ദേശീയതയുടെ ബദൽ സങ്കൽപ്പങ്ങൾ: എം.ടി അൻസാരി സംസാരിക്കുന്നു

വീണ്ടും വീണ്ടും വ്യാഖ്യാനിക്കപ്പെടാവുന്ന നിരവധി വ്യാഖ്യാനങ്ങളാണ് ഒരു ചരിത്ര സംഭവത്തെ വിശദീകരിക്കുമ്പോൾ ഉരുത്തിരിഞ്ഞു വരുന്നത് എന്നതിനാൽ, അവയുടെ ‘യഥാർത്ഥ സ്വഭാവം’ കണ്ടെത്തുക അസാധ്യമാണ്. മലബാറിലേത് തീർച്ചയായും കൊളോണിയൽ-ഫ്യൂഡൽ വിരുദ്ധ സമരമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. നിർഭാഗ്യവശാൽ, അതിന്റെ അപകോളനീകരണത്തിലൂന്നിയ സ്വഭാവത്തെ വേണ്ടവിധം മനസ്സിലാക്കുന്നതിൽ ഇന്നും നാം വിജയിച്ചിട്ടില്ല. എം.ടി അൻസാരി സംസാരിക്കുന്നു.

മലബാർ കലാപത്തിന്റെ ഈടുവെപ്പുകൾ സംബന്ധിച്ച വിവാദങ്ങൾ ഇപ്പോൾ അതിന്റെ ശതാബ്ദി വേളയിൽ പോലും അവസാനിച്ചിട്ടില്ല. രാഷ്ട്രീയ തലത്തിൽ, സമീപകാലത്ത് അതിലെ രക്തസാക്ഷികളെ ഇൻഡ്യൻ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ ഔദ്യോഗിക പട്ടികയിൽ നിന്നു നീക്കം ചെയ്യാനുള്ള തീരുമാനം ഒരു ഉദാഹരണം മാത്രം. എന്നാൽ, അക്കാദമിക തലത്തിലും ഈ സംഭവവികാസങ്ങളുടെ യഥാർഥ സ്വഭാവവും അവയുടെ പ്രസക്തിയും സംബന്ധിച്ച ചർച്ചകൾ ഇന്നും തുടരുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ മലബാറിലെ സംഭവങ്ങളെ പലരും പല രൂപത്തിലാണ് വ്യാഖ്യാനിക്കുന്നത്. കർഷകരുടെ ആക്രമണ പരമ്പരകൾ, കർഷക വിപ്ലവം, ഹിന്ദുക്കൾക്കെതിരെയുള്ള വർഗീയ മുന്നേറ്റം, കീഴാളവർഗ പ്രസ്ഥാനം എന്നിങ്ങനെ പല നിരീക്ഷണങ്ങളും കാണാവുന്നതാണ്. താങ്കളുടെ കാഴ്ച്ചപ്പാടിൽ ഈ സംഭവവികാസങ്ങളെ എങ്ങനെയാണു നാം വിലയിരുത്തേണ്ടത്, എന്താണ് അവയുടെ യഥാർഥ സ്വഭാവം?

1921ലെ മലബാർ സമര രക്തസാക്ഷികളെ രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തെ സംബന്ധിച്ച് ഞാൻ ഇതിനകം എഴുതിയിട്ടുണ്ട് (രണ്ടായിരത്തി ഇരുപത്തൊന്നിൽ 1921-ട്രൂ കോപ്പി വെബ്സീൻ). ഏതു ചരിത്രസംഭവത്തെ സംബന്ധിച്ചും, അതിന്റെ ‘യഥാർഥ സ്വഭാവം’ കണ്ടെത്തുകയെന്നത് ഏറെക്കുറെ അസാധ്യമാണ്; കാരണം, അവയെ വിശദീകരിക്കുന്ന പ്രക്രിയയിൽ ഉരുത്തിരിഞ്ഞു വരുന്നത് വീണ്ടും വീണ്ടും വ്യാഖ്യാനിക്കപ്പെടാവുന്ന നിരവധി വ്യാഖ്യാനങ്ങളാണ്. മോണ്ടെയ്നെ (Montaigne) ഉദ്ദരിച്ചുകൊണ്ട് ദെറിദ പറയുന്നതു പോലെ, സംഭവങ്ങളെ വ്യാഖ്യാനിക്കുന്നതിനെക്കാൾ കൂടുതലായി നമ്മുടെ വ്യാഖ്യാനങ്ങളെത്തന്നെ വ്യാഖ്യാനിക്കേണ്ട ആവശ്യകതയുണ്ട്!മലബാറിലേത് തീർച്ചയായും കൊളോണിയൽ വിരുദ്ധവും ഫ്യൂഡൽ വിരുദ്ധവുമായ സമരമായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ, നിർഭാഗ്യവശാൽ, അതിന്റെ അപകോളനീകരണത്തിലൂന്നിയ (decolonial) ‘യഥാർഥ സ്വഭാവത്തെ’ വേണ്ടവിധം മനസ്സിലാക്കുന്നതിൽ ഇന്നും നാം വിജയിച്ചിട്ടില്ല.

