ഇൻഡ്യൻ ഫാസിസം ഒരു സവർണ പ്രതിവിപ്ലവമാണ്

ഇൻഡ്യയിൽ ഹിന്ദു ദേശീയതയ്ക്കു കൈവന്നിരിക്കുന്ന സമീപകാല വളർച്ച ജാതി ഉന്മൂലനത്തിനും സമത്വപൂർണമായ സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് ഒരു കനത്ത തിരിച്ചടി തന്നെയാണ്. ഈ തിരിച്ചടി ആകസ്മികമായി സംഭവിച്ച ഒന്നല്ല. ജനാധിപത്യത്തിന്റെ സമത്വാവകാശ സങ്കൽപനങ്ങൾക്കെതിരെയുള്ള മേൽജാതിക്കാരുടെ കലാപമായി ഹിന്ദു ദേശീയതയുടെ വളർച്ചയെ കാണാവുന്നതാണ്. ഷാങ് ദ്രെയ്‌സ് എഴുതുന്നു.

ഹിന്ദുത്വവും ജാതിയും

ഹിന്ദു ദേശീയവാദത്തിന്റെ അഥവാ “ഹിന്ദുത്വ”ത്തിന്റെ അടിസ്ഥാന ആശയങ്ങൾ മനസിലാക്കാൻ പ്രയാസമുള്ളവയല്ല. എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ (Essentials of Hindutva) എന്ന കൃതിയിൽ വി.ഡി.സവർക്കർ അവ വളരെ വ്യക്തമായി വിശദീകരിക്കുകയും, എം.എസ്.ഗോൾവാൾക്കറെ പോലെയുള്ള ആദ്യകാല ഹിന്ദുത്വ ചിന്തകൻമാർ അവ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇൻഡ്യ “ഹിന്ദുക്കളുടെ” ഭൂമിയാണ് എന്ന അടിസ്ഥാന ആശയം, മതകീയാടിസ്ഥാനത്തിലല്ല നിർവചിക്കപ്പെടുന്നത്. മറിച്ച് സിഖുകാരെയും ബുദ്ധമതക്കാരെയും ജൈനമതക്കാരെയും ഉൾക്കൊള്ളുകയും, മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും പുറന്തള്ളുകയും ചെയ്യുന്ന തരത്തിൽ (കാരണം ഈ മതങ്ങളുടെ ഉത്ഭവസ്ഥാനം മറ്റൊരിടത്താണ്) സാംസ്കാരിക തലത്തിലാണ് നിർവചിക്കപ്പെടുന്നത്. ഹിന്ദുക്കളെ ഒന്നിപ്പിക്കുക, ഹിന്ദു സമൂഹത്തെ പുനരുജ്ജീവിപ്പിക്കുക, ഇൻഡ്യയെ “ഹിന്ദു രാഷ്ട്രം” ആക്കുക എന്നതാണ് ഹിന്ദുത്വത്തിന്റെയുടെ ആത്യന്തിക ലക്ഷ്യം.

യുക്തിചിന്ത, സാമാന്യബുദ്ധി, ശാസ്ത്രീയ ജ്ഞാനം എന്നിവയ്ക്കു നിരയ്ക്കാത്ത വാദങ്ങളായിരുന്നു ഹിന്ദുത്വ ആശയങ്ങൾക്കു പിൻബലമേകാൻ വേണ്ടി മുന്നോട്ടുവെക്കപ്പെട്ടത്. ഉദാഹരണമായി, എല്ലാ ഹിന്ദുക്കളും ആര്യ വംശത്തിൽ പെട്ടവരാണെന്ന ഗോൾവാൾക്കറുടെ വാദമെടുക്കാം. ഈ വാദത്തിനെതിരെ ഇന്ന് നമ്മുടെ പക്കലുള്ള ശാസ്ത്രീയ തെളിവുമായി അന്ന് ഗോൾക്കവാൾക്കറിന് ഏറ്റുമുട്ടേണ്ടി വന്നില്ല, എന്നാൽ ആര്യൻമാർ ഇൻഡ്യയുടെ വടക്ക് എവിടെ നിന്നോ വന്നവരാണെന്ന കെട്ടുകഥയിൽ അദ്ദേഹം പിടിമുറുക്കി, വാസ്തവത്തിൽ ഉത്തരധ്രുവത്തിനടുത്തു നിന്നാണ് ആര്യൻമാരുടെ ഉത്ഭവം. ഉത്തരധ്രുവം ഒരുകാലത്ത് ഇൻഡ്യയിലായിരുന്നു സ്ഥിതി ചെയ്തിരുന്നത് എന്ന് വാദിച്ചു കൊണ്ടാണ് പ്രസ്തുത വാദത്തെ ഗോൾവാൾക്കർ കൈകാര്യം ചെയ്തത്.

