്ളതിനാല്‍ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യപ്പെട്ടു. എന്നാല്‍ പുറത്തുപറയാത്ത കാരണങ്ങളുടെ പേരിൽ അവള്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റപ്പെടുകയും പിറ്റേ ദിവസം മരണപ്പെടുകയും ചെയ്തു. കോപാകുലരായ സമരക്കാരെ പോലീസ് കയ്യേറ്റം ചെയ്യുകയും അറസ്റ്റു ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി ഹോസ്പിറ്റലിന് പുറത്തെത്തിക്കുകയും അര്‍ധരാത്രി ഹഥാറസിലേക്ക് എടുക്കുകയും ചെയ്തു. മൃതശരീരം ഗ്രാമത്തിലെത്തിയപ്പോള്‍ അവളുടെ മാതാവ് ആംബുലന്‍സിന് അരികിലെത്തി അലമുറയിടുകയും, മൃതശരീരം കുടുംബത്തിന് കൈമാറണമെന്ന് യാചിക്കുകയും ചെയ്തു. എന്നാല്‍ പോലീസോ, ഭരണകൂടമോ അത് കേട്ടില്ല. കുടുംബത്തിന് ശരീരം വിട്ടുകൊടുക്കുന്നതിനു പകരം, അതിക്രൂരരായ ജില്ലാ ഭരണകൂടം കായബലം ഉപയോഗിച്ച് സ്വന്തം നിലക്ക് ശരീരം സംസ്‌കരിക്കുകയാണുണ്ടായത്. യോഗി-മോഡി ഭരണകൂടങ്ങൾ മരണാനന്തരം പോലും ദലിതർക്ക് അവരുടെ ആത്മാഭിമാനം വകവെച്ചുകൊടുക്കുന്നില്ല. ഇരയുടെ കുടുംബത്തെ വീട്ടില്‍ പൂട്ടിയിട്ട്, പുലര്‍ച്ചെ മൂന്നു മണിക്കാണ് അവളുടെ ശരീരം സംസ്‌കരിക്കപ്പെട്ടത്.

ഹഥ്‌റാസ് സംഭവത്തിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ പ്രക്ഷോഭകർ ഒത്തുകൂടിയപ്പോൾ.

ഇരയുടെ കുടുംബത്തിന് സംഭവിച്ച ദുരന്തങ്ങള്‍ക്ക് പുറമേ (ആദ്യം പെൺകുട്ടിയെ ബലാത്സംഗം ചെയ്തതും കൊലപ്പെടുത്തിയതും, പിന്നീട് ഭരണകൂട സംവിധാനങ്ങള്‍ നടത്തിയത്), പെണ്‍കുട്ടി ബലാത്സംഗത്തിനു വിധേയമായിട്ടില്ലെന്ന റിപ്പോര്‍ട്ട് ഫോറൻസിക് വിഭാഗം പ്രഖ്യാപിച്ചു. ഠാക്കൂർ വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രി യോഗി നയിക്കുന്ന സര്‍ക്കാര്‍, ബലാത്സംഗ വീരന്മാരായ ഠാക്കൂറുകാരെ സംരക്ഷിക്കാൻ നടത്തുന്ന നാടകമാണിത്. മനീഷക്കും കുടുംബത്തിനും നീതി നടപ്പാക്കുന്നതിനു പകരം, അവളുടെ മൃതശരീരത്തിന് വിലയിടാനാണ് യോഗി ശ്രമിച്ചത്- 25 ലക്ഷം, ഒരു വീട്, സര്‍ക്കാര്‍ ജോലി! തുടർന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ച് അവരെ മാനസികമായി തളർത്തുകയും ചെയ്തു.

ഈ ദുരന്തങ്ങള്‍ക്കിടയില്‍ ബല്‍റാംപൂരില്‍ മറ്റൊരു ദലിത് പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു. ഇതൊക്കെ നടക്കുമ്പോഴും പ്രധാനമന്ത്രിയും അയാളുടെ കാബിനറ്റ് മന്ത്രിമാരും മൗനമവലംബിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും ഈ സംഭവങ്ങളിൽ തുല്യ ഉത്തരവാദികളാണ്. ഈ മൗനം തന്നെയും ജാതി ഹിംസയാണ്.

ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നു പറയപ്പെടുന്ന മാധ്യമങ്ങൾ അവയുടെ മേൽജാതി പ്രകൃതം ഇതിനിടയിൽ വെളിവാക്കുകയുണ്ടായി. സ്തോഭജനകമായ വാര്‍ത്തകളുടെ പുറകേ പോകുന്ന അവര്‍ക്ക്, ഒരു ദലിത് യുവതിയെ ദാരുണമായി ബലാത്സംഗം ചെയ്തതും കൊലപ്പെടുത്തിയതും റിപ്പോര്‍ട്ട് ചെയ്യാൻമാത്രം പ്രാധാന്യമര്‍ഹിക്കുന്ന വാര്‍ത്തയല്ല. വിരലിലെണ്ണാവുന്ന മാധ്യമങ്ങള്‍ മാത്രമാണ് ഈ ക്രൂരത കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും, യഥാര്‍ഥ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുള്ളൂ. അവയില്‍തന്നെ പല മാധ്യമങ്ങളും സംഭത്തിന്റെ മേല്‍ജാതി ഹിംസയെ തിരിച്ചറിയാന്‍ ശ്രമിക്കാതിരിക്കുകയും, ദലിത് സ്ത്രീയുടെ ശരീരത്തോട് കാണിച്ച അനീതിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ക്രൂരമായ അതിക്രമങ്ങള്‍ക്ക് വിധേയമായി മരണപ്പെട്ട ദലിത് സ്ത്രീ ശരീരത്തിനു പോലും മാധ്യമ ധർമത്തെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. സര്‍ക്കാരിനോടും ഭരണസംവിധാനങ്ങളോടും ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് പകരം, ദലിത് നേതാക്കളോടും സമരക്കാരോടും ‘സമാധാനം തകര്‍ക്കുന്നതിനെ’ കുറിച്ചാണ് സവർണ മാധ്യമ പ്രവർത്തകർ ചോദിച്ചുകൊണ്ടിരിക്കുന്നത്!

രാജ്യത്താകെ ദലിതർക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഠാക്കൂര്‍ വിഭാഗത്തിപ്പെട്ട യോഗി ഭരിക്കുന്ന യു.പിയില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് പട്ടിക ജാതിക്കാർക്കെതിരായ ആക്രമണ കേസുകൾ ഏകദേശം 45,935 ആണ്. ദിനേന ഏകദേശം 126 കേസുകളാണ് ശരാശരി കണക്കു പ്രകാരം വരുന്നത്. ദലിതർക്കെതിരെ ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. സംസ്ഥാനത്ത് ഠാക്കൂര്‍-രജ്പുത് ആധിപത്യം വര്‍ധിക്കുകയും, ഭരണസംവിധാനങ്ങളും ഉദ്യോഗസ്ഥരും പോലീസുമടക്കം വ്യവസ്ഥാപിതമായി ‘മേല്‍ജാതി’ അക്രമികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

രാമ രാജ്യം/ഹിന്ദു രാഷ്ട്രം എന്നീ ഹിന്ദുത്വ സങ്കൽപ്പങ്ങളുടെ കൃത്യമായ ആവിഷ്‌കാരങ്ങളാണിത്. ഈ രണ്ടു സങ്കല്‍പ്പങ്ങളും ഹിന്ദു വര്‍ണ വ്യവസ്ഥയുടെ ജാതിയധിഷ്ഠിത ശ്രേണിയെ മുന്നോട്ടുവെക്കുന്നു. ഞങ്ങള്‍, ഈ രാജ്യത്തെ വ്യത്യസ്ത അംബേഡ്കറൈറ്റ് വിദ്യാര്‍ഥി സംഘടനകള്‍ മനീഷ വാൽമീകിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിനെയും ദാരുണമായി കൊലപ്പെടുത്തിയതിനെയും, ദലിത് വിരുദ്ധനായ യോഗിയുടെ കീഴിലുള്ള യു.പി സര്‍ക്കാറിന്റെ ഹിംസാത്മകമായ ജാതി അതിക്രമങ്ങളെയും ശക്തമായി അപലപിക്കുന്നു. ദലിതരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന, ജാതിവിരുദ്ധ സാമൂഹിക മുന്നേറ്റങ്ങളുടെ ഭാഗമായ രാജ്യത്തെ എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും ഹിന്ദുത്വ ആധിപത്യത്തിനെതിരെ ഒന്നിക്കണമെന്നും സമരരംഗത്ത് ഇറങ്ങണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

യഥാര്‍ഥ നീതി ലഭിക്കുന്നത് വരെയും, ‘സവര്‍ണ-മേല്‍ജാതി’ ഹിന്ദുത്വ അധീശത്വം അവസാനിക്കുന്നതു വരെയും നാം ഈ പോരാട്ടം അവസാനിപ്പിക്കുകയില്ല!

