പേരാമ്പ്ര: പുരോഗമനത്തിന്റെ മൂടി തുറക്കുമ്പോള്‍

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഗവണ്മെന്റ് ഭൂരഹിതര്‍ക്ക് കുടികിടപ്പുകള്‍ നല്‍കുന്ന ഘട്ടത്തില്‍ ചേര്‍മലയിലെ, ചെങ്കുത്തായ ഒരു കുന്നിന്‍ മുകളില്‍ എട്ടു സെന്റ് ഭൂമി വീതം മുപ്പതു പറയകുടുംബങ്ങള്‍ക്കും പതിച്ചു നല്‍കുകയുണ്ടായി. ഗാന്ധിയന്‍ ദേശീയപ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെയും മണ്ണായ മലബാറില്‍ അയിത്തവും ജാതിവ്യവസ്ഥയും അസ്തമിച്ചു എന്നു ഘോഷിച്ചതിനാല്‍ അടിത്തട്ടിലെ സാമൂഹ്യസത്യങ്ങളെ മൂടിവയ്ക്കുക എന്ന എളുപ്പമാര്‍ഗമാണ് ഇരുകൂട്ടരും സ്വീകരിച്ചത്. മാത്രവുമല്ല ദളിത് പ്രവര്‍ത്തനങ്ങളും സമുദായ-പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും വര്‍ഗീയ പ്രവര്‍ത്തനമായി കണ്ടിരുന്ന പുരോഗമനവാദികള്‍ക്ക് മധ്യകേരളം കഴിഞ്ഞ് മലബാറിലേയ്ക്ക് ദളിത് സംവാദങ്ങള്‍ ഉണ്ടാകുന്നതിനോട് കടുത്ത വിയോജിപ്പും ഉണ്ടായിരുന്നു.

കേരളത്തിന്റെ മണ്ണ് നവോത്ഥാനത്തിന്റെയും പുരോഗമനത്തിന്റെയും ആണെന്നാണ് പാഠപുസ്തകങ്ങളും മാധ്യമങ്ങളും വല്ലാണ്ടങ്ങ് പറഞ്ഞുകൊണ്ടിരിക്കുന്നത്. കേരളം ഉത്തരേന്ത്യ അല്ലെന്നും, അയിത്തത്തിന്റെ ജാതിവിവേചനങ്ങള്‍ കേരളത്തില്‍ ഇല്ല എന്നും ഏറിയാല്‍ അത് പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ കണ്ടേക്കാം എന്നുമായിരുന്നു സാംസ്‌കാരികവും രാഷ്ട്രീയവുമായ ഭാഷ്യം. എന്നാല്‍ ഇത്തരം വാദങ്ങളുടെ ഉത്തരം മുട്ടിച്ചുകൊണ്ടാണ്, കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ അയിത്താചാരണങ്ങളുടെ വിവരണങ്ങള്‍ ഇന്ന് ലോകം അറിഞ്ഞുകൊണ്ടിരിക്കുന്നത്.

