

മറാഠാ കോടതി വിധി: പ്രത്യാഘാതങ്ങളും സാധ്യതയും
2021 മെയ് അഞ്ചിന് മറാഠാ സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിൽ, സംവരണ പോരാട്ടങ്ങളിലെ കോടതി വിധികൾ വീണ്ടും ചർച്ചയാവുകയാണ്. ഈയവസരത്തിൽ സുദേഷ് എം. രഘു, കെ. സന്തോഷ് കുമാർ, സജീദ് ഖാലിദ്, ഇ.കെ റമീസ് എന്നിവർ മറാഠാ കോടതി വിധിയുടെ പ്രതിസന്ധികളെയും സാധ്യതകളെയും സംബന്ധിച്ച അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.
സുദേഷ് എം. രഘു


സുദേഷ് എം രഘു
മറാഠകൾ കേരളത്തിലെ നായർ സമുദായത്തെക്കാൾ പ്രബലരായ സമുദായമാണ്. അവർ ഒരു നിലക്കും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവർ (socially and educationally backward class) ആണെന്നു പറയാൻ ഒരു കോടതിക്കും കഴിയില്ല. അവരുടെ അമിത പ്രാതിനിധ്യത്തിന്റെ ഡാറ്റകളും ലഭ്യമാണ്. അതുകൊണ്ടുതന്നെ, മറാഠാ സംവരണം റദ്ദു ചെയ്തുകൊണ്ടുള്ള ഈ വിധി തീർച്ചയായും, ഈയർഥത്തിൽ സ്വാഗതം ചെയ്യേണ്ടതു തന്നെയാണ്. പക്ഷേ, അതിന്റെ മറ്റു ചില പ്രത്യാഘാതങ്ങൾ കുറച്ചു കുഴപ്പം പിടിച്ചതാണ്. ഇന്ദ്ര സാഹ്നി കേസാണ് 50% സീലിങ് കൊണ്ടുവന്നത് എന്നാണ് നമ്മൾ എപ്പോഴും പറയാറുള്ളത്. എന്നാൽ അതങ്ങനെയല്ല. 1962ലെ എം.ആർ ബാലാജി vs സ്റ്റേറ്റ് ഓഫ് മൈസൂർ കേസിലാണ് 50% സീലിങ് വരുന്നത്. ഇന്ദ്ര സാഹ്നി കേസ് അത് ഉറപ്പിക്കുകയാണു ചെയ്തത്. ഇന്ദ്ര സാഹ്നി കേസ് ഏറെ പുരോഗമനപരമാണ് എന്ന മട്ടിലാണ് അവതരിപ്പിക്കപ്പെടാറുള്ളത്. എന്നാൽ, അതൊരു കുഴപ്പം പിടിച്ച വിധിയാണ് എന്ന പക്ഷക്കാരനാണ് ഞാൻ. ആ കേസ് വളരെ വിശദമായി പഠിച്ചിട്ടുള്ള ആളെന്ന നിലക്കാണ് ഇതു പറയുന്നത്.
അതിലെ പ്രധാനപ്പെട്ട ചില കുഴപ്പങ്ങൾ പറയാം. ഒന്ന്, ഓബീസീ സംവരണത്തിൽ ക്രീമിലെയർ എന്ന വ്യവസ്ഥ വന്നത് ആ വിധിയിലൂടെയാണ്. വാസ്തവത്തിൽ അങ്ങനെയൊരു വ്യവസ്ഥ സംവരണ കാര്യത്തിൽ ഏർപ്പെടുത്താൻ ഭരണഘടന അനുവദിക്കുന്നില്ല. സംവരണം കൊണ്ടുവന്നത് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന്റെ പ്രാതിനിധ്യത്തിനു വേണ്ടിയാണ്. അവരെ ഏതെങ്കിലും തരത്തിൽ ഒഴിവാക്കാൻ സാമ്പത്തികമോ മറ്റേതെങ്കിലും മാനദണ്ഡങ്ങളോ ഭരണഘടനയിൽ വ്യവസ്ഥയില്ല. സുപ്രീംകോടതി, ഇന്ദ്ര സാഹ്നി കേസിലെ ഒമ്പതംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിലൂടെയാണ് ഇത്തരമൊരു വ്യവസ്ഥ അടിച്ചേൽപ്പിച്ചത്. എന്നാൽ, തമിഴ്നാട്ടിൽ നിന്നുള്ള, പിന്നാക്ക സമുദായക്കാരനായ ജസ്റ്റിസ് എസ്. രത്‌നവേൽ പാണ്ഡ്യൻ വളരെ വിശദമായിത്തന്നെ ഭൂരിപക്ഷ വിധിയുടെ നിരീക്ഷണത്തിനെതിരായ വിയോജന വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ക്രീമിലെയർ വ്യവസ്ഥ ഏർപ്പെടുത്തുന്നതിന് വേണ്ടി ഭൂരിപക്ഷ ബെഞ്ച് കൊണ്ടുവന്ന എല്ലാ വാദങ്ങളെയും വളരെ വിശദമായിത്തന്നെ അദ്ദേഹം അതിലൂടെ പൊളിച്ചടക്കുന്നുണ്ട്. അതായത്, ഇന്ദ്ര സാഹ്നി കേസിലെ ഒന്നാമത്തെ പിന്തിരിപ്പൻ നയം ക്രീമിലെയർ വ്യവസ്ഥയോടെ മാത്രമേ ഓബീസീ സംവരണം നടപ്പിലാക്കാൻ പാടുള്ളൂ എന്നു വിധിച്ചതാണ്. രണ്ടാമത്തെ കുഴപ്പം, ബാലാജി കേസിലെ 50% സീലിങ് ഉറപ്പിച്ചു എന്നതാണ്. അതിനുവേണ്ടി അവർ ഡോ. ബി.ആർ അംബേഡ്കറെ വരെ ഉദ്ധരിക്കുന്നുണ്ട്. ഡോ. അംബേഡ്കർ കോൺസാംബ്ലിയിൽ നടത്തിയ പ്രസംഗത്തെ ഉദ്ധരിച്ചുകൊണ്ടാണ് സംവരണം ഒരു പരിധിക്കപ്പുറം പോകാൻ പാടില്ലെന്ന് വിധി സ്ഥാപിക്കുന്നത്.


ജസ്റ്റിസ് രത്നവേൽ പാണ്ഡ്യൻ
എന്താണ് മതിയായ പ്രതിനിധ്യം (adequate representation) എന്നതിനെ കുറിച്ച് ഇന്ദ്ര സാഹ്നി കേസ് ചർച്ച ചെയ്യുന്നുണ്ട്. മതിയായ പ്രതിനിധ്യം എന്നത് ആനുപാതിക പ്രതിനിധ്യമല്ല (propotionate representation) എന്നാണ് വിധി പറയുന്നത്. അങ്ങനെയെങ്കിൽ പിന്നെ എന്താണ് മതിയായ പ്രതിനിധ്യം എന്ന് കോടതി പറയുന്നുമില്ല. ഭരണഘടനയിലും ഇല്ല, കോടതിയിൽ രൂപപ്പെട്ടിട്ടുമില്ല. തീർച്ചയായും ഇൻഡ്യയിലെ ഓബീസീ സംവരണം വലിയ പ്രതിസന്ധി നേരിടുകയാണ്. അവർക്ക് ഒരു കാരണവശാലും ജനസംഖ്യാനുപാതികമായ സംവരണം കിട്ടാൻ പോകുന്നില്ല. അതുകൊണ്ടാണ് മണ്ഡൽ കമ്മീഷൻ ഓബീസീക്കാരുടെ ജനസംഖ്യ 52% ഉണ്ട് എന്നു കണക്കാക്കിയിട്ടും പിന്നാക്ക വിഭാഗക്കാർക്ക് 27% മാത്രം കൊടുക്കേണ്ടി വന്നത്. ആനുപാതിക സംവരണം എന്നതിനെ ഇന്ദ്ര സാഹ്നി കേസ് അട്ടിമറിച്ചത് കൊണ്ടാണത്. ആ ശതമാനം റീവിസിറ്റ് ചെയ്യാൻ പാടില്ല എന്ന മറാഠ കേസിന്റെ ഈ വിധി യഥാർത്ഥത്തിൽ പിന്തിരിപ്പൻ തന്നെയാണ്. അത് റീവിസിറ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. തീർച്ചയായും 50% സീലിങ് എന്ന ഇന്ദ്ര സാഹ്നി കേസ് ഉറപ്പിച്ചത് പുനരാലോചിക്കേണ്ടതുണ്ട്. അതോടൊപ്പം ക്രീമിലെയർ വ്യവസ്ഥയും റീവിസിറ്റ് ചെയ്യേണ്ടതാണ് എന്നതാണ് എന്റെ ഒന്നാമത്തെ പോയിന്റ്.
രണ്ടാമത്തെ സംഗതി, ഈ കേസിൽ ഫെഡറലിസത്തെ തകർക്കുന്ന ഒരു നിലപാടുണ്ട് എന്നതാണ്. പിന്നാക്ക സമുദായങ്ങൾ ആരൊക്കെയാണ് എന്നു തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങളിൽ നിന്ന് കവർന്നെടുക്കുകയാണ് ഈ വിധിന്യായത്തിലൂടെ. അത് യഥാർത്ഥത്തിൽ ഫെഡറലിസത്തെ തകർക്കുക മാത്രമല്ല, കേന്ദ്ര സർക്കാറിനും പാർലമെന്റിലെ ഭൂരിപക്ഷമുള്ള കക്ഷിക്കും ഇഷ്ടമില്ലാത്ത ആളുകളെ വേണമെങ്കിൽ ഒഴിവാക്കാൻ കഴിയുന്ന അപകടകരമായ അവസ്ഥ നിലനിൽക്കുന്നുണ്ട്. മൂന്നാമത്തെ പോയിന്റ് ഇഡബ്ല്യൂഎസ് സംവരണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്നുതാണ്. എന്റെ അഭിപ്രായത്തിൽ അത് ഇഡബ്ല്യൂഎസ് സംവരണത്തെ ഒരു വിധത്തിലും ബാധിക്കാൻ സാധ്യതയില്ല എന്നാണ്. കാരണം ഇഡബ്ല്യൂഎസ് സംവരണം ഇപ്പോൾ നിലനിൽക്കുന്നതിനു പുറത്ത് മറ്റൊരു സംഗതിയായി കൊണ്ടുവന്നതാണ്. മതിയായ പ്രതിനിധ്യമില്ലാത്ത വിഭാഗക്കാർക്ക് വേണ്ടിയാണ് എസ്.ഇ.ബി.എസ് സംവരണം നിലനിൽക്കുന്നത്. പക്ഷേ ഇ.ഡബ്ല്യൂ.എസ് സംവരണത്തിൽ അങ്ങനെ പറയുന്നില്ല. മുന്നാക്കക്കാരായ ആളുകളിൽ വീക്കർ സെക്ഷനായ ആളുകൾക്ക് സംവരണം കൊടുക്കുന്ന ഒരു പ്രത്യേക വ്യവസ്ഥയായാണ് അതു കൊണ്ടുവരുന്നത്. നിലനിൽക്കുന്ന 50 ശതമാനത്തിനു പുറത്തു കൊണ്ടുവരുന്നതാണ് എന്ന് പ്രത്യേകം പറയുന്നുമുണ്ട്. അതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ നിരവധി കേസുകൾ നിലനിൽക്കുന്നത് കൊണ്ടുതന്നെ, തീരുമാനം വരുന്നതുവരെ ഒരു കാരണവശാലും ഇപ്പോഴുള്ള ഈ വിധിയെ ആസ്പദമാക്കി കേന്ദ്രസർക്കാറോ അല്ലെങ്കിൽ സംസ്ഥാന സർക്കാറോ നടപടിയെടുക്കാൻ സാധ്യതയില്ല എന്നു തന്നെയാണ് ഞാൻ കരുതുന്നത്. പക്ഷേ, സംവരണ വിഷയത്തെ പറ്റിയുള്ള ചർച്ച കേരള സമൂഹത്തിലും ഇൻഡ്യയുടെ തന്നെ പൊതുസമൂഹത്തിലും കൊണ്ടുവരുന്നതിന് ഈ വിധി ഉപയോഗപ്പെടുത്താം. തീർച്ചയായും ഇ.ഡബ്ല്യൂ.എസ് സംവരണം അക്കാര്യത്തിൽ പ്രശ്നവത്കരിക്കാൻ ഈ വിധി ഉപയോഗപ്പെടുത്താവുന്നതാണ്. അതിനപ്പുറത്തേക്ക് നമ്മൾ വലിയ പ്രതീക്ഷ ഈ കാര്യത്തിൽ വെക്കേണ്ടതില്ല എന്നാണ് സൂചിപ്പിക്കാനുള്ളത്.
കഴിഞ്ഞ കുറേ നാളുകളായി, വിശേഷിച്ചും നമ്മുടെ കേരളത്തിൽ ഇ.ഡബ്ല്യൂ.എസ് സംവരണം വന്നതിനുശേഷമൊക്കെ, സംവരണ വിഷയം വളരെ സജീവമായി ചർച്ച ചെയ്തിട്ടുണ്ട്. അതിൽ ആശാവഹമായ ഒരു കാര്യം, അഖിലേന്ത്യാ തലത്തിൽ തന്നെ നിയമപരമായി വളരെ മുന്നിൽ നിൽക്കുന്ന ആളുകളുടെ ഒരു സംഘാടനം ഉണ്ടായി വരുന്നുണ്ട് എന്നതാണ്.
നേരത്തെ ഉണ്ടാവാതിരുന്ന ഒരു കാര്യമാണിത്. അഖിലേന്ത്യാ തലത്തിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ ലാലു പ്രസാദ് യാദവിന്റെയും മുലായംസിങ് യാദവിന്റെയുമൊക്കെ നേതൃത്വത്തിലുള്ള പൊളിറ്റിക്‌സിന് നേരിട്ട വലിയൊരു തിരിച്ചടിയാണ് വാസ്തവത്തിൽ ഇത്തരം നടപടികളുമായിട്ട് മുന്നോട്ടുപോവാൻ കേന്ദ്രസർക്കാറിനെ, അല്ലെങ്കിൽ പല സംസ്ഥാന സർക്കാരുകളെയും ധൈര്യപ്പെടുത്തുന്ന രാഷ്ട്രീയ സാഹചര്യം. അങ്ങനെയൊരു തിരിച്ചടി പിന്നാക്ക രാഷ്ട്രീയത്തിന് സംഭവിച്ചിട്ടുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളിലാണെങ്കിൽ- വിശേഷിച്ച് ഇവിടുത്തെ പിന്നാക്ക സമുദായത്തിൽപ്പെടുന്ന പല സംഘടനകളും- ക്രീമിലെയർ വ്യവസ്ഥ വന്നതിനുശേഷം, ഓബീസീ സംഘടനകളിലെ നേതാക്കന്മാർക്ക്, അവർ ക്രീമിലെയറിൽ പെടുന്ന ആളുകളായതിനാൽ സംവരണമില്ലാത്ത സാഹചര്യം വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, സംവരണ വിഷയത്തിൽ വലിയ താൽപര്യമില്ലാത്ത ആളുകളായി അവർ മാറി. ഒരുപക്ഷേ, ക്രീമിലെയർ വ്യവസ്ഥ കൊണ്ടുവന്നതും ഈ ഉദ്ദേശ്യത്തോടെ തന്നെയായിരിക്കണം. എല്ലാ സാമൂഹിക പ്രസ്ഥാനങ്ങളും സാമുദായിക സംഘടനകളും രാഷ്ട്രീയ സംഘടനകളും ഉണ്ടാവുമ്പോൾ, അതിന്റെ നേതൃത്വത്തിൽ വരുന്ന ആളുകൾ മിക്കവാറും ആ സമൂഹത്തിലെ ക്രീമിലെയറിൽ പെടുന്ന ആളുകളാവും. ക്രീമിലെയർ വിഭാഗമാണ് എല്ലാ സംഘടനകളെയും മുന്നോട്ടു നയിക്കുന്നത്. അവരെയും അതിന്റെ അണികളെയും തമ്മിൽ വേർതിരിക്കാൻ കഴിയുന്ന ഒരു സമ്പ്രദായമാണ് ക്രീമിലെയർ വ്യവസ്ഥ. ക്രീമിലെയർ വ്യവസ്ഥ ഓബീസീ കമ്യൂണിറ്റികളിൽ കൊണ്ടുവന്നതോടെ, അവരുടെ നേതൃത്വങ്ങൾക്ക് സംവരണ കാര്യത്തിലുള്ള താൽപര്യം കുറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണിത്.


ലാലു പ്രസാദ് യാദവ്
മറ്റൊരു കാര്യം, അധികാരത്തിൽ നിലനിൽക്കാത്ത ഒരു കമ്മ്യൂണിറ്റിയെ സംബന്ധിച്ച്, അധികാരം നഷ്ടപ്പെട്ടു പോകുന്നതിനെ കുറിച്ചുള്ള വേവലാതി കുറവായിരിക്കും. അധികാരത്തിൽ നിലനിൽക്കുന്ന സവർണ സമുദായങ്ങളെ സംബന്ധിച്ച്, നൂറ്റാണ്ടുകളായി അധികാരത്തിലിരിക്കുന്ന ആളുകൾ ആയതിനാൽ അധികാരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മമായി ചെയ്യുന്ന ആളുകളാണ്. അതുകൊണ്ടാണ് കേരളത്തിലെ ഏതെങ്കിലും തരത്തിലുള്ള സംവരണ കേസുകൾ മറ്റൊരു സമുദായവും അറിഞ്ഞില്ലെങ്കിലും എൻ.എസ്.എസ് അതിനെപ്പറ്റി അറിയുന്നത്. അവരത് അറിയുകയും, അതിൽ ഇടപെടുകയും ചെയ്യുന്നത് അത്ര സൂക്ഷ്മത ഉള്ളതുകൊണ്ടാണ്. ഉള്ള അധികാരം നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള സൂക്ഷ്മത രാഷ്ട്രീയ രംഗത്തും കാണാം. അന്തരിച്ച ബാലകൃഷ്ണപിള്ള സ്വന്തം മകനു പോലും അധികാരം കൊടുക്കാൻ മടിയുള്ള ആളായിരുന്നു. അതാണ് അധികാരത്തിന്റെ സവിശേഷത. ഇതില്ലാത്ത ഒരു വിഭാഗങ്ങളാണ് ഈ അവർണ സമുദായങ്ങളിലെ ഭൂരിപക്ഷം ആളുകളും. അപ്പോൾ അത് നഷ്ടപ്പെട്ടു പോകുന്നതിനെക്കുറിച്ച് പ്രശ്നവുമില്ല. മാത്രവുമല്ല ഓബീസീകൾക്ക് ജനസംഖ്യാനുപാതികമായ സംവരണമില്ല എന്നതും വലിയ പ്രതിസന്ധിയാണ്. മറ്റൊരു സംഗതി, വിദ്യാഭ്യാസ രംഗത്തുള്ള അവരുടെ സംവരണം തുലോം പരിമിതമാണ്. പലതരത്തിലാണ് പല സ്ഥാപനങ്ങളിലും സംവരണം ലഭിക്കുന്നത്. ഒരു ഏകീകൃത സ്വഭാവം പോലുമില്ല. ഉദ്യോഗരംഗത്ത് 40% ഉണ്ടെങ്കിൽ, വിദ്യാഭ്യാസ രംഗത്ത് അതിന്റെ പകുതിയോ, അതിൽ കുറവോ ഒക്കെയാണ്. അതുമാത്രമല്ല ഗവൺമെന്റ് സ്ഥാപനങ്ങളിൽ മാത്രമാണ് ഈ സംവരണമുള്ളത്. ഓബീസീകൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. അവർ പഠിച്ചു വന്നു കഴിഞ്ഞാൽ ഉദ്യോഗ രംഗത്തേക്ക് അപേക്ഷിക്കുന്നതിനുള്ള വലിയൊരു തടസ്സമായി ജനസംഖ്യാനുപാതികമായ സംവരണമില്ലാത്ത പ്രശ്നം നിലനിൽക്കുന്നു. ഇത്തരം ഒരുപാട് പ്രതിസന്ധികൾ നിലനിൽക്കുമ്പോളും ഇതൊന്നും അഡ്രസ്സ് ചെയ്യാൻ കഴിയുന്ന ലീഡർഷിപ്പ് വിവിധ ഓബീസീ കമ്മ്യൂണിറ്റികളിൽ ഉയർന്നുവന്നിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ വിഷയം. നേരത്തെ സൂചിപ്പിച്ചത് പോലെ, ഇതിനെക്കുറിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കുറച്ച് ആളുകൾ രംഗത്തു വരുന്നുവെന്നത് ആശാവഹമായ കാര്യമാണ്. അവരുടെ ശ്രമം കൊണ്ടായിരിക്കും ഭാവിയിൽ ഇതിനെയൊക്കെ മറികടക്കാൻ കഴിയുക.
കെ. സന്തോഷ് കുമാർ


കെ. സന്തോഷ് കുമാർ
2021 മെയ് 5നു വന്ന സുപ്രീംകോടതിയുടെ മറാഠാ വിധി ഇൻഡ്യയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു എന്നു നമുക്കറിയാം. പ്രത്യേകിച്ച് സാമ്പത്തിക സംവരണമെന്ന സവർണ സമുദായ സംവരണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലടക്കം ഇത് വലിയ ചർച്ചയായിരിക്കുന്നു. വളരെ അവ്യക്തതകളുള്ള ഈ കോടതി വിധി ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ് എന്നതിനെ സംബന്ധിച്ച് വലിയ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. അതുപോലെ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ഈ ബഞ്ചിന്റെ വിധി, എന്ത് തരത്തിലുള്ള സാധ്യതയാണ് തുറന്നിടുന്നത് എന്നതു സംബന്ധിച്ചുള്ള പ്രാഥമികമായ ചില കാര്യങ്ങളാണ് പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.
ഇൻഡ്യൻ നീതിന്യായ വ്യവസ്ഥ എന്നത് ഒരു ബ്രാഹ്മണിക്കൽ സ്റ്റേറ്റ് തന്നെയാണ്. സി.എസ്.ഡി.എസിന്റെ പഠനപ്രകാരം 1950നും 2000നും ഇടയിൽ സുപ്രീംകോടതിയിൽ ഉണ്ടായിട്ടുള്ള ജഡ്ജിമാരിൽ ഏതാണ്ട് 47 ശതമാനവും, ഇതേ കാലയളവിൽ ഹൈക്കോടതികളിലെയും കീഴ്‌കോടതിയിലെയും ജഡ്ജിമാരിൽ 40 ശതമാനവും ബ്രാഹ്മണർ ആണ്. കോടതികളിൽ മൃഗീയ ഭൂരിപക്ഷവും സവർണരാണ്. ഇങ്ങനെയുള്ള ഒരു ബ്രാഹ്മണിക്കൽ സ്റ്റേറ്റിൽ നിന്ന് വന്ന വിധി കൂടി ആയതിനാൽ- പ്രത്യേകിച്ച് കഴിഞ്ഞ കുറേ കാലങ്ങളായുള്ള സുപ്രീംകോടതി വിധിയുടെ അന്തസത്ത പരിശോധിച്ചാൽ, നമുക്ക് ഈ വിധിയെ പല രീതിയിലും സംശയിക്കേണ്ടിയിരിക്കുന്നു. ശബരിമല കേസിൽ സ്ത്രീകൾക്ക് പ്രവേശനം വേണം, ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് കുഴപ്പമില്ല, തുടങ്ങിയ സെക്ഷ്വൽ മൈനോറിറ്റിയുടെ ജെൻഡറിനെ അംഗീകരിക്കുന്ന തരത്തിലുള്ള പുരോഗമനപരമായ വിധികളൊക്കെ വരുമ്പോഴും, ഇൻഡ്യയിലെ ആദിവാസികളും ദലിതരും മുസ്‌ലിംകളും മറ്റു പിന്നാക്ക വിഭാഗക്കാരുമായ ജനങ്ങളുടെ സാമൂഹിക നീതിയുമായി ബന്ധപ്പെട്ട പ്രശ്നം വരുമ്പോൾ, ഇവർ ഭരണഘടനയല്ല എടുക്കുക. മനുസ്മൃതിയും ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളുമാണ് അപ്പോളവർ നോക്കുക. ബാബരി മസ്ജിദ് കേസിലും യാക്കൂബ് മേമൻ കേസിലും യാതൊരു തെളിവുമില്ലാഞ്ഞിട്ടും, “ബാബരി മസ്ജിദ് പൊളിച്ചത് തെറ്റാണ്, എന്നാലും രാമക്ഷേത്രം പണിതോട്ടെ” എന്നൊക്കെ ഉത്തരവിടുന്ന ഒരു സുപ്രീംകോടതിയാണ് നമുക്കുള്ളത്. പൊതുവികാരത്തെ മാനിച്ച് യാക്കൂബ് മേമനെ തൂക്കിക്കൊല്ലാൻ ഉത്തരവിടുന്ന, പട്ടികജാതി സംവരണവും എസ്.സി/എസ്.ടി ആക്രമണ കേസും അട്ടിമറിക്കുന്ന സുപ്രീംകോടതിയിൽ നിന്നാണ് ഇത്തരത്തിൽ ഒരു വിധി വന്നിരിക്കുന്നത് എന്നത് നമ്മളിൽ ആശങ്ക പരത്തുന്നതാണ്.


