ഹൈന്ദവശാസ്ത്രങ്ങളുടെ നിരാകരണവും ജാതി ഉന്മൂലനവും
ആളുകളുടെ വിശ്വാസരൂപീകരണത്തെ സ്വാധീനിക്കാൻ ഹൈന്ദവശാസ്ത്രങ്ങളെ അനുവദിച്ചാൽ പിന്നെ എങ്ങനെ വിജയിക്കാം എന്നാണു നിങ്ങൾ കണക്കുക്കൂട്ടുന്നത്. ശാസ്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാതിരിക്കുകയും, അതിന്റെ ദിവ്യത്വത്തിലും ആജ്ഞകളിലും വിശ്വസിക്കാൻ ആളുകളെ അനുവദിക്കുകയും ചെയ്തുകൊണ്ട്, മറുവശത്ത് അതിന്റെ അടിസ്ഥാനത്തിൽ ആളുകൾ രൂപപ്പെടുത്തുന്ന അയുക്തികവും മനുഷ്യത്വരഹിതവുമായ സമീപനങ്ങളെ എതിർക്കുന്നതിൽ എന്ത് അർഥമാണുള്ളത്.
1935 ഡിസംബർ പന്ത്രണ്ടിനാണ് ജൻ-പത് തോടക് മണ്ഡൽ എന്ന ഹിന്ദു-പരിഷ്കരണ സംഘടന അവരുടെ വാർഷിക ആഘോഷ വേദിയിലിലേക്ക് ഹിന്ദു മതത്തിൽ അന്തർലീനമായിട്ടുള്ള ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളെക്കുറിച്ചു സംസാരിക്കാൻ ഡോ. ബിആർ അംബേഡ്കറെ ക്ഷണിക്കുന്നത്. ‘ജാതി ഉന്മൂലനം’ എന്ന തലക്കെട്ടിലുള്ള പ്രഭാഷണത്തിന്റെ എഴുത്തുപ്രതി അദ്ദേഹം സംഘാടക സമിതിക്ക് മുൻകൂർ അയച്ചു കൊടുക്കുകയുണ്ടായി. എന്നാൽ പ്രസംഗത്തിന്റെ ഉള്ളടക്കം അവർക്കൊട്ടും രസിച്ചില്ല. ഹിന്ദു മതത്തിനും ശാസ്ത്രങ്ങൾക്കും എതിരാണെന്നു പറഞ്ഞു കൊണ്ട് അതിനെ തള്ളിപ്പറയുകയാണ് അവർ ചെയ്തത്. പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കണം എന്ന് സംഘാടകർ ആവശ്യപ്പെട്ടപ്പോൾ, ഒരു കോമ പോലും ഒഴിവാക്കാൻ സന്നദ്ധനല്ല എന്നാണ് അംബേഡ്കർ പ്രതിവചിച്ചത്. യാതൊരു മാറ്റവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുകയില്ല എന്നു മനസ്സിലായപ്പോൾ ക്ഷണം പിൻവലിക്കുകയാണ് അവർ ചെയ്തത്. പിന്നീട് അംബേഡ്കർ ആ പ്രസംഗം ‘ജാതി ഉന്മൂലനം’ എന്ന തലക്കെട്ടിൽ പ്രബന്ധ രൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പ്രബന്ധം വ്യാപകമായി വായിക്കപ്പെടുകയും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.
‘ജാതി ഉന്മൂലനത്തിൽ’ നിന്നുള്ള ഒരു ഭാഗം ഇങ്ങനെ വായിക്കാം.
നിലനിൽക്കുന്ന സാമൂഹിക ക്രമത്തെ പരിവർത്തിപ്പിക്കാൻ തയ്യാറായാലേ സാമൂഹിക പുരോഗതി ഉണ്ടാവൂ എന്ന കാര്യത്തിൽ സംശയമില്ല. അല്ലാത്തപക്ഷം, മുന്നേറ്റത്തിനോ പ്രതിരോധത്തിനോ വേണ്ടിയാകട്ടെ, നിങ്ങൾക്കു നിങ്ങളുടെ സമുദായത്തെ ചലനക്ഷമമാക്കുവാൻ സാധിക്കില്ല. ജാതിയുടെ പ്രതലം നിർമാണാത്മകമല്ല. ഒരു രാഷ്ട്രമോ ധാർമികതയോ അപ്രകാരം നിർമിക്കാൻ നിങ്ങൾക്കു സാധ്യമല്ല. ജാതി അടിസ്ഥാനത്തിൽ നിർമിക്കപ്പെട്ട സകലതും പൂർണമാവാതെ തകർന്നടിഞ്ഞു പോകും.