പേരാമ്പ്ര പ്രദേശങ്ങളില്‍ പരമ്പരാഗതമായി ജീവിച്ചുവരുന്ന പറയസമൂഹത്തില്‍പ്പെട്ടവരുടെയും ഇതര ദളിത് വിഭാഗങ്ങളുടെയും ഉന്നമനത്തെ അടിസ്ഥാനമാക്കി 1954 ല്‍ ഒരു ഹരിജന്‍ വെല്‍ഫയര്‍ എല്‍.പി. സ്‌ക്കൂള്‍ പേരാമ്പ്ര ടൗണില്‍ സ്ഥാപിതമാവുകയുണ്ടായി. സി.എച്ച്.ഗോപാലന്‍ മാഷ് എന്ന ഹരിജനോദ്ധാരണപ്രവര്‍ത്തകന്റെ മുന്‍കയ്യിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. 1977 ഓടു കൂടി പ്രസ്തുത സ്‌ക്കൂള്‍ ഇന്നു പ്രവര്‍ത്തിയ്ക്കുന്ന ചേര്‍മലയിലേയ്ക്ക് മാറ്റുകയും ഉറപ്പുള്ള ഒരു വിദ്യാലയമായി പണി കഴിയ്ക്കപ്പെടുകയും ചെയ്തു.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഗവണ്മെന്റ് ഭൂരഹിതര്‍ക്ക് കുടികിടപ്പുകള്‍ നല്‍കുന്ന ഘട്ടത്തില്‍ ചേര്‍മലയിലെ, ചെങ്കുത്തായ ഒരു കുന്നിന്‍ മുകളില്‍ എട്ടു സെന്റ് ഭൂമി വീതം മുപ്പതു പറയകുടുംബങ്ങള്‍ക്കും പതിച്ചു നല്‍കുകയുണ്ടായി. ഗാന്ധിയന്‍ ദേശീയപ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെയും മണ്ണായ മലബാറില്‍ അയിത്തവും ജാതിവ്യവസ്ഥയും അസ്തമിച്ചു എന്നു ഘോഷിച്ചതിനാല്‍ അടിത്തട്ടിലെ സാമൂഹ്യസത്യങ്ങളെ മൂടിവയ്ക്കുക എന്ന എളുപ്പമാര്‍ഗമാണ് ഇരുകൂട്ടരും സ്വീകരിച്ചത്. മാത്രവുമല്ല ദളിത് പ്രവര്‍ത്തനങ്ങളും സമുദായ-പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും വര്‍ഗീയ പ്രവര്‍ത്തനമായി കണ്ടിരുന്ന പുരോഗമനവാദികള്‍ക്ക് മധ്യകേരളം കഴിഞ്ഞ് മലബാറിലേയ്ക്ക് ദളിത് സംവാദങ്ങള്‍ ഉണ്ടാകുന്നതിനോട് കടുത്ത വിയോജിപ്പും ഉണ്ടായിരുന്നു.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത്, മിക്കവാറും എല്ലാ തവണയും ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമാണ് ഭരിച്ചിട്ടുള്ളത് എന്നതും മറ്റൊരു സംഗതിയാണ്. വര്‍ഗപരമായി മാറിത്തീര്‍ന്നു എന്നു കരുതുന്ന തൊഴിലിടങ്ങളില്‍ ഈ സമൂഹത്തിന് തൊഴില്‍ വിഭജനങ്ങള്‍ ഒന്നും തന്നെ സാധ്യമാവുകയുണ്ടായില്ല. പേരാമ്പ്ര അങ്ങാടിയിലും പരിസരങ്ങളിലും കൊട്ടയും വട്ടിയും കെട്ടി കച്ചവടം നടത്തിയിരുന്ന ഇവര്‍
