അതിദേശീയത, ഹിന്ദു-വലതുപക്ഷം: മണിരത്‌നം സിനിമകളുടെ രാഷ്ട്രീയം തിരയുമ്പോൾ
മണിരത്‌നം സിനിമകളെയാകെ വിമർശനാത്മകമായി വിലയിരുത്തിയാൽ അതിദേശീയതയെയും, ഫെഡറൽ വിരുദ്ധതയെയും, സ്റ്റേറ്റ് പീഡനങ്ങളെയും അനുകൂലിക്കുന്ന പ്രമേയങ്ങൾ ആവർത്തിച്ചുവരുന്നത് എളുപ്പം കണ്ടെത്താനാകും. ഇങ്ങനെ വീക്ഷിക്കുമ്പോൾ, പൊതുധാരണക്ക് വിരുദ്ധമായി അർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും, മറ്റു വലതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഹിന്ദുത്വ രാഷ്ട്രീയത്തോടാണ് മണിരത്‌നത്തിന്റെ ആശയാഭിപ്രായങ്ങൾ കൂടുതൽ സാദൃശ്യപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാനാവും. രാജേഷ് രാജാമണി എഴുതുന്നു.
രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട കൊലകളിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് 2019 ജൂലൈയിൽ അഭിനേതാക്കളും സംവിധായകരുമടങ്ങുന്ന 49 പ്രമുഖർ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്ത് സമർപ്പിക്കുകയുണ്ടായി. കൂട്ടത്തിൽ മണിരത്‌നവും ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, അതിന്റെ ആധികാരികതയെ ചൊല്ലി കോലാഹലങ്ങളുണ്ടായി. തുടക്കത്തിലെ അവ്യക്തതകൾക്കൊടുവിൽ മണിരത്‌നം ഒപ്പിട്ടിട്ടുണ്ട് എന്ന് തീർച്ചയായി. ഒടുവിൽ 2019 ഒക്ടോബറിൽ, മുസഫർപൂറിൽ വെച്ച് ലെഫ്റ്റ് ലിബറലുകളായ ഈ 49 പേർക്കെതിരെയും ‘രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി’ എന്ന വ്യാജേന രാജ്യദ്രോഹത്തിന് കേസ് ചാർജ് ചെയ്യുന്നതിലാണ് ആ കത്ത് കലാശിച്ചത്.
2017 ഏപ്രിലിൽ, ‘കാട്ര് വെളിയിടയ്’ എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് ന്യൂസ് 18 ചീഫ് എഡിറ്റർ എം. ഗുണശേഖരന് മണിരത്‌നം ഒരഭിമുഖം നൽകുകയുണ്ടായി. അഭിമുഖത്തിനിടെ ദ്രാവിഡ പ്രസ്ഥാനങ്ങൾക്ക് താങ്കളുടെ മേലുള്ള സ്വാധീനമെന്താണെന്ന് ഗുണശേഖരൻ ചോദിക്കുന്നുണ്ട്. ഭരധ്വാജ് രംഗന്റെ പുസ്തകത്തിൽ മണിരത്‌നം നടത്തിയ പ്രസ്താവനയെ സൂചിപ്പിച്ചുകൊണ്ടാണ് ഇത് ചോദിക്കപ്പെട്ടത്.
പുസ്തകത്തിലുള്ള പ്രസ്താവനയെ ഊന്നിപ്പറഞ്ഞുകൊണ്ട് മണിരത്‌നം മറുപടി പറയുന്നു: “യുക്തി പ്രസ്ഥാനങ്ങൾ (rationalist movements) തീർച്ചയായും പ്രസക്തമാണ്. അവ കീഴാളർക്ക് വേണ്ടി എക്കാലവും നിലയുറപ്പിച്ചിട്ടുണ്ട്. അവ നിങ്ങളുടെ മനസ്സ് തുറപ്പിക്കുന്നു. എന്റെ തുടക്കകാലത്ത് രണ്ട് കാര്യങ്ങളെ ഞാൻ അതിപ്രധാനമായി മനസ്സിലാക്കിയിരുന്നു. ഒന്ന് ദ്രാവിഡ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ചിന്തയും, മറ്റൊന്ന് സിനിമാ മാധ്യമത്തിന്റെ വർധിച്ച സാധ്യതകളുമായിരുന്നു”. 50 വർഷത്തോളം നീണ്ട ദ്രാവിഡ പാർട്ടികളുടെ ഭരണം സംസ്ഥാനത്തെ പുരോഗമന പാതയിലെത്തിച്ചിട്ടുണ്ട് എന്നും മണിരത്‌നം സമ്മതിക്കുന്നു.
പരസ്പരാനുബന്ധമല്ലാത്ത ഈ രണ്ട് സംഭവങ്ങളും, ഇടത് ചായ്‌വും ദ്രാവിഡ പ്രസ്ഥാനങ്ങളോട് മമതയുമുള്ള രാഷ്ട്രീയ നിലപാടാണ് മണിരത്‌നത്തിന്റേത് എന്ന ധാരണ പൊതുജനത്തിനിടയിൽ ഉത്പാദിപ്പിച്ചിട്ടുണ്ട്. എന്നാൽ, അക്കാദമിക രംഗത്തുനിന്നുള്ള ഏതാനും ബൗദ്ധികർക്ക് ഈ പൊതുധാരണക്ക് വിരുദ്ധമായ അഭിപ്രായങ്ങളാണുള്ളത്. പൊതുവിൽ ഇടത്-ലിബറൽ എന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും, റോജ (1992), ബോംബെ (1995) എന്നീ സിനിമകളുടെ രാഷ്ട്രീയം സവിശേഷമായി പുനഃപരിശോധിച്ചുകൊണ്ടാണ് ഇവരുടെ വിമർശനങ്ങൾ വികസിക്കുന്നത്.
മണിരത്‌നം സിനിമകളെയാകെ വിമർശനാത്മകമായി വിലയിരുത്തിയാൽ അതിദേശീയതയെയും (hyper-nationalism), ഫെഡറൽ വിരുദ്ധതയെയും സ്റ്റേറ്റ് പീഡനങ്ങളെയും അനുകൂലിക്കുന്ന പ്രമേയങ്ങൾ ആവർത്തിച്ചുവരുന്നത് എളുപ്പം കണ്ടെത്താനാകും. ഇവ കൂടി പരിഗണിക്കുമ്പോൾ, പൊതുധാരണക്ക് വിരുദ്ധമായി അർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും, മറ്റു വലതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഹിന്ദുത്വ രാഷ്ട്രീയത്തോടാണ് മണിരത്‌നത്തിന്റെ ആശയാഭിപ്രായങ്ങൾ കൂടുതൽ സാദൃശ്യപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാനാവും.
ആവർത്തിച്ചുവരുന്ന അതിദേശീയ പ്രമേയങ്ങൾ
2016 സെപ്റ്റംബറിൽ, സിനിമാ ശാലകളിൽ പ്രദർശനം തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം നിർബന്ധമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കുകയുണ്ടായി. ഈ നടപടി തുടർന്ന് നാടകീയമായ ചില സംഭവവികാസങ്ങൾക്ക് വഴിവെച്ചു.
വിനോദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഇടമായി പൊതുവെ പരിഗണിക്കപ്പെട്ടിരുന്ന സിനിമാശാലകൾ ഇതോടെ, തീവ്ര ദേശീയവാദികൾക്ക് ആളുകളുടെ രാജ്യസ്നേഹവും രാജ്യദ്രോഹവും വിധിക്കാനുള്ള പോരിടങ്ങളായി മാറി. രാജ്യത്തുടനീളം ദേശീയ ഗാനത്തിന് എഴുന്നേറ്റുനിൽക്കാൻ വിസമ്മതിച്ചവരെ തീവ്ര ദേശീയവാദികൾ കൈകാര്യം ചെയ്തതിന്റെ റിപ്പോർട്ടുകൾ പുറത്തുവരികയുണ്ടായി. 40 വർഷമായി വീൽചെയർ ഉപയോഗിച്ചുവരുന്ന ഡിസേബിൾഡായ ആക്റ്റിവിസ്റ്റ് പോലും ഇത്തരത്തിൽ അക്രമിക്കപ്പെടുകയുണ്ടായി.
