പ്രാദേശിക രാഷ്ട്രീയവും ഇൻഡ്യൻ രാഷ്ട്രീയവും: തെലുങ്കുദേശം പറയുന്നത്
തെന്നിന്ത്യയിലെ അവിഭക്ത ആന്ധ്രാപ്രദേശില്‍ രാമറാവുവിനോളം സ്വാധീനമുണ്ടാക്കിയ മറ്റൊരു രാഷ്ട്രീയ നേതാവില്ല എന്നുതന്നെ പറയാം. ദേശീയ രാഷ്ട്രീയത്തിലും രാമറാവുവിന്റെ പങ്ക് നിസ്തുലമാണ്. ഇന്നു കാണുന്ന ആന്ധ്രാ രാഷ്ട്രീയവും രാമറാവു ബാക്കിവെച്ചതിന്റെ തുടർച്ചയാണ്. അദീബ് ടി.എച് എഴുതുന്നു
മാവറിക് മസീഹ: എ പൊളിറ്റിക്കല്‍ ബയോഗ്രഫി ഓഫ് എന്‍.ടി. രാമറാവു എന്ന പുസ്തകം രമേശ് കാണ്ഡുലയാണ് തയ്യാറാക്കിയത്. എന്‍ടിആര്‍ എന്ന നന്ദമുരി തരക രാമ റാവുവിന്റെ ജീവിതവും രാഷ്ട്രീയ ജീവിതവുമാണ് ഇതിനകത്ത് വിവരിച്ചിരിക്കുന്നത്. തെന്നിന്ത്യയിലെ അവിഭക്ത ആന്ധ്രാപ്രദേശില്‍ രാമറാവുവിനോളം സ്വാധീനമുണ്ടാക്കിയ മറ്റൊരു രാഷ്ട്രീയ നേതാവുണ്ടോ എന്ന ചോദ്യത്തിന് നിസ്സംശയം ഇല്ലാ എന്ന് അംഗീകരിക്കും എന്നതാണ് ഈ പുസ്തകത്തിലൂടെ കടന്ന് പോകുമ്പോള്‍ നാം എത്തിച്ചേരുന്ന നിഗമനം. രാമ റാവുവിന് സമാനമായ മറ്റൊരു നേതാവിനെ നമുക്ക് ഇൻഡ്യന്‍ രാഷ്ട്രീയത്തില്‍ കാണാന്‍ കഴിയുമോ എന്നതും തര്‍ക്കവിധേയമാണ്. അത്രത്തോളം വ്യത്യസ്തതയും സവിശേഷതയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ അധ്യായമാണ് യഥാര്‍ഥത്തില്‍ എന്‍ടിആര്‍. മാത്രവുമല്ല, ഇന്ന് നിലനില്‍ക്കുന്ന ആന്ധ്രാ രാഷ്ട്രീയവും എന്‍ടിആര്‍ ബാക്കി വച്ചതിന്റെ തുടര്‍ച്ചയാണ്.
അതുപോലെ ദേശീയ രാഷ്ട്രീയത്തിലും എന്‍ടിആര്‍ സൃഷ്ടിച്ച സ്വാധീനവും ചെറുതല്ല. 1980കളും 90കളിലെയും ഇൻഡ്യന്‍ ദേശീയ രാഷ്ട്രീയ ചരിത്രം എന്‍ടിആറിനെ മാറ്റിനിര്‍ത്തിക്കൊണ്ടായാല്‍ പരിപൂര്‍ണമാവില്ലാ എന്നതും വസ്തുതയാണ്. ഇൻഡ്യന്‍ ദേശീയ രാഷ്ട്രീയ ചരിത്രത്തില്‍ വലിയ കോലിളക്കം സൃഷ്ടിച്ചിട്ടുള്ള രാമ റാവു അധ്യായം എന്നാല്‍, അര്‍ഹിക്കുന്ന വിധം സ്മരിക്കപ്പെടുന്നുണ്ടോ എന്നത് ന്യായമായ പുനര്‍വിചിന്തനമാണ്. ജനസാമാന്യത്തിനിടയിലും അക്കാദമിക പരിസരത്തും രാമ റാവുവിനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും ചര്‍ച്ചാ വിധേയമാക്കുക എന്ന ഉദ്ദേശ്യമാണെന്ന് പുസ്തകത്തിനുള്ളതെന്ന് രചയിതാവ് രമേശ് കാണ്ഡുല ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്