ഒരു കാലത്ത് മറ്റുള്ളവരില്‍ നിന്നും ഏറെ അകന്ന് നില്‍ക്കേണ്ടിയിരുന്നു. അയിത്താചാരത്തിന്റെ കാലത്താണ് അങ്ങനെയെങ്കില്‍ അതിന് ചില സമാധാനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്നും പലതരത്തിലും തങ്ങളെക്കാണുമ്പോള്‍ ഒറ്റപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഇവര്‍ക്ക് പറയുവാനുള്ളത്. അതാ, പറയര്‍ വരുന്നു, പിള്ളാരെ മാറ്റിക്കൊ എന്നുള്ള മുന്നറിയിപ്പ് എപ്പോഴും കേള്‍ക്കേണ്ടിവരുന്നു. ഹോട്ടലില്‍ ആഹാരം കഴിക്കാനിരുന്നാല്‍ മറ്റുള്ളവര്‍ എഴുന്നേറ്റുമാറുകയോ, മറ്റാരും ഇരിക്കാതെ ഒഴിഞ്ഞു മാറുകയോ ചെയ്യും. ഒരു വീട്ടില്‍ നിന്നും വെള്ളം ചോദിച്ചപ്പോള്‍ കക്കൂസില്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ വെള്ളം കൊടുത്തതിനെക്കുറിച്ചാണ് പറയുന്നത്. ഈറയും മുളയും കൊണ്ട് കൊട്ടയും വട്ടിയും ഉണ്ടാക്കുന്ന കുടുംബങ്ങള്‍ക്ക് പൊതുവായ ഒരു പണിപ്പുരയ്ക്കു വേണ്ടിയുള്ള ശ്രമം നടത്തിയപ്പോള്‍ പഞ്ചായത്ത് റോഡിലൂടെ വാഹനം കടന്നുപോകുന്നതിനെ തടഞ്ഞു കൊണ്ടാണ് മറ്റുള്ളവര്‍ അതിനായുള്ള ശ്രമത്തെ പരാജയപ്പെടുത്തിയത്. കോണ്‍ക്രീറ്റിനായുള്ള ഉപകരണങ്ങളെല്ലാം തടഞ്ഞതിനാല്‍ അവരുടെ പൊതുവായ വര്‍ക്ക്‌ഷെഡിന്റെ പ്രവര്‍ത്തനവും മുടങ്ങിപ്പോയി.
പേരാമ്പ്രയിലും പരിസരങ്ങളിലും ഇവരെ ജാതി തൊഴിലുകളില്‍ കെട്ടിയിടുന്നതില്‍ അതീവ ജാഗ്രത്തുണ്ടായിരുന്നു സമൂഹത്തിന്. തോട്ടിപ്പണിയും കശാപ്പുജോലിയും അതിന്റെ അനുബന്ധതൊഴിലുകളും തുടങ്ങിയ തൊഴിലുകളില്‍ മാത്രം ഇവരെ കുടുക്കിയിടുകയും മറ്റു തൊഴിലുകളില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്തതോടുകൂടി സാമൂഹികപരിഷ്‌കരണത്തിന്റെ സ്വാഭാവിക സാധ്യതകളില്‍ നിന്നും ഇവരെ ഒറ്റപ്പെടുത്തുകയായിരുന്നു. മുസ്ലീമുകള്‍ മാത്രമായിരുന്നു ഞങ്ങളോട് സംസാരിക്കുകയും ഞങ്ങളെ തൊടുകയും ചെയ്തിരുന്നത് എന്ന് ഇവര്‍ പറയുമ്പോള്‍. പട്ടികജാതിയിലെ ചിലരും ഇവരോട് അയിത്തം പുലര്‍ത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്.
ഇത്തരം സാമൂഹീക ആചാരങ്ങളുടെ മനുഷ്യവിരുദ്ധതയുടെ ഉള്ളിലാണ് ചേര്‍മല വെല്‍ഫയര്‍ യു.പി സ്‌ക്കൂളും പ്രവര്‍ത്തിച്ചുവന്നിരുന്നത്. എണ്‍പതില്‍ അവിടെ അധ്യാപകനായി എത്തിയ നാരായണന്‍ മാഷിന്റെ വാക്കുകളാണ് ഉചിതം എന്നു കരുതുന്നു. ”’പറയര്‍ മാത്രം പഠിക്കുന്ന സ്‌ക്കൂള്‍ എന്നായിരുന്നു അക്കാലത്ത് ആ സ്‌ക്കൂളിനെ പറഞ്ഞിരുന്നത്. അവിടുത്തെ അധ്യാപകരെ വിളിച്ചിരുന്നതും പറയ മാഷന്മാര്‍ എന്നും.”