ഹിന്ദു സാമൂഹിക ക്രമത്തെ എങ്ങനെ പരിഷകരിക്കും എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്. എങ്ങനെയാണ് ജാതി ഉന്മൂലനം നടപ്പിലാക്കുക? ഈ ചോദ്യവും പ്രസക്തമാണ്. ജാതി ഉന്മൂലനത്തിന്റെ ആദ്യ പടിയായി ഉപജാതികളെ ഇല്ലായ്മ ചെയ്യുകയാണു വേണ്ടത് എന്ന വീക്ഷണം നിലവിലുണ്ട്. ജാതികൾക്കിടയിലുള്ള പദവി-ആചാര വ്യത്യാസങ്ങളെക്കാൾ കൂടുതൽ ഉപജാതികൾക്കിടയിലുണ്ടെന്ന അനുമാനമാണ് ഈ വീക്ഷണത്തിനാധാരം.
എന്നാൽ ഇതൊരു തെറ്റായ അനുമാനമായാണ് ഞാൻ മനസ്സിലാക്കുന്നത്. ദക്ഷിണ-ഡെക്കാൻ പ്രദേശത്തെ ബ്രാഹ്മണരെ അപേക്ഷിച്ചു നോക്കുമ്പോൾ താഴ്ന്ന സാമൂഹിക പദവികളാണ് ഉത്തര-മധ്യ ഇൻഡ്യയിലെ ബ്രാഹ്മണർക്കുള്ളത്. ആദ്യം പറഞ്ഞവർ ഉയർന്ന സാമൂഹിക പദവികൾ അനുഭവിക്കുമ്പോൾ രണ്ടാമതു പറഞ്ഞവർ കുശിനിക്കാരും വെള്ളം കോരികളും മാത്രമാണ്. അതേസമയം, ദക്ഷിണ-ഡെക്കാൻ പ്രദേശത്തെ ബ്രാഹ്മണരെ പോലെ തന്നെ സാമൂഹികമായും ബൗദ്ധികമായും ഉയർന്നവരാണ് ഉത്തരേന്ത്യയിലെ വൈശ്യരും കയസ്ഥരും.
ഭക്ഷണത്തിന്റെ കാര്യമെടുത്താൽ പോലും സമാനതകൾ കാണാൻ സാധിക്കില്ല. ദക്ഷിണ-ഡെക്കാൻ പ്രദേശത്തെ ബ്രാഹ്മണർ സസ്യാഹാരികളാണെങ്കിൽ, കശ്മീരിലെയും ബംഗാളിലെയും ബ്രാഹ്മണർ മാംസാഹാരവും ഭക്ഷിക്കാറുണ്ട്. ഭക്ഷണത്തിന്റെ കാര്യമെടുക്കുമ്പോൾ, സസ്യാഹാരികളായ ഗുജറാത്തി/മാർവാരി/ബനിയ/ജൈന വിഭാഗങ്ങളിൽ പെട്ട അബ്രാഹ്മണരോടാണ് ദക്ഷിണ-ഡെക്കാൻ പ്രദേശത്തെ ബ്രാഹ്മണർ സാദൃശ്യപ്പെട്ടിരിക്കുന്നത് എന്നാണിതിന്റെ (രസകരമായ) മറ്റൊരു വായന.
ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും അബ്രാഹ്മണർ തമ്മിൽ കലരുന്നതിനേക്കാൾ പ്രായോഗികമായി, ഉത്തരേന്ത്യയിലെ കയസ്ഥരും ദക്ഷിണേന്ത്യയിലെ അബ്രാഹ്മണരും ഡെക്കാൻ പ്രദേശത്തെ അബ്രാഹ്മണരോടും ദ്രാവിഡന്മാരോടും കൂടിക്കലരുന്നുണ്ട്. എന്നാൽ, ഉപജാതികൾ തമ്മിലുള്ള കലർപ്പ് സാധ്യമാണ് എന്ന അനുമാനം മുന്നിൽ വെച്ചുകൊണ്ട്, ഉപജാതി ഉന്മൂലനം ജാതി ഉന്മൂലനത്തിലേക്ക് നയിക്കും എന്നതിന് എന്തുറപ്പാണ് നൽകാൻ കഴിയുക. ഒരുപക്ഷേ ഉപജാതികളുടെ ഉന്മൂലനം സാധ്യമായേക്കും. എന്നാൽ, ജാതിവ്യവസ്ഥ കൂടുതൽ ശക്തിപ്പെടുന്നതിനും ചൂഷണാത്മകമാകുന്നതിനും മാത്രമേ അതുപകരിക്കൂ. അതുകൊണ്ട്, ഉപജാതി ഉന്മൂലനം എന്ന പരിഹാര സിദ്ധാന്തം ഫലപ്രദമോ പ്രായോഗികമോ അല്ല എന്നു മനസ്സിലാക്കാം.
