ഏകവചനങ്ങളുടെ ഏകാധിപത്യം!

തങ്ങളുടെ പേരിലൊരു രാഷ്ട്രീയമുണ്ടായി വരുമ്പോള്‍ അതിനെ കുറിച്ചൊരു അഭിപ്രായം/വിമര്‍ശനം മുന്നോട്ടു വെക്കാനുള്ള അവകാശം എല്ലാ ദലിത് ബഹുജന്‍ സ്ത്രീകള്‍ക്കുമുണ്ട്. ഈ അഭിപ്രായത്തെ/വിമര്‍ശനത്തെ ഒരു വാദമായി പോലും അംഗീകരിക്കാനുള്ള ഉത്തരവാദിത്തമില്ലാത്തതു കൊണ്ടാണ് വ്യക്തിഹത്യ കൊണ്ട് നേരിടുന്നതും ഉത്തരം മുട്ടുമ്പോള്‍ വിഷയം മാറ്റുന്നതും. ദലിത് ബഹുജന്‍ സ്ത്രീകളെ കുറിച്ചുള്ള ഉത്കണ്ഠയല്ലയിതിനു പിന്നിൽ ഉള്ളത്. സംഭവങ്ങളെ നിലവിലുള്ള ഇടതു സെക്കുലര്‍ ലിബറല്‍ പുരോഗമന രാഷ്ട്രീയത്തിനടിയില്‍ നില്‍ക്കുന്ന ഒരു അധീശ/സവര്‍ണ ഫെമിനിസ്റ്റ് രീതിയില്‍ മാത്രമെ നിര്‍വചിക്കാന്‍ കഴിയുകയുള്ളൂ എന്ന ഏകാധിപത്യമായൊരു ധാര്‍ഷ്ട്യമാണിവിടെ കാണുന്നത്. ഇത്തരം ഏകവചനങ്ങളുടെ ഏകാധിപത്യം തന്നെയാണ് എന്നും അധീശ ഫെമിനിസ്റ്റ് രാഷ്ട്രീയത്തെ പ്രശ്‌നകരമാക്കിയിട്ടുള്ളത്. ജെനി റൊവീനയും ശ്രീബിത പി.വിയും പ്രതികരിക്കുന്നു.

‘ഇത് ഞങ്ങളുടെ രാഷ്ട്രീയമല്ല; ദലിത് ബഹുജന്‍ സ്ത്രീകളുടെ ആഖ്യാനങ്ങളും (സവര്‍ണ) ഫെമിനിസവും’ എന്ന തലകെട്ടില്‍ ഞങ്ങള്‍ ഉത്തരകാലത്തില്‍ എഴുതിയ ലേഖനത്തിന് മറുപടിയായി വന്ന നിരവധി തരത്തിലുള്ള പ്രതികരണങ്ങളില്‍ ആവര്‍ത്തിച്ച് വന്ന ചില ചോദ്യങ്ങളെ കുറിച്ചാണ് ഈ ലേഖനം.

ഇതില്‍ ഏറ്റവും പ്രധാനം ‘തുറന്നു പറച്ചിലുകള്‍’ നടത്തിയ സ്ത്രീകളുടെ സ്വരങ്ങളെ ഞങ്ങള്‍ റദ്ദാക്കുന്നുവെന്ന വാദമാണ്. ഫേസ്ബുക്കില്‍ നടന്ന തുറന്നു പറച്ചിലുകളുടെ ശരിതെറ്റുകളെ കുറിച്ച് പറയാന്‍ വേണ്ടിയോ, അതിനോടുള്ള പ്രതികരണമായോ അല്ല ഞങ്ങള്‍ എഴുതിയത് എന്ന് ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. പകരം, ഫേസ്ബുക്കിലെ തുറന്നു പറച്ചിലുകളെ എല്ലാ സ്ത്രീകളെയും ഉള്‍പ്പെടുത്തുന്ന ഒരു പുതിയ, പരിവര്‍ത്തനപ്പെട്ട ഫെമിനിസ്റ്റ് രാഷ്ട്രീയമായും ദലിത് ബഹുജന്‍ സ്ത്രീപക്ഷവാദമായും നിര്‍വചിക്കാന്‍ ശ്രമിച്ച വായനകളെയാണ് ഞങ്ങള്‍ പ്രശ്‌നവല്‍കരിച്ചത്. ഇതിനൊപ്പം തന്നെ ‘തുറന്നു പറച്ചിലു’കളുടെ വെളിച്ചത്തില്‍ കുറ്റാരോപിതര്‍ക്കെതിരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണയെ കുറിച്ചും അതിനെതിരെ വളരെ ചുരുക്കം ചിലര്‍ മാത്രം പ്രതികരിച്ചതിനെ കുറിച്ചും ഞങ്ങള്‍ എഴുതിയിരുന്നു.

ആധുനിക തൊഴിലിടങ്ങളിലും പൊതുമണ്ഡലത്തിലും ജാതി-മത-വര്‍ഗ ഘടനകള്‍ ലിംഗഘടനയുമായി സങ്കീര്‍ണമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കാണാതെ, തിരഞ്ഞെടുത്ത ചില വ്യക്തികളുടെ പുറകെ പോകുന്ന ആള്‍ക്കൂട്ടത്തിന് നേരെ കണ്ണടക്കുന്ന, കുറ്റാരോപിതരെ സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയമാക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ഫെമിനിസ്റ്റ് രാഷ്ട്രീയം ദലിത് ബഹുജന്‍ സ്ത്രീപക്ഷങ്ങള്‍ക്ക് അപ്രസക്തമാണ് എന്നാണ് ഞങ്ങള്‍ പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതൊന്നും കാണാതെ ഞങ്ങള്‍ക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ‘ആക്രമിക്കപ്പെട്ട സ്ത്രീ’കളുടെ സ്വരങ്ങള്‍ ഇല്ലാതാക്കി എന്ന വാദമാണ് ഉയര്‍ന്നുവരുന്നത്.