സ്വയം രാജ്യസ്നേഹം അവകാശപ്പെടുന്ന അതിദേശീയതയുടെ ഹിംസാത്മക സ്വരൂപം തന്നെയാണ് മണിരത്‌നത്തിന്റെ ആദ്യ സിനിമയായ റോജയുടെ രാഷ്ട്രീയത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്. മണിരത്‌നം അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. കെ. ബാലചന്ദറിന്റെ ‘അപൂർവരാഗങ്ങളിൽ’ (1975) ദേശീയ ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്പോൾ ചൂയിങ് ഗം ചവക്കുന്ന വ്യക്തിയെ ഇടിക്കുന്ന നായകന്റെ രംഗമുണ്ട്. ഇതിൽ നിന്നാണ് തന്റെ ‘റോജ’ പ്രചോദിപ്പിക്കപ്പെട്ടതെന്ന് ചിത്രത്തിന്റെ രജതജൂബിലി ആഘോഷവേളയിൽ സംസാരിച്ചുകൊണ്ട് മണിരത്‌നം പറയുകയുണ്ടായി.
അതുകൊണ്ടുതന്നെ, റോജയും അത്തരം അതിദേശീയ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. അതുവരെ കാശ്മീരോ, കാശ്മീരിയൻ രാഷ്ട്രീയമോ തമിഴ്‌നാടിന്റെ പൊതു ചർച്ചാ മണ്ഡലങ്ങളിൽ സവിശേഷമായി നിലനിന്നിരുന്നില്ല. എന്നാൽ, റോജ നിർമിക്കപ്പെടുകയും പുറത്തിറക്കപ്പെടുകയും ചെയ്ത രീതി, ഇൻഡ്യയുടെ അതിർത്തി ഭരണത്തെയും നിയന്ത്രണങ്ങളെയും കുറിച്ച് പ്രേക്ഷകരിൽ ഒരുതരം രോഗാതുരമായ ആകാംക്ഷ നിറച്ചു. 1992ലെ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ‘ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള’ ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു.
ചിത്രം പുറത്തിറങ്ങിയ സന്ദർഭം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. രാജീവ് ഗാന്ധി വധത്തിന് തൊട്ടുടനെയാണ് ചിത്രം നിർമിക്കപ്പെടുന്നത്. ‘തമിഴ് ഈഴം’ ശ്രീലങ്കയിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ സാധ്യതകൾ കൂടുതലായി ദൃശ്യപ്പെടുകയും, ഇതിന് തമിഴ്നാടുമായും ഇൻഡ്യൻ സ്റ്റേറ്റുമായുള്ള ബന്ധം ചർച്ച ചെയ്യപ്പെടുകയും ചെയ്ത കാലമായിരുന്നു അത്. മണിരത്‌നം ഈ സാഹചര്യത്തെ മുതലെടുത്തു. എന്നാൽ, തമിഴ് ദേശീയ വികാരങ്ങളെ കുറിച്ച് സിനിമ നിർമിക്കുന്നതിനു പകരം, കാശ്മീരിനെ മുൻനിർത്തി പാൻ-ഇൻഡ്യൻ ഉള്ളടക്കങ്ങൾ പേറുന്ന സിനിമ നിർമിക്കുകയുമാണ് ചെയ്തത്.
കാശ്മീരിനെയും കാശ്മീർ പ്രശ്നത്തെയും കുറിച്ച് നിഷ്പക്ഷാഭിപ്രായക്കാരായ ആളുകളിൽ ഉന്മാദ ദേശീയ വികാരങ്ങൾ ജനിപ്പിക്കുന്നതിന് പല വേദികളിലായി ചിത്രം ഉദ്ദേശ്യപൂർവം പ്രദർശിപ്പിക്കപ്പെട്ടു. കാശ്മീരിനെ കുറിച്ച് ആവർത്തിച്ച് സിദ്ധാന്തിക്കുന്ന ചിത്രം പക്ഷേ, കാശ്മീരികളുടെ സ്വയം നിർണയാവകാശത്തെ അദൃശ്യവത്കരിക്കുന്നു. ഇൻഡ്യൻ പതാക തീപിടിക്കാതെ കാക്കുന്ന നായകന്റെ ഒരു രംഗവും, ദേശക്കൂറിന്റെ പേരിൽ കാശ്മീരികൾക്കെതിരിൽ തിരിയാൻ തമിഴരെ പ്രകോപിപ്പിക്കുന്ന മറ്റൊരു രംഗവും ചിത്രത്തിലുണ്ട്. നിരവധി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്യപ്പെടുകയും, ആ സിനിമാ വ്യവസായങ്ങളിലൊക്കെയും സമാനമായ കോലാഹലങ്ങൾ അത് സൃഷ്‌ടിക്കുകയും ചെയ്തു.
അതിദേശീയ വികാരങ്ങൾ പ്രതിഫലിപ്പിക്കാനുള്ള വലതുപക്ഷ ശക്തികളുടെ പ്രവണത മണിരത്‌നത്തിന്റെ മറ്റു സിനിമകളിലും തുടർന്നുകാണാം. ‘ദിൽസേ’ (1998) തുടങ്ങുന്നത് ആസാമിൽ നിന്നാണ്. വടക്കു-കിഴക്കൻ സ്വയം-നിർണയാവകാശ പ്രസ്ഥാനങ്ങളാണ് (self-determination movements) ചിത്രത്തിന്റെ കേന്ദ്ര പ്രമേയമായി വരുന്നത്. എന്നാൽ തികച്ചും വിചിത്രമായി പൊടുന്നനെ കഥ ലഡാക്കിലേക്ക് വഴിമാറുന്നു. ചിത്രത്തിലെ നായിക ഏതോ വിമോചന പ്രസ്ഥാനത്തിലെ അംഗമാണെന്നും, റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാന നഗരിയിൽ ചാവേർ ആക്രമണം ലക്ഷ്യമിടുന്നു എന്നും ദ്യോതിപ്പിക്കാൻ വേണ്ടിയായിരുന്നു ഈ ഗതിമാറ്റമെന്ന് കാണാം.
ചാവേർ പോരാളിയുടെ ചിത്രം എൽ.ടി.ടി.ഇയുടെ ഭാഗമായ ‘ബ്ലാക്ക് ടൈഗേർസിലേക്കുള്ള’ സൂചനയാണ്. അപ്രകാരം, ഇൻഡ്യയിലെ മൂന്ന് സംഘർഷ പ്രദേശങ്ങളെ കുറിച്ച കൂട്ടുകാഴ്ചയാണ് ചിത്രം സമർപ്പിക്കുന്നത്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ, കാശ്മീർ, ശ്രീലങ്കയുടെ തമിഴ് പ്രദേശങ്ങൾ എന്നിവയാണവ. വടക്കു-കിഴക്കൻ, തെക്കൻ അതിർത്തികളെ കുറിച്ച ഇൻഡ്യൻ സ്റ്റേറ്റിന്റെ ആകുലതകളെ പ്രതിഫലിപ്പിക്കാൻ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ കാഴ്ചകൾ.