ദേശീയ പ്രസ്ഥാനത്തിലെ തന്നെ പലരും മലബാർ കലാപത്തെ അന്ന് വിലയിരുത്തിയത് ഖിലാഫത്ത് സംബന്ധിച്ച പ്രശ്നങ്ങളുമായി നിസ്സഹകരണ പ്രസ്ഥാനത്തെ ഗാന്ധിജി കൂട്ടിക്കെട്ടിയതിനെ തുടർന്നു സംഭവിച്ച ‘വഴിപിഴച്ച’ മുന്നേറ്റം എന്നാണ്. അത്തരമൊരു വിലയിരുത്തലിൽ എത്രമാത്രം വസ്തുതയുണ്ട്? ഒരുപക്ഷേ, ഈ സംഭവവികാസങ്ങളെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ മലബാറിൽ ഉയർന്നുവന്ന നിരവധി മാപ്പിള കലാപങ്ങളുടെ തുടർച്ച എന്ന നിലയിൽ കാണുന്നതായിരിക്കുമോ കൂടുതൽ ശരി? അതല്ല, സാമ്പത്തിക ചൂഷണം സംബന്ധിച്ച പ്രതിഷേധം ആ ഘട്ടത്തിൽ കലാപമായി പൊട്ടിപ്പുറപ്പെടുകയായിരുന്നോ? മറ്റൊരു തരത്തിൽ ചോദിച്ചാൽ, മലബാറിലെ മാപ്പിളമാരുടെ ദീർഘമായ ബ്രിട്ടീഷ് വിരുദ്ധ മനോഭാവത്തിന്റെയും അതിൽ ഉൾച്ചേർന്ന ഇസ്‌ലാമിക നേതൃത്വത്തിന്റെയും ആശയങ്ങളുടെയും സ്വാധീനം 1921ലെ സംഭവവികാസങ്ങളിൽ എത്രമാത്രം കാണാനാകും?

തീർച്ചയായും, അത്തരം പലവിധ സ്വാധീനങ്ങളുണ്ട്; പക്ഷേ എന്തൊക്കെ എത്രമാത്രം സ്വാധീനിച്ചു എന്നത് എപ്പോഴും നമ്മുടെ തന്നെ വ്യാഖ്യാനങ്ങളനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. മലബാറിലെ പ്രധാനമായും ഹിന്ദു സമുദായക്കാരായ ജന്മിമാർക്കും ബ്രിട്ടീഷ് അധികാരികൾക്കുമെതിരെ കർഷകരും കീഴാള സമൂഹങ്ങളും നടത്തിയ ദീർഘമായ സമര പരമ്പരയുടെ ഭാഗമായ ഏറ്റവും അവസാനത്തെ കാർഷിക പോരാട്ടങ്ങളിൽ ഉൾപ്പെടുന്നതാണ് ഈ സംഭവങ്ങൾ. 1922ലെ ചൗരിചൗരാ സംഭവവുമായി താരതമ്യപ്പെടുത്തുമ്പോൾ കാണുന്ന വ്യത്യാസം, അല്ലെങ്കിൽ ‘വഴിപിഴക്കൽ’, ഗാന്ധി പലപ്പോഴും എടുത്തുകാണിക്കുന്ന പോലെ, ഈ കലാപകാരികൾ മാപ്പിള മുസ്‌ലിംകളായിരുന്നു എന്നതു തന്നെയാണ്.

അതേസമയം, 1836 മുതൽ, ഒരുപക്ഷേ അതിനും കുറച്ചു മുൻപു മുതൽ സംഭവിച്ചതായി രേഖപ്പെടുത്തപ്പെട്ട നാൽപ്പതോളം ചെറിയ കലാപങ്ങളിൽ നിന്ന് 1921ലെ വിപുലമായ പ്രസ്ഥാനത്തെ വേർതിരിച്ചു കാണേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഖിലാഫത്ത്, കുടിയായ്മക്കെതിരായ പ്രതിഷേധം, ദേശീയത എന്നിവയൊക്കെ 1921 ലെ പ്രസ്ഥാനത്തിന്റെ പ്രധാന ഘടകങ്ങളായിരുന്നു. മാത്രമല്ല, ഡേവിഡ് അർണോൾഡ് നിരീക്ഷിച്ച പോലെ, യഥാർഥത്തിൽ ‘ഉലമാ’ നേതൃത്വം ആഗോള ഇസ്‌ലാമിക താൽപ്പര്യങ്ങളുടെ പേരിൽ മാപ്പിളമാരെ പ്രകോപിപ്പിക്കുകയായിരുന്നിരിക്കില്ല. മറിച്ച്, മലബാറിൽ അന്നു നിലനിന്നിരുന്ന പ്രാദേശിക സാഹചര്യങ്ങളെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്യാൻ നിർബന്ധിതമായതാണ് എന്നും വരാം.

