ഭീകരവേട്ട, സമുദായം, വിശ്വാസം: മഅ്‌ദനി സംസാരിക്കുന്നു

നിരപരാധികളായി കാരാഗ്രഹങ്ങളിൽ അടക്കപ്പെട്ട അനേകം സഹോദരങ്ങൾക്ക് ജീവിക്കാനുള്ള പ്രേരണ നൽകുന്നത്, അവരുടