നാക്കുപിഴയിലെ ചരിത്രപരതയും, ചില ചരിത്രപരമായ പിഴവുകളും

ഹിന്ദുത്വ ഹിംസാത്മകതയുടെ കാലത്ത് ഭരണഘടനയെ അവഹേളിച്ച് വായ്ത്താരികള്‍ എഴുന്നളളിക്കുന്ന വ്യാജ വിപ്ലവകാരികള്‍ യഥാര്‍ഥത്തില്‍ വളമിട്ട് വെള്ളമൊഴിക്കുന്നത് ഫാസിസ്റ്റുകള്‍ക്കാണ്. സമയകാല ബോധമില്ലാതെ രാഷ്ട്രീയ വിവരക്കേടുകള്‍ പുലമ്പുമ്പോള്‍ ആത്യന്തിക ഗുണം ലഭിക്കുക സംഘപരിവാറിനല്ലാതെ മറ്റാര്‍ക്കാണ്? ബിജു ഗോവിന്ദ് എഴുതുന്നു.

സാംസ്കാരിക വകുപ്പു മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സജി ചെറിയാന്‍ ഭരണഘടനക്കെതിരെ നടത്തിയ അവഹേളന പ്രസംഗം യാദൃശ്ചികമായി സംഭവിച്ചതൊന്നുമല്ല. പ്രസംഗം പുറത്തായതും യാദൃശ്ചികമല്ല. തികച്ചും പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രം പങ്കെടുക്കുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയില്‍, മറ്റുള്ളവര്‍ ഇല്ലെന്ന് ഉറപ്പുവരുത്തി പറഞ്ഞു കൂട്ടിയത് ഭരണഘടനയെക്കുറിച്ചുള്ള വെറുപ്പൂട്ടി വളര്‍ത്തലാണ്. വര്‍ത്തമാനകാല ഇൻഡ്യൻ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇത്തരം നിരുത്തരവാദപരമായ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നത്, അപരവത്കരണവും അധീശ-ഹിംസാത്മകവുമായ രാഷ്ട്രീയ ചേരിക്ക് ഇലയിട്ട് ഊട്ടലാണെന്ന് മനസ്സിലാക്കാന്‍ ശേഷിയില്ലാത്തതാണോ സിപിഎം സെക്രട്ടറിയേറ്റ് അംഗത്തിന്‍റെ സാമൂഹികബോധം. വേനല്‍തുമ്പി കളിക്കുന്ന ബാലസംഘക്കാരുടെ രാഷ്ട്രീയ ബോധമാണോ അദ്ദേഹം കൊണ്ടു നടക്കുന്നത്?

ഇൻഡ്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആയതു മുതല്‍ ഭരണഘടനയെ കുറിച്ച് കമ്യൂണിസ്റ്റുകാർ വെച്ചു പുലര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതുമായ ധാരണകളുടെ പുളിച്ചതു തികട്ടല്‍ മാത്രമാണ് സജി ചെറിയാന്‍റെ പ്രസംഗത്തിലുള്ളത്. വൈവിധ്യങ്ങളോട് കാവ്യാത്മകമായ രീതിയില്‍ ഐക്യപ്പെടുന്ന ഒരു സമഗ്ര സൃഷ്ടിയാണ് ഭരണഘടനയെന്ന് കമ്യൂണിസ്റ്റുകാർക്ക് ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ അവര്‍ നടത്തുന്നത് അബദ്ധ വായനയാണ് എന്നതാണ് ചുരുക്കം.

വര്‍ത്തമാനകാല ഇൻഡ്യയില്‍ സംഘ്പരിവാറിന്‍റെ സമഗ്രാധിപത്യത്തെ നേരിടാന്‍ ആവനാഴിയിലെ അവസാന ആയുധവും തികയാതെ വന്നിടത്താണ് കമ്യൂണിസ്റ്റുകാർക്ക് ഒരു കൗണ്ടര്‍ നരേറ്റീവായി ഭരണഘടന മാറുന്നതു തന്നെ. കാലഹരണപ്പെട്ട “മൂലധനങ്ങൾക്ക്” പരിഹരിക്കാന്‍ കഴിയുന്നതല്ല ഹിന്ദുത്വ അപരവത്കരണത്തിന്‍റെ ഹിംസാത്മകതയെ.