സബ മഹ്മൂദ്

സബ മഹ്മൂദ്

വാസ്തവത്തില്‍ ഇവിടെ നടന്ന ‘തുറന്നു പറച്ചിലുകള്‍’ വളരെ കലുഷമായ ഒരു സാംസ്‌കാരിക സന്ദര്‍ഭത്തില്‍ ഒരുതരം ഉല്‍പ്രേരകമായി (Catalyst) പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അതായത്, ഒരു വശത്ത് കീഴാള സ്ത്രീകളുടെ പലതരത്തിലുള്ള ചോദ്യങ്ങള്‍ കാരണം ദുര്‍ബലപ്പെട്ട ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍, ആഗോളതലത്തിലെന്ന പോലെ കേരളത്തിലും പുതിയൊരു ഉണര്‍വിനു കാത്തിരിക്കുകയായിരുന്നു. അതുപോലെ കേരളത്തില്‍, ദലിത്-മുസ്‌ലിം-ആദിവാസി-പിന്നോക്ക വിഭാഗങ്ങളെ വളരെ സങ്കീര്‍ണ്ണമായി ഒരുമിച്ചു നിര്‍ത്തുന്ന ഒരു കീഴാള രാഷ്ട്രീയം ഇടതു ലിബറല്‍ പുരോഗമന മാനവരെ വല്ലാതെ ആകാംക്ഷഭരിതരാക്കുന്നുണ്ടായിരുന്നു. ഇങ്ങനെയൊരു സാംസ്‌കാരിക സന്ദര്‍ഭത്തിലാണ് ‘തുറന്നു പറച്ചിലുകള്‍’ സംഭവിക്കുന്നത്. അതുകൊണ്ടാണ് അവ സംഭവിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം ഒരുവശത്ത് പുത്തന്‍ ഫെമിനിസവും മറുവശത്ത് അമാനവരെ സാമൂഹ മാധ്യമ ഇടത്തില്‍ തല്ലിക്കൊല്ലാന്‍ തയ്യാറായി വന്ന ഒരു ആള്‍ക്കൂട്ടവും ഇത്ര പെട്ടെന്ന് ഉണ്ടായി വന്നത്. ഇതിനെ കുറിച്ചാണ് ഞങ്ങള്‍ പറയാന്‍ ശ്രമിച്ചത്. എന്നാല്‍, ഇതിനെ കുറിച്ചെല്ലാം പറയുമ്പോള്‍, ആക്രമിക്കപ്പെട്ട സ്ത്രീകളെ കുറിച്ചെന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന ചോദ്യമാണ് വീണ്ടും വീണ്ടും ഞങ്ങള്‍ക്ക് നേരെ വരുന്നത്.

തങ്ങളുടെ പേരിലൊരു പുതിയ രാഷ്ട്രീയമുണ്ടായി വരുമ്പോള്‍ അതിനെ കുറിച്ചൊരു അഭിപ്രായം/വിമര്‍ശനം മുന്നോട്ടു വെയ്ക്കാനുള്ള അവകാശം എല്ലാ ദലിത് ബഹുജന്‍ സ്ത്രീകള്‍ക്കുമുണ്ട്. ഈ അഭിപ്രായം അല്ലെങ്കില്‍ വിമര്‍ശനത്തെ ഒരു വാദമായി പോലും അംഗീകരിക്കാനുള്ള ഉത്തരവാദിത്തമില്ലാത്തതു കൊണ്ടാണ് ഇതിനെ വ്യക്തിഹത്യ കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നതും ഉത്തരം മുട്ടുമ്പോള്‍ നിങ്ങള്‍ ആക്രമിക്കപ്പെട്ട ദലിത് ബഹുജന്‍ സ്ത്രീകളെ കുറിച്ചെന്തുകൊണ്ട് സംസാരിക്കുന്നില്ല എന്നു പറഞ്ഞ് വിഷയം മാറ്റുന്നതും.

തീര്‍ച്ചയായും, ദലിത് ബഹുജന്‍ സ്ത്രീകളെ കുറിച്ചുള്ള ഉത്കണ്ഠയല്ല ഇതിനു പുറകില്‍ എന്നത് വ്യക്തമാണ്. പകരം, നടന്ന സംഭവങ്ങളെ നിലവിലുള്ള ഇടതു സെക്കുലര്‍ ലിബറല്‍ പുരോഗമന രാഷ്ട്രീയത്തിനടിയില്‍ നില്‍ക്കുന്ന ഒരു അധീശ/സവര്‍ണ ഫെമിനിസ്റ്റ് രീതിയില്‍ മാത്രമെ നിര്‍വചിക്കാന്‍ കഴിയുകയുള്ളൂ എന്ന ഏകാധിപത്യമായൊരു ധാര്‍ഷ്ട്യമാണിവിടെ കാണുന്നത്. ഇത്തരം ഏകവചനങ്ങളുടെ ഏകാധിപത്യം തന്നെയാണ് എന്നും അധീശ ഫെമിനിസ്റ്റ് രാഷ്ട്രീയത്തെ പ്രശ്‌നകരമാക്കിയിട്ടുള്ളത്.