“….ഉത്തരധ്രുവം ഒരു ഭാഗത്ത് സ്ഥിരമായി നിലകൊള്ളുന്നതല്ല, വളരെകാലങ്ങൾക്കു മുമ്പ് ഇന്ന് ബീഹാർ, ഒറീസ എന്നറിയപ്പെടുന്ന ഭൂപ്രദേശത്തായിരുന്നു അതു സ്ഥിതി ചെയ്തിരുന്നത്. പിന്നീടത് വടക്കുകിഴക്ക് ദിശയിലേക്കും ശേഷം പലസമയത്തായി പടിഞ്ഞാറോട്ടും വടക്കോട്ടും നീങ്ങിക്കൊണ്ട് ഇന്നു കാണുന്ന സ്ഥാനത്തെത്തുകയാണ് ഉണ്ടായത്. നാമെല്ലാവരും ആർട്ടിക് മേഖല വിട്ട് ഹിന്ദുസ്ഥാനിലേക്ക് വരികയോ അല്ലെങ്കിൽ നാം ഇവിടെ അവശേഷിക്കുകയും ആർട്ടിക് മേഖല അതിന്റെ വളഞ്ഞുപുളഞ്ഞുള്ള യാത്രയിൽ (Zigzag March) നമ്മെ ഉപേക്ഷിച്ച് നീങ്ങി മാറുകയോ ആണ് സംഭവിച്ചിരിക്കുന്നത്.” (ഗോൾവാൾക്കർ, 1939: പേജ് 8)

ഉത്തരധ്രുവത്തിന്റെ ഈ “വളഞ്ഞുപുളഞ്ഞുള്ള യാത്ര”ക്കിടയിൽ ആര്യൻമാർക്ക് ഇവിടെ തന്നെ തുടരാൻ എങ്ങനെ സാധിച്ചു എന്ന് ഗോൾവാൾക്കർ വിശദീകരിക്കുന്നില്ല. എല്ലാ ഹിന്ദുക്കളും “ഒരു ഭാഷ” പങ്കിടുന്നുവെന്ന വിചിത്രമായ വാദത്തിനു വേണ്ടി സമാനമായ തന്ത്രങ്ങളാണ് അദ്ദേഹം ഉപയോഗിച്ചത്.

എല്ലാ ഹിന്ദുക്കളെയും പരസ്പരം ബന്ധിപ്പിക്കുന്നതായി പറയപ്പെടുന്ന പൊതുസംസ്കാരവുമായി ബന്ധപ്പെട്ട പരമ്പരാഗത സാമൂഹിക ക്രമത്തെ പുനഃസ്ഥാപിക്കാനുള്ള ശ്രമമായും ഹിന്ദുത്വ പദ്ധതിയെ കാണാൻ കഴിയും. ഈ സാമൂഹിക ക്രമത്തിന്റെ ഒരു അവിഭാജ്യഘടകമാണ് സമൂഹത്തെ നാലു ശ്രേണികളായി വിഭജിക്കുന്ന ജാതി വ്യവസ്ഥ, അഥവാ വർണാശ്രമ വ്യവസ്ഥ.

ഉദാഹരണത്തിന്, നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു എന്ന കൃതിയിൽ ഗോൾവാൾക്കർ വ്യക്തമായി പറയുന്നുണ്ട്, “വർണങ്ങളും ആശ്രമങ്ങളുമാണ് ഹിന്ദു സാമൂഹിക ചട്ടക്കൂടിന്റെ പ്രധാന സവിശേഷത” (ഗോൾവാൾക്കർ, 1939: പേജ് 54). ഹിന്ദുത്വയുടെ അടിസ്ഥാന സാഹിത്യങ്ങളിൽ ഒന്നായ വിചാരധാരയിൽ ഇത് കുറച്ചുകൂടി വിശദീകരിച്ചിട്ടുണ്ട്, വർണാശ്രമ വ്യവസ്ഥയെ “സ്വരച്ചേർച്ചയുള്ള ഒരു സാമൂഹിക ക്രമ”ത്തിന്റെ അടിസ്ഥാനമായി വാഴ്ത്തുന്നുണ്ട് ഗോൾവാൾക്കർ. മറ്റു പല ജാതി വക്താക്കളെയും പോലെ, വർണാശ്രമ വ്യവസ്ഥ അധികാരശ്രേണിപരമല്ലെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്, എന്നാലത് അപ്രസക്തമായ ഒരു വാദം മാത്രമാണ്.

എം.എസ്.ഗോൾവാൾക്കർ

ഗോൾവാൾക്കർക്കും മറ്റു ഹിന്ദുത്വ സൈദ്ധാന്തികർക്കും ജാതിയുമായി യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. “ജാതിവാദം” (casteism) എന്ന് ചിലർ വിശേഷിപ്പിക്കുന്നതുമായാണ് അവർക്കു പ്രശ്നമുണ്ടായിരുന്നത്. ഹിന്ദുത്വരുടെ ഭാഷയിൽ ജാതിവാദം എന്ന വാക്ക് ജാതി വിവേചനത്തെ വ്യക്തമായി കുറിക്കുന്ന ഒന്നല്ല (“റേസിസം” എന്ന പദം വംശീയ വിവേചനത്തെ കുറിക്കുന്നതു പോലെ). മറിച്ച്, ദലിതർ സ്വയം പ്രഖ്യാപിക്കുകയും സംവരണാവകാശം ഉന്നയിക്കുകയും ചെയ്യുന്നതു പോലെയുള്ള വിവിധ തരം ജാതി സംഘട്ടനങ്ങളെയാണ് അതു സൂചിപ്പിക്കുന്നത്. അതാണ് ഹിന്ദുത്വവാദികളെ സംബന്ധിച്ചിടത്തോളം ജാതിവാദം; കാരണം അത് ഹിന്ദു സമൂഹത്തെ വിഭജിക്കുന്നതാണ്.

