ക്വീർ സമവാക്യങ്ങൾ: നീതി-ഭരണകൂടം-ഭാവി

മനുഷ്യാവകാശം എന്നതിലുപരി ജൈവികമോ അക്കാദമികമോ ആയ വ്യവഹാരങ്ങളിൽ ലൈംഗിക ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്താൻ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കാറില്ല. എന്തുകൊണ്ടാണ് കേരളം ട്രാൻസ് ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയത് എന്ന ചോദ്യം പ്രസക്തമാണ്. ‘നൽസാ വിധി’ക്ക് ശേഷം ഉയർന്നു വന്ന ചർച്ചകളെ തുടര്‍ന്നുണ്ടായ ഉണർവിൽ പല ട്രാൻസ് വ്യക്തികളും അവരുടെ ശക്തി തെളിയിച്ചു തുടങ്ങിയപ്പോൾ അതിനെ അംഗീകരിക്കുക എന്നത് ഭരണവര്‍ഗത്തെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയായി മാറി എന്നാണ് മനസ്സിലാക്കേണ്ടത്.

ഒരുപാടു കാലത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയിലെ  LGBTIQ അഥവാ ക്വീർ സമൂഹത്തെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വിധിയാണ്  ഇപ്പോൾ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളത്. പക്ഷേ ഇന്ത്യയിലും കേരളത്തിലും ഈ വിധി ഒരു മോചനവചനമായി സ്വാഗതം ചെയ്തു കാണുന്നില്ല. കാരണം മുൻകാല അനുഭവങ്ങൾ അത്രയും വലുതാണ്. ഒട്ടുമിക്ക ദേശരാഷ്ട്രങ്ങളെയും പോലെ സ്വാഭാവിക നീതി വിതരണം സാധ്യമല്ലാത്ത ഒരു രാജ്യമാണ് ഇന്ത്യ. ദലിതരെയും ആദിവാസികളെയും മുസ്‌ലിംകളെയും ട്രാൻസ് വ്യക്തികളെയും

ജാനറ്റ് മോക്ക്

ജാനറ്റ് മോക്ക്

സ്വവര്‍ഗാനുരാഗികളെയും അടിച്ചമര്‍ത്താന്‍ ഒരു നിയമവും അനുശാസിക്കുന്നില്ല. അരുത് എന്ന് നിയമമുണ്ടെങ്കിലും നീതി സ്വാഭാവികമാകണമെന്നില്ല. സുപ്രീംകോടതിയുടെ തന്നെ വിധി പ്രഖ്യാപനത്തിലെ നാഴികക്കല്ലായ ‘നൽസാ വിധി’ വന്നതിന് ശേഷം പോലീസിന്‍റെ പെരുമാറ്റ രീതികളില്‍ ആശാവഹമായ വല്ല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടോ? പിണറായി വിജയന്‍റെ പോലീസ് പോലും എങ്ങനെയാണ് പെരുമാറിയത് എന്ന് പരിശോധിച്ചാൽ എന്തുതരത്തിലുള്ള മാറ്റമാണ് പ്രായോഗികതലത്തില്‍ ഉണ്ടായതെന്ന് മനസ്സിലാവും. സ്വാഭാവിക നീതി കിട്ടും എന്നതിന്‍റെ ഭരണഘടനപരമായ ഉറപ്പാണ് ഈ വിധി എന്ന് പറയാം. സ്വവര്‍ഗാനുരാഗിയായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനവുമാണ്. കാരണം അത് അയാളുടെ ജീവനും അഭിമാനത്തിനും സംരക്ഷണം ഉറപ്പുനല്‍കുന്നുണ്ട്.

