കനയ്യ കുമാറിന്റെ സവര്‍ണ രാഷ്ട്രീയം: എ.ഐ.എസ്.എഫില്‍ നിന്ന് ഞാനെന്തു കൊണ്ട് രാജിവെക്കുന്നു?
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്കുള്ളിലെ ബ്രാഹ്മണാധിപത്യത്തെയും കനയ്യ കുമാറിന്റെ സംവരണവിരുദ്ധ സവര്‍ണ രാഷ്ട്രീയ നിലപാടുകളെയും ചോദ്യം ചെയ്ത്, സി.പി.ഐയുടെയും എ.ഐ.എസ്.എഫിന്റെയും പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവെച്ച ജെ.എന്‍.യു യൂണിറ്റ് സെക്രട്ടറി ജയന്ത് ജിഗ്യാസു, സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിക്ക് എഴുതിയ രാജി കത്ത്.
പ്രിയ സഖാവെ,
ലാല്‍ സലാം!
നിശ്ചിതമായ മൂല്യങ്ങളും ജനകേന്ദ്രീകൃത നയങ്ങളുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും എ.ഐ.എസ്.എഫ് എന്ന നമ്മുടെ സംഘടനയുടെയും അടിത്തറ. ജനങ്ങളുടെ യാതനകളെയും ആശങ്കകളെയും പ്രതീക്ഷകളെയും അഭിസംബോധന ചെയ്യുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. മുതലാളിത്തം അതിന്റെ ഉത്തുംഗതയില്‍ എത്തി നില്‍ക്കുന്ന, സര്‍വകലാശാലകള്‍ തന്ത്രപൂര്‍വം തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്ന, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഭരണഘടനാവകാശമായ സംവരണം തുറന്നാക്രമിക്കപ്പെടുന്ന, ഭരണഘടനയുടെ അന്തസത്ത അപകടത്തിലാക്കപ്പെടുന്ന, സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കേണ്ട ഈ ആഗോള പ്രതിസന്ധിഘട്ടത്തില്‍, നാം വ്യക്തിഗതവും സ്വാര്‍ഥവുമായ അജണ്ടകളുടെ പിറകെ പായുകയാണ്. നമ്മുടെ സംഘടനയുടെ ഘടനാപരമായ തകര്‍ച്ച യാദൃഛികമായി സംഭവിക്കുന്നതല്ല. മറിച്ച്, സംഘടനാ ഘടനയില്‍ വളരെ വ്യവസ്ഥാപിതമായി നടക്കുന്ന മേല്‍ജാതി ആധിപത്യത്തിന്റെ ഫലമായാണ് അത് സംഭവിക്കുന്നത്.
അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തെ അടിമപ്പണിക്കാരെ പോലെ കൈകാര്യം ചെയ്യുന്ന പ്രവണത സംഘടനയിലും പാര്‍ട്ടിയിലും വ്യാപകമായതായി കാണാന്‍ സാധിക്കും. കൊടി പിടിക്കാന്‍ ഒരു കൂട്ടരും, പേരും പ്രശസ്തിയും നേടാന്‍ മറ്റൊരു കൂട്ടരും. നിങ്ങള്‍ എത്രതന്നെ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും ശരി, നിഗൂഢലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ അല്‍പബുദ്ധികള്‍ നിങ്ങളെ അടിച്ചുവീഴ്ത്താന്‍ എല്ലായ്‌പ്പോഴും നീക്കങ്ങള്‍ നടത്തുന്നുണ്ട് എന്ന വസ്തുത, കാര്യങ്ങളെ ഏറ്റവും അടുത്തുനിന്ന് വീക്ഷിച്ച ഒരാളെന്ന നിലയില്‍, ഞാന്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുകയാണ്. അടിച്ചമര്‍ത്തപ്പെട്ടവരും ന്യൂനപക്ഷങ്ങളും ആരുടെ
നേതൃത്വത്തിന് കീഴിലും പണിയെടുക്കാന്‍ തയ്യാറാണ്, പക്ഷേ അടിച്ചമര്‍ത്തപ്പെടുന്നവരും ന്യൂനപക്ഷങ്ങളും നേതൃപദവിയിലേക്ക് കടന്നുവരുന്നത് മര്‍ദ്ദക വര്‍ഗം അംഗീകരിക്കാന്‍ തയ്യാറല്ല. രക്ഷപ്പെടാന്‍ കഴിയാത്തവിധം അതീവ സങ്കീര്‍ണമാണ് സംഘടനക്കുള്ളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അവഹേളന പ്രവര്‍ത്തനങ്ങള്‍. ഇത്തരമൊരു അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുക എന്നത് തികച്ചും ബുദ്ധിമുട്ടേറിയതും ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതുമാണ്.
