അയ്യൻകാളിയും ‘അയ്യങ്കാളിപ്പട’യും

സവർണ ഭരണവർഗത്തിന്റെ അദൃശ്യ താൽപര്യങ്ങളാൽ നയിക്കപ്പെടുന്ന കപട വിപ്ലവസംഘങ്ങളും ബ്രാഹ്മണ-നാസി സ്വയംസേവക സംഘങ്ങളുമാണ് നിയമവാഴ്ചയെ തകർത്ത് ദലിതരുടെ ഉയിർത്തെഴുന്നേൽപ്പിനെയും അധികാര സമ്പാദനത്തെയും തടയുന്നത്. എന്നാൽ, മർദനങ്ങളെ ചെറുക്കാനും, നിയമാനുസൃതം കിട്ടേണ്ട സംവരണം പോലുള്ള അവകാശങ്ങളും മറ്റും നേടാനും ദലിതരെ നിയമാനുസൃതമായി തന്നെ സഹായിക്കുകയാണ് ഇന്നത്തെ ഏറ്റവും വലിയ വിപ്ലവ പ്രവർത്തനം. 2002 ജൂലൈയിലെ സായാഹ്ന കൈരളി പത്രത്തിൽ ചെറായി രാമദാസ് എഴുതിയത്.

ഗുണ്ടായിസത്തിന്റെ പരിധിയിൽ പെടുന്നതു തന്നെയെങ്കിലും, ‘അയ്യങ്കാളിപ്പട’യുടെയും അവരുടെ പോരാട്ടത്തിന്റെയും മറ്റും ചില ചെയ്തികളെ ആ നിലക്ക് അപലപിച്ചു തള്ളാനാവില്ല ചിന്താശേഷിയുള്ളവർക്ക്. ആദിവാസി നിയമം അട്ടിമറിക്കുന്ന സർക്കാറിന്റെ ജില്ലാ കളക്ടറെ ബന്ദിയാക്കിയതും, സ്ഥാനക്കയറ്റം നൽകപ്പെട്ട ബലാത്സംഗ പ്രമാണിയുടെ കൈ വെട്ടിയതും, എ.ഡി.ബി ഓഫീസ് കയ്യേറി നശിപ്പിച്ചതുമൊക്കെ മുഴുത്ത വിപ്ലവ കൃത്യങ്ങളാണെന്നും, അതു ചെയ്തവർ ചുണക്കുട്ടികളാണെന്നും കയ്യടിച്ച് അഭിനന്ദിക്കാൻ ചിന്താശേഷി തീരെ കുറച്ചുമതി. ഇതേ ‘ചുണക്കുട്ടികളുടെ’ പൂർവികർ രണ്ടു പതിറ്റാണ്ടു മുൻപുവരെ ഇതിനെക്കാൾ മുഴുത്ത വിപ്ലവ വെടിക്കെട്ടുകൾ അവതരിപ്പിച്ചിരുന്നു എന്ന ഓർമയുള്ളവർക്ക് പക്ഷേ അങ്ങനെ അഭിനന്ദിക്കാനാവില്ല.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി, ഇൻഡ്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം കേട്ടതു തൊട്ടാണ്, അവരിലെ പൂർവികർ വിപ്ലവ വെളിച്ചപ്പാടന്മാരായി കേരളത്തിലാകെ ഉറഞ്ഞുതുള്ളാൻ തുടങ്ങിയത്. 