പട: ഒരു വ്യാജചരിത്ര നിർമിതി

ആദിവാസികളുടെ ഉണര്‍വും, അതുവഴി അവര്‍ ഒരു സാമൂഹിക ഏകകമായി മാറുന്നതും ജീവത്തായ ഒരു പരിവര്‍ത്തനമാണ്. നൂറുകണക്കിന് നിസ്വരായ മനുഷ്യരുടെ സ്വപ്നങ്ങളും, അവരുടെ പ്രക്ഷോഭങ്ങളിലെ കര്‍തൃത്വവുമാണ് കേരളത്തിന്‍റെ പുതിയ ചരിത്രധാരയായി മാറിക്കൊണ്ടിരിക്കുന്നത്. പ്രതിനിധാനത്തിനും സ്വയംഭരണത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള ഈ മുന്നേറ്റവുമായി സഹവര്‍ത്തിക്കാൻ ഇടതുപക്ഷ-മധ്യവര്‍ഗങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്. എം. ഗീതാനന്ദൻ, സി.എസ് മുരളി എന്നിവർ എഴുതുന്നു.

കേരളത്തിലെ ആദിവാസികള്‍ ഒരു സംഘടിത സാമൂഹിക ശക്തിയായി ഉയര്‍ന്നുവന്ന തൊണ്ണൂറുകളില്‍ ‘അയ്യങ്കാളിപ്പട’ എന്ന പേരില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് പട എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ആദിവാസി പ്രക്ഷോഭത്തിന് ദിശാബോധം നല്‍കുന്നതിനും, ആദിവാസി ഭൂപ്രശ്നം പൊതുസമൂഹത്തില്‍ വീണ്ടും ചര്‍ച്ചക്ക് കൊണ്ടുവരുന്നതിനും പട സിനിമക്ക് കഴിഞ്ഞിട്ടുണ്ടെന്നും, ധീരവും സത്യസന്ധവുമായ ഒരു ചരിത്രാഖ്യാനമാണ് സിനിമയിലൂടെ നിര്‍വഹിക്കപ്പെട്ടിരിക്കുന്നതെന്നും നിരവധി കോണുകളില്‍ നിന്നും അഭിപ്രായം പങ്കുവെക്കപ്പെട്ടിട്ടുണ്ട്. പത്രപ്രവര്‍ത്തകര്‍, ഇടതുപക്ഷ-സോഷ്യലിസ്റ്റ് സഹയാത്രികര്‍, പുതുതലമുറയിലെ ചിന്തകര്‍, ആക്റ്റിവിസ്റ്റുകള്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പെടും (ഡോ. ആര്‍. സുനില്‍, ഡോ. ആസാദ്, പ്രേംചന്ദ് (ഡൂള്‍ന്യൂസ്), രേഖ ചന്ദ്ര, സതീഷ് സൂര്യൻ (സമകാലീന മലയാളം വാരിക), ബിനു ആനമങ്ങാട്, ധന്യ കെ. വിളയിൽ). സിനിമയുടെ ടീസര്‍ പുറത്തുവന്നതു മുതല്‍ സിനിമയുടെ സംവിധായകനും അണിയറ പ്രവര്‍ത്തകരും യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയ ഒരു രാഷ്ട്രീയ സിനിമയാണെന്ന് പ്രചാരണമാരംഭിച്ചിരുന്നു. ഒരു സിനിമ എന്ന നിലയില്‍ എന്തെങ്കിലും പുതിയ ആശയം ‘പട’ സിനിമ മുന്നോട്ടു വെക്കുന്നില്ല. മനുഷ്യനെ സ്പര്‍ശിക്കുന്ന സര്‍വലൗകികമായ (യൂണിവേഴ്സല്‍) ഏതെങ്കിലുമൊരു വിഷയം സിനിമ കൈകാര്യം ചെയ്യുന്നില്ല. പുതിയ സിനിമാ സങ്കേതങ്ങളെക്കുറിച്ചും സിനിമ അന്വേഷിക്കുന്നില്ല.

അനീതിക്കെതിരെ കലാപം ചെയ്യുന്ന ഏതാനും യുവാക്കളുടെ ഭരണകൂടവിരുദ്ധ ഇടപെടലാണ് സിനിമ കൈകാര്യം ചെയ്യുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് നീതി ഉറപ്പാക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ‘മുന്നണിപ്പട’ എന്ന ദൗത്യം നിര്‍വഹിക്കാന്‍ കഴിയും എന്ന പരമ്പരാഗത മാർക്സിസ്റ്റ് സന്ദേശം മാത്രമാണ് ബന്ദിനാടകത്തിലൂടെ സിനിമ നല്‍കുന്നത്. ഏതാണ്ട് രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സിനിമയുടെ ആദ്യപകുതി ഭരണകൂടത്തിന്‍റെ പ്രതിനിധിയായ ജില്ലാ കളക്ടറെ ബന്ദിയാക്കുന്നതിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ ക്രമാനുഗതമായി ചിത്രീകരിക്കുകയും, രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ആധികാരികത ചോദ്യം ചെയ്യപ്പെട്ട ഭരണകൂട സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ബന്ദിയാക്കപ്പെട്ട ജില്ലാ കലക്ടറെ മോചിപ്പിച്ചു കൊണ്ടുപോവുകയും ചെയ്യുന്ന സംഭവമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

നാടകം ഫിക്ഷനാക്കി മാറ്റിയ പട

പാലക്കാട് ബന്ദി നാടകത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഒരു രാഷ്ട്രീയ സിനിമ എന്ന പ്രചാരണവും പ്രമോഷനും വഴി തിയേറ്ററുകളില്‍ എത്തിപ്പെട്ടവരെ തൃപ്തിപ്പെടുത്താന്‍ ബന്ദിനാടകത്തിന് കഴിഞ്ഞിട്ടുണ്ടാകും എന്ന് അനുമാനിക്കാം. കാലഹരണപ്പെട്ട ആശയമെങ്കിലും ബലപ്രയോഗത്തിലൂടെ വ്യവസ്ഥയെ അട്ടിമറിച്ച് അധികാരം കൈക്കലാക്കുന്ന പദ്ധതിയാണ് സാമൂഹികമായി ഏറ്റവും ഔന്നത്യമുള്ള നടപടിയെന്ന് ഇപ്പോഴും രഹസ്യമായി ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു വിഭാഗം കേരളത്തിലെ സാമൂഹിക ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, സോഷ്യല്‍ ആക്റ്റിവിസ്റ്റുകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥി-യുവജനങ്ങള്‍ തുടങ്ങിയ വിവിധ സെക്റ്ററുകളില്‍ ചിതറി കിടക്കുന്നവരെങ്കിലും, നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ‘ഇടതുപക്ഷത്ത്’ നിലയുറപ്പിക്കുന്നവരുമാണിവര്‍. ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ് പട സിനിമയുടെയും മാര്‍ക്കറ്റ്. പട സിനിമയുടെ മാര്‍ക്കറ്റിങ്‌ സ്വയം ഏറ്റെടുത്തവരില്‍ ഒരു ഗണ്യമായ വിഭാഗം ഇവരില്‍ നിന്നാണെന്ന് കാണാം; പ്രത്യേകിച്ച് എക്സ് നക്സലൈറ്റുകളും പലവിധ ഇടതുധാരകളില്‍ പെട്ടവരുമാണവര്‍. ഈ സിനിമയെ കരകയറ്റാന്‍ ഈ വിഭാഗത്തിന്‍റെ പിന്തുണ സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്. എങ്കിലും സംവിധായകന്‍ കമല്‍ കെ.എം ചില കാര്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്.