റോജയും, ദിൽസേയും ഉപരിസൂചിത പ്രദേശങ്ങളിലെ സംഘർഷങ്ങൾക്ക് ദേശീയ വ്യവഹാരം നൽകുന്ന കാതടച്ച മറുപടിയാണെന്നും, അത് മൂർച്ഛിച്ചാണ് 2017ൽ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ ‘കാട്ര് വെളിയിടെ’യിൽ എത്തിനിൽക്കുന്നതെന്നും ആർക്കും വാദമുന്നയിക്കാൻ സാധിച്ചേക്കും. ഇൻഡ്യൻ വ്യോമസേന യുദ്ധവിമാനത്തിന്റെ പൈലറ്റും (ഭർത്താവ്), ഡോക്ടറുമായ (ഭാര്യ) തമിഴ് ദമ്പതികളുടെ വൈവാഹിക ജീവിതത്തിലെ കയറ്റിറക്കങ്ങൾ ചിത്രീകരിക്കുന്ന ഈ കഥയും നടക്കുന്നത് കാശ്മീരിലാണ്. തമിഴ് ദമ്പതികളുടെ കഥ എന്തുകൊണ്ട് കാശ്മീരിൽ നടക്കുന്നു എന്നത് വിചിത്രമാണ്. ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന കാശ്മീരി കഥാപാത്രങ്ങളാവട്ടെ, നായകന്റെ വീട്ടുജോലിക്ക് വരുന്ന, നാമമാത്ര റോളുകൾ മാത്രമുള്ള സ്ത്രീ തൊഴിലാളികളുമാണ്.
വ്യോമയാനത്തിനിടെ നായകനായ ഇൻഡ്യൻ വൈമാനികനെ യുദ്ധത്തടവുകാരനായി പാകിസ്ഥാൻ പിടികൂടുകയും, തുടർന്ന് പാകിസ്ഥാൻ ജയിലിൽ നിന്ന് അദ്ദേഹം രക്ഷപ്പെടുന്നതുമാണ് കഥയുടെ പ്രധാന ഭാഗം. രക്ഷപ്പെടുന്നതിനിടെ, ട്രക്ക് ഇടിച്ചുകയറ്റി പാകിസ്ഥാന്റെ കൊടിമരം മറിച്ചിടുന്ന നായകന്റെ നാടകീയമായ രംഗം മനഃപൂർവം തന്നെ ചിത്രീകരിച്ചിരിക്കുന്നു. ബി.ജെ.പി ഗവൺമെന്റിനെതിരെ ഉയരുന്ന ചെറിയ വിമത ശബ്ദങ്ങളെ പോലും ഇൻഡ്യാ വിരുദ്ധമെന്നും, പാകിസ്ഥാനി ഏജന്റ് എന്നും മുദ്രകുത്തുകയും, പാകിസ്ഥാനിലേക്ക് പോകൂ എന്നും ഭരണകൂടം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്താണ്, ഈ പ്രവണതകളുടെ പൂരകസ്വഭാവമുള്ള ഈ ചിത്രം ഇറങ്ങുന്നത് എന്ന് കാണാം.
ഇൻഡ്യൻ മുസ്‌ലിമിന്റെ മതേതരവത്കരണം
ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് ഏക സിവിൽ കോഡ് നടപ്പാക്കുക എന്നതാണ്. 1970ൽ ശാബാനു കേസോടെ ആരംഭിച്ച ട്രിപ്പിൾ ത്വലാഖ് ബിൽ നടപ്പാക്കാനുള്ള അവരുടെ നിരന്തര കാമ്പയിനുകൾ 2019 ജൂലൈയിൽ ലക്ഷ്യംകണ്ടു. ലിംഗനീതിയുടെ വിജയമായി ഗവൺമെന്റ് അതിനെ ആഘോഷിച്ചപ്പോൾ, നിരവധി പൗരസംഘടനകൾ അതിനെ ശക്തമായി വിമർശിക്കുകയും, ന്യൂനപക്ഷ വിരുദ്ധമെന്ന് വിലയിരുത്തുകയും ചെയ്തു. ഹിന്ദു-വലതുപക്ഷത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം ഇൻഡ്യൻ മുസ്‌ലിമിനെ മുറപഠിപ്പിക്കുകയും മതേതരവത്കരിക്കുകയും ചെയ്തുകൊണ്ട്, ഹിന്ദു അധീശ ശക്തികൾക്ക് അനുഗുണമാക്കിയെടുക്കുക എന്നതാണ്.
‘ബോംബെയിൽ’, ഹിന്ദു ഭൂരിപക്ഷ ദൃഷ്ടിയിലൂടെ ഹിന്ദു-മുസ്‌ലിം ദ്വന്ദത്തെ മണിരത്‌നം അവതരിപ്പിക്കുന്നുണ്ട്. പരസ്പരം സ്നേഹത്തിൽ കഴിയുന്ന മിശ്ര-മതക്കാരായ ദമ്പതികളുടെ കഥപറയുന്ന ചിത്രം പുറമേക്ക് പുരോഗമനപരം എന്ന് തോന്നാമെങ്കിലും, തങ്ങളുടെ പ്രണയം/വിവാഹം തുടരാനുള്ള കർതൃത്വം കുലജാതി ഹിന്ദു പുരുഷനിൽ നിക്ഷിപ്തമായിരിക്കുന്നു എന്ന് കാണാം. അയാളുടെ സഹായം കൊണ്ടുമാത്രമാണ് പുരുഷാധിപത്യ വീടകങ്ങളിൽ നിന്ന് മുസ്‌ലിം സ്ത്രീക്ക് രക്ഷലഭിക്കുക. ‘ഉയിരെ ഉയിരെ’ എന്ന ഗാനത്തിൽ, താനിഷ്‌ടപ്പെടുന്ന പുരുഷനിലേക്കെത്താൻ പ്രതിബന്ധമായി നിൽക്കുന്ന ‘ബുർഖ’ ഉപേക്ഷിക്കാൻ നിർബന്ധിതയാകുന്ന മുസ്‌ലിം നായികയുടെ രംഗം ശ്രദ്ധാപൂർവം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഈ രംഗം തുടർന്നുവരാനിരിക്കുന്ന കഥാവസരങ്ങളെ മുൻകൂട്ടി പറഞ്ഞുതരുന്നുണ്ട്. യാഥാസ്ഥിതിക ചുറ്റുപാടുകളിൽ നിന്നുള്ള മുസ്‌ലിം സ്ത്രീ, മതേതരത്വത്തിന്റെ കവചമണിഞ്ഞുകൊണ്ട് പുരോഗമന ഹിന്ദു സമൂഹത്തിലേക്ക് ഉൾച്ചേർക്കപ്പെടുന്നു!
1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടത്തിനു ശേഷം അരങ്ങേറിയ ബോംബെ കലാപത്തിന്റെ കെടുതികൾ ഈ ദമ്പതികളുടെ കുടുംബത്തെയും ബാധിക്കുന്നതിനെ കുറിച്ചാണ് സിനിമ തുടർന്നുപറയുന്നത്. കലാപത്തിന്റെ ഭാഗമായി ഉണ്ടായ രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്വം ശിവസേനക്കാണെന്ന് ശ്രീകൃഷ്ണ കമ്മീഷൻ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ നിരീക്ഷണത്തിൽ നിന്ന് ഭിന്നമായ ചിത്രീകരണമാണ് സിനിമയിലുള്ളത്. ചിത്രത്തിന്റെ സുഗമമായ റിലീസ് ഉറപ്പാക്കുന്നതിന് ശിവസേനയെ പഴിചാരുന്ന രംഗങ്ങൾ മണിരത്‌നത്തിന് എഡിറ്റു ചെയ്യേണ്ടിയിരുന്നു. മാത്രമല്ല, കലാപത്തിന്റെ ആദ്യ പാദത്തിലും രണ്ടാം പാദത്തിലും പ്രകോപനമാരഭിച്ചത് മുസ്‌ലിംകളാണെന്ന ആഖ്യാനമാണ് ചിത്രം നിർമിക്കുന്നത്.