1968ൽ തലശ്ശേരി പോലീസ് സ്റ്റേഷൻ-പുൽപള്ളി വയർലെസ് സ്റ്റേഷൻ ആക്രമണങ്ങളോടെ തുടങ്ങിയ ആ രാഷ്ട്രീയ ഗുണ്ടായിസം, 1980കളുടെ ആദ്യം നടന്ന ‘കേണിച്ചിറ മത്തായി’ വധം വരെ നീണ്ടു. ദരിദ്ര ജനതയുടെ മോചനത്തിനായിരുന്നുപോലും ആ ഉന്മൂലന ഭീകര പ്രവർത്തനങ്ങൾ. “കേണിച്ചിറയെ അംഗീകരിക്കാത്തവർ പോലീസിന്റെ മർദക നയത്തെ പിന്തുണക്കുന്നവരാണെന്നു” പ്രഖ്യാപിക്കുന്നിടം വരെ വലുതായി ഉന്മൂലനക്കാരുടെ കോമ്രേഡ് പത്രത്തിന്റെ ധാർഷ്ട്യം (റെഡ് ഗാർഡ്സ് 1982, ഫെബ്രുവരി, പേജ് 8). സർവശക്തനും, സാധുജന സങ്കട മോചനാർഥം നാട്ടുപ്രമാണികളെ തറപറ്റിക്കുന്നവനുമായ പഴയ തമിഴ് സിനിമാ നായകന്റെ റോളാണ് ഉന്മൂലനക്കാർ കയ്യേറ്റത്. 17/12/1969ലെ കുറ്റ്യാടി പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം, ‘പാവപ്പെട്ടവരെ ചൂഷണവും തീവെട്ടിക്കൊള്ളയും ചെയ്തു പണം സമ്പാദിച്ച ജന്മികളുടെ പണവും സ്വത്തുകളും കൈവശപ്പെടുത്തി ഇല്ലാത്ത പാവങ്ങൾക്ക് വിതരണം ചെയ്യുകയും അവരുടെ പിൻബലം നേടുകയും, അങ്ങനെ വിപ്ലവ താവള പ്രദേശങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു (ചുവന്ന പാത, 1982 ഡിസംബർ- 1983 ജനുവരി, ലക്കം 6, പിൻ കവർ പേജ്). “ജനങ്ങൾക്കു വേണ്ടി കാര്യങ്ങൾ നടത്തിച്ചു കൊടുക്കുന്ന കുറെ ബുദ്ധിശാലികളുടെയും ധീരന്മാരുടെയും ഒരു സ്ഥാപനമാക്കി നക്സലൈറ്റ് പാർട്ടിയെ മാറ്റി (ചുവന്ന പാത 1982 ജൂലൈ, മുഖപ്രസംഗം). സൈനിക ശക്തികളിൽ ഒന്നാണ് ഇൻഡ്യയെങ്കിലും ഇവിടുത്തെ ഭരണവർഗവും അതിന്റെ ചട്ടക്കൂടും “ദാ, പുറന്തള്ളപ്പെടുകയാണ്” എന്നുവരെ പ്രചരിപ്പിച്ച് ജനങ്ങളെ വ്യാമോഹിതരാക്കാൻ നോക്കി ഈ വിപ്ലവ ഏജൻസിപ്പണിക്കാർ (ചുവന്ന പാത, ലക്കം: 6).