വാസ്തവത്തില്‍, ‘ആക്രമിക്കപ്പെടുന്ന സ്ത്രീ’ എന്ന സൂചകം ദൃശ്യതയില്‍ വന്നാല്‍ പിന്നെ ബാക്കി എല്ലാ ഘടനകളും അപ്രത്യക്ഷമാകണമെന്നത് വെളുത്ത/അധീശ ഫെമിനിസത്തിന്റെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന ഒരു ആശയമാണ്. മുത്തലാഖ് സംവാദങ്ങളില്‍ ഈ ആശയമെങ്ങനെയാണ് ഉപയോഗിക്കപ്പെട്ടതെന്ന് നമ്മള്‍ കണ്ടതാണ്. ഇന്ന് അത് മുസ്‌ലിം പുരുഷനെ ഉള്ളതിനെക്കാള്‍ കൂടുതല്‍ ക്രിമിനലൈസ് ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ കൊണ്ടെത്തിച്ചിരിക്കുന്നു എന്നത് നമ്മുടെ മുന്നിലുള്ള ഒരു യാഥാര്‍ഥ്യമാണ്.

പലതരത്തിലുള്ള അധികാരങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക സാഹചര്യത്തില്‍ ആണധികാരത്തിന് മാത്രം മുന്‍തൂക്കം കൊടുക്കുന്ന ഏകപക്ഷീയമായ ഫെമിനിസ്റ്റ് സംഭാഷണങ്ങള്‍ (അതേതു സാമൂഹിക സ്ഥാനത്ത് നിന്ന് ഉത്ഭവിക്കുന്നതായാലും) ഇതൊഴിച്ച് ബാക്കി എല്ലാ അധികാരങ്ങളെയും കണ്ടില്ലെന്ന് നടിക്കുന്നു. മാത്രമല്ല, ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ഫെമിനിസം മറ്റു അധികാരങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.

ഇതുകൊണ്ടു തന്നെയാണ് കഴിഞ്ഞ രണ്ടു ദശകങ്ങളിലേറെയായി ഫെമിനിസത്തെ മറ്റു അധികാര ഘടനകളുമായി ബന്ധിപ്പിക്കുന്ന നിരവധി തരത്തിലുള്ള വായനകള്‍ പുറത്തു വന്നിരിക്കുന്നത്. അധിനിവേശ ഫെമിനിസം (Imperial feminism), അധീശ ഫെമിനിസം (hegemonic feminism), ഭരണകൂട ഫെമിനിസം (governance feminism), കൊളോണിയല്‍ ഫെമിനിസം, ഫെമോനാഷണലിസം (femonationalism) എന്നിങ്ങനെ, കൊളോണിയലിസം മുതല്‍ ഭരണഘടനകളുടെ അധികാരങ്ങളുമായി പോലും ഫെമിനിസം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനെ വെളിപ്പെടുത്തുന്ന നിരവധി വായനകള്‍ ഇന്ന് നിലവിലുണ്ട്.

ഏതുതരത്തിലുള്ള ഫെമിനിസ്റ്റ് രാഷ്ട്രീയവും നിരവധി സ്ത്രീകളുടെ ദുരിതവും കഷ്ടപ്പാടും വേദനയും ഉയര്‍ത്തി പിടിച്ചു കൊണ്ടുതന്നെയാണ് മുന്നോട്ടു വരാറുള്ളത്. എന്നാല്‍ എല്ലാ സംഭാഷണങ്ങളും ഈ ദുരിതങ്ങളെ കുറിച്ചു മാത്രമാകണമെന്നും ഇതിനപ്പുറം ചിന്തകള്‍ പോലും നീങ്ങരുതെന്ന ഫെമിനിസ്റ്റ് ധാര്‍ഷ്ട്യം, മറ്റനവധി അധികാരങ്ങളെയും അവ ഉണ്ടാക്കി തീര്‍ക്കുന്ന ദുരിതങ്ങളെയുമാണ് കാണാന്‍ വിസമ്മതിക്കുന്നത്. ഇങ്ങനെയൊരു ഫെമിനിസ്റ്റ് ഒത്തുതീര്‍പ്പിനോട് നിരന്തരം കലഹിച്ചു കൊണ്ട്, ഇത്തരത്തിലുള്ള ഒരു ഏകപക്ഷീയ ഫെമിനിസം കാണുക പോലും ചെയ്യാത്ത സ്ത്രീകളെ കുറിച്ചും അവരുടെ അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളെ കുറിച്ചും പറഞ്ഞുകൊണ്ടാണ് പല കീഴാള സ്ത്രീകളും സ്ത്രീപക്ഷ ചിന്തകളുമായി ഇടപെടുന്നത്.

എന്നാല്‍, ഇന്ന് കീഴാള സ്ത്രീകളെ കുറിച്ച് പറയുന്നുവെന്ന് അവകാശപ്പെടുന്ന പല സ്ത്രീകളും ഇത്തരം വായനകളെ ഒരുതരം ശത്രുതാ മനോഭാവത്തോടെ കണ്ടുകൊണ്ട്, ഈ വായനകളെല്ലാം തങ്ങള്‍ സ്ത്രീകള്‍ എന്ന നിലക്ക് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയാണ് സംസാരിക്കുന്നത് എന്ന രീതിയിലാണ് പ്രതികരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ആഫ്രോ-അമേരിക്കന്‍ ഫെമിനിസവും പറഞ്ഞ് വരണ്ട, ബെല്‍ ഹുക്‌സ്, സബ മഹ്മൂദ് എന്നിവരൊന്നും തന്നെ ബലാത്സംഗത്തെ ന്യായീകരിച്ചിട്ടില്ലല്ലോ എന്ന രീതിയിലുള്ള ഫേസ്ബുക്ക് സംഭാഷണങ്ങള്‍ ഉണ്ടായി വരുന്നത്. ഇവിടെ ഫെമിനിസത്തിന്റെ ഏകവചനങ്ങളെ പൊളിക്കുന്നവരുടെ വായനകള്‍ സ്ത്രീ വിരുദ്ധതയ്ക്കുള്ള സാധ്യത നല്‍കിയേക്കാമെന്ന തെറ്റായ വാദം തന്നെയാണ് പ്രചരിക്കപ്പെടുന്നത്. ബെല്‍ ഹുക്‌സ് ആയാലും സബാ മഹ്മൂദ് ആയാലും സ്ത്രീകളെ കുറിച്ചു തന്നെയാണ് സംസാരിച്ചിട്ടുള്ളത് എന്ന കാര്യം ഇവിടെ വിസ്മരിക്കപ്പെടുന്നു. ബെല്‍ ഹുക്‌സിന്റെ ഏറ്റവും പ്രശസ്തമായ ആദ്യ പുസ്തകത്തിന്റെ പേരു തന്നെ ‘Ain’t I a woman?’ (ഞാനും ഒരു സ്ത്രീയല്ലെ?) എന്നാണ്. എന്നാല്‍, ഇതൊന്നും കാണാതെ ഫെമിനിസ്റ്റ് വ്യവഹാരത്തിന്റെ അധികാരപക്ഷത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഫെമിനിസത്തിനെതിരെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയാത്തവരായി നിലനിര്‍ത്തുന്നത് ഫെമിനിസത്തിന്റെ ഏകവചനങ്ങളെയും ഏകപക്ഷീയ വായനകളെയും നിലനിര്‍ത്താന്‍ വേണ്ടി തന്നെയാണ്.

