വിശ്വാസപൂർവം മൻസൂർ: ഒരു എതിർവായന

മതേതര മുസ്‌ലിമിനു പോലും ഭരണകൂടത്തിന്‍റെ ഇസ്‌ലാമോഫോബിയ നേരിടേണ്ടി വരുന്നു എന്നതാണു സിനിമ ദുരന്തമായി കാണുന്നത്. എന്തിനെയാണോ താന്‍ എതിര്‍ത്തത് അതേ മതമൗലികവാദത്തിന്‍റെ ആരോപണമാണ് താന്‍ ഏറ്റുവാങ്ങേണ്ടിവന്നതെന്ന മന്‍സൂറിന്‍റെ പരിദേവനത്തില്‍ ‘മതേതരം’ എന്ന വിശുദ്ധപദവിയുടെ സുരക്ഷിതത്വം എത്രമാത്രം ഭരണകൂടത്താല്‍, നീതിന്യായ വ്യവസ്ഥകളാല്‍ നിയന്ത്രണവിധേയമാണെന്നു കാണാം.

പി.ടി. കുഞ്ഞിമുഹമ്മദ് സിനിമകളുടെ പൊതുസ്വഭാവത്തിൽ നിന്ന് ഒട്ടു വിഭിന്നമായാണ് വിശ്വാസപൂർവം മൻസൂർ അതിന്റെ രാഷ്ട്രീയം പങ്കുവെക്കുന്നത്. ‘പരദേശിയിലും’ മറ്റും അദ്ദേഹം പങ്കുവെച്ച ന്യൂനപക്ഷസമീപനത്തിന്റെ രാഷ്ട്രീയദിശ, ദേശീയതയുടെ പൊതുബോധയുക്തികളെ പിൻതാങ്ങുന്നതായിരുന്നുവെങ്കിൽ, ഇവിടെ ഒരു പടികൂടി കടന്ന് ദേശീയതയെ തെല്ലെങ്കിലും പ്രശ്നവൽക്കരിക്കാനും അതിനകത്തുനിന്നുകൊണ്ട് മുസ്‌ലിം പ്രാതിനിധ്യത്തെ ഉൾക്കൊള്ളാനും ശ്രമിക്കുന്നുണ്ട്. ഇരകളുടെ രാഷ്ട്രീയം ആവർത്തിക്കുമ്പോഴും ചില സവിശേഷചിന്തകളെ ഉണർത്തുന്നു എന്നതാണ് ഈ സിനിമയുടെ സമകാലിക പ്രാധാന്യം.

മലബാറിന്റെ പശ്ചാത്തലത്തിൽ പരദേശിക്കും വീരപുത്രനും ശേഷം ദേശീയതയെ മുൻനിർത്തി മറ്റൊരു വിഷയമാണ് വിശ്വാസപൂർവം മൻസൂർ എന്ന സിനിമയിലൂടെ പി.ടി. കൈകാര്യം ചെയ്യുന്നത്. ഇടതുസഹയാത്രികനും പൊതുപ്രവർത്തകനുമൊക്കെയായ മൻസൂർ ഒരു സിനിമ പിടിക്കാനുള്ള ആലോചനകളിലാണ്. ഉമ്മ ഫാത്തീബിയുടെ ഒരേയൊരു മകൻ. ചെറുപ്പത്തിലേ പിതാവു നഷ്ടപ്പെട്ട മൻസൂറിന് ഉമ്മയാണെല്ലാം. കൂട്ടുകാരുടെ സഹായത്തോടെ സിനിമയുടെ പ്രവർത്തനങ്ങൾക്കായി ഓടിനടക്കുന്നതിനിടയിൽ ഒരു ദിവസം തന്റെ വീട്ടിൽ അഭയാർഥികളായെത്തിയ ഒരമ്മയും മകളും മൻസൂറിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് സിനിമയുടെ കേന്ദ്രപ്രമേയം. ആരാണ് അപരൻ എന്ന ചോദ്യത്തെ നിരന്തരം ഉന്നയിക്കുന്ന രാഷ്ട്രീയത്തിന്റെ ഒരു ഉള്ളടക്കമെന്ന നിലയിലാണ് സിനിമ മുന്നോട്ടുപോകുന്നത്.