ഭരണകൂടം

ഭരണകൂടങ്ങൾ ഒരുകാലത്തും ലൈംഗിക ന്യൂനപക്ഷങ്ങൾക്കു അനുകൂലമായിരുന്നില്ല. മനുഷ്യാവകാശം എന്നതിലുപരി ജൈവികമോ അക്കാദമികമോ ആയ വ്യവഹാരങ്ങളിൽ ലൈംഗിക ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്താൻ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കാറില്ല. ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ അവര്‍ ഉയര്‍ന്നുവന്നില്ല എന്നതാവാം അതിന് കാരണം. എന്തുകൊണ്ടാണ് കേരളം ട്രാൻസ് ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയത് എന്ന ചോദ്യം പ്രസക്തമാണ്. ‘നൽസാ വിധി’ക്ക് ശേഷം ഉയർന്നു വന്ന ചർച്ചകളെ തുടര്‍ന്നുണ്ടായ ഉണർവിൽ പല ട്രാൻസ് വ്യക്തികളും അവരുടെ ശക്തി തെളിയിച്ചു തുടങ്ങിയപ്പോൾ അതിനെ അംഗീകരിക്കുക എന്നത് ഭരണവര്‍ഗത്തെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയായി മാറി എന്നാണ് മനസ്സിലാക്കേണ്ടത്. ഈ അനിവാര്യത പലപ്പോഴും പുരോഗമന പ്രസ്ഥാനം എന്ന പദവി ഊട്ടി ഉറപ്പിക്കാനാണ് ഉപയോഗിക്കപ്പെട്ടത്. അതുപക്ഷേ സമൂഹത്തിന്റെ നന്മയായി മാറുകയാണുണ്ടായത്. ഭാവിയിൽ ഇടതുപക്ഷം തന്നെ ഒരു ട്രാൻസ് ജെൻഡർ സ്ഥാനാർഥിയെ കൊണ്ടു വന്നാലും സന്തോഷമല്ലാതെ മറ്റൊന്നും ഉണ്ടാകില്ല. അതൊരിക്കലും അവരുടെ രാഷ്ട്രീയാധികാരത്തെ റദ്ദു ചെയ്തു കൊണ്ടാകരുത്.

ഇത്രയും കാലം ഈ രാജ്യത്തിന്‍റെ ഭരണനേതൃത്വത്തില്‍ സ്ത്രീകൾ വഹിച്ച പങ്കു പോലും വളരെ തുച്ഛമാണെന്നിരിക്കെ  ഇനി വരുന്ന ജെന്‍ഡര്‍ രാഷ്ട്രീയ സമവാക്യങ്ങൾ വളരെ പ്രധാനപെട്ടതാകും. നീതിയുടെ സ്വാഭാവിക വിതരണത്തിന് മുന്നിലെ ഏറ്റവും വലിയ പ്രായോഗിക ബുദ്ധിമുട്ട് പോലീസ് സംവിധാനം തന്നെയാണ്. പോലീസ് എത്ര മോശമായിട്ടാണ് അവരുടെ ആൺകോയ്മാ രാഷ്ട്രീയം ക്വീർ സമൂഹത്തിന്‍റെ മേൽ അടിച്ചേൽപ്പിക്കുന്നത്. എത്ര എളുപ്പത്തിലാണ് അവർ വിധി കല്‍പിക്കുന്നത്. ജീവിക്കാൻ നിവൃത്തിയും നിയമത്തിന്റെ പരിരക്ഷയും ഇല്ലാത്ത ആളുകളെ എത്ര നിസ്സാരമായാണ് അവര്‍ തല്ലി കൊല്ലുന്നത്. ഇവയോടുള്ള രാഷ്ട്രീയ സംഘടനകളുടെ മൗനം പോലും ശ്രദ്ധിക്കുക. ട്രാൻസ് ജെന്‍ഡര്‍ ആയ ചിലരെ പോലീസ്, പ്രത്യേകിച്ച് എറണാകുളത്ത് അനന്തലാൽ ഉൾപ്പെടെയുള്ളവരെ, നിയമവിരുദ്ധമായി മര്‍ദിച്ചപ്പോള്‍  ഇപ്പോൾ മെമ്പർഷിപ്പ് നൽകുകയും ജില്ലാ കമ്മിറ്റിയിൽ  സ്ഥാനം കൊടുക്കുകയും ചെയ്ത ഇടതു വിദ്യാർഥി പ്രസ്ഥാനങ്ങൾ സമരം ചെയ്തിരുന്നോ? അറസ്റ്റുു ചെയ്യപ്പെട്ടവരില്‍ വിദ്യാർഥികള്‍ അടക്കമുള്ളവര്‍ ഉണ്ടെന്നിരിക്കെ യുവജന കമ്മീഷൻ എന്തു നടപടിയാണ് സ്വീകരിച്ചത്? എന്തെങ്കിലും കാര്യം വരുമ്പോൾ ക്വീർ സംഘടനകൾ മാത്രമേ ഉണ്ടാവുകയുള്ളു എന്നതാണ് യാഥാര്‍ഥ്യം.