വെള്ളിത്തിരയിലെ ഏറ്റവും തലപൊക്കമുള്ള നായക പരിവേഷത്തില്‍ നിന്നും ഏതാണ്ട് അത്രതന്നെ തലപൊക്കമുള്ള രാഷ്ട്രീയക്കാരനായി മാറിയ അപൂര്‍വ്വം ചിലരില്‍ ഒരാളാണ് എന്‍ടിആര്‍. വെള്ളിത്തിരയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന ധാരാളം ആളുകളെ നമുക്ക് കാണാനാവും. എന്നാല്‍ എന്‍ടിആറിനെ പോലെ അത്ഭുതാവഹമായ സവിശേഷ രാഷ്ട്രീയ പ്രകടനം നടത്തിയ സിനിമാ താരം ഇല്ല തന്നെ. കാരണം, രാഷ്ട്രീയത്തിന്റെ ബാലപാഠം പോലുമറിയാത്ത, രാഷ്ട്രീയപരമായി യാതൊരു അനുഭവസമ്പത്തുമില്ലാതിരുന്ന ഒരു സിനിമാക്കാരനില്‍ നിന്നാണ് എന്‍ടിആര്‍ എന്ന രാഷ്ട്രീയക്കാരന്‍ ഉടലെടുക്കുന്നത്. പത്രം പോലും വായിക്കില്ലാ എന്നതായിരുന്നു എന്‍ടിആറിനെക്കുറിച്ചുള്ള സംസാരം. ആയിടത്ത് നിന്നാണ് രാഷ്ട്രീയപരമായി പുതിയ സിദ്ധാന്തത്തെയും പാര്‍ട്ടിയെയും എന്‍ടിആര്‍ രൂപീകരിക്കുന്നത്. തെലുങ്ക് ഭാഷയും തെലുങ്ക് ദേശത്തെ സംസ്‌കാരവും ചരിത്രവും പാരമ്പര്യവും കൂട്ടിച്ചേര്‍ത്ത് കൊണ്ട് എന്‍ടിആര്‍ പ്രാദേശിക രാഷ്ട്രീയത്തിന് പുതിയ വിത്ത് പാവുന്നതും പിന്നീട് സംസ്ഥാനത്തിന്റെ അധികാരക്കസേരയിലേക്ക് പെട്ടന്ന് തന്നെ സ്ഥാനാരോഹണം ചെയ്തതും വളരെ പെട്ടെന്നായിരുന്നു. വലിയ താര പരിവേഷമുണ്ടായിരുന്ന എന്‍ടിആറിന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതോടു കൂടി അനുയായികളെ സംഘടിപ്പിക്കാനും തന്റെ പുതിയ സിദ്ധാന്തത്തിന് സ്വീകാര്യത നേടിയെടുക്കുന്നതിനും വലിയ ബുദ്ധിമുട്ടൊന്നും നേരിടേണ്ടി വന്നില്ലെന്നതാണ് പുസ്തകത്തില്‍ സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ജാഥയുടെയും പ്രചരണയാത്രയുടെയും മാതൃക എന്‍ടിആറാണ് മുന്നോട്ട് വച്ചത്. തന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ഉടന്‍ തന്നെ ‘ചൈതന്യ യാത്ര’ എന്ന പേരില്‍ എന്‍ടിആര്‍ ഒരു പര്യടനം നടത്തിയിരുന്നു. ആന്ധ്രയിലെ മുഴുവന്‍ മുക്കിലും മൂലയിലും ചെന്ന് ജനങ്ങളെ നേരില്‍ കണ്ട് പാര്‍ട്ടിയെക്കുറിച്ച് പറയാനും തന്റെ രാഷ്ട്രീയം പ്രസംഗിക്കാനുമായിരുന്നു ഈയവസരം അദ്ദേഹം വിനിയോഗിച്ചത്. യാത്രയ്ക്കിടെ കടന്നുപോവുന്ന വഴിയില്‍ ഇരുപത് പേർ സമ്മേളിച്ചിരിക്കുന്നത് കണ്ടാല്‍ പോലും എന്‍ടിആര്‍ വണ്ടി നിര്‍ത്തി പ്രസംഗിക്കുമായിരുന്നു. എന്‍ടിആറിന്റെ യാത്രയ്ക്കും യാത്രയ്ക്ക് ഉപയോഗിച്ച വാഹനത്തിനും വലിയ കൗതുകമുണര്‍ത്തുന്ന സവിശേഷതയാണ് പ്രകടമായിരുന്നത്. എന്‍ടിആറിന്റെ താമസവും പ്രസംഗ പീഠവും ആ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ തന്നെയായിരുന്നു. യാത്രയ്ക്കിടയില്‍ സ്വയം പാചകം ചെയ്യുക, സ്വന്തം വസ്ത്രം താന്‍ തന്നെ വഴിവക്കിലിരുന്ന് അലക്കുകയും കുളിക്കുകയും ചെയ്യുക തുടങ്ങിയ രീതികള്‍ ഒരേസമയം ജനങ്ങളില്‍ കൗതുകവും സ്വീകാര്യതയും ഉണ്ടാക്കി. ആ യാത്രയിലൂടെ വലിയൊരു എന്‍ടിആര്‍ തരംഗം സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു എന്നാണ് പിന്നീടുള്ള ഫലങ്ങൾ വ്യക്തമാക്കിയത്.