മുലായം സിങ് യാദവ്
50% സംവരണമേ പാടുള്ളൂ എന്ന് സുപ്രീംകോടതി വിധിക്കുമ്പോൾ, അത് ആരുടെ താൽപര്യമാണ് എന്നതു പ്രധാനമാണ്. ഭരണഘടനയിൽ ഒരിടത്തും 50% സംവരണമേ പാടുള്ളൂ എന്ന് പറയുന്നില്ല. മതിയായ പ്രാതിനിധ്യം (Adequate Representation) എന്നാണ് ഭരണഘടനയിൽ പറയുന്നത്. മതിയായ, ആനുപാതികമായ സംവരണം എന്നു പറയുന്നതിന്റെ അർഥം ജനസംഖ്യാനുപാതികമായ സംവരണം എന്നാണ്. എന്നു മുതലാണ് പിന്നാക്ക സമുദായങ്ങൾക്ക് സംവരണം നടപ്പിലാക്കുന്നതെന്ന് നമുക്കറിയാം. പിന്നാക്ക സമുദായങ്ങൾക്ക് സംവരണം നൽകാൻ 1980 ഡിസംബറിലാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഏതാണ്ട് പത്ത് വർഷക്കാലം ആ റിപ്പോർട്ട് നിശ്ചലമായിക്കിടന്നു. 1990ലാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടു നടപ്പിലാക്കാൻ വി.പി സിംഗ് സർക്കാർ തീരുമാനിക്കുന്നത്. ഇതിനെ തുടർന്ന് വലിയ സംവരണ വിരുദ്ധ കലാപങ്ങളാണ് ഇൻഡ്യയിൽ പൊട്ടിപ്പുറപ്പെടുന്നത്. തുടർന്നാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് സുപ്രീംകോടതിയിൽ വരുന്നത്. 1992 നവംബറിലാണ് പിന്നാക്ക സംവരണം ക്രീമിലെയർ വ്യവസ്ഥയോടെ നടപ്പിലാക്കാം എന്ന ഒമ്പത് അംഗ ബെഞ്ചിന്റെ വിധി വരുന്നത്. തമിഴ്നാട്ടുകാരനും പിന്നാക്ക സമുദായത്തിൽപ്പെട്ട ജസ്റ്റിസ് രത്നവേൽ പാണ്ഡ്യൻ മാത്രമാണ് ആ തീരുമാനത്തെ ശക്തമായി എതിർത്ത്, വിയോജനവിധി എഴുതിയത്. ഇൻഡ്യയിൽ പിന്നാക്ക വിഭാഗങ്ങളാണ് ബഹുഭൂരിപക്ഷമുള്ളത്. ഇൻഡ്യയുടെ 80 ശതമാനവും പിന്നാക്ക സമുദായങ്ങളാണ്. 25% ദളിതരും, ഏതാണ്ട് 35-36 ശതമാനം പിന്നാക്ക വിഭാഗങ്ങളും, 15-16 ശതമാനം അതിപിന്നാക്ക വിഭാഗങ്ങളുമാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഏതാണ്ട് 52 ശതമാനവും ഈ പിന്നാക്ക സമുദായങ്ങളാണ് ഇൻഡ്യയിൽ. പകുതിയിലധികം വരുന്ന ഈ ജനതക്ക് 27% സംവരണം മതി എന്ന് നിജപ്പെടുത്തുന്നത് ആരുടെ താൽപര്യമാണ് എന്നുള്ളതാണ് ചോദ്യം. സംവരണീയ സമുദായങ്ങൾക്ക് നീക്കി വെച്ചിട്ടുള്ള അൻപത് ശതമാനം കഴിഞ്ഞ്, ബാക്കി 50% ഇൻഡ്യയിലെ പത്തോ പതിനഞ്ചോ ശതമാനം വരുന്ന സവർണ സമുദായങ്ങൾക്കു വേണ്ടി മാറ്റിവെക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണ് പിന്നാക്കക്കാർക്ക് 50% നിജപ്പെടുത്തിക്കൊണ്ടുള്ള ഈ വിധിയെന്ന് അടിവരയിട്ടു പറയാൻ കഴിയും. അങ്ങനെ നോക്കുമ്പോൾ, ഇപ്പോൾ വന്നിട്ടുള്ള സുപ്രീംകോടതി വിധിയിൽ നിന്ന് നമുക്ക് എടുക്കാൻ കഴിയുന്നത് എന്തൊക്കെയാണ്; വിശേഷിച്ച് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ. ഈ വിധിയുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രശ്നങ്ങളാണ് ഉള്ളത് എന്നതും കൂടിയാണ് ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.
ഈ വിധി മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട ചോദ്യം, 50% സംവരണത്തിൽ കൂടാൻ പാടില്ല എന്ന് പറയുന്നത് ആർക്കൊക്കെയാണ് ബാധകം എന്നതാണ്. ജാതി സംവരണത്തിന് മാത്രം ബാധകമായിട്ടുള്ള ഒരു വിധിയാണോ ഇത്, അതോ 103ആം ഭേദഗതിയിലൂടെ വന്നിട്ടുള്ള സവർണ സംവരണത്തിന് ഈ വിധി ബാധകമാണോ? വലിയ അവ്യക്തതകൾ നിലനിൽക്കുന്ന ഒരു വിധിയാണിത്. പിന്നാക്ക സമുദായങ്ങൾക്ക് അതാത് സ്റ്റേറ്റിലെ പിന്നാക്കാവസ്ഥക്ക് അനുസരിച്ചു സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഭരണഘടനയുടെ 102ആം ഭേദഗതി റദ്ദ് ചെയ്തുകൊണ്ട്, മെയ് 5നു വന്ന ഈ വിധി പുറപ്പെടുപ്പിച്ച ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞ ഒരു കാര്യം, മറാഠാ സംവരണം റദ്ദു ചെയ്തുകൊണ്ടുള്ള ഈ വിധി ഭരണഘടയുടെ 103ആം ഭേദഗതിയെ എങ്ങനെയാണ് ബാധിക്കുന്നതെന്നും അതിന്റെ പരിണിതഫലം എന്താണെന്നുള്ള നിരീക്ഷണം നടത്താൻ ഞങ്ങൾ തയ്യാറല്ല എന്നാണ്. ഇതു വളരെ ഗൗരവപ്പെട്ട കാര്യമാണ്. കാരണം, ഇതേ അശോക് ഭൂഷൺ തന്നെയാണ് ഈ കേസിന്റെ വാദം കേൾക്കുന്ന വേളയിൽ, അതായത് ഈ മാർച്ചിൽ ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത്; ഇൻഡ്യയിൽ ഇപ്പോൾ നിലനിൽക്കുന്ന എല്ലാ തരത്തിലുമുള്ള സംവരണവും നിർത്തലാക്കപ്പെട്ട് ഒരു നാൾ സാമ്പത്തിക സംവരണം മാത്രമേ നിലനിൽക്കൂ”. രണ്ടാമത്തെ സംഗതി, മറാഠാ ക്വാട്ട എന്നത് ലെജിസ്ലേഷന്റെ ഭാഗമായി വന്നതാണ്. 103ആം ഭേദഗതി എന്നു പറയുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 15 ഭേദഗതി ചെയ്തുകൊണ്ട് വന്നിട്ടുള്ളതാണ്. 103ആം ഭേദഗതിക്ക് ഈ വിധി ബാധകമാണോ അതോ ലെജിസ്ലേഷന്റെ ഭാഗമായിട്ട് വന്ന ഈ മറാഠാ ക്വാട്ടക്ക് മാത്രം ബാധകമായ ഒരു വിധിയാണോ ഇത് എന്നതാണ് മറ്റൊരു ചോദ്യം. മൂന്നാമത്തെ പ്രധാനപ്പെട്ട കാര്യം സവർണരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് സംവരണം നൽകാൻ സംവരണീയ സമുദായങ്ങളുടെ അൻപത് ശതമാനത്തിനു പുറത്ത് നൽകിയ 10 ശതമാനം സംവരണത്തിന് ഈ വിധി ബാധകമാണോ എന്നതാണ്. ഈ മൂന്ന് കാര്യങ്ങൾക്ക് വ്യക്തത വന്നാൽ മാത്രമായിരിക്കും നിലവിൽ നമ്മൾ ഇപ്പോൾ ഉയർത്തുന്ന 103ആം ഭേദഗതിയുമായി രൂപപ്പെട്ട വന്നിട്ടുള്ള സാമ്പത്തിക സംവരണം വിഷയത്തെയും നിലനിൽക്കുന്ന സാമുദായിക സംവരണ വിഷയത്തെയും രാഷ്ട്രീയമായി എങ്ങനെയാണ് സമീപിക്കേണ്ടത് എന്നത് സംബന്ധിച്ച് നമുക്ക് ഒരു ധാരണ ഉണ്ടാക്കാൻ കഴിയുകയുള്ളൂ.


