ദലിത് വോയ്‌സും ഏഴിൽമലൈയുടെ ജീവിതവും: ഒരു ഓർമ

ദലിത് വോയ്‌സിന്റെ കാലത്ത് വി.ടി.രാജശേഖരന്റെ ടീമിൽ സെക്കന്റ് പൊസിഷനിലായിരുന്നു കഴിഞ്ഞ മേയ് ആറിന് അന്തരിച്ച ഏഴിൽമലൈ. ദലിത് ഏഴിൽമലൈ എന്ന പേരിൽ പൊതുവെ അറിയപ്പെട്ടിരുന്ന ഏഴിൽമലൈ ദലിത് ചിന്തകനും ആക്ടിവിസ്റ്റും ഒരു കാലഘട്ടത്തിലെ അൺപോപുലർ രാഷ്ട്രീയത്തിന്റെ വക്താവുമായിരുന്നു. വി.പ്രഭാകരൻ എഴുതുന്നു.

ദലിത് വോയ്‌സിന്റെ കാലത്ത് വി.ടി.രാജശേഖരന്റെ ടീമിൽ സെക്കന്റ് പൊസിഷനിലായിരുന്നു കഴിഞ്ഞ മേയ് ആറിന് അന്തരിച്ച ഏഴിൽമലൈ. ദലിത് ഏഴിൽമലൈ എന്ന പേരിൽ പൊതുവെ അറിയപ്പെട്ടിരുന്ന ഏഴിൽമലൈ ദലിത് ചിന്തകനും ആക്ടിവിസ്റ്റും ഒരു കാലഘട്ടത്തിലെ അൺപോപുലർ രാഷ്ട്രീയത്തിന്റെ വക്താവുമായിരുന്നു.

ദലിത് വോയ്‌സിലെ അംബേഡ്കർ

ദലിത് വോയ്‌സിൽ അംബേഡ്കറുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുന്ന സമയത്തെല്ലാം ഏഴിൽമലൈയുമായാണ് വിടിആർ ചർച്ച ചെയ്തിരുന്നത്. തന്റെ ഒരു ഗൈഡ് ആയി തന്നെ ഏഴിൽമലൈയെ താൻ കണ്ടിരുന്നു എന്ന് വിടിആറിന്റെ വാക്കുകളിൽ നിന്നു മനസ്സിലാകാം. അംബേഡ്കർ- ദലിത് സംബന്ധിയായ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏഴിൽമലൈയെ ഒരു അതോറിറ്റിയായിട്ട് തന്നെയായിരുന്നു വിടിആർ കണ്ടിരുന്നത്. ഇത് തന്നെയാണ് ഏഴിൽമലൈയെ ദലിത് വോയ്‌സിൽ ഉയർന്ന സ്ഥാനത്തേക്ക് എത്തിക്കുന്നതും.