ജാതി ഉന്മൂലനത്തിനായുള്ള മറ്റൊരു നടപടിക്രമമായി പറയപ്പെടുന്നത് മിശ്രഭോജനമാണ്. ഇതും എന്റെ അഭിപ്രായത്തിൽ അപര്യാപ്തമായ നടപടിയാണ്. മിശ്രഭോജനം അനുവദിക്കുന്ന അനേകം ജാതികളുണ്ട്. ജാതിബോധത്തെ കീഴ്പ്പെടുത്തുന്നതിൽ ‘മിശ്രഭോജനം’ വിജയിച്ചിട്ടില്ല എന്നത് ഒരു പൊതുഅനുഭവമാണ്. അതേസമയം മിശ്രവിവാഹം ഉചിതമായ പരിഹാരമാണെന്നതിൽ ഞാൻ യോജിക്കുന്നു. രക്തക്കലർച്ച മാത്രമാണ് ബന്ധുത്വവും സൗഹൃദവും ഉറപ്പിക്കുക. ബന്ധുത്വത്തിന്റെ ഈ മിശ്രണം പരമമായി തീരാത്ത കാലത്തോളം ജാതീയത സൃഷ്ടിച്ച വിഘടനവാദ/അപരത്വ പ്രഭാവം മാഞ്ഞുപോവുകയില്ല. ഹിന്ദുക്കൾക്കിടയിൽ, സാമൂഹിക ജീവിതത്തിന്റെ വലിയ ചാലകശക്തിയായി മിശ്രവിവാഹങ്ങൾ മാറണം. പിന്നീട് അഹിന്ദുക്കൾകിടയിലും ഇപ്രകാരം സംഭവിക്കണം. സമൂഹം പല തരം ബന്ധങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുമ്പോൾ വിവാഹം ഒരു സാധാരണ സംഭവം മാത്രമാണ്. എന്നാൽ സമൂഹം പല കള്ളികളിലായി വേർതിരിക്കപ്പെടുമ്പോൾ അവരെ കൂട്ടിയിണക്കുന്ന പ്രതിഭാസം എന്ന നിലയിൽ വിവാഹം വളരെ സവിശേഷമാണ്. ജാതീയതയെ തകർക്കാനുള്ള യഥാർഥ പരിഹാരം മിശ്രവിവാഹമാണ്. മറ്റൊന്നും പ്രശ്‌നപരിഹാരത്തിന് ഉതകുന്നതല്ല.
നിങ്ങളുടെ സംഘടനയായ ജത്-പത് തോടക് മണ്ഡലും ഈ പ്രവർത്തന പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതു മുഖാമുഖം നിന്നുകൊണ്ടുള്ള പ്രവർത്തനമാണ്. കാര്യങ്ങളെ യഥാവിധി മനസ്സിലാക്കിയതിനും ഹിന്ദുക്കളോട് അവരുടെ ഭാഗത്തുള്ള തെറ്റെന്താണെന്ന് സധൈര്യം പറയാൻ മുന്നോട്ടു വന്നതിനും നിങ്ങൾക്ക് അഭിനന്ദനങ്ങൾ. സാംസ്കാരിക അധീശത്വം രാഷ്ട്രീയ അധീശത്വത്തെക്കാൾ അപകടകരമാണ്. ഗവണ്മെന്റിനെ നിഷേധിക്കുന്ന രാഷ്ട്രീയ പ്രവർത്തകനെക്കാൾ ധീരനാണ് സമൂഹത്തെ (വാർപ്പുമാതൃകകളെ) നിഷേധിക്കുന്ന പരിഷ്കർത്താവ്. മിശ്രവിവാഹവും മിശ്രഭോജനവും പൊതുഅജണ്ടയുടെ ഭാഗമാവുമ്പോൾ ആധിപത്യ വ്യവസ്ഥ എന്ന നിലയിൽ നിന്ന് ജാതിബോധ്യങ്ങൾ പതിച്ചുപോവും എന്ന നിങ്ങളുടെ അവബോധം സാധുവാണ്. നിങ്ങൾ രോഗത്തിന്റെ പ്രഭവസ്ഥാനം കണ്ടെത്തിയിരിക്കുന്നു.