പ്രാദേശിക രാഷ്ട്രീയത്തിന്റെ അമരക്കാരന്‍
സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയവും എന്‍ടിആര്‍ മദ്രാസിലാണ് ചിലവഴിച്ചിരുന്നത്. ആയതിനാല്‍ തമിഴകത്തെ രാഷ്ട്രീയ പ്രകടനങ്ങളും രാഷ്ട്രീയ വികാസങ്ങളും എന്‍ടിആറിനെ സ്വാധീനിച്ചിരുന്നു. തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തില്‍ എന്‍ടിആര്‍ ആകൃഷ്ടനായിരുന്നു. അതുപോലെ വെള്ളിത്തിരയിലെ തന്റെ സുഹൃത്തായ എം.ജി. രാമചന്ദ്രന്‍ എന്ന എംജിആറിന്റെ രാഷ്ട്രീയ ഉയര്‍ച്ചയും എന്‍ടിആറിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം പോലെ തന്റെ സംസ്ഥാനത്തും സമാനമായ തദ്ദേശീയമായ രാഷ്ട്രീയം വളർത്തണമെന്ന് എന്‍ടിആര്‍ ഉറപ്പിക്കുന്നത് അങ്ങനെയാണ്. ചരിത്രത്തില്‍ ഉറങ്ങിക്കിടക്കുന്ന തെലുങ്ക് പാരമ്പര്യം ആളിക്കത്തിക്കാനാണ് പിന്നീട് എന്‍ടിആര്‍ ശ്രമിച്ചത്. തെലുങ്ക് ഭാഷയുടെ പോഷണം, ചരിത്രങ്ങളുടെ ഉല്‍ഖനനം, തെലുങ്ക് ജനത എന്ന തദ്ദേശീയമായ സ്വത്വ നിര്‍മ്മാണം തുടങ്ങിയ പ്രാദേശിക വികാരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ എന്‍ടിആര്‍ വിജയിച്ചു എന്ന് തന്നെ പറയാം. ആന്ധ്രാ രാഷ്ട്രീയത്തില്‍ വലിയ പങ്ക് വഹിക്കുന്ന വേറെയും ചില ഘടകങ്ങളുണ്ട്. അതിലൊന്നാണ് ജാതിയും ജാതി സമവാക്യങ്ങളും. എന്‍ടിആറിന്റെ പാര്‍ട്ടി ടിഡിപി ഒരു കമ്മ പാര്‍ട്ടി ആണെന്ന ആക്ഷേപം കോണ്‍ഗ്രസ് പാര്‍ട്ടി തുടക്കം മുതലേ ആരോപിച്ചിരുന്നു. എന്‍ടിആര്‍ കമ്മ ജാതിയില്‍ നിന്നുള്ള വ്യക്തിയായതിനാലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ റെഡ്ഡി മേധാവിത്വമുള്ളതിനാലുമാണ് ആ ആക്ഷേപം എന്നാണ് പറയപ്പെടുന്നത്. എന്‍ടിആറിന്റെ പ്രഖ്യാപനത്തില്‍ പക്ഷേ തന്റെ പാര്‍ട്ടി എല്ലാ തെലുങ്ക് ദേശക്കാരുടേതാണെന്നും ജാതി മത വ്യത്യാസമില്ലാ എന്നും അവകാശപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയ നായകന്‍
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ തട്ടകമായിരുന്നു ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ മൂന്ന് പതിറ്റാണ്ടോളം സംസ്ഥാനം അടക്കി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കേന്ദ്ര അധികാരത്തില്‍ നിന്നും കോണ്‍ഗ്രസ് പുറത്തായപ്പോള്‍ പോലും ആന്ധ്രാപ്രദേശ് കോണ്‍ഗ്രസിനെ ചേര്‍ത്തു പിടിച്ചിരുന്നു. അതുകൊണ്ട് തന്നെ ശ്രീമതി ഇന്ദിരാഗാന്ധിയുടെ പ്രിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു ആന്ധ്രാപ്രദേശ് എന്നാണ് പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നത്. പക്ഷേ എന്‍ടിആറിന്റെ രാഷ്ട്രീയ പ്രവേശത്തോട് കൂടിയാണ് 1983ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആന്ധ്രയില്‍ കാലിടറിയത്. അതുപോലെ തന്നെ ദേശീയ രാഷ്ട്രീയത്തിലും എന്‍ടിആര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജയപ്രകാശ് നാരായണന് ശേഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതര മുന്നണി രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതില്‍ നെടുനായകത്വം വഹിച്ച ആളാണ് എന്‍ടിആര്‍. വ്യത്യസ്ത സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെയും ബിജെപിയേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഒരുമിപ്പിച്ച് കൊണ്ട് നാഷണല്‍ ഫ്രണ്ട് എന്ന പേരില്‍ ദേശീയ മുന്നണി രൂപീകരിക്കുന്നതില്‍ എന്‍ടിആറാണ് പ്രധാന പങ്ക് വഹിച്ചത്. 1989ല്‍ നാഷണല്‍ ഫ്രണ്ട് മുന്നണി അധികാരത്തിലേറുകയും ചെയ്തിരുന്നു.