കുറ്റിയാടി ഇറിഗേഷനുമായി ബന്ധിപ്പിച്ച് ജോലിയ്ക്ക് എത്തിയവരും അവരുടെ കുട്ടികളെ പ്രസ്തുത സ്‌ക്കൂളില്‍ ചേര്‍ത്തില്ല. നാരായണന്‍ മാഷിന്റെയും ചന്തുക്കുട്ടി മാഷിന്റെയും മക്കളെ ആ സ്‌ക്കൂളില്‍ ചേര്‍ത്തുകൊണ്ട്, ഒരു പുതിയ ശ്രമത്തിന് അവര്‍ തയ്യാറായി. നൂറു മീറ്റര്‍ ദൂരത്ത് ഒരു എയ്ഡഡ് സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞു കവിഞ്ഞാലും ആരും വെല്‍ഫയര്‍ സ്‌ക്കൂളില്‍ വരുമായിരുന്നില്ല. നാരായണന്‍ മാഷിന്റെയും മറ്റും മുന്‍കയ്യില്‍ വീടുവീടാന്തരം കയറിയിറങ്ങുകയും എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെയും ആ സ്‌ക്കൂളില്‍ ചേര്‍ക്കുന്നതിനും, ആ സ്‌ക്കൂളിനു മുറ്റത്തുള്ള ഒരിക്കലും വറ്റാത്ത കിണര്‍ നവീകരിച്ച് അതില്‍ നിന്ന് ആളുകള്‍ വെള്ളമെടുക്കുന്നതിലേയ്ക്കും മാറ്റിത്തീര്‍ത്തു. അങ്ങനെ സ്‌ക്കൂളിന്റെ മേലുള്ള പഴി ഒരു വിധത്തില്‍ ഇല്ലാതാക്കി.
തൊണ്ണൂറുകളില്‍ വീണ്ടും ചില വ്യതിയാനങ്ങള്‍ വന്നു തുടങ്ങി. ഡി.പി.ഇ.പി.യായിരുന്നു പ്രധാന ഘടകം. വെല്‍ഫയര്‍ സ്‌ക്കൂളില്‍ പഠിപ്പിക്കല്‍ പോരാ എന്നതായിരുന്നു പുതിയ കണ്ടുപിടുത്തം.

___________________________________
മലബാറിലെ ഒരു കോളനിയില്‍ അതിന്റെ പരിസരങ്ങളില്‍ പേരാമ്പ്ര എന്ന ഗ്രാമത്തില്‍ എങ്ങനെയാണ് ജാതിവ്യവസ്ഥയുടെ നിയമങ്ങളും അയിത്തവും പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഒരു ചെറിയരൂപം മാത്രമാണ് ഇത്. കേരളത്തിന്റെ ഗ്രാമങ്ങള്‍, വിദ്യാലയഘങ്ങള്‍, തൊഴിലിടങ്ങള്‍, അവിടെയൊക്കെയും വിവേചനം ഏതൊക്കെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന തുറന്ന ജാഗ്രതയാണ് നമുക്കാവശ്യം. അജയഘോഷും ഒ.പി. രവീന്ദ്രനും പറയുന്നതുപോലെ ദളിത് സമുദായവല്ക്കരണത്തിനായുള്ള നിരന്തര ശ്രമങ്ങള്‍, അവകാശനിഷേധത്തെയും മനുഷ്യവിരുദ്ധതയേയും നീരീക്ഷിക്കുന്ന കാഴ്ചപ്പാടുകള്‍, നവീകരണത്തിന്റെയും പരിഷ്‌കരണത്തിന്റെയും പുതിയ ശ്രമങ്ങള്‍, ഉപജാതിബോധ്യങ്ങളില്‍ നിന്നും മറികടന്നുകൊണ്ട് ദളിതര്‍ക്കിടയില്‍ പരസ്പരം പുലര്‍ത്തുന്ന അയിത്തങ്ങളെ തുടച്ചുമാറ്റല്‍,വരേണ്യമുഖ്യധാരയോടുള്ള നിരന്തരമായ ഏറ്റുമുട്ടല്‍. 