ഫര്‍ക്കിയ പോലെയുള്ള അതീവ പിന്നോക്ക പ്രദേശങ്ങളില്‍ നിന്നും വരുന്ന മര്‍ദിത വിഭാഗ ഗ്രാമീണന്‍ ജെ.എന്‍.യു യൂണിറ്റ് സെക്രട്ടി ആയപ്പോഴും, സീമാഞ്ചലിലെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും വരുന്ന ഒരാള്‍ പ്രസിഡന്റായപ്പോഴും വളരെ മോശമായ രീതിയില്‍ അവര്‍ പരിഹസിക്കപ്പെട്ടു; ഒരു ‘നിസ്സഹകരണ പ്രസ്ഥാനം’ തന്നെ അവര്‍ക്കെതിരെ ഉയര്‍ന്നുവന്നു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തോളം സംഘടനക്ക് വേണ്ടി അഹോരാത്രം കഠിനാധ്വാനം ചെയ്തവര്‍ക്കെതിരെ എന്തുകൊണ്ടാണ് ചിലര്‍ ഗൂഢാലോചന നടത്തുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. വലതുപക്ഷ ചായ്‌വ് വെച്ചുപുലര്‍ത്തുന്ന, ‘ആളാവല്‍ സിന്‍ഡ്രേം’ (Attention Seeking Syndrome) പിടിപ്പെട്ട ഒരുകൂട്ടം ആളുകള്‍ നമ്മുടെ സംഘടനയിലുണ്ട്, ബഹുജന്‍ രാഷ്ട്രീയത്തെ തീവ്രമായി എതിര്‍ക്കുന്നവരാണ് അക്കൂട്ടര്‍, അതിനാല്‍ തന്നെ സംഘടനയുടെ ആന്തരഘടനയെ തകര്‍ക്കുന്ന പണിയാണ് അവര്‍ എടുത്തുകൊണ്ടിരിക്കുന്നത്. സംഘടനയെ നയിക്കാന്‍ ഒരു കളിപ്പാവയെയാണ് അവര്‍ക്കാവശ്യം, ആ പാവയാവട്ടെ, മര്‍ദ്ദക വിഭാഗത്തില്‍ നിന്നായിരിക്കുകയും വേണം!
ഇവിടെയാണ് ലെനിന്റെ വാക്കുകള്‍ പ്രസക്തമാവുന്നത്, ‘വ്യക്തിയെ മഹത്വവല്‍ക്കരിക്കുന്നതിനും, ഏതെങ്കിലുമൊരാള്‍ക്ക് ശ്രേഷ്ഠപദവി നല്‍കി ഉയര്‍ത്തികാട്ടുന്നതിനും എതിരെയായിരുന്നു നാം നമ്മുടെ ജീവിതത്തിലുടനീളം പോരാടിയത്. വീരപുരുഷ പട്ടം നല്‍കല്‍ വളരെക്കാലം മുന്‍പ് തന്നെ നമ്മള്‍ അവസാനിപ്പിച്ചിരുന്നെങ്കിലും ആ പ്രവണത വീണ്ടും പൊന്തിവന്നിരിക്കുകയാണ്: അതായത് ഒരു വ്യക്തിയെ മഹത്വവല്‍ക്കരിക്കല്‍. അതൊരു നല്ല കാര്യമല്ല. ഞാന്‍ എല്ലാവരെയും പോലൊരാള്‍ മാത്രമാണ്’.