ബഹുജന പങ്കാളിത്തവും യാഥാർഥ്യ ബന്ധവുമില്ലാതെ വിപ്ലവത്തിന്റെ കരാറുപണി ഏറ്റെടുക്കുകയായിരുന്നു നക്സലൈറ്റുകൾ എന്നതു മാത്രമല്ല ഇവിടെ ഉന്നയിക്കുന്ന വിമർശനം. യാഥാർഥ്യത്തോട് ബന്ധമില്ലായിരുന്നെങ്കിലും യാഥാർഥ്യബോധം കൃത്യമായി ഉണ്ടായിരുന്നവരാണ് അവരെ നയിച്ചതെന്നു വ്യക്തം. സവർണ നിയന്ത്രിത കമ്യൂണിസ്റ്റ് പാർട്ടികൾ തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞ് കേരളത്തിലെ ദലിത സമൂഹം സ്വന്തമായി പുതിയ സംഘടനകൾക്കു രൂപം നൽകുന്ന കാലമായിരുന്നു അത്. ഏറ്റവും വലിയ ദലിത സംഘടനയായി കേരള പുലയർ മഹാസഭ ഔപചാരികമായി രംഗത്തു വരാനുള്ള തയ്യാറെടുപ്പിലായിരുന്നു 1968 ആദ്യം മുതൽ. തൊട്ടു മുൻപത്തെ വർഷം മുതൽക്കേ സ്വന്തമായി ഒരു വാർത്താപത്രം വരെ ദലിതർ നടത്തിയിരുന്ന (ഭൂഷൺ വാരിക, എറണാകുളം). യഥാർഥ വിപ്ലവ വർഗത്തിലുണ്ടായ ഈ പുത്തൻ ഉണർവിനെ അട്ടിമറിക്കാനും, അവരെ തൽക്കാലത്തേക്ക് വ്യാമോഹിതരാക്കാനും, പിന്നീട് അവർ പഴയ കപട കമ്യൂണിസ്റ്റ് പാർട്ടികളെത്തന്നെ ആശ്രയിക്കാനും ഇടയാക്കി നക്സലൈറ്റ് വീരതാണ്ഡവങ്ങൾ. ഇന്നത്തെ കാലാവസ്ഥയും സമാനമാണ്. സവർണ നിയന്ത്രിത പാർട്ടികളുടെ സൂത്രപ്പണികളെയും വഞ്ചനകളെയും തിരിച്ചറിഞ്ഞ് ദലിത് സമുദായങ്ങൾ പൂർവാധികം വിപുലമായി സമര രംഗത്തു വന്നിരിക്കയാണ്. അവയിൽ നിന്ന് ശക്തരായ നേതാക്കളും സമർഥരായ നിരീക്ഷകരും ചിന്തകരും എഴുത്തുകാരുമൊക്കെ പൊതു രംഗത്ത് എത്തിക്കഴിഞ്ഞു. ഈ പുതു മുളകളെ സർഗാത്മകമായ തന്നെ അരിഞ്ഞുതള്ളാൻ ഉപകരിക്കുന്നതാണ് അയ്യൻകാളിയുടെ പേരിൽ നടിച്ചു തുടങ്ങിയിരിക്കുന്ന വിപ്ലവ താണ്ഡവങ്ങൾ. കേരളത്തിലെ ദലിതർ ഉൾപ്പെടെയുള്ള വിപ്ലവ വർഗം സ്വന്തം മേൽകയ്യിൽ ഭരണാധികാരത്തിൽ എത്തുന്നതിനെയാണ് ഇവിടെ ഇന്നോളമുണ്ടായ എല്ലാ കപട കമ്യൂണിസ്റ്റുകളും തടയുന്നത്.

ഇന്നത്തെ ‘അയ്യങ്കാളിപ്പട’ അവതരിപ്പിക്കുന്ന റൗഡിസവും അയ്യങ്കാളിയുടെ വിപ്ലവ പ്രവർത്തനവും തമ്മിൽ ഒരു ബന്ധവുമില്ല. സ്വന്തം ജനതയുടെ സ്വാതന്ത്ര്യ സമരത്തിൽ അയ്യൻകാളിയും സംഘവും ഒട്ടേറെ തവണ ബലപ്രയോഗം നടത്തിയിട്ടുണ്ട്. അതു പക്ഷേ നാട്ടിലെ നിയമമനുസരിച്ചുള്ള പൗരാവകാശങ്ങൾ നേടാനായിരുന്നു.