സത്യസന്ധമായ ഗവേഷണം സിനിമക്കു വേണ്ടി നടത്തിയതായി പറയുമ്പോഴും, ആര്‍.കെ ബിജുരാജിന്‍റെ ‘നക്സല്‍ ദിനങ്ങള്‍’ എന്ന പഠനം, മാവോയിസ്റ്റ് സഹചാരികളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എന്നതിനപ്പുറം, ആദിവാസികളുടെ സമര ചരിത്രത്തെക്കുറിച്ച് സിനിമക്ക് വേണ്ടി എന്തെങ്കിലും ഗവേഷണം നടത്തിയിട്ടുണ്ടോ? ‘അയ്യങ്കാളിപ്പട’യുടെ പേരില്‍ നടത്തിയ ബന്ദിനാടകത്തിന് മുന്‍പു തന്നെ- പ്രത്യേകിച്ചും 1990കളുടെ തുടക്കം മുതല്‍- രണ്ട് ദശകമായി തുടരുന്ന പ്രക്ഷുബ്ദമായ മുന്നേറ്റത്തിന്‍റെ ഗതിവിഗതികളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ടോ? പട സിനിമ കാണുമ്പോള്‍ അതിനുള്ള ബുദ്ധിപരമായ സത്യസന്ധത (Intellectual Integrity) കാട്ടിയതായി കാഴ്ചക്കാരന് അനുഭവപ്പെടുന്നതേ ഇല്ല. ആദിവാസി മുന്നേറ്റത്തില്‍ അവര്‍ സ്ഥാപിച്ചെടുത്ത കർതൃത്വത്തെയും, അവരുടെ സ്വപ്നങ്ങളെയും അവരുടെ നേതൃത്വപരമായ പങ്കിനെയും, അധാര്‍മികതയില്‍ മുങ്ങികിടക്കുന്ന ഭരണകൂട സംവിധാനത്തെ ജനാധിപത്യത്തിന്‍റെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിന്‍റെയും രണ്ടു ദശകം നീണ്ടുനിന്ന പ്രക്രിയയെ പടയുടെ ആവിഷ്കാരത്തില്‍ അദൃശ്യമാക്കപ്പെട്ടതായി കാണാം. ആദിവാസികളുടെ ഉണര്‍വും, അതുവഴി അവര്‍ ഒരു സാമൂഹിക ഏകകമായി മാറുന്നതും ജീവത്തായ ഒരു പരിവര്‍ത്തനമാണ്. നൂറുകണക്കിന് നിസ്വരായ മനുഷ്യരുടെ സ്വപ്നങ്ങളും, അവരുടെ പ്രക്ഷോഭങ്ങളിലെ കര്‍തൃത്വവുമാണ് കേരളത്തിന്‍റെ പുതിയ ചരിത്രധാരയായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ജനാധിപത്യ വ്യവസ്ഥയിലെ പ്രതിനിധാനത്തിനും സ്വയംഭരണത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള ഈ മുന്നേറ്റവുമായി സഹവര്‍ത്തിത്വത്തില്‍ ഏര്‍പ്പെടാന്‍ നേരത്തെ സൂചിപ്പിച്ച ഇടതുപക്ഷ-മധ്യവര്‍ഗങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്. കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ ചരിത്രത്തോളം പഴക്കമുള്ളതാണ് പാര്‍ശ്വവത്കൃതരുടെ പ്രതിനിധാനത്തോടുള്ള ഈ വര്‍ഗത്തിന്‍റെ അകല്‍ച്ച. ആദിവാസികള്‍, ദലിതര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ പ്രതിനിധാനത്തിനായുള്ള പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ഇവര്‍ കാഴ്ചക്കാരായി മാത്രം നില്‍ക്കും.

മനുഷ്യാവകാശ ലംഘനമുണ്ടാകുമ്പോള്‍ ചിലപ്പോള്‍ അവര്‍ രക്ഷകരായി ചാടിവീഴും. എന്നാല്‍ സാമൂഹിക മുന്നേറ്റത്തില്‍ പാര്‍ശ്വവത്കൃതര്‍ നേതൃത്വമായി മാറുമ്പോള്‍ അതിനെ ഏതു വിധേനയും ഇക്കൂട്ടര്‍ പ്രതിരോധിക്കും. അവരുടെ നേതൃത്വം പിടിച്ചെടുക്കും. സിപിഎമ്മുകാര്‍ എ.കെ.എസും/പി.കെ.എസും ഉണ്ടാക്കുന്നതുപോലെ. യഥാര്‍ഥത്തില്‍ അയ്യങ്കാളിപ്പട എന്ന മുന്നണിപ്പടയെ ആദിവാസി സമരത്തിന്‍റെ നേതൃത്വമായി അവരോധിക്കാനുള്ള ഒരു മാവോയിസ്റ്റ് പ്രതികരണം മാത്രമായിരുന്നു പാലക്കാട് കലക്ടറേറ്റിലെ ബന്ദിനാടകം. ഒരര്‍ഥത്തില്‍ ഒരു തിയേറ്ററിക്കല്‍ പെര്‍ഫോമന്‍സ് മാത്രമായിരുന്നു പാലക്കാട് ബന്ദിനാടകം. ഒരു സിനിമ എന്നതിനപ്പുറം പട ഒരു ഡോക്യുമെന്‍ററിയാണെന്നാണ് സംവിധായകന്‍ അവകാശപ്പെട്ടത്. ഏറെക്കുറെ ഒരു ഡോക്യു-ഫിക്ഷന്‍ എന്നു പറയാം. ഈ ഡോക്യു-ഫിക്ഷന്‍ മാവോയിസ്റ്റുകള്‍ നടത്തിയ തിയേറ്റര്‍ പെര്‍ഫോമന്‍സിനെ മാത്രമാണ് ആശ്രയിച്ചത്. ഒരു നാടകത്തെ ഫിക്ഷനാക്കിയതിന്‍റെ എല്ലാ വൈരുദ്ധ്യങ്ങളും പടയിലുണ്ട്. യഥാര്‍ഥ സംഭവങ്ങള്‍ ചിത്രീകരിച്ചുവെന്ന് പറയുമ്പോഴും ചരിത്രത്തിലെ സുപ്രധാന അഭിനേതാക്കള്‍- കര്‍തൃത്വങ്ങള്‍- ഈ ഡോക്യുമെന്‍റേഷനില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അതുകൊണ്ടാണ് പട ഒരു വ്യാജ ചരിത്ര നിര്‍മിതിയായി മാറുന്നത്.