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദലിത് വിരുദ്ധ ജാതി ഹിംസകള്‍ക്കെതിരെ അംബേഡ്കറൈറ്റ് സംഘടനകള്‍ ‘ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍’ (JAC) രൂപീകരിച്ചിട്ടുണ്ട്. ദലിത് ശരീരങ്ങള്‍ക്കെതിരെ സവര്‍ണര്‍ നടത്തുന്ന ജാതി അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ വ്യവസ്ഥാപിതമായി നടത്താന്‍ രാജ്യത്തെ വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അംബേഡ്കറൈറ്റ് സംഘടനകളെ ഒന്നിച്ചുനിര്‍ത്താന്‍ ജെ.എ.സി ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍, ‘ജസ്റ്റിസ് ഫോര്‍ മനീഷ വാൽമീകി’ സമരത്തെ സജീവമാക്കാനും, ഇതിനായി നമ്മുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍

1. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അജയ് സിംഗ് ബശ്ത് അഥവാ യോഗി ആദിത്യനാഥ് അടിയന്തരമായി രാജി വെക്കുക

2. ഹഥ്‌റാസ് ജില്ലാ മജിസ്റ്റട്രേറ്റ് പ്രവീണ്‍ കുമാര്‍ ലഷ്‌കറിനെയും ഹഥ്‌റാസ് പോലീസ് സൂപ്രണ്ട് വിക്രം വീറിനെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക

3. എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്റ്റ് അനുസരിച്ച് ഹഥ്റാസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍, ഹഥ്‌റാസ് പോലീസ് സൂപ്രണ്ട് വിക്രം വീര്‍, യു.പി മുഖ്യമന്ത്രി യോഗി എന്നിവര്‍ക്കെതിരെ ആക്ഷന്‍ എടുക്കണം.

4. ഇരയുടെ കുടുംബത്തിനെതിരെ യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ച നാർകോ ടെസ്റ്റ് പിന്‍വലിക്കുക

5. പട്ടിക ജാതിയില്‍പ്പെട്ട പ്രതിനിധികളെ ഭൂരിപക്ഷമാക്കിക്കൊണ്ട് കേസന്വേഷണം നിയന്ത്രിക്കാനായി സുപ്രീംകോടതി ഒരു കമ്മിറ്റി രൂപീകരിക്കുക

6. കേസില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയവര്‍ തുടങ്ങിയവരെ ചോദ്യംചെയ്യാന്‍ ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുക

7. ഇരയുടെ കുടുംബത്തിന് ഭൂമി, സര്‍ക്കാര്‍ ജോലി എന്നിവ ഉറപ്പുവരുത്തുക.

8. ഠാക്കൂര്‍ ഭീഷണികളില്‍ നിന്നും ഇരയുടെ കുടുംബത്തിന് സംരക്ഷണവും സുരക്ഷയും ഒരുക്കുക. ഭീഷണി അവസാനിക്കുന്നത് വരെയോ അല്ലെങ്കില്‍ ജീവിതകാലം മുഴുവനും ഇതു തുടരണം.

9. എസ്.സി/എസ്.ടി അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാനായി ഇൻഡ്യയിലെ എല്ലാ ജില്ലകളിലൂം ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക

10. ദലിതർക്ക് മാധ്യമ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുക. വിശേഷിച്ചും ദലിത് സ്ത്രീകള്‍ക്ക്

ഞങ്ങള്‍, ദലിതവിരുദ്ധ ജാതി അതിക്രമങ്ങള്‍ക്കെതിരായ അംബേഡ്കറൈറ്റ് വിദ്യാര്‍ഥി സംഘടനകളുടെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി, ദലിത് സ്ത്രീകള്‍ക്ക് നേരെയുള്ള ജാതിയധിഷ്ഠിത ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് വേണ്ടി 2020 ഒക്‌ടോബര്‍ 10ന് രാജ്യമെമ്പാടും സമാധാനപരമായ സമരം നടത്താൻ എല്ലാ ജാതിവിരുദ്ധ സംഘടനകളോടും വ്യക്തികളോടും ഈ പ്രസ്താവനയില്‍ ഒപ്പുവെച്ച സംഘടനകളുടെ പേരില്‍ അഭ്യര്‍ഥിക്കുന്നു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ

1. ആദിവാസി ഛാത്ര് സംഘ്, ജാർഖണ്ഡ്
2. അംബേഡ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ, കേരള യൂണിവേഴ്സിറ്റി, കേരള
3. അംബേഡ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, തെലങ്കാന
4. അംബേഡ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ, മഹാരാഷ്ട്ര
5. അംബേഡ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, പുതുച്ചേരി
6. അംബേഡ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ, പഞ്ചാബ് യൂണിവേഴ്സിറ്റി, പഞ്ചാബ്
7. അംബേഡ്കറൈറ്റ് സ്റ്റുഡന്റ്സ് അസോസിയേഷൻ, ടി.ഐ.എസ്.എസ് മുംബൈ, മഹാരാഷ്ട്ര
8. അംബേഡ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ, വർദ, മഹാരാഷ്ട്ര
9. അംബേഡ്കറൈറ്റ് സ്റ്റുഡന്റ്സ് കളക്ടീവ്, ഐ.ഐ.ടി ബോംബെ, മഹാരാഷ്ട്ര
10. അംബേഡ്കറൈറ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ, എഫ്.സി പൂനെ, മഹാരാഷ്ട്ര
11. ബഹുജൻ കളക്ടീവ്, ടി.ഐ.എസ്.എസ് ഹൈദരാബാദ്, തെലങ്കാന
12. ബഹുജൻ സാഹിത്യ സംഘ്, ജെ.എൻ.യു, ഡൽഹി
13. ബഹുജൻ സ്റ്റുഡന്റ്സ് ഫ്രണ്ട്, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, തെലങ്കാന
14. ബിർസ അംബേഡ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്ത്‌, ഗുജറാത്ത്‌
15. ബിർസ അംബേഡ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ, ഛത്തിസ്ഗഢ്
16. ബിർസ അംബേഡ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ, ഗുജറാത്ത് യൂണിവേഴ്സിറ്റി, ഗുജറാത്ത്‌
17. ബിർസ അംബേഡ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ, ഹേംചന്ദ് ആചാര്യ നോർത്ത്, ഗുജറാത്ത്‌ യൂണിവേഴ്സിറ്റി, ഗുജറാത്ത്‌
18. ബിർസ അംബേഡ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ, ജെ.എൻ.യു, ഡൽഹി
19. ബിർസ അംബേഡ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ, മഹാരാജ കൃഷ്ണകുമാർ സിൻജി ഭാവ്നഗർ യൂണിവേഴ്സിറ്റി, ഗുജറാത്ത്
20. ബിർസ അംബേഡ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ, വീർ നർമദ് സൗത്ത് ഗുജറാത്ത്‌ യൂണിവേഴ്സിറ്റി, ഗുജറാത്ത്‌
21. ബിർസ അംബേഡ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ, വെസ്റ്റ് ബംഗാൾ
22. ദലിത് ആർട്ട് ആർക്കീവ്
23. ദലിത് സ്റ്റുഡന്റ്സ് യൂണിയൻ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, തെലങ്കാന
24. ദലിത് ക്വിയർ പ്രൊജക്റ്റ്‌
25. ദലിത് വുമൺ ഫൈറ്റ്
26. ഡോ. ബാബാസാഹബ് നാഷണൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ, നാഗ്പൂർ, മഹാരാഷ്ട്ര
27. ജയ് ഭീം ഫൌണ്ടേഷൻ, മുംബൈ, മഹാരാഷ്ട്ര
28. നോർത്ത് ഈസ്റ്റ്‌ കളക്ടീവ്, ഐ.ഐ.എം ബോംബെ, മഹാരാഷ്ട്ര
29. നോർത്ത് ഈസ്റ്റ്‌ സ്റ്റുഡന്റ്സ് ഫോറം, ജെ.എൻ.യു, ഡൽഹി
30. റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറം, പുതുച്ചേരി
31. റിപ്പബ്ലിക്കൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ, ചന്ദ്രപുർ, മഹാരാഷ്ട്ര
32. ട്രൈബൽ സ്റ്റുഡന്റ്സ് ഫോറം, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, തെലങ്കാന

 

മൊഴിമാറ്റം: അസ്ഹർ അലി

Top