ഹിന്ദു പ്രതിഫലന രാഷ്ട്രീയത്തിന്റെ തുടക്കക്കാരന്‍
ഹിന്ദു സംസ്‌കാരത്തെയും ചിഹ്നങ്ങളെയും പ്രത്യക്ഷമായി ഉപയോഗപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയം പയറ്റിയ ചരിത്രമാണ് എന്‍ടിആറിനുള്ളത്. തന്റെ ചലച്ചിത്രങ്ങളില്‍ ധാരാളം ഹിന്ദു ഐതിഹ്യ കഥാപാത്രങ്ങളും ദേവന്മാരെയും ദൈവങ്ങളെയും എന്‍ടിആര്‍ അവതരിപ്പിച്ചിരുന്നു. അതിലൂടെയെല്ലാം ജനങ്ങളില്‍ വലിയ വിഭാഗത്തിനിടയില്‍ എന്‍ടിആറിന് വലിയ ദൈവിക പരിവേഷവും ഉണ്ടായിരുന്നതായി പുസ്തകത്തിലൂടെ വായിച്ചറിയുന്നുണ്ട്. രാമന്‍, കൃഷ്ണന്‍, അര്‍ജുനൻ, ഭീഷ്മർ, ഭീമൻ, രാവണന്‍, ദുര്യോദനന്‍, കിചകൻ, കര്‍ണൻ തുടങ്ങി പ്രാധാന്യമര്‍ഹിക്കുന്ന ഒട്ടേറെ ഹിന്ദു കഥാപാത്രങ്ങളായി എന്‍ടിആര്‍ വേഷമണിഞ്ഞിട്ടുണ്ട്. ഇതെല്ലാം ജനങ്ങളില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു. എന്‍ടിആറിന്റെ വേഷത്തിലും ജീവിത ശൈലിയിലും പ്രസംഗങ്ങളിലും ഒരു ഹൈന്ദവ പ്രാമുഖ്യം പ്രതിഫലിച്ചിരുന്നതായാണ് പറയുന്നത്.
ആന്ധ്രാ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും എന്‍ടിആര്‍ എന്ന ഇതിഹാസം വലിയ കോലിളക്കം സൃഷ്ടിച്ചവെങ്കിലും അദ്ദേഹത്തിന്റെ ജീവിതാവസാനം വളരെ ദയനീയവും വിവാദപൂരിതവുമായിരുന്നു. താന്‍ ഒറ്റക്ക് സ്ഥാപിക്കയും വളര്‍ത്തുകയും കെട്ടിപ്പടുക്കുകയും ചെയ്ത തന്റെ പാര്‍ട്ടി അവസാനം തന്നെ പിന്നില്‍ നിന്നും കുത്തിയ ദുര്‍വിധിയും എന്‍ടിആര്‍ എന്ന രാഷ്ട്രീയ വടവൃക്ഷത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ, അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് മരണം കടന്നുവന്നതിനാല്‍ ആ ദയനീയവസ്ഥയെ തരണം ചെയ്ത് കാണിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി. അല്ലായെങ്കില്‍ ആ ദുര്‍വിധിയേയും തരണം ചെയ്യാന്‍ എന്‍ടിആറിന് കഴിഞ്ഞേനേ. കാരണം, അതുപോലെ ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്ത് വിജയിച്ച പാരമ്പര്യമാണ് എന്‍ടിആറിനുള്ളത്. ചുരുക്കത്തില്‍, അത്തരത്തില്‍ വളരെ വലിയ സംഭവബഹുലമായ ചരിത്രങ്ങളുടെ ആഖ്യാനമാണ് ഈ പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. തീര്‍ച്ചയായും എല്ലാ രാഷ്ട്രീയ വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കേണ്ട പാഠമാണ് എന്‍ടിആറിന്റെ ജീവിതത്തില്‍ നിന്നും പഠിക്കുവാനുള്ളത്.
അദീബ് ടി.എച് – മഹാരാജാസ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകൻ.