നജ്മൽ ബാബുവിനെ ഓർക്കുമ്പോൾ: മരണാനന്തര ജീവിതവും മതേതരാനന്തര ജീവിതവും

ഒരു ഇസ്‌ലാം മതവിശ്വാസിയായി കൂടിയാണ് നജ്മൽ ബാബു മരണമടഞ്ഞത്. ആ വിശ്വാസം വ്യവസ്ഥാപിതമായ അര്‍ഥത്തില്‍ ആയിരിക്കണമെന്നില്ല എന്നു മാത്രം. അദേഹത്തിന്റെ ഭൗതിക ശരീരം കത്തിച്ചതിലൂടെ നഷ്ടപ്പെട്ടത് നജ്മൽ ബാബുവിന്റെ രാഷ്ട്രീയ തീരുമാനം മാത്രമല്ല, ഒരു മുസ്‌ലിമിന് മരണാനന്തരമുള്ള അവകാശങ്ങള്‍ കൂടിയാണ്. കോഴിക്കോട് ഇസ്‌ലാമിക്ക് യൂത്ത് സെന്ററിൽ സംഘടിപ്പിച്ച നജ്മൽ ബാബു അനുസ്‌മരണ പരിപാടിയിൽ ബി. എസ്. ബാബുരാജ് നടത്തിയ പ്രഭാഷണം.

ഞാന്‍ ജോയിച്ചേട്ടനെ ഏകദേശം ഇരുപതുകൊല്ലം മുന്‍പാണ് പരിചയപ്പെടുന്നത്. നേരിട്ട് പരിചയപ്പെടുന്നതിനു മുന്‍പു തന്നെ അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. അതെന്റെ സംഘടനയിലെ ഒരു സഖാവില്‍ നിന്നായിരുന്നു. ബുദ്ധിമാനായ ഒരു മനുഷ്യന്‍ കൊടുങ്ങല്ലൂരില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അവന്‍ എപ്പോഴും പറയും. സച്ചിദാനന്ദന്‍, കെ.ജി.എസ് തുടങ്ങിയ വലിയ ആളുകള്‍ക്ക് ബുദ്ധിപറഞ്ഞു കൊടുക്കുന്ന ആളെന്നാണ് ജോയിച്ചേട്ടനെ കുറിച്ച് അവന്‍ പറയുക. അത്തരത്തിലുള്ള ചില കേട്ടുകേള്‍വികള്‍ക്കു ശേഷമാണ് ജോയിച്ചേട്ടനെ നേരില്‍ പരിചയപ്പെടുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ വളരെ വിചിത്രനായ ഒരു മനുഷ്യന്‍ എന്ന തോന്നലാണ് അദ്ദേഹം എന്നിലുണ്ടാക്കിയത്. നക്സലൈറ്റായി ജീവിക്കുന്ന കാലത്തുതന്നെയാണ് അദ്ദേഹം മന്ത്രവാദം പഠിച്ചത് എന്ന ഒരു കേട്ടുകേള്‍വിയുണ്ട്. ഒരിക്കല്‍ അദ്ദേഹം നടന്നു പോകുമ്പോള്‍ വെള്ളത്തില്‍ വീഴാന്‍ പോവുകയും സുഹൃത്ത് കൈ പിടിച്ചതുകൊണ്ട് രക്ഷപ്പെടുകയും ചെയ്ത ഒരു സംഭവം ഉണ്ടായി. സുഹൃത്ത് ഷര്‍ട്ടില്‍ പിടിച്ചപ്പോള്‍ കൈയിലെ ഏലസ് പുറത്തുവന്നു. ഏലസുള്ളതു കൊണ്ട് രക്ഷപ്പെട്ടു എന്നായിരുന്നു ജോയിച്ചേട്ടന്റെ പ്രതികരണം. അദ്ദേഹത്തിന്റെ മരണശേഷം എന്റെ ഒരു സുഹൃത്ത് പറഞ്ഞ കഥയാണിത്. അത്തരം നിരവധി കഥകള്‍ അദ്ദേഹത്തെ കുറിച്ചുണ്ട്. വിശ്വാസത്തിന്റെ വൈവിധ്യങ്ങളിലൂടെ ധാരാളം കടന്നു പോയിട്ടുള്ള ആളാണ് ജോയിച്ചേട്ടന്‍. എം.എല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്തും അതൊക്കെ ജോയിച്ചേട്ടനിലുണ്ടായിരുന്നുവെന്നു തോന്നുന്നു.