___________________________________ 

അങ്ങനെ വീണ്ടും പറയരുടെ സ്‌ക്കൂളായി ഇതു മാറിത്തീര്‍ന്നു. 2015- ജൂണിലെ അഡ്മിഷനു മുമ്പ് നിലവിലുള്ള പന്ത്രണ്ട് കുട്ടികള്‍ക്കൊപ്പം കുറേക്കൂടി വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിന് ഒരു ശ്രമം മാഷന്മാര്‍ നടത്തിനോക്കി. നാലഞ്ച് കുട്ടികളെയെങ്കിലും ചേര്‍ത്തുകൊള്ളാം എന്ന് രക്ഷിതാക്കള്‍ വാക്കു നല്‍കി. എന്നാല്‍ ആരും ചേര്‍ന്നില്ല.
നാരായണന്‍ മാഷ് പറയുന്നത് ഇങ്ങനെ, ”തോട്ടിപണി, തോല് ഊറയ്ക്കിടല്‍, മാംസക്കച്ചവടക്കാരെ സഹായിക്കല്‍, അതൊക്കെ ചെയ്യുന്നവര്‍ ആ കോളനിയില്‍ ഉണ്ട്. എന്നാല്‍ അവര്‍ക്ക് വൃത്തിയില്ല, അവരെ മണക്കുന്നു എന്നൊന്നും ഇന്നു പറയാന്‍ കഴിയില്ല. പഴയകാലത്തെ ചില ധാരണകള്‍ ഇന്നും ഭാവനകളായി കൊണ്ടു നടക്കുകയാണ് സമൂഹം. പണ്ട് ചില അധ്യാപകരെങ്കിലും പറയ ആട്ടം ആട് തുള്ള് എന്ന പറഞ്ഞുകൊണ്ട് കൊച്ചു കുട്ടികളെ ക്ലാസില്‍ തുള്ളിച്ചിരുന്നു. ആസ്വദിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവരെ പരിഷ്‌കരിക്കുന്നതിനും നവീകരിക്കുന്നതിനും ഉന്നതനിലയില്‍ പഠിപ്പിക്കുന്നതിനും എത്ര കണ്ട് വിജയിച്ചു എന്നത് ചോദ്യമായി മുന്നില്‍ നില്‍ക്കുന്നു”.
കോളനിയിലെ സ്ത്രീപുരുഷന്മാരോടും ഹൈസ്‌ക്കൂളിലും ഹയര്‍ സെക്കന്ററിയിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളോടും ഞങ്ങള്‍ സംസാരിക്കുമ്പോഴും വിവേചനത്തിന്റെ ഉദാഹരണങ്ങളാണ് അവര്‍ക്ക് പറയാനുള്ളത്. പത്താം ക്ലാസുകരിയായ വിജന്യ എന്ന പെണ്‍കുട്ടി ക്ലാസില്‍ ആഴ്ചകളോളം ബഞ്ചില്‍ ഒറ്റയ്ക്ക് ഇരിയ്‌ക്കേണ്ടിവന്നതിനെക്കുറിച്ച് പറയുന്നു. ഒടുവില്‍ ഒറ്റപ്പെട്ടുപോയ കുട്ടി ക്ലാസ് ടീച്ചറിനോട് ഇത് പറയുമ്പോള്‍ മറ്റു കുട്ടികള്‍ക്കൊപ്പം അവളെയും ഇരിക്കാന്‍ അനുവദിക്കുകയും എന്നാല്‍ കുട്ടികള്‍ ബാഗ് വെച്ച് അകലം തീര്‍ത്തുകൊണ്ട് അവര്‍ക്കുള്ളിലെ അയിത്തം പുറത്തെടുക്കുകയും ചെയ്തു. ന്യൂജെനറേഷന്‍ എന്നൊക്കെപ്പറയുന്ന ഇക്കാലത്ത് അയിത്തം എങ്ങനെയിരിക്കും എന്ന പുരോഗമനകാല സംശയത്തിനൊന്നും പ്രസക്തിയില്ല എന്നാണ് ഇത് കാണിച്ചു തരുന്നത്.