യാക്കൂബ് മേമൻ
അത്ര പുരോഗമനപരം എന്നു പറയാൻ കഴിയുന്ന ഒരു ജഡ്ജ്മെന്റല്ല ഇത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന, പിന്നാക്ക സമുദായങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട് ദീർഘകാല അടിസ്ഥാനത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഒരു വിധി കൂടിയാണിത്. അങ്ങനെ ആയിരിക്കുമ്പോൾ തന്നെ എങ്ങനെയാണ് കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തിൽ, ഇപ്പോഴത്തെ രാഷ്ട്രീയ സന്ദർഭത്തിൽ നമുക്ക് ഇതിനെ അഡ്രസ്സ് ചെയ്യാൻ പറ്റുക എന്നുള്ളതാണ് മർമ്മ പ്രധാനം. കേരളത്തിലെ സംവരണീയ സമുദായങ്ങൾക്ക് ഗുണപരമാകുന്ന, നിയമപരമായി ഉന്നയിക്കാൻ കഴിയുന്ന ചില സാധ്യതകൾ ഈ വിധി മുന്നോട്ട് വെക്കുന്നുണ്ട്. ഇൻഡ്യൻ ഗവൺമെന്റ് 103ആം ഭേദഗതിയിലൂടെ സവർണ സംവരണം നടപ്പിലാക്കുന്നതിന് ഏതാണ്ട് ഒരു കൊല്ലം മുൻപ്, 96 ശതമാനവും സവർണർ മാത്രമുള്ള ദേവസ്വം ബോർഡിൽ സവർണ സംവരണം നടപ്പിലാക്കുകയും, എപ്പോഴും പുരോഗമനക്കാർ എന്ന് പറയുന്ന ഇടതുപക്ഷത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും ആർഎസ്എസിനെയും ഭരണഘടന ഭേദഗതി കൊണ്ടുവന്നു സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ഏതൊരു രാഷ്ട്രീയ സന്ദർഭത്തെയും ഉപയോഗപ്പെടുത്താനും അതിന്റെ സാധ്യതകളിലേക്കു പോകാനും നമുക്ക് കഴിയണം. നിലവിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യാതൊരു മാനദണ്ഡവും കൂടാതെ കേരളത്തിൽ നടപ്പിലാക്കിയ സവർണ സംവരണത്തെ നമുക്ക് ചോദ്യം ചെയ്യാൻ കഴിയേണ്ടതുണ്ട്. കേരളത്തിൽ നടപ്പിലാക്കപ്പെട്ട മുന്നാക്ക സമുദായ സംവരണം അല്ലെങ്കിൽ സവർണ സമുദായ സംവരണത്തെ പ്രഥമദൃഷ്ട്യാ തന്നെ ചോദ്യം ചെയ്യുന്നതും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഈ പോളിസികളെ റദ്ദുചെയ്യുന്നതുമായ ചില ഘടകങ്ങൾ ഇപ്പോഴത്തെ വിധിയിലുള്ളത്. ഞാൻ മനസ്സിലാക്കുന്നത് സുപ്രീംകോടതി സംവരണം റദ്ദുചെയ്ത മറാഠാ വിഭാഗം മഹാരാഷ്ട്രയിലെ ഒരു ശൂദ്ര വിഭാഗമാണ്. ഇവർ അവിടത്തെ അധികാരികളാണ് എന്നു മാത്രമല്ല, അധികാരത്തെ നിശ്ചയിക്കുന്ന, വിഭവങ്ങൾ കൈയ്യടക്കി വെച്ചിരിക്കുന്ന, എല്ലാത്തരത്തിലുമുള്ള സാമൂഹിക-സാംസ്കാരിക അധികാരങ്ങളും കൈയ്യടക്കി വെച്ചിരിക്കുന്ന, യാതൊരു വിധത്തിലുള്ള സാമൂഹിക പിന്നാക്കാവസ്ഥയുമില്ലാത്ത ഒരു വിഭാഗമാണ്. അവർക്കാണ് സംവരണീയരുടെ 50 ശതമാനം സംവരണത്തിന് പുറത്ത് ഈ പറഞ്ഞ 16 ശതമാനം സംവരണം കൊണ്ടുവന്നത്. സുപ്രീംകോടതിയുടെ വിധിക്കകത്ത് അടിവരയിട്ടു പറഞ്ഞിരിക്കുന്ന ഒരു കാര്യം, അസാധാരണമായ സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ 50% സംവരണം മറികടക്കാൻ പാടുള്ളൂ എന്നാണു. ഇതാണ് ഈ വിധിയിലുള്ള ഒരു ലൂപ്ഹോൾ. എന്തുകൊണ്ട് മറാഠാ കേസ് റിജക്ട് ചെയ്യപ്പെട്ടു എന്നുള്ളത് അങ്ങനെയൊരു അസാധാരണമായ സാഹചര്യത്തെ തെളിയിക്കാൻ, ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള സാമൂഹിക പിന്നാക്കാവസ്ഥ ഉണ്ടെന്നു തെളിയിക്കാൻ മഹാരാഷ്ട്ര സ്റ്റേറ്റിന് ആയിട്ടില്ല. അതുകൊണ്ടാണ് മറാഠാ ക്വോട്ട സംവരണം റദ്ദു ചെയ്യപ്പെട്ടത്.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ നിന്ന് പറയുമ്പോൾ ശൂദ്രവിഭാഗമായ നായർക്കും, നമ്പൂതിരിമാർ ഉൾപ്പെടുന്ന ബ്രാഹ്മണർക്കും മുന്നാക്ക സമുദായങ്ങൾക്കും സിറിയൻ ക്രിസ്ത്യാനികൾക്കും എന്ത് അസാധാരണമായ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കിയത് എന്ന് പറയാൻ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന് ബാധ്യതയുണ്ട്. ഇവർക്ക് ഏത് തരത്തിലുള്ള സാമൂഹിക പിന്നാക്കാവസ്ഥയാണ് നിലനിൽക്കുന്നത് എന്ന് തെളിയിക്കുവാൻ കേരള സർക്കാരിന് ബാധ്യതയുണ്ട്. യാതൊരു അസാധാരണ സാഹചര്യവും കേരളത്തിൽ നിലനിൽക്കുന്നില്ല. കാരണം നമുക്കെല്ലാം അറിയാവുന്നതുപോലെ തന്നെ ഇവർ ഭരണ വർഗമാണ്. അധികാരത്തിൽ മൃഗീയമായ ഭൂരിപക്ഷമുള്ള ജനസമൂഹങ്ങളാണ്, ജാതി സമുദായങ്ങളാണ്. കേരളത്തിലെ സ്വത്തിന്റെ, സാമൂഹിക പദവിയുടെ, സാംസ്കാരിക പദവിയുടെ എല്ലാ തരത്തിലുള്ള വിഭവങ്ങളും കൈയ്യടക്കി വെച്ചിരിക്കുന്ന, യാതൊരു സാമൂഹിക പിന്നാക്കാവസ്ഥയുമില്ലാത്ത ഒരു സമൂഹമാണ് കേരളത്തിലെ ഈ മുന്നാക്ക സമുദായങ്ങൾ. അപ്പോൾ എന്ത് അസാധാരണ സാഹചര്യം കൊണ്ടാണ് ഈ സംവരണം നടപ്പിലാക്കാൻ കേരള സർക്കാർ തയ്യാറായത് എന്നത് മറുപടി പറയണം. യാതൊരു വിധത്തിലുള്ള അസാധാരണ സാഹചര്യവും കേരളത്തിൽ നിലനിൽക്കുന്നില്ല എന്ന് മുന്നാക്ക സമുദായ സംവരണം നടപ്പിലാക്കാൻ വേണ്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടു വ്യക്തമാക്കുന്നുണ്ട്. കെ. ശശിധരൻ നായർ കമ്മീഷൻ റിപ്പോർട്ടിനകത്ത്, അതിന്റെ ചാപ്റ്റർ രണ്ടിൽ വളരെ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയും സാമൂഹിക പിന്നാക്കാവസ്ഥയും വെളിവാകുന്ന സർവേകളോ പഠനങ്ങളോ കേരളത്തിൽ നിലനിൽക്കുന്നതല്ല എന്നതായിരുന്നു കമ്മീഷൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെന്ന്. ഇത്തരത്തിൽ ഇവിടത്തെ മുന്നാക്ക സമുദായങ്ങൾക്ക് യാതൊരുവിധ പിന്നാക്കാവസ്ഥയുമില്ല എന്നിരിക്കെ, എന്തടിസ്ഥാനത്തിലാണ് പത്തു ശതമാനം സംവരണം നൽകിയതെന്ന് ചോദിക്കാൻ കേരളത്തിലെ സംവരണ വിഭാഗങ്ങൾ തയ്യാറാകണം. പ്രത്യേകിച്ച്, ഈയടുത്ത് പുറത്തുവന്നിരിക്കുന്ന അനവധി കണക്കുകൾ നമ്മുടെ മുന്നിലുണ്ട്. ദേവസ്വം ബോർഡിലെ കണക്കുകൾ പ്രകാരം അവിടെ 96 ശതമാനവും മുന്നാക്കക്കാർ അഥവാ സവർണരാണ് ഉള്ളത്. പല കണക്കുകളിലൂടെ നോക്കുമ്പോൾ പ്രാതിനിധ്യത്തിന്റെ മൃഗീയമായ ഭൂരിപക്ഷവും കൈയടക്കി വെച്ചിരിക്കുന്നത് ഈ സവർണ സമുദായവും സംഘടിത സമുദായങ്ങളാണ്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അങ്ങനെയൊരു അസാധാരണമായ ഒരു സാഹചര്യവും ഈ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കില്ല. നാം മനസ്സിലാക്കേണ്ടുന്ന കാര്യം, വ്യക്തികൾക്കല്ല ഭരണഘടനയിലൂടെ സംവരണം നൽകിയത്, മറിച്ച് പ്രാതിനിധ്യമില്ലാത്ത സമുദായങ്ങൾക്കും ജാതികൾക്കുമാണ് എന്നതാണ്. എന്നാൽ സാമ്പത്തിക സംവരണം സമുദായങ്ങൾക്കോ ജാതികൾക്കോ അല്ല നൽകുന്നത്, വ്യക്തികൾക്കാണ്. അഥവാ, വ്യക്തിയുടെ സാമ്പത്തിക പിന്നാക്കാവസ്ഥക്കാണ് സാമ്പത്തിക സംവരണം നൽകുന്നത്. മെയ് 5ലെ സുപ്രീംകോടതി വിധിയിൽ വ്യക്തമായി പറയുന്നൊരു കാര്യം സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തിക പിന്നാക്കാവസ്ഥയല്ല, സാമൂഹിക പിന്നാക്കാവസ്ഥയാണ് എന്നാണ്. സംവരണം എന്നത് മുന്നാക്കക്കാരിലെ 100 ശതമാനത്തിനും പ്രാതിനിധ്യം ഉറപ്പിച്ചെടുക്കുന്ന പണിയല്ല. സംവരണം കൊടുക്കുന്നത് പ്രാതിനിധ്യത്തിനു വേണ്ടിയാണ്. ആ പ്രാതിനിധ്യം അതിന്റെ ഇരട്ടിയിലധികം കയ്യടക്കിയിരിക്കുന്ന സമുദായങ്ങളാണ് ഇവർ. ശാസ്ത്ര പരിഷത്ത് നടത്തിയ കേരള പഠനത്തിലൂടെയും പല സർക്കാർ രേഖകളിലൂടെയും വെളിവായ സംഗതിയാണത്. ഇരക്കും വേട്ടക്കാരനും ഒരേ നീതി എന്നു പറയുന്നതിനകത്ത് കാതലായ പ്രശ്നമുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇരയാക്കപ്പെടുന്ന ഒരാൾക്ക് ഒരു നീതി, അതേ നീതി തന്നെ ഈ വേട്ടക്കാരനും കൊടുക്കുക എന്ന് പറയുന്നത്തിന്റെ അർഥം, ഇരയെ തകർക്കാനും വേട്ടക്കാരനെ രക്ഷിച്ചെടുക്കാനുമുള്ള പദ്ധതിയാണ് ഇതെന്നാണ്. ജാതി അസമത്വങ്ങൾ കൊണ്ട്, ജാതീയത കൊണ്ട്, ബ്രാഹ്മണിക്കൽ ശ്രേണിവത്കരണങ്ങൾ കൊണ്ട്, ഹിന്ദുത്വം കൊണ്ട് ചരിത്രപരമായും സാമൂഹികമായും രാഷ്ട്രീയമായും സാംസ്കാരികമായും പുറന്തള്ളപ്പെട്ട സാമൂഹിക വിഭാഗങ്ങൾക്ക് സാമൂഹിക, രാഷ്ട്രീയ അധികാരത്തിലേക്ക് കടക്കാൻ വേണ്ടിയാണ് ഭരണഘടനാ തത്വമായി സംവരണം വിഭാവനം ചെയ്യപ്പെട്ടത്. ഈ സംവരണം എല്ലാത്തരത്തിലുള്ള അധികാരങ്ങളും കയ്യടക്കി വെച്ചിരിക്കുന്ന സവർണ സമുദായങ്ങൾക്ക് കൊടുക്കുന്നതിൽ പ്രശ്നമുണ്ട്.


സനൽ മോഹൻ
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യാതൊരുവിധ അസാധാരണ സാഹചര്യവും കേരളത്തിൽ നിലനിൽക്കുന്നില്ല എന്നതുകൊണ്ട്, കേരളത്തിൽ നടപ്പിലാക്കിയ സാമ്പത്തിക സംവരണവും അതിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ നടപടിക്രമങ്ങളും അടിയന്തിരമായി നിർത്തിവെക്കണം. നേരത്തെ സൂചിപ്പിച്ചതുപോലെ ഇൻഡ്യയിലെ ഒരു സംസ്ഥാനങ്ങളിലും ഏതെങ്കിലുമൊരു നടപടി ആരംഭിക്കുന്നതു മുൻപ് മെഡിസിൻ, എഞ്ചിനീറിങ് ഉൾപ്പെടെയുള്ള പ്രഫഷണൽ കോഴ്‌സുകൾക്കും, ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ മേഖലയിലും യാതൊരുവിധ പഠനങ്ങളും കൂടാതെ മുന്നാക്ക സംവരണം നടപ്പിലാക്കാൻ തയ്യാറായ ഒരു സർക്കാരാണ് നമുക്കുള്ളത്. കോടതി അടിവരയിട്ടു പറഞ്ഞത് സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രമായിരിക്കരുത് സംവരണത്തിന് മാനദണ്ഡമെന്നാണ്. മുന്നാക്ക സംവരണം നടപ്പിലാക്കാനുള്ള ഏതെങ്കിലും സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. 1962 മുതൽ തന്നെ ഇൻഡ്യയിൽ പിന്നാക്ക സമൂഹങ്ങളുടെ അവസ്ഥകളുമായി ബന്ധപ്പെട്ട പലവിധ പഠനങ്ങൾ പുറത്തുവരുന്നുണ്ട്. പിന്നീടാണ് എൺപതുകളിൽ മണ്ഡൽ കമ്മീഷൻ വരുന്നതും, ഏതാണ്ട് പത്തു വർഷം കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവെക്കുകയും, പിന്നീട് സംവരണവുമായി ബന്ധപ്പെട്ട വലിയ പ്രക്ഷോഭങ്ങൾക്കു ശേഷം പിന്നാക്ക സമുദായ സംവരണം ഇൻഡ്യയിൽ നടപ്പിലാക്കുന്നത്. എന്നാൽ സവർണ സംവരണം നടപ്പിലാക്കാൻ കേരളത്തിൽ ഒരുതരത്തിലുമുള്ള അന്വേഷണങ്ങളോ പഠനങ്ങളോ ആലോചനകളോ ഒന്നും തന്നെ വേണ്ടി വന്നില്ല. മാത്രമല്ല വളരെ വിചിത്രമായ മാനദണ്ഡമാണ് സവർണരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ നിരത്തിപ്പെട്ടത്. നാലു ലക്ഷം വാർഷിക വരുമാനവും, ഗ്രാമങ്ങളിൽ രണ്ടര ഏക്കർ ഭൂമിയും, കൊച്ചി പോലുള്ള കോർപറേഷനിൽ അൻപത് സെന്റ് ഭൂമിയും ഉള്ളവരെ ദരിദ്രരായി കണക്കാക്കുന്ന ഈ മാനദണ്ഡം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയല്ല, കേരളത്തിന്റെ അപ്പർ മിഡിൽ ക്ലാസിനെ കണ്ടെത്താനേ ഉപകരിക്കൂ.