ജോയിച്ചേട്ടനെപ്പോലുള്ള ഒരാളുടെ ഓര്‍മ്മകളിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം എടുത്ത രാഷ്ട്രീയ നിലപാടിനെ അടുത്തു നിന്നു പരിശോധിക്കുന്നതായിരിക്കും നല്ലത് എന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ മരണശേഷം നടന്ന ചര്‍ച്ചകളും സംഭവങ്ങളും പരിശോധിക്കുന്നതും അതിനു സഹായിക്കും. അതിനിടയില്‍ പറയട്ടേ, ജോയിച്ചേട്ടന്‍ എന്നു പറയുന്നതില്‍ ആരും പരിഭവിക്കേണ്ട, അതൊരു ശീലം മാത്രമാണ്. വര്‍ഷങ്ങളായി അങ്ങനെ വിളിച്ച് ഉറച്ചുപോയത്.

നമ്മുടെ ആലോചന തുടങ്ങുന്നതിനു മുന്‍പു തന്നെ ഒരു കാര്യം നാം മനസ്സിലാക്കണം. ജോയിച്ചേട്ടന്റെ മരണശേഷം നടന്ന പ്രശ്നങ്ങളില്‍, കൊടുങ്ങല്ലൂരിലെ എം.എല്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും പൊതുവില്‍ ഇടതുപക്ഷക്കാരും എടുത്ത നിലപാടുകള്‍ പുറത്തു പ്രചരിക്കുന്നതുപോലെ പൂര്‍ണ്ണമായും നിഷേധാത്മകമോ പൂര്‍ണ്ണമായും ജനാധിപത്യപരമോ ആയിരുന്നില്ല. വിവിധ പക്ഷത്തു നില്‍ക്കുന്നവരുടെ നിലപാടുകള്‍ക്കിടയില്‍ വലിയ വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നു. ആ നിലപാടുകള്‍ പരിശോധിക്കുകയാണെങ്കില്‍ മതേതര ചിന്തയുടെ ചില പ്രശ്നങ്ങള്‍ നമുക്ക് മുന്നില്‍ വെളിപ്പെടുന്നതു കാണാം. അതിനെക്കുറിച്ച് മാത്രം പരാമര്‍ശിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഡോക്ടര്‍ സെയ്ദിന്റെ ആശുപത്രിയില്‍ വെച്ചാണ് ജോയിച്ചേട്ടന്‍ മരണമടയുന്നത്. അദ്ദേഹത്തോട് വളരെ അടുത്ത ചിലരുടെ നിര്‍ദ്ദേശപ്രകാരമാണ് മൃതദേഹം ജോയിച്ചേട്ടന്റെ സഹോദരന്റെ വീട്ടിലേക്കു കൊണ്ടുപോകുന്നത്. ജോയിച്ചേട്ടന്റെ മരണാനന്തരച്ചടങ്ങുകള്‍ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് അപ്പോള്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിക്കുന്നുണ്ട്. മൃതശരീരം പള്ളിയില്‍ മറവുചെയ്യാം എന്നായിരുന്നു അപ്പോള്‍ അവിടെ കൂടിയിരുന്ന സുഹൃത്തുക്കള്‍ തീരുമാനിച്ചത്. അതേസമയം വീട്ടുകാര്‍ക്കും ഇടതുചിന്ത വെച്ചുപുലര്‍ത്തുന്ന അപൂര്‍വ്വം ചിലര്‍ക്കുമുണ്ടായിരുന്ന എതിര്‍പ്പ് അപ്പോള്‍ തന്നെ ഉയര്‍ന്നുവന്നിരുന്നു. എങ്കിലും പള്ളിയില്‍ അടക്കണമെന്ന ധാരണയോടെയാണ് പലരും അവിടെ നിന്ന് പിരിഞ്ഞുപോയത്.

പിറ്റേന്ന് ഏഴര എട്ടുമണിക്ക് ഞാന്‍ വീട്ടില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പ് സുഹൃത്തിന്റെ ഒരു ഫോണ്‍ വരികയും കാര്യങ്ങള്‍ മൊത്തം മാറിയിരിക്കുന്നുവെന്ന വിവരം അദ്ദേഹം അറിയിക്കുകയും ചെയ്തു. ജോയിച്ചേട്ടന്റെ സുഹൃത്തുക്കളെല്ലാവരും മൃതശരീരം പള്ളിയില്‍ അടക്കം ചെയ്യണം എന്ന കാര്യത്തില്‍ ഒരേ നിലപാടിലാണ്. വീട്ടുകാര്‍ എതിരാണ്. മറ്റൊന്നു കൂടി ഞങ്ങള്‍ക്ക് മനസ്സിലാക്കി. സി.പി.ഐയില്‍ നിന്നുള്ള ചില വിഭാഗങ്ങള്‍, പ്രത്യേകിച്ചും അവിടത്തെ എം.എല്‍.എയുമായി ബന്ധപ്പെട്ട ചിലര്‍ വീട്ടുകാര്‍ക്കൊപ്പമാണ്. നമ്മളോടൊപ്പം നില്‍ക്കുന്ന സമയത്തുതന്നെ അവര്‍ വീട്ടുകാരുമായി മറ്റൊരു ചര്‍ച്ചയും നടത്തുന്നുണ്ട്.