മുസ്‌ലിംകളെന്ന നിലയിൽ ബോംബേയിൽ ഹിന്ദുത്വഭീകരാൽ വേട്ടയാടപ്പെട്ട ഒരു കുടുംബത്തിലെ അനാഥരായ അമ്മയും മകളും അഭയാർഥികളായി വടക്കേമലബാറിലെ ഒരു ചെറുപട്ടണത്തിൽ, ‘മാളിയേക്കൽ തറവാട്ടിൽ’ പഴയ കുടുംബബന്ധം തിരഞ്ഞെത്തുന്നു. മാളിയേക്കൽ എന്ന വലിയ വീട്ടിൽ ആകെയുള്ളത് വിധവയായ ഫാത്തീബിയും മകൻ മൻസൂറും. സമീപവാസികളിലും ബന്ധുക്കളിലും സംശയത്തിന്റെ കരിനിഴൽ പതുക്കെപ്പതുക്കെ വളർന്നു പടരുന്നു.

ഫാത്തീബിയുടെ സഹോദരൻ കലന്തർഹാജിയും അതിനോടു വിപ്രതിപത്തി കാണിക്കുന്നു. പോലീസിൽ സമ്മർദം ചെലുത്തി അയാൾ അവരെ ചോദ്യം ചെയ്യിപ്പിക്കുന്നു. അതു മാധ്യമങ്ങളിൽ വാർത്തയാവുകയും മൻസൂർ നോട്ടപ്പുള്ളിയാവുകയും ചെയ്യുന്നു. ഇതിനിടയിൽ മൻസൂറിന്റെ ചങ്ങാതിക്കൂട്ടം അവന്റെ സിനിമയോടും അവനോടും അകലം പാലിച്ചുതുടങ്ങി. രാഷ്ട്രീയപ്രവർത്തനങ്ങളിൽ താൻ മാതൃകയായിക്കാണുന്ന ജയരാജേട്ടനെന്ന സഖാവിന്റെ പെങ്ങൾ സൗമ്യയുമായുള്ള അടുപ്പം വിവാഹത്തിലെത്താതെ വഴിപിരിയുന്നു. അവൾ മറ്റൊരാളെ വിവാഹം കഴിക്കുന്നു. ഇതിനിടയിൽ മൻസൂർ പെൺകുട്ടിയുമായി പ്രണയത്തിലാവുന്നു. അഭയാർഥിയായെത്തിയ ഉമ്മ കാൻസർ പിടിപെട്ട് മരിക്കുന്നു. മകന്റെ താൽപര്യമറിഞ്ഞ് ഫാത്തീബി, മുംതാസുമായുള്ള വിവാഹത്തിനു സമ്മതം പ്രകടിപ്പിക്കുന്നു. സ്വന്തം മകളെ മൻസൂറിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാനാഗ്രഹിച്ചിരുന്നെങ്കിലും കലന്തർ ഹാജിയും അതിനു വിസമ്മതിക്കുന്നില്ല. 