ഒമ്പതാം ക്ലാസിലെ ജയസൂര്യ പറയുന്നത് തന്നെ ആരും ഒരു കാര്യത്തിനും കൂടെച്ചേര്‍ക്കാറില്ല എന്നാണ്. ഒരേ ഒരു കാരണം മാത്രമേ അവര്‍ക്കുള്ളു. അത് അവരുടെ ജാതിയുമായി ബന്ധപ്പെട്ടതാണ്. ഞങ്ങള്‍ കോളനി സന്ദര്‍ശിച്ച ദിവസം കോഴിക്കോട് എഡിഷനില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പത്രം അച്ചടിച്ചത്, ചേര്‍മലയിലെ കോളനിക്കാരോട് അയിത്തം പുലര്‍ത്തുന്നു എന്ന പ്രചരണം തെറ്റായതാണ് എന്നാണ്.
എന്തുകൊണ്ട് ഈ പത്രക്കാര്‍ക്ക് ഇങ്ങനെ ഒരു വാര്‍ത്ത കൊടുക്കാന്‍ തോന്നി എന്നത് പരിതാപകരമായ കാര്യമാണ്. സ്വാതന്ത്ര്യാനന്തരം നാളിതുവരെയും പഞ്ചായത്തു ഭരിച്ചത് ഞങ്ങളാണ് എന്ന തോന്നലാണോ ഇങ്ങനെ പറയിക്കുവാന്‍ പ്രേരിപ്പിക്കുന്നത് എന്നറിയില്ല. സാമൂഹ്യാവസ്ഥയെ സാമൂഹ്യാവസ്ഥയായി കാണാതെ, തങ്ങളുടെ ധാരണകള്‍ക്ക് മങ്ങലേല്‍ക്കുമ്പോള്‍ സമൂഹ്യാവസ്ഥയെ മൂടിവയ്ക്കാന്‍ ശ്രമിയ്ക്കുന്ന പഴഞ്ചന്‍ ബോധമാണ് ഇവരെ ഇന്നും ഭരിക്കുന്നത്. ഇവര്‍ക്ക് സമൂഹത്തെ മാറ്റാന്‍ കഴിയില്ല എന്നു മാത്രമല്ല തെറ്റായി നയിക്കാനും കഴിയും എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ജാതിസര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷ ഓണ്‍ലൈനില്‍ അയയ്ക്കുവാന്‍ ഇരുപതു ദിവസം അക്ഷയയുടെ സെന്ററില്‍ ചെന്ന് പത്തു മണിമുതല്‍ അഞ്ചു മണി വരെ ഒരു കുടുംബത്തിന് ഇരിക്കേണ്ടിവരിക എന്നു പറയുമ്പോള്‍ ഒന്നുകില്‍ സാങ്കേതികമായ കാര്യങ്ങളെ മനസ്സിലാക്കിക്കൊടുക്കുന്നതിലെ അപാകത, അതല്ലെങ്കില്‍ ഇവര്‍ക്കൊന്നും പറഞ്ഞാലും മനസ്സിലാകില്ല എന്ന മുന്‍വിധി. ഈ രണ്ടു ബോധത്തെയും നമുക്ക് വിളിക്കാന്‍ കഴിയുന്ന പദം ഏതാണ് അവഗണന, ഒറ്റപ്പെടുത്തല്‍ എന്നൊക്കെയല്ലെ.