അദൃശ്യരാക്കപ്പെട്ട ആദിവാസികള്‍

പാലക്കാട് കളക്ടറേറ്റിലേക്ക് കലക്ടറെ ബന്ദിയാക്കാന്‍ പടയിലെ ബാലുവും സംഘവും കയറിച്ചെല്ലുമ്പോള്‍ പശ്ചാത്തലത്തില്‍ ആദിവാസികളുടെ മുദ്രാവാക്യം വിളികൾ കേള്‍ക്കാം. എന്നാല്‍ ആദിവാസികളുടെ മുഖങ്ങളിലേക്ക് ക്യാമറക്കണ്ണുകള്‍ ചെല്ലുന്നില്ല. സി.കെ ജാനുവിന്‍റെ പ്രസംഗത്തിന്‍റെ വികൃതമായ ആവിഷ്കാരം നടത്തുന്ന, പൂര്‍ണമായും ജീവനും സത്തയും നഷ്ടപ്പെട്ട ഒരു ശബ്ദം പുറപ്പെടുവിക്കുന്ന സ്ത്രീയുടെ രൂപം മാത്രമാണ് നമുക്ക് ദൃശ്യമാകുന്നത്. ഭൂമിയെക്കുറിച്ചാണ് പ്രസംഗം. പ്രസംഗവേദി പാലക്കാട് കലക്ടറേറ്റ് പടിക്കലാണെന്ന് അനുമാനിക്കാം. ഈ പ്രസംഗത്തിന്‍റെ ഇടയിലൂടെയാണ് ‘മുന്നണിപ്പടയാളികള്‍’ കളക്ടറുടെ ചേമ്പറിലെത്തുന്നത്. നേരത്തെയുള്ള ഷോട്ടിലൂടെ കളക്ടറേറ്റിന്‍റെ മുന്‍വശം കാട്ടിയിരുന്നെങ്കിലും ചെങ്കൊടികൊണ്ട് അലംകൃതമായ രംഗം മറ്റൊരു വിഷ്വല്‍ ഇഫക്റ്റാണ് കാഴചക്കാരന് നല്‍കുക. ആദിവാസികള്‍ ചെങ്കൊടിക്ക് കീഴിലാണോ (എ.കെ.എസ് /പി.കെ.എസ് തുടങ്ങിയവരുടെ) എന്നത് വെളിപ്പെടുത്തുന്നില്ല. “ഗോത്രമഹാസഭ സിന്ദാബാദ്” എന്നൊക്കെയുള്ള മുദ്രാവാക്യം വിളികള്‍ കേള്‍ക്കാമെങ്കിലും ആദിവാസി പ്രക്ഷോഭത്തിന്‍റെ ദശകങ്ങളോളം നീണ്ടുനില്‍ക്കുന്ന ചരിത്രത്തെ ഒരു മിനിറ്റു പോലുമില്ലാത്ത ജീവനില്ലാത്ത ഒരു സീനില്‍ ഒതുക്കുന്നതായി കാണാം. ഒരു ക്രിയേറ്റീവ് ആര്‍ട്ടെന്ന നിലയില്‍ സിനിമ ചെയ്യുമ്പോള്‍ ഭൂതകാലത്തിന്‍റെ പ്രതിഫലനങ്ങള്‍ പല രൂപത്തില്‍ പ്രകടമാക്കാം. എന്നാല്‍ പട സംവിധായകന് ഉറച്ച നിലപാടുണ്ട്. മുന്നണിപ്പടയുടെ നായകപദവിക്ക് ആദിവാസികളുടെ അദൃശ്യവത്കരണം അനിവാര്യമാണ്.

ആദിവാസി സമര ചരിത്രവും അയ്യങ്കാളിപ്പടയുടെ സ്ഥാനവും

ബന്ദിനാടകം നടത്തിയ അയ്യങ്കാളിപ്പടക്ക് കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രവുമായാണ് ബന്ധം. എന്നാല്‍ ആദിവാസി മുന്നേറ്റത്തിന് വേറിട്ട ചരിത്രമാണുള്ളത്. കേരളത്തിലെ പാര്‍ശ്വവത്കൃതരെ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ കല്ലറ സുകുമാരന്‍ ആദിവാസി ഭൂമി പ്രശ്നമുന്നയിച്ച് 89 മാർച്ചിൽ ഇൻഡ്യൻ ദലിത് ഫെഡറേഷന്റെ നേതൃത്വത്തിൽ പി.കെ രാധാകൃഷ്ണൻ ജാഥ ക്യാപ്റ്റനായി സുൽത്താൻ ബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ ‘ആദിവാസി മാർച്ച്’ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂടാതെ വി.സി രാജപ്പൻ ജാഥാ ക്യാപ്റ്റനായി കെ.കെ കൊച്ചിന്റെ നേതൃത്വത്തിൽ സീഡിയൻ സർവീസ് സൊസൈറ്റി വൈപ്പിനിൽ നിന്നും അട്ടപ്പാടി മാർച്ച് നടത്തിയിട്ടുമുണ്ട്.

1990കളുടെ തുടക്കത്തില്‍ തന്നെ ആദിവാസികള്‍ പുതിയ മുന്നേറ്റമാരംഭിച്ചിട്ടുണ്ട്. ആദിവാസികളുടെ അന്യാധീനമാക്കപ്പെട്ട ഭൂമി തിരിച്ചുകിട്ടാനുള്ള നിയമം KLT Act 1975 the Kerala Scheduled Tribes (Restrictions on Transfer and Restoration of Alienated Land), Act-1975) നടപ്പാക്കണമെന്ന ആവശ്യം ഇക്കാലഘട്ടത്തില്‍ ഉയര്‍ത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 1993ല്‍ ഡോ. നല്ലതമ്പി തേറ സമര്‍പ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ച് കുടിയേറ്റക്കാര്‍ കൈവശം വെച്ചുവരുന്ന ഭൂമി തിരിച്ചു നല്‍കാനുള്ള നിയമം നടപ്പാക്കാന്‍ ആറു മാസത്തെ കാലാവധി കൊടുത്തുകൊണ്ട് കേരള ഹൈക്കോടതി 1993 ഒക്ടോബറിൽ ഉത്തരവിട്ടു. 1994 ഏപ്രിൽ 15നായിരുന്നു കാലാവധി തീരുന്ന തീയതി. ഈ ഉത്തരവ് സർക്കാർ അനുസരിച്ചില്ല. 1994 ഒക്ടോബർ 16ന് കേരള സർക്കാർ കോടതിയോട് ഒരു വർഷം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും ഒന്നും സംഭവിച്ചില്ല! 1995 ഒക്ടോബർ മാസത്തിൽ ഒരു ഓർഡിനൻസ് പുറപ്പെടുവിച്ചു കൊണ്ട് സർക്കാർ 1975ലെ ആക്ട് ഭേദഗതി ചെയ്തു. 1980വരെ ആദിവാസി ഭൂമി കൈവശം വെച്ച കയ്യേറ്റക്കാരുടെ അവകാശത്തിന് നിയമസാധുത ഉണ്ടാക്കുന്നതാണ് ഈ ഓർഡിനൻസ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ദലിത്-ആദിവാസി സംഘടനകൾ രംഗത്തു വന്നു. ഇതോടെയാണ് ജനാധിപത്യ സമൂഹം ആദിവാസി ഭൂനിയമം ചര്‍ച്ച ചെയ്തു തുടങ്ങിയത്. ഇതിന് സമാന്തരമായി ചരിത്രപരമായ കാരണങ്ങളാല്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.കെ ജാനുവിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍കെട്ടിക്കൊണ്ടുള്ള സമരവും ശക്തമായിരുന്നു. കേരളത്തിലെ ഭൂരഹിതരായ ആദിവാസികള്‍ (ഏതാണ്ട് 80%ത്തോളം വരും) അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള 1975ലെ നിയമത്തിന്‍റെ പരിധിയില്‍ വരുന്നവരല്ല. അമ്പുകുത്തി, കോളിക്കംപാളി, പനവല്ലി, ചീങ്ങേരി തുടങ്ങിയ മേഖലകളില്‍ ഭൂരഹിതരുടെ ഭൂമി കയ്യേറ്റ സമരവും മറ്റു സഹന സമര രീതികളും നടപ്പാക്കപ്പെട്ടു. അതിൽ ഏറ്റവും ശ്രദ്ധേയം 1996 ഫെബ്രുവരി 26ന് സി.കെ ജാനുവും 8 ആദിവാസി സ്ത്രീകളും സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ നിരാഹാര സത്യാഗ്രഹ സമരമാണ്. പതിമൂന്നാം ദിവസം ക്ഷമകെട്ട സമരക്കാർ തളർന്ന് അവശയായ ജാനുവിനെ സെക്രട്ടേറിയേറ്റിനകത്തേക്ക് കൊണ്ടുപോയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. സെക്യൂരിറ്റി ഗാർഡുകൾ എത്തിയപ്പോഴേക്കും ജാനുവും അനുയായികളും സെക്രട്ടറിയേറ്റിന്റെ പടികൾ കയറാൻ തുടങ്ങിയിരുന്നു. സെക്യൂരിറ്റി അവരെ പിടികൂടി. പോലീസ് ജാനുവിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുനിഞ്ഞുവെങ്കിലും ജാനു സമ്മതിച്ചില്ല. അപ്പോൾ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ എത്തി ജാനുവിനെ പോലീസ് കമ്മീഷണറുടെ കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടു പോകാമെന്ന് പറഞ്ഞു. ഏറെ നേരത്തെ തർക്കത്തിന് ശേഷം ജാനു ഒടുവിൽ ആംബുലൻസിൽ കയറാൻ സമ്മതിച്ചു. 21 ദിവസം നീണ്ടുനിന്ന ഈ സമരത്തിന്റെ ഫലമായി ആ പ്രാവശ്യത്തെ നിയമസഭയിൽ ഭേദഗതി ബിൽ കൊണ്ടുവന്നില്ല. ഗവർണർ ഒപ്പു വെക്കാത്തതിനാലും പൊതു തെരഞ്ഞെടുപ്പ് അടുത്തു വന്നതിനാലും ഓർഡിനൻസിനു തന്നെ അധികനാൾ ജീവിച്ചിരിക്കാൻ കഴിഞ്ഞില്ല.