അവക്കെതിരു നിന്ന മാടമ്പികൾക്കെതിരെയായിരുന്നു. അല്ലാതെ, നമ്മുടെ വിപ്ലവ കരാറുപണിക്കാർ ചെയ്യുന്ന പോലെ സ്വന്തമായി ഉണ്ടാക്കുന്ന നിയമങ്ങൾ നടപ്പാക്കാൻ ആയിരുന്നില്ല. നിയമസഭക്ക് പുറത്തും അകത്തും നിയമനടത്തിപ്പിനു വേണ്ടി പൊരുതിയ ജനനായകനാണ് അയ്യൻകാളി. നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ ജനാധിപത്യപരമാക്കാനും അതുവഴി സാമൂഹിക ജീവിതം സമാധാനപരമാക്കാനുമാണ് അയ്യൻകാളിയും അനുയായികളും ബലപ്രയോഗം നടത്തിയത്. ബ്രാഹ്മണ ‘ധർമ’ രാജ്യത്തിലെ ജനവിരുദ്ധ ഭരണകൂടത്തെയും അതിന്റെ നയങ്ങളെയും ജനാഭിമുഖമാക്കാൻ അയ്യൻകാളി നടത്തിയ ബഹുമുഖ പ്രവർത്തനങ്ങൾ ഒറ്റ വാക്യത്തിൽ പറഞ്ഞു തീർക്കാനാവില്ല. ഇന്നും ഈ നാടിനു പരിചയമില്ലാത്ത വിധം സമർഥനായ രാഷ്ട്ര തന്ത്രജ്ഞനും വിപ്ലവകാരിയുമാണ് അയ്യൻകാളി എന്ന നാമത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്. ഇതിഹാസ സമാനമായ വൈപുല്യവും വൈവിധ്യവുമുള്ള ആ കർമമണ്ഡലത്തിലെ ഒരു ഏട് മാത്രം (ബലപ്രയോഗം) സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തു കാണിച്ച് ഇതാണ് അയ്യൻകാളിയെന്നും, അതുകൊണ്ട് ഇങ്ങനെ ഒരു പേരിട്ടു പട നയിക്കാമെന്നും വാദിക്കുന്നത് അയ്യൻകാളിയോട് ആദരമുള്ളത് കൊണ്ടാവാൻ ഇടയില്ല.

നമ്മുടെ കരാറു പണിക്കാരായ വീരാത്മാക്കളുടെ വിക്രിയകൾ ജനാധിപത്യത്തെയും നിയമവാഴ്ചയെയും ഊട്ടിയുറപ്പിക്കുകയല്ല ചെയ്യുന്നത്. നിലവിലുള്ള, നാമമാത്രമായ ജനാധിപത്യ-നിയമവാഴ്ചയെ ശിഥിലമാക്കാനേ ആ രാഷ്ട്രീയ റൗഡിസം ഉതകൂ. നഗരങ്ങളിലും മറ്റും സ്വന്തം നിയമങ്ങളുണ്ടാക്കി വാഴ്ച നടത്തുന്ന റൗഡി സംഘങ്ങൾ ചെയ്യുന്നതും ഇതുതന്നെ. സ്വന്തം നോട്ടപ്പാടിൽ വരുന്ന ഇത്തിരിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ സാമൂഹിക കാര്യങ്ങളിൽ തീർപ്പ് കൽപിച്ച് നാളെ മറ്റാളുകൾക്കും മറ്റു പേരുകളിട്ട ‘പട’കളുമായി വന്ന് നിയമവാഴ്ചയെ വെല്ലുവിളിക്കാം. വിവിധ കൂട്ടിക്കൊടുപ്പുകളിൽ വ്യാപരിക്കുന്ന സാംസ്കാരിക കൂലിത്തല്ലുകാരിൽ ചിലരുടെ അനുമോദനം കിട്ടാതിരിക്കില്ല. ദലിതരുടെ വിമോചകനായ ബാബാ സാഹിബ് ഡോ. ബി.ആർ. അംബേഡ്കർ ജീവൻ നൽകിയ ഇൻഡ്യൻ ഭരണഘടനയെയും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമവാഴ്ചയെയുമാണ് പടയോട്ടക്കാർ വെല്ലുവിളിക്കുന്നത്. അവയെ പൊറുപ്പിക്കാഞ്ഞ ബ്രാഹ്മണ നാസികളും തകർക്കാൻ ഉന്നം വെക്കുന്നത് ആ ഭരണഘടനയെ തന്നെയാണ്. വിവിധ സംഘങ്ങളുടെ വർഗപരമായ ഐക്യമാണ് ഇവിടെ തെളിയുന്നത്. സവർണ ഭരണ വർഗത്തിന്റെ പല നിറങ്ങളിലുള്ള രാഷ്ട്രീയ സംഘങ്ങൾ നിയമവാഴ്ചക്കു നേരെ നടത്തുന്ന ഈ കയ്യേറ്റങ്ങളാണ് നഗരങ്ങളിലെയും മറ്റും ക്രിമിനൽ റൗഡി സംഘങ്ങളുടെ പ്രചോദനം.