വിവാഹത്തിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകവേ പെട്ടന്നാണ് മുംബൈയിലെ കലാപത്തിൽ മരിച്ചെന്നു കരുതിയ ഫിറോസ് (മുംതാസിന്റെ പ്രതിശ്രുതവരൻ) മുംതാസിനെത്തേടി മാളിയേക്കലിലേക്ക് എത്തുന്നത്. അവളെ അയാളുടെ കൂടെ വിടുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല അമ്മക്കും മകനും. മൻസൂർ തീവ്രവാദിബന്ധം ആരോപിക്കപ്പെട്ടു പോലീസിന്റെ നോട്ടപ്പുള്ളിയാണെന്നുള്ള വാർത്തയറിഞ്ഞ് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മതവിശ്വാസികളായ രണ്ടുപേർ അവനെ കാണാനെത്തുന്നു. രാജ്യമെങ്ങും മുസ്‌ലിംകൾ വേട്ടയാടപ്പെടുന്നുവെന്നും അവരോട് ഐക്യപ്പെടണമെന്നും പറയുന്നു. മൻസൂർ സംവദിക്കാൻ കൂട്ടാക്കാതെ അവരെ ഒഴിവാക്കുന്നു. നാളുകൾക്കുള്ളിൽ അവരും പോലീസ് പിടിയിലാകുന്നു. കഠിനമായ മർദനത്തിനും ചോദ്യം ചെയ്യലിനുമൊടുവിൽ അവർ തങ്ങൾക്കു പരിചയമുള്ള നാട്ടുകാരെക്കുറിച്ചു പറയുന്ന കൂട്ടത്തിൽ മൻസൂറിനെക്കുറിച്ചും പറയുന്നു. അത് മൻസൂറിന്റെ അറസ്റ്റിലാണ് എത്തിക്കുന്നത്. കൊടിയ ശാരീരികപീഡനങ്ങളേറ്റുവാങ്ങുന്ന മൻസൂറിനെ ജയിലിൽ സന്ദർശിച്ചു തിരിച്ചെത്തിയ ഉമ്മ പെട്ടന്നു തലചുറ്റിവീണ് ആശുപ്രതിയിലാവുകയും തുടർന്നു മരണപ്പെടുകയും ചെയ്യുന്നു. ജാമ്യം ലഭിച്ചു പുറത്തുവന്നെങ്കിലും ഉമ്മയുടെ മരണത്തോടെ പൂർണമായും തകർന്ന്, തികച്ചും ഒറ്റയ്ക്കായ മൻസൂറിനെ കൂട്ടുകാർ പോലും അകറ്റിനിർത്തി. ദുസ്വപ്നപീഡിതമായ രീതികൾ പിന്നിട്ട്, ഏകാന്തജീവിതം മതിയാക്കി പാർട്ടി സെക്രട്ടറിക്ക് ഒരു കത്തെഴുതിവെച്ച് മൻസൂർ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിത്തിരിക്കുന്നു. ഇരുട്ടു വീണ വഴിവക്കിൽ വണ്ടി കാത്തുനിൽക്കുമ്പോൾ മുമ്പിൽ നിർത്തിയ ഓട്ടോയിൽ നിന്നും മുംതാസ് തോളത്തൊരു കൈക്കുഞ്ഞുമായി വന്നിറങ്ങുന്നു. ഫിറോസ് കൊല്ലപ്പെട്ട വിവരം അവളറിയിക്കുന്നു. എവിടേക്കും ഒളിച്ചോടാതെ ഇതേ മണ്ണിൽ പരസ്പരം ചേർന്നുനിന്നു പൊരുതാമെന്നവർ തീരുമാനിക്കുന്നിടത്ത് സിനിമ തീരുന്നു. 