ഹിന്ദു ദേശീയവാദത്തിന്റെ ഇന്നത്തെ ദീപവാഹകരായ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്), ഈ അടിസ്ഥാന ആശയങ്ങളോട് അങ്ങേയറ്റത്തെ കൂറും വിശ്വാസവും പുലർത്തുന്നവരാണ്. ജാതി “നമ്മുടെ രാജ്യത്തിന്റെ നിർമാണശക്തിയുടെ ഭാഗമാണ്” എന്നതിൽ തന്നെയാണ് ജാതിയുമായി ബന്ധപ്പെട്ട അവരുടെ കാഴ്ചപ്പാട് നിലനിൽക്കുന്നത്. ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് അടുത്തിടെ ഇൻഡ്യൻ എക്സ്പ്രസിനോട് (മാധവ്, 2017) പറഞ്ഞതുപോലെ, യഥാർഥ പ്രശ്നം ജാതിയല്ല, ജാതിവാദമാണ്.

മൂന്നു വർഷങ്ങൾക്കു മുൻപ് എൻഡിടിവിക്കു നൽകിയ ഒരു അഭിമുഖത്തിൽ, ഉത്തർപ്രദേശിലെ ബിജെപി സർക്കാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത നൽകുന്ന ഒരു പ്രസ്താവന നടത്തിയിരുന്നു. ഗോൾവാൾക്കറെ പോലെ തന്നെ, “സമൂഹത്തെ ചിട്ടയായ രൂപത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു രീതിയാണ് ജാതി” എന്ന് അദ്ദേഹം വിശദീകരിച്ചു. “കൃഷിയിടങ്ങളിൽ അടുക്കും ചിട്ടയും നിലനിർത്താൻ ഉഴവുചാലുകൾ വഹിക്കുന്ന അതേ ധർമമാണ് ഹിന്ദു സമൂഹത്തിൽ ജാതി വഹിക്കുന്നത്, ജാതികൾ നല്ലതിനാവാം, പക്ഷേ ജാതിവാദം നല്ലതല്ല..” അദ്ദേഹം പറഞ്ഞു.

മറ്റൊരു കോണിൽ നിന്നും ഈ വിഷയത്തെ നോക്കിയാൽ, ഹിന്ദുത്വ സൈദ്ധാന്തികർ ഒരു അടിസ്ഥാന പ്രശ്നത്തെ അഭിമുഖീകരിക്കുന്നതായി കാണാം: ജാതിയാൽ വിഭജിക്കപ്പെട്ട ഒരു സമൂഹത്തെ എങ്ങനെ “ഏകീകരിക്കാൻ” കഴിയും? ഭിന്നിപ്പിക്കുന്ന സ്ഥാപനം എന്നതിനു പകരം ഒന്നിപ്പിക്കുന്ന സ്ഥാപനമായി ജാതിയെ ഉയർത്തിക്കാട്ടുക എന്നതാണ് അതിനുള്ള ഉത്തരം. ഈ ആശയം തീർച്ചയായും പിന്നോക്ക വിഭാഗ ജാതികളെ ആകർഷിക്കാൻ സാധ്യതയില്ല, അതുകൊണ്ടായിരിക്കാം, യോഗി ആദിത്യനാഥ് തന്റെ അഭിമുഖത്തിൽ പറഞ്ഞതുപോലെ, അത് അപൂർവ്വമായി മാത്രം പരസ്യമായി തുറന്നുപറയുന്നത്. പൊതുവേ, ജാതി വ്യവസ്ഥയെ കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് ഹിന്ദുത്വ നേതാക്കൾ വിട്ടുനിൽക്കാറാണ് പതിവ്, എന്നാൽ ഈ നിശബ്ദതയിൽ ഒരു മൗനാനുവാദം ഒളിഞ്ഞിരിപ്പുണ്ട്.

തൊട്ടുകൂടായ്മക്കെതിരെ സംസാരിക്കുകയോ അല്ലെങ്കിൽ പ്രവർത്തിക്കുകയോ ചെയ്യുന്നു എന്ന കാരണത്താൽ തങ്ങൾ ജാതിവ്യവസ്ഥയെ എതിർക്കുന്നവരാണ് എന്ന ധാരണ ചില സമയങ്ങളിൽ ഹിന്ദുത്വ നേതാക്കൾ സൃഷ്ടിക്കാറുണ്ട്. സവർക്കർ തൊട്ടുകൂടായ്മക്ക് എതിരായിരുന്നു, മഹാരാഷ്ട്രയിലെ മഹദ് എന്ന പ്രദേശത്ത് പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി അംബേഡ്കറുടെ നേതൃത്വത്തിൽ ദലിതർ നടത്തിയ മഹദ് സത്യാഗ്രഹത്തെ സവർക്കർ പിന്തുണച്ചിരുന്നു (സെല്ല്യട്ട്, 2013: പേജ് 80). എന്നാൽ തൊട്ടുകൂടായ്മയെ എതിർക്കുന്നത് ജാതിവ്യവസ്ഥയെ എതിർക്കുന്നതിനു തുല്യമല്ല. തൊട്ടുകൂടായ്മയെ എതിർക്കുന്നതിനോടൊപ്പം ജാതിവ്യവസ്ഥയെ സംരക്ഷിക്കുന്ന നീണ്ട പാരമ്പര്യം ഉയർന്ന ജാതിക്കാർക്കുണ്ട്, ജാതിവ്യവസ്ഥയുടെ ഒരു സമീപകാല വൈകൃതമെന്ന നിലയിലാണ് തൊട്ടുകൂടായ്മയെ അവർ എല്ലായ്പ്പോഴും തള്ളിക്കളയാറുള്ളത്.