പക്ഷേ, ശരിയായ ചികിത്സാകുറിപ്പു തന്നെയാണോ നിങ്ങളുടെ പക്കലുള്ളത്? നിങ്ങൾ നിങ്ങളോടു തന്നെ ചോദിക്കുക; എന്തുകൊണ്ടാണ് ഭൂരിപക്ഷം ഹിന്ദുക്കളും മിശ്രവിവാഹവും മിശ്രഭോജനവും ആചരിക്കാത്തത്? എന്തുകൊണ്ടാണ് ആ കാരണം പ്രമാദമാവാതെ നിലനിക്കുന്നത്?
ഇവിടെ ഒരൊറ്റ ഉത്തരത്തിനെ സാധ്യതയുള്ളൂ. മിശ്രവിവാഹവും മിശ്രഭോജനവും ഹിന്ദുക്കൾ പവിത്രമെന്നു കരുതുന്ന വിശ്വാസങ്ങൾക്കും പ്രമാണങ്ങൾക്കും അരോചകമാണ് എന്നതാണത്. ജാതി എന്നത് ഹിന്ദുക്കളെ പരസ്പരം കലരുന്നതിൽ നിന്നു തടയുന്ന, ഇഷ്ടികകൾ കൊണ്ടു പണിത മതിൽ പോലെയോ കമ്പിവേലികൾ പോലെയോ പദാർഥരൂപമുള്ള ഒന്നല്ലലോ. ജാതി ആശയമാണ്. സവിശേഷമായ ഒരു മനസ്ഥിതിയാണത്. അതുകൊണ്ട്, ജാതിയെ തകർക്കുക എന്നു പറയപ്പെടുന്നത്, പദാർഥമൂല്യമുള്ള ഒരു തടസ്സത്തെ തകർക്കുക എന്ന അർഥത്തിലല്ല. ആശയപരമായ പരിവർത്തനമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്.
ജാതി വളരെ മോശം സംഗതിയാണ്. സഹജീവികളോട് അങ്ങേയറ്റം പരുക്കനും മനുഷ്യത്വരഹിതവുമായ സമീപനങ്ങൾ രൂപപ്പെടുത്തുന്നതിലേക്ക് അതു മനുഷ്യനെ നയിക്കും. അതേസമയം, ഹിന്ദുക്കൾ ജാതിയെ മോശവും മനുഷ്യത്വരഹിതവുമായ ഏർപ്പാടായല്ല കാണുന്നത് എന്നതും അംഗീകരിക്കപ്പെടേണ്ട വസ്തുതയാണ്. അവർ ജാതി ആചരിക്കുന്നത് അങ്ങേയറ്റം മതഭക്തിയോടെയാണ്. ജാതി ആചരിക്കുന്നതിൽ യാതൊരു തെറ്റും അവർ കാണുന്നില്ല. എന്റെ അഭിപ്രായത്തിൽ, ജാതിബോധങ്ങളെ ഒളിച്ചു കടത്തുന്ന അവരുടെ മതത്തിനാണ് തെറ്റു സംഭവിച്ചിരിക്കുന്നത്. ഈ നിരീക്ഷണം ശരിയാണെങ്കിൽ, നിങ്ങൾ ഏറ്റുമുട്ടാൻ പോകുന്നത് ജാതി ആചരിക്കുന്ന ആൾക്കൂട്ടങ്ങളോടല്ല, അവരെ ജാതിബോധം പഠിപ്പിക്കുന്ന ‘ശാസ്ത്രങ്ങളോടാണ്’. മിശ്രവിവാഹവും മിശ്രഭോജനവും ആചരിക്കാത്തതിന് ആളുകളെ പരിഹസിക്കുന്നതും, വല്ലപ്പോഴുമൊക്കെ മിശ്രവിവാഹവും മിശ്രഭോജനവും ആചരിക്കുന്നതുമൊക്കെ ഉദിഷ്ട്ട ലക്ഷ്യസാത്ഷാൽക്കാരത്തിന്റെ വഴിയിൽ നിഷ്ഫലമായിപ്പോകുന്ന പ്രവർത്തനങ്ങൾ മാത്രമാണ്. ശരിയായ പരിഹാരം ഹൈന്ദവശാസ്ത്രവിശ്വാസങ്ങളുടെ അലംഘനീയതയെ/പരിപാവനത്വത്തെ തകർക്കുക എന്നതാണ്.
