ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ: പ്രചാരണങ്ങളും യാഥാർഥ്യവും

മുസ്‌ലിംകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത് ന്യൂനപക്ഷക്ഷേമ വകുപ്പിൽ നിന്ന് മാത്രമാണ്. എന്നാൽ, ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്കോളർഷിപ്പുകൾക്ക് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും അർഹരുമാണ്. 100% അർഹതയുള്ള ആനുകൂല്യങ്ങൾ മറ്റു വിഭാഗങ്ങളുമായി പങ്കുവെച്ചിട്ടും, മുസ്‌ലിംകൾ അനർഹമായത് കൈപ്പറ്റുന്നു എന്ന ആരോപണമുന്നയിക്കുന്നത് വർഗീയ ചേരിതിരിവ് ലക്ഷ്യംവെച്ചുകൊണ്ടാണ്. വി.പി സൈതലവി എഴുതുന്നു.

കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിച്ചുവരുന്ന ആനുകൂല്യങ്ങളെയും അവകാശങ്ങളെയും ലക്ഷ്യംവെച്ചുകൊണ്ട് ഈയിടെയായി വംശീയ-വര്‍ഗീയ കുപ്രചരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്നായിരുന്നു വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളുടെയും മറ്റും രൂപത്തില്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നുണ്ട്‌ എന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുസ്‌ലിംകളാണെന്നും, അതുപയോഗിച്ച് തങ്ങൾക്ക് കൂടി അവകാശപ്പെട്ട ആനുകൂല്യങ്ങളും മറ്റും മുസ്‌ലിം വിഭാഗങ്ങൾ കവർന്നെടുക്കുന്നു എന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ കടുത്ത ആരോപണം. ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രിപദവി നൽകപ്പെടും എന്ന് പാർട്ടി കേന്ദ്രങ്ങളും പാർട്ടി പത്രവും പറഞ്ഞ ഒരു മുസ്‌ലിം മന്ത്രിക്ക് ഉറക്കമുണരുമ്പോഴേക്ക് വകുപ്പു നഷ്ടമായതും ഇതുകൊണ്ടുതന്നെയാണ്.

2011ൽ രൂപീകൃതമായ ന്യൂനപക്ഷക്ഷേമ വകുപ്പ് 2001 മുതൽ മുസ്‌ലിംകൾ കൈകാര്യം ചെയ്യുന്നു, മദ്രസ അധ്യാപകർക്ക് സർക്കാർ ഖജനാവിൽ നിന്നും നികുതിപ്പണം ഉപയോഗിച്ച് ശമ്പളം നൽകുന്നു എന്നീ കള്ളപ്രചാരണങ്ങൾ കേരളത്തിലെ സാമുദായിക അന്തരീക്ഷത്തിൽ പടർന്നു പിടിച്ചിട്ടും, ഇടതുപക്ഷ സർക്കാർ കണക്കുകൾ പുറത്തുവിടാതെ ഗുരുതരമായ മൗനം പാലിച്ചു. എന്നാല്‍, ഇത്തരം ആരോപണങ്ങളെല്ലാം ദുഷ്പ്രചാരണങ്ങളോ, അല്ലെങ്കില്‍ വസ്‍തുതകളെ മറച്ചുവെക്കുന്ന ആരോപണങ്ങളോ മാത്രമാണെന്ന് ഔദ്യോഗികമായ വിവരങ്ങളും കണക്കുകളും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