സി.കെ ജാനു

അങ്ങിനെ 1975ലെ നിയമം നടപ്പാക്കണമെന്ന ഹൈക്കോടതി വിധി മറികടക്കാന്‍ 1996ല്‍ ആന്‍റണി സര്‍ക്കാര്‍ 1975ലെ നിയമത്തിന് കൊണ്ടുവന്ന ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമായതിനാല്‍ പിന്‍വലിക്കപ്പെട്ടു. 1996 മുതല്‍ ആദിവാസി ഭൂപ്രശ്നം കൂടുതല്‍ വിപുലമായ ശ്രദ്ധ നേടിതുടങ്ങി. ആദിവാസി ഭൂപ്രശ്നം രാഷ്ട്രീയ വൃത്തത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ഡോ. നല്ലതമ്പി തേറ സമര്‍പ്പിച്ച ഹൈക്കോടതി കേസിനെ തുടര്‍ന്നുള്ള സാഹചര്യത്തിലാണ്. സാംസ്കാരിക നായകന്മാരും ബുദ്ധിജീവികളും ആദിവാസികളുടെ ആവശ്യങ്ങൾ ന്യായമാണെന്ന് പറയാൻ തുടങ്ങി. അട്ടപ്പാടിയിലും കേരളത്തിലെ വിവിധ മേഖലകളിലും പുതിയ ഇടപെടലുകളുണ്ടായി. സി.കെ ജാനു അദ്ധ്യക്ഷയും കെ.എം സലിംകുമാർ ജനറൽ കണ്‍വീനറുമായി ആദിവാസി ഏകോപന സമിതി പ്രവര്‍ത്തനമാരംഭിച്ചു. സമരവും ജാഥയും ആദിവാസി ഭൂപ്രശ്നത്തെ പറ്റിയുള്ള പുസ്തക പ്രസിദ്ധീകരണവും മാത്രമല്ല, കേരള സർക്കാരിന്റെ ഓർഡിനൻസിൽ ഒപ്പു വെക്കാതിരിക്കാൻ ഡൽഹിയിൽ പോയി രാഷ്ട്രപതിയെ കാണുന്നത് വരെ ആ പ്രവർത്തനങ്ങൾ വികസിച്ചു. 1996ലെ ഇലക്ഷനിൽ എൽഡിഎഫ് ഭരണത്തിൽ കയറി പുതിയ ഓർഡിനൻസ് കൊണ്ടുവന്നു. അത് ഗവർണർ തള്ളി. എന്നാൽ പിന്നീട് ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. 1996 സെപ്റ്റംബർ 23ന് അതു പാസായി. ആദിവാസികൾക്ക് ലഭിക്കേണ്ട ജനാധിപത്യപരവും രാഷ്ട്രീയവും നിയമപരവുമായ എല്ലാ നീതി സാധ്യതകളും ഇല്ലാതാക്കുന്ന പ്രവർത്തിയായിരുന്നു ഈ നടപടി. സമരത്തിലായിരുന്ന ആദിവാസി സംഘടനകൾ പ്രതിഷേധിച്ചു. മീനങ്ങാടിയിൽ വെച്ച് ബില്ലിന്റെ ഉപജ്ഞാതാവായ മന്ത്രി കെ.ഇ ഇസ്മയിലും കളക്ടർ വിശ്വാസ് മേത്തയും ആദിവാസികളുടെ പ്രതിഷേധ പ്രകടനങ്ങൾക്കിരയായി. പ്രകോപിതമായ സർക്കാർ ആദിവാസികളുടെ മേൽ നിഷ്ഠൂരമായ മർദന മുറകൾ അഴിച്ചുവിട്ടു.

ഇങ്ങനെ ആദിവാസി പ്രക്ഷോഭം ശ്രദ്ധ നേടി തുടങ്ങിയതോടെയാണ് കേരളത്തില്‍ അപ്രസക്തമായി കഴിഞ്ഞിരുന്ന നക്സലൈറ്റ് പ്രസ്ഥാനത്തില്‍ അവശേഷിച്ച ചിലര്‍ ‘അയ്യങ്കാളിപ്പട’ എന്ന ബാനറിലൂടെ ബന്ദിനാടകം നടത്തിക്കൊണ്ട് മാവോയിസ്റ്റ് ഗ്രൂപ്പ് പുനഃസംഘടിപ്പിക്കുന്നത്. അവര്‍ നടത്തിയ അയ്യങ്കാളിപ്പടയുടെ ഇടപെടല്‍ ആദ്യത്തേതും അവസാനത്തേതുമായിരുന്നു.

കേരളത്തിലെ മാവോയിസ്റ്റുകള്‍ ദേശീയ തലത്തിലുള്ള മാവോയിസ്റ്റ് ബന്ധങ്ങള്‍ക്കു വേണ്ടി ബന്ദിനാടകത്തെ ഉപയോഗപ്പെടുത്തുകയും പിന്നീട് അയ്യങ്കാളിപ്പടയുടെ പേരില്‍ ബന്ദിനാടകത്തില്‍ ഉള്‍പ്പെട്ടവരെ അനാഥമാക്കുകയുമാണുണ്ടായത്. ഇതില്‍ ചിലര്‍ ‘ആദിവാസി സമരസംഘം’ എന്ന പേരില്‍ 2001ല്‍ സിവില്‍ സപ്ലൈസ് വാഹനം അടിച്ചുതകര്‍ത്ത ഒരു പരിപാടി നടപ്പാക്കിയെങ്കിലും, കേരളത്തിലെ ആദിവാസി ഭൂസമര രംഗത്ത് തുടര്‍ന്ന് ഒരു ഇടപെടലും നടത്തിയിരുന്നില്ല. 1996ലെ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് 1999ലെ നായനാര്‍ സര്‍ക്കാര്‍ പുതിയ ഭേദഗതി നിയമം കൊണ്ടുവരുന്നത്. നിയമസഭ പാസാക്കിയ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വിധിയെഴുതിയെങ്കിലും, കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും കുടിയേറ്റക്കാര്‍ കൈവശം വെക്കുന്ന ഭൂമിക്കു പകരം ഭൂമി നല്‍കുമെന്ന ഭേദഗതിക്ക് സുപ്രീംകോടതി 2009ല്‍ അംഗീകാരം നല്‍കുകയും ചെയ്തു. 1999ന് ശേഷം ആദിവാസികള്‍ ഒഴികെ മറ്റെല്ലാവരും രംഗം വിട്ടു. ഭൂമിക്കും സ്വയംഭരണത്തിനുമുള്ള പുതിയ മുന്നേറ്റം ആദിവാസികള്‍ തുടരുകയും ചെയ്തു. 2001ലെ ഐതിഹാസികമായ കുടില്‍ കെട്ടല്‍ സമരവും, ആദിവാസി പുനരധിവാസ പദ്ധതികളും 2003ലെ മുത്തങ്ങ സമരവും ആദിവാസി മുന്നേറ്റത്തെ തകര്‍ക്കാനുള്ള പോലീസ് വെടിവെപ്പും തുടര്‍ന്നുള്ള ചരിത്രമാണ്. 2006 മുതല്‍ ഭൂവിതരണത്തിലും ഭൂസമരങ്ങളിലും പുതിയ മുന്നേറ്റങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുന്നത് കാണാം. ആറളം ഫാം പ്രസ്ഥാനവും, ചെങ്ങറയും അരിപ്പ സമരവും സ്വയംഭരണ നിയമത്തിനായുള്ള നില്‍പ്പ് സമരവുമെല്ലാം ഒരു ജനാധിപത്യ സംവിധാനത്തില്‍ ഉള്‍ക്കൊള്ളാനുള്ള ആദിവാസി-ദലിത് ജനതകളുടെ സമരചരിത്രമാണ്. ഈ സമര ചരിത്രത്തെയാണ് പട എന്ന സിനിമയില്‍ അദൃശ്യവത്കരിക്കുന്നതും, മേല്‍പറഞ്ഞ സമരങ്ങള്‍ക്കെല്ലാം ഊർജം നല്‍കുന്നത് പാലക്കാട് ബന്ദിനാടക സമരത്തില്‍ നിന്നാണെന്ന നിലയില്‍ അവതരിപ്പിക്കുന്നത്. ബലപ്രയോഗത്തിലൂടെ ഭരണകൂടത്തെ വെല്ലുവിളിച്ചു എന്നു മേനി നടിക്കുന്നവര്‍ പോലീസ് മര്‍ദനത്തെ ഭയന്ന് പാലായനം ചെയ്യുന്നതായാണ് പടയില്‍ ആവിഷ്കരിക്കുന്നത്. ഈ പലായനം സിനിമയില്‍ ബാലുവായി അവതരിപ്പിക്കപ്പെട്ട കല്ലറ ബാബു 16 വര്‍ഷക്കാലം തുടര്‍ന്നു. ദലിതനായ കല്ലറ ബാബുവിനോട് ഒളിവില്‍ പോകാന്‍ പറഞ്ഞപ്പോള്‍ സവര്‍ണരായ നേതാക്കള്‍ ജാമ്യമെടുത്ത് പൊതുരംഗത്ത് വിലസിയതായും കാണാം. ആദിവാസി ഭൂസമരത്തിന്‍റെ ചരിത്രവുമായി ബന്ധമില്ലാത്തവര്‍ മുന്നണിപ്പടയാണെന്ന് സ്ഥാപിക്കാന്‍ നടത്തിയ വൃഥാശ്രമത്തെയാണ് പട സിനിമയിലൂടെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്.

പടയും അബലകളായ സ്ത്രീകളും

ആദിവാസി ഭൂസമരങ്ങളുടെ പ്രത്യേകത അതിലെ സ്ത്രീ സാന്നിദ്ധ്യമായിരുന്നു. മണ്ണില്‍ ജീവിക്കാനുള്ള അവകാശ സമരത്തില്‍ സ്ത്രീകള്‍ക്ക് മുഖ്യപങ്കുള്ളതായി കാണുന്നതിന് സാമൂഹികശാസ്ത്രപരമായ നിരവധി കാരണങ്ങളുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ആദിവാസി ഭൂമിക്കു വേണ്ടിയുള്ള എല്ലാ സമരങ്ങളിലും ഇത് പ്രകടമായിരുന്നു. കേരളത്തിലെ കറുത്ത വര്‍ഗക്കാരുടെ സാമൂഹിക വിപ്ലവത്തിന്‍റെ ഏടുകളില്‍ വരുന്ന എല്ലാ പ്രക്ഷോഭങ്ങളിലും- വിശേഷിച്ചും മഹാത്മാ അയ്യൻകാളിയുടെ- സ്ത്രീസാന്നിദ്ധ്യം സജീവമായിരുന്നു എന്നു കണ്ടെത്താന്‍ കഴിയും. കേരളത്തിലെ ആദിവാസി സമരങ്ങളെ അദൃശ്യമാക്കുക വഴി സമരങ്ങളിലെ സ്ത്രൈണ പാരമ്പര്യത്തെയും അദൃശ്യമാക്കി എന്നത് പട സിനിമയുടെ ദൗത്യമാണെന്നതും പറയാതെ വയ്യ. ബലപ്രയോഗത്തെയും അക്രമത്തെയും സാധൂകരിക്കുന്ന ഒന്നാണ് പടയുടെ സന്ദേശം എന്ന് സംവിധായകന്‍ തീരുമാനിക്കുന്നതോടെ, മുന്നണിപ്പടയുടെ ദൗത്യം നിര്‍വ്വഹിക്കുന്ന പുരുഷകേസരികള്‍ ഒരുവശത്തും അബലകളും അസ്വസ്ഥരുമായ സ്ത്രീകള്‍ മറുവശത്തുമെന്ന ഒരു വിഭജനം സിനിമയില്‍ സൃഷ്ടിക്കുന്നു. ആര്‍ജവമുള്ള ഒരു സ്ത്രീ കഥാപാത്രവും സിനിമയിലില്ല. മുന്നണിപ്പടയുടെ രാഷ്ട്രീയ ദൗത്യം പുരോഗമിക്കുന്നതോടെ അസ്വസ്ഥരാകുന്നവരാണ് എല്ലാ സ്ത്രീ കഥാപാത്രങ്ങളും. ബാലുവിന്‍റെ ഭാര്യ, നാരായണന്‍കുട്ടിയുടെ ഭാര്യ, ബന്ദിയാക്കപ്പെടുന്ന കളക്ടറുടെ ഭാര്യ, ഒരു പരിധിവരെ കലക്ടറുടെ പി.എ എന്ന് തോന്നിപ്പിക്കുന്ന സ്ത്രീ തുടങ്ങിയവരെല്ലാം അസ്വസ്ഥരാകുന്ന കഥാപാത്രങ്ങളാണ്. നിശ്ചയമായും സ്ത്രീകള്‍ വയലന്‍സ് ഇഷ്ടപ്പെടുന്നില്ല എന്ന വസ്തുതകളുടെ ആവിഷ്ക്കാരം എന്ന നിലയില്‍ ഇത് ന്യായീകരിക്കാവുന്നതാണ്. എന്നാല്‍ ബലപ്രയോഗത്തിന്‍റെ രാഷ്ട്രീയത്തെ സംവിധായകന്‍ ആഘോഷമാക്കി മാറ്റുമ്പോള്‍, സുരക്ഷിതമായ കുടുംബം എന്ന ആശങ്കയെ (ഇത് ഇടത്തരം-മധ്യവര്‍ഗ കലാപകാരികളുടെ സ്ഥിരം പ്രതിസന്ധി!) സംവിധായകന്‍ കഥാപാത്രങ്ങളില്‍ ബോധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നു എന്നാണ് നിരീക്ഷിക്കാന്‍ കഴിയുക. മണ്ണും ജീവിതവുമായി ബന്ധപ്പെട്ട പരിശുദ്ധമായ ഒരു സാമൂഹിക ഇടപെടലിനെയല്ല പ്രശ്നവത്കരിക്കുന്നതെന്ന കുറ്റബോധം സംവിധായകനെ വിടാതെ പിടികൂടുന്നുണ്ട്. അതുകൊണ്ട് തന്നെ ഊഷ്മളമായതും കൃത്യവുമായ ഒരു ഡയലോഗ് പോലും ഒരു കഥാപാത്രത്തിനും നൽകിയിട്ടില്ല എന്ന് കാണാം.

കഥയിലെ പ്രധാന കഥാപാത്രമായ ബാലുവിനെ ആദിവാസി മേഖലയില്‍ താമസിക്കുന്ന വ്യക്തിയായാണ് അവതരിപ്പിച്ചത്. എന്നാല്‍ കുടുംബത്തെ ഭാര്യയുടെ തൊഴിലുപകരണവുമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതാണ് സിനിമയിൽ കാണിക്കുന്നത്. ബന്ദി നാടകത്തിലെ യഥാര്‍ത്ഥ കഥാപാത്രം കല്ലറ ബാബു കുട്ടനാട്ടിലെ ഗ്രാമീണ മേഖലയിലെ ദലിതനാണ്. കരുത്തുള്ള സ്ത്രീകളാണ് ബാബുവിനെ യഥാര്‍ഥ ജീവിതത്തില്‍ നിലനിര്‍ത്തിവന്നത്. അമ്മക്കും ഭാര്യക്കുമെല്ലാം കൃത്യമായ രാഷ്ട്രീയ ബോധ്യമുണ്ടായിരുന്ന പച്ചയായ മനുഷ്യരായിരുന്നു. ബന്ദിനാടകത്തിന് ശേഷം 16 വര്‍ഷത്തോളം ബാബുവിനെ അണ്ടര്‍ഗ്രൗണ്ടിലേക്ക് മാവോയിസ്റ്റ് നേതൃത്വം തള്ളിവിട്ടതിന് ശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഈ സ്ത്രീകള്‍ കാട്ടിയ കരുത്തും നിശ്ചയദാര്‍ഢ്യവും ഫിക്ഷനിലെവിടെയും പ്രതിഫലിക്കുന്നില്ല. ഈ ജീവിത പരിസരം കഥയില്‍ നിന്നും മായ്ച്ചു കളയുന്നതോടെ ഭീതിയോടെ പലായനം ചെയ്യുന്ന അഭയാര്‍ത്ഥി കുടുംബമായാണ് ബാലുവിന്‍റെ കുടുംബത്തെ സംവിധായകന്‍ ചിത്രീകരിക്കുന്നത്. ഫിക്ഷനാക്കി മാറ്റാനുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ടെന്നത് ശരി തന്നെ; പക്ഷേ മുന്നണിപ്പടയെ മഹത്വവത്കരിക്കുന്ന ആവിഷ്ക്കാരത്തിനിടയില്‍ വ്യക്തിത്വമില്ലാത്ത ഉപകരണങ്ങളായി കുഞ്ഞുങ്ങളെ വളര്‍ത്താനും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഉപകരണങ്ങളായി സ്ത്രീകള്‍ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് വസ്തുത.

പട സിനിമയിലെ ആള്‍ക്കൂട്ടവും ഭൂസമരങ്ങള്‍ക്കെതിരെയുള്ള
ആള്‍ക്കൂട്ടവും

ബന്ദിയാക്കപ്പെട്ട കളക്ടറെ മോചിപ്പിക്കാന്‍ വൈകുന്നതോടെ ജനക്കൂട്ടം കളക്ട്രേറ്റിലേക്ക് ഇരച്ചുകയറിയ സിനിമയിലെ സംഭവം ഫിക്ഷനാണ്. ക്രമസമാധാനം പാലിക്കാന്‍ പരാജയപ്പെടുന്ന പോലീസിന്‍റെ കഴിവില്ലായ്മയില്‍ പ്രതിഷേധിച്ചാണ് പടയിലെ ആള്‍ക്കൂട്ടം രംഗത്തിറങ്ങുന്നത്. ആദിവാസി ഭൂസമരങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള ആള്‍ക്കൂട്ടത്തെ വെള്ളപൂശാനുള്ള ഒരു ശ്രമത്തിനാണ് സംവിധായകന്‍ ഇവിടെ മുതിരുന്നത്. കേരളത്തിലെ ആദിവാസി ഭൂസമരങ്ങളെ എതിര്‍ക്കാനായി ആള്‍ക്കൂട്ടം എല്ലായിടത്തും എത്തുന്നത് കാണാം. മുത്തങ്ങയിലും, ചെങ്ങറയിലും, അരിപ്പയിലും ആദിവാസി-ദലിത് വിഭാഗങ്ങള്‍ക്കെതിരെ ‘നാട്ടുകാര്‍’ എന്ന നിലയില്‍ സംഘടിത ആക്രമണം നടത്തിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന്‍റെ വിഭജനം ഈ ആള്‍ക്കൂട്ടത്തിനുണ്ടാകാറില്ല. കൊടിയുടെ നിറം നോക്കാതെ ദലിത്-ആദിവാസികള്‍ക്കെതിരെ ഉണ്ടാകുന്ന ഒരു സഖ്യമാണത്. ആദിവാസി ഭൂനിയമ ഭേദഗതി നടപ്പാക്കാന്‍ രാഷ്ട്രീയത്തിനതീതമായി എല്ലാ പാര്‍ട്ടികളും കൈകോര്‍ത്തതുപോലെ. ഈ രീതിയുടെ ഏറ്റവും ഭയാനകമായ വംശീയരൂപം മുത്തങ്ങാനന്തരം വയനാട്ടിലാണ് നാം കാണുന്നത്. നാനാജാതി വിഭാഗങ്ങളുടെ (സവര്‍ണ-ശൂദ്രവിഭാഗങ്ങളുടെ നേതൃത്വത്തില്‍) അവിശുദ്ധമായ സഖ്യം- സാമൂഹികമായ ഐക്യം- ഈ ആള്‍ക്കൂട്ടത്തിന് പിന്‍ബലമേകുന്നു. മുത്തങ്ങ സമരത്തിന്‍റെയോ ചെങ്ങറ സമരത്തിന്റെയോ കാലഘട്ടത്തില്‍ പ്രത്യക്ഷമായ ആള്‍ക്കൂട്ട ഇടപെടലിനെയാണ് പട സിനിമയില്‍ ഇത്തരമൊരു ആള്‍ക്കൂട്ട സീന്‍ ക്രിയേറ്റ് ചെയ്യുന്നതിന് സംവിധായകനെ പ്രേരിപ്പിച്ചതെന്ന് അനുമാനിക്കാം. ഭൂസമരങ്ങള്‍ക്കെതിരെ വരുന്ന ആള്‍ക്കൂട്ടത്തെ ബന്ദിനാടകത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍, ആള്‍ക്കൂട്ടത്തിന്‍റെ വംശീയമായ ക്രൗര്യത്തെ അപ്രത്യക്ഷമാക്കി സാധാരണ ജനക്കൂട്ടമാക്കി പരിവര്‍ത്തനപ്പെടുത്തുന്നു. ബന്ദി നാടകത്തിലെ മുന്നണിപ്പടക്ക് കീഴാള മുഖമില്ലെന്ന് വരുത്തിത്തീര്‍ക്കാനും ആള്‍ക്കൂട്ടത്തിന് മതനിരപേക്ഷ സ്വഭാവമാണുള്ളതെന്നും പറഞ്ഞു വെക്കുകയാണ് ഈ ചിത്രീകരണം വഴി സംഭവിക്കുന്നത്.

ബലപ്രയോഗത്തിന്റെ രാഷ്ട്രീയവും സാമൂഹിക മേധാവിത്തവും

ബലപ്രയോഗത്തിന്‍റെ രാഷ്ട്രീയം സാമൂഹിക മേധാവിത്വത്തിന് കളമൊരുക്കുമെന്നത് സാമാന്യമായി നിരീക്ഷിക്കാവുന്നതാണ്. ദുര്‍ബലരായ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെയുള്ള സാമൂഹിക മേധാവിത്തം ബലപ്രയോഗമാണ്. ആദിവാസികളും ദലിതരും മറ്റു മര്‍ദിത ന്യൂനപക്ഷങ്ങളും സാമൂഹിക നീതിക്കും, വിഭവാധികാരത്തിനും, സ്വയംഭരണത്തിനും വേണ്ടി നടത്തുന്ന മുന്നേറ്റങ്ങള്‍ സാമൂഹിക മേധാവിത്തത്തിനുള്ളതല്ല. സാമൂഹികമായ ബഹിഷ്കൃതാവസ്ഥയില്‍ നിന്നുള്ള മോചനത്തിനും, ജനാധിപത്യത്തിലെ ഉള്‍ക്കൊള്ളലിനും വേണ്ടിയുള്ളതാണ്. പതുക്കെയെങ്കിലും ഇത് ആര്‍ജ്ജിക്കാന്‍ വേണ്ടി കേരളത്തിലെ ആദിവാസികളും പാര്‍ശ്വവത്കൃതരും നടത്തിവരുന്ന മുന്നേറ്റങ്ങളെയും അതുവഴി നേടിയെടുത്ത പ്രതിനിധാനത്തെയും അപ്രസക്തമാക്കുക എന്നതാണ് മുന്നണിപ്പടയുടെ മേധാവിത്തം സ്ഥാപിക്കുന്നതു വഴി സംഭവിക്കുന്നത്. ആയുധവത്കരിക്കപ്പെട്ട ഭരണകൂട സംവിധാനത്തെ ബലപ്രയോഗത്തിലൂടെ സ്തബ്ദരാക്കുക വഴി മുന്നണിപ്പടയുടെ അധികാര പ്രയോഗമാണ് സാധ്യമാക്കുന്നത്. ഫലത്തില്‍ ഭരണകൂടം പ്രതിനിധാനം ചെയ്യുന്ന അധികാരത്തെ പുനരുല്‍പ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. മാവോയിസ്റ്റുകളും ഭരണകൂടവും തമ്മില്‍ ഇടവിട്ട് നടക്കാറുള്ള സംഘര്‍ഷങ്ങളില്‍ ബലപ്രയോഗത്തിന്‍റെ രാഷ്ട്രീയത്തെ പുനരുല്‍പ്പാദിപ്പിക്കുന്നു. ദലിതരെയും ആദിവാസികളെയും മതന്യൂനപക്ഷങ്ങളെയും നിശ്ശബ്ദരാക്കാനുളള ഒരു രീതിശാസ്ത്രമാണ് ഭരണകൂട-മാവോവാദി സംഘര്‍ഷം (എ.എസ്.അജിത്കുമാര്‍, 2013). ആദിവാസികളുടെയും പാര്‍ശ്വവത്കൃതരുടെയും കര്‍തൃത്വത്തെയും സാമൂഹികമായ സാന്നിദ്ധ്യത്തെയും ഇല്ലായ്മ ചെയ്യുകയെന്നതാണ് ഈ അധികാര പ്രയോഗം വഴി ലക്ഷ്യംവെക്കുന്നത്. മാവോയിസ്റ്റുകളുടെ അധികാര പ്രയോഗത്തില്‍ നിന്നുമാത്രമേ പാര്‍ശ്വവത്കൃതര്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ എന്ന സന്ദേശം പട സിനിമ നല്‍കുന്നു. സിനിമയുടെയും സാംസ്കാരിക ഉപാധികളുടെയും പിന്‍ബലത്തിലൂടെ ആദിവാസികളുടെയും ദലിതരുടെയും ചരിത്രത്തെ അദൃശ്യമാക്കുക മാത്രമല്ല, അവരുടെ കര്‍തൃത്വത്തെ അപനിര്‍മിക്കുക എന്ന ലക്ഷ്യം കൂടി പട ലക്ഷ്യംവെക്കുന്നു.

കമൽ കെ.എം

പടയെ പ്രതിനിധാനം ചെയ്യുന്ന മധ്യവര്‍ഗ-ഇടത്തരം വിഭാഗങ്ങള്‍ക്ക് മതനിരപേക്ഷമായ പൊയ്മുഖമാണുള്ളത്. പാര്‍ശ്വവത്കൃതരുടെ സ്വതന്ത്രമായ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ഇവര്‍ നിശബ്ദത പാലിക്കും. ദലിതരുടെയും ആദിവാസികളുടെയും മതന്യൂനപക്ഷങ്ങളുടെയും സംവരണം, സാമൂഹിക നീതി തുടങ്ങിയ പ്രശ്നങ്ങളോടും ഇവര്‍ നിശബ്ദത പാലിക്കും. ഭൂമിയുടെ രാഷ്ട്രീയം ഇവര്‍ സ്വയം ഉന്നയിക്കാറില്ല. ഭൂമിയുടെ രാഷ്ട്രീയം ദലിതരും ആദിവാസികളും ഉന്നയിക്കുമ്പോള്‍, അവിടെ രക്ഷകരായി എത്തിച്ചേരും. പാര്‍ശ്വവത്കൃതരുടെ കര്‍തൃത്വം സ്ഥാപിക്കുന്ന നിരവധി സിനിമകള്‍ തമിഴില്‍ രംഗത്തുവന്നിട്ടുണ്ട്. കേരളത്തില്‍ അപൂര്‍വ്വം മാത്രമെ അത് സംഭവിക്കുന്നുള്ളു എന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. പട ഈ ഗണത്തില്‍പ്പെട്ട ഒന്നല്ല. അപൂര്‍വ്വം ചിലര്‍ അങ്ങിനെ വിലയിരുത്തിയിട്ടുണ്ടെങ്കിലും (രേഖ ചന്ദ്ര: സമകാലിക മലയാളം, 2022 മാര്‍ച്ച് 21) അത് വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. തങ്ങളുടെ സാംസ്കാരിക മേല്‍ക്കോയ്മയും വിഭവങ്ങളിലുള്ള നിയന്ത്രണവും ഉപയോഗിച്ച് ദലിതരുടെയും ആദിവാസികളുടെയും മുന്നേറ്റങ്ങളെ അപനിര്‍മിക്കുകയും അദൃശ്യവത്കരിക്കുകയും ചെയ്യുന്ന ഇടപെടലുകളാണ് കേരളത്തിലെ സിനിമകളിലൂടെ സംഭവിക്കുന്നത്. അതിവിപുലമായ മണ്ഡലത്തില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ഇടതുപക്ഷ സഹയാത്രികരാണ് ഈ സാമൂഹിക മേധാവിത്വം ചെലുത്തുന്നവരില്‍ ഏറെയും. ജാതിമേല്‍ക്കോയ്മാ വാദത്തെ തുറന്നവതരിപ്പിക്കുന്ന ഹിന്ദുത്വശക്തികളും ഇവരും തമ്മിലുള്ള അകലം വളരെ ചെറുതാണ്. കേരള മോഡലിന്‍റെ സൃഷ്ടിയായ ഈ വിഭാഗം നവകൊളോണിയല്‍ സംവിധാനത്തിന്‍റെ ഗുണഭോക്താക്കളുമാണ്. കേരളത്തിലെ ദലിതരും, ആദിവാസികളും മറ്റു പാര്‍ശ്വവത്കൃതരും സ്ത്രീകളും വ്യതിരിക്തമായ രാഷ്ട്രീയസ്വത്വം ആര്‍ജിക്കാനുള്ള നീക്കത്തിന് സാംസ്കാരികവും രാഷ്ട്രീയവുമായി നിലനില്‍ക്കുന്ന വിലങ്ങുതടി ഈ വിഭാഗത്തിന്‍റെ സാമൂഹിക മേധാവിത്വമാണ്.

ചരിത്രം വളച്ചൊടിക്കുമ്പോള്‍

മുന്നണിപ്പടയുടെ രാഷ്ട്രീയം പറയുന്ന സിനിമയുടെ അന്ത്യം പാലക്കാട് ബന്ദിനാടകവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഭൂസമരങ്ങളുടെ ഏടുകളുടെ വിഷ്വല്‍സ് അവതരിപ്പിച്ചുകൊണ്ടാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ കേരളത്തിലെ മാവോയിസ്റ്റ് അനുഭാവികള്‍ നടത്തിയ പാലക്കാട് ബന്ദിനാടകത്തിന്‍റെ തുടര്‍ച്ചയായി അവര്‍ ചെയ്യുന്നത് ദേശീയ തലത്തില്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റു ഗ്രൂപ്പുകളുമായി സാഹോദര്യം സ്ഥാപിക്കുകയും, മാവോയിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു. മുന്നണിപ്പടയിലുണ്ടായിരുന്ന നാല്‍വര്‍ സംഘമുള്‍പ്പെടെ പലവിധ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നതായാണ് കേട്ടിട്ടുള്ളത്. പതിനാറു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ ബാലു എന്ന കഥാപാത്രം (കല്ലറ ബാബു) മാവോയിസ്റ്റ് പ്രവര്‍ത്തനം പിന്നീട് തുടര്‍ന്നതായി അറിവില്ല. 2001ല്‍ ആദിവാസികള്‍ നടത്തിയ കുടില്‍കെട്ടല്‍ സമരവേദിയില്‍ പ്രത്യക്ഷപ്പെട്ട് ബഹുജനസമക്ഷം കീഴടങ്ങാനുള്ള ശ്രമം അദ്ദേഹം നടത്തിയതായി അറിയാം. സമരമുഖത്തുണ്ടായിരുന്ന ആദിവാസി പ്രവര്‍ത്തകര്‍ അതിന് അനുവദിച്ചിരുന്നില്ല. വസ്തുതകള്‍ ഇതായിരിക്കെ കേരളത്തില്‍ കഴിഞ്ഞ രണ്ട് ദശകമായി തുടര്‍ന്നുവരുന്ന എല്ലാ ആദിവാസി സമരങ്ങള്‍ക്കും പാലക്കാട് ബന്ദിനാടകത്തിന്‍റെ തുടര്‍ച്ചയുണ്ടെന്ന് സ്ഥാപിക്കാനുള്ള അധാര്‍മികമായ രീതി സംവിധായകന്‍ ഉപയോഗിക്കുന്നുണ്ട്. അന്യാധീനപ്പെട്ട ആദിവാസി ഭൂമി സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിലെ സുപ്രധാന ഏടായ ‘കഞ്ചിച്ചീര്’ എന്ന പേരില്‍ അട്ടപ്പാടിയില്‍ നടന്ന സമരത്തിലെ ഫൂട്ടേജുകള്‍, 2001ലെ ആദിവാസികളുടെ കുടില്‍കെട്ടല്‍ സമരത്തിന്‍റെ ഫുട്ടേജുകള്‍, മുത്തങ്ങ, അരിപ്പ ഭൂസമരത്തിന്‍റെ ഫൂട്ടേജുകള്‍ തുടങ്ങിയവയെല്ലാം എഡിറ്റ് ചെയ്ത് ഒരു ദൃശ്യാവിഷ്കാരത്തോടെയാണ് സിനിമ അവസാനിപ്പിക്കുന്നത്. തികച്ചും അധാര്‍മികമായ ഈ എഡിറ്റിങ്‌ രീതിയിലൂടെ കേരളത്തില്‍ നടന്ന എല്ലാ സമരങ്ങളുടെയും പിതൃത്വം മാവോയിസ്റ്റുകളില്‍ ആരോപിക്കുകയാണ്. ചരിത്ര സംഭവത്തിന്‍റെ യഥാര്‍ഥമായ ചിത്രീകരണം എന്ന അവകാശവാദം ഉന്നയിച്ച സംവിധായകന്‍റെ ഈ രീതി ഏത് അളവുകോലുപയോഗിച്ചാണ് വിമര്‍ശന വിധേയമാക്കേണ്ടതെന്ന് ജനാധിപത്യ സമൂഹം തീരുമാനിക്കട്ടെ.

Top