നിയമ പരിപാലനം തങ്ങൾ നിർവഹിച്ചോളാം എന്ന് സ്റ്റേറ്റ് വാക്കു പറഞ്ഞിട്ടുള്ളതു കൊണ്ടാണ് ജനങ്ങൾ പൊതുവെ ആ രംഗത്തു നിന്ന് ഒഴിഞ്ഞു നിൽക്കുന്നത്. എന്നാൽ, ആ ചുമതല ചില വിപ്ലവ നാമധാരികൾ വീണ്ടും കയ്യടക്കാൻ തുടങ്ങിയാൽ ജനങ്ങളും തങ്ങൾക്ക് ഇഷ്ടപ്പടി നിയമപാലകരാകും. അത് ആദ്യന്തര യുദ്ധത്തിലേക്കോ മറ്റു ലഹളകളിലേക്കോ വഴികാട്ടും. ഭണഘടനാനുസൃതമായ പൊതുപ്രവർത്തനം മാത്രം രക്ഷാകവചമായി കയ്യിലുള്ള, ദുർബല ദലിത് സമൂഹത്തിന് അത് ചിന്തിക്കാൻ പോലുമാകാത്ത ദുരവസ്ഥയായിരിക്കും. അക്രമത്തിലൂടെയും ചോര ചൊരിഞ്ഞും ഉണ്ടാക്കുന്ന ഒരു മാറ്റവും നാടിനു ശാന്തി നൽകില്ല. മാനവിക മൂല്യങ്ങൾക്കല്ല അവിടെ സ്ഥാനം. നിയമവാഴ്ചയോട് അണുവിട തെറ്റാത്ത വിധേയത്വവും ആദരവും നിലനിൽക്കുന്ന ഒരവസ്ഥയിലേ ദലിതർക്ക് തങ്ങളുടെ നിയമാനുസാരിയും അല്ലാത്തതുമായ അവകാശങ്ങൾ നേടാനാവൂ. സവർണ ഭരണവർഗത്തിന്റെ അദൃശ്യ താൽപര്യങ്ങളാൽ നയിക്കപ്പെടുന്ന കപട വിപ്ലവസംഘങ്ങളും ബ്രാഹ്മണ-നാസി സ്വയംസേവക സംഘങ്ങളുമാണ് നിയമവാഴ്ചയെ തകർത്ത് ദലിതരുടെ ഉയിർത്തെഴുന്നേൽപ്പിനെയും അധികാര സമ്പാദനത്തെയും തടയുന്നത്. മർദനങ്ങളെ ചെറുക്കാനും, നിയമാനുസൃതം കിട്ടേണ്ട സംവരണം പോലുള്ള അവകാശങ്ങളും മറ്റും നേടാനും ദലിതരെ നിയമാനുസൃതം സഹായിക്കുകയാണ് ഇന്നത്തെ ഏറ്റവും വലിയ വിപ്ലവ പ്രവർത്തനം. അതിലൂടെ ദലിതർ അധികാര വ്യവസ്ഥയിൽ നിർണായക സ്ഥാനം നേടിക്കഴിഞ്ഞാൽ, ആ സമൂഹത്തിന്റെ വിമോചനം എളുപ്പമായി.

Top