ഡോ. അംബേഡ്കറുടെ ജീവിത കാലയളവിൽ കമ്യൂണിസ്റ്റുകളോടുള്ള ആശയ വൈരുദ്ധ്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വര്‍ഗ രാഷ്ട്രീയത്തിന്‍റെ അബദ്ധ വായനകള്‍ കൊണ്ട് തകര്‍ക്കാന്‍ കഴിയുന്നതല്ല ശ്രേണീബദ്ധമായ ഹിന്ദു ജാതി വ്യവസ്ഥയുടെ രൂഢമൂലമായ സാമൂഹിക ഘടന എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല. ജാതിയെന്നത് തൊഴിലിന്‍റെ വിഭജനമല്ല, തൊഴിലാളിയുടെ വിഭജനമാണെന്നത് അദ്ദേഹത്തിന്‍റെ ഉത്തമ ബോധ്യമായിരുന്നു. ആ സാമൂഹിക യാഥാര്‍ഥ്യത്തെയാണ് കമ്യൂണിസ്റ്റുകാർ അന്നും ഇന്നും അംഗീകരിക്കാത്തത്. ഹിന്ദുത്വം പൂണ്ടുവിളയാടുന്ന വര്‍ത്തമാനകാല ഇൻഡ്യന്‍ അന്തരീക്ഷത്തിൽ ബദല്‍ ഐക്കണുകള്‍ അംബഡ്കറും ഭരണഘടനയുമാണെന്ന് അംഗീകരിക്കാന്‍ കമ്യൂണിസ്റ്റുകാർ നിര്‍ബന്ധിതമാകുമ്പോഴും, അറിയാതെ പുറത്തു വരുന്നുണ്ട് സവര്‍ണതയുടെ വരേണ്യബോധം.

ഇൻഡ്യൻ റിപ്പബ്ലിക്കിന്‍റെ ശിൽപി, അനേകം വിദേശ സര്‍വകലാശാലകളില്‍ നിന്നും അത്യാധുനിക വിദ്യാഭ്യാസം നേടിയ വ്യക്തി എന്ന നിലക്കെല്ലാം പ്രതിഭയായിരിക്കുമ്പോഴും, ഒരു ദേശീയ നേതാവായി ഡോ. അംബേഡ്കറെ ഇന്നും അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് ഇൻഡ്യയിലെ ജാതി പൊതുബോധം. ഈ ബോധം തന്നെയാണ് അതിബുദ്ധിക്ക് പഠിക്കുന്ന സജി ചെറിയാനെ പോലുള്ള സഖാക്കള്‍ കൊണ്ടുനടക്കുന്നത്. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥികളായ പുതുതലമുറ എസ്എഫ്ഐക്കാര്‍ ഇന്‍ക്വിലാബിനെക്കാള്‍ ഉച്ചത്തില്‍ “ജയ് ഭീം” വിളിക്കുമ്പോള്‍, തലമുടിയില്‍ നിന്നും തലച്ചോറിലേക്ക് നരകയറിയ മണലൂരിലെ ജാതി പ്രമാണ്യത്തിന്‍റെ വിദ്വേഷ കടന്നലിന്, ഇന്നും മനസ്സിലായിട്ടില്ല ഡോ. അംബേഡ്കറെന്ന ജനാധിപത്യവാദിയെ.