ജസ്റ്റിസ് രജീന്ദർ സച്ചാർ

ന്യൂനപക്ഷക്ഷേമ വകുപ്പ് ആരോപണ വിധേയമായതോടെ 80:20 അനുപാത വിഷയത്തിലെ പൊതുതാൽപര്യ ഹരജി പരിഗണിച്ചുകൊണ്ട് ഹൈകോടതി ഈ ആനുകൂല്യങ്ങൾ റദ്ദാക്കി. ഇപ്പോൾ മദ്രസ അധ്യാപക ക്ഷേമനിധിയും കോടതിയുടെ പരിഗണനയിലാണ്. സർക്കാരിനോട് കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. മത മൈത്രിക്കും മനുഷ്യ സൗഹാർദത്തിനും കേളികേട്ട കേരളത്തിന്റെ മണ്ണിൽ ദുഷ്പ്രചാരണം നടന്നാൽ വർഗീയമായ ചേരിതിരിവ് സൃഷ്ടിച്ച് വോട്ട് നേടാമെന്ന അജണ്ടയോടെ, കണക്കുകൾ പുറത്തുവിടാതെ മൗനം പാലിച്ച നയം തന്നെയാണ് മദ്രസാധ്യാപക ക്ഷേമനിധി വിഷയത്തിലും സർക്കാർ തുടരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പിലും മറ്റാനുകൂല്യങ്ങളിലും മദ്രസ അധ്യാപകരുടെ ക്ഷേമനിധിയടക്കമുള്ള എല്ലാ കാര്യങ്ങളുടെയും വിശദമായ കണക്കുകൾ ലഭ്യമാണ്. എന്നാൽ, ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യം വർഗീയ ധ്രുവീകരണമാണ്.

സ്വാതന്ത്ര്യത്തിനു ശേഷം ഇൻഡ്യയിലെ മുസ്‌ലിം ന്യൂനപക്ഷം നേരിടുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പിന്നാക്കാവസ്ഥയുടെ വെളിച്ചത്തിലാണ് കേന്ദ്രസർക്കാർ മുന്‍കൈയ്യെടുത്ത് സച്ചാര്‍ കമ്മീഷന്‍ പോലുള്ള പഠന സംഘങ്ങളെ നിയോഗിക്കുന്നത്. തുടര്‍ന്നു നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ടും, പ്രധാനമന്ത്രിയുടെ പതിനഞ്ചിന പദ്ധതികള്‍ പോലെയുള്ള കര്‍മപരിപാടികളിലൂടെയും രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇപ്പോള്‍ വിവാദത്തിലേക്കു വലിച്ചിഴക്കപ്പെട്ട പല സ്കോളര്‍ഷിപ്പുകളും ഇത്തരത്തില്‍ കേന്ദ്രം നേരിട്ടു നടപ്പിലാക്കുകയും, സംസ്ഥാനം കേവലമായി ഇതിന്റെ വിതരണ ദൗത്യം നിര്‍വഹിക്കുന്നതുമായ സ്കോളര്‍ഷിപ്പുകളാണ് എന്നതാണ് യാഥാര്‍ഥ്യം.

ഹൈസ്‌കൂൾ തലത്തിലും ഹയര്‍സെക്കണ്ടറി തലത്തിലും ന്യൂനപക്ഷ ക്ഷേമവകുപ്പിന് പൊതു സ്കോളര്‍ഷിപ്പുകളില്ല. എന്നാല്‍, മുഴുവന്‍ എ-പ്ലസ് നേടുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രം മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.

ഹൈസ്‌കൂൾ, ഹയര്‍സെക്കന്ററി തലത്തില്‍ മുന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 2000, 4000 എന്നിങ്ങനെ ‘സമുന്നതി’ സ്കോളർഷിപ്പ് ആനുകൂല്യം ലഭിക്കുമ്പോള്‍, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേരള സർക്കാർ നല്‍കുന്ന പൊതു സ്കോളര്‍ഷിപ്പുകളൊന്നും തന്നെ നിലവിലില്ല. ഇതിനു പകരം, ഫുള്‍ എ-പ്ലസ് നേടുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു മാത്രം (പൊതു അല്ല) ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് നിലവിലുള്ളത്. പ്രൊഫഷണല്‍-നോണ്‍ പ്രൊഫഷണല്‍ ഡിഗ്രി, പി.ജി തുടങ്ങിയ തലങ്ങളിലെല്ലാം ന്യൂനപക്ഷ വിദ്യാര്‍ഥികൾക്കു ലഭിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന തുകയാണ് മുന്നാക്കക്കാര്‍ക്ക് ലഭിക്കുന്നത്.

ഇതുകൂടാതെ, എൻ.ഐ.ടി പോലുള്ള ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന മുന്നാക്കക്കാര്‍ക്ക് 50,000 രൂപയുടെ സ്കോളര്‍ഷിപ്പ് നിലവിലുള്ളപ്പോള്‍, പിന്നാക്കക്കാരായ ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം പദ്ധതികളൊന്നും തന്നെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. അതുപോലെ തന്നെയാണ് എം.ഫില്‍, പി.എച്ച്.ഡി സ്കോളര്‍ഷിപ്പുകളുടെയും അവസ്ഥ. 25,000 രൂപ വീതം എം.ഫിലോ പി.എച്ച്.ഡിയോ ചെയ്യുന്ന മുന്നാക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഇതിന് തതുല്യമായ യാതൊരു സ്കോളര്‍ഷിപ്പും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടില്ല. എന്നാല്‍, നിലനില്‍ക്കുന്ന അസമത്വങ്ങളെയും, അല്ലെങ്കില്‍ ആശ്ചര്യം ജനിപ്പിക്കുന്ന കണക്കുകളെയും മറച്ചുവെച്ചുകൊണ്ടുള്ള വിദ്വേഷ-വര്‍ഗീയ പ്രചാരണങ്ങളിലെ പല വാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് വസ്‌തുതാ വിശകലനങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടുന്നുണ്ട്.

ഹിന്ദു സമുദായത്തിൽ നിന്ന് നായർ, നമ്പൂതിരി തുടങ്ങിയ വിഭാഗങ്ങളും, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ലത്തീൻ, പരിവർത്തിത വിഭാഗങ്ങളൊഴിച്ച് ബാക്കി മുഴുവൻ ക്രിസ്ത്യാനികളും മുന്നാക്ക വിഭാഗത്തിൽ പെടുന്നവരാണ്. അതുകൊണ്ടുതന്നെ, മുന്നാക്ക വികസന കോർപറേഷന്റെ ‘സമുന്നതി’ സ്കോളർഷിപ്പിന് ക്രിസ്ത്യൻ വിഭാഗം അർഹരാണ്. ഒരേസമയം മുന്നാക്ക വികസന കോർപറേഷന്റെയും, ന്യൂനപക്ഷ വകുപ്പിന്റെയും ആനുകൂല്യങ്ങൾ ക്രൈസ്തവർക്ക് മാത്രമായി ലഭിക്കുന്നുണ്ട്.

മുന്നാക്ക വികസന കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kswcfc.orgൽ രേഖപ്പെടുത്തിയ കണക്കുകളനുസരിച്ച് 2017-18 വർഷത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികളായ മുന്നാക്ക വിഭാഗക്കാർക്ക് പ്രതിവർഷം 2000 രൂപ വീതം,20,829 ആളുകൾക്ക് നൽകിയിട്ടുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിലെ മുന്നാക്ക വിദ്യാർത്ഥികൾക്ക് പ്രതിവർഷം 3000 രൂപ വീതം (ഇപ്പോൾ 4000 രൂപയാക്കി ഉയർത്തി)15,015 പേർക്ക് നൽകിയപ്പോൾ, നോൺ-പ്രൊഫഷണൽ ബിരുദ വിദ്യാർത്ഥികൾക്ക് 5000 രൂപ വീതം 4989 പേർക്കും നൽകി. പ്രൊഫഷണൽ ബിരുദ വിദ്യാർത്ഥികൾക്ക് 7000 രൂപ വീതം 2657 പേർക്ക് നൽകി. എൻ.ഐ.ടി വിദ്യാർത്ഥികൾക്കും ചാർട്ടേഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ് തുടങ്ങിയ കോഴ്സുകൾ ചെയ്യുന്ന വിദ്യാർഥികൾക്കും, ഡിപ്ലോമ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികളുമായി യഥാക്രമം 50,000, 10,000, 6000 രൂപ വീതം നൽകിയിട്ടുണ്ട്. മുന്നാക്ക വിഭാഗത്തിനു പുറത്തുള്ള ആർക്കും തന്നെ ഈ ഫണ്ടിൽ നിന്നും ഒരു പൈസ പോലും ലഭിക്കില്ല.

ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പുകൾ ഇതുമായി താരതമ്യം ചെയ്യുമ്പോൾ കണക്കുകൾ കൂടുതൽ ബോധ്യമാകും.

ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ ഉർദു സ്കോളർഷിപ്പ് ഒഴിച്ച് പ്രധാനമായും ഏഴ് സ്കോളർഷിപ്പുകളാണുള്ളത്. ഈ ഏഴെണ്ണത്തിൽ സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് ഒഴികെ, ബാക്കി ആറിലും മുഴുവൻ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്കും അർഹതയുണ്ട്. അതായത്, മുന്നാക്ക വിഭാഗത്തിലെ ‘സമുന്നതി’ സ്കോളർഷിപ്പ് ലഭിക്കുന്ന ക്രൈസ്തവ വിദ്യാർഥികൾക്കും ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലുള്ള സ്കോളർഷിപ്പുകൾ ലഭ്യമാണ് എന്നർത്ഥം. സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് മുസ്‌ലിം, ലാറ്റിൻ, മറ്റു പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിലെ പെൺകുട്ടികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പിനു പുറമേ, രണ്ടു വർഷത്തേക്ക് 20,000 രൂപയും ഒരു വർഷത്തേക്ക് 10,000 രൂപയും നൽകുന്ന ഐ.ടി.സി റീ-ഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ്, ചാർട്ടേഡ് അക്കൗണ്ടൻസി കമ്പനി സെക്രട്ടറിഷിപ്പ് തുടങ്ങിയ കോഴ്സുകൾക്ക് പ്രതിവർഷം 15,000 രൂപ നൽകുന്ന സ്കോളർഷിപ്പ്, സിവിൽ സർവീസ് പരീക്ഷക്ക് ട്യൂഷൻ ഫീസായി നൽകുന്ന 20,000 രൂപയുടെയും ഹോസ്റ്റൽ ഫീസായി നൽകുന്ന 10,000 രൂപയുടെയും സ്കോളർഷിപ്പ്, 80 ശതമാനത്തിലധികം മാർക്കു വാങ്ങിയ ന്യൂനപക്ഷ വിഭാഗത്തിലെ ബിരുദ വിദ്യാർത്ഥികൾക്കും 75 ശതമാനം മാർക്കു വാങ്ങിയ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും 15,000 രൂപ വീതം നൽകുന്ന ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 15,000 രൂപ പ്രതിവർഷം നൽകുന്ന മദർ തെരേസ സ്കോളർഷിപ്പ്, മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പ്രതിവർഷം 6000 രൂപ വീതം നൽകുന്ന എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പ് എന്നിവയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലുള്ള മറ്റു സ്കോളർഷിപ്പുകൾ. ഇവയെല്ലാംതന്നെ ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടപ്പിൽ വരുത്തിയ വകുപ്പിന് ‘ന്യൂനപക്ഷക്ഷേമ വകുപ്പ്’ എന്ന പേര് നൽകിയപ്പോൾ മുസ്‌ലിംകൾ വിവാദങ്ങളുയർത്തിയില്ല.

പാലോളി കമ്മിറ്റിയുടെ പ്രഥമ സിറ്റിങിൽ സമിതി അംഗമായ കെ.ഇ ഇസ്മാഈലിന്റെ ചോദ്യം പ്രസക്തമായിരുന്നു. പൊതുവായ ന്യൂനപക്ഷ പ്രശ്നങ്ങൾ പഠിക്കുന്നതിനാണോ അതോ മുസ്‌ലിം വിഭാഗത്തിന്റെ മാത്രം പ്രശ്നങ്ങൾ പഠിക്കുന്നതിനാണോ കമ്മറ്റിയുടെ രൂപീകരണം എന്നതായിരുന്നു ചോദ്യം. “മുസ്‌ലിം പ്രശ്നങ്ങൾ മാത്രം പഠിക്കുന്നതിന്” എന്ന് സമിതി ചെയർമാനായ പാലോളിയുടെ ഉത്തരത്തിൽ നിന്നുള്ള ടേംസ് ഓഫ് റഫറൻസ് മനസ്സിലാക്കിയത് കൊണ്ടാണ് സമിതി അംഗമായ വിൽസൺ പോലും തന്റെ സമുദായത്തിന്റെ കാര്യം കമ്മറ്റിയിൽ ഉന്നയിക്കാതിരുന്നത്.