സ്റ്റീഫൻ ഡേലിനെപ്പോലെ പല പണ്ഡിതരും മലബാറിലെ മുസ്‌ലിം സമുദായത്തെ ‘ഇസ്‌ലാമിക മുന്നണി’ പോരാളികൾ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ചുറ്റിലുമുള്ള സമൂഹങ്ങൾക്കു മേൽ ആധിപത്യം സ്ഥാപിക്കാനുള്ള പ്രവണത അവരിൽ അന്തർലീനമായിരുന്നു എന്നാണ് അവർ വ്യാഖ്യാനിക്കുന്നത്. അവരുടെ വാദങ്ങളിൽ പ്രധാനമായും ഉന്നയിക്കുന്നത്, ബഹുസംസ്കൃതി സമൂഹങ്ങളിൽ തങ്ങളിൽനിന്നു വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും പുലർത്തുന്നവരുമായി കൂടിക്കലർന്നു ജീവിക്കാൻ മുസ്‌ലിംകൾക്കു സാധ്യമല്ല എന്നാണ്. ചരിത്രപരമായ അനുഭവങ്ങൾ നോക്കിയാൽ ഈ വാദമുഖങ്ങളിൽ എത്രമാത്രം കഴമ്പുണ്ട്?

കുരിശു യുദ്ധങ്ങളുടെയും യുറോപ്യൻ ആധുനികതയുടെ പിറവിയുടെയും ചരിത്ര പശ്ചാത്തലത്തെ സംബന്ധിച്ച പുതിയ പഠനങ്ങളും വിശകലനങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ‘പാശ്ചാത്യ നാഗരികത’ എന്ന പരികൽപ്പനയെത്തന്നെ ക്വമെ അപ്പിയ (kwame Appiah) ചോദ്യം ചെയ്യുന്നുണ്ട്. ഉദ്ഭവവുമായാണ് ഞാൻ അതിനെ ബന്ധപ്പെടുത്തുന്നത്.

സമീപ വർഷങ്ങളിൽ മുതലാളിത്ത വിരുദ്ധവും നവ കൊളോണിയൽ വിരുദ്ധവുമായ നിരവധി ആശയങ്ങൾ സമൂഹത്തിൽ ഉയർന്നുവന്നിട്ടുണ്ട്. കാരണം, മതേതര ആധുനിക രാഷ്ട്രം എന്നതടക്കമുള്ള മഹാഖ്യാനങ്ങളുടെ പൊള്ളത്തരം ഇന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. മംദാനിയുടെ പുതിയ പുസ്‌തകം (നീതർ സെറ്റ്ലർ നോർ നേറ്റീവ്) വിവിധ ചരിത്ര സംഭവങ്ങളുടെ വസ്തുതകൾ തുറന്നു കാട്ടുന്നതാണ്‌. അത്തരമൊരു പശ്ചാത്തലത്തിൽ നമ്മുടെ പൊതുബോധത്തെ കീഴടക്കിയ ‘മതേതര ആധുനികത’ അടക്കമുള്ള മഹാഖ്യാനങ്ങളെ ചോദ്യം ചെയ്ത, ചെയ്യുന്ന, ഒരു ‘ഇസ്‌ലാമിക മുന്നണി’ ഉണ്ടായിരുന്നെങ്കിൽ തന്നെ എന്താണ് കുഴപ്പം? അത്തരം ഒരു ബദൽ സങ്കൽപ്പത്തെ എന്തിനു ചോദ്യംചെയ്യണം? യൂറോ-അമേരിക്കൻ നിക്ഷിപ്ത താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ലോക സംവിധാനത്തെ പലരും പല നിലയിലും ചോദ്യം ചെയ്യുന്നുണ്ടെന്ന് നാം ഓർമിക്കണം. അത്തരം ചോദ്യംചെയ്യൽ ഒരു വിഷയമായി മാറുന്നതും അവയെല്ലാം ഭീകരവാദമായി എളുപ്പത്തിൽ ചിത്രീകരിക്കപ്പെടുന്നതും അത് ഇസ്‌ലാമിക പരിസരങ്ങളിൽ നിന്നു പുറപ്പെടുമ്പോൾ മാത്രമാണ്. നാം ഓർമിക്കേണ്ട മറ്റൊരു കാര്യം, ഹാർട്ടും നെഗിയും ചൂണ്ടിക്കാണിച്ചതു പോലെ, ‘ഇസ്‌ലാമിക ഭീകരവാദം’ എന്നറിയപ്പെടുന്ന പ്രക്രിയ തന്നെ ഒരു ആധുനികോത്തര പ്രതിഭാസമാണ്. ജനാധിപത്യ സംരക്ഷണത്തിന്റെ പേരിൽ ജനാധിപത്യവിരുദ്ധമായ അക്രമ നടപടികൾ ആഗോള ശക്തികൾ സ്വീകരിച്ചപ്പോൾ അതിനെതിരായ പ്രതികരണം എന്ന നിലയിലാണ് അത് ഉയർന്നു വന്നത്.