രസകരമെന്ന് പറയട്ടെ, ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആരായിരുന്നാലും ശരി, അവര്‍ പിന്നെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ നിന്നും സ്വയം മാറിനില്‍ക്കുന്നത് കാണാം. എന്റെ അഭിപ്രായത്തില്‍, ജാതിയുമായി അല്ലെങ്കില്‍ വര്‍ഗവുമായി ബന്ധപ്പെട്ട ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് അതിന് കാരണം. താങ്കളടക്കം സന്നിഹിതനായിരുന്ന ഒരു യോഗമാണ് എനിക്കിപ്പോള്‍ ഓര്‍മവരുന്നത്. അവിടെ വെച്ച് സഖാവ് കനയ്യ താന്‍ ജെ.എന്‍.യുവിലെ എ.ഐ.എസ്.എഫിന്റെ ഭാഗമല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. എങ്ങനെയാണ് ഒരാള്‍ക്ക് യൂണിവേഴ്‌സിറ്റി യൂണിറ്റ് അംഗമല്ലാതിരിക്കുന്ന സമയത്ത് തന്നെ ദേശീയ കൗണ്‍സിലിന്റെ ഭാഗമാകാന്‍ കഴിയുന്നത്? എന്നെ അത്ഭുതപ്പെടുത്തി കൊണ്ട്, താങ്കള്‍ നിശബ്ദത പാലിക്കുകയാണ് ചെയ്തത്! ഇതൊരു വ്യക്തിപരമായ ആവലാതിയല്ല, മറിച്ച് താത്വികമായ എതിര്‍പ്പു മാത്രമാണ്. എന്നു മുതല്‍ക്കാണ് നമ്മുടെ അടിസ്ഥാന മൂല്യങ്ങള്‍ ഒരു വ്യക്തിയുടെ നിഴലിനു കീഴിലൊതുങ്ങിപ്പോയത്?
എന്നാല്‍, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, 2015-16 കാലയളവില്‍ യൂണിയനിലെ കൗണ്‍സിലറായിരുന്ന ദിലീപ് കുമാര്‍, അത്തരമൊരു പ്രമേയം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്ക് വെക്കുകയോ പാസാക്കുകയോ ചെയ്തിട്ടില്ലെന്ന് എന്നോട് പറഞ്ഞതോടെ ഞാന്‍ വീണ്ടും അതിശയപ്പെട്ടു. വഞ്ചിക്കപ്പെട്ടതായി എനിക്ക് തോന്നി! ഈ ആരോപണം താങ്കള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണം. കനയ്യയുടെ പ്രതിജ്ഞാബദ്ധതയിലും ഉദ്ദേശശുദ്ധിയിലുമാണ് തെറ്റുള്ളത്. ‘നമ്മുടെ പോക്കറ്റില്‍ നിന്നെടുത്ത് അവര്‍ക്ക് സംവരണം നല്‍കണോ?’ എന്ന് കനയ്യ പറഞ്ഞത് വ്യക്തമായി കേട്ടവരുണ്ട്. ഇത് നമ്മുടെ പാര്‍ട്ടിക്ക് ഒരുപാട് മാനക്കേടുണ്ടാക്കുകയും മറ്റുള്ളവരുടെ മുന്നില്‍ നാം കപടന്‍മാരായി ചിത്രീകരിക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. നമ്മള്‍ സംവരണ വിരുദ്ധരാണെന്ന് മുദ്രകുത്തപ്പെട്ടു, സത്യസന്ധരായ പ്രവര്‍ത്തകര്‍ നിരന്തരമായ അവഹേളനത്തിന് ഇരയായി. ‘പുറത്ത് ചുവപ്പും അകത്ത് കാവിയും’ കൊണ്ടു നടക്കുന്ന ഒരുപാടു പേരില്‍ ഒരാളാണ് അദ്ദേഹമെന്ന് തെളിയിക്കുക മാത്രമാണ് ഇതെല്ലാം ചെയ്യുന്നത്.
‘നമ്മുടെ പോക്കറ്റില്‍ നിന്നെടുത്ത് അവര്‍ക്ക് സംവരണം നല്‍കണോ?’ എന്ന് കനയ്യ പറഞ്ഞത് വ്യക്തമായി കേട്ടവരുണ്ട്. ഇത് നമ്മുടെ പാര്‍ട്ടിക്ക് ഒരുപാട് മാനക്കേടുണ്ടാക്കുകയും മറ്റുള്ളവരുടെ മുന്നില്‍ നാം കപടന്‍മാരായി ചിത്രീകരിക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. നമ്മള്‍ സംവരണ വിരുദ്ധരാണെന്ന് മുദ്രകുത്തപ്പെട്ടു, സത്യസന്ധരായ പ്രവര്‍ത്തകര്‍ നിരന്തരമായ അവഹേളനത്തിന് ഇരയായി. ‘പുറത്ത് ചുവപ്പും അകത്ത് കാവിയും’ കൊണ്ടു നടക്കുന്ന ഒരുപാടു പേരില്‍ ഒരാളാണ് അദ്ദേഹമെന്ന് തെളിയിക്കുക മാത്രമാണ് ഇതെല്ലാം ചെയ്യുന്നത്.