ഏകദേശം ഒരു പത്തുമണി കഴിയുമ്പോഴാണ് മൃതശരീരം യഥാര്‍ഥത്തില്‍ വീട്ടിലടക്കാനാണ് സാധ്യത എന്ന കാര്യം പുറത്തുവരുന്നത്. ഒരു കാര്യം നാം വേര്‍തിരിച്ചു മനസ്സിലാക്കണം. ജോയിച്ചേട്ടന്റെ സുഹൃത്തുക്കളായ മതേതര ബുദ്ധിജീവികള്‍ ഒന്നടങ്കം മൃതശരീരം പള്ളിയില്‍ അടക്കം ചെയ്യുന്നതിനെതിരായിരുന്നു എന്ന പ്രചരണം ശരിയല്ല. ആദ്യഘട്ടത്തില്‍ സച്ചിദാനന്ദനായാലും കെ.ജി.എസ്സായാലും പള്ളിയില്‍ അടക്കം ചെയ്യണമെന്ന നിലപാടാണ് എടുത്തത്. സച്ചിദാനന്ദനും കെ.ജി.എസ്സും മൃതശരീരം പള്ളിയിലടക്കുകയാണ് വേണ്ടതെന്ന സന്ദേശം സഹോദരന് അയക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ആദ്യം മുതല്‍ക്കു തന്നെ വീട്ടുകാരോടൊപ്പം നിന്നിരുന്ന ഇടതുപക്ഷക്കാര്‍ തന്നെയായ ചിലരുടെ ഇടപെടലുകളുണ്ടാവുന്നത്. സ്വാഭാവികമായും ഇതൊരു പ്രതിസന്ധി സൃഷ്ടിച്ചു.

ഈ സന്ദര്‍ഭത്തിലാണ് ‘സമവായം’ എന്ന വാദം ഉയര്‍ന്നുവരുന്നത്. പ്രതിസന്ധിയുടെ പരിഹാരമായി അവര്‍ ഉപയോഗിച്ച വാക്ക് അതായിരുന്നു. ജോയിച്ചേട്ടന്‍ കുറേകാലം എച്ച്.സി.ഐ (ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) എന്ന സ്ഥാപനത്തിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഒരു രണ്ടാം വീട് പോലെയുള്ള ഒരു ഇടമാണ് അത്. ഒന്നാലോചിച്ചാല്‍ രണ്ടാം വീടല്ല, ഒന്നാം വീടുതന്നെ. രാത്രി അദ്ദേഹം പ്രവേശിച്ച് കതകടച്ച് കഴിഞ്ഞാന്‍ പിന്നെ ജോയിച്ചേട്ടനെ കാണണമെങ്കില്‍ പിറ്റേ ദിവസം അദ്ദേഹം തന്നെ വാതില്‍ തുറക്കണം. അതിനിടയില്‍ തട്ടിയാലും മുട്ടിയാലുമൊന്നും വാതില്‍ തുറക്കില്ല. ജോയിച്ചേട്ടന്റെ മരണത്തിന് കാരണമാവുന്നതും അദ്ദേഹത്തിന്റെ ആ രീതിയായിരുന്നു. അദ്ദേഹം തലേദിവസം അവിടെ അസുഖം മൂലം വീണുപോയിരുന്നു. അക്കാര്യം ആരും അറിഞ്ഞില്ല. പിറ്റേ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനായത്.

വീടിനു പകരം എച്ച്.സി.ഐ ആയിരുന്നു സുഹൃത്തുക്കള്‍ മുന്നോട്ടുവച്ച സമവായം. അപ്പോള്‍ ആദ്യഘട്ടത്തില്‍ രാഷ്ട്രീയമായ ഒരു നിലപാട് എന്ന രീതിയില്‍ അവര്‍ പള്ളിയില്‍ അടക്കണം എന്നു പറയുകയും രണ്ടാം ഘട്ടത്തില്‍ വീട്ടുകാരില്‍ നിന്നും ചില ഇടതുപക്ഷക്കാരില്‍ നിന്നും ചെറിയൊരു പ്രതിരോധം വന്നപ്പോഴേക്കും അവരെല്ലാവരും എച്ച്.സി.ഐ പക്ഷക്കാരായി മാറുകയും ചെയ്തു. ഇത് കൂടുതല്‍ തര്‍ക്കത്തിനു കാരണമായി.