ഫെമിനിസ്റ്റ് വ്യവഹാരത്തിന്റെ അധികാരപക്ഷത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഫെമിനിസത്തിനെതിരെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയാത്തവരായി നിലനിര്‍ത്തുന്നത് ഫെമിനിസത്തിന്റെ ഏകവചനങ്ങളെയും ഏകപക്ഷീയ വായനകളെയും നിലനിര്‍ത്താന്‍ വേണ്ടി തന്നെയാണ്.

ഇനി ഞങ്ങള്‍ ആക്രമിക്കുന്ന കീഴാള പുരുഷനോടൊപ്പം അല്ലെങ്കില്‍ ഇരയോടൊപ്പം/അക്രമിയോടൊപ്പം എന്ന ബൈനറിക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്നുവെന്ന വാദങ്ങള്‍ പരിശോധിക്കാം. ആദ്യം തന്നെ ഇരയോടൊപ്പം അക്രമിയോടൊപ്പം എന്ന ബൈനറി ദിലീപ് സംഭവത്തിന് ശേഷമുണ്ടായി വന്നതാണ്. ഞങ്ങള്‍ ഉണ്ടാക്കിയതല്ല.

നേരത്തേ പറഞ്ഞതു പോലെ ഇര എന്ന പരികല്‍പനക്കു മുന്നില്‍, അല്ലെങ്കില്‍ ‘അക്രമിക്കപ്പെട്ട സ്ത്രീ’ എന്ന പരികല്‍പനക്കു മുന്നില്‍ മറ്റെല്ലാ പ്രശ്‌നങ്ങളും അപ്രസക്തമാണ് എന്ന വാദമാണ് ഇങ്ങനെയൊരു ബൈനറിയെ ശക്തിപ്പെടുത്തുന്നത്. സ്ത്രീകള്‍ക്ക് നേരെ നിരന്തരമുണ്ടായി വരുന്ന ആക്രമണങ്ങള്‍, എപ്പോഴും അതിനെ നിസ്സാരവത്കരിക്കുന്ന സമൂഹം എന്നതിനെക്കുറിച്ചെല്ലാം ആലോചിച്ചാല്‍ ഇങ്ങനെയൊരു ബൈനറി നിലനില്‍ക്കുന്നത് നല്ലതാണെന്ന് തോന്നിയേക്കാം. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് ഞങ്ങളിലൊരാള്‍ നേരത്തെ എഴുതിയത് പോലെ, ദിലീപ് പ്രശ്‌നം വലുതായി തീരുന്നത് അതിലെ ഇര ‘ഒരു പ്രിവിലേജ്ഡ് ഇടത്തില്‍ നില്‍ക്കുന്ന സ്ത്രീ’ ആയതുകൊണ്ടു തന്നെയാണ്. ഇനി അഥവാ ജിഷയും സൗമ്യയും അതിജീവിച്ചിരുന്നുവെങ്കില്‍ അവരുടെ ശബ്ദം കേള്‍ക്കാന്‍ എത്രപേര്‍ തയ്യാറാവുമായിരുന്നു എന്നതും നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു1. ഇങ്ങനെ ആലോചിക്കുകയാണെങ്കില്‍ ഇര/അക്രമി എന്ന ബൈനറിക്കപ്പുറം നില്‍ക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മാത്രമല്ല, ഇങ്ങനെയൊരു ബൈനറി കീഴാള സ്ത്രീകള്‍ക്ക് എത്രമാത്രം ഉപകാരപ്രദമാണ് എന്നതിനെ കുറിച്ചും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ ഇതെല്ലാം ആലോചിച്ച് ഇനി മുതല്‍ കീഴാള പുരുഷന്റെ അക്രമങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കണമെന്നും അങ്ങനെ അതിനെ സാധൂകരിക്കണമെന്നുമല്ല ഞങ്ങള്‍ പറഞ്ഞു വരുന്നത്. പകരം, കീഴാളപുരുഷന്റെ ആക്രമണത്തെ കുറിച്ച് സംസാരിക്കാന്‍ ഏകപക്ഷീയമായ ഫെമിനിസ്റ്റ് ഒത്തുതീര്‍പ്പുകളില്‍ നിന്നുമാറി ദലിത് ബഹുജന്‍ സ്ത്രീകള്‍ അവരുടേതായ ഒരു രീതി രൂപപ്പെടുത്തുന്നത് പ്രധാനമാണ് എന്നാണ് ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഇതെല്ലാം ആലോചിച്ച് ഇനി മുതല്‍ കീഴാള പുരുഷന്റെ അക്രമങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കണമെന്നും അങ്ങനെ അതിനെ സാധൂകരിക്കണമെന്നുമല്ല ഞങ്ങള്‍ പറഞ്ഞു വരുന്നത്. പകരം, കീഴാളപുരുഷന്റെ ആക്രമണത്തെ കുറിച്ച് സംസാരിക്കാന്‍ ഏകപക്ഷീയമായ ഫെമിനിസ്റ്റ് ഒത്തുതീര്‍പ്പുകളില്‍ നിന്നുമാറി ദലിത് ബഹുജന്‍ സ്ത്രീകള്‍ അവരുടേതായ ഒരു രീതി രൂപപ്പെടുത്തുന്നത് പ്രധാനമാണ് എന്നാണ് ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്.