കലാപത്തിലെ ഹിന്ദു ഗ്രൂപ്പുകളുടെ പങ്കാളിത്തം അവ്യക്തമായോ, കേവല പ്രതിക്രിയ എന്ന നിലക്കോ ആണ് സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്. ഇരുകൂട്ടരും കലാപത്തിന് ഉത്തരവാദികളാണെന്ന തൂക്കമൊപ്പിക്കൽ നയമാണ് ചിത്രം പ്രയോഗിച്ചിരിക്കുന്നത്. കലാപത്തിന്റെ കെടുതികൾ ഏറെയും അനുഭവിച്ചത് മുസ്‌ലിംകൾ ആണെന്ന വസ്തുത നിലനിൽക്കെ തന്നെ, ഇരുകൂട്ടരോടും വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിക്കാനും സാർവലൗകിക സാഹോദര്യം മുറുകെപ്പിടിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ബോംബെയിൽ മുസ്‌ലിമിനെ മതേതരവത്കരിക്കാനുള്ള ശ്രമമാണെങ്കിൽ,’ റോജ’ കാശ്മീരി ഹിന്ദു പണ്ഡിറ്റുകൾക്ക് വേണ്ടി സംസാരിക്കുകയും, കാശ്മീരി മുസ്‌ലിംകളോട് മനുഷ്യത്വത്തിന്റെ വഴി സ്വീകരിക്കാൻ താക്കീതു ചെയ്യുകയും ചെയ്യുന്നു. ചിത്രത്തിന്റെ അവസാനം, ഒരു കാശ്മീരി വിഘടനവാദി നേതാവ് ഉന്നതജാതി തമിഴ് തടവുകാരനെ മോചിപ്പിക്കുകയും, തീവ്രവാദിയായ തന്റെ കണ്ണുതുറപ്പിച്ചതിന് അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്യുന്നു. ഇവിടെയും ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ടിന്റേത് പോലെ കാശ്‌മീരി പണ്ഡിറ്റുകളുടെ അസ്ഥാനത്തുള്ള ഇരവാദം പറഞ്ഞുകൊണ്ടിരിക്കുകയാണ് മണിരത്‌നം ചെയ്യുന്നത്.
ദ്രാവിഡ പ്രസ്ഥാനങ്ങളെ അവമതിക്കൽ
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദലിത് വോട്ടുബാങ്ക് ലക്ഷ്യംവെച്ചുകൊണ്ട് അംബേഡ്കറെ തങ്ങളോട് ചേർത്തുനിർത്താൻ ബി.ജെ.പിയും അർ.എസ്.എസും കൊണ്ടുപിടിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, പെരിയാർ രാമസ്വാമി നായ്ക്കറിലേക്കെത്തുമ്പോൾ ആ തന്ത്രം അവർ മാറ്റിവെക്കുന്നു. കാരണം ദ്രാവിഡ പ്രസ്ഥാനങ്ങൾ മുൻപുതന്നെ വലിയ വിഭാഗം ജനങ്ങളെ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ), ഓൾ ഇൻഡ്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) തുടങ്ങിയ ദ്രാവിഡ പാർട്ടികളിലേക്ക് ചേർത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ, പെരിയാറിനെ ചേർത്തുനിർത്താനുള്ള വൃഥാശ്രമങ്ങൾ ഉപേക്ഷിച്ചുകൊണ്ട് അദ്ദേഹത്തെ കടന്നാക്രമിക്കുകയും, അദ്ദേഹത്തിന്റെയും ദ്രാവിഡ പ്രസ്ഥാനങ്ങളുടെയും സംഭാവനകളെ കുറച്ചുകാണുകയുമാണ് വലതുപക്ഷ പാർട്ടികൾ ചെയ്യുന്നത്.
മണിരത്‌നവും 1997ൽ പുറത്തിറങ്ങിയ ‘ഇരുവർ’ എന്ന ചിത്രത്തിലൂടെ ഇതേ തന്ത്രം പ്രയോഗിക്കുന്നുണ്ട്. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്ര ശേഷിയെ പൂർണമായും വികലമാക്കുകയാണ് മണിരത്‌നം ചെയ്യുന്നത്. ബ്രാഹ്മണ ആഢ്യത്വത്തെ എതിർത്തുകൊണ്ടും, തുല്യ പരിഗണന ആവശ്യപ്പെട്ടുകൊണ്ടും ദ്രാവിഡ ജനങ്ങൾ നടത്തിയ ജാതിവിരുദ്ധ മുന്നേറ്റങ്ങളാണ് ദ്രാവിഡ പ്രസ്ഥാനത്തിന്റെ കാതൽ.
എന്നാൽ, ‘ഇരുവരിൽ’ അത് തുടങ്ങുന്നത് കലൈജ്ഞർ കരുണാനിധിയുടെയും എം.ജി രാമചന്ദ്രന്റെയും ഉയർച്ചയിൽ നിന്നാണ്. ദ്രാവിഡ മുന്നേറ്റങ്ങളുടെ ജാതിവിരുദ്ധ മുഖത്തെ മണിരത്‌നം ഏതാണ്ട് മായ്ച്ചുകളഞ്ഞിരിക്കുന്നു. അധികാര ദുർവിനിയോഗത്തിന്റെ പ്രമേയങ്ങളിലേക്ക് കൂടുതൽ ഊന്നിക്കൊണ്ടും, ഈ നേതാക്കളുടെ ലൈംഗിക അപഥസഞ്ചാരങ്ങളിലേക്ക് കൂടുതൽ കേന്ദ്രീകരിക്കപ്പെട്ടുകൊണ്ടുമാണ് ചിത്രം നിർമിക്കപ്പെട്ടിട്ടുള്ളത്. തന്റെ പ്രണയബന്ധങ്ങൾ ശരിപ്പെടുത്താൻ പാർട്ടി അണികളെ ഉപയോഗപ്പെടുത്താൻ മടിക്കാത്ത, അധികാരദാഹിയും നിഷ്ഠൂരനുമായാണ് കലൈജ്ഞർ എം. കരുണാനിധിയെ ചിത്രീകരിച്ചിരിക്കുന്നത്.
എം.ജി. രാമചന്ദ്രന്റെ കഥാപാത്രത്തെ കുറച്ചുകൂടി മയപ്പെടുത്തിയാണ് അവതരിപ്പിച്ചിട്ടുള്ളത്. അധഃസ്ഥിതരുടെ വേദനയും വിശപ്പും മനസ്സിലാക്കുന്ന ആളായാണ് അദ്ദേഹത്തെ ചിത്രീകരിച്ചിട്ടുള്ളത്. കരുണാനിധിയിൽ നിന്ന് വ്യത്യസ്തമായി, കുടില തന്ത്രങ്ങൾ പ്രയോഗിക്കാത്ത സ്വാഭാവിക രാഷ്ട്രീയ ഉയർച്ചയാണ് അദ്ദേഹത്തിന്റേത് എന്ന കാഴ്ചയാണ് ചിത്രം നൽകുന്നത്.
എം.ജി രാമചന്ദ്രനെ മയപ്പെടുത്തിയും, കരുണാനിധിയെ അപകീർത്തിപ്പെടുത്തിയും അവതരിപ്പിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ദ്രാവിഡ പ്രസ്ഥാനത്തിന്റെ തുടർച്ചയിൽ ഉയർന്നുവന്ന വ്യക്തി എന്നതിലുപരി, ബി.ജെ.പിയോടും അർ.എസ്.എസിനോടും പല കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ സാദൃശ്യപ്പെടുമായിരുന്നു.
ഉദാഹരണത്തിന്, ഉന്നത ജാതിക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ ശ്രമിച്ച ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു എം.ജി രാമചന്ദ്രൻ. 1980ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്റെ പാർട്ടി ഉയർത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി അദ്ദേഹം തന്റെ നിലപാട് പിൻവലിക്കുകയായിരുന്നു. മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലും ഗവൺമെന്റ് തൊഴിൽ മേഖലയിലും പത്തു ശതമാനം സംവരണം ഏർപ്പടുത്തികൊണ്ട് അടുത്ത കാലത്ത് ബി.ജെ.പി ഗവൺമെന്റ് അദ്ദേഹത്തിന്റെ അതേ നയം രാജ്യത്ത് നടപ്പാക്കുകയുണ്ടായി.
ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ജാതിവിരുദ്ധ മുഖം മായ്ച്ചുകളഞ്ഞതിന് പുറമേ, ഡി.എം.കെ നടത്തിയ ഹിന്ദി-വിരുദ്ധ സമരത്തെ, കരുണാനിധിയും അദ്ദേഹത്തിന്റെ ഒരു പ്രണയിനിയും തമ്മിലെ കൂടിക്കാഴ്ചയുടെ കേവല ഹേതുവായി ചുരുക്കിക്കളയുകയും ചെയ്തു. കീഴാളർക്കും അധഃസ്ഥിത ജനവിഭാഗങ്ങൾക്കും വേണ്ടി യത്നിച്ച ദ്രാവിഡ പ്രസ്ഥാനങ്ങളുടെ സ്വാഭിമാനത്തെ ഇത്തരത്തിൽ ചുരുക്കിക്കളയുന്നത് അങ്ങേയറ്റം ഹീനമാണ്. ഇത്തരം പ്രസ്ഥാനങ്ങളെ നിസ്സാരവത്കരിക്കുകയും, അവ ഉത്പാദിപ്പിച്ച രാഷ്ട്രീയ നിലപാടുകളെ അദൃശ്യമാക്കുകയും ചെയ്യുക എന്നതിലേക്കാണ് ഈ ചിത്രം പരിണമിക്കുന്നത്.
ഇടത് രാഷ്ട്രീയവും വിമർശനങ്ങളും
മണിരത്‌നത്തിന് ചാർത്തിക്കിട്ടിയ ഇടത്-ലിബറൽ മുഖത്തിൽ നിന്ന് ഭിന്നമായി, ഇടത് രാഷ്ട്രീയ ഇടപെടലുകളുടെ വിമർശകനായിരുന്നു അദ്ദേഹമെന്ന് കാണാം. ദ്രാവിഡ പാർട്ടികളോടും അവരുടെ രാഷ്ട്രീയ നിലപാടുകളോടും എതിരു നിന്നപ്പോൾ മാത്രമാണ് ഇടതുപക്ഷത്തെ അദ്ദേഹം ഗുണാത്മകമായി അവതരിപ്പിച്ചിട്ടുള്ളൂ. ഉണര് (1984) എന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രത്തിൽ (അദ്ദേഹം എഴുതിയതല്ലെങ്കിലും), ഇടത് വ്യവസായ സംഘടനകളിൽ നടക്കുന്ന അഴിമതികളെയും, ഉന്നതരുടെ താത്പര്യങ്ങളെ മാത്രം പിന്തുണക്കുന്ന അവരുടെ നിലപാടുകളെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. ‘ആയത്ത എഴുത്ത്’ (2004) എന്ന ചിത്രത്തിൽ നായകനായ മൈക്കൽ വസന്തിന് ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ മാർക്സിസ്റ്റ് നേതാവായ ജോർജ് റെഡ്ഢിയുടെ പരിവേഷമാണ് നൽകിയിരിക്കുന്നത്.
ജോർജ് റെഡ്ഢിയുടെ യഥാർഥ ജീവിത ചിത്രം അവതരിപ്പിക്കാൻ ശ്രമിക്കുമ്പോഴും, ക്യാമ്പസിനകത്തും പുറത്തും പാവപ്പെട്ടവരുടെയും വിദ്യാർഥിനികളുടെയും അവകാശങ്ങൾക്കു വേണ്ടി പൊരുതിയ റാഡിക്കൽ വിദ്യാർഥി നേതാവിന്റെ ചിത്രത്തെ സ്‌ക്രീനിന് പുറത്തുനിർത്തുകയും, കേവലം സാമ്പ്രദായിക വിശദാംശങ്ങളിൽ കെട്ടിക്കിടക്കുകയുമാണ് മണിരത്‌നം ഇവിടെ ചെയ്യുന്നത്. അദ്ദേഹം പിന്നീട് ക്യാമ്പസിനകത്തുവെച്ച് ഫ്യൂഡൽ-വലതുപക്ഷ ശക്തികളാൽ കൊല്ലപ്പെടുകയായിരുന്നു.
ഇവിടെയും നേർപ്പിച്ചെടുത്ത ജോർജ് റെഡ്ഢിയുടെ പ്രതിരൂപത്തെ ദ്രാവിഡ നേതാവും ആദ്യ ഡി.എം.കെ മുഖ്യമന്ത്രിയുമായ സി.എൻ അണ്ണാദുരൈക്കെതിരെ പ്രയോഗിക്കുന്നു. അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം പെരിയാറിസ്റ്റുകളെ സൂചിപ്പിക്കുന്ന കറുത്ത ഷർട്ട് ധരിക്കുകയും, അണ്ണാദുരൈയുടെ പ്രശസ്തമായ “വടക്ക് വാഴ്ഗിരത്, തെക്ക് തേയ്ഗിരുത്” എന്നതിന് സമാനമായ ഉദ്ധരണികൾ പ്രയോഗിക്കുകയും ചെയ്യുന്നു. അണ്ണാദുരൈയെ അണികൾ ‘അണ്ണാ’ എന്നായിരുന്നു ബഹുമാനപൂർവം അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ, സിനിമയിൽ പരിഹാസ്യമായ നിലയിൽ അതിനെ അവതരിപ്പിച്ചിരിക്കുന്നു.
അണ്ണാദുരൈയെ ഇവ്വിധം അവതരിപ്പിക്കുന്നതിന് പുറമെ, അദ്ദേഹത്തിന്റെ പാർട്ടിയെ അഴിമതിയിൽ മുങ്ങിക്കുളിച്ചതും, ആളുകളെ മെരുക്കാൻ അധികാരവും പണവും ഉപയോഗിക്കുന്നവരായും ചിത്രീകരിച്ചിരിക്കുന്നു. യഥാർഥത്തിൽ, ഡി.എം.കെയുടെ ആദ്യ വർഷങ്ങളിൽ ധാരാളം യുവാക്കൾ രാഷ്ട്രീയബോധമുള്ളവരാവുകയും പാർട്ടിയിൽ അണിചേരുകയുമാണ് ഉണ്ടായത്. എന്നാൽ, പ്രതിസ്വരങ്ങളെ നിഷ്കരുണം അടിച്ചമർത്തുന്ന പാർട്ടിയിലെ യുവാക്കളുടെ രാഷ്ട്രീയവത്കരണത്തിൽ ആശങ്കയുണ്ടെന്ന തരത്തിലാണ് മണിരത്‌നം തന്റെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇടതിനെ ദ്രാവിഡ പ്രസ്ഥാനങ്ങൾക്കെതിരിൽ അണിനിരത്തുന്ന പ്രവണത മണിരത്‌നം സിനിമകളിൽ മുൻപേയുണ്ട്. മൗനരാഗം (1986) എന്ന സിനിമയിലെ ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ, നായികയുടെ കാമുകനെ ഇടത് റിബലായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിലെ ആദ്യ രംഗത്തിൽ നായകൻ എം.പിയുടെ മകനായ തമിഴ്മണി എന്ന യുവാവിനെ മർദിക്കുന്ന രംഗമുണ്ട്.
ദ്രാവിഡ പാർട്ടിയിലെ അംഗം എന്ന് ദ്യോതിപ്പിക്കും വിധം ബോധപൂർവം നടത്തിയ തെരഞ്ഞെടുപ്പാണ് തമിഴ്മണി എന്ന പേര്. ചിത്രത്തിൽ പിന്നീട്, ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്തിന് എച്ച്.ആർ മാനേജറായ നായികയുടെ ഭർത്താവിനെ യൂണിയൻ പ്രവർത്തകൻ മർധിക്കുന്ന രംഗവും കടന്നുവരുന്നുണ്ട്. ദ്രാവിഡ പ്രസ്ഥാനങ്ങളെയും ഇടത് പ്രസ്ഥാനങ്ങളെയും അക്രമാസക്തരും അഴിമതിക്കാരുമായി നിരന്തരം ചിത്രീകരിക്കാൻ ശ്രമിക്കുമ്പോഴും, ഇടത് പ്രസ്ഥാനങ്ങളെ താരതമ്യേന കുറഞ്ഞ പ്രശ്നമായാണ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മണിരത്‌നത്തിന് ചർത്തിക്കിട്ടിയ ഇടത്-സ്വരൂപത്തിന് നേർവിരുദ്ധമായി, ധീരുഭായ് അംബാനിയെ പോലെ ഒരു ക്യാപിറ്റലിസ്റ്റിനെ മഹത്വപ്പെടുത്തുകയും കാൽപനികവത്കരിക്കുകയുമാണ് ‘ഗുരു’വിൽ (2007) അദ്ദേഹം ചെയ്യുന്നത്. റിലയൻസ് വ്യവസായങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി നടത്തിയ നിയമലംഘനങ്ങളെയും നിയമാലക്ഷ്യങ്ങളെയും ലൈസൻസ് രാജിനെതിരെയുള്ള പ്രയത്നങ്ങളായാണ് സിനിമയിൽ ചിത്രീകരിക്കുന്നത്.