അംബേഡ്കർ ഭരണഘടനാ അസംബ്ലിയിൽ സംസാരിക്കുന്നു

1929ല്‍ മുംബൈയിലെ തുണിമില്‍ തൊഴില്‍ശാലകളില്‍ ഇടതു യൂണിയനുകളുടെ നേതൃത്വത്തില്‍ കൂലി വര്‍ധനവിനായി സമരം തീരുമാനിക്കുന്നു. അന്ന് ആ മേഖലയില്‍ പണിയെടുക്കുന്ന പട്ടിക വിഭാഗങ്ങളുടെ തൊഴിലാളി യൂണിയന്‍ നേതാവായിരുന്നു ഡോ. ബി.ആര്‍ അംബേഡ്കര്‍. പണിമുടക്കിന് പിന്തുണ തേടി കമ്യൂണിസ്റ്റ് നേതാക്കള്‍ അംബേഡ്കറെ കാണുന്നു. പക്ഷേ, അദ്ദേഹം പിന്തുണച്ചില്ല. മില്‍ തൊഴില്‍ മേഖലയില്‍ കൂലി കൂടുതല്‍ കിട്ടുന്നതും സാമൂഹിക അംഗീകാരമുള്ളതുമായ ജോലികളിലൊന്നും പട്ടിക വിഭാഗങ്ങളെ മാനേജ്മെന്‍റ് പരിഗണിച്ചിരുന്നില്ല. ശുചീകരണ ജോലികള്‍ പോലുള്ള വേതനം കുറഞ്ഞതും ആയാസപൂര്‍ണവുമായ ജോലികള്‍ മാത്രമാണ് ഈ വിഭാഗങ്ങള്‍ ലഭിച്ചിരുന്നത്. ഈ വിഷയം ഉന്നയിച്ച് സമരത്തിന് ഇടത് ട്രേഡ് യൂണിയനുകളുടെ സഹായം അംബേഡ്കർ തേടിയെങ്കിലും, ഈ അനീതിയ്ക്കെതിരെ ശബ്ദിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഈ അസമത്വത്തിന്‍റെ കാരണം ജാതിയാണെന്ന് ബോധ്യമായിട്ടും അതിനെ കണ്ടില്ലെന്നു നടിച്ച് അവഗണിക്കാനാണ് ഇടത് ട്രേഡ് യൂണിയനുകള്‍ ശ്രമിച്ചത്. ഇന്നും ഇത്തരം പ്രശ്നങ്ങളെ കാണാതിരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. വടയമ്പാടിയും പേരാമ്പ്രയും ഗോവിന്ദമംഗലവുമെല്ലാം കേരളത്തിന്‍റെ ഒളിഞ്ഞിരിക്കുന്ന ജാതീയതയുടെ സാമൂഹിക ദൃശ്യതയെ വെളിവാക്കിത്തരുന്നുണ്ട്. വസ്തുതകളെ വസ്തുതകളായി കാണുന്നതില്‍ നിന്നും ഇടതുപക്ഷത്തെ പിന്തിരിപ്പിക്കുന്നത് സവര്‍ണ പ്രീണനവും ജാതി ബോധവുമല്ലെങ്കില്‍ മറ്റെന്താണ്? ജാതി പ്രതിസ്ഥാനത്ത് വരുന്ന പ്രശ്നങ്ങളിലെല്ലാം നിശബ്ദരായി ഒളിഞ്ഞിരിക്കുന്ന കാഴ്ചക്കാരാണ് എന്നും ഇടതുപക്ഷം.

നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയുടെ പരിഛേദമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളും. ഹിന്ദു ജാതി വ്യവസ്ഥയുടെ മനോഭാവം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബ്ലൂ-പ്രിന്‍റ് പോലെ പകര്‍ത്തിയെടുത്തിട്ടുണ്ട്. ലോക ചരിത്രത്തില്‍ തന്നെ കമ്യൂണിസത്തിന്‍റെ പേരില്‍ അധികാരമേറിയവരുടെ ദൃശ്യരേഖ പരിശോധിച്ചാല്‍, അതാത് പ്രദേശങ്ങളിലെ സാമൂഹികമായ പ്രിവിലേജ് അനുഭവിച്ചിരുന്നവരാണ് അവരെന്ന് കാണാന്‍ കഴിയും. ഇൻഡ്യയിലും ജാതി-വരേണ്യ വിഭാഗങ്ങള്‍ തന്നെയാണ് ഗുണഭോക്താക്കളായത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സാമൂഹിക മുന്നേറ്റ സ്വപ്നങ്ങളുടെ കര്‍മ മണ്ഡലം കൊട്ടിയടക്കപ്പെടുകയായിരുന്നു. രൂപീകൃതമായതിന്‍റെ ആറു പതിറ്റാണ്ടിലേക്ക് അടുക്കുമ്പോഴും പട്ടിക വിഭാഗങ്ങളില്‍പ്പെട്ട എത്ര പേര്‍ക്ക് പാര്‍ട്ടി നയ രൂപീകരണ സമിതികളില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞുവെന്ന് പകല്‍ വെളിച്ചത്തിലെന്ന പോലെ കാണാം. ഇൻഡ്യന്‍ ഭരണഘടന നിയമസാധൂകരണം നല്‍കിയ പദവികളിലേക്കല്ലാതെ എത്ര പേരെയാണ് കമ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിയെടുത്തത്. ഇന്നും പട്ടിക വിഭാഗക്കാരായ ഒരാള്‍ മാത്രം മന്ത്രിയാകുന്ന ഒരേയൊരു സംസ്ഥാനമെന്ന ഖ്യാതിയും വിപ്ലവ കേരളത്തിനാണ്. സംവരണ സീറ്റുകള്‍ക്കപ്പുറം എത്രപേരെ പാര്‍ലമെന്‍ററി രംഗത്ത് എത്തിച്ചിട്ടുണ്ട്. കമ്യൂണിസത്തോട് ഗുഡ്ബൈ പറഞ്ഞ പശ്ചിമ ബംഗാളിലെ മമത മന്ത്രിസഭയില്‍ എട്ട് പട്ടിക വിഭാഗക്കാര്‍ ഉള്ളപ്പോള്‍, ഇ.എം.എസില്‍ തുടങ്ങി പിണറായിയില്‍ എത്തി നില്‍ക്കുമ്പോഴും ഒരാളായി ചുരുങ്ങുന്നതിനു പിറകില്‍ ജാതിയല്ലെങ്കില്‍ മറ്റെന്താണ്?