പി. ടി. കുഞ്ഞുമുഹമ്മദ്‌

ആൺകൂട്ടം

മേൽ വിവരിച്ച കഥാഗതിക്കും അതിന്റെ ഉദ്വേഗഭരിതമായ പരിണതികൾക്കുമപ്പുറം എന്താണു സിനിമ അവശേഷിപ്പിക്കുന്നത് എന്ന ചോദ്യമാണ് നാം നേരിടേണ്ടത്. പൊതുപ്രവർത്തനവും കുടുംബവും സംബന്ധിച്ച പതിവു മധ്യവർഗയുക്തികൾക്കപ്പുറം സിനിമയുടെ സാമൂഹിക ചലനങ്ങളെ ഉണർത്തിയെടുക്കുന്നത് മൻസൂറും അയാളെ ചുറ്റിപ്പറ്റി നിൽക്കുന്ന സൗഹൃദങ്ങളുമാണ്. സിനിമയുടെ പരിധിക്കകത്ത് സാമൂഹികമായ വിമർശനശേഷിയുടെ കേന്ദ്രമായി നിലകൊള്ളുന്നത് ഈ ആൺകൂട്ടമാണ്. അവർക്കിടയിൽ ഇടക്കിടെ സൗമ്യയെന്ന പെൺകുട്ടിയുമുണ്ടെങ്കിലും ആ കൂട്ടുകെട്ടിനു മിക്കപ്പോഴും തന്നെ ഒരു ആൺമാതസ്വഭാവമാണുള്ളത്. ഇടതുബോധത്തിലൂന്നിയ ബുദ്ധിപരമായ ചർച്ചകളുടെ പുറംതൊലി മിന്നിമറയുമ്പോഴും അതിന്റെ ഉപരിപ്ലവസ്വഭാവം പ്രകടമാകുന്ന വൃന്ദമാണത്. കാശുണ്ടാക്കാനാണ് സത്യത്തിൽ അവരുടെ ആഗ്രഹം. ഗൾഫിലേക്കു പോകാൻ വിസ വന്നതിൽ സന്തോഷിക്കുന്ന ഒരാളാണ് അവരിലൊരുവൻ. മൻസൂറിന്റെ തീവ്രവാദിത്തം ആരോപിക്കപ്പെട്ട പത്രവാർത്തയിൽ പോലും അസൂയാലുക്കളാണ് കൂട്ടുകാർ. പബ്ലിസിറ്റി നല്ലതായാലും കെട്ടതായാലും പബ്ലിസിറ്റി തന്നെയാണത്രെ! സൗമ്യയുടെ വിവാഹശേഷം കൂട്ടുകാരിലൊരാൾ മദ്യസദസ്സിൽ പറയുന്നത്: “പിരിഞ്ഞകാമുകിയും പിരിഞ്ഞ പാലും പണ്ട് കാച്ചണ്ടതായിരുന്നു” എന്നാണ്. സ്ത്രീവിരുദ്ധതയെന്നു പറഞ്ഞുകൊണ്ടു തന്നെ അതിനോടു രൂക്ഷമായി പ്രതികരിക്കുന്ന മൻസൂറിന്റെ വാക്കുകളുടെ അകം വല്ലാതെ പൊള്ളയാക്കുകയാണ് സിനിമയിലെ സന്ദർഭങ്ങളേറെയും. നിന്നെപ്പോലത്തെ സുന്ദരികളായ പെൺകുട്ടികൾ സന്തോഷമായിരിക്കുന്നതു കാണാനാണ് ഞാനിഷ്ടപ്പെടുന്നതെന്നു മൻസൂർ പറയുന്നിടത്തൊക്കെ സ്ത്രീയെ തുല്യനിലയിൽ ഗൗരവമുള്ള മനുഷ്യപദവിയിൽ കാണുന്നില്ല എന്നതാണ് വ്യക്തമാകുന്നത്. പുതിയ വസ്ത്രം വാങ്ങിക്കൊടുത്തും പുറത്തു ചുറ്റാൻ കൊണ്ടുപോയുമൊക്കെ അവളെ സന്തോഷിപ്പിക്കാനാണ് അയാളുടെ ശ്രമം. ഉള്ളിൽ കഴമ്പില്ലാത്ത, ചിന്താശേഷിയില്ലാത്ത കാഴ്ച്ചവസ്തു മാത്രമായി സ്ത്രീയെ കാണുന്ന പാരമ്പര്യത്തെ കൈവിടാൻ മൻസൂറിനെപ്പോലെയുള്ളവർക്ക് എളുപ്പമല്ല. ജയരാജേട്ടന്റെ ഭാര്യ അയാളുടെ തിരക്കുകളെക്കുറിച്ചു കലഹിക്കുമ്പോൾ അതൊരു പതിവു അലോസരമായോ വിവരക്കേടായോ ആണ് പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്. പൊതുകാര്യവ്യഗ്രനായ, സൂക്ഷ്മമായിപ്പറഞ്ഞാൽ ഇടതുപൊതുബോധത്തിലാണ്ടു പോയ ആൺശീലങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ സാമുഹികപ്രതലം നെയ്തിരിക്കുന്നത്. നായകന്റെ മുൻകാമുകി സൗമ്യ വേറെ കല്യാണം കഴിക്കുന്നു, സ്വജാതിയിൽ നിന്നും. യാഥാസ്ഥിതികമായ ആചാരങ്ങളോടെ കല്യാണനിശ്ചയം നടത്തുന്നു. അവിടെ അമ്മയുടെ താൽപര്യങ്ങൾക്കു വഴങ്ങിയാണ് അത്തരം സ്വജാതീയ വിവാഹം എന്ന ന്യായം കൊണ്ടു പിടിച്ചുനിൽക്കാൻ ജയരാജൻ ശ്രമിക്കുന്നുണ്ട്. ആ വലിയ കുടുംബത്തെയും അമ്മയെയുമൊക്കെ വേദനിപ്പിക്കാനാവാത്തതുകൊണ്ടാണ് താൻ സൗമ്യയോടുള്ള പ്രണയത്തെ അവഗണിച്ചതെന്നു മൻസൂർ പറയുന്നുണ്ട്.