അസ്ഥിരപ്പെടുന്ന അധികാരം

സവർണരെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വ പദ്ധതി നല്ല കാര്യമാണ്, കാരണം അവരെ മേൽത്തട്ടിൽ സ്ഥാപിക്കുന്ന പരമ്പരാഗത സാമൂഹിക ക്രമത്തിന്റെ പുനസ്ഥാപനത്തിനു വേണ്ടിയാണ് അതു ഫലപ്രദമായി നിലകൊള്ളുന്നത്. സവർണർക്കിടയിൽ പ്രത്യേകിച്ച് ജനപ്രീതിയുള്ള സംഘടനയാണ് ആർഎസ്എസ്. അതിന്റെ സ്ഥാപകർ എല്ലാവരും ബ്രാഹ്മണരായിരുന്നു, അതുപോലെ ഒരാളൊഴിച്ച് (രാജേന്ദ്ര സിങ് രജപുത്രനായിരുന്നു) ബാക്കിയുള്ള ആർഎസ്എസ് സർസംഘചാലകൻമാരെല്ലാം ബ്രാഹ്മണരാണ്.

സവർക്കർ, ഹെഡ്ഗേവാർ, ഗോൾവാൾക്കർ, നാഥുറാം ഗോഡ്സെ, ശ്യാമ പ്രസാദ് മുഖർജി, ദീൻ ദയാൽ ഉപാധ്യായ, മോഹൻ ഭഗവത്, രാം മാധവ് തുടങ്ങി ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ മറ്റു പല പ്രമുഖരും ബ്രാഹ്മണരാണ്. കാലക്രമേണ, സവർണ ജാതികൾക്കപ്പുറത്തേക്കും ആർഎസ്എസ് അതിന്റെ സ്വാധീനം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും, സവർണർ തന്നെയാണ് അവരുടെ ഏറ്റവും വിശ്വസ്തവും വിശ്വസനീയവുമായ അടിത്തറയായി തുടരുന്നത്. വാസ്തവത്തിൽ, സവർണരെ സംബന്ധിച്ചിടത്തോളം ഒരു രക്ഷാബോട്ടായി ഹിന്ദുത്വ മാറി, കാരണം സ്വാതന്ത്ര്യാനന്തരം അവരുടെ മേധാവിത്വം അപകടത്തിലായിരുന്നു.

പൊതുവേ, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ തങ്ങളുടെ അധികാരവും പദവികളും നിലനിർത്താൻ തീർച്ചയായും സവർണർക്കു സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അലഹബാദ് നഗരത്തിലെ (യൂണിവേഴ്സിറ്റി ഫാക്കൽറ്റി, ബാർ അസോസിയേഷൻ, പ്രസ് ക്ലബ്, ഉന്നത പോലീസ് പദവികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, എൻജിഓ തലവൻമാർ തുടങ്ങി മറ്റുപല) “അധികാര സ്വാധീന പദവി”കളുമായി ബന്ധപ്പെട്ട് 2015ൽ നടത്തിയ ഒരു സർവേയിൽ, “അധികാര സ്വാധീന പദവി”കളിൽ 75 ശതമാനവും ഉയർന്ന ജാതിക്കാർ കൈയ്യടക്കി വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു, ഉത്തർപ്രദേശിലെ ജനസംഖ്യയിൽ ഉയർന്ന ജാതിക്കാരുടെ പങ്ക് കേവലം 16 ശതമാനത്തോളം മാത്രമാണ്. അധികാര സ്വാധീന പദവികളിൽ പകുതിയോളം ബ്രാഹ്മണരും കായസ്തരും ഒറ്റയ്ക്കാണ് കൈയ്യാളുന്നത്. ഈ അസമത്വം, സർക്കാർ മേഖലയെ അപേക്ഷിച്ച് ട്രേഡ് യൂണിയനുകൾ, എൻജിഓകൾ, പ്രസ് ക്ലബ് എന്നിവ പോലുള്ള പൗര സ്ഥാപനങ്ങൾക്കിടയിൽ കൂടുതൽ പ്രകടമായിരുന്നു. അലഹബാദ് ഉദാഹരണം കൂട്ടത്തിൽ ഒന്നു മാത്രമാണ്; മീഡിയ ഹൗസുകൾ, കോർപറേറ്റ് ബോർഡുകൾ, ക്രിക്കറ്റ് ടീമുകൾ, ഉന്നത തല ഭരണ പദവികൾ തുടങ്ങി വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിലനിൽക്കുന്ന സമാനമായ മേൽജാതി ആധിപത്യ മാതൃകകൾ മറ്റനേകം പഠനങ്ങളിലൂടെ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്.