അതായത്, ഇന്ന് ആഗോള തലത്തിൽ പല രൂപക്രമങ്ങളായി പടർന്നു കിടക്കുന്ന ഇസ്‌ലാമിനെ, ആധുനികപൂർവമോ ആധുനിക വിരുദ്ധമോ ആയ ഒരു സത്തയായി ചുരുക്കിക്കെട്ടുന്നത് വലിയൊരു അബദ്ധമാണെന്ന് അനുമാനിക്കാം. വാസ്തവത്തിൽ ഇസ്‌ലാം ചെയ്യുന്നത് രൂഢമൂലമായ മതേതര ആധുനികതയുടെയും ചരിത്രപരമായി സാമാന്യവൽക്കരിക്കപ്പെട്ട മനുഷ്യൻ എന്ന സാർവത്രിക വിഷയിയുടെയും ദേശീയതാ നിർമിതിയുടെയും എല്ലാം അന്തർധാര, അഥവാ മതപരമായ അടിത്തറയെ തുറന്നു കാട്ടുകയാണ്. മറ്റൊരു നിലക്കു പറഞ്ഞാൽ, ഇസ്‌ലാം വ്യത്യസ്തവും കൂടുതൽ ഉൾക്കൊള്ളൽ ശേഷിയുള്ളതും, ഒരുപക്ഷേ വിശാലമായ സാധ്യതകൾ ഉൾച്ചേർന്നതുമായ ഒരു ബദൽ മുന്നോട്ടു വെക്കുന്നുണ്ട്. മനുഷ്യരുടെ ജീവിതാനുഭവങ്ങളുടെയും അവരിൽ അന്തർലീനമായ യാഥാർഥ്യബോധത്തിന്റെയും അടിസ്ഥാനത്തിൽ എങ്ങനെ മതേതരവും ആധുനികവുമാകാം എന്ന കാര്യത്തിൽ ലോകത്തിന് അതൊരു ബദൽ കാഴ്ചപ്പാട് നൽകുന്നുണ്ട്. എം.എസ്.എസ് പാണ്ഡ്യൻ മറ്റൊരു പശ്ചാത്തലത്തിൽ പറഞ്ഞതുപോലെ, ന്യൂനപക്ഷങ്ങളിൽ മഹാഭൂരിപക്ഷത്തിനെ സംബന്ധിച്ച് ആധുനികതക്കു പുറത്തു വെക്കുന്ന ഒരടി, ആധുനികതയുടെ മുൻപേയുള്ള ഒരടിയാകാം! ബഹുസംസ്കൃതി സമൂഹത്തിന് ഇസ്‌ലാം എതിരല്ല എന്നതിന് അതിന്റെ ചരിത്രം തന്നെ തെളിവാണ്. ഏഴാം നൂറ്റാണ്ടിലെ അറേബ്യയിലെ ഇസ്‌ലാമേതര ഗോത്രങ്ങളുമായുള്ള സന്ധിസംഭാഷണങ്ങൾ മുതൽ ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പണ്ഡിതരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചർച്ചകൾവരെ. ഉദാഹരണത്തിന് പഞ്ചാബിലെ അല്ലാമാ ഇഖ്ബാലും (1877-1938) യുപിയിലെ മൗലാനാ മദനിയും (1879-1957) തമ്മിലുള്ള സമുദായവും ബഹുസ്വര ദേശീയതയും സംബന്ധിച്ച സംവാദങ്ങൾ നോക്കുക. ഇസ്‌ലാം ബഹുസ്വര സമൂഹത്തിനെതിരാണ് എന്ന വാദങ്ങളെ അവയെല്ലാം പൂർണമായും തള്ളിക്കളയുന്നു. ഈ സാഹചര്യത്തിൽ, അഫ്ഗാനിസ്താന്റെ ഭാവി എങ്ങനെയാണു രൂപപ്പെടുന്നത് എന്ന കാര്യം നിരീക്ഷിക്കപ്പെടാവുന്നതാണ്.