എച്ച്.സി.ഐ ഓപ്ഷന്‍ പക്ഷേ, നമ്മളെല്ലാവരും കേട്ടപാടെ തള്ളിക്കളഞ്ഞു. അതേസമയം ഒന്നു പറയണം. പുറത്തുനിന്ന് കാണുന്ന പോലെയല്ല കാര്യങ്ങള്‍. ഈ തര്‍ക്കത്തില്‍ പള്ളിയുടെ പക്ഷത്തും എതിര്‍പക്ഷത്തും നിന്നവര്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെട്ടവര്‍ മാത്രമല്ല. അതില്‍ സി.പി.എമ്മുകാരും സി.പി.ഐക്കാരും കോണ്‍ഗ്രസുകാരുമൊക്കെയുണ്ട്. നാമത് വേര്‍തിരിച്ചു മനസ്സിലാക്കണം. സി.പി.എമ്മില്‍ പെട്ട ചെറുപ്പക്കാര്‍, കോണ്‍ഗ്രസ്സില്‍ പെട്ട ചെറുപ്പക്കാര്‍ എല്ലാവരും ഈ പ്രശ്നത്തില്‍ നിലപാടെടുത്തിരുന്നു. നിലപാടുകള്‍ സമ്മിശ്രമായിരുന്നു. ഒരു വിഭാഗം മുഴുവന്‍ ഇവിടെ, ഒരു വിഭാഗം മുഴുവന്‍ അവിടെ അങ്ങനെയൊരു പ്രശ്നം യഥാര്‍ഥത്തില്‍ കൊടുങ്ങല്ലൂരില്‍ ഇല്ലായിരുന്നു. ഉദാഹരണത്തിന് സി.പി.എമ്മില്‍ തന്നെ പെട്ട ഞങ്ങളുടെ സുഹൃത്ത് ഫാരിസ് ഈ പ്രശ്നത്തില്‍ പള്ളിയില്‍ അടക്കണമെന്ന് ശക്തമായി വാദിച്ച ആളാണ്. എം.എല്‍.എയുമായും മറ്റു ആളുകളുമായിട്ടൊക്കെ തന്നെ തര്‍ക്കിച്ച് നിന്ന ആള്‍ ശരിക്കും ഫാരിസാണ്. ഫാരിസ് ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തകനാണ്. നമ്മളതും മനസ്സിലാക്കണം.

സി.പി.എമ്മില്‍ പെട്ട ചെറുപ്പക്കാര്‍, കോണ്‍ഗ്രസ്സില്‍ പെട്ട ചെറുപ്പക്കാര്‍ എല്ലാവരും ഈ പ്രശ്നത്തില്‍ നിലപാടെടുത്തിരുന്നു. നിലപാടുകള്‍ സമ്മിശ്രമായിരുന്നു. ഒരു വിഭാഗം മുഴുവന്‍ ഇവിടെ, ഒരു വിഭാഗം മുഴുവന്‍ അവിടെ അങ്ങനെയൊരു പ്രശ്നം യഥാര്‍ഥത്തില്‍ കൊടുങ്ങല്ലൂരില്‍ ഇല്ലായിരുന്നു. ഉദാഹരണത്തിന് സി.പി.എമ്മില്‍ തന്നെ പെട്ട ഞങ്ങളുടെ സുഹൃത്ത് ഫാരിസ് ഈ പ്രശ്നത്തില്‍ പള്ളിയില്‍ അടക്കണമെന്ന് ശക്തമായി വാദിച്ച ആളാണ്.