സഖാവെ, താങ്കളിതിനെ കുറിച്ച് ബോധവാനായിരുന്നോ ഇല്ലയോ എന്നെനിക്ക് അറിയില്ല. പക്ഷേ കനയ്യ കുമാര്‍, ലിബറലുകളുടെയും നിഷ്പക്ഷമതികളുടെയും അനുകമ്പ പിടിച്ചുപറ്റിയ ആ മനുഷ്യന്‍, മൊത്തം ജെ.എന്‍.യു സമൂഹത്തെയും വഞ്ചിച്ചിരിക്കുകയാണ്. നിര്‍ബന്ധ അറ്റന്‍ഡന്‍സ് നടപ്പാക്കി കൊണ്ടുള്ള വിദ്യാര്‍ഥി വിരുദ്ധ ഉത്തരവുകള്‍ക്കെതിരെ മൊത്തം യൂണിവേഴ്‌സിറ്റിയും പോരാടികൊണ്ടിരിക്കുന്ന വേളയില്‍, ഹാജര്‍ പട്ടികയില്‍ ആദ്യം പോയി ഒപ്പിട്ട വ്യക്തിയാണ് കനയ്യ കുമാര്‍. തന്നെ ദേശീയ വ്യവഹാര മണ്ഡലത്തിലേക്ക് ഉയര്‍ത്തിവിട്ട പ്രസ്ഥാനത്തോട് അദ്ദേഹം കൊടുംവഞ്ചന കാണിച്ചു. വലിയ മോദി വിമര്‍ശകനാണ് താനെന്നാണ് അദ്ദേഹത്തിന്റെ വാദം. മുന്‍ ജെ.എന്‍.എസ്.യു പ്രസിഡന്റ് ലെനിന്‍ അടക്കമുള്ളര്‍ അദ്ദേഹത്തിന്റെ നെറികെട്ട പ്രവര്‍ത്തിയെ അപലപിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ പരിഹസിക്കപ്പെട്ടതോടെ മൗനംപാലിക്കുകയല്ലാതെ വേറൊരു വഴിയും എന്റെ മുന്നിലില്ലായിരുന്നു.
അവരുടെ ‘അടച്ചിട്ട മുറിക്കുള്ളിലെ യോഗം’ കഴിഞ്ഞ് കൃത്യം ഒരു ദിവസത്തിന് ശേഷം, ബേഗുസരായില്‍ നിന്നുള്ള ബി.ജെ.പി എം.പി ഭോലാ സിംഗ് കനയ്യയെ ഭഗത് സിങ് എന്ന് വാഴ്ത്തിയതിനെ കുറിച്ച് താങ്കള്‍ ബോധവാനാകേണ്ടതുണ്ട്. എന്നു മുതല്‍ക്കാണ് നമുക്ക് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നത്? അവസരവാദവും ജാതിവാദികളുമായുള്ള സഖ്യവുമാണ് ഇതിലൂടെ പ്രകടമാവുന്നത്. കൂടാതെ, മഹാനായ ഭഗത് സിങിനോട് കാട്ടുന്ന വ്യക്തമായ അനാദരവും കൂടിയാണിത്. ഇതാണോ നമ്മുടെ പാരമ്പര്യം? ജില്ലാ കമ്മിറ്റിയുടെ തീരുമാനമില്ലാതെ സഖാവ് കെ. നാരായണ്‍ കനയ്യയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും അത്ഭുതമുളവാക്കുന്നതായിരുന്നു. എങ്ങനെയാണ് സഖാവ് കെ. നാരായണ്‍ അത്തരമൊരു തീരുമാനമെടുത്തതെന്നും സംഘടനാ ഘടനയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമായിരുന്നോ അതെന്നും അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. ഞാന്‍ ആരുടെയും സ്ഥാനാര്‍ഥിത്വത്തിന് എതിരല്ല, പക്ഷേ പാര്‍ട്ടിയുടെ അടിസ്ഥാന ജനാധിപത്യ മൂല്യങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ട്. ഇവിടെയാണ് ജൊനാഥന്‍ സ്വിഫ്റ്റിന്റെ വാക്കുകള്‍ പ്രസക്തമാവുന്നത്: ‘നിയമങ്ങള്‍ ചിലന്തിവല പോലെയാണ്, ചെറുപ്രാണികള്‍ അതില്‍ കുടുങ്ങുന്നു, വലിയവ രക്ഷപ്പെടുന്നു.’