ആളുകളുടെ വിശ്വാസരൂപീകരണത്തെ സ്വാധീനിക്കാൻ ഹൈന്ദവശാസ്ത്രങ്ങളെ അനുവദിച്ചാൽ പിന്നെ എങ്ങനെ വിജയിക്കാം എന്നാണു നിങ്ങൾ കണക്കുക്കൂട്ടുന്നത്. ശാസ്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാതിരിക്കുകയും, അതിന്റെ ദിവ്യത്വത്തിലും ആജ്ഞകളിലും വിശ്വസിക്കാൻ ആളുകളെ അനുവദിക്കുകയും ചെയ്തുകൊണ്ട്, അതിന്റെ അടിസ്ഥാനത്തിൽ ആളുകൾ രൂപപ്പെടുത്തുന്ന അയുക്തികവും മനുഷ്യത്വരഹിതവുമായ സമീപനങ്ങളെ എതിർക്കുന്നതിൽ എന്ത് അർഥമാണുള്ളത്. ഈ സമീപനം വെളിപ്പെടുത്തുന്നത് പരിഷകരണ പ്രവർത്തനങ്ങളിലെ പൊരുത്തക്കേടിനെയാണ്. അയിത്തം ഇല്ലാതാക്കാൻ യത്നിച്ച മഹാത്മാ ഗാന്ധിയടക്കമുള്ള പരിഷ്കർത്താക്കൾ, ഇത്തരം ആചാരങ്ങൾ കൈക്കൊള്ളുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നത് ശാസ്ത്രങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വിവേചനമനസ്സാണെന്ന വസ്തുത മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടവരാണ്. ശാസ്ത്രങ്ങളുടെ ദിവ്യത്വത്തിൽ വിശ്വസിക്കുന്നത് അവസാനിപ്പിച്ചാലേ ഇത്തരം ദുരാചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ നിന്ന് ആളുകൾ പിന്തിരിയൂ എന്നും അവർ മനസ്സിലാക്കാതെ പോയി.
അതിനാൽ, അവരുടെ പരിഷ്ക്കരണപ്രവർത്തനങ്ങൾ ഇതുവരെ വലിയ ഫലങ്ങളുണ്ടാക്കിയിട്ടില്ല എന്നതിൽ അത്ഭുതം കൂറേണ്ടതില്ല. അയിത്തം ഇല്ലാതാക്കാൻ പരിശ്രമിച്ച പരിഷ്കർത്തകൾക്കു സംഭവിച്ച അബദ്ധം തന്നെയാണ് നിങ്ങൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. മിശ്രഭോജനവും മിശ്രവിവാഹവും ആചരിക്കാൻ സംഘടിക്കുന്നതും സമരം ചെയ്യുന്നതും, കൃത്രിമമായും നിർബന്ധിച്ചും ഊട്ടുന്നതു പോലെയാണ്. എല്ലാ ആണിനേയും പെണ്ണിനേയും ശാസ്ത്രങ്ങളുടെ അപകടകരമായ ആശയങ്ങളിൽ നിന്നും അടിമത്വത്തിൽ നിന്നും മോചിപ്പിക്കുക. അങ്ങനയെങ്കിൽ നിങ്ങൾ പറയാതെ തന്നെ അവർ മിശ്രഭോജനവും മിശ്രവിവാഹവും ആചരിക്കും.
വക്രോക്തികൾ ഉപയോഗിച്ചതു കൊണ്ട് കാര്യമില്ല. വ്യാകരണസഹിതം വായിക്കുകയും യുക്തിപരമായി വ്യാഖ്യാനിക്കുകയും ചെയ്താൽ നിങ്ങളീ പറയുന്നത് പോലെയല്ല ശാസ്ത്രങ്ങളിലുള്ളത് എന്നു പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല. ആളുകൾ ശാസ്ത്രങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നതാണ് പ്രധാനപ്പെട്ട കാര്യം. ബുദ്ധനും ഗുരു നാനാകും എടുത്ത നിലപാടാണ് നിങ്ങളും സ്വീകരിക്കേണ്ടത്. ബുദ്ധനെയും നാനകിനെയും പോലെ ശാസ്ത്രങ്ങളെ മാത്രമല്ല, അവയുടെ പ്രമാണികതയെയും നിരാകരിക്കാൻ സാധിക്കേണ്ടതുണ്ട്. ഹിന്ദുക്കളോട് അവർക്കു സംഭവിച്ച തെറ്റെന്താണെന്ന് സധൈര്യം പറയാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. നിങ്ങളതിന് ധൈര്യപ്പെടുമോ എന്നതാണ് ചോദ്യം.
Courtesy: the new leam
വിവർത്തനം: അഫ്സൽ ഹുസൈൻ