ക്വാമെ അപ്പിയ

മലബാർ കലാപത്തെ സംബന്ധിച്ച് സമകാലിക എഴുത്തുകാരനായ സി. ഗോപാലൻ നായർ മുതൽ ഇന്നത്തെ ഹിന്ദുത്വ പ്രചാരകർ വരെ നിരന്തരം ആവർത്തിക്കുന്ന ഒരു ആരോപണം മുസ്‌ലിം കലാപകാരികൾ അയൽക്കാരായ ഹിന്ദുക്കളുടെ നേരെ ആക്രമണം നടത്തിയെന്നും, അവർ മതപരിവർത്തനത്തിൽ ഏർപ്പെട്ടു എന്നുമാണ്. കലാപ സമയത്തെ അനുഭവങ്ങൾ ഈ ആരോപണങ്ങളെ ന്യായീകരിക്കുന്നുണ്ടോ? അതോ കലാപം നടന്ന പ്രദേശങ്ങളിലെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ സാമൂഹിക ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്ന പോലെ, സമൂഹത്തിന്റെ അടിത്തട്ടിൽ വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ നിലനിന്ന സാമൂഹികവും സാമ്പത്തികവുമായ പരസ്പര ബന്ധങ്ങൾ മറ്റൊരു ചിത്രമാണോ നൽകുന്നത്? സവർണ ഹിന്ദു സമുദായത്തിലെ ജാതിഭേദങ്ങളും സാമൂഹിക പീഡനങ്ങളും കീഴാള ജാതികളെ സംബന്ധിച്ച് ഇസ്‌ലാം അവർക്ക് ആകർഷകമായി എന്ന അഭിപ്രായത്തിൽ കഴമ്പുണ്ടോ?

തീർച്ചയായും ഹിന്ദുക്കളും ഹിന്ദുക്കൾ അല്ലാത്തവരുമായ ആളുകളുടെ നേരെയും മലബാറിലെ മാപ്പിളമാരടക്കമുള്ള ആളുകളുടെ നേരെയും കലാപ കാലത്ത് ആക്രമണം നടന്നതിന്റെ രേഖകളുണ്ട്. ഹിച്ച്കോക്ക് ‘കാട്ടുമാപ്പിളമാർ’ എന്നൊരു വിഭാഗത്തെപ്പറ്റി പറയുന്നുണ്ട്. റോബിൻഹുഡും സംഘവും (അവരുടെ യഥാസ്ഥിതിയിലേക്ക് ഇപ്പോൾ പോകുന്നില്ല) പോലെയുള്ള ഒരു കൂട്ടരായി അവരെ സങ്കൽപ്പിക്കുന്നത് ആകർഷകമാണെങ്കിലും, യഥാർഥത്തിൽ സാമാന്യവൽക്കരിക്കപ്പെട്ട ചില സാംസ്കാരിക വാർപ്പു മാതൃകകൾ കാരണം സംസ്കൃത സമൂഹത്തിൽ നിന്ന് പുറംതള്ളപ്പെട്ട ഒരു വിഭാഗമായാണ് അവരെ കാണേണ്ടത്. കൊള്ളക്കാരെ സംബന്ധിച്ച ഹോബ്സ്ബാമിന്റെ (Bandits) നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു.

ജാതിപീഡനവും അതിന്റെ ഭാഗമായ അടിമത്തവും ഇസ്‌ലാമിനെ ഒരു രക്ഷാകവാടമായി കാണാൻ പലരെയും പ്രേരിപ്പിച്ചിട്ടുണ്ടായിരിക്കാം; അതേസമയം, അന്നത്തെ സാമൂഹികവും സാമുദായികവുമായ പല കാരണങ്ങളാലും മാപ്പിളമാരിൽ പലർക്കും സമൂഹത്തിൽ നിലനിന്നു പോകാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു എന്നും കരുതണം. അതിനാൽ, അക്രമത്തെ അതിന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിലും മത-രാഷ്ട്രീയ പശ്ചാത്തലത്തിലും മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. എന്നിരുന്നാലും, അത്തരം അക്രമങ്ങളിലും കൊലയിലും മോഷണത്തിലും ഏർപ്പെട്ട ആളുകളെ നിയന്ത്രിക്കാനും ശിക്ഷിക്കാനും കലാപകാരികൾ തന്നെ പരമാവധി ശ്രമിച്ചതായും നമുക്കറിയാം. ഇന്നു നടന്നുകൊണ്ടിരിക്കുന്ന പരസ്പര പഴിചാരലുകൾ പ്രശ്നത്തിന്റെ ബഹുസ്വരവും സങ്കീർണവുമായ കാര്യകാരണങ്ങളെ നേരിടുന്നത് ഒഴിവാക്കാനുള്ള ഒരു എളുപ്പ മാർഗമായി കാണാവുന്നതാണ്.