ദലിത് ഏഴിൽമലൈ

കോളണിവൽക്കരണത്തിന് ശേഷം തമിഴ്നാട്ടിൽ അംബേഡ്കറിനെ ഏറ്റവും കൂടുതൽ വായിച്ചതും അറിഞ്ഞതും ഏഴിൽമലൈയായിരിക്കും. കാരണം അംബേഡ്കർ വിഷയത്തിൽ അദ്ദേഹം അത്രത്തോളം അഗ്രഗണനീയനായിരുന്നു. അംബേഡ്കറുടെ ഏകദേശം മുഴുവൻ കൃതികളും പ്രസംഗങ്ങളും ഉള്ളറിഞ്ഞ് മനസിലാക്കിയയാളാണ് അദ്ദേഹം. അംബേഡ്കർ ചർച്ച ചെയ്ത ഏതൊരു കാര്യവും പറഞ്ഞു കൊടുത്താൽ അത് ഏത് പുസ്തകത്തിൽ നിന്നാണെന്നും അങ്ങനെ ഒരു വിഷയം അംബേഡ്കർ ചർച്ച ചെയ്യാൻ ഉണ്ടായ സാഹചര്യത്തെയും അദ്ദേഹത്തിനു വ്യക്തമായറിയാം. അംബേഡ്കർ എന്ന പ്രായോഗിക – വൈജ്ഞാനിക ധിഷണയുമായി അത്രക്കും അടുത്ത് ഇടപഴകാൻ വ്യക്തിപരമായി തുനിഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ദലിത് വോയ്‌സിനെ സംബന്ധിച്ചെടുത്തോളം അദ്ദേഹം വലിയ ഒരു മുതൽക്കൂട്ടായിരുന്നു. വി.ടി.രാജശേഖറിന്റെ കാഴ്ചപ്പാടിനു ഒരു ദലിത് രാഷ്ട്രീയ മുഖം നൽകാൻ സാധിച്ചത് ഏഴിൽമലൈയിലൂടെയാണ് എന്നതാണ് വാസ്തവം. ഇത്തരത്തിൽ വളരെ പ്രധാനപെട്ട പല റോളുകളും ഏഴിൽമലൈയ്ക്ക് ഉണ്ടായിരുന്നു.

പ്രഭാഷകനും എഡിറ്ററും

ഒരു ദലിത് ചിന്തകൻ/സാഹിത്യകാരൻ എന്നതിലുപരി അദ്ദേഹം ഒരു പ്രഭാഷകൻ കൂടിയായിരുന്നു. തമിഴിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഒരുപോലെ ജനമനസുകളെ ഒന്നടങ്കം തന്റെ വിഷയത്തിലേക്ക് ആകർഷിപ്പിക്കാൻ ഉതകുന്ന വിധത്തിലുള്ള വാഗ്വിലാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഏഴിൽമലൈ ഡൽഹിയിൽ വെച്ച് ഹിന്ദിയിൽ നടത്തിയ പ്രഭാഷണം കേട്ട പലരും അതിനെ വല്ലാതെ പ്രശംസിക്കുന്നതു കണ്ടിട്ടുണ്ട്. സാധാരണ പ്രഭാഷകരിൽ നിന്ന് മാറി മനസ്സ് മനസിനോട് സംസാരിക്കുന്ന രീതിയിലുള്ള ഒരു പ്രഭാഷണ ശൈലിയും ശബ്ദവുമായിരുന്നു അദ്ദേഹത്തിന്റേത്.

ദലിത് വോയ്സിന്റെ ഉള്ളടക്കം രൂപപ്പെടുത്തുന്നതിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. ദലിത് വോയ്‌സ് ആദ്യമായി ഇറങ്ങുന്ന സമയത്ത് അതിന്റെ ഘടനക്കും ഉള്ളടക്കത്തിനും പറ്റുന്ന രീതിയിൽ മാഗസിൻ രൂപപ്പെടുത്തുന്നതിൽ ഏഴിൽമലൈയായിരുന്നു പ്രധാന പങ്ക് വഹിച്ചിരുന്നത്.

വ്യക്തി അനുഭവം

ഗോപിനാഥ് മേപ്പയിൽ എന്ന യുക്തിവാദി ചിന്തകൻ മുഖേനയാണ് ഞാൻ ദലിത് വോയ്‌സ്‌ പരിചയപ്പെടുന്നത്. ദലിത് വോയ്‌സിലൂടെയാണ് എഴിൽമലൈയെ പരിചയപ്പെടുന്നത്. ഇൻഡ്യയിൽ തനിക്ക് വരുത്താൻ കഴിയുന്നത്ര പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും സംഘടിപ്പിക്കുക എന്നതായിരുന്നു ഗോപിനാഥിൻ്റെ സ്വഭാവം. അതിന്റെ ഭാഗമായിട്ട് തന്റെ വീട്ടിൽ ഒരു വലിയ ലൈബ്രറി തന്നെ അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. ഈ ലൈബ്രറിയിലേക്കുള്ള അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തിൽ ദലിത് വോയ്‌സിന്റെ ആദ്യ ലക്കം ഇറങ്ങുന്നതിന് മുൻപ് ഇറക്കിയ പ്രി-ഇഷ്യു കാണാനിടയായി. അതിൽ ദലിത് വോയ്‌സ് മുന്നോട്ടുവെച്ച എല്ലാ നിരീക്ഷണങ്ങളും തികച്ചും എൻ്റേതു തന്നെയായിരുന്നു. അങ്ങനെയാണ് ദലിത് വോയ്‌സിലും വിടിആറിലും ഏഴിൽമലൈയിലും ഞാനെത്തുന്നത്. അതിലെ ചിന്തകൾ നല്ലൊരു പങ്ക് ഏഴിൽമലൈയുടെതായിരുന്നു. അതായത് ദലിത് ചിന്തകന്മാർ ഇന്നത്തെ സാഹചര്യം വിലയിരുത്തി പഠിച്ച് ചിന്തിക്കുന്ന പല കാര്യങ്ങളും ഏഴിൽമലൈ നേരത്തെ ചിന്തിച്ച് മനസിലാക്കി പരിഹാര മാർഗങ്ങൾ മുന്നോട്ട് വെച്ചിരുന്നു.

ദലിത് വോയ്‌സിന്റെ ലക്കങ്ങൾ

തമിഴ് ഭാഷയിലുള്ള ഏഴിൽമലൈയുടെ പല പ്രഭാഷണങ്ങളും എറണാകുളം ടൗണിലടക്കം പല പ്രാവശ്യങ്ങളിലായി നടന്നിരുന്നിട്ടുണ്ട്. എല്ലാവർക്കും ഒരുപോലെ പെട്ടെന്ന് ഉൾക്കൊള്ളുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ മിക്കതും. ഏത് വിഷയമായാലും അംബേഡ്കറുമായി ബന്ധപ്പെടുത്തി സംസാരിക്കാൻ കഴിയുക എന്നത് അക്കാലത്ത് ഏഴിൽമലൈയുടെ മാത്രം ഒരു പ്രത്യേക കഴിവായിരുന്നു.

രാഷ്ട്രീയ രംഗപ്രവേശനം

പിന്നീട് ഇതിൽ നിന്നൊക്കെ ഒരു മാറ്റം വരുന്നത് ഏഴിൽമലൈയുടെ കക്ഷിരാഷ്ട്രീയത്തിലേക്കുള്ള വരവോടു കൂടിയാണ്. താൻ പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഒക്കെ സമൂഹത്തിൽ പ്രാവർത്തികമാക്കാൻ രാഷ്ട്രീയ അധികാരം വേണം എന്ന ഒരു ചിന്ത വന്ന സമയത്താണ് തമിഴ്‌നാട്ടിലെ പട്ടാളി മക്കൾ കച്ചി നേതാവും വിടിആറിന്റെ അടുത്ത സുഹൃത്തുമായിരുന്ന ഡോക്ടർ രാംദാസ് കടന്നു വരുന്നത്. മുസ്‌ലിം, ദലിത്, ഒബിസി വിഭാഗങ്ങൾ ഉള്ളടങ്ങിയ ഒരു പാർട്ടിയെ കുറിച്ചുള്ള ചർച്ച ഡോക്ടർ രാംദാസ് നടത്തുന്നതും ഇതിനെ തുടർന്നാണ്. അക്കാലത്ത് ഈയൊരു പുരോഗമന ചിന്ത വിടിആർ വേഗം സ്വീകരിക്കുകയും അതിനെത്തുടർന്ന് ദലിത് മേഖലയിൽ നിന്നും സമുദായ പ്രതിനിധിയായി പ്രഗൽഭനായ ഒരാൾ വേണം എന്ന് രാംദാസ് ആവശ്യപ്പെടുകയും ചെയ്തപ്പോൾ വിടിആർ ഏഴിൽമലൈയെ നിർദേശിക്കുകയാണ് ചെയതത്. ഇതറിഞ്ഞ ഏഴിൽമലൈ ആദ്യമൊക്കെ വിടിആറിന്റെ നിർദ്ദേശം തള്ളാൻ ശ്രമിച്ചെങ്കിലും വിടിആറിന്റെ കടുത്ത സൗഹൃദ സമ്മർദ്ദം മൂലവും ദലിത്, ഒബിസി, മുസ്‌ലിം ശക്തികൾ ഒരുമിച്ചു കൂടിയാൽ തമിഴ്‌നാട്ടില്‍ൽ ഉണ്ടാകുന്ന സ്വാധീന ശക്തിയെ ഓർത്തു കൊണ്ടും ആ പദവി സ്വീകരിക്കുകയായിരുന്നു.