പൂർണമായും മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ട സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും 80:20 അനുപാതത്തിൽ മറ്റു വിഭാഗങ്ങൾക്കു കൂടി നൽകാൻ തീരുമാനിച്ചതും, കോച്ചിങ് സെന്റർ ഫോർ മുസ്‌ലിം യൂത്ത് എന്ന പേര് മാറ്റി കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് എന്നാക്കിയതും, സ്കോളർഷിപ്പുകളിൽ രണ്ടെണ്ണത്തിന് ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് എന്നും മദർ തെരേസ സ്കോളർഷിപ്പ് എന്നും പേരു നൽകിയതും വലിയ ദുഷ്പ്രചാരണത്തിന് ഇടയാക്കി. ഈ സ്കോളർഷിപ്പുകൾ പോലും 20% മാത്രം മറ്റുള്ളവർക്ക് നൽകി, 80% മുസ്‌ലിംകൾ ‘അനധികൃതമായി അടിച്ചെടുക്കുന്നു’ എന്ന ദുഷ്പ്രചാരണമാണ് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ പ്രചരിപ്പിച്ചത്.

പാലോളി മുഹമ്മദ്‌ കുട്ടി

ഒരു പ്രത്യേക സമുദായത്തിന് മാത്രമായി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാർ സംവിധാനങ്ങളുപയോഗിച്ച് നികുതിപ്പണത്തിൽ നിന്ന് സഹായങ്ങൾ ഒരുക്കുന്നതാണ് പരാതിയെങ്കിൽ, കോട്ടയം ആസ്ഥാനമായി പരിവർത്തിത ക്രിസ്ത്യൻ സമൂഹത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന കോർപറേഷനും ഇത് ബാധകമാകേണ്ടതല്ലേ. ‘കേരളാ സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ കൺവെർട്ടഡ് ക്രിസ്ത്യൻസ് ഫ്രം എസ്.സി ആൻഡ് ദ് റെക്കമെന്റഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് കോടികളുടെ ഫണ്ടും, സർക്കാർ ചെലവിൽ ഉദ്യോഗസ്ഥരുമുണ്ട്. മറ്റു മതങ്ങളിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് ഈ കോർപറേഷൻ വഴി കൃഷി, ഭവന നിർമാണം, സ്വയംതൊഴിൽ-വിദ്യാഭ്യാസ-വ്യക്തിഗത വായ്പകൾ എന്നിവ നൽകുന്നുണ്ട്. മറ്റു സമുദായങ്ങൾക്കൊന്നും ഈ വകുപ്പിൽ നിന്ന് യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കില്ല.12/5/2017ന് അന്നത്തെ വകുപ്പ് മന്ത്രി ബാലൻ ചോദ്യം നമ്പർ 3457ന് നിയമ സഭയിൽ നൽകിയ മറുപടി ഈ വിഷയത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കും.

ഈ കോർപറേഷൻ വഴി നൽകുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ മതപരിവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന് സംഘപരിവാർ പ്രചാരണം നടത്തിയപ്പോഴും മുസ്‌ലിം വിഭാഗം കോലാഹലങ്ങളൊന്നും ഉണ്ടാക്കിയില്ല. ഈ കോർപ്പറേഷന് 17 കോടി അനുവദിച്ചത് 40 കോടിയാക്കി ഉയർത്തിയപ്പോൾ, ന്യൂനപക്ഷക്ഷേമ വകുപ്പിന് അനുവദിച്ച 107 കോടി രൂപ 42 കോടി രൂപയാക്കി കുറച്ചതും കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും. ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ മുഴുവൻ ആനുകൂല്യങ്ങൾക്കും പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർക്കും യോഗ്യതയുണ്ട് എന്നതുകൂടി ഇതോടൊപ്പം മനസ്സിലാക്കണം. ക്രിസ്ത്യാനികൾ ന്യൂനപക്ഷമാണെങ്കിലും അവരിൽ 6% മാത്രമാണ് പിന്നാക്കക്കാർ ഉള്ളത്. അതുകൊണ്ടുതന്നെ, മുന്നാക്ക വിഭാഗത്തിന്റെയും ന്യൂനപക്ഷ വിഭാഗത്തിന്റെയും പിന്നാക്ക പരിവർത്തിത വിഭാഗത്തിന്റെയും ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരേയൊരു വിഭാഗമാണ് ക്രിസ്ത്യൻ സമുദായം.