അതുകൊണ്ടാണ് ഉത്തരമേഖല പറയ സമുദായ സംഘത്തിന്റെ പ്രവര്‍ത്തകന്‍ വേണു വ്യക്തമാക്കുന്നത്. ”വിവേചനങ്ങളുടെ നീറുന്ന ജീവിതമാണ് ഞങ്ങളുടേത്. ഇവിടെക്കാണുന്ന പ്ലാസ്റ്റിക്ക് ഇട്ടു മൂടിയ ഈ വീടുകള്‍, സാരി വലിച്ച് മറയാക്കിയ ഈ വീടുകള്‍, വെള്ളം ഇല്ലാത്ത ഈ കിണറ്, പണി പൂര്‍ത്തിയാക്കാത്ത ഈ പടികള്‍, ഇവിടെ ഓരോ വീട്ടിലും നാലും അഞ്ചും കുടുംബങ്ങളുണ്ട്. ചെങ്കുത്തായ ഇറക്കമായതിനാല്‍ ഇനി ഓരോ വീടു കൂടി വയ്ക്കാന്‍ കഴിയില്ല. തിങ്ങിത്താമസിക്കുകയാണ്. കളക്ടറെക്കാണാന്‍ പോവുകയാണ്, സ്‌ക്കൂളില്‍ അപമാനിതരായ കുട്ടികളെ നേരിട്ട് കളക്ടറെക്കണ്ട് അവര്‍ നേരിടുന്ന അപമാനത്തെക്കുറിച്ച് പറയാന്‍ പോവുകയാണ്. ഇവിടെ അങ്ങനെ ഒരു കുഴപ്പവും ഇല്ല എന്നല്ലെ പത്രങ്ങള്‍ പറയുന്നത് നിങ്ങള്‍ ഓരോ വീട്ടിലും ചെന്ന് ആളുകളോട് സംസാരിക്കു. അവര്‍ പറഞ്ഞുതരും സത്യം എന്താണെന്ന്”.
മലബാറിലെ ഒരു കോളനിയില്‍ അതിന്റെ പരിസരങ്ങളില്‍ പേരാമ്പ്ര എന്ന ഗ്രാമത്തില്‍ എങ്ങനെയാണ് ജാതിവ്യവസ്ഥയുടെ നിയമങ്ങളും അയിത്തവും പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഒരു ചെറിയരൂപം മാത്രമാണ് ഇത്. കേരളത്തിന്റെ ഗ്രാമങ്ങള്‍, വിദ്യാലയഘങ്ങള്‍, തൊഴിലിടങ്ങള്‍, അവിടെയൊക്കെയും വിവേചനം ഏതൊക്കെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന തുറന്ന ജാഗ്രതയാണ് നമുക്കാവശ്യം. അജയഘോഷും ഒ.പി. രവീന്ദ്രനും പറയുന്നതുപോലെ ദളിത് സമുദായവല്ക്കരണത്തിനായുള്ള നിരന്തര ശ്രമങ്ങള്‍, അവകാശനിഷേധത്തെയും മനുഷ്യവിരുദ്ധതയേയും നീരീക്ഷിക്കുന്ന കാഴ്ചപ്പാടുകള്‍, നവീകരണത്തിന്റെയും പരിഷ്‌കരണത്തിന്റെയും പുതിയ ശ്രമങ്ങള്‍, ഉപജാതിബോധ്യങ്ങളില്‍ നിന്നും മറികടന്നുകൊണ്ട് ദളിതര്‍ക്കിടയില്‍ പരസ്പരം പുലര്‍ത്തുന്ന അയിത്തങ്ങളെ തുടച്ചുമാറ്റല്‍,വരേണ്യമുഖ്യധാരയോടുള്ള നിരന്തരമായ ഏറ്റുമുട്ടല്‍. കൂടുതല്‍ കരുത്തും കരുതലും ആവശ്യപ്പെടുന്നു സമകാലകേരളം. കാരണം ദേശീയ പ്രസ്ഥാനങ്ങളും മാര്‍ക്‌സിയന്‍ പ്രസ്ഥാനങ്ങളും തെറ്റുതിരുത്തുന്നില്ല എന്നു മാത്രമല്ല ഹിന്ദുത്വതയുടെ സഹോദര പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കുക കൂടിയാണല്ലോ.

Top