ജെന്‍ഡര്‍, കാമം, കുടുംബം, പ്രണയം

എന്താണ് ജെൻഡർ? എന്തുകൊണ്ടാണത് സെക്സ് അഥവാ ലിംഗത്തിൽ നിന്നും വ്യത്യാസപ്പെടുന്നത്? ഗൂഗ്‌ളോ വിക്കിപീഡിയയോ തപ്പി നോക്കേണ്ട കാര്യമില്ല, അറിയാവുന്ന ഒരാളോട് സംസാരിക്കേണ്ട ആവശ്യം മാത്രമേ ഉള്ളൂ. ജെൻഡർ എന്താണെന്ന് മനസ്സിലാക്കാന്‍ അതിന്റെ എല്ലാ വൈവിധ്യങ്ങളും മനസ്സിലാക്കണം. ഇവിടെ പക്ഷേ  പെട്ടെന്നുണ്ടായ വിപ്ലവകരമായ ചില ഇടപെടലുകളിൽ ട്രാൻസ് ജെന്‍ഡര്‍ എന്ന പദവി അല്ലെങ്കിൽ അവരുടെ അവകാശങ്ങൾ ചൊല്ലിയുള്ള ചർച്ചകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുകയാണുണ്ടായത്. തീര്‍ച്ചയായും അതൊരു നല്ലകാര്യം തന്നെയാണ്. അതേസമയം മലയാളികൾക്കും ഇന്ത്യക്കാർക്കും അത്ര സുപരിചിതമല്ലാത്ത ലൈംഗിക സ്വത്വങ്ങള്‍ ഇവിടെ ഒരുപാടുണ്ട്. അവരെ പലപ്പോഴും സംഘടനകളും മറ്റും സെമിനാറുകളില്‍ നിന്നും ചർച്ചകളിൽ നിന്നും പൂർണമായും ഒഴിവാക്കുന്ന അവസ്ഥയാണുള്ളത്.

ഇപ്പോൾ നടക്കുന്ന ചർച്ചകൾ തന്നെ ധാർമികത, നീതി, മതം എന്നിവയെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത്. മതം മാത്രമായിരുന്നു കാരണമെങ്കിൽ മതപഠനം സാധ്യമല്ലാത്ത പുരോഗമന ഇടങ്ങളിൽ പോലും വിവേചനം നേരിട്ട അനുഭവസ്ഥർ ധാരാളമുണ്ട്. ഉദാഹരണത്തിന്, സ്‌കൂൾ, കോളേജ് എന്നിവിടങ്ങളിലെ ജീവശാസ്ത്രപഠനത്തില്‍ പ്രത്യുല്‍പ്പാദനത്തെ കുറിച്ചല്ലാതെ മറ്റൊന്നും പറയുന്നില്ല.