എന്നിരുന്നാലും, മേൽജാതിക്കപ്പലിൽ പല വശങ്ങളിൽ നിന്നായി വെള്ളംക്കയറി തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ- വിദ്യാഭ്യാസ രംഗം മേൽജാതിക്കാരുടെ കുത്തകയായിരുന്നു. സാക്ഷരത ബ്രാഹ്മണ പുരുഷൻമാർക്കിടയിലെ ഒരു അളവുകോലായിരുന്നു. ദലിതർക്കിടയിൽ ഫലത്തിൽ സാക്ഷരത ഇല്ലായിരുന്നു. ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥയിൽ അസമത്വവും വിവേചനവും തീർച്ചയായും നിലനിൽക്കുന്നുണ്ട്, എന്നാൽ സർക്കാർ സ്കൂളുകളിൽ ദലിത് കുട്ടികൾക്ക് കുറഞ്ഞ പക്ഷം ഉയർന്ന ജാതിക്കാരുടെ അതേ പദവി അവകാശപ്പെടാൻ സാധിക്കും. എല്ലാ ജാതിയിലെയും കുട്ടികൾ ഒരേ ഉച്ചഭക്ഷണമാണ് കഴിക്കുന്നത്, പല ഉയർന്ന ജാതി മാതാപിതാക്കൾക്കും അംഗീകരിക്കാൻ കഴിയാത്ത ഒരു സംരംഭമായിരുന്നു അത് (ദ്രെയ്‌സ്, 2017). പല സംസ്ഥാനങ്ങളിലും അടുത്തിടെ ഉച്ച ഭക്ഷണത്തിന്റെ കൂടെ കോഴിമുട്ടകൾ നൽകി തുടങ്ങിയത് ഉയർന്നജാതി സസ്യാഹാരികൾക്കിടയിൽ വലിയ പ്രക്ഷോഭത്തിനു കാരണമായിരുന്നു. അക്കൂട്ടരുടെ സ്വാധീനത്തിന്റെ ഫലമായി, ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും ഇന്നുവരെ സ്കൂൾ ഭക്ഷണങ്ങളിൽ കോഴിമുട്ട ഉൾപ്പെടുത്താൻ തയ്യാറായിട്ടില്ല. 

ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്

മേൽജാതിക്കാർക്ക് തങ്ങളുടെ അധികാരവും പദവിയും മറ്റുള്ളവരുമായി ഒരു പരിധിവരെ പങ്കുവെക്കേണ്ടി വന്ന പൊതുജീവിത മേഖലയുടെ ഒരു ഉദാഹരണം മാത്രമാണ് വിദ്യാഭ്യാസ രംഗം. തെരഞ്ഞെടുപ്പാണ് മറ്റൊരു ഉദാഹരണം, ഡോ.അംബേഡ്കർ പറഞ്ഞുവെച്ചതുപോലെ, “പ്രായപൂർത്തി വോട്ടവകാശവും പതിവു തെരഞ്ഞെടുപ്പുകളും ഭരണവർഗത്തെ അധികാരത്തിന്റെയും ശക്തിയുടെയും പദവികളിൽ എത്തുന്നതിൽ നിന്നും തടയുന്നില്ല” (അംബേഡ്കർ, 1945: പേജ് 208). ലോകസഭയിൽ ഉയർന്ന ജാതിക്കാർക്ക് ഒരു പരിധിവരെ അതിപ്രാതിനിധ്യം ഉണ്ടായിരിക്കാം, എന്നാൽ സമൂഹത്തിന്റെ അധികാര സ്വാധീന പദവികളിലെ ഉയർന്ന ജാതിക്കാരുടെ വിപുലമായ ആധിപത്യത്തിനു വിപരീതമായി, ലോകസഭയിലെ അവരുടെ പങ്ക് 29 ശതമാനമാണ് (ത്രിവേദി, 2019). പഞ്ചായത്തി രാജ് സ്ഥാപനങ്ങളും സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കു വേണ്ടിയുള്ള സീറ്റുകളുടെ സംവരണവും രാഷ്ട്രീയ വ്യവഹാരങ്ങളിലെ മേൽജാതികളുടെ സ്വാധീനം ദുർബലമാക്കി. അതുപോലെ, നിയമത്തിനു മുന്നിൽ എല്ലാവരും സമൻമാർ എന്ന തത്വം ഇപ്പോഴും സാക്ഷാൽക്കരിക്കപ്പെടുന്നില്ലെങ്കിലും, ഉയർന്ന ജാതിക്കാരുടെ അനിയന്ത്രിതമായ അധികാരത്തെ (ഉദാഹരണത്തിന്, ഭൂമി കയ്യേറ്റം, അടിമപ്പണി, തൊട്ടുകൂടായ്മ തുടങ്ങിയവയെ) കാലാകാലങ്ങളിലായി നീതിന്യായ വ്യവസ്ഥ നിയന്ത്രിച്ചു.

ചില സാമ്പത്തിക മാറ്റങ്ങളും ഗ്രാമീണ മേഖലയിലെങ്കിലും മേൽജാതികളുടെ മേധാവിത്വത്തെ ദുർബലപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ്, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുറാദാബാദ് ജില്ലയിലെ പാലൻപൂർ എന്ന ഗ്രാമത്തിൽ, ഈ പ്രക്രിയയുടെ ശ്രദ്ധേയമായ ഒരു ഉദാഹരണം നേരിട്ടു കാണാൻ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. അത്യാവശ്യം പഠിച്ചിട്ടുള്ള പാലൻപൂരിലെ വിദ്യാസമ്പന്നരിൽ ഒരാളായ മൻസിങിനോട് (പേര് യഥാർഥമല്ല) ഗ്രാമത്തിലെ സമീപകാല സാമ്പത്തിക, സാമൂഹിക മാറ്റത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്താൻ ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ, ഇതാണ് അദ്ദേഹം എഴുതിയത് (1983ന്റെ അവസാനത്തിലാണ് ഇത് നടക്കുന്നത്):

“താഴ്ന്ന ജാതിക്കാർ ഉയർന്ന ജാതിക്കാരേക്കാൾ മികച്ച ജീവിതം നയിക്കുന്നുണ്ട്. അതിനാൽ ഉയർന്ന ജാതിക്കാരുടെ മനസിൽ താഴ്ന്ന ജാതിക്കാരോട് വലിയ അസൂയയും വിദ്വേഷവും ഉടലെടുത്തിട്ടുണ്ട്.