എന്തുകൊണ്ടാണ് എച്ച്.സി.ഐ? വീടുണ്ട്, പള്ളിയുണ്ട്, എച്ച്.സി.ഐ ഉണ്ട്. മൂന്ന് ഓപ്ഷനാണ് മുന്നിലുള്ളത്. അടുത്തുനിന്നു പരിശോധിച്ചാല്‍ രണ്ട് ഓപ്ഷനേയുള്ളൂ. വീട് അല്ലെങ്കില്‍ പള്ളി. അതിനിടയിലുള്ള സമവായമാണ് എച്ച്.സി.ഐ. ഈ തിരഞ്ഞെടുപ്പ് നമ്മുടെ മതേതരചിന്തയുടെ ഒരു പ്രശ്നമായി മനസ്സിലാക്കണം. മതപരതയെ നാം ഭയത്തോടെയാണ് സമീപിക്കുന്നത്. ഇടതുപക്ഷത്തിന് അതിന്നും ഒരു പ്രശ്നമാണ്. ജോയിച്ചേട്ടന്റെ കാര്യത്തില്‍ എച്ച്.സി.ഐ ഓപ്ഷന്‍ വന്നത് എന്തുകൊണ്ടാണെന്ന് സൈമണ്‍ മാഷുടെ കാര്യം നോക്കിയാല്‍ മനസ്സിലാകും. അവിടെ തര്‍ക്കം വന്നപ്പോള്‍ പ്രതിസന്ധി പരിഹാരമായി മുന്നോട്ടു വെക്കപ്പെട്ടത് മെഡിക്കല്‍ കോളേജാണ്. മെഡിക്കല്‍ കോളേജ് മുന്നോട്ടു വരുന്നതെങ്ങനെയാണ്? അവര്‍ക്കത് മതേതര ഇടമായിട്ടാണ് (Secular Space) തോന്നുന്നത്. വീടും മെഡിക്കല്‍ കോളേജും മതേതര ഇടങ്ങളാണ്. ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിറ്റൂട്ട് എന്ന പൊതുസ്ഥാപനവും മതേതര ഇടമാണ്. പക്ഷേ, പള്ളി അങ്ങനെയല്ല. അപ്പോള്‍ പ്രതിസന്ധി വന്നപ്പോള്‍ പള്ളി എന്ന ഓപ്ഷന്‍ മാറ്റാന്‍ അവര്‍ തയ്യാറാവുന്നു. യഥാര്‍ഥത്തില്‍ അതൊരു സെക്കുലര്‍ ഓപ്ഷനാണ്. മതപരതയെ എങ്ങനെ മനസ്സിലാക്കും എന്നുള്ള മതേതരത്വത്തിന്റെ പ്രശ്നവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇത് മനസ്സിലാക്കേണ്ടത്.

പള്ളിയില്‍ അടക്കം ചെയ്യാനായി നിങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ ഞങ്ങളെ വേണ്ടവിധം അറിയിച്ചില്ലെന്നും അറിയിച്ചിരുന്നെങ്കില്‍ ഞങ്ങളും സഹകരിക്കുമായിരുന്നു എന്നും ഒരാള്‍ എന്നോടു പറയുകയുണ്ടായി. അദ്ദേഹം കളളം പറയുകയായിരുന്നില്ല. പള്ളിയില്‍ മറവുചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ വാളില്‍ ഇങ്ങനെ എഴുതി: “ജോയിച്ചേട്ടന്‍ യഥാര്‍ഥത്തില്‍ വിശ്വാസിയായിരുന്നില്ല. അദ്ദേഹം അവിശ്വാസിയായിരുന്നു. മാത്രമല്ല അദ്ദേഹം ഒരു രാഷ്ട്രീയ തീരുമാനം എന്ന രീതിയില്‍ മതത്തെ സ്വീകരിക്കുകയാണ് ചെയ്തത്.” ഇത് ആ സുഹൃത്തിന്റെ മാത്രമല്ല, മറ്റു പലരുടെയും നിലപാടാണ്. ഇതും പ്രശ്നകലുഷിതമായ നിലപാടാണ്. ‘മതേതര’നായ മനുഷ്യന് വിശ്വാസിയായിരിക്കാന്‍ സാധ്യമല്ലേ? അവരെ സംബന്ധിച്ചിടത്തോളം രണ്ടു പ്രശ്നങ്ങളാണ് ഉള്ളത്. ഒന്ന് ജോയിച്ചേട്ടനെപ്പോലെയുള്ള ആള്‍, കുറേകാലം തങ്ങളുടെ നേതാവായിരുന്ന ആള്‍, വിശ്വാസിയായി മാറുമ്പോള്‍ അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കുമുണ്ടാകാനിടയുള്ള സംഭ്രമം. ജോയിച്ചേട്ടന്റെ രാഷ്ട്രീയ തീരുമാനമാണ് മതംമാറ്റം. അതുകൊണ്ട് മൃതശരീരം പള്ളിയില്‍ തന്നെയാണ് മറവുചെയ്യേണ്ടത്. തങ്ങളുടെ നിലപാടും അതുതന്നെ. ഇതുപറയുന്ന അതേസമയം മറ്റൊന്നു കൂടി അവര്‍ പറയാന്‍ ശ്രമിച്ചു. ഇതവര്‍ തങ്ങള്‍ വിളിച്ചുചേര്‍ത്ത കൂട്ടായ്മകളിലും പലവുരു ആവര്‍ത്തിച്ചു. അതായത് ഇതൊക്കെയാണെങ്കിലും ടി.എന്‍ ജോയി വിശ്വാസിയായിരുന്നില്ല, പ്രത്യേകിച്ച് മുസ്‌ലിമായ വിശ്വാസിയായിരുന്നില്ല.