ഇപ്പോൾ നടക്കുന്ന ചർച്ചകൾ തന്നെ ധാർമികത, നീതി, മതം എന്നിവയെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത്. മതം മാത്രമായിരുന്നു കാരണമെങ്കിൽ മതപഠനം സാധ്യമല്ലാത്ത പുരോഗമന ഇടങ്ങളിൽ പോലും വിവേചനം നേരിട്ട അനുഭവസ്ഥർ ധാരാളമുണ്ട്. ഉദാഹരണത്തിന്, സ്‌കൂൾ, കോളേജ് എന്നിവിടങ്ങളിലെ ജീവശാസ്ത്രപഠനത്തില്‍ പ്രത്യുല്‍പ്പാദനത്തെ കുറിച്ചല്ലാതെ മറ്റൊന്നും പറയുന്നില്ല.

കുടുംബം എന്നത് വളരെ വലുതും സങ്കീർണവുമായ ഏകകമാണ്. വ്യക്തി എന്ന മനസ്സിലാക്കൽ, സ്വഭാവം, ജീവിതരീതി, സാമൂഹിക ഇടം എന്നിവയൊക്കെ തന്നെ വ്യാപകമായി കുടുംബത്തെ ആശ്രയിച്ചാണിരിക്കുന്നത്. എല്ലാ കുടുംബവും പുരുഷ കേന്ദ്രീകൃത എതിര്‍ലിംഗ സംഭോഗതല്‍പരതയില്‍ അധിഷ്ഠിതമായതു കൊണ്ട് ഏതുതരത്തിലുള്ള വൈവിധ്യവും അവർ ഇല്ലാതാക്കാൻ നോക്കും. കുടുംബം എന്ന അടിസ്ഥാന ഏകകത്തിന് കോട്ടം വരാതെ സൂക്ഷിക്കും. ഈ വ്യവസ്ഥയില്‍ നിന്നും പുറത്താക്കപ്പെടുന്നവരാണ് LGBTIQ വ്യക്തികൾ. അത്രയധികം മാനസിക പ്രശ്നങ്ങൾ, ആത്മഹത്യകൾ, കൊലകൾ, ദുരഭിമാന നാടുകടത്തലുകൾ, ഇറങ്ങിപോക്കുകൾ തുടങ്ങിയ ഒരുപാട് പ്രശ്നങ്ങള്‍ അവര്‍ക്കിടയില്‍ നടക്കുന്നുണ്ട്. ഒരു സിസ് (പുരുഷൻ/സ്ത്രീ എന്ന ദ്വന്ദ്വ ലിംഗങ്ങളിൽ ഉള്ളവർ) ഹെട്രോസെക്ഷ്വൽ വ്യക്തിക്ക് ഓരോ ദിവസവും എഴുന്നേറ്റിരുന്ന് ‘ഹോ, ഞാൻ ജീവനോടെ ഉണ്ടല്ലോ’ എന്ന് നെടുവീർപ്പിടേണ്ട ആവശ്യമില്ല. എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം നേര്‍വിപരീതമാണ് അവസ്ഥ. അവിടെയാണ് ഈ വിധി ഫലത്തിലെങ്കിലും ആശ്വാസം തരുന്ന ഒന്നാവുന്നത്.