സിനിമക്കുള്ളിൽ ചർച്ച ചെയ്യുന്ന സിനിമാപിടുത്തത്തെക്കുറിച്ചു പറയുമ്പോഴെല്ലാം ചരിത്രരചനയുടെ രാഷ്ട്രീയത്തെ പ്രശ്നവൽക്കരിക്കുന്നുണ്ട്. ഏതോ ഒരു ചരിത്രത്തെ വീണ്ടെടുക്കുക, പുനർവായിക്കുക എന്ന വിപ്ലവകരമായ ശ്രമത്തിന്റെ പിന്നാലെയാണ് തങ്ങളെന്നാണ് മൻസൂറും കൂട്ടരും പറയുന്നത്.

നമ്മുടെ ചരിത്രത്തിലൂടെ കാണപ്പെടുന്ന വിപ്ലവപ്രസ്ഥാനങ്ങൾക്കും ജനാധിപത്യപ്രസ്ഥാനങ്ങൾക്കും ഒരു കൊളോണിയൽ ആശ്രിതത്വമുണ്ടെന്നാണ് മൻസൂറും കൂട്ടുകാരും തുടക്കത്തിലേ നടത്തുന്ന സിനിമാചർച്ചകളിൽ നിരീക്ഷിക്കുന്നത്. ചങ്ങാതിമാർ കൂട്ടുകൂടിയിരിക്കുന്നിടത്തേക്ക് എത്തുന്ന മൻസൂർ അവരുടെ കൈകളിലെ പുസ്തകങ്ങൾ നോക്കുന്നു. ‘ലോസ്റ്റ്‌ ഹിസ്റ്ററിയെന്നും’ ‘മോഷ്ടിക്കപ്പെട്ട പൈതൃകം’ എന്നുമൊക്കെയാണവയുടെ പേരുകൾ. മലയാളികൾ യഥാർഥത്തിൽ ചരിത്രത്തിൽ നിന്നും ഒളിച്ചോടുന്നവരാണെന്നും, മലയാളിക്കു മാനവികതയുടെയും പോരാട്ടത്തിന്റെയും മതേതരത്വത്തിന്റെയും അതിവിപുലമായ ഭൂതകാലമുണ്ടെന്നുമൊക്കെയുള്ള ഉപരിപ്ലവമായ പ്രസ്താവനകളിലാണ് സിനിമ ചരിത്രത്തെ സംബന്ധിച്ച സൈദ്ധാന്തികനിലപാടുകളെ കെട്ടിയിട്ടിരിക്കുന്നത്.