ആദ്യം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ഏഴിൽമലൈ പിന്നീട് അദ്ദേഹത്തിന്റെ സമർപ്പണ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി എംപിയായി മത്സരിച്ചു. കക്ഷി രാഷ്ട്രീയത്തിൽ പ്രവേശിച്ച കാരണത്താൽ അദ്ദേഹത്തിന്റെ ഉറച്ച ഐഡിയോളജിയിൽ ഒക്കെ പതിയെ പതിയെ മാറ്റങ്ങൾ വന്നു തുടങ്ങി.

വി.ടി.രാജശേഖർ

പിന്നീട് രാഷ്രീയ നീക്കങ്ങളുടെ ഭാഗമായി പട്ടാളി മക്കൾ കച്ചി ബിജെപിയുമായി സഖ്യം ചേർന്നപ്പോൾ അവരുടെ പാർട്ടിക്ക് ഒരു മന്ത്രിപദത്തിനുള്ള അധികാരം കൊടുത്തിരുന്നു. ആ സമയം ഈ പദവി ഏറ്റവും കൂടുതൽ ചേരുക ഏഴിൽമലൈയ്ക്കാണ് എന്ന് മനസിലാകുകയും അദ്ദേഹത്തെ നോമിനേറ്റ് ചെയ്യുകയും ചെയ്തു. രാഷ്ട്രീയ രംഗത്ത് അത്രക്കും മികവ് കാണിച്ചിരുന്നു ഏഴിൽമലൈ.

വണ്ണിയർ സമുദായവും ദലിതരും തമ്മിൽ വലിയ പ്രശ്നങ്ങൾ ആദ്യകാലം മുതൽക്കേ ഉണ്ടായിരുന്നു. അതിനാൽ അവർക്ക് പട്ടാളി മക്കൾ കച്ചിയുടെ ബിജെപി സഖ്യം പെട്ടെന്ന് ഉൾകൊള്ളാൻ സാധിച്ചിലായിരുന്നു. എങ്കിലും രാംദാസിന്റെ മികവുറ്റ കഴിവ് കൊണ്ട് തന്നെ എന്നു പറയാം, അദ്ദേഹം വണ്ണിയർ സമുദായത്തെ പറഞ്ഞ് മനസിലാക്കി ഒതുക്കി നിർത്തി. പിന്നീട് ഏഴിൽമലൈ ബിജെപി ഗവണ്മെന്റിലെ സ്വതന്ത്ര ചുമതലയുള്ള ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് പാർട്ടിക്ക് അകത്ത് തന്നെ പല പ്രശ്നങ്ങൾ ഉണ്ടാവുകയും അത് വ്യക്തിപരമായും സാമൂഹികപരമായും ബാധിക്കുകയും ചെയ്തപ്പോൾ അദ്ദേഹം സ്വയം തന്നെ ആ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു.