താഴ്ന്ന ജാതിക്കാരിൽ വിദ്യാഭ്യാസത്തിന്റെ അനുപാതം വളരെ വേഗത്തിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്.

മൊത്തത്തിൽ, താഴ്ന്ന ജാതിക്കാർ ഉയരുകയും ഉയർന്ന ജാതിക്കാർ താഴുകയും ചെയ്യുന്നുവെന്ന് നമുക്കു പറയാൻ സാധിക്കും; ആധുനിക സമൂഹത്തിൽ ഉയർന്ന ജാതിക്കാരേക്കാൾ താഴ്ന്ന ജാതിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായിരിക്കാം ഇതിനു കാരണം.”

“താഴ്ന്ന ജാതിക്കാർ” എന്നതു കൊണ്ട് മൻസിങ് ദലിതരെയല്ല, മറിച്ച് സ്വന്തം ജാതിയായ മൗര്യകളെയാണ് (ഉത്തർപ്രദേശിലെ പിന്നോക്ക വിഭാഗങ്ങളിൽ ഒന്ന്) അർഥമാക്കുന്നത് എന്ന് അൽപം കഴിഞ്ഞാണ് എനിക്കു മനസിലായത്. ഈ സൂചനയിലൂടെ, അദ്ദേഹം എഴുതിയത് കൂടുതൽ വ്യക്തമാവുകയും അതു ഞങ്ങളുടെ കണ്ടെത്തലുകളുമായി പൊരുത്തപ്പെടുന്നതുമായിരുന്നു: കാർഷികവൃത്തി ചെയ്യുന്ന മൗര്യ ജാതിക്കാർ, സമീന്ദാരി വ്യവസ്ഥ നിർത്തലാക്കുകയും ഹരിത വിപ്ലവം ആരംഭിക്കുകയും ചെയ്തതിനു ശേഷം ക്രമാനുഗതമായി – ഉയർന്ന ജാതിക്കാരായ ഠാക്കൂറുകളേക്കാൾ – അഭിവൃദ്ധി പ്രാപിച്ചു. നിഷ്ക്രിയ ഭൂവുടമകളുടെ പുറംമോടി നിലനിർത്താൻ താക്കൂറുകൾ (പരമ്പരാഗതമായി അവർ കലപ്പ തൊടേണ്ടതില്ല) പാടുപെടുന്നതിനിടയിൽ, മൗര്യകൾ ഒന്നിലധികം വിളവെടുപ്പ് നടത്തുകയും കുഴൽക്കിണറുകൾ സ്ഥാപിക്കുകയും – മൻസിങ് സൂചിപ്പിച്ചത് പോലെ – കൂടുതൽ ഭൂമി വാങ്ങുകയും വിദ്യാഭ്യാസ കാര്യങ്ങളിൽ ഠാക്കൂറുകൾക്കൊപ്പം എത്തുകയും ചെയ്തു. ഠാക്കൂറുകൾ അവരുടെ നീരസം മറച്ചുവെച്ചില്ല.

പാലൻപൂർ ഒരു ഗ്രാമം മാത്രമാണ്, ഗ്രാമങ്ങളുമായി ബന്ധപ്പെട്ട എണ്ണമറ്റ പഠനങ്ങളിൽ സമാന മാതൃകകൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്. മേൽജാതികളുടെ ആപേക്ഷിക സാമ്പത്തിക തകർച്ച സ്വാതന്ത്ര്യാനന്തര ഗ്രാമീണ ഇൻഡ്യയിലെ ഒരു സാർവത്രിക പ്രതിഭാസമാണ് എന്നല്ല ഞാൻ സൂചിപ്പിക്കുന്നത്, മറിച്ച് ചുരുങ്ങിയ പക്ഷം അതൊരു പൊതു പ്രവണതയാണെന്ന് തോന്നുന്നു.

ചുരുക്കത്തിൽ, സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിന്റെ പല വശങ്ങളും ഇപ്പോഴും സവർണരുടെ നിയന്ത്രണത്തിനു കീഴിൽ തന്നെയാണെങ്കിലും, ചില കാര്യങ്ങളിൽ അവരുടെ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നുണ്ട്, അല്ലെങ്കിൽ മണ്ണൊലിച്ചു പോകുമെന്ന ഭീതിയിലാണ്. പ്രവിലേജ് നഷ്ടപ്പെടുന്നത് താരതമ്യേന ചെറിയ കാര്യമാണെങ്കിലും, അതൊരു വലിയ നഷ്ടമായി തന്നെ കണക്കാക്കാം.

തിരിച്ചടി

കഴിഞ്ഞ ദശകങ്ങളിൽ സവർണ പ്രിവിലേജ് നേരിട്ടിട്ടുള്ള വെല്ലുവിളികളെല്ലാം എടുത്താൽ, വിദ്യാഭ്യാസ രംഗത്തും സർക്കാർ ഉദ്യോഗത്തിലും സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് ഒരുപക്ഷേ സവർണരിൽ നിന്നും കടുത്ത എതിർപ്പുണ്ടായതെന്ന് കാണാം. സംവരണ നയങ്ങൾ ഉയർന്ന ജാതിക്കാരുടെ വിദ്യാഭ്യാസ രംഗത്തെയും തൊഴിൽ രംഗത്തെയും അവസരങ്ങൾ യഥാർഥത്തിൽ എത്രത്തോളം ഇല്ലാതാക്കിയിട്ടുണ്ട് എന്ന് വ്യക്തമല്ല – സംവരണ ചട്ടങ്ങൾ പൂർണമായും നടപ്പാക്കപ്പെടുന്നില്ല, അവ പ്രധാനമായും പൊതുമേഖലയിലാണ് നടപ്പാക്കപ്പെടുന്നത്. പ്രസ്തുത നയങ്ങൾ ഉയർന്ന ജാതിക്കാർക്കിടയിൽ, “അവരുടെ” തൊഴിലവസരങ്ങളും ബിരുദങ്ങളും പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾ (ഒബിസി) തട്ടിയെടുക്കുന്നു എന്ന പൊതുധാരണ സൃഷ്ടിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല.