ഇനി മതപരിവർത്തനത്തെപ്പറ്റി: സുമിത് സർക്കാരും മറ്റു പലരും ചൂണ്ടിക്കാട്ടിയതു പോലെ, നാലു ലക്ഷത്തോളം ഹിന്ദുക്കൾ താമസിച്ച ഒരു പ്രദേശം ഏകദേശം ആറു മാസക്കാലം മാപ്പിള നിയന്ത്രണത്തിലായിരുന്നു. ഇത്രയും വലിയ ഒരു പ്രവിശ്യയിൽ ആര്യസമാജത്തിന്റെ തന്നെ കണക്കുകൾ പ്രകാരം ഏതാണ്ട് 2500 പേരാണ് മതം മാറ്റങ്ങൾക്കു നിർബന്ധിതരായത്. തീർച്ചയായും അതൊരു ന്യായീകരണമല്ല. എന്നാൽ അതിന്റെ മറുഭാഗത്തെപ്പറ്റി, അതായത് കലാപാനന്തരം കൊളോണിയൽ അധികാരികളും ദേശീയ നേതൃത്വത്തിലെ വരേണ്യരും (ശുദ്ധികർമ പ്രക്രിയയുടെ പേരിൽ നടത്തിയ) അതിക്രമങ്ങളെപ്പറ്റി ആരും സംസാരിക്കാറില്ല. സത്യത്തിൽ 1857ലെ സംഭവവികാസങ്ങൾക്കു ശേഷം മുസ്‌ലിംകൾക്കു നേരെ നടന്ന ആക്രമണങ്ങളുടെ ഒരു തനിയാവർത്തനമാണ് മലബാറിലും നടന്നത്.

ജാതിപീഡനം അനുഭവിച്ച സമുദായങ്ങൾക്ക് ഇസ്‌ലാം ആശ്രയമായി എന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ മതപരിവർത്തനങ്ങളെ സംബന്ധിച്ച് ലോഗൻ അടക്കമുള്ളവരുടെ പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് മുസ്‌ലിംകളുടേതിനു സമാനമായ പ്രയാസങ്ങൾ അനുഭവിച്ച അത്തരം സമുദായങ്ങള്‍ കലാപത്തിൽ നിന്ന് താരതമ്യേന ഒഴിഞ്ഞു നിന്നത്? കോൺറാഡ് വുഡ് അടക്കമുള്ള പല പണ്ഡിതരും ഉയർത്തിയ ഒരു ചോദ്യമാണിത്. നിലവിലെ അറിവു പ്രകാരം ഇസ്‌ലാമേതര സമൂഹങ്ങളിൽ നിന്നു വളരെ പരിമിതമായ ഒരു വിഭാഗം മാത്രമാണ് കലാപങ്ങളിൽ അണിനിരന്നത്. ഒരുപക്ഷേ, അതല്ല വാസ്തവം എന്നുവരുമോ? ബ്രിട്ടീഷ് അധികാരികളിൽ നിന്നും ഹിന്ദു ജന്മിമാരിൽ നിന്നുമുള്ള പീഡനങ്ങൾ ഏറ്റുവാങ്ങിയ മറ്റു സമുദായങ്ങളിൽ നിന്ന് കലാപകാരികൾക്ക് എത്രമാത്രം പിന്തുണയും അനുഭാവവും ആർജിക്കാൻ കഴിഞ്ഞിട്ടുണ്ട്?

ജന്മിത്തത്തിന്റെയും കൊളോണിയൽ ഭരണത്തിന്റെയും നുകത്തിനു കീഴിൽ മുസ്‌ലിംകളെ പോലെയോ, ഒരുപക്ഷേ അവരെക്കാൾ അധികമോ പീഡനങ്ങളും പ്രയാസങ്ങളും അനുഭവിച്ച മറ്റു കീഴാള സമൂഹങ്ങളിൽ നിന്ന് കലാപത്തിന് വലിയ പിന്തുണ കിട്ടിയില്ല എന്ന വിലയിരുത്തൽ ശരിയാണ്. എന്നാൽ, അവരിൽ നിന്ന് ഒരു വലിയ പങ്ക് അതിനകം തന്നെ ഇസ്‌ലാമിൽ എത്തിയിരിയിക്കാനും പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചിരിക്കാനുമുള്ള സാധ്യതയുണ്ട്. കലാപത്തിൽ പങ്കുചേരാൻ മറ്റുള്ളവർ കാണിച്ചു മടിയും മനസ്സിലാക്കാവുന്നതാണ്; എന്നാൽ എന്തൊക്കെയാണ് അവരെ അതിൽനിന്ന് പിന്തിരിപ്പിച്ച ഘടകങ്ങൾ എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഇന്നു നമുക്കില്ല. തീര്‍ച്ചയായും ഇസ്‌ലാം അതിന്റെ ആഗോള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യവിരുദ്ധവും ജാതീയവുമായ പീഡനങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിരോധത്തിന്റെ ആശയമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുപക്ഷേ, ഹിച്ച്കോക്ക് മാത്രം ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം, സ്ത്രീകളുടെ വിപുലമായ പങ്കാളിത്തം സംബന്ധിച്ചതാണ്. പ്രസ്ഥാനത്തിന്റെ മുൻനിരയിൽ അവരെ എപ്പോഴും കണ്ടില്ലെന്നു വരുകിലും, അവരുടെ പങ്കാളിത്തം വലുതായിരുന്നു. ഈ കാര്യങ്ങളെ പറ്റി വീണ്ടും ആലോചിക്കാൻ എനിക്ക് അവസരം തന്നതിന് നന്ദിയുണ്ട്. എന്നാൽ രസകരമായ കാര്യം, നമ്മൾ വീണ്ടും വീണ്ടും ഒരേ ചോദ്യങ്ങൾ തന്നെ ആവര്‍ത്തിക്കുകയാണ് എന്നതാണ്‌; എന്നിട്ടു വ്യത്യസ്ത മറുപടികള്‍ പ്രതീക്ഷിക്കുകയും! ഒരുപക്ഷേ, ഇനി വ്യത്യസ്ത ഉത്തരങ്ങള്‍ കിട്ടുന്നതിനായി നമ്മൾ ചോദ്യങ്ങൾ തന്നെ മാറ്റേണ്ട സമയമായി എന്നാണ് തോന്നുന്നത്. കാരണം, മറ്റുള്ളവരുടെ കാര്യം പോകട്ടെ, പലപ്പോഴും നാം തന്നെ നമ്മുടെ മറുപടികൾ വിശ്വസിക്കാത്ത അവസ്ഥയായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പാർത്ഥാ ചാറ്റർജി