കേരളത്തിൽ നമുക്കറിയാം ആദിവാസികളായ ആളുകൾ ഏതാണ്ട് 5 ലക്ഷം പേർ 2011ലെ സെൻസസ് പ്രകാരമുണ്ട്. ഏതാണ്ട് 34-35 ലക്ഷത്തോളം ആളുകൾ എസ്.സി കമ്മ്യൂണിറ്റിയിലുണ്ട്. ഇവരിൽ ഏതാണ്ട് 90% അതിപിന്നോക്കാവസ്ഥയിൽ ആണ് ജീവിക്കുന്നത്. ഇവരുടെ 80 ശതമാനത്തോളം ആളുകൾ കോളനികളിൽ ആണ് താമസിക്കുന്നവരാണ്. ഇവർക്ക് കൊടുക്കുന്ന സംവരണം 8 ശതമാനം. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം കൊടുക്കുന്നത് എത്ര ലക്ഷം പേർ ഇവരിൽ പിന്നാക്കക്കാർ ഉണ്ട് എന്നുള്ള കണക്കെടുത്തിട്ടാണോ? 103ആം ഭേദഗതിയിൽ വളരെ കൃത്യമായി പറഞ്ഞിരിക്കുന്നത് സംസ്ഥാനത്തെ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് ‘പത്തു ശതമാനം വരെ’ സംവരണം ഏർപ്പെടുത്താം എന്നാണ്. കേരളത്തിലാകട്ടെ നിയമം വന്നപ്പോൾ 10% തന്നെ സംവരണം കൊടുക്കാൻ പുരോഗമന സർക്കാർ അങ്ങ് തീരുമാനിച്ചു കളഞ്ഞു! സാമൂഹിക പിന്നാക്കാവസ്ഥയെ തിരിച്ചറിയുന്ന ഒന്നും തന്നെ ഈ മാനദണ്ഡത്തിനകത്ത് നിശ്ചയിച്ചിരുന്നില്ല. അതുകൊണ്ട്, കേരളത്തിലെ ദലിത്, പിന്നാക്ക, മുസ്‌ലിം, ആദിവാസി സംഘടനകൾ ആവശ്യപ്പെടേണ്ട കാര്യം കേരളത്തിൽ നടപ്പിലാക്കിയ സവർണ സംവരണവും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടി ക്രമങ്ങളും അടിയന്തരമായി റദ്ദു ചെയ്യണം എന്നാണ്.
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക്- ഏതെങ്കിലും മനുഷ്യർ പിന്നാക്കം നിൽക്കുന്നുണ്ടെങ്കിൽ- അവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ചെയ്യരുത് എന്നുള്ള കാഴ്ചപ്പാടൊന്നുമല്ല നമ്മുക്കുള്ളത്. അവർക്ക് സാമ്പത്തികമായി പിന്നാക്കാവസ്ഥയുണ്ടെങ്കിൽ സാമ്പത്തിക സ്പെഷ്യൽ പാക്കേജ് നൽകാനാണ് സർക്കാർ തയ്യാറാക്കേണ്ടത്, സംവരണമല്ല നൽകേണ്ടത്. അവരുടെ കുട്ടികൾക്ക് പഠിക്കാൻ, അവർക്ക് വീട് വെക്കാൻ, മക്കളെ വിവാഹം കഴിപ്പിക്കാൻ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കാൻ മുന്നാക്ക കോർപ്പറേഷൻ മുഖേന സാമ്പത്തിക പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക പാക്കേജാണ് വേണ്ടത്. അവർ ധനികരാകുന്നതോടുകൂടി അവരുടെ എല്ലാ പ്രശ്നങ്ങളും തീരും. സാമ്പത്തികമായി പിന്നാക്കമാണെങ്കിലും സവർണർ പ്രിവിലേജ്ഡ് സമുദായങ്ങളാണ്. പക്ഷേ കേരളത്തിലെയും ഇൻഡ്യയിലെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും ദലിതരുടെയും മുസ്‌ലിംകളുടെയും പ്രശ്നം ഇതല്ല. ഷാറൂഖ് ഖാൻ ഇവിടത്തെ എത്ര വലിയ സ്റ്റാർ ആണെങ്കിലും കോടീശ്വരൻ ആണെങ്കിലും അയാൾ അമേരിക്കയിൽ ചെന്നിറങ്ങുമ്പോൾ അയാളുടെ അടിവസ്ത്രം വരെ പരിശോധിക്കും. ബീഫ് കയ്യിലുണ്ടെന്ന വ്യാജമായ അറിവിന്റെ പുറത്ത് പോലും എപ്പോൾ വേണമെങ്കിലും ഒരു മുസ്‌ലിം കൊല്ലപ്പെടാം. എത്ര കോടികൾ ഉണ്ടെങ്കിലും ഇൻഡ്യയിലെ പൊതുവികാരം മാനിച്ചുകൊണ്ട് യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്ന ഒരു നീതിന്യായ വ്യവസ്ഥയും സാമൂഹിക ക്രമവും ഇവിടെ നിലനിൽക്കുന്നുണ്ട്. ജോലിയുണ്ടെങ്കിലും സമ്പന്നനാണെങ്കിലും ഇൻഡ്യയിലെ ദലിതരും ആദിവാസികളും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും. ഇതൊന്നുമല്ല ഇൻഡ്യയിലെ സവർണർ അഭിമുഖീകരിക്കുന്നത്.
ഇൻഡ്യയിലെയും കേരളത്തിലെയും ദരിദ്രരുടെ മുഖത്തു നോക്കി, അവരെ പച്ചക്ക് പറ്റിക്കുന്ന, സാമൂഹിക നീതി നിഷേധിക്കുന്ന ഒരു മാനദണ്ഡമാണ് സവർണരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഈ മാനദണ്ഡം പുതുക്കി നിശ്ചയിക്കാൻ സംവരണീയർ ആവശ്യപ്പെടണം.
പുതിയ പഠനങ്ങൾ നടത്താൻ ആവശ്യപ്പെടണം. ഇത്തരത്തിൽ മാനദണ്ഡം നിശ്ചയിക്കുമ്പോൾ അതിനൊരു കൃത്യമായ കമ്മീഷൻ വെക്കുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുണ്ടെങ്കിൽ അവർക്ക് സംവരണമല്ല, പകരം സാമ്പത്തിക പാക്കേജ് അനുവദിക്കാനുള്ള ഒരു ആവശ്യമാണ് മുന്നോട്ടു വെക്കേണ്ടത്. സുപ്രീംകോടതിയുടെ നിലവിൽ വന്നിരിക്കുന്ന വിധിയുടെ അടിസ്ഥാനത്തിൽ 103ആം ഭേദഗതിയുടെ വിധി വരുന്നതുവരെ സംസ്ഥാനങ്ങൾക്ക് അസാധാരണ സാഹചര്യമില്ലെങ്കിൽ സംവരണം നൽകാനുള്ള അവകാശം റദ്ദു ചെയ്യപ്പെട്ടിണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനം പറയാൻ പറ്റാത്ത ഒരു സാഹചര്യം നിലനിൽക്കുന്നുണ്ട്. അതാണ് ഈ വിധിയുടെ ഒരു ബ്രാഹ്മണിക്കൽ സ്വഭാവം എന്ന് പറയുന്നത്. പിന്നാക്ക സമുദായങ്ങൾക്ക് സംവരണം നൽകാനുള്ള സംസ്ഥാനങ്ങളുടെ അധികാരം കളയുകയും 103ആം ഭേദഗതി നിലനിൽക്കുന്നത് കൊണ്ട് സവർണർക്ക് സാമ്പത്തിക സംവരണം നൽകാനുള്ള സാധ്യത നിലനിർത്തുന്നുമുണ്ട്. പക്ഷേ അങ്ങനെ ആയിരിക്കുമ്പോൾ തന്നെ കേരളത്തിൽ നമുക്ക് ഇതിനകത്ത് എടുക്കാൻ പറ്റുന്ന കാര്യങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട് മുന്നാക്ക സംവരണം റദ്ദു ചെയ്യണമെന്നും അതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ അടിയന്തിരമായി നിർത്തിവെക്കാനും കേരളത്തിലെ പിന്നാക്ക സമുദായങ്ങളും മുസ്‌ലിം സംഘടനകളും ദലിത്-ആദിവാസി സംഘടനകളും പാർശ്വവത്കൃത വിഭാഗങ്ങളും തയ്യാറാകുകയാണ് വേണ്ടത്.
സംവരണം നമ്മളെ സംബന്ധിച്ച് പ്രാതിനിധ്യത്തിന്റെ മാത്രം പ്രശ്നമല്ല. ദലിത്, ആദിവാസി, പിന്നാക്ക സമൂഹങ്ങൾക്ക് പൗരത്വത്തെ കൂടി നിശ്ചയിക്കുന്ന ഒരു ഭരണഘടനാ തത്വമായിട്ടാണ് സംവരണം നിലനിൽക്കുന്നത്. നമ്മളൊക്കെ വ്യക്തിയിൽ നിന്ന് പൗരനായി മാറ്റപ്പെട്ടുവെങ്കിലും, നമ്മളെ സ്വയം പ്രതിനിധീകരിക്കാനുള്ള സാമൂഹികമായ അന്തരീക്ഷം ഇൻഡ്യയിലില്ല. ജാതി കേന്ദ്രീകൃതമായ അധികാര വ്യവസ്ഥകളിൽ നിന്ന് ഇൻഡ്യ ഒരു ദേശാരാഷ്ട്രമായി മാറിയെങ്കിലും, നമുക്ക് നമ്മളെ സ്വയം ഭരിക്കാനായിട്ടുള്ള, പ്രതിനിധീകരിക്കാനുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നില്ല. ആദിവാസി, ദലിത്, പിന്നാക്ക സമുദായങ്ങളിൽ ആളുകൾ ഇല്ലാത്തതുകൊണ്ടല്ല അങ്ങനെ വരാത്തത്. അങ്ങനെയൊരു സോഷ്യൽ മൊറാലിറ്റിയിലാണ് നമ്മൾ ജീവിക്കുന്നത്. അവിടെ, നമുക്ക് നമ്മളെ സ്വയം പ്രതിനിധീകരിക്കാൻ- എംപിയായും എംഎൽഎയായും മന്ത്രിയായും ഉദ്യോഗങ്ങളിലും- അങ്ങനെ പല തരത്തിലും നമ്മളെ സ്വയം പ്രതിനിധീകരിക്കാൻ ശേഷി നൽകുന്നത് സംവരണമാണ്. സനൽ മോഹൻ മാഷിന്റെ “ഫ്രം സ്‌ളേവറി ടു സിറ്റിസൺഷിപ്” എന്ന പ്രബന്ധത്തിൽ അദ്ദേഹം പറയുന്ന സംഗതി, “സ്വയംഭരണത്തിന് ശേഷിയുള്ളവരാണ് പൗരൻ” എന്നതാണ്. അതുകൊണ്ട് സംവരണത്തെ തകർക്കുന്ന ഏതൊരു ശ്രമങ്ങൾക്കും എതിരായി വളരെ ജാഗരൂകരായി നമ്മൾ ഇടപെടുകയും രാഷ്ട്രീയമായും സാമൂഹികമായും പ്രക്ഷോഭങ്ങൾ നടത്തുകയും വേണം. ഈ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മുന്നാക്ക സമുദായ സംവരണം അടിയന്തരമായി റദ്ദു ചെയ്യണമെന്നും, അതിന്റെ പേരിലുള്ള നടപടി ക്രമങ്ങൾ നിർത്തലാക്കണമെന്നുമുള്ള ആവശ്യം നമ്മൾ ഉയർത്തണം.
സജീദ് ഖാലിദ്


സജീദ് ഖാലിദ്
മറാഠാ സംവരണ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു റഫറൻസ് ഇന്ദ്ര സാഹ്നി കേസ് കൂടിയാണല്ലോ. ഇന്ദ്ര സാഹ്നി കേസിലെ വിധിയനുസരിച്ചുള്ള 50% സംവരണം എന്ന സീലിംഗ് ആരുടെ താൽപര്യമാണ് എന്നുള്ളതാണ് പ്രധാനം. സംവരണം എന്നത് അധികാര പങ്കാളിത്തത്തിനു വേണ്ടി, ആനുപാതിക പ്രാതിനിധ്യമില്ലാത്ത ജനവിഭാഗങ്ങളെ അധികാരസ്ഥാനങ്ങളിൽ എത്തിക്കാനുള്ള ഒരു ഭരണഘടനാ ടൂൾ കൂടിയാണ്. ആ നിലക്ക് ഈ 50% സീലിംഗ് ആരുടെ താത്പര്യമാണ് എന്ന് പരിശോധിക്കേണ്ടതാണ്. ഇവിടെ പരിശോധിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യം, പൂജ്യം ശതമാനം സംവരണം എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം 100% സവർണർക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ടു എന്നുള്ളതാണ്. യഥാർത്ഥത്തിൽ മെറിറ്റ് എന്നുള്ളത് സവർണർക്കു വേണ്ടി സംവരണം ചെയ്യപ്പെട്ടു എന്നതു പോലെയാണ്. സംവരണമില്ലാത്ത ഏതു തസ്തികകൾ പരിശോധിച്ചു നോക്കിയാലും, നമ്മുടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പരിശോധിച്ചു നോക്കിയാലും ഇപ്പോൾ വന്ന കരാർ നിയമനങ്ങൾ ശ്രദ്ധിച്ചാൽ, ഏതാണ്ട് 100 ശതമാനവും സവർണർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. അപ്പോൾ സംവരണത്തിലെ 50% സീലിംങ് എന്നുള്ളത് യഥാർത്ഥത്തിൽ പിന്നാക്ക ജനവിഭാഗങ്ങൾക്ക് അവരുടെ അനുപാതിക പ്രാതിനിധ്യത്തിനുള്ള ഒരു വഴി തടസ്സമാണ് എന്നതാണ് വസ്തുത. ഇപ്പോൾ 50% സീലിങ്ങിനു മുകളിൽ പിന്നാക്ക സംവരണമുള്ളത് എസ്.സി/എസ്.ടി, ഓബീസീ സംവരണമുള്ള വേറെ സംസ്ഥാനങ്ങളുണ്ട്. 69 ശതമാനമാണ് തമിഴ്നാട്ടിൽ എസ്.സി-എസ്.ടിക്കും, പിന്നാക്ക വിഭാഗങ്ങൾക്കും, അതിപിന്നാക്ക വിഭാഗങ്ങൾക്കും കൂടിയുള്ള സവരണം. പിന്നാക്ക വിഭാഗത്തിന് 30 ശതമാനവും, അതിപിന്നാക്ക വിഭാഗത്തിന് 20 ശതമാനവും പട്ടിക ജാതികൾക്ക് 18 ശതമാനവും, പട്ടിക വർഗത്തിന് 1 ശതമാനവും എന്ന നിലയിലാണ് അത്. ഈ 50% സീലിംങ് എന്നുള്ളത് നിർബന്ധമാക്കിയാൽ തമിഴ്നാട്ടിലെ 19% പിന്നാക്ക സംവരണമാണ് ഇല്ലാതാക്കേന്ണ്ടി വരിക. വെസ്റ്റ് ബംഗാളിലും തെലങ്കാനയും ഈ 50% സീലിംഗ് കടന്ന സംസ്ഥാനങ്ങളാണ്. ആ നിലക്ക് 50 ശതമാനം സീലിംഗ് ഇല്ലാതാക്കുക എന്നുള്ളത് യഥാർത്ഥത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ ആനുപാതിക പ്രാതിനിധ്യത്തിന് വലിയ തടസ്സങ്ങൾ ഉയർത്തുന്നുണ്ട്. അതുകൊണ്ട് യഥാർത്ഥത്തിൽ വേണ്ടത് 50% സംവരണം എന്ന ബാരിക്കേഡ് മാറ്റാൻ വേണ്ടിയുള്ള ഭരണഘടനാ ഭേദഗതിക്ക് സമ്മർദ്ദം ചെലുത്തുക എന്നുള്ളതാണ്. ഭരണഘടനാ ഭേദഗതി നടത്തേണ്ടത് പാർലമെന്റാണ്. സംഘപരിവാരാണ് അതിലിരിക്കുന്നത്. അപ്പോൾ സമീപകാലത്തൊന്നും അവ്വിധമുള്ള ഒരു സാധ്യത കാണുന്നില്ല.


ബാലകൃഷ്ണ പിള്ള
രണ്ടാമതായി, 103ആം ഭരണഘടനാ ഭേദഗതി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ളതാണ്. ആ കേസ് സുപ്രീംകോടതിയുടെ മുന്നിലാണുള്ളത്. സുപ്രീംകോടതിയിൽ നിന്ന് ഏതു തരത്തിലുള്ള തീരുമാനമായിരിക്കും വരിക എന്നുള്ളത് പ്രവചനത്തിന്റെ ആവശ്യമില്ലാത്ത വണ്ണം കഴിഞ്ഞ കുറച്ചു കാലമായി വരുന്ന വിധികൾ കാരണമായി നമുക്ക് കൃത്യപ്പെട്ടതാണ്. 50 ശതമാനം സീലിംങ് വന്നപ്പോൾ കേരളത്തിലെ മുസ്‌ലിം സംഘടനകളും പിന്നാക്ക രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ആളുകളും ഈ മറാഠാ കേസിലെ വിധി വന്നപ്പോൾ തന്നെ സ്വാഗതം ചെയ്തത് ഒരൊറ്റ കാര്യം വെച്ചുകൊണ്ട് മാത്രമാണ്. കേരളത്തിലെ ഇ.ഡബ്ല്യൂ.എസിനുള്ള 10 ശതമാനം സംവരണം എടുത്തുകളയാൻ, കേരളാ സർക്കാറിനുള്ള ഒരു വലിയ വഴിയായിട്ടാണ് അതു കാണുന്നത്. പക്ഷേ കേരള സർക്കാരിനെ സംബന്ധിച്ചെടുത്തോളം അവരുടെ സമീപകാല ചരിത്രവും അവരുടെ നീക്കങ്ങളും പരിശോധിച്ചാൽ അത്തരം ഒരു സാധ്യത നമുക്ക് പ്രതീക്ഷിക്കാവുന്നതല്ല. കാരണം 103ആം ഭരണഘടനാ ഭേദഗതി വരുന്നതിനു മുൻപു തന്നെ മുന്നാക്ക സംവരണം ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തി കഴിഞ്ഞിരുന്നു. അങ്ങനെ വന്നാൽ 50% സീലിങ് എന്നുള്ളത് ഇവിടെയുള്ള ഈഴവ, മുസ്‌ലിം കമ്മ്യൂണിറ്റികളുടെയും, മറ്റ് ഓബീസീ കമ്മ്യൂണിറ്റികളുടെ സംവരണ ക്വാട്ടയിൽ നിന്നായിരിക്കും വെട്ടിചുരുക്കുക. തൽക്കാലം എസ്.സി/എസ്.ടി ക്വാട്ടയെ അത് ബാധിക്കുകയില്ല എന്നു കരുതാം. ഭാവിയിൽ അതിനു ഭീഷണികളുണ്ടെങ്കിൽ പോലും ഭരണഘടനാ പരിരക്ഷയുള്ളതിനാൽ തത്ക്കാലം പ്രശ്നമില്ല. അതിൽ തന്നെ കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട് ആദ്യം തന്നെ, അതിന്റെ രണ്ട് സ്ക്രീനുകളിൽ പട്ടികജാതി, പട്ടികവർഗകാർക്ക് പോലും സംവരണം കൊടുക്കേണ്ടതില്ല എന്ന് തീരുമാനിച്ച ഭരണകൂടമാണ് കേരളത്തിലുള്ളത്. എന്നാൽ, പിന്നീട് നമ്മുടെ ശക്തമായ സമ്മർദ്ദം മൂലം മാറ്റിവെക്കപ്പെടുകയുണ്ടായി. സംഘപരിവാറാണ് രാജ്യം ഭരിക്കുന്നത് എന്നുള്ളതുകൊണ്ട് ഈ ഭരണഘടനാ പരിരക്ഷ എത്രകാലം നിലനിൽക്കുന്നു എന്നത് നമുക്കു പറയാൻ സാധിക്കുകയില്ല. അതിനെ വളരെ കൃത്യമായ നിയമപോരാട്ടം ആവശ്യമാണ്. പക്ഷേ നിയമപോരാട്ടം കൊണ്ടുമാത്രം അത് സാധിക്കുമെന്നു തോന്നുന്നില്ല.
നിയമ സംവിധാനങ്ങൾ, കോടതികൾ, അതുപോലെ പാർലമെന്റ് ലെജിസ്ലേഷൻ ഇത്തരം സംവിധാനങ്ങളെല്ലാം സാമൂഹിക സമ്മർദ്ദങ്ങൾക്ക് കൂടി വഴങ്ങുന്നതാണ്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് സാമൂഹിക സമ്മർദമുണ്ടാവുക വളരെ എളുപ്പമാണ്. ഇൻഡ്യ മൊത്തം പരിശോധിച്ചു നോക്കിയാലും സംവരണ സമുദായങ്ങളാണ് രാജ്യത്തെ 80 ശതമാനവുമുള്ളത്. കേരളത്തിൽ 75 ശതമാനത്തോളം സംവരണ സമുദായങ്ങളാണുള്ളത്. പക്ഷേ അങ്ങനെയുള്ള കേരളത്തിൽ പോലും വളരെ കൃത്യമായി ഇ.ഡബ്ല്യൂ.എസ് എന്ന സവർണ സംവരണം ഉണ്ടായിട്ടുണ്ട്. ഇ.ഡബ്ല്യൂ.എസ് എന്നല്ല അതിന് പറയേണ്ടത്, സവർണ സംവരണം എന്നു തന്നെയാണ്. കാരണം ഓബീസീയുടെ സംവരണം ഇപ്പോൾത്തന്നെ ഏതാണ്ട് സാമ്പത്തിക സംവരണമാണ്. ഓബീസീ സംവരണം ക്രീമിലെയർ വന്നതോടുകൂടി, അതിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു മാത്രമാണ് ഓബീസീ സംവരണം കിട്ടുന്നത്. യഥാർത്ഥത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സവർണ കുടുംബാംഗങ്ങൾക്കാണ് കേരളത്തിൽ 10 ശതമാനം അധികം സംവരണം ഏർപ്പെടുത്തിയത്. ഇത് സാമൂഹികമായ പിന്നാക്കാവസ്ഥ അനുസരിച്ചില്ല. തികച്ചും വ്യക്തിപരമായും കുടുംബപരമായുമുള്ള സവർണരുടെ ചില വ്യക്തികളിൽ മാത്രം പരിമിതപ്പെടുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയെ മാത്രം പരിഗണിച്ചുകൊണ്ടാണ്. അതിന് കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. കേരളത്തിൽ ആരാണ് അതിനെ എതിർത്തത്? ചില പിന്നാക്ക സംഘടനകൾ മാത്രമാണ് എതിർത്തത്. ആ സമയത്ത് കേരളത്തിൽ സംവരണ സമുദായങ്ങളിൽ വളരെ മുന്നിട്ടു നിന്ന് ഒരു സമുദായ നേതാവിനോട് വ്യക്തിപരമായി സംസാരിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത് എന്തിനാണ് നിങ്ങൾ ഇ.ഡബ്ല്യൂ.എസിനെ എതിർക്കുന്നത്. ഇവിടത്തെ മുസ്‌ലിം സംവരണം 12% എന്നുള്ളതിൽ നിന്ന് കുറയുന്നില്ലല്ലോ എന്നതാണ് അദ്ദേഹം ഉന്നയിച്ച ഒരു കാര്യം. യഥാർത്ഥത്തിൽ ആനുപാതിക പ്രാതിനിധ്യമില്ലാത്ത 25 ശതമാനത്തോളം മുസ്‌ലിംകൾ കേരളത്തിലുണ്ട്. അവർക്കുള്ള സംവരണം 12 ശതമാനമാണ്. ആ 12 ശതമാനം സംവരണത്തിൽ തകരാറു സംഭവിക്കുന്നില്ല എന്നുള്ളതാണ് അയാളുടെ വിഷമം. ഇവിടത്തെ സംവരണീയ സമുദായങ്ങൾ അതിന്റെ പ്രാധാന്യവും അത് നൽകേണ്ട ആനുപാതിക പ്രാതിനിധ്യത്തിന്റെയോ ഭരണപങ്കാളിത്തത്തിന്റെയോ അതിന്റെ ഭരണഘടനാപരമായിട്ടുള്ള സവിശേഷതയോ മനസ്സിലാക്കിയവരല്ല എന്നുള്ളതാണ് പ്രശ്നം. അതുകൊണ്ടാണ് വലിയ സാമൂഹിക സമ്മർദ്ദം ഉയർത്താനാവാത്തത്. യഥാർത്ഥത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉൾപ്പെടെയുള്ള സാമൂഹിക പ്രസ്ഥാനങ്ങൾക്ക് വലിയ ഒരു ജോലി കൂടെയുണ്ട്. തീർച്ചയായും സംവരണത്തിനു വേണ്ടി ശക്തമായി ശബ്ദിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വലിയ രീതിയിൽ സംവരണീയ സമുദായങ്ങളെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതിനും, അവരെ ഈ സംവരണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സംവരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്, അതിന്റെ ഭരണഘടനാ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട്, ഒരു സാമൂഹിക സമ്മർദ്ദത്തിലേക്ക് സംവരണീയ സമുദായങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിക്കാനുണ്ട്. ഏതായാലും അതിനു കൂടിയുള്ള ഒരു അവസരമായി ഈ കോടതി വിധി മാറണം.