സഖാവെ, പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ച് സി.പി.ഐ ‘കണ്‍ഫ്യൂസ്ഡ് പാര്‍ട്ടി ഓഫ് ഇന്ത്യ’ ആണെന്ന് കനയ്യ പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ? അത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ പാര്‍ട്ടിയെ വിവിധ വേദികളില്‍ പ്രതികൂട്ടിലാക്കി. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പ് ഉണ്ടാവുമെന്ന് എനിക്ക് പ്രതീക്ഷയില്ലായിരുന്നു, കാരണം ഒരു വ്യക്തിയാല്‍ വഞ്ചിക്കപ്പെടാന്‍ പാര്‍ട്ടി തന്നെ സ്വയം സമ്മതം മൂളിയിരിക്കുകയാണല്ലോ. പൊടുന്നനെ, നമ്മുടെ അടിസ്ഥാന മൂല്യങ്ങളെക്കാള്‍ പ്രധാന്യം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് കൈവന്നു. തല്‍പരകക്ഷികളെ തൃപ്തിപ്പെടുത്താന്‍ സംവരണം, ജനസൗഹൃദ നയങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ മാറ്റിവെക്കപ്പെട്ടു. ഈ സമീപനം എന്നില്‍ അതിയായ നിരാശയുണ്ടാക്കി.
നാം ആര്‍ക്കു വേണ്ടിയാണോ നിലകൊള്ളുന്നതെന്ന് അവകാശപ്പെടുന്നത്, അതേ തൊഴിലാളികളെയും കര്‍ഷകരെയും യുവതയെയും നമ്മള്‍ അപമാനിക്കുകയാണ്; വാക്കുകള്‍ക്ക് വിരുദ്ധമായാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍! നമ്മുടെ പാര്‍ട്ടി ആസ്ഥാനത്ത് പോലും, ശുചീകരണ തൊഴിലാളികളുടെ വേതനം വളരെ തുച്ഛമാണ്. സ്വന്തം മക്കളുടെ വിദ്യഭ്യാസ ആവശ്യങ്ങള്‍ നിവൃത്തിച്ച് കൊടുക്കാന്‍ പോലും ആ തുച്ഛമായ വരുമാനം കൊണ്ട് ഒരാള്‍ക്ക് കഴിയില്ല. രാം മനോഹര്‍ ലോഹ്യയെ കുറിച്ച് നാം ഒരുപാട് പറയാറുണ്ട്, പക്ഷേ പരസ്പര ബഹുമാനവും സാമ്പത്തിക നീതിയും ഉറപ്പുവരുത്താതെ എങ്ങനെയാണ് നമുക്ക് ഒരു സമത്വസുന്ദര ലോകം കെട്ടുപടുക്കാനാവുക?
ഒരു ദലിത് സമുദായാംഗത്തിന് നേതൃപദവി നല്‍കുന്നതിന് പാര്‍ട്ടിയെന്താണ് ഇപ്പോഴും വിമുഖത കാട്ടുന്നത്? പാര്‍ട്ടി മീറ്റിംങ്ങുകള്‍ നടത്താനും കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കാനും സഖാവ് ഡി രാജ മുന്‍നിരയിലുണ്ടാകുമെങ്കിലും നേതൃപദവിയുടെ ഏഴയലത്തേക്ക് അദ്ദേഹത്തെ അടുപ്പിക്കുകയില്ലെന്നതാണ് വസ്തുത. പാര്‍ട്ടി വേദികള്‍ പോലും ഒരു പ്രത്യേക ജാതി സംഘം കൈയ്യടക്കിവെച്ചിരിക്കുകയാണ്. ആ സംഘത്തിന് മാത്രമാണ് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുള്ളത്, അവര്‍ പറയുന്നത് മറുത്തൊന്നും പറയാതെ കേള്‍ക്കുക എന്ന കര്‍മം മാത്രമാണ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിനുള്ളത്. എന്നാണ് ഈ ബ്രാഹ്മണിക്കല്‍ ഘടന പൊളിച്ചടക്കാന്‍ സാധിക്കുക, അതോ ലോകാവസാനം വരെ ഈ അവസ്ഥ തുടരുമോ? ഒരു പ്രത്യേക ജാതിയിലുള്ളവരെ മാത്രമാണോ നമ്മള്‍ ബുദ്ധിജീവികളായി പരിഗണിക്കുക? കാലങ്ങളായി സാമൂഹിക മൂലധനമില്ലായ്മ അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് നേതൃപദവി കൈമാറാന്‍ ഇനിയും എത്ര നാള്‍ എടുക്കും? ഇനിയും എത്രനാള്‍ അവര്‍ തന്ത്രപരമായി മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടും?
ഒരു ദലിത് സമുദായാംഗത്തിന് നേതൃപദവി നല്‍കുന്നതിന് പാര്‍ട്ടിയെന്താണ് ഇപ്പോഴും വിമുഖത കാട്ടുന്നത്? പാര്‍ട്ടി വേദികള്‍ പോലും ഒരു പ്രത്യേക ജാതി സംഘം കൈയ്യടക്കിവെച്ചിരിക്കുകയാണ്. ആ സംഘത്തിന് മാത്രമാണ് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുള്ളത്, അവര്‍ പറയുന്നത് മറുത്തൊന്നും പറയാതെ കേള്‍ക്കുക എന്ന കര്‍മം മാത്രമാണ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിനുള്ളത്.
ദലിതര്‍, പിന്നോക്കക്കാര്‍, പസ്മാണ്ട വിഭാഗക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ അവകാശങ്ങള്‍ പരിഗണിക്കാതെ ജനോപകാരനയങ്ങള്‍ രൂപീകരിക്കാന്‍ ഒരിക്കലും സാധിക്കുകയില്ല. കാലമാണ് നമ്മെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നത്, 93 വയസ്സു പ്രായമുളള ഈ പാര്‍ട്ടി ‘ജയ് ഭീം’ എന്ന് ഉച്ചത്തില്‍ വിളിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതരായെങ്കില്‍, അതിനേക്കാളുച്ചത്തില്‍ ‘ജയ് മണ്ഡല്‍’ എന്ന് വിളിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതരാവുന്ന ഒരു കാലം വരിക തന്നെ ചെയ്യും. സമാധാനപരമായ സഹവര്‍ത്തിത്വം, ആനുപാതിക പ്രാതിനിധ്യം എന്നീ ആശയങ്ങളെ പാര്‍ട്ടി ആത്മാര്‍ഥമായി ബഹുമാനിക്കുന്നുണ്ടെങ്കില്‍, പതിവു പ്രാസംഗികരെ ശ്രോതാക്കളുടെ നിരയില്‍ ഇരുത്താനും, പതിവു ശ്രോതാക്കളെ പ്രാസംഗികരുടെ നിരയില്‍ ഇരുത്താനും പാര്‍ട്ടി ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ, പതിവു പ്രാസംഗികര്‍ പതിവു ശ്രോതാക്കളെ വേദിയിലേക്ക് ക്ഷണിക്കുകയും, അര്‍ദ്ധമനസ്സോടെയാണെങ്കിലും അവരെ ക്ഷമാപൂര്‍വം കേള്‍ക്കാനും തയ്യാറാവേണ്ടതുണ്ട്.