ഇത് മനസ്സിലാക്കാന്‍ വേണ്ടി, ഭാര്യയെ തല്ലുന്ന ദലിത് പുരുഷനെ രണ്ടു വ്യത്യസ്ത സ്ത്രീവായനകള്‍ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ചില രീതികള്‍ ശ്രദ്ധിക്കുക. ആദ്യത്തെ വായന സ്വാതി മാര്‍ഗരറ്റ് എന്ന ഫെമിനിസ്റ്റിന്റേതാണ്. ‘Dalit Feminism’ എന്ന വന്‍പ്രചാരം നേടിയ ഒരു ലേഖനത്തിലാണ് സ്വാതി ഇതിനെ കുറിച്ചെഴുതുന്നത്2. Insight എന്ന ദലിത്പക്ഷ അച്ചടി മാസികയിലാണ് ഈ ലേഖനം വന്നത്. Insight മാസികയിലെ മറ്റെല്ലാ ലേഖനങ്ങളെക്കാളും പ്രസിദ്ധിയാര്‍ജ്ജിക്കുകയും പ്രിന്റില്‍ നിന്ന് ഓണ്‍ലൈനിലേക്ക് വരികയും ചെയ്ത ഒരു ലേഖനമാണിത്. ഇതില്‍ ഭാര്യയെ തല്ലുന്ന കീഴാളപുരുഷനെക്കുറിച്ച് സ്വാതി പറയുന്നതിങ്ങനെയാണ്. ‘ദലിത് സ്ത്രീ തന്റെ തൊഴിലില്‍ തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അവര്‍ രാവിലെ തൊട്ട് വൈകുന്നേരം വരെ വീടിനു പുറത്ത് വേല ചെയ്യുന്നു. വീട്ടിലെത്തുമ്പോള്‍ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം തട്ടിയെടുക്കാന്‍ അവരുടെ ഭര്‍ത്താവ് കാത്തിരിക്കുന്നുണ്ടാവും. ഈ പണമാണ് കുടുംബം പോറ്റാനുള്ള ഏക മാര്‍ഗം. അവര്‍ പണം കൊടുക്കാന്‍ വിസമ്മതിച്ചാല്‍ അവരുടെ ഭര്‍ത്താവ് അവരെ തല്ലാന്‍ തുടങ്ങുന്നു’ (The dalit Woman, more often than not dependent on her own labour. She labours outside her home from morning to evening – when she comes home her husband will be waiting to snatch her money, which is often the only source to feed the family. If she refuse to give him the money, the husband beats her).

ഇവിടെ കുടുംബം പുലര്‍ത്തുന്ന സ്ത്രീ വീട്ടില്‍ വന്നു കയറുമ്പോള്‍, അവരുടെ പണം തട്ടിപ്പറിക്കുന്ന, അവരെ ഒരു കാരണവുമില്ലാതെ ഉപദ്രവിക്കുന്ന ഒരു കീഴാളപുരുഷനെയാണ് സ്വാതി മാര്‍ഗരറ്റ് ചിത്രീകരിക്കുന്നത്. തീര്‍ച്ചയായും സിനിമ, സാഹിത്യം എന്നിവയിലെല്ലാം സവര്‍ണ പുരുഷന്റെ നന്മക്കെതിരെ ഭാര്യയെ അടിച്ചും തൊഴിച്ചും ജീവിക്കുന്ന കീഴാളപുരുഷനെ കുറിച്ചുള്ള വാര്‍പ്പുമാതൃകകള്‍ സ്വാതിയുടെ എഴുത്തിനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാണ്.

ഇനി കീഴ്‌വര്‍ഗ സ്ഥാനത്തു നില്‍ക്കുന്ന ഒരു ദലിത് പുരുഷന്‍ തന്റെ ഭാര്യയെ തല്ലുന്നതിനെ കുറിച്ച് SAVARI എന്ന ദലിത് ആദിവാസി ബഹുജന്‍ സ്ത്രീകളുടെ ഓണ്‍ലൈന്‍ മാസികയുടെ സ്ഥാപകരിലൊരാളായ അനു രാംദാസ് പറയുന്നത് ശ്രദ്ധിക്കുക: ‘രണ്ടു വ്യക്തികള്‍ക്കിടയിലെ – പുരുഷനും സ്ത്രീയും, ഭര്‍ത്താവും ഭാര്യയും- ഹിംസയായിരുന്നു അത്. അതോ അങ്ങനെയായിരുന്നോ? സമൂഹം ഈ ദമ്പതികളോട് ചെയ്ത ഹിംസയുമായി ഈ ഗാര്‍ഹിക പീഡനം എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു? കുടിയേറ്റ ദലിത് തൊഴിലാളികള്‍ എന്ന നിലയില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള ഹിംസയുടെ വിവിധ രൂപങ്ങളെ ഒഴിവാക്കാന്‍ അവര്‍ക്ക് എത്രത്തോളം അവസരമുണ്ട്?’ (This was violence between two individuals– man and woman, husband and wife. Or was it? How much of this domestic violence is linked to the violence that society bequeathes upon this couple? How much chance do they have of avoiding the many forms of violence including domestic violence, as migrant dalit laborers?).