വീടും മെഡിക്കല്‍ കോളേജും മതേതര ഇടങ്ങളാണ്. ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിറ്റൂട്ട് എന്ന പൊതുസ്ഥാപനവും മതേതര ഇടമാണ്. പക്ഷേ, പള്ളി അങ്ങനെയല്ല. അപ്പോള്‍ പ്രതിസന്ധി വന്നപ്പോള്‍ പള്ളി എന്ന ഓപ്ഷന്‍ മാറ്റാന്‍ അവര്‍ തയ്യാറാവുന്നു. യഥാര്‍ഥത്തില്‍ അതൊരു സെക്കുലര്‍ ഓപ്ഷനാണ്. മതപരതയെ എങ്ങനെ മനസ്സിലാക്കും എന്നുള്ള മതേതരത്വത്തിന്റെ പ്രശ്നവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇത് മനസ്സിലാക്കേണ്ടത്.

ചില ആവശ്യങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ കുറച്ചുപേര്‍ ഡോ. സെയ്ദിനെ കാണുകയുണ്ടായി. അദ്ദേഹം ചേരമാന്‍ പള്ളിയുടെ ഭാരവാഹിയാണ്. ജോയിച്ചേട്ടന്റെ പ്രതീകാത്മക ഖബര്‍ പള്ളിയില്‍ നിര്‍മിക്കാന്‍ കഴിയുമോ എന്നറിയാനായിരുന്നു ഞങ്ങളവിടെ ചെന്നത്. അപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്. തന്റെ മൃതശരീരം പള്ളിയില്‍ മറവുചെയ്യണമെന്ന ആവശ്യമായി ജോയിച്ചേട്ടന്‍ സമീപിക്കുമ്പോള്‍ അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു. ആ കത്തും ആ മട്ടിലായിരുന്നു. ഞങ്ങളറിഞ്ഞിടത്തോളം അദ്ദേഹം രണ്ടു കത്തുകള്‍ കൊടുത്തിട്ടുണ്ട്. ആദ്യത്തെ കത്ത് ‘അവിശ്വാസി’യായ ജോയിച്ചേട്ടനാണ് കൊടുക്കുന്നത്, രണ്ടാമത്തെ കത്ത് അവിശ്വാസിയാണോ വിശ്വാസിയാണോ എന്ന് തെളിച്ചുപറയാത്തതും. ഡോക്ടര്‍ സെയ്ദ് പറയുന്നത്, അദ്ദേഹം ആദ്യഘട്ടത്തില്‍ ‘അവിശ്വാസി’യായിട്ടാണ് ഈ ആവശ്യവുമായി വന്നതെങ്കിലും പിന്നീട് ആത്മീയതയോട് വളരെ അടുത്തതായാണ് മനസ്സിലായതെന്നാണ്. തൊണ്ണൂറുകളിലദ്ദേഹം ഖുര്‍ആന്‍ പഠിക്കാന്‍ പോയതിനെക്കുറിച്ച് കഴിഞ്ഞാഴ്ച്ച ഒരാളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി.

എന്നെ സംബന്ധിച്ചിടത്തോളം ജോയിച്ചേട്ടന്റെ കാര്യത്തില്‍ ഇതൊന്നും അത്ഭുതമല്ല. കാരണം ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ഏലസ്സു കെട്ടിയിതിനാലാണ് വെള്ളത്തില്‍ വീഴാതെ രക്ഷപ്പെട്ടതെന്ന് ജോയിച്ചേട്ടന്‍ വിശ്വസിച്ചിരുന്നല്ലോ. ഇതൊക്കെയുള്ളപ്പോഴാണ് ടി എന്‍ ജോയി അവിശ്വാസിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ മതേതരരായ സുഹൃത്തുക്കള്‍ പാടുപെടുന്നത്. അത് തെളിയിക്കുക എന്നത് ഒരു അടിയന്തരപ്രശ്നമാവാത്ത ഒരു സമയത്താണ് അതെന്നും ഓര്‍ക്കണം. അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ കുറിച്ച് പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചത് വിശ്വാസികളല്ല, അവിശ്വാസികളായിരുന്നുവെന്നും നാം മനസ്സിലാക്കണം.