തങ്ങളെക്കുറിച്ച് സമൂഹത്തിനിടയിൽ നല്ല ചിത്രം സൃഷ്‌ടിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ച ടാറ്റാ-ബിർളാ ഗ്രൂപ്പുകളിൽ നിന്ന് ഭിന്നമായി, അംബാനിയുടെ ഉദയം അനവധി വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. എന്നാൽ, അംബാനിയെ കുറിച്ചുള്ള മണിരത്‌നം സിനിമയിൽ, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വ്യവസായങ്ങളെയും വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് മുഴച്ചുനിൽക്കുന്നത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിനൊപ്പം ചിത്രം നിർമിച്ചത് റിലയൻസ് എന്റർടൈൻമെന്റ്സ് കൂടിയായിരുന്നു എന്നത് പ്രസ്താവയോഗ്യമാണ്.
രാവണനിൽ (2010) രാമായണത്തിൽ നിന്നും പ്രചോദിതമായ ഒരു കഥയാണ് മണിരത്‌നം പറയുന്നത്. ഇത്തവണ മധ്യ ഇൻഡ്യയിലെ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ഉൾവനത്തിലാണ് അദ്ദേഹം സെറ്റ് ഒരുക്കിയത്. നെക്സലൈറ്റ്-മാവോയിസ്റ്റ് സംഘങ്ങൾ ഇൻഡ്യൻ സ്റ്റേറ്റിനോട് സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കഥാവസരമാണ് ഈ സിനിമയിലുള്ളത്.
ഇവിടെ ശ്രദ്ധേയമായ സംഗതി, രാമായണത്തെ ആദിവാസി ജീവിതങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജണ്ടകളോട് സാമ്യപ്പെടുന്നതാണ് എന്നതാണ്. സംഘപരിവാർ ആദിവാസികളെ വനവാസികളായി ചിത്രീകരിക്കുകയും, അവരെ ‘മടക്കിക്കൊണ്ടുവരാനും’ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ നിന്ന് തടയാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
‘സേവാഭാരതി’ ആദിവാസി യുവാക്കളെ ‘ശ്രീരാമകഥാ പ്രവചനിൽ’ (രാമായണ വ്യവഹാരങ്ങൾ) പരിശീലനം നൽകിയതായി പോലും റിപ്പോർട്ട് വന്നിരുന്നു.
ആദിവാസി ഊരുകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും സംഘർഷ മേഖലകളിൽ അവർ നേരിടുന്ന സ്റ്റേറ്റ് അടിച്ചമർത്തലുകളെ പറ്റിയും മൗനം പാലിക്കുന്ന മണിരത്‌നം സിനിമകൾ, ആദിവാസികളെ ഹിന്ദുവത്കരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാർ ശ്രമങ്ങളോടാണ് കൂടുതൽ സാമ്യപ്പെടുന്നത്.
ഇൻഡ്യൻ ദേശീയതയിൽ നിന്ന് സിൻഹള ദേശീയതയിലേക്ക്
ഇൻഡ്യൻ ദേശീയ വ്യവഹാരങ്ങളെ താങ്ങിനിർത്തുന്ന പദ്ധതികളായിരുന്നു മണിരത്‌നത്തിന്റെ മിക്ക സിനിമകളും എന്നിരിക്കെ, 2002ൽ ഇറങ്ങിയ ‘കണ്ണത്തിൽ മുത്തമിട്ടാൽ’ എന്ന സിനിമയിൽ സിൻഹള ദേശീയതയിലേക്ക് അദ്ദേഹം കളംമാറ്റി ചവിട്ടുന്നത് കാണാം. ശ്രീലങ്കയിൽ സ്വതന്ത്രഭൂമി ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തിയ തമിഴർക്കെതിരെയാണ് സിനിമ നിർമിക്കപ്പെട്ടിരിക്കുന്നത്. ചെന്നൈയിൽ നിന്ന് ഒരു പെൺകുട്ടി അവളുടെ വളർത്തു മാതാപിതാക്കൾക്കൊപ്പം തന്റെ യഥാർഥ മാതാവിനെ തേടി ശ്രീലങ്കയിലെ തമിഴ് പ്രദേശങ്ങളിലേക്ക് യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചാവേറുകളും കുട്ടിപട്ടാളക്കാരും നിറഞ്ഞ അരാജക സമരമായാണ് തമിഴരുടെ സമരത്തെ ചിത്രം അടയാളപ്പെടുത്തുന്നത്. അതേസമയം, തമിഴരെ അടിച്ചമർത്തിയ സിൻഹള ഫാഷിസത്തെ കുറിച്ചോ, അവരെ ആയുധമെടുക്കാൻ നിർബന്ധിതരാക്കിയ ശ്രീലങ്കൻ പട്ടാളത്തിന്റെ ചെയ്തികളെ കുറിച്ചോ സിനിമ ഒന്നും തന്നെ ഉരിയാടുന്നില്ല. ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരേയൊരു സിൻഹള കഥാപാത്രമാവട്ടെ അങ്ങേയറ്റം ദയാവായ്പ്പും, തമിഴ് കുടുംബത്തോട് അനുകമ്പയുള്ളയാളുമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.
ചിത്രത്തിൽ കുട്ടിയുടെ പിതാവും സിൻഹള വ്യക്തിയും തമ്മിൽ നടക്കുന്ന ഒരു സംഭാഷണത്തിൽ ശ്രീലങ്കയിലേക്ക് കലാപത്തിനുവേണ്ടി ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന പടിഞ്ഞാറൻ രാജ്യത്തെ പഴിചാരുന്നുണ്ട്. യഥാർഥത്തിൽ, പേര് വെളിപ്പെടുത്താത്ത ഏതോ പടിഞ്ഞാറൻ രാഷ്ട്രത്തെ പഴിചാരുന്നതിലൂടെ തമിഴരെ അപരവത്കരിക്കുന്ന ശ്രീലങ്കൻ ഗവൺമെന്റിനെയും, സിൻഹള-ബുദ്ധ ദേശീയവാദികളെയും വെളുപ്പിച്ചെടുക്കുകയാണ് മണിരത്‌നം ചെയ്യുന്നത്.
ചിത്രത്തെ കുറിച്ച് മണിരത്‌നം നടത്തിയ സംഭാഷണത്തിൽ തമിഴരെ ‘വിദേശികളായാണ്’ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ശ്രീലങ്കയിലേക്കുള്ള അവരുടെ കടന്നുകയറ്റമാണ് കുഴപ്പം സൃഷിടിച്ചത്. സിൻഹളരാണ് ശ്രീലങ്കയിലെ ഏക തദ്ദേശീയ വിഭാഗമെന്നും തമിഴർ വിദേശികളാണെന്നുമുള്ള സിൻഹള ഫാഷിസ്റ്റുകളുടെ അതേ വാദമാണ് മണിരത്‌നത്തിന്റേതും. യഥാർഥത്തിൽ, ശ്രീലങ്കൻ തമിഴ് ജനസമൂഹം രൂപപ്പെട്ടിരിക്കുന്നത്, തദ്ദേശീയ തമിഴ് ജനവിഭാഗവും, തേയില, റബ്ബർ തോട്ടംതൊഴിലാളികളായി ഇൻഡ്യയിൽ നിന്ന് കുടിയേറിയ തമിഴ് സമൂഹവും സംഗമിച്ചുകൊണ്ടാണ്.
