ഹോളി: കീഴാള സ്ത്രീ വിരുദ്ധതയുടെ ആഘോഷം

ഹോളിയെന്ന പേരിൽ പ്രതീകാത്മകമായി ദലിത് സ്ത്രീയെ കത്തിക്കുമ്പോൾ അതാഘോഷിക്കാൻ ഇടതും വലതും ഒത്തുചേരുന്നതാണ് നാം കാണുന്നത്. അവരുടെ ദൈവപിതാവായ മനുവിന്റെ ആശിർവാദം ഇതിനുണ്ടാകും. ദലിത് ആദിവാസി ബഹുജൻ സ്ത്രീകൾ നിശബ്ദമായി നിലവിളിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യമണ്ഡലങ്ങളിൽ പക്ഷെ ഈ ആഘോഷങ്ങൾ പകിട്ടിലും സന്തോഷത്തിലും ഘോഷിക്കപ്പെടുന്നു. ഹോളി ബഹുജനങ്ങൾക്കോ ദലിതുകൾക്കോ ആദിവാസി സ്ത്രീകൾക്കോ എതിരായി മാത്രമല്ല മുഴുവൻ സ്ത്രീസമൂഹത്തിനും എതിരായി നിലകൊള്ളുന്നതാണ് എന്ന തിരിച്ചറിവ് വ്യാപകമാവട്ടെ.

മാർച്ച് മാസത്തിൽ ആഘോഷിക്കപ്പെടുന്ന ഹോളി മനുവാദികളുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ്. നിറങ്ങളുടെ ഉത്സവമെന്ന രീതിയിൽ ഏറെ ദേശീയ സ്വീകാര്യതയുള്ള ആഘോഷമാണിത്. യഥാർത്ഥത്തിൽ ഹോളിക എന്ന ദലിത് ബഹുജൻ സ്ത്രീയെ തീവെച്ചു കൊല്ലുന്ന ആഘോഷമാണിത്. ഈ സവർണ ദേശീയ ആഘോഷം ദലിത് ബഹുജനങ്ങൾക്ക് പൊതുവിലും സ്ത്രീകൾക്ക് പ്രതേകിച്ചും അപമാനകരമാണ്. മനുവാദികളുടെ ഭൂരിഭാഗം ആഘോഷങ്ങളും ദലിത് ബഹുജൻ ബിംബങ്ങളെയോ ദൈവങ്ങളെയോ കൊല്ലുന്നതിന്റെ ആഘോഷങ്ങളാണ്.

ചരിത്രപരമായി തന്നെ വേദങ്ങളും പുരാണങ്ങളും അസുര – രാക്ഷസ- ദലിത്- ബഹുജൻ സ്ത്രീകളെ  അസന്മാർഗികളായും അമിത ലൈംഗിക ആസക്തിയുള്ളവരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.  പരിശുദ്ധിയുടെയും, സ്വഭാവശുദ്ധിയുടെയും, ചാരിത്രശുദ്ധിയുടെയും  മൂർത്തീഭാവങ്ങളായ സവർണ ഉന്നതകുല സ്ത്രീ ബിംബങ്ങൾക്കെതിരെയാണ് ആ ദലിത് ബഹുജൻ സ്‌ത്രീചിത്രത്തെ പുരാണങ്ങളും വേദങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നത്.    ശൂർപ്പണഖ, അയോമുഖി, താഡക, ഹോളിക തുടങ്ങി മറ്റെല്ലാ അസുര സ്ത്രീകളുടെയും ചിത്രീകരണങ്ങളിൽ നിന്നും ഇത് വ്യക്തമാണ്. ഹോളിയുടെ പേരിൽ ധാരാളം ദലിത് സ്ത്രീകൾ പിന്നീട് ലൈംഗികമായ അതിക്രമങ്ങൾ നേരിട്ടിട്ടുണ്ട്.