അതു സംഭവിക്കുമ്പോൾ തന്നെ, 1990ൽ, ഒബിസി വിഭാഗങ്ങൾക്കു വേണ്ടിയുള്ള സംവരണം സംബന്ധിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ വി.പി.സിങ് സർക്കാർ പ്രതിജ്ഞാബദ്ധരായതോടെ ബിജെപി ഉണർന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കുക മാത്രമല്ല (ഉയർന്ന ജാതിക്കാർ പ്രകോപിതരായിരുന്നു), ഇൻഡ്യയിലെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ഒബിസി വിഭാഗങ്ങളെ ബിജെപിയിൽ നിന്ന് അകറ്റുകയും ചെയ്യുമെന്ന ഭീതി ഉടലെടുത്തു. അയോധ്യയിലേക്കുള്ള എൽ.കെ.അദ്വാനിയുടെ രഥയാത്രയും, അതിനെ തുടർന്നുണ്ടായ (1992 ഡിസംബർ 6ന് നടന്ന ബാബരി മസ്ജിദ് ധ്വംസനം അടക്കമുള്ള) സംഭവവികാസങ്ങളും, “ജാതിവാദം” എന്ന ഭീഷണി ഒഴിവാക്കാനും ബിജെപിയുടെയും ഉയർന്ന ജാതിക്കാരുടെയും നേതൃത്വത്തിൽ ഒരു മുസ്‌ലിം വിരുദ്ധ പ്ലാറ്റ്ഫോമിൽ ഹിന്ദുക്കളെ വീണ്ടും ഒന്നിപ്പിക്കാനും സഹായിച്ചു.

തങ്ങളുടെ പ്രിവിലേജിനെതിരെയുള്ള ഭീഷണിയെ പ്രതിരോധിക്കാനും ഹിന്ദു സമൂഹത്തിനു മേലുള്ള തങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിക്കാനും ഹിന്ദുത്വം ഉയർന്ന ജാതിക്കാരെ പ്രാപ്തരാക്കിയതിന്റെ ശ്രദ്ധേയമായ ഒരു ഉദാഹരണമാണിത്. ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ ഇന്നത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണിത്.

മുസ്‌ലിംകൾ മാത്രമല്ല, മറിച്ച് ക്രിസ്ത്യാനികൾ, ദലിതർ, ആദിവാസികൾ, കമ്യൂണിസ്റ്റുകൾ, മതേതരവാദികൾ, യുക്തിവാദികൾ, ഫെമിനിസ്റ്റുകൾ എന്നിവരെല്ലാം തന്നെ ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ ശത്രുപട്ടികയിൽ ഉള്ളവരാണ്. ചുരുക്കത്തിൽ, ബ്രാഹ്മണിക്കൽ സമൂഹിക ക്രമത്തിന്റെ പുനരുദ്ധാരണ വഴിയിൽ തടസമായി നിൽക്കുന്ന, തടസമായി നിൽക്കാൻ സാധ്യതയുള്ള എല്ലാവരും ഹിന്ദുത്വത്തെ സംബന്ധിച്ച് ശത്രുക്കളാണ്. ഇതിനെ ഒരു ഭൂരിപക്ഷ പ്രസ്ഥാനം എന്ന് വിളിക്കാറുണ്ടെങ്കിലും, ഹിന്ദുത്വയെ ഒരു മർദ്ദക ന്യൂനപക്ഷ പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം.