സ്വാതി മാര്‍ഗരറ്റിന്റെ വായനയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു വായനയാണ് ഇവിടെ കാണുന്നത്. ആദ്യം ഈ ആഖ്യാനത്തില്‍ ദലിത് പുരുഷനെ കുറിച്ചുള്ള വാര്‍പ്പു മാതൃകകള്‍ പുനരുല്‍പാദിപ്പിക്കപ്പെടുന്നില്ല. രണ്ട്, ഇവിടെ ദലിത് സ്ത്രീ, ദലിത് പുരുഷന്റെ ആക്രമണത്തിന്റെ നിഷ്‌ക്രിയയായ (passive) ഇര അല്ല. ലേഖനത്തിന്റെ മറ്റു ഭാഗത്ത് തന്നെ അക്രമിക്കുന്ന പുരുഷനെ വാക്കുകൊണ്ടും സാധനങ്ങള്‍ എറിഞ്ഞും തിരിച്ചാക്രമിക്കുന്ന ദലിത് സ്ത്രീയെക്കുറിച്ച് അനു രാംദാസ് സംസാരിക്കുന്നുണ്ട്. ഇതിനെക്കാളുപരി, ഇവിടെ ദലിത് പുരുഷന്റെ അക്രമണത്തെ അവന്റെ ആണധികാരത്തില്‍ മാത്രമല്ല അടയാളപ്പെടുത്തിയിരിക്കുന്നത്. പകരം ജാതീയമായ, ചൂഷണാത്മകമായ ഒരു സമൂഹം ഈ ദമ്പതികളോട് കാണിക്കുന്ന ആക്രമണത്തിന്റെ ബൃഹത് (macro) ഘടനക്കുള്ളിലാണ് ഇവര്‍ തമ്മില്‍ നടത്തുന്ന അക്രമണത്തെ സ്ഥാനപ്പെടുത്തുന്നത്.

ബെല്‍ ഹുക്‌സ് മുതല്‍ കീഴാള പുരുഷനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവരെല്ലാം ഇത്തരത്തില്‍ കീഴാള പുരുഷനെ തന്റെ സാമൂഹിക സ്ഥാനത്തിനുള്ളിലാണ് അടയാളപ്പെടുത്തുന്നത്. ഇവരാരും തന്നെ ഇവരുടെ വ്യക്തിപരമായ ആണ്‍സ്വഭാവമായി മാത്രം കണ്ട്, അവരെ ക്രിമിനലൈസ് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നില്ല. ഇങ്ങനെയൊരു സ്ത്രീപക്ഷ വാദമാണ് സാമൂഹികമായി കടുത്ത അരക്ഷിതത്വം അനുഭവിക്കുന്ന കീഴാളസ്ത്രീകള്‍ക്ക് പ്രധാനമാവുക. ഇതിനുപകരം, കീഴാള പുരുഷനെ (സവര്‍ണ) ഫെമിനിസം കൊണ്ട് വിമര്‍ശിച്ചും അയാളെ എല്ലാ അധികാരങ്ങളുടെയും കേന്ദ്രസ്ഥാനമായി നിര്‍വചിച്ചും അയാളെ കൂട്ടംചേര്‍ന്ന് അക്രമിക്കുന്ന, ബഹിഷ്‌കരിക്കണമെന്നും തെറ്റു ചെയ്താല്‍ അവരനുഭവിക്കണം എന്നൊക്കെ പറയുന്ന ഒരു ശിക്ഷിക്കല്‍ (punitive) പ്രക്രിയയുടെ ഭാഗമാകാന്‍ സവര്‍ണ വ

ബെല്‍ ഹുക്‌സ്

ബെല്‍ ഹുക്‌സ്

രേണ്യ സ്ഥാനങ്ങളുടെ പ്രിവിലേജ് ഉള്ള കീഴാള സ്ത്രീകള്‍ക്ക് മാത്രമേ തോന്നുകയുള്ളൂ. ഒട്ടനവധി ദലിത് ബഹുജന്‍ സ്ത്രീകള്‍ക്ക് ഇങ്ങനെയൊരു രാഷ്ട്രീയം തീര്‍ത്തും ജാതീയവും അതുകൊണ്ടു തന്നെ അസാധ്യവുമാണ്. ഇങ്ങനെ നോക്കുമ്പോള്‍, കീഴാളപുരുഷന്റെ ആക്രമണത്തെ കുറിച്ചെന്താണ് സംസാരിക്കാത്തത് എന്നല്ല, എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന ചര്‍ച്ച തന്നെയാണിവിടെ പ്രധാനം. അതുകൊണ്ടു തന്നെ ദലിത് ബഹുജന്‍ സ്ത്രീപക്ഷങ്ങള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പറയാന്‍ (സവര്‍ണ) ഫെമിനിസത്തിന്റെ ഏകവചനങ്ങള്‍ക്കപ്പുറം നീങ്ങുക എന്നത് പ്രധാനമാണ്.

കീഴാള പുരുഷനെ (സവര്‍ണ) ഫെമിനിസം കൊണ്ട് വിമര്‍ശിച്ചും അയാളെ എല്ലാ അധികാരങ്ങളുടെയും കേന്ദ്രസ്ഥാനമായി നിര്‍വചിച്ചും അയാളെ കൂട്ടംചേര്‍ന്ന് അക്രമിക്കുന്ന, ബഹിഷ്‌കരിക്കണമെന്നും തെറ്റു ചെയ്താല്‍ അവരനുഭവിക്കണം എന്നൊക്കെ പറയുന്ന ഒരു ശിക്ഷിക്കല്‍ (punitive) പ്രക്രിയയുടെ ഭാഗമാകാന്‍ സവര്‍ണ വരേണ്യ സ്ഥാനങ്ങളുടെ പ്രിവിലേജ് ഉള്ള കീഴാള സ്ത്രീകള്‍ക്ക് മാത്രമേ തോന്നുകയുള്ളൂ.