രാഷ്ട്രീയത്തിൽ വരുന്നതിനു മുമ്പുള്ള ഐഡിയോളജി അല്ല അതിനു ശേഷം കണ്ടത്. പ്രായോഗിക രാഷ്ട്രീയ രംഗത്തേക്ക് വന്നാൽ സംശുദ്ധമായ നിലപാട് പൂർണ രീതിയിൽ നടക്കില്ല എന്ന് ഏഴിൽമലൈയുടെ ജീവിതത്തിൽ നിന്ന് മനസിലാക്കാം.

മുസ്‌ലിം സമുദായത്തിൽ ഏഴിൽമലൈക്ക് വലിയ തോതിലുള്ള സ്വാധീനം ഉണ്ടായിരുന്നു. അതിനാൽ തന്നെ പല മുസ്‌ലിം സംഘടനകളും ഏഴിൽമലൈയുടെ നേതൃത്വം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

മന്ത്രി പദവിയിലേക്ക് വരുന്നതിന് മുൻപ് ഡൽഹി കേന്ദ്രികരിച്ച് ദലിത് വോയ്സ് പ്രസാധനം ഉണ്ടായതുകൊണ്ട് തന്നെ ക്യാബിനറ്റിലേക്ക് വരുന്നതിന് മുൻപായി ഡൽഹിയിൽ അദ്ദേഹത്തിനു നല്ല പരിചയമുണ്ടായിരുന്നു. ഡൽഹി പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ദീർഘകാല സേവന പരിചയവും അദ്ദേഹത്തിനുണ്ടായിരുന്നു.

ബാംഗ്ലൂരിലെ കാലാവസ്ഥ മോശമായതിനാൽ വിടിആറിന്റെ നേതൃത്വത്തിൽ ദലിത് വോയ്‌സിന്റെ പ്രസാധനം അവിടെ നിന്നും അക്കാലത്ത് മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ദലിത് വോയ്‌സ് അവിടെ കുറച്ചുകാലമേ നിലനിന്നിരുന്നുള്ളു. പിന്നീട് പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് പ്രസിദ്ധീകരണം നിർത്തിവെക്കുകയായി.

ബിജെപി പാളയത്തിലേക്ക് ആ പാർട്ടി വഴിമാറും എന്ന് വിടിആർ മുൻകൂട്ടി കണ്ടിരുന്നില്ലായിരുന്നു. പാർട്ടിയുടെ ബിജെപിയുമായുള്ള സഖ്യത്തിലാണെങ്കിലും ഒരു പ്രധാന പദവി ഏഴിൽമലൈയ്ക്ക് കിട്ടിയതു മുതൽ ദലിതുകൾക്ക് വേണ്ടി ഒരുപാടു കോളേജുകൾ സ്ഥാപിക്കുന്നതിനും തന്റെ നാട്ടിൽ ഒരു മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിലും അദ്ദേഹം പൂർണമായി വിജയിച്ചിരുന്നു. ബ്രാഹ്മണ വിരുദ്ധ മുന്നേറ്റത്തിന്റെ പിതാവായി അറിയപ്പെടുന്ന അയോതി ദാസിന്റെ പേരിലായിരുന്നു അദ്ദേഹം മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. പക്ഷേ ഇങ്ങനെ ഒരു ദലിത് മഹാന്റെ പേരിൽ കോളേജ് സ്ഥാപിക്കുന്നതിൽ സ്വാഭാവികമായും വണ്ണിയർ സമുദായത്തിൽ നിന്നുണ്ടാകുന്ന പല ഭീഷണികളും ഏഴിൽമലൈ നേരിട്ടിരുന്നു. ഇത്തരത്തിൽ ദലിത് സമൂഹത്തിന് വേണ്ടി ഇരുപതാം നൂറ്റാണ്ടിൽ പിറന്ന അപൂർവ ജീവിതമായിരുന്നു ഏഴിൽമലൈയുടേത്.

 

കേട്ടെഴുത്ത്: ജുറൈസ്

Top