പുസ്തകം വായിക്കുന്ന പെണ്‍കുട്ടി 

പുസ്‌തകത്തിന്‍റെ ഹാങ്ങോവര്‍ മുംതാസിന്‍റെ പാത്രസൃഷ്ടിയിലും പി. ടി. ചെലുത്തുന്നുണ്ട്. മന്‍സൂറിന്‍റെ മുറി വൃത്തിയാക്കാനും മുഷിഞ്ഞ വസ്ത്രങ്ങള്‍ പെറുക്കിയെടുക്കാനുമൊക്കെയായി അവളവിടെ പെരുമാറുന്നുണ്ട്. ഓരോ ഘട്ടത്തിലും വിപ്ലവത്തെ സ്വപ്നം കാണുന്ന ഇടതുബോധത്തിന്‍റെ പ്രതിനിധാനമെന്ന നിലക്ക് അതിലെ സ്ത്രീവിരുദ്ധത ഒട്ടുംതന്നെ മന്‍സൂറിനെ അലട്ടുന്നില്ലെന്നതുപോട്ടെ, അവന്‍ അക്കാലത്തു വായിച്ചുകൊണ്ടിരുന്ന പുസ്തകമെടുത്തു നോക്കുമ്പോള്‍ അതവള്‍ വായിച്ചിട്ടുണ്ടാവുകയില്ലെന്നുറപ്പിച്ചു ചോദിച്ച ചോദ്യവും അതോടു ചേര്‍ത്തുവെക്കാം. രണ്ടുകൊല്ലം മുമ്പേ താനതു വായിച്ചുവെന്നവള്‍ പറയുമ്പോള്‍ മന്‍സൂറിന്‍റെ മുഖത്തുള്ള ചെറുതല്ലാത്ത അത്ഭുതാരാധന അൽപ്പത്തമാണുണര്‍ത്തുക. ജീവിതത്തില്‍ ഒരിക്കലും മനസ്സിലാവാത്ത പുസ്തകങ്ങള്‍ വായിച്ചുനടന്ന കാലത്ത് ഇങ്ങനെയെന്തെങ്കിലും തമാശ പഠിച്ചെങ്കില്‍ നന്നായിരുന്നേനെയെന്നാണു മുതാസ് പറയുന്നത്. ‘കമ്യൂണല്‍ റയറ്റ്സ്‌ ഇന്‍ പോസ്റ്റ് ഇന്‍ഡിപ്പെൻ‍ഡന്‍റ് ഇൻഡ്യ’ എന്ന പുസ്തകം പലപ്പോഴായി പെണ്‍കുട്ടിയുടെ കൈകളില്‍ കാണാം. 