കുടുംബം നിലനിൽക്കുന്നത് ചില സദാചാര മൂല്യങ്ങളിൽ ഊന്നിയാണ്. ഇഷ്ടമുള്ള പുരുഷനെ തിരഞ്ഞെടുക്കാന്‍ പോലും ഇപ്പോഴും അവകാശമില്ലാത്ത ഇന്ത്യൻ മലയാളി സ്ത്രീകളുടെ അവസ്ഥ നമ്മൾ കാണുന്നതാണ്. മാട്രിമോണി പരസ്യം തന്നെ “ഞങ്ങൾ അവൾക്കായി കണ്ടെത്തി അനുയോജ്യനായ വരനെ” എന്നാണ്. നേരത്തെ വരച്ചുവെച്ച ഈ വരയിൽ കൂടി സഞ്ചരിക്കാത്തതു കൊണ്ടാണ്  സ്വവര്‍ഗാനുരാഗികള്‍ നിരന്തരം ക്രൂശിക്കപ്പെടുന്നത്. ‘അർബൻ ഗേ’ എന്നൊരു അവസ്ഥയുണ്ട്. നഗരത്തിലെ ആളുകൾക്ക് കൂടുതൽ വിദ്യഭ്യാസവും സ്വീകാര്യതയുമൊക്കെ ലഭിക്കുമ്പോള്‍ അവര്‍ സ്വാഭാവികമായും ക്വീര്‍ മുന്നേറ്റത്തിൽ കാണും. അതേസമയം സ്വന്തം വീട്ടിൽ പോലും ഒരക്ഷരം ഉരിയാടാനാകാതെ ഒരുമൂലയിലിരുന്ന് കരയാന്‍ മാത്രം വിധിക്കപ്പെട്ട ചിലരുമുണ്ട്. വിപരീത ലിംഗാനുരാഗികളായ രണ്ടു പേർക്കു പോലും കാമത്തിലും പ്രേമത്തിലും ഏര്‍പ്പെടാന്‍ സാധിക്കാത്ത ഒരു ഇന്ത്യന്‍ ധാര്‍മികത ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതിനെ അതിജീവിക്കാൻ കരുത്തുള്ളവര്‍ അപൂര്‍വമാണ്. സെക്സ് എന്നത് കുട്ടികൾ ഉണ്ടാകാനാണെന്ന് മാത്രം ധരിച്ചു വെച്ച, മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങളുണ്ടിവിടെ.

‘അർബൻ ഗേ’ എന്നൊരു അവസ്ഥയുണ്ട്. നഗരത്തിലെ ആളുകൾക്ക് കൂടുതൽ വിദ്യഭ്യാസവും സ്വീകാര്യതയുമൊക്കെ ലഭിക്കുമ്പോള്‍ അവര്‍ സ്വാഭാവികമായും ക്വീര്‍ മുന്നേറ്റത്തിൽ കാണും. അതേസമയം സ്വന്തം വീട്ടിൽ പോലും ഒരക്ഷരം ഉരിയാടാനാകാതെ ഒരുമൂലയിലിരുന്ന് കരയാന്‍ മാത്രം വിധിക്കപ്പെട്ട ചിലരുമുണ്ട്. വിപരീത ലിംഗാനുരാഗികളായ രണ്ടു പേർക്കു തന്നെ കാമത്തിലും പ്രേമത്തിലും ഏര്‍പ്പെടാന്‍ സാധിക്കാത്ത ഒരു ഇന്ത്യന്‍ ധാര്‍മികത ഇവിടെ നിലനില്‍ക്കുന്നുണ്ട്.

കാമം, പ്രണയം തുടങ്ങിയവ മനുഷ്യന്‍റെ അവകാശമാണ്. അത് അവർ തന്നെ നിർവചിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് ശരി. ഒരാളോടോ ഒന്നിലധികം ആളുകളോടോ പരസ്പര സമ്മതത്തോടെ ചെയ്യുന്ന ഒന്നും നിയമവിരുദ്ധം ആക്കേണ്ടതില്ല എന്നതൊരു നിലപാടാണ്. ഒരുകൂട്ടം ആളുകൾ ജീവനോടെ ഇരിക്കാൻ നമ്മൾ എടുക്കേണ്ടതായ നിലപാടാണത്. ഈ വിധി ഒരുപാടു പേരുടെ ജീവൻ രക്ഷിക്കുന്നത് പോലെ തന്നെ നഷ്ടപ്പെട്ട ഒരുപാടു ജീവനുകൾക്ക് ഒരു തരത്തിൽ മോക്ഷവും അവരോടുള്ള പ്രായശ്ചിത്തവുമാണെന്നു തന്നെയാണെന്ന് പലരും കരുതുന്നത്. ‌‌

എന്താണ് അടുത്ത ഘട്ടം?