ശ്രീലങ്കൻ ഗവൺമെന്റിന്റെ ഭാഷ്യം കടമെടുക്കുക വഴി ഇൻഡ്യൻ ഗവൺമെന്റിനെ വ്യംഗ്യമായി പ്രതിനിധീകരിക്കുകയാണ് മണിരത്‌നം ചെയ്യുന്നത്. അതിർത്തി മേധാവിത്വം ഉറപ്പുവരുത്താൻ സിൻഹള ദേശീയവാദത്തെ താങ്ങിനിർത്തുകയും തമിഴരെ അപരവത്കരിക്കുകയും ചെയ്യുക എന്നത് ഇൻഡ്യൻ സ്റ്റേറ്റിന് അത്യാവശ്യമാണ്. ഈ ആവശ്യത്തെ നിവർത്തിക്കുകയാണ് തമിഴ് സമരങ്ങളെ ഇവ്വിധം വളച്ചൊടിക്കുക വഴി സിനിമ ചെയ്യുന്നത്.
ജാതി, സ്വജാതി വിവാഹം
ജാതി വിവേചനങ്ങൾക്കും തൊട്ടുകൂടായ്മക്കും എതിരുനിൽക്കുന്നവരായി ആർ.എസ്.എസും ബി.ജെ.പിയും തങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ തന്നെ, വർണാശ്രമ ധർമത്തെ ഹിന്ദു മതത്തിന്റെ അടിസ്ഥാനമായി അവർ മനസ്സിലാക്കുന്നു. വർണാശ്രമ ധർമത്തോട് ചേർന്നുനിൽക്കുക എന്നാൽ വിവാഹം ഉൾപ്പെടെയുള്ള മുഴുവൻ സാമൂഹിക ഇടപാടുകളും ബന്ധങ്ങളും സ്വജാതീയമാവുക എന്നാണ് അർഥം.
മണിരത്‌നത്തിന്റെ റൊമാന്റിക് ചിത്രങ്ങളെല്ലാം ക്ലാസിക്കുകളായാണ് എണ്ണപ്പെടുന്നതെങ്കിലും, അവയെല്ലാം സ്വജാതീയ വിവാഹങ്ങളെ പ്രചോദിപ്പിക്കുന്നവയാണ്. മൗനരാഗത്തിൽ (1986) ബ്രാഹ്മണ ദമ്പതികൾ ഒന്നിക്കുന്ന കാഴ്ചയാണ് ഉള്ളത്. ‘ആലൈ പായുതെ’യിൽ (2000) വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള രണ്ട് സവർണ-ബ്രാഹ്മണ വ്യക്തികൾ തങ്ങളുടെ മാതാപിതാക്കളുടെ ഹിതത്തിനെതിരായി പ്രണയ വിവാഹം കഴിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഓ കാതൽ കൺമണിയിൽ (2015) മാത്രമാണ് അബ്രാഹ്മണ നായികയെയും ബ്രാഹ്മണ നായകനെയും അവതരിപ്പിക്കുന്നത്. എന്നാൽ ഇവിടെയും നായികയുടെ കർണാട്ടിക് സംഗീതം പാടാനുള്ള കഴിവ് കണ്ടറിഞ്ഞതിന് ശേഷം മാത്രമാണ് ഒരുമിച്ച് ജീവിക്കാൻ അവർക്ക് സാധിക്കുന്നത്. ആലൈ പായുതെയിലും നായകന്റെ വീട്ടിലേക്ക് ആദ്യമായി കയറിവരുമ്പോൾ നായിക പ്രശസ്തമായ ഒരു കർണാട്ടിക് ഗീതം പാടുന്നത് കാണാം. ബോംബെയിൽ അന്യമസ്ഥതരായ ദമ്പതികളുടെ ജീവിതകഥയാണ് പറയുന്നത്. മണിരത്‌നത്തിന്റെ മിക്ക പ്രണയ സിനിമകളും സ്വജാതീയ ബന്ധങ്ങളിലും ബ്രാഹ്മണിക-സവർണ പാരമ്പര്യങ്ങളിലും കുടുങ്ങിക്കിടക്കുന്നത് കാണാനാകും.
‘സുഹാസിനി മണിരത്‌നം’ സംവിധാനം ചെയ്യുകയും മണിരത്‌നം സഹതിരക്കഥാകൃത്താവുകയും ചെയ്ത ഇന്ദിരയിൽ (1995), ഒരു ദലിത് പെൺകുട്ടിയുടെ രാഷ്ട്രീയവത്‌കരണവും സ്വന്തം സമുദായത്തെ പ്രതിനിധീകരിക്കാൻ സാധിക്കുമാറുള്ള അവളുടെ ഉയർച്ചയുമാണ് പ്രമേയമായി വരുന്നത്. എന്നാൽ സിനിമയിൽ ദലിത് പെൺകുട്ടിയുടെ രാഷ്ട്രീയ യാഥാർഥ്യങ്ങളെ മറക്കുകയും, സവർണ/ബ്രാഹ്മണ സ്വഭാവ സവിശേഷതകളോടെ അവളെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
അവൾ താഴ്ന്ന ജാതിയിൽ പെട്ടതാണെന്ന് ആവർത്തിച്ച് പറയപ്പെടുമ്പോൾ തന്നെ, അവൾ സംസാരിക്കുന്ന ഭാഷ, ധരിക്കുന്ന വസ്ത്രങ്ങൾ, വീട് പരിസരങ്ങൾ, സാംസ്‌കാരിക ചിഹ്നങ്ങൾ, ചുറ്റുമുള്ള ആളുകൾ തുടങ്ങിയ ഘടകങ്ങളൊക്കെ മുച്ചൂടും ബ്രാഹ്മണികമാണ്. സിനിമയിൽ ദലിതരെ ഇടജാതിക്കാർക്ക് എതിരെയാണ് അണിനിരത്തിയിട്ടുള്ളത്. ഈ ഗ്രൂപ്പുകൾ തമ്മിലെ സംഘർഷത്തിന്റെ യഥാർഥ കാരണങ്ങളെ മനസ്സിലാക്കാനോ അതിനെക്കുറിച്ച് സംസാരിക്കാനോ ചിത്രം ശ്രമിക്കുന്നില്ല എന്നു മാത്രമല്ല, ഇടജാതിക്കാരെ അക്രമാസക്തരായ ജാതിവാദികളായി അടയാളപ്പെടുത്തുകയും ചെയ്യുന്നു.
ദലിത് പെൺകുട്ടിയുടെ കഥ പറയാൻ ശ്രമിക്കുന്ന ചിത്രം പക്ഷേ വിരോധാഭാസമെന്നോണം സംവരണത്തെ പരിഹസിക്കുകയും ഉന്നത ജാതിക്കാരെ സംവരണത്തിന്റെ ഇരകളായി അവതരിപ്പിക്കുകയും ചെയുന്നു.
നായകനിൽ (1986) തമിഴനായ മുംബൈ അധോലോക നായകൻ വരദരാജൻ മുതലിയാറിന്റെ കഥയെ അടിസ്ഥാനപ്പെടുത്തി ‘വേലു നായ്ക്കറിന്റെ (നായകൻ) കഥ പറയാൻ ശ്രമിക്കുകയാണ്. ഇവിടെ ധാരാവിയുടെ സംസ്കാരത്തെ ഹിന്ദുവത്കരിക്കാൻ ശ്രമിക്കുകയാണ് മണിരത്‌നം ചെയ്യുന്നത്. പ്രധാനമായും താഴ്ന്ന ജാതിക്കാർ അധിവസിക്കുന്ന ചേരിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ഹിന്ദു ആഘോഷങ്ങളും ചിത്രീകരിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്.