നല്ല മുസ്‌ലിം/ചീത്ത മുസ്‌ലിം 

തുടക്കം മുതലേ പി.ടി. സിനിമകളില്‍ ഇരകളുടെ രാഷ്ട്രീയം പറയുന്ന ഒരു രീതിശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. അതിവിടെയും തുടരുന്നുണ്ട്. എങ്കിലും ചെറിയ മാറ്റം ഇത്തവണയുണ്ട്. മതേതര മുസ്‌ലിം ഇരയാവുന്നതിന്‍റെ പ്രശ്നമാണ് ഈ സിനിമയില്‍ വരുന്നത്. മുസ്‌ലിംകൾ പീഡിതരാണെന്നും അവര്‍ക്കായി സംഘടിക്കണമെന്നും പറയുന്നവരോട് മന്‍സൂര്‍ ഇടയുന്നു. മന്‍സൂറിനോടു പോലീസ്‌ ആരോപണത്തിന്‍റെ പേരില്‍ ഐക്യപ്പെടാനെത്തിയ അവര്‍ മന്‍സൂറിനെ മതേതരത്വത്തിന്‍റെ പൊള്ളത്തരത്തിന്‍റെ പേരില്‍ ആക്ഷേപിക്കുന്നു. കപടമായ ബിംബവല്‍ക്കരണത്തിന്‍റെ സന്ദര്‍ഭമാണിത്. ദീനിനുവേണ്ടി നിലകൊള്ളുന്നവര്‍ എന്ന നിലക്കു വാര്‍പ്പുമാതൃകകളായാണ്, യാഥാസ്ഥിതികരും മതമൗലികവാദികളുമായ ഈ രണ്ടു കഥാപാത്രങ്ങളും ചിത്രീകരിക്കപ്പെടുന്നത്. മതേതരനും ഇടതുമായ നായകന്‍റെ അപരമായാണവര്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. സിനിമയുടെ ആദ്യഭാഗത്തെ മന്‍സൂര്‍ ഇതു പൂര്‍ണമായും ശരിവെക്കുന്നു. കുടുംബത്തിനു വെളിയില്‍ എല്ലാ അര്‍ഥത്തിലും വിവിധ ജാതി-മതവിഭാഗങ്ങളുമായി ഇടകലര്‍ന്ന പൊതുജീവിതമാണയാള്‍ക്കുള്ളത്. അതിന്‍റെ പിന്തുണകളാണ് സൗഹൃദങ്ങളും സിനിമയും പാര്‍ട്ടിപ്രവര്‍ത്തനവും സൗമ്യയുമെല്ലാം. മതേതരനായ ഒരാളെ മുസ്‌ലിം തനിമയിലേക്ക് ഒതുക്കിത്തീര്‍ക്കുകയാണ് രണ്ടാം ഭാഗത്തില്‍ സിനിമ ചെയ്യുന്നത്. നല്ല മുസ്‌ലിം/ചീത്ത മുസ്‌ലിം എന്ന ദ്വന്ദ്വത്തിനകത്താണ് ഇതൊക്കെ പ്രവര്‍ത്തിക്കുന്നത്. മതേതര മുസ്‌ലിമിനു പോലും ഭരണകൂടത്തിന്‍റെ ഇസ്‌ലാമോഫോബിയ നേരിടേണ്ടി വരുന്നു എന്നതാണു സിനിമ ദുരന്തമായി കാണുന്നത്. എന്തിനെയാണോ താന്‍ എതിര്‍ത്തത് അതേ മതമൗലികവാദത്തിന്‍റെ ആരോപണമാണ് താന്‍ ഏറ്റുവാങ്ങേണ്ടിവന്നതെന്ന മന്‍സൂറിന്‍റെ പരിദേവനത്തില്‍ ‘മതേതരം’ എന്ന വിശുദ്ധപദവിയുടെ സുരക്ഷിതത്വം എത്രമാത്രം ഭരണകൂടത്താല്‍, നീതിന്യായ വ്യവസ്ഥകളാല്‍ നിയന്ത്രണവിധേയമാണെന്നു കാണാം. മതേതരനായ  മന്‍സൂറിന്‍റെ വേദനകള്‍ക്കൊപ്പമാണ് സിനിമ, മറ്റു രണ്ടു കഥാപാത്രങ്ങള്‍ക്കൊപ്പമല്ല. കാരണം അവര്‍ പ്രായോഗിക മുസ്‌ലിംകളാണ്. പൊതുബോധത്തെ സംബന്ധിച്ചിടത്തോളം അവര്‍ അപരരാണ്, ക്രിമിനലുകളാണ്. അവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല! മന്‍സൂറിന്‍റെ വിശ്വാസം പാര്‍ട്ടിയോടാണ്, മതത്തോടല്ല എന്നു സിനിമ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനാവുന്നതിലധികമാണു യാഥാർഥ്യങ്ങള്‍ എന്നു ധ്വനിപരമായി പറയാന്‍ ഈ സിനിമക്കു സാധിച്ചിട്ടുണ്ട്. സിനിമക്കുള്ളിലെവിടെയും മതപരമായ മുസ്‌ലിം ജീവിതത്തിന്‍റെ ശൈലികള്‍, ജീവിതപരിസരങ്ങള്‍ എന്നിവ സവിശേഷമായി കടന്നുവരാത്ത മട്ടിലാണ് അടയാളപ്പെട്ടുകിടക്കുന്നത്. ഭക്ഷണം, പ്രാര്‍ഥന, ഖുർആൻ തുടങ്ങിയ മുസ്‌ലിം ശൈലീപരിസരങ്ങളെ ബോധപൂര്‍വം അദൃശ്യമാക്കിയ ദൃശ്യപ്രതലമാണ് ഇവിടെയുള്ളത്. 