ശരിയാണ്, നമ്മൾ ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു എന്ന താങ്കളുടെ പ്രസ്താവനയിൽ വാസ്തവമുണ്ട്. എനിക്ക് തോന്നുന്നത് അതിനൊരു കാരണം, മറുപടികൾ തൃപ്തികരമാവുന്നില്ല എന്നതു കൂടിയാവണം. ഇന്നത്തെ ആഗോള അന്തരീക്ഷം അത്തരത്തിലുള്ളതാണ്. എങ്ങനെയാണു നമുക്കൊരു ബദൽ രാഷ്ട്രീയം, നിലവിലെ മുൻവിധികളെയും മുൻകാലത്തുനിന്ന് ഈടുവെപ്പായി കിട്ടിയ മിഥ്യാധാരണകളെയും മറികടക്കാൻ പര്യാപ്തമായ ഒരു രാഷ്ട്രീയം വികസിപ്പിക്കാൻ സാധ്യമാവുക? താങ്കൾ പറഞ്ഞതു പോലെ, അഫ്ഗാനിസ്താന്റെ ഭാവി അത്തരമൊരു പുനർവിചിന്തനത്തിനു സാധ്യത തുറന്നേക്കാം. എന്നാൽ എന്താണ് ഈ സമീപകാല അനുഭവങ്ങൾ? ഇസ്‌ലാമിക ആശയങ്ങൾ മുൻനിർത്തി അധികാരം കൈയ്യാളിയവർ അതിനെ എങ്ങനെയാണു പ്രയോഗിച്ചത്? ഒരു ബദൽ ഉണ്ടാക്കുന്നതിൽ അവർ വിജയിച്ചുവോ? തുർക്കിയിലെ ഭരണത്തിന്റെ അനുഭവങ്ങൾ നോക്കുക. സത്യത്തിൽ ഇസ്‌ലാമോ മറ്റേതെങ്കിലും മതമോ ദേശീയതയുടെ നിർമാണത്തിനുള്ള അടിസ്ഥാനമായി സങ്കൽപ്പിക്കാനാവുമോ? പാകിസ്താന്റെ ചരിത്രം തന്നെ അത്തരമൊരു ദേശീയതാ സങ്കൽപ്പത്തെ തിരസ്കരിക്കാൻ മതിയായ കാരണമല്ലേ?