എ.കെ ബാലൻ

എന്നാൽ മുസ്‌ലിം വിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നത് ന്യൂനപക്ഷക്ഷേമ വകുപ്പിൽ നിന്ന് മാത്രമാണ്.100% അവകാശപ്പെട്ട ആനുകൂല്യങ്ങൾ മറ്റു വിഭാഗങ്ങളുമായി പങ്കുവെച്ചിട്ടും എല്ലാം അനധികൃതമായി നേടിയെടുക്കുന്നു എന്ന പ്രചാരണം നടത്തി കോടതി ഇടപെടലിലൂടെ ആ ആനുകൂല്യങ്ങളും ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നു. മുന്നാക്ക വികസന കോർപറേഷനുമായി താരതമ്യം ചെയ്യുമ്പോൾ, ന്യൂനപക്ഷക്ഷേമ വകുപ്പ് പേരിനു മാത്രമുള്ള ഒരു വകുപ്പാണെന്ന് മനസ്സിലാകും. കേരളത്തിൽ മുന്നാക്ക വികസന കോർപറേഷൻ ചെയർമാന് ക്യാബിനറ്റ് പദവി നൽകിയിട്ടുണ്ട്. എന്നാൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ചെയർമാന് ക്യാബിനറ്റ് പദവിയില്ല. വിവിധ സംസ്ഥാനങ്ങളിലും, ബിജെപി ഭരിക്കുന്ന കർണാടകയിൽ പോലും ന്യൂനപക്ഷക്ഷേമ വകുപ്പ് ചെയർമാന് ക്യാബിനറ്റ് പദവിയുണ്ട്. കേന്ദ്ര ഗവൺമെന്റ് ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന വഖഫ് ബോർഡിനും ഹജ്ജ് കമ്മിറ്റിക്കും വകുപ്പ് സെക്രട്ടറി പോലുമില്ലാതെ റവന്യൂ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡിന്റെ സംവിധാനങ്ങളോ സൗകര്യങ്ങളോ വഖഫ് ബോർഡിനും ഹജ്ജ് കമ്മിറ്റിക്കും ഇല്ലെങ്കിൽ പോലും മുസ്‌ലിംകൾ അനധികൃതമായി എല്ലാം കയ്യടക്കുന്നു എന്നതാണ് പ്രചാരണം.

മതസൗഹാർദത്തിനും മനുഷ്യ സൗഹാർദത്തിനും കേളികേട്ട കേരളം ദുഷ്പ്രചാരണങ്ങളിൽ വിശ്വസിച്ച് വർഗീയമായ ചേരിതിരിവിലേക്ക് പോവരുത്. എല്ലാ മതമേലധ്യക്ഷന്മാരും ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് നീതിയോടെ കാര്യങ്ങൾ തീരുമാനിച്ച് പരസ്പരം അറിയാനും അടുക്കാനുമുള്ള അവസരങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം, മുസ്‌ലിം സമുദായത്തിന് അർഹമായത് നൽകാൻ എല്ലാ വിഭാഗങ്ങളും കൂടെ നിൽക്കുകയും ചെയ്യണം. കേരളത്തിന്റെ മാനുഷിക സൗഹാർദം എല്ലാ വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണ്.

വി.പി സൈതലവി- പൊന്നാനി എംഇഎസ് കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ.

Top