ഇ.കെ റമീസ്


ഇ.കെ റമീസ്
ചില അവ്യക്തതകൾ ഈ വിധി വന്നതിനു ശേഷം സമൂഹ മാധ്യമങ്ങളിലടക്കം പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ഇതു വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. സംവരണ-പിന്നാക്ക രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ആളുകള്‍ എന്ന നിലക്ക്, ഇക്കാര്യത്തിൽ ചില വ്യക്തതകള്‍ വരുത്തേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. 50% സംവരണ പരിധി മറികടക്കപ്പെടേണ്ടതാണ് എന്നതാണ് അതിലേറ്റവും പ്രധാനം. എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ സംവരണമുണ്ട്. എന്നാല്‍ 1962ല്‍ ബാലാജി കേസില്‍ തന്നെ 50% പരിധി വെച്ചതുകൊണ്ട്, പിന്നീടുവന്ന ഓബീസീ വിഭാഗങ്ങള്‍ക്കുള്ള സംവരണം ജനസംഖ്യാനുപാതികമായി ലഭിച്ചിട്ടില്ല. 50% പരിധി നിലനില്‍ക്കുന്നതു കൊണ്ടുതന്നെ അതിന് കഴിയാറില്ല, കഴിയുകയുമില്ല. കണക്കുകള്‍ പരിശോധിച്ചാല്‍ 60 മുതല്‍ 80 ശതമാനം വരെ വരുന്ന ജനസമൂഹത്തിന് കൊടുക്കാന്‍ ബാക്കിയുള്ളത് 28 ശതമാനം സംവരണം മാത്രമാണ്. അതുകൊണ്ടുതന്നെ അത് മറികടക്കുക എന്നത് വളരെ പ്രധാനമാണ്. ആ നിലക്ക് നോക്കുമ്പോള്‍ ഇന്ദ്ര സാഹ്നി വിധിക്ക് പരിമിതിയുണ്ട് എന്നും, അതിനെ പുനപരിശോധിക്കേണ്ടതുണ്ട് എന്നും മനസ്സിലാക്കാം. പലപ്പോഴും നമുക്ക് സംഭവിക്കുന്നത്, പ്രത്യേകിച്ച് ഇ.ഡബ്ല്യൂ.എസ് വന്നതിനുശേഷം അതിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി, പലപ്പോഴും നമ്മള്‍ സംവരണവിരുദ്ധ നയം തന്നെയാണ് പ്രയോഗിക്കാറ്. എന്നാലിത് ഫലത്തില്‍ നമുക്കു തന്നെ തിരിച്ചടിയാവുകയാണ് ചെയ്യുക എന്നാണ് എനിക്ക് പറയാനുള്ളത്. ഈ മറാഠാ വിധിയെയും വളരെ ആവേശത്തോട് കൂടി ഇ.ഡബ്ല്യൂ.എസിന് എതിരായി ഉപയോഗിക്കുമ്പോള്‍ ഫലത്തില്‍ നമ്മുടെ തന്നെ ആശയങ്ങളെ റദ്ദുചെയ്യുകയാണ്. ഇന്ദ്ര സാഹ്നിയുടെ 50 ശതമാന പരിധിയെ പുനഃപരിശോധിക്കാനുള്ള ഗൗരവപൂര്‍വമായ ഒരു കേസ് ആദ്യമായി സുപ്രീംകോടതിയില്‍ വരികയും എന്നാല്‍ തള്ളപ്പെടുകയും ചെയ്തു എന്നത് പിന്നാക്ക രാഷ്ട്രീയത്തിന് മുന്നോട്ടുവെക്കുന്ന ആളുകള്‍ എന്ന നിലക്ക് നമ്മളെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമാണ്. പക്ഷേ അതുപോലും ഇ.ഡബ്ല്യൂ.എസിന് എതിരായതിനാൽ നമുക്ക് സ്വീകാര്യമാകുന്ന തരത്തിലേക്ക് മാറുമ്പോൾ, പലപ്പോഴും നമ്മുടെ രാഷ്ട്രീയത്തിന് സൂക്ഷ്മതക്കുറവ് സംഭവിക്കുന്നുണ്ടോ എന്നുള്ളതാണ് മറ്റൊരു കാര്യം.
അതുപോലെതന്നെ, മുന്നാക്ക സംവരണം ബന്ധപ്പെട്ട് നടപ്പിലാക്കി, ആദ്യ അഡ്മിഷന്‍ പ്രക്രിയകൾ നടന്ന സമയത്ത്, ഇ.ഡബ്ല്യൂ.എസ് ക്വാട്ടയിലുള്ള ആളുകളുടെ റാങ്കിനെ മറ്റു സംവരണ സമുദായങ്ങളുടെ ക്വാട്ടയുമായി താരതമ്യം ചെയ്തുകൊണ്ട്, വലിയ ക്യാമ്പയിനുകൾ നടന്നിരുന്നു. അവ പലപ്പോഴും ആന്റി-റിസര്‍വേഷന്‍ ക്യാമ്പയിൻ ആയിട്ടാണ് വ്യക്തിപരമായി എനിക്കു തോന്നിയത്. മെറിറ്റ് ഇല്ലാത്ത ആളുകള്‍ക്ക്, അല്ലെങ്കില്‍ ജനറല്‍ അഡ്മിഷന്‍ കിട്ടാന്‍ സാധ്യതയില്ലാത്ത റാങ്ക് കുറഞ്ഞ ആളുകള്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ വേണ്ടിയാണ് സംവരണം എന്ന വ്യവസ്ഥ ഏര്‍പ്പാടാക്കിയിട്ടുള്ളത് എന്ന തരത്തിൽ വരെ ക്യാമ്പയിനുകൾ നടന്നിരുന്നു. സംവരണ രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ എന്ന നിലക്ക്, അടിസ്ഥാന തത്വങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതായിരിക്കും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നമ്മള്‍ക്ക് ഗുണം ചെയ്യുക എന്നാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു സംഗതി. മണ്ഡല്‍ കമ്മീഷനെ സാധൂകരിച്ചു എന്ന നിലക്ക് ഇന്ദ്ര സാഹ്നി വിധിക്ക് വലിയ പ്രാധാന്യമുണ്ടെങ്കില്‍ പോലും, 30 കൊല്ലം അതിൽ നിന്ന് കഴിഞ്ഞിരിക്കുന്നു. അതിന്റെ പരിമിതികളെ മറികടക്കുന്ന സ്വഭാവത്തില്‍ ക്രീമിലിയറിനെ ചോദ്യം ചെയ്യാനും, 50% പരിധിയെ മറികടക്കാനും കഴിയുന്ന സ്വഭാവത്തില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് നമുക്ക് കഴിയേണ്ടത്. ഇന്ദ്ര സാഹ്നി വിധിയിലെ 50% പരിമിതി ബ്രേക്ക് ചെയ്യപ്പെടുന്നതില്‍ ആശങ്കകള്‍ ഉണ്ടാവുക എന്നത് നമ്മുടെ രാഷ്ട്രീയത്തിന് വിശാലാര്‍ത്ഥത്തില്‍ ഗുണം ചെയ്യില്ല എന്നാണ് വിശ്വസിക്കുന്നത്.
അതുപോലെതന്നെ ഈ ചര്‍ച്ചയില്‍ പലപ്പോഴും കൃത്യമായി അഡ്രസ്സ് ചെയ്യപ്പെടാത്ത ഒരു കാര്യം മറാഠാ സമുദായത്തിന് സംവരണം നല്‍കേണ്ടതുണ്ടോ എന്നുള്ളതാണ്. നല്‍കേണ്ടതില്ല എന്ന പ്രബലമായ അഭിപ്രായത്തെ മാനിച്ചുകൊണ്ടുതന്നെ, മറ്റൊരഭിപ്രായമാണ് പറയാനുള്ളത്. 50 ശതമാനം പരിധിയെ മറികടക്കാനുള്ള ഒരു സാധ്യത എന്ന നിലക്കല്ലാതെ തന്നെ, പിന്നാക്ക രാഷ്ട്രീയത്തിന്റെ മൊത്തത്തിലുള്ള ഭാവി എന്ന നിലക്കാണ് ഞാനത് പറയുന്നത്. അത് കേവലം മറാഠാ സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല. ഇൻഡ്യയില്‍ മറാഠാ സമുദായത്തെ പോലെത്തന്നെ, രാജസ്ഥാനിലെയും ഹരിയാനയിലെയും യുപിയിലെയും ജാട്ട് സമുദായം, ഗുജറാത്തിലെ പട്ടേല്‍ സമുദായം, രാജസ്ഥാനിലെ തന്നെ ഗുജ്ജര്‍ സമുദായം ഇങ്ങനെയുള്ള പ്രബലമായിട്ടുള്ള ശൂദ്ര സമുദായങ്ങള്‍ സംവരണത്തിനു വേണ്ടി വളരെ ശക്തമായ മൂവ്‌മെന്റ്കള്‍ നയിക്കുകയും ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇൻഡ്യ കഴിഞ്ഞ കാലങ്ങളില്‍ കണ്ടിട്ടുള്ള ഏറ്റവും ശക്തമായ മൂവ്‌മെന്റുകള്‍ പലതും ഈ സമുദായങ്ങളുടേതായിരുന്നു എന്നു കാണാൻ കഴിയും. ഈ സമുദായങ്ങള്‍ക്കിടയിൽ പൊതുവായുള്ള ഒരു സംഗതി അവരുടെ പ്രബലതയാണ്. വളരെയധികം ആളുകളുള്ള സമുദായങ്ങളാണ് അവ. രാഷ്ട്രീയപരമായി അധികാരമുള്ള സമുദായമാണ്, ജാതിവ്യവസ്ഥയില്‍ ശൂദ്ര സമുദായവുമാണ്. അതേസമയം പല നിലക്കുള്ള അവശതകള്‍ ഈ സമുദായങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. യഥാർഥത്തിൽ, 1947ന് ബോംബെ സ്റ്റേറ്റിന്റെ സമയത്ത് മറാഠാ സമുദായത്തിന് സംവരണം ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. സംവരണത്തെ കുറിച്ച് ‘സാമൂഹികമായ അവശത’ എന്നത് ഭരണഘടന പറയുന്നതാണ്. “സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ” എന്ന് പറയുന്നതിനെ അങ്ങനെത്തന്നെ നിലനിര്‍ത്തേണ്ടതുണ്ടോ എന്നതും ആലോചിക്കേണ്ട കാര്യമാണ്. അതല്ല കേരളത്തിലും മറ്റു പല തെക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിലും ഉണ്ടായിരുന്ന കൂടുതല്‍ ഇന്‍ക്ലുസീവ് ആയ ഒരു സംവരണ സംവിധാനത്തെ മുന്നില്‍ കാണേണ്ടതുണ്ടോ എന്നുള്ളതാണ് ചോദ്യം. മദ്രാസ് സ്റ്റേറ്റിലും മൈസൂർ പോലെയുള്ള സ്ഥലങ്ങളിലും ബ്രാഹ്മിൺ അല്ലാത്ത എല്ലാ ആളുകള്‍ക്കും സംവരണം നിലനിന്നിരുന്നു എന്നും, ഇത് 50 ശതമാനം പരിധിക്ക് പുറത്തും നൂറു ശതമാനം വരെയും ഉണ്ടായിരുന്നു എന്നതാണ്. അത് കൂടുതല്‍ ഗുണകരമായിട്ടുള്ളതും പിന്നാക്ക ജനതകൾക്കാണ്. പക്ഷേ അതിന് തടയിടുന്ന ഒരു കാര്യം, പിന്നീട് ഭരണഘടന രൂപീകരിക്കുകയും ഭരണഘടനയില്‍ ഓബീസീ സംവരണം ഇല്ലാതിരിക്കുകയും, അതു പിന്നീട് സംസ്ഥാനങ്ങള്‍ക്ക് മാത്രമായി നല്‍കുകയും, അതിനെ തന്നെ എസ്.ഇ.ബി.സി അഥവാ സോഷ്യലി ആന്‍ഡ് എഡ്യൂക്കേഷണലി ബാക്ക്വേഡ് ക്ലാസ്സസ് എന്നു വിളിക്കപ്പെടുകയും ചെയ്തു. ജാതിയോ (caste) അതോ വർഗമോ (class), class എന്നു പറഞ്ഞാല്‍ എന്താണ് എന്നു തുടങ്ങിയ ചർച്ചകൾ ഒരുപാടു വരുകയും, കാക്ക കാലേല്‍കര്‍ കമ്മീഷന്‍ തള്ളപ്പെടുകയുമൊക്കെ ചെയ്ത ഒരുപാട് കാര്യങ്ങള്‍ നമുക്കൊക്കെ അറിയാവുന്ന കാര്യങ്ങളാണ്. ഭരണഘടനയിലുള്ള “സോഷ്യലി ആന്‍ഡ് എഡ്യൂക്കേഷണലി ബാക്ക്വേഡ് ക്ലാസ്സസ്” എന്നു പറഞ്ഞതിനെ എങ്ങിനെയാണോ കോടതികള്‍ വ്യാഖ്യാനിച്ചിട്ടുള്ളത്, അതിനെയും ഇന്ദ്ര സാഹ്നിയുടെ 50 ശതമാനം പരിധി എന്ന് പറയുന്നതുപോലെ തന്നെ എതിരഭിപ്രായമില്ലാതെ സ്വീകരിക്കേണ്ടതുണ്ടോ എന്നതും ആലോചിക്കേണ്ട കാര്യമാണ്.
ഓബീസീ എന്നതിനെക്കുറിച്ച് ആശയപരമായ മറ്റൊരു കാഴ്ച്ചപ്പാടും പരിശോധിക്കുന്നത് നല്ലതാണ്. കാക്കാ കലേല്‍ക്കര്‍ കമ്മീഷൻ റിപ്പോര്‍ട്ടില്‍, അതിൽ അംഗമായിരുന്ന ശിവ ദയാല്‍ സിംഗ് ചൗരസ്യ എന്ന് പറയുന്ന അന്നത്തെ പിന്നാക്ക രാഷ്ട്രീയക്കാരന്‍ എഴുതിയ വളരെ വിശദമായ ഒരു ‘ഡിസെന്റ് നോട്ട്’ ഉണ്ട്. അതില്‍ അദ്ദേഹം പറയുന്നത് എസ്.സിക്ക് വളരെ കൃത്യമായ മാനദണ്ഡമുണ്ട്. അണ്‍ടച്ചബിള്‍സാണ് ഷെഡ്യൂള്‍ഡ് കാസ്റ്റ്. ഷെഡ്യൂള്‍ ട്രൈബ് എന്ന് പറയുന്നതിനും കൃത്യമായിട്ടുള്ള മാനദണ്ഡമുണ്ട്. ആദിവാസി കമ്മ്യൂണിറ്റികളാണ് ഷെഡ്യൂള്‍ഡ് ട്രൈബ്. അതുപോലെ ഓബീസീക്കും ഏകമാനമായ ഒരു മാനദണ്ഡം ഉണ്ടാവേണ്ടതുണ്ട് എന്നാണ് അതിൽ പറയുന്നത്. അന്ന് കാക്കാ കാലേൽക്കര്‍ കമ്മീഷനും പിന്നീട് മണ്ഡല്‍ കമ്മീഷനുമൊക്കെ വളരെ സങ്കീർണമായ ഒരു മെക്കാനിസം ഉണ്ടാക്കുകയും, ഓരോ പിന്നാക്കാവസ്ഥക്കും പോയിന്റുകള്‍ നല്‍കിക്കൊണ്ട് സമുദായങ്ങളെ കണ്ടെത്തുകയും ചെയ്തു. അത്തരത്തിലുള്ള സംവിധാനത്തിന്റെ ഒരു പ്രതിസന്ധി ഡാറ്റകളുടെ ധൗർലഭ്യമായിരുന്നു. ജാതി തിരിച്ചുള്ള സെന്‍സസ് നടത്തുന്നില്ല. 1940ലുള്ള ഡാറ്റ ആണ് നമ്മുടെ കയ്യിലുള്ളത്. ആ ഡാറ്റ വെച്ചിട്ടാണ് സമുദായങ്ങള്‍ പിന്നാക്കമാണോ അല്ലയോ എന്ന് പോയിന്റ് കണക്കാക്കി നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ അത് യോഗ്യമല്ലാത്ത മെക്കാനിസമാണ്. ഓബീസീ എന്നു പറയുന്നത് ഇൻഡ്യയിലെ ശുദ്രരാണ്. അവരെ ഓബീസീ ആയി കണക്കാക്കണമെന്നുമാണ് ശിവ് ദയാല്‍ സിംഗ്, കാക്ക കലേല്‍ക്കര്‍ കമ്മീഷന്റെ ഭൂരിപക്ഷാഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് വളരെ ശക്തമായി ആവശ്യപ്പെടുന്നത്. എല്ലാ ശുദ്ര സമുദായങ്ങളെയും ഓബീസീ ആയി കണക്കാക്കണം. അതില്‍ അദ്ദേഹം ചില അപവാദങ്ങളെയും (exceptions) പറയുന്നുണ്ട്. ഉത്തരേന്ത്യയിലെ കയസ്ഥ സമുദായം, തെലങ്കാനയിലെ റെഡ്ഡി, കമ്മ സമുദായങ്ങൾ എന്നിവ. കേരളത്തിലെ നായര്‍ സമുദായത്തെ പോലും അദ്ദേഹം ഉള്‍പ്പെടുത്തുന്നില്ല എന്നു കാണാന്‍ കഴിയും. തുടർന്ന് അദ്ദേഹം പറയുന്നത്, എല്ലാ ശുദ്ര സമുദായങ്ങളെയും ഓബീസീ ആയി കണക്കാക്കണം എന്നതാണ് റനിയമം, അതിന് ചില അപവാദങ്ങളും ഉണ്ടാവാം. അത് യഥാര്‍ത്ഥത്തില്‍ നമ്മുടെ ഒരു രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകരമായ ഒരു ആശയമാണ് എന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒന്ന്, സംവരണത്തിലേക്ക് കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്തുകയും, ശൂദ്ര സമുദായത്തെ കൂടുതലായി സംവരണത്തിന്റെ പരിധിയിലേക്ക് ഉള്‍ക്കൊള്ളുകയും, അതുവഴി സംവരണത്തിന്റെ പരിധി മൊത്തമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആനുപാതിക പ്രാതിനിധ്യം എന്ന ആശയത്തിലേക്ക് കൂടുതല്‍ മുന്നോട്ടുപോവുന്നത് മൊത്തത്തില്‍ പിന്നാക്ക രാഷ്ട്രീയത്തെയും എല്ലാ പിന്നാക്ക സമുദായങ്ങളെയും സഹായിക്കുന്നതാണ്. ശൂദ്രർ ഹിന്ദു എന്നതില്‍ വ്യത്യസ്തമായ, അഥവാ ദലിത് എന്ന് പറയുന്ന പോലെ, ഒരു ഐഡന്റിറ്റിയാണ് എന്ന് അംഗീകരിക്കുക ഇൻഡ്യയിലെ ഹിന്ദു-ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു/ആണ്.
അതുപോലെ തന്നെ മറാഠാ സംവരണത്തെ അനുകൂലിക്കുന്ന ആളുകള്‍ മുന്നോട്ടുവെച്ച മറ്റൊരു കാര്യം, അദര്‍ ബാക്ക് വേര്‍ഡ് കാസ്റ്റസ് എന്നതിനെ അദര്‍ ബാക്ക് വേര്‍ഡ് ക്ലാസ്സസ് എന്നാക്കുക എന്നതാണ്. അത് നമ്മുടെ മേലെ ഏല്‍പ്പിച്ച ഭാരം വലുതായിരുന്നു. ക്ലാസ് ആണോ കാസ്റ്റ് ആണോ എന്ന് കോടതിയില്‍ തെളിയിക്കേണ്ടി വരികയും, കാസ്റ്റ് ആണെന്നത് നിരന്തരമായി കമ്മീഷനുകള്‍ നിശ്ചയിച്ച് സ്ഥാപിക്കേണ്ടി വരികയും ചെയ്തതൊക്കെ നമുക്കറിയാം. സംവരണത്തിലേക്ക് സമുദായത്തെ കൂടുതല്‍ ശക്തമായി തിരിച്ചു കൊണ്ടുവരുന്ന ഒന്നായിട്ട് മറാഠാ സംവരണത്തിന്റെ ഒരു പോസിറ്റീവ് വശമായി ചില ആളുകളെങ്കിലും സൂചിപ്പിച്ചിട്ടുണ്ട്.
ആ വാദം ഒരു നിലക്ക് ശരിയാണ്. കാരണം “അദര്‍ ബാക്ക് വേര്‍ഡ് ക്ലാസ്സസ്” എന്നതില്‍ ക്ലാസ്സസ് എന്ന് പറയുന്നത് ഇൻഡ്യയില്‍ അപ്രധാനമായ സംഗതിയാണ്. അത് കാസ്റ്റ് തന്നെയാണ്. മറാഠാ എന്ന സമുദായമാണ് അല്ലെങ്കില്‍ കാസ്റ്റസ് ആണ് എന്നതിനെ ശക്തമായി വീണ്ടും സ്ഥാപിക്കുന്ന ഒരു സംഗതിയാണ് യഥാര്‍ത്ഥത്തില്‍ ആ സംവരണം. എനിക്ക് തോന്നുന്നത് പിന്നാക്ക രാഷ്ട്രീയത്തെ ഈ നിലക്ക് മുന്നോട്ടു കൊണ്ടുപോകുന്നതിൽ ശൂദ്ര സമുദായ സംവരങ്ങൾക്ക് വലിയ പങ്കുണ്ട്. സംവരണത്തെ തന്നെ വിപുലപ്പെടുത്തുന്നതിലേക്കും 50% പരിധി മറികടക്കുന്നതിലേക്കും കൂടുതല്‍ മേഖലകളിലേക്ക് സംവരണത്തെ വിപുലപ്പെടുത്തുന്നതുമൊക്കെയുള്ള പൊതു തത്വങ്ങളും, തദാനുസാരമുള്ള സാമൂഹിക-സാമുദായിക ബന്ധങ്ങളും, രാഷ്ട്രീയപരമായിട്ടുള്ള യോജിപ്പുകളും ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ആ നിലക്ക് മറാഠാ സംവരണത്തെയും കേസിനെയും നോക്കിക്കാണണമെന്നാണ് എനിക്ക് അവസാനമായി പറയാനുള്ളത്.