മുല്ലപ്പള്ളിയിലെ ഭരണഘടന വിരുദ്ധ പ്രഭാഷണത്തില്‍ സജി ചെറിയാന്‍ പറയുന്നത് ഇൻഡ്യന്‍ ഭരണഘടന തൊഴിലാളികളെ കൊള്ളയടിക്കുന്നതാണെന്നാണ്. എന്ത് സൈദ്ധാന്തിക വ്യാഖ്യാനത്തിന്‍റെ അടിസ്ഥാനത്തിലാണ് അവധാനതയും അകക്കാമ്പും ഇല്ലാത്ത ഇത്തരം വിഡ്ഢിത്തരങ്ങള്‍ പറയാന്‍ അദ്ദേഹത്തിനു കഴിയുന്നത്. കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ലിയില്‍ ഡോ. അംബേഡ്കര്‍ തന്നെ പറയുന്നുണ്ട്, എത്ര മെച്ചപ്പെട്ട ഭരണഘടനയായാലും കൈകാര്യം ചെയ്യുന്നവര്‍ മോശപ്പെട്ടവരാണെങ്കില്‍ ഭരണഘടനയും മോശമാക്കപ്പെടുമെന്ന്. 35 വര്‍ഷക്കാലത്തെ പശ്ചിമ ബംഗാളിലെ കമ്യൂണിസ്റ്റ് ഭരണം അതിന്‍റെ നേര്‍സാക്ഷ്യമായി നമ്മുടെ കണ്‍മുന്നിലുണ്ട്. മൂന്നര പതിറ്റാണ്ട് ഒരു മെച്ചപ്പെട്ട ഭരണഘടനയുടെ കീഴില്‍ ആ സംസ്ഥാനം ഭരിച്ചിട്ട് അന്യ സംസ്ഥാനങ്ങളിലേക്ക് കൂലിപ്പണിക്ക് ആളെ സപ്ലൈ ചെയ്യുന്ന സംസ്ഥാനമായി പശ്ചിമ ബംഗാള്‍ അധപതിച്ചെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം ഭരണഘടനക്കാണോ? അതോ സംസ്ഥനം ഭരിച്ചവരുടെ കഴിവുകേടോ?

ഡോ. അംബേഡ്കര്‍ക്ക് കമ്യൂണിസ്റ്റുകളോട് ആശയപരമായ വിയോജിപ്പ് ഉണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. പലവട്ടം അവര്‍ അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇൻഡ്യയെപ്പോലെ വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് ഏതെങ്കിലും ആശയത്തിന്‍റെ സര്‍വാധിപത്യം അസഹിഷ്ണുതയിലേക്കും അരാജകത്തിലേക്കും നയിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ദേശീയതകളെയും ഉപദേശീയതകളെയും സാംസ്കാരിക ബഹുസ്വരതകളേയും തുല്യമായി പരിഗണിക്കുന്ന ജനാധിപത്യത്തെ, അതിന്‍റെ ആഴത്തിലും പരപ്പിലും വികസിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് എന്തിന്റെ പേരിലുമുള്ള സര്‍വാധിപത്യത്തെയും അംബേഡ്കര്‍ എതിര്‍ത്തിരുന്നു. ഈ സര്‍വാധിപത്യ പ്രവണതയോടുള്ള എതിര്‍പ്പു മൂലമാകണം ഒന്നാമതായി അദ്ദേഹം കമ്മ്യൂണിസം ബഹിഷ്ക്കരിക്കന്‍ കാരണം.