ജാതി

ഇടതുവിപ്ലവബോധത്തിന്‍റെ പരിമിതികളെ ധ്വനിപരമായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതായി തോന്നുന്ന ചില സന്ദര്‍ഭങ്ങളെങ്കിലും സിനിമയിലുണ്ട്. അതിലൊന്നാണ് മന്‍സൂറിനെ തീവ്രവാദിബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് സൗമ്യയുടെയും മന്‍സൂറിന്‍റെ സുഹൃത്തുക്കളുടെയും പ്രതികരണങ്ങള്‍. ഇങ്ങനെയിരുന്നാല്‍ മതിയോ എന്ന ചോദ്യത്തിന്, നേതാവു ജയരാജേട്ടന്‍ കണ്ണുതുറക്കേണ്ട സമയമായി എന്നു പറയുന്നുണ്ട്. ഇതേ ജയരാജനെ ഇടതുപ്രവര്‍ത്തകന്‍റെ പതിവു ശരീരഭാഷയുടെയും വിവാഹകാര്യത്തിലുള്ള ഇരട്ടത്താപ്പിന്‍റെയും പേരില്‍ നമുക്കു പരിഹാസം തോന്നുമെങ്കിലും പാര്‍ട്ടി ജില്ലാക്കമ്മിറ്റിയംഗം ദാമോദരന്‍ സഖാവ് മന്‍സൂറുമായുള്ള ചങ്ങാത്തത്തെക്കുറിച്ചു നടത്തുന്ന പരാമര്‍ശങ്ങളോടയാള്‍ തുടക്കത്തില്‍ മുരത്താണ് പ്രതികരിക്കുന്നത്. മറ്റൊരു സന്ദര്‍ഭം മറ്റൊരാളുമായി വിവാഹമുറപ്പിച്ച സൗമ്യ മന്‍സൂറിനെ കാണാന്‍ ശ്രമിക്കുന്ന രംഗമാണ്. സൗമ്യയോടു പ്രണയമുണ്ടായിട്ടും അതുള്ളിലൊതുക്കുകയാണ് ചെയ്തതെന്നയാള്‍ പറയുന്നു. നാമെന്തൊക്കെ പറഞ്ഞാലും, എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും ജാതിയും മതവുമൊക്കെ ഇവിടെയുണ്ടെന്ന് അയാള്‍ സമ്മതിക്കുന്നു. അതിനെ മറികടക്കാനാവാത്തവണ്ണം താന്‍ ദുര്‍ബലനാണെന്നയാള്‍ തിരിച്ചറിയുന്നുണ്ട്. ദാമോദരന്‍ സഖാവു പറയുന്നതു പോലെ, വ്യവസ്ഥകള്‍ക്കു കീഴടങ്ങുന്ന അയാള്‍ അവിടെ ഒരു കമ്മ്യൂണിസ്സല്ലാതായി മാറുന്നു. 

അതേ മന്‍സൂര്‍ തന്നെക്കാണാന്‍ വന്നവരോട് മുസ്‌ലിംകൾ മതത്തിന്‍റെ പേരില്‍ പീഡിതരാണെന്നും അവരുമായി  ഐക്യപ്പെടണമെന്നും പറഞ്ഞതിന് കലഹിക്കുന്നു. അവരെ തീവ്രവാദികളെന്നും മതമൗലികവാദികളെന്നും പറഞ്ഞ് ആട്ടിയകറ്റുന്നു.

ജാതിയുടെയും മതത്തിന്‍റെയും അസമത്വങ്ങളെക്കുറിച്ചും അധികാര ബലതന്ത്രങ്ങളെക്കുറിച്ചും ആര്‍ക്കാണു സംസാരിക്കാന്‍ അവകാശം? തീര്‍ച്ചയായും അതൊരു മതേതരവാദിക്കുമാത്രം. മതേതരത്വത്തെ സ്വപ്നത്തിലെങ്കിലും സംശയിച്ച ഒരാള്‍ക്കും അത്തരമൊരു കര്‍തൃത്വശേഷി അഥവാ നിര്‍വാഹകത്വം ഭരണകൂടം അനുവദിക്കില്ലതന്നെ. മതേതരാനന്തര ബോധങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ മതപരതയോടുള്ള കടുത്ത സംശയവും അപരത്വഭീതിയുമാണ് ഈ സിനിമ പങ്കുവെക്കുന്നതെന്നു പറയാം. അതായത് മന്‍സൂറിന്‍റെ വിശ്വാസം അയാളെ നിലംപരിശാക്കിയ കപടവും ഹൈന്ദവവുമായ മതേതരത്വത്തോടു തന്നെയാണ് എന്നർഥം. ഏതു വിധേനയും അതിനെ (ആ വലിയ  കുടുംബത്തെയും അമ്മയെയും) മുറിവേൽപ്പിക്കാതിരിക്കാനാണ് സിനിമയും ശ്രമിക്കുന്നത്. തന്‍റെ കർതൃത്വത്തെ കയ്യൊഴിഞ്ഞ്, മതപരമായ ജീവിതങ്ങളുടെ കുറ്റവാളിവല്‍ക്കരണത്തില്‍ നിസ്സംഗത പാലിക്കാൻ അയാള്‍ക്കു കഴിയുന്നതും അതുകൊണ്ടാണ്.

 

Top