ഒരു ദലിത് ബഹുജൻ സ്ത്രീയെ കത്തിക്കുക തീർച്ചയായും ഒരു ബ്രഹ്മണവാദ  പുരുഷാധിപത്യ പ്രവർത്തിയാണ്. എന്നിട്ടും ഇത് ഇന്ത്യയിൽ വിപുലമായി ആഘോഷിക്കപ്പെടുന്നു.

ഹോളികയെ കത്തിക്കുന്നതിൽ നിന്ന് തുടങ്ങാത്ത ഒരു ആഘോഷം നാമിതുവരെയും കണ്ടിട്ടില്ല. ഒരു ദലിത് ബഹുജൻ സ്ത്രീയെ കത്തിക്കുക തീർച്ചയായും ഒരു ബ്രഹ്മണവാദ  പുരുഷാധിപത്യ പ്രവർത്തിയാണ്. എന്നിട്ടും ഇത് ഇന്ത്യയിൽ വിപുലമായി ആഘോഷിക്കപ്പെടുന്നു. ഹോളികയുടെ ചരിത്ര വിധി നമുക്ക് മറക്കാതിരിക്കാം. മുസ്‌ലിം സ്ത്രീകൾ ബലാൽസംഗം  ചെയ്യപ്പെടുകയും തീവച്ചു കൊല്ലപ്പെടുകയും ചെയ്ത ഗുജറാത്ത് കലാപങ്ങളെ നമുക്ക് മറക്കാതിരിക്കാം. ജാതിവെറി മൂത്ത സവർണ ആൺകൂട്ടങ്ങൾ ബലാൽസംഗം ചെയ്ത ശേഷം ദലിത് ബഹുജൻ സ്ത്രീകളെ ജീവനോടെ  തീവച്ചു കൊന്ന സംഭവങ്ങൾ  നമുക്ക് മറക്കാതിരിക്കാം. ബ്രാഹ്മണിക ശക്തികൾ ചേർന്ന് ആസിഡ് ആക്രമണം നടത്തിയ സോണി സോറിയെ പോലുള്ളവരെ നമുക്ക് മറക്കാതിരിക്കാം. ഹോളിക ദഹനത്തിൽ തുടങ്ങി നിറങ്ങൾ വാരി വിതറുന്നതുപോലെയുള്ള ഹോളി ആഘോഷങ്ങൾ ദലിത് ബഹുജൻ സ്ത്രീകളെ നിശ്ശബ്ദരാക്കാൻ ചരിത്രപരമായി ഉപയോഗിക്കുന്ന രീതികളാണ്.  അവയെ നാം തള്ളിക്കളയേണ്ടതുണ്ട്.

ഹോളിയെന്ന പേരിൽ പ്രതീകാത്മകമായി  ദലിത് സ്ത്രീയെ കത്തിക്കുമ്പോൾ അതാഘോഷിക്കാൻ ഇടതും വലതും ഒത്തുചേരുന്നതാണ് നാം കാണുന്നു. അവരുടെ ദൈവപിതാവായ മനുവിന്റെ ആശിർവാദം ഇതിനുണ്ടാകും. ദലിത് ആദിവാസി ബഹുജൻ സ്ത്രീകൾ നിശബ്ദമായി നിലവിളിച്ചുകൊണ്ടിരിക്കുന്ന  സാമൂഹ്യമണ്ഡലങ്ങളിൽ പക്ഷെ ഈ ആഘോഷങ്ങൾ പകിട്ടിലും സന്തോഷത്തിലും ആഘോഷിക്കപ്പെടുന്നു. ഹോളി ബഹുജനങ്ങൾക്കോ ദലിതുകൾക്കോ ആദിവാസി സ്ത്രീകൾക്കോ എതിരായി മാത്രമല്ല മുഴുവൻ സ്ത്രീസമൂഹത്തിനും എതിരായി നിലകൊള്ളുന്നതാണ് എന്ന തിരിച്ചറിവ് വ്യാപകമാവട്ടെ.

മൊഴിമാറ്റം: ഹസീന. ടി

Top