ഇനി അടുത്തത് സ്വവര്‍ഗ വിവാഹമാണെന്ന് കരുതേണ്ടതില്ലെങ്കിലും ട്രാൻസ് ജെന്‍ഡര്‍ ബിൽ നടപ്പിലാക്കുകയാണ് പരമപ്രധാനം. ഇപ്പോഴുള്ള നയത്തെ ശക്തമായ നിയമനിർമാണത്തിലേക്ക് നീക്കുകയാണ് വേണ്ടത്. അമേരിക്കയിൽ ട്രാൻസ് സ്ത്രീകളിൽ പ്രമുഖയും ബ്ലാക്ക്

എം.കെ ബാലമോഹൻ

എം.കെ ബാലമോഹൻ

ആക്ടിവിസ്റ്റും കൂടിയായ ജാനറ്റ് മോക്ക് ഉയർത്തുന്ന ഒരു ചോദ്യമുണ്ട്. വെള്ളക്കാരായ ആണ്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് മാത്രമല്ല അവകാശങ്ങളുള്ളത്, ഏതു നിമിഷവും വെടിയേറ്റും ആക്രമിക്കപ്പെട്ടും കൊലചെയ്യപ്പെടാൻ സാധ്യത കൂടുതലുള്ള കറുത്തവര്‍ഗക്കാരായ ട്രാൻസ് സ്ത്രീകളുടെ ജീവനും വലുതാണെന്നും, അവരുടെ അവകാശസംരക്ഷണം ഉറപ്പുവരുത്തപ്പെടും വരെ പോരാട്ടം തുടരുമെന്നും ജാനറ്റ് മോക്ക് വ്യക്തമാക്കുന്നു. ഇവിടെ അത് ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്. ട്രാൻസ് സ്ത്രീകൾ കൊലചെയ്യപ്പെടാൻ പാടില്ല, അവരുടെ ജീവൻ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ദലിത് ബഹുജൻ ട്രാൻസ് ജെൻഡർ ആളുകൾ ആണെങ്കില്‍ കൊലചെയ്യപ്പെടാൻ കൂടുതല്‍ സാധ്യതയുണ്ട്. അപ്പോൾ ഇതാണ്‌ അടുത്ത നയം. വിവാഹം, കുട്ടികളെ എടുത്തു വളർത്തൽ തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഉടനെ വ്യക്തത വരും എന്നു തന്നെ പ്രതീക്ഷിക്കാം.

ഭാവി പരിപാടികള്‍

ഞാൻ ഒരു ജെന്‍ഡര്‍ ക്വീർ വ്യക്തിയാണ്. എന്‍റെ സ്വത്വം തുറന്നു പറയുന്നതിലും ബുദ്ധിമുട്ട് അതു മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിലാണ്. അടുത്ത പരിപാടികളിലും ചർച്ചകളിലും നമ്മൾ എല്ലാ ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളേയും ഉള്‍പ്പെടുത്തി തന്നെ മുന്നോട്ടു പോകണം. മഴവിൽ ബ്രാഹ്മണത്വം മാത്രമല്ല എന്നും ഉറപ്പു വരുത്തണം. പറയാനും പഠിപ്പിക്കാനും പ്രേമിക്കാനുമൊക്കെ ഒരുപാടുണ്ട്. അതിനെ കുറിച്ചെല്ലാം വഴിയേ സംസാരിക്കാം. ഇപ്പോൾ ആഹ്ലാദത്തിലാണ്. അടുത്ത ആഹ്ലാദത്തിനുള്ള വക ഉടനെ ഉണ്ടാവും എന്നു തന്നെ കരുതുന്നു. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിലും ജീവിക്കും പോരാടും. ജോലി ചെയ്തും അലസിയും ആടിയും പാടിയും കൈകൊട്ടിയും അങ്ങനെ പോവും. സഹികെട്ടാൽ ചിലപ്പോള്‍ പലായനം ചെയ്യാനും മടിക്കില്ല.

(ജെന്‍ഡര്‍ ക്വീർ ആക്ടിവിസ്റ്റും പെർഫോമറുമായ എം.കെ ബാലമോഹൻ തിരുവനന്തപുരം സ്വദേശിയാണ്.)

Top