പാർത്ഥാ ചാറ്റർജി യൂറോപ്യൻ യുക്തിവിചാരത്തെ വിശേഷിപ്പിച്ചത് പോലെ, യൂറോപ്യൻ ആധുനികത എങ്ങനെയാണ് ഒരു പ്രത്യേക മതനീതിശാസ്ത്രത്തെ (ethic), ഒരു പക്ഷേ വംശീയതയെ (ethnic), അടിസ്ഥാനമാക്കി വികസിച്ചത് എന്ന് ഞാൻ സൂചിപ്പിക്കുകയുണ്ടായി. അതിനാൽ നമ്മുടെ ശ്രദ്ധ നിലവിൽ ലഭ്യമായ വിവിധ ദേശരാഷ്ട്ര സംവിധാനങ്ങളിൽ ആയിരിക്കണം. നിർഭാഗ്യവശാൽ, നമ്മുടെ ചിന്തയെ സ്വാധീനിക്കുന്നത് ഏകശിലാരൂപമായ ഒരു ഭൂരിപക്ഷ സമുദായത്തെ അടിസ്ഥാനമാക്കിയ രാഷ്ട്ര സങ്കൽപ്പമാണ്. അഭയാർഥികളുടെ രാജ്യത്തിൽ നിന്ന് ഫെഡറൽ സംവിധാനത്തെ തന്നെ ശിഥിലീകരിക്കുന്ന അമേരിക്കയുടെ ഇന്നത്തെ അവസ്ഥയിലേക്കുള്ള പരിണതിയിൽ അതിന്റെ സ്വാധീനം നമുക്കു കാണാം. അഭയാർഥികൾക്കുള്ള ഒരു രാഷ്ട്ര സങ്കൽപ്പത്തെ കുറിച്ച് ഈയിടെ അപ്പിയ സംസാരിക്കുകയുണ്ടായി. എല്ലാ അഭയാർഥികളുടേതുമായ, അവർക്കു വേണ്ടിയുള്ള ഒരു രാജ്യം.

ക്യാപിറ്റോൾ ഹിൽ

പാശ്ചാത്യ ജനാധിപത്യവും മുതലാളിത്തവും ചേർന്ന് രൂപം കൊടുത്ത മതേതര ജനാധിപത്യം അതിന്റെ സ്വന്തം മണ്ണിൽ തന്നെ ഇന്ന് പ്രതിസന്ധികളിലാണ്. അമേരിക്കയിൽ കാപിറ്റോൾ ഹില്ലിൽ നടന്ന ആക്രമണം ഓർക്കുക. അതിന് ഒരു ബദൽ നമുക്കുണ്ടോ?

ബദലുകൾ മുകളിൽ നിന്ന് അടിച്ചേൽപ്പിക്കേണ്ടതല്ല; അവ രാഷ്ട്രീയമായി നിലനിൽക്കും വിധം സവിശേമായ സാമൂഹിക സാഹചര്യങ്ങളിൽനിന്ന് ചരിത്രപരമായി ഉയർന്നുവരേണ്ടതാണ്.

അവസാനമായി, മലബാർ കലാപത്തിലെ നായകരെ കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾ മുന്നിൽ വെച്ച് പുകഴ്ത്താനും ഇകഴ്ത്താനും ഇപ്പോൾ നടക്കുന്ന ശ്രമങ്ങളെ എങ്ങനെയാണു താങ്കൾ കാണുന്നത്? വാരിയൻകുന്നനെ ഭഗത് സിങിനു തുല്യനായി ഒരു രാഷ്ട്രീയ നേതാവ് കാണുന്നു. അത്തരത്തിലുള്ള സമീകരണങ്ങൾ ചരിത്രപരമായി ന്യായീകരിക്കാവുന്നതാണോ? ഈ കലാപത്തിന്റെ നായകരെ ഇന്ന്, ഒരു നൂറ്റാണ്ടിനു ശേഷം നമ്മൾ എങ്ങനെ നോക്കിക്കാണണം, വിലയിരുത്തണം? അവർ തങ്ങളുടെ പോരാട്ടങ്ങളിൽ എത്രമാത്രം വിജയിച്ചിട്ടുണ്ട്?

ഞാൻ അത്തരം വാഴ്ത്തലുകളുടെയും ഇകഴ്ത്തലുകളുടെയും വക്താവല്ല. വാസ്തവം പറഞ്ഞാൽ, ഏറ്റവും അടിയന്തരമായി അവർ മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പോലും കലാപ നേതാക്കൾക്കു കഴിഞ്ഞില്ല എന്നു വേണം കരുതാൻ. കാരണം അവരെയെല്ലാം ഭരണകൂടം ഉടനടി കൊലപ്പെടുത്തുകയോ നാടുകടത്തുകയോ ചെയ്യുകയാണുണ്ടായത്. അതിനർഥം അവരുടെ ത്യാഗങ്ങൾ ഫലമില്ലാതെ പാഴായിപ്പോയി എന്നല്ല. രാജ്യം മുഴുക്കെ ഒരു കൊളോണിയൽ വിരുദ്ധ മഹാപ്രക്ഷോഭത്തിൽ അണിനിരക്കും എന്നു കലാപ നേതാക്കളിൽ ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു എന്നത് ഓർമിക്കേണ്ടതാണ്. അങ്ങനെയെങ്കിൽ ഒരുപക്ഷേ 1947ന് എത്രയോ മുൻപുതന്നെ നമ്മൾ രാഷ്ട്രീയ പരമാധികാരം നേടുമായിരുന്നു എന്നതും ചിന്തനീയമാണ്.

കടപ്പാട്: മലബാർ വിപ്ലവം ശതാബ്ദി സ്മരണിക, തേജസ്‌

Top