സംഘടനാ വിപുലീകരണം മുന്‍ഗണനാക്രമത്തില്‍ പിറകോട്ട് പോവുകയും, അതേസമയം സത്യസന്ധരും അധ്വാനശീലരുമായ പ്രവര്‍ത്തരെ പുറത്താക്കുന്നതിന് മുന്‍ഗണന
നല്‍കപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍, ദേശീയതലത്തില്‍ എ.ഐ.എസ്.എഫില്‍ നിന്ന് ചിലര്‍ രാജിവെച്ചൊഴിഞ്ഞതിനൊപ്പം തന്നെ, ബീഹാറിലെ ജില്ലാ സെക്രട്ടറിമാരില്‍ ഒരുപാടു പേര്‍ പാര്‍ട്ടി വിട്ടുപോവുകയുണ്ടായി. ഡല്‍ഹി സംസ്ഥാന നേതൃത്വത്തെ പൂര്‍ണമായി പിരിച്ചുവിട്ടത് മറക്കരുത്. വിയോജിപ്പിന്റെ സ്വരങ്ങളോട് അസഹിഷ്ണുത കാട്ടുന്ന പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിനോട് പലരും നെറ്റിചുളിച്ചു. ഈ തകര്‍ച്ചക്ക് കാരണക്കാരായ ആളുകളെ പാര്‍ട്ടി ഇപ്പോഴും തൊട്ടുതലോടി ലാളിക്കുന്നതാണ് എന്നെ അതിലേറെ അരിശം കൊള്ളിക്കുന്നത്. 2016-ല്‍, റാഹില പര്‍വീണ്‍, റൂബി സിങ് എന്നീ വനിതാ പ്രവര്‍ത്തകരോട് നമ്മുടെ ‘പ്രമുഖ വിദ്യാര്‍ഥി നേതാവ്’ മോശമായി പെരുമാറിയ സംഭവം നമുക്കുണ്ടാക്കിയ നാണക്കേട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. നമ്മുടെ അടിസ്ഥാന മൂല്യബോധ്യത്തെയും ലിംഗ നീതിയുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടിലെ കാപട്യത്തെയും തുറന്നുകാണിക്കുന്ന ഒരു സംഭവമായിരുന്നു അത്.
‘ബുദ്ധിമാന്മാരായ ആളുകളാല്‍’ മൊത്തം സംഘടനാ സംവിധാനവും ഹൈജാക്ക് ചെയ്യപ്പെടുന്ന ഈ കാലത്ത്, സംഘടന കേവലമൊരു ‘ഒറ്റയാള്‍ പ്രകടനത്തിലേക്ക്’ ചുരുക്കപ്പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. ‘അധികാര സന്തുലിതത്വം’ നടപ്പിലാക്കുന്നതിന്റെ പേരില്‍ എന്നെ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണ്. എനിക്ക് ശ്വാസംമുട്ടുന്നത് പോലെ തോന്നുന്നു. ഈ തെമ്മാടികളില്‍ നിന്നും എനിക്ക് ജീവന് ഭീഷണിയുണ്ട്. ഇവിടുത്തെ അവസ്ഥ വളരെയധികം കലുഷിതമാണ്. സെക്രട്ടറിയേറ്റിനെ ബൈപ്പാസ് ചെയ്ത്, തീരുമാനങ്ങളെല്ലാം വ്യക്തിപരമായാണ് എടുക്കപ്പെടുന്നത്. ദലിത്, പിന്നോക്ക, ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലെന്ന് തന്നെ പറയാം, അതേസമയം മേല്‍ജാതി ആധിപത്യം പാര്‍ട്ടിയെ പിടിമുറുക്കിയിരിക്കുകയാണ്. ചിലര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ തുല്ല്യരാവുന്ന ഇത്തരമൊരു അന്തരീക്ഷത്തില്‍ (dystopian environment), എന്തെങ്കിലും തരത്തിലുള്ള സംഘടനാ ഭാരവാഹിത്വം വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആത്മാഭിമാനം അടിയറവെക്കാനും ബ്രാഹ്മണിക്കല്‍ ദുശ്ശാഠ്യങ്ങളെ വെച്ചുപൊറുപ്പിക്കാനും ഞാന്‍ തയ്യാറല്ല. അതിനാല്‍, സി.പി.ഐയുടെയും എ.ഐ.എസ്.എഫിന്റെയും പ്രാഥമിക അംഗത്വത്തില്‍ നിന്നും ജെ.എന്‍.യു യൂണിറ്റ് സെക്രട്ടറി പദവിയില്‍ നിന്നും ഞാന്‍ രാജിവെച്ചൊഴിയുകയാണെന്ന് വിനീതമായി അറിയിക്കുന്നു.
വിശ്വസ്തതയോടെ,
ജയന്ത് ജിഗ്യാസു
ജെ.എന്‍.യു-വില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ജയന്ത് ജിഗ്യാസു.
മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: roundtableindia.co.in