ഞങ്ങളുടെ നേരെ നടന്ന വ്യക്തിപരമായ ആക്രമണങ്ങളില്‍, പലരും ആവര്‍ത്തിച്ചു പറഞ്ഞ (ശീതള്‍ എന്‍.എസ് തന്റെ ലേഖനത്തിലും പറയുന്ന) ചില കാര്യങ്ങളാണ്, ‘ഞങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ (safe zone) നില്‍ക്കുന്ന അക്കാദമീഷ്യന്‍മാരാണ്, ഞങ്ങള്‍ വെറുതെ സിദ്ധാന്തവല്‍ക്കരിക്കുകയാണ്, ഞങ്ങളുടേത് ആണ്‍ഭാഷയാണ്, അക്കാദമിക ലോകത്തു നിന്ന് ഞങ്ങള്‍ക്കിതൊന്നും പറയാന്‍ യാതൊരു അധികാരവുമില്ല’ എന്നൊക്കെ. ആവുന്നത്ര ലളിതമായും കഴിയുന്നത്ര ആളുകള്‍ക്ക് മനസ്സിലാകുന്ന രീതിയിലും എഴുതുന്നത് പ്രധാനമാണെന്ന് ഞങ്ങളും വിശ്വസിക്കുന്നുണ്ട്. എന്നാല്‍, ഇങ്ങനെയൊരു ലളിതമായ ഭാഷ ഉപയോഗിച്ചല്ല ഇവിടെ ആരും ലേഖനങ്ങള്‍ എഴുതുന്നതും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും. ഞങ്ങളുടെ ഭാഷയെ പ്രശ്‌നവല്‍കരിക്കുന്ന ശീതളും മറ്റു ദലിത് ബഹുജന്‍ സ്ത്രീകളും ഞങ്ങളുപയോഗിക്കുന്ന പോലെയുള്ള ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ പരിചയമില്ലാത്ത പലര്‍ക്കും നമ്മുടെയെല്ലാം ഭാഷ മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. തീര്‍ച്ചയായും ഇതിനെ കുറിച്ച് കൂടുതല്‍ ആലോചിക്കുന്നത് പ്രധാനമാണ്. പക്ഷേ, ഇങ്ങനെയൊരു എഴുത്തു ഭാഷ എല്ലാവരും ഉപയോഗിക്കുമ്പോള്‍, ഞങ്ങളുടെ ഭാഷ മാത്രമാണ് പ്രശ്‌നവല്‍കരിക്കപ്പെടുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വാസ്തവത്തില്‍, ഇപ്പോള്‍ ഓര്‍മ വരുന്നത്, ദലിത്പക്ഷ ചിന്തകള്‍ കേരളത്തില്‍ വന്നു തുടങ്ങിയ സമയത്ത്, ദലിത് എഴുത്തുകാരുടെ ‘ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത’ ഭാഷയെ കുറിച്ചുയര്‍ന്നു വന്ന ഉത്കണ്ഠകളാണ്. അതുവരെ സംസ്‌കൃതവല്‍കരിക്കപ്പെട്ട മലയാള ഭാഷക്കെതിരെ ഒന്നും തന്നെ മിണ്ടാത്തവര്‍, പെട്ടെന്ന് ചിലര്‍ അതു ചില പ്രത്യേക രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ ആകാംക്ഷപ്പെടുന്നത് ഭാഷ കാരണമല്ല എന്നത് വ്യക്തമാണ്.

വാസ്തവത്തില്‍, ഞങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ, ഞങ്ങള്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാന്‍ പോലും ശ്രമിക്കാതെ, ഇത്തരത്തില്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ കൊണ്ട്  നേരിടുന്നത് (സവര്‍ണ) ഫെമിനിസ്റ്റ് ഏകവചനങ്ങളുടെ ഏകാധിപത്യത്തെ നിലനിര്‍ത്താന്‍ വേണ്ടി തന്നെയാണ്.

അല്ലെങ്കില്‍, എന്തു ന്യായം ഉപയോഗിച്ചാണ്, ഈ വിഷയത്തില്‍ സംസാരിച്ച ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയെല്ലാവരും സര്‍വകലാശാലകളിലും അക്കാദമിക ലോകത്തും നില്‍ക്കുന്നവരായിരിക്കെ, റയാ സര്‍ക്കാറിന്റെ ലിസ്റ്റ് പോലും അക്കാദമിക ലോകത്തെ ലക്ഷ്യമിട്ടതായിരിക്കെ, ഞങ്ങളെ മാത്രം സുരക്ഷിത സ്ഥാനങ്ങളില്‍ നില്‍ക്കുന്ന അക്കാദമിസ്റ്റുകളായി ചിത്രീകരിക്കുന്നത്?!

മാത്രമല്ല, ഇന്ന് ഇന്ത്യന്‍ അക്കാദമിക ലോകത്ത്, ഇടതു ലിബറല്‍ പുരോഗമനപരതയോടും സവര്‍ണ ഫെമിനിസത്തോടും ചേര്‍ന്നു നില്‍ക്കുന്നതിലും വലുതായ ഒരു സുരക്ഷിത സ്ഥാനം വേറെയുണ്ടോ? ഇതിനെക്കാളുപരി, അധീശ ഫെമിനിസം ആഴത്തില്‍ വേരുകളാഴ്ത്തിയ അക്കാദമിക ലോകത്ത് ജാതി ഘടനകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഫെമിനിസത്തെ ചോദ്യം ചെയ്യുന്നവരുടെ മുന്നില്‍ എല്ലാ വാതിലുകളും അടയുകയാണ് ചെയ്യുന്നത് എന്ന വസ്തുത ആര്‍ക്കാണ് അറിയാത്തത്.