രാഷ്ട്രീയം പ്രഖ്യാപിച്ചുകൊണ്ടുള്ള ആദ്യ കത്തിനു ശേഷം കുറേ വര്‍ഷങ്ങള്‍ കടന്നുപോയിട്ടുണ്ട്. ആ അഞ്ചു കൊല്ലം കൊണ്ട് അദ്ദേഹം വിശ്വാസത്തിലേക്കും കൂടി കടന്നുവന്നിരുന്നു. അതിനര്‍ഥം അദ്ദേഹത്തിന്റേത് രാഷ്ട്രീയപരമായ ഒരു നിലപാട് മാത്രമായിരുന്നില്ല, മറിച്ച് മതപരമായതു കൂടിയായിരുന്നു എന്നാണ്. അങ്ങനെയെങ്കില്‍ നാമതിനെ വേര്‍തിരിച്ചു കാണേണ്ട കാര്യമില്ല. ഒരു വിശ്വാസിയായി കൂടിയാണ് ജോയിച്ചേട്ടന്‍ മരണമടഞ്ഞത്. ആ വിശ്വാസം വ്യവസ്ഥാപിതമായ അര്‍ഥത്തില്‍ ആയിരിക്കണമെന്നില്ല എന്നു മാത്രം. അപ്പോള്‍ നഷ്ടപ്പെട്ടത് രാഷ്ട്രീയ തീരുമാനം മാത്രമല്ല, ഒരു മുസ്‌ലിമിന് അദ്ദേഹത്തിന്റെ മരണാനന്തരമുള്ള അവകാശങ്ങള്‍ കൂടിയാണ്.

ആദ്യത്തെ കത്ത് ‘അവിശ്വാസി’യായ ജോയിച്ചേട്ടനാണ് കൊടുക്കുന്നത്, രണ്ടാമത്തെ കത്ത് അവിശ്വാസിയാണോ വിശ്വാസിയാണോ എന്ന് തെളിച്ചുപറയാത്തതും. ഡോക്ടര്‍ സെയ്ദ് പറയുന്നത്, അദ്ദേഹം ആദ്യഘട്ടത്തില്‍ ‘അവിശ്വാസി’യായിട്ടാണ് ഈ ആവശ്യവുമായി വന്നതെങ്കിലും പിന്നീട് ആത്മീയതയോട് വളരെ അടുത്തതായാണ് മനസ്സിലായതെന്നാണ്. തൊണ്ണൂറുകളിലദ്ദേഹം ഖുര്‍ആന്‍ പഠിക്കാന്‍ പോയതിനെക്കുറിച്ച് കഴിഞ്ഞാഴ്ച്ച ഒരാളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി.

നമ്മുടെ മതേതര ബുദ്ധിജീവികളില്‍ നിന്ന് നേരത്തെ സൂചിപ്പിച്ചതുപോലുള്ള വിശകലനങ്ങള്‍ കടന്നുവരുന്നതിന് ചില കാരണങ്ങളുണ്ട്. അതു നമ്മുടെ തന്നെ പ്രശ്നമാണ്. നാം ഏതു പ്രശ്നത്തെയും മനസ്സിലാക്കുന്നത് നമ്മുടെ ചരിത്രത്തില്‍ നിന്നാണ്. മതംമാറ്റത്തെയും മനസ്സിലാക്കുന്നത് അങ്ങനെത്തന്നെ. മതംമാറ്റം എല്ലായ്പ്പോഴും ജാതിക്കെതിരെ നടന്ന ഒരു പോരാട്ടമായാണ് കാണുന്നത്. മതംമാറ്റത്തിന്റെ ചരിത്രം അങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത്. ഞാന്‍ ഈഴവ സമൂഹത്തില്‍ നിന്ന് വരുന്നയാളാണ്. ധാരാളം മതംമാറ്റങ്ങളുടെ ചരിത്രം ഈഴവ സമൂഹത്തിനുണ്ട്. ഇസ്‌ലാമിലേക്ക് മാത്രമല്ല, ക്രിസ്തുമതത്തിലേക്കും ബുദ്ധമതത്തിലേക്കും ഒക്കെ ഓടിക്കേറിയ ഒരു വിഭാഗമാണ് അത്. ഇതും എഴുതപ്പെട്ടിട്ടുള്ളത് ജാതിക്കെതിരേയുള്ള പോരാട്ടമെന്ന നിലയിലാണ്. തീര്‍ച്ചയായും ആ ഘടകം മതംമാറ്റത്തില്‍ പ്രബലമാണ്. പക്ഷേ, മതംമാറ്റത്തിന് ഈയൊരു ഘടകം മാത്രമേയുള്ളൂ എന്നു പറയാമോ? മതംമാറ്റം എല്ലായ്പ്പോഴും ഒരു പ്രതിഷേധം (protest) മാത്രമായിരുന്നോ?