അഖണ്ഡ ഭാരതത്തിന്റെ വക്താവ്
മണിരത്‌നം സിനിമകളുടെ രാഷ്ട്രീയം അഖണ്ഡ ഭാരത രാഷ്ട്രീയത്തോട് താദാത്മ്യപ്പെടുന്നതാണ്. ദളപതി (1991), റോജ (1992), രാവണൻ (2010) എന്നീ സിനിമകളിലൂടെ മഹാഭാരത, രാമായണ ഇതിഹാസങ്ങളെ സമകാലികമായി അവതരിപ്പിക്കാനും പുതുതലമുറക്കിടയിൽ പ്രസക്തമാക്കാനും മണിരത്‌നം ശ്രമിക്കുന്നുണ്ട്. റോജയിലും, ദിൽസേയിലും (1998) ഇൻഡ്യൻ സ്റ്റേറ്റിന്റെ അതിർത്തി സംബന്ധിയായ ആകുലതകളാണ് അവതരിപ്പിച്ചിട്ടുള്ളത്. രാവണനിലാകട്ടെ കലാപ പ്രശ്‌നത്തെ സ്റ്റേറ്റിന്റെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. കണ്ണത്തിൽ മുത്തമിട്ടാൽ (2002), കാട്ര് വെളിയിടയ് (2017) എന്നീ സിനിമകളിൽ അയൽരാജ്യങ്ങളുമായുള്ള ഇൻഡ്യയുടെ വിദേശ നയങ്ങളെ വ്യത്യസ്ത രൂപങ്ങളിൽ ഊന്നിപ്പറയുകയും ചെയ്യുന്നു.
ധാരാവിയിലെ ദലിത്-ബഹുജനങ്ങളും മധ്യ-ഇൻഡ്യയിലെ ആദിവാസികളും ഹിന്ദുവത്കരിക്കപ്പെടുന്നത് വഴി, ജാതി സംബന്ധിയായ ചോദ്യങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിൽ അദൃശ്യമായി തുടരുന്നു. മുസ്‌ലിംകളെ അക്രമികളായി ചിത്രീകരിക്കാൻ വേണ്ടി മാത്രം ബോബെയിൽ (1995) ഹിന്ദു-മുസ്‌ലിം ദ്വന്ദ്വത്തെ കൊണ്ടുവന്നിരിക്കുന്നു. ഇൻഡ്യൻ ഫെഡറലിസത്തെ പരിരക്ഷിച്ചുനിർത്തിയ ദ്രാവിഡ പ്രസ്ഥാനങ്ങളെയും തൊഴിലാളി വർഗത്തിന്റെ പരിവേദനങ്ങളെ തുറന്നുകാട്ടിയ ഇടത് പ്രസ്ഥാനങ്ങളെയും പരിഹാസ്യരാക്കുകയും, അന്തമില്ലാത്ത മുതലാളിത്തത്തെ വെള്ളപൂശുകയും ചെയ്തിരിക്കുന്നു.
മനോഹരമായ കലയുടെ അപകടങ്ങൾ
“ബർത്ത് ഓഫ് ദ നേഷൻ’ എന്ന സിനിമയെ കുറിച്ചുള്ള ഏറ്റവും മോശം സംഗതി, അത് എത്ര മഹോരമാണ് എന്നുള്ളതാണ്” എന്ന തലക്കെട്ടിൽ ‘ദ ന്യൂയോർക്കറിന്’ വേണ്ടി സിനിമാ നിരൂപകനായ റിച്ചാർഡ് ബ്രോഡി ഒരു ലേഖനം എഴുതുകയുണ്ടായി. അതിൽ പ്രശ്നഭരിതമായ രാഷ്ട്രീയ ചുറ്റുപാടുകളും, അവ മികച്ച സംവിധാനത്തിലൂടെ സിനിമകളിൽ ഫലപ്രദമായി അവതരിപ്പിക്കപ്പെടുന്നതിന്റെയും അപകടങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അരോചകമായ വംശീയ ഉള്ളടക്കമാണ് ഡി.ഡബ്ള്യൂ. ഗ്രിഫിത്തിന്റെ ‘ബർത്ത് ഓഫ് ദ നേഷനിൽ’ ഉള്ളതെന്നും, എന്നാൽ ഈ കൊടിയ അനീതി ഉള്ളപ്പോഴും പുതുസിനിമകളുടെ ലോകത്ത് അതിന് സ്ഥാനം ലഭിച്ചു എന്നും അദ്ദേഹം വാദിക്കുന്നു. എങ്കിലും, സിനിമയിൽ മനുഷ്യത്വപരമായ ചില അവസരങ്ങളും ഉണ്ടെന്ന് കൂട്ടിച്ചേർക്കുന്നു.
ഇതിന് സമാനമായ അവസ്ഥയിലാണ് ‘ട്രിംഫ് ഓഫ് വിൽ, ഒളിമ്പ്യ എന്നീ സിനിമകളിൽ അത്ഭുതകരമായ ഛായാഗ്രഹണം അവതരിപ്പിച്ച ജർമൻ സംവിധായിക ലീനി റീഫൻസ്റ്റൈലിനെയും വീക്ഷിക്കാനാവുക. ഛായാഗ്രഹണം മനോഹരമായിരുന്നുവെങ്കിലും നാസി അജണ്ടയെ ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ആ ചിത്രങ്ങൾ നിർമിക്കപ്പെട്ടത്.
മണിരത്‌നം ഇതേ വിഭാഗത്തിലാണ് പെടുക. മിക്കപ്പോഴും പി.സി ശ്രീറാം, സന്തോഷ് ശിവൻ, രാജീവ് മേനോൻ എന്നിവർ ഒരുക്കുന്ന മനോഹര ദൃശ്യങ്ങളുടെയും, ഇളയരാജ, എ.അർ റഹ്മാൻ എന്നിവർ ഒരുക്കുന്ന സംഗീതത്തിന്റെയും അകമ്പടിയിൽ എത്തുന്ന മണിരത്‌നം ചിത്രങ്ങൾ വലതുപക്ഷ രാഷ്ട്രീയത്തെ ത്വരിതപ്പെടുത്തിക്കൊണ്ടുള്ളതാണ്.
എന്നാൽ, ഗ്രിഫിത്തിൽ നിന്നും ലീനിയിൽ നിന്നും ഭിന്നമായി ഗൂഢമായ രീതിയാണ് മണിരത്‌നം സ്വീകരിക്കുന്നത്. അപ്രകാരം, ഹിന്ദുത്വത്തിന്റെ ലളിതവത്‌കൃത രൂപത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ നേർക്കുനേരെയുള്ള ഫാഷിസ്റ്റ്-ജാതിവാദ സിനിമകളെക്കാൾ അപകടകരമാണ് ഹിന്ദുത്വ ആശയങ്ങളെ മറഞ്ഞവഴിയിൽ പ്രചരിപ്പിക്കുന്ന ഈ സിനിമകൾ. കാരണം, നേർക്കുനേരെ പറഞ്ഞാൽ അവയിലുള്ള പ്രശ്നങ്ങൾ എളുപ്പം എതിർക്കപ്പെടും. എന്നാൽ മറഞ്ഞവഴിയിൽ പ്രചരിപ്പിക്കുക വഴി അവയിൽ നിന്ന് പ്രേക്ഷകരുടെ കണ്ണ് വെട്ടിക്കാനും, അവക്കെതിരിൽ ഉയർന്നുവരുന്ന വിമർശനങ്ങളെ അമിതപ്രതികരണങ്ങൾ എന്ന നിലക്ക് തള്ളിക്കളയാനും സാധിക്കുന്നു.
◆
കടപ്പാട്: ഹഫ്പോസ്റ്റ്
വിവർത്തനം: അഫ്സൽ ഹുസൈൻ
- https://www.huffingtonpost.in/amp/entry/the-right-wing-hindu-hypernationalist-politics-of-mani-ratnam-s-films_in_5f382534c5b69fa9e2fc3eef/