അതുപോലെ, ഞങ്ങള്‍ കീഴാള സ്ത്രീകളുടെ അനുഭവങ്ങളെ മനസ്സിലാക്കാതെ, വെറുതെ സിദ്ധാന്തവല്‍കരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് ശീതള്‍ (മറ്റു പലരെയും പോലെ) ഉണ്ടാക്കുന്ന അനുഭവം/സിദ്ധാന്തം എന്ന ബൈനറിയെ കുറിച്ചാലോചിക്കുക.

വാസ്തവത്തില്‍, സിദ്ധാന്തങ്ങള്‍ അനുഭവങ്ങളില്‍ നിന്നകന്നു നില്‍ക്കുന്ന ഒന്നാണോ? പ്രത്യേകിച്ചും സ്വന്തം കീഴ് ജാതി സ്ഥാനങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങളെ കുറിച്ചാവുമ്പോള്‍? മാത്രമല്ല, തങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട്, ഭാഷ, സംസ്‌കാരം, മതം, മതംമാറ്റം, ചരിത്രം, ഭരണകൂടം, ജാതി, ലിംഗഭേദം, രാഷ്ട്രീയം എന്നിങ്ങനെ എല്ലാ സംഗതികളെയും കുറിച്ച് തങ്ങളുടെ കീഴാള സ്ഥാനത്തു നിന്ന് സിദ്ധാന്തങ്ങളുണ്ടാക്കിയ അയോധി ദാസ് തൊട്ട് അംബേഡ്കര്‍ വരെയുള്ള ബഹുജന്‍ ചിന്തകരുടെ ഒരു സംസ്‌കാരത്തിനുള്ളിലാണ് നാം എല്ലാവരും നില്‍ക്കുന്നത്. ഇങ്ങനെയിരിക്കെ നമ്മളെന്തിനാണ് അനുഭവങ്ങളെ സിദ്ധാന്തങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തി കൊണ്ട് സിദ്ധാന്തവല്‍കരണത്തെ തരം താഴ്ത്തി കാണുന്നത്?

ദലിത് ബഹുജന്‍ പക്ഷത്തിന്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, എന്നും അനുഭവങ്ങള്‍ തുറന്നു പറയാനുള്ള ഒരു സ്ഥാനം പൊതുമണ്ഡലം അനുവദിച്ചു കൊടുക്കാറുണ്ട്. അക്കാദമിക ലോകത്തും ഇതുപോലെ അനുഭവങ്ങള്‍ പറയുന്നവര്‍ കീഴ്ജാതി ഗവേഷകരാവുമ്പോള്‍ അതിനെ സിദ്ധാന്തവല്‍കരിക്കാന്‍ മുന്നോട്ടു വരുന്നത് സവര്‍ണരാണ്. ഗോപാല്‍ ഗുരു ഇതിനെ ‘Empirical

Shudras, Theoretical Brahmins’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എല്ലാവരും empirical shudras ആയി തുടരണം എന്നാണോ ശീതളിനെ പോലെയുള്ളവര്‍ പറയുന്നത്. അതോ ഇടതുപക്ഷ ലിബറല്‍ സെക്കുലറിസത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരു (സവര്‍ണ) ഫെമിനിസ്റ്റ് സിദ്ധാന്തം മാത്രം മതി എന്നാണോ?

ചുരുക്കി പറഞ്ഞാല്‍, ഇവിടെ വന്‍ കോലാഹലമുണ്ടാക്കുകയും വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഫേസ്ബുക്ക് സിദ്ധാന്തവല്‍കരണങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്ത തുറന്നു പറച്ചിലുകളുടെ പശ്ചാത്തലത്തിലുയര്‍ന്നു വന്ന ചില വ്യവഹാരങ്ങളെയാണ് ഞങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചത്.

തുറന്നു പറച്ചിലുകളിലൂടെ ഉയര്‍ന്നുവന്ന പ്രശ്‌നകരമായ ഫെമിനിസ്റ്റ് ഏകവചനവാദം ദലിത് ബഹുജന്‍ സ്ത്രീ സ്ഥാനത്ത് നിന്നാണ് വരുന്നതെങ്കിലും അത് ഒരു വലിയ വിഭാഗം കീഴാള സ്ത്രീകള്‍ക്ക് ഉപകാരപ്രദമാകാന്‍ വഴിയില്ല എന്നാണ് ഞങ്ങള്‍ പറയാന്‍ ശ്രമിച്ചത്. തീര്‍ച്ചയായും, കീഴാളസ്ത്രീകളുടെ/സമുദായങ്ങളുടെ മേലെ, ആണ്‍കോയ്മയെ കുറിച്ചുള്ള (സവര്‍ണ/വെളുത്ത) ഫെമിനിസ്റ്റ് വാദങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് കൊണ്ട് സവര്‍ണര്‍ക്കല്ലാതെ വേറെയാര്‍ക്കും വലുതായൊന്നും നേടാനില്ല.

  • ശ്രീബിത പി വി, “സ്ത്രീയെ ഒറ്റക്കള്ളിയില്‍ ഒതുക്കിയും ജാതി മാറ്റി നിര്‍ത്തിയുമല്ല അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടത്”, അഴിമുഖം, 2016, https://goo.gl/DCFkuf
  • എം. സ്വാതി മാര്‍ഗരറ്റ്, ദലിത് ഫെമിനിസം, Insight, 2005, https://goo.gl/815JK4
  • അനു രാംദാസ്, My Man, Savari, 2012
Top