മതംമാറ്റത്തിന് പ്രതിഷേധത്തിന്‍റെ ചരിത്രം മാത്രമല്ല ഉള്ളത്. 1840-കള്‍ക്കു ശേഷം മലബാറില്‍ പ്രവര്‍ത്തനമാരംഭിച്ച ബാസല്‍ ഇവാഞ്ചലിക്ക് മിഷന്റെ ചരിത്രം ഒരിക്കല്‍ ഞാന്‍ പരിശോധിക്കുകയുണ്ടായി. 1930കളിലോ മറ്റോ എഴുതിയ ഒരു ഗ്രന്ഥമായിരുന്നു അത്. ആദ്യ ഘട്ടത്തില്‍ നടന്ന പല മതംമാറ്റങ്ങള്‍ക്കും അങ്ങനെയല്ലാത്ത നിരവധി സംഭവങ്ങള്‍ നമുക്കു കാണാം. ഒരു കുടുംബത്തിലെ സ്ത്രീകള്‍ മതംമാറുന്നതും സ്ത്രീകളും അവരുടെ ചില മക്കളും മാത്രം മതം മാറുന്നതും കുടുംബക്കാര്‍ ബലം പ്രയോഗിച്ച് തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ഒക്കെയായ ഒന്നിലേറെ സംഭവങ്ങള്‍ എന്റെ ശ്രദ്ധയില്‍പെടുകയുണ്ടായി. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയെ കുറിച്ചു പറയുന്ന കഥകളില്‍ തന്നെ ഇത്തരം ഘടകങ്ങള്‍ കാണാം. അതേ കുറിച്ച് രണ്ടു കഥകളാണല്ലോ പ്രശസ്തമായത്. അതില്‍ ഒരു കഥ ഒരു

ബി.എസ്. ബാബുരാജ്

ബി.എസ്. ബാബുരാജ്

സ്വപ്നവ്യാഖ്യാനവുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റൊന്ന് ചെയ്യാന്‍ പാടില്ലാത്ത ഒരു കൊലപാതകത്തിന്റെ പാപപരിഹാരത്തിന് ഉതകുന്ന മതത്തെ കുറിച്ചുള്ള ചിന്തയാണ്. തിരുവിതാംകൂര്‍ രാജാവിന് അവിടത്തെ ഒരു കോയിത്തമ്പുരാന്‍ അയച്ച കത്തില്‍ അദ്ദേഹം നടത്തുന്ന കുമ്പസാരം താന്‍ ക്രിസ്ത്യാനിയായി മതംമാറിയിരുന്നുവെന്നാണ്. അപ്പോള്‍ മതംമാറ്റം പ്രതിരോധത്തിന്റെ ഭാഗം മാത്രമല്ല, ആത്മീയാന്വേഷണങ്ങളുടെയും മതപരമായ ആഗ്രഹങ്ങളുടെയും സ്വത്വകാമനകളുടെയും കൂടി ഭാഗമാണ്. മതംമാറ്റത്തെ ഈയര്‍ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് നമ്മുടെ മതേതരബുദ്ധിജീവികള്‍ ജോയിച്ചേട്ടന്റെ കാര്യത്തില്‍ ഇത്തരം നിലപാടുകളുമായി വന്നത്. ഒരു ഘട്ടത്തില്‍ സച്ചിദാനന്ദനെപ്പോലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പ്രശ്നത്തെ വെറും മതമത്സരം മാത്രമായി ചുരുക്കുകയും ചെയ്തു. ഇപ്രകാരം മതേതരത്വത്തെയും മതത്തെയും സംബന്ധിച്ച പലതരം സാംസ്‌കാരികവിനിമയങ്ങള്‍ക്കു വകനല്‍കുന്നതായിരുന്നു ജോയിച്ചേട്ടന്റെ മരണാനന്തരചര്‍ച്ചകള്‍ എന്നാണ് എന്റെ തോന്നല്‍. ഒപ്പം മരണാനന്തരം ശരീരത്തിന്മേല്‍ ഉള്ള വ്യക്തിയുടെ അവകാശബോധത്തിന്റെ രാഷ്ട്രീയത്തെയും അതു പലതരത്തില്‍ ഉന്നയിക്കുന്നുണ്ട്.

(2018 ഒക്ടോബർ 12 ന് കോഴിക്കോട് ഇസ്‌ലാമിക് യൂത്ത് സെന്ററിൽ വെച്ചു നടന്ന നജ്മൽ ബാബു അനുസ്മരണ പരിപാടിയിൽ നടത്തിയ പ്രഭാഷണം)

കേട്ടെഴുതിയത്: ഹാബീൽ എൻ.കെ

Top