“നിങ്ങളെല്ലാവരും കൂടി വായിച്ചതിലും കൂടുതല്‍ പുസ്തകങ്ങള്‍ കമ്യൂണിസത്തെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്”, ഇതായിരുന്നു ഇൻഡ്യന്‍ കമ്യൂണിസ്റ്റുകളോട് ഡോ. അംബേഡ്കറുടെ മറുപടി. കമ്യൂണിസത്തിന്‍റെ പരിമിതിയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു.

അത് എത്രമാത്രം ശരിയായിരുന്നുവെന്ന് ചരിത്രവും വര്‍ത്തമാനവും സാക്ഷ്യപ്പെടുത്തുന്നു. ആറായിരത്തിലധികം ജാതികളും ഉപജാതികളും വൈവിധ്യമാര്‍ന്ന ഗോത്രങ്ങളാലും അനേക വിശ്വാസ സംഹിതകളാലും ശ്രേഷ്ഠമായ ഇൻഡ്യാ രാജ്യത്ത് ഏതൊരു ആശയത്തിന്‍റെ പേരിലുള്ള സര്‍വ്വാധിപത്യവും തികഞ്ഞ ഫാസിസം തന്നെയായിരിക്കും. അതുകൊണ്ടാണ് തികച്ചും ജനാധിപത്യപരമായ ഒരു രാഷ്ട്ര നിര്‍മിതിക്കായി അദ്ദേഹം നിലകൊണ്ടത്. ഡോ. അംബേഡ്കര്‍ അദ്ദേഹത്തിന്‍റെ പൊതുജീവിതം ഏറ്റവും കൂടുതല്‍ വിനിയോഗിച്ചത് ജാതി വ്യവസ്ഥക്കെതിരെയും ആ വ്യവസ്ഥയുടെ ഇരകളായ മനുഷ്യര്‍ക്കും വേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ആയിരമാണ്ടിലധികം പഴക്കമുള്ള ജാതി വ്യവസ്ഥയിലെ ബലിയാടുകളോട് ഐക്യപ്പെട്ട് അംബേഡ്കര്‍ അവരോട് പറഞ്ഞത് ഒരു ബദല്‍ വംശീയ രാഷ്ട്രീയത്തെക്കുറിച്ചല്ല. മഹത്തായ ജനാധിപത്യത്തെക്കുറിച്ചാണ്.

ലോകചരിത്രത്തില്‍ സാമ്പത്തിക സമത്വത്തിന്‍റെ പേരിലല്ലാതെ അടിച്ചമര്‍ത്തലുകള്‍ക്കും പാര്‍ശ്വവത്കരണത്തിനും വിധേയരായ ജനതകള്‍ കമ്യൂണിസത്തെ ഗൗരവപരമായി കണ്ടിട്ടില്ല. സാമൂഹിക യാഥാര്‍ഥ്യങ്ങളെയും വസ്തുതകളേയും വിലയിരുത്തുന്നതില്‍ ഇൻഡ്യന്‍ കമ്യൂണിസം ആരംഭം മുതലേ ട്രാക്ക് മാറി ഓടിയ തീവണ്ടിയാണ്. വര്‍ണവെറിക്കെതിരായ ആഫ്രിക്കന്‍ വംശജരുടെ പോരാട്ടങ്ങള്‍, അവരുടെ സ്വത്വത്തെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട വെളുത്തവരുടെ വര്‍ണവെറിക്ക് ബദല്‍ കമ്യൂണിസമാണെന്ന് കറുത്തവര്‍ക്ക് തോന്നിയിരുന്നെങ്കില്‍ ആഫ്രിക്ക ഒരു ചുവന്ന ഭൂഖണ്ഡമാകുമായിരുന്നില്ലേ?

ഹിന്ദുത്വ ഹിംസാത്മകതയുടെ കാലത്ത് ഭരണഘടനയെ അവഹേളിച്ച് വായ്ത്താരികള്‍ എഴുന്നളളിക്കുന്ന വ്യാജ വിപ്ലവകാരികള്‍ യഥാര്‍ഥത്തില്‍ വളമിട്ട് വെള്ളമൊഴിക്കുന്നത് ഫാസിസ്റ്റുകള്‍ക്കാണ്. സമയകാല ബോധമില്ലാതെ രാഷ്ട്രീയ വിവരക്കേടുകള്‍ പുലമ്പുമ്പോള്‍ ആത്യന്തിക ഗുണം ലഭിക്കുക സംഘപരിവാറിനല്ലാതെ മറ്റാര്‍ക്കാണ്?

Top