ഹിന്ദുത്വ പ്രസ്ഥാനത്തെ സംബന്ധിച്ച ഈ വ്യാഖ്യാനത്തെ ഖണ്ഡിച്ചു കൊണ്ട് (അല്ലെങ്കിൽ, സമീപകാലത്തെ അതിന്റെ അതിവേഗ വളർച്ച ചൂണ്ടിക്കാട്ടി കൊണ്ട്) ഉയർന്നുവന്നേക്കാവുന്ന ഒരു എതിർവാദം, ഒരുപാട് ദലിതർ അതിനെ പിന്തുണയ്ക്കുന്നുണ്ട് എന്നതാണ്. ഈ എതിർവാദത്തെ എളുപ്പം ഖണ്ഡിക്കാം. ഒന്നാമതായി, ഒരുപാട് ദലിതർ ആർഎസ്എസ്സിനെ അല്ലെങ്കിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്നത് സംശയമാണ്. 2019ലെ തെരഞ്ഞെടുപ്പിൽ പലരും ബിജെപിക്കു വോട്ടു ചെയ്തു, എന്നാൽ ഹിന്ദുത്വ പിന്തുണയ്ക്കുന്നതും ബിജെപിക്കു വോട്ടു ചെയ്യുന്നതും ഒന്നല്ല – ബിജെപിക്കു വോട്ടു ചെയ്യാൻ നിരവധി കാരണങ്ങളുണ്ട്. രണ്ടാമതായി, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പോലും ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ ചില വശങ്ങൾ ദലിതരെ ആകർഷിച്ചേക്കാം. ഉദാഹരണത്തിന്, പിന്നോക്ക വിഭാഗങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള സ്കൂളുകളുടെയും മറ്റു തരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളുടെയും വിപുലമായ ശൃംഖല ആർഎസ്എസ്സിനുണ്ട്. മൂന്നാമതായി, സാമൂഹ്യപ്രവർത്തനങ്ങളിലൂടെ മാത്രമല്ല, ഡോ.അംബേഡ്കറെ തങ്ങളുടെ ആളാക്കി മാറ്റുന്നതിൽ തുടങ്ങി, വിവിധ തരത്തിലുള്ള പ്രചാരണങ്ങളിലൂടെയും ദലിതരുടെ പിന്തുണ നേടിയെടുക്കാൻ ആർഎസ്എസ് പ്രത്യേക ശ്രമങ്ങങ്ങൾ നടത്തിയിരുന്നു. വസ്തുനിഷ്ഠമായി പറഞ്ഞാൽ, ഹിന്ദുത്വവും ഡോ.അംബേഡ്കറും തമ്മിൽ ചേരാവുന്ന യാതൊരുവിധ സാധ്യതയുമില്ലെങ്കിലും, ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അംബേഡ്കർക്കു മേൽ പതിവായി ആർഎസ്എസ് അവകാശവാദമുന്നയിക്കുന്നുണ്ട്.

ഷാങ് ദ്രെയ്‌സ്

അവസാനമായി, ജാതിയുടെ ഉന്മൂലനത്തിനു വേണ്ടി ഹിന്ദുത്വം നിലകൊള്ളുന്നില്ലെങ്കിൽ പോലും, ജാതിയെ സംബന്ധിച്ച അതിന്റെ വീക്ഷണവും പ്രയോഗവും ഇന്ന് കാണുന്ന പോലെ, ജാതി വ്യവസ്ഥയേക്കാൾ അടിച്ചമർത്തൽ സ്വഭാവം കുറഞ്ഞതാണെന്ന് വാദിക്കാവുന്നതാണ്. സമൂഹത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മികച്ച പരിഗണന ആർഎസ്എസ്സിൽ ലഭിക്കുന്നുണ്ടെന്ന് ദലിതരിൽ ചിലർക്കു അനുഭവപ്പെടുന്നുണ്ടാകാം. ഒരു ആർഎസ്എസ് അനുഭാവി പറയുന്നതു പോലെ: “ഹിന്ദുത്വവും ഒരു പൊതു ഹിന്ദു സ്വത്വം എന്ന വാഗ്ദാനവും ഒരു വലിയ വിഭാഗം ദലിത്, ഒബിസി ജാതികളെ എല്ലായ്പ്പോഴും ആകർഷിച്ചിരുന്നു, കാരണം ഒരു ദുർബല ജാതിയുടെ ഇടുങ്ങിയ സ്വത്വത്തിൽ നിന്ന് അവരെ മോചിപ്പിക്കുമെന്നും, ശക്തമായ ഒരു ഹിന്ദു സമൂഹത്തിലേക്ക് അവരെ ഉൾപ്പെടുത്തുമെന്നും അത് വാഗ്ദാനം ചെയ്യുന്നുണ്ട്” (സിങ്, 2019).

നേരത്തെ സൂചിപ്പിച്ചതു പോലെ, ഹിന്ദു ദേശീയവാദത്തിന്റെ ഉയർച്ചയെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയവുമായി കൂട്ടിക്കുഴക്കരുത്. എന്നിരുന്നാലും, 2019 തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തകർപ്പൻ വിജയം ആർഎസ്എസ്സിനെ സംബന്ധിച്ചും വലിയ വിജയം തന്നെയാണ്. സർക്കാറിലെ ഉന്നത പദവികളിൽ ഭൂരിഭാഗവും (പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കർ, പ്രധാന മന്ത്രിപദവികൾ, ഗവർണർ പദവികൾ മുതലായവ) ഇപ്പോൾ ഹിന്ദു ദേശീയവാദ പ്രത്യയശാസ്ത്രത്തോട് ശക്തമായ കൂറുപുലർത്തുന്ന ആർഎസ്എസ് അംഗങ്ങളുടെയോ മുൻ അംഗങ്ങളുടെയോ കൈകളിലാണ്. ജനാധിപത്യത്തിനെതിരായ സവർണരുടെ നിശബ്ദ കലാപം ഇപ്പോൾ ജനാധിപത്യ സ്ഥാപനങ്ങൾക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന്റെ രൂപമാണ് സ്വീകരിക്കുന്നത്, അഭിപ്രായപ്രകടനം നടത്താനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യത്തെ കടന്നാക്രമിച്ചു കൊണ്ടാണ് അതിന്റെ തുടക്കം. ജനാധിപത്യത്തിന്റെ പിൻവാങ്ങലും ജാതിയുടെ നിലനിൽപ്പും പരസ്പരം ശക്തിപ്പെടുത്തുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

വിവർത്തനം: മുഹമ്മദ് ഇർഷാദ്

അവലംബം: ദി ഇൻഡ്യാ ഫോറം.ഇൻ

  • https://www.theindiaforum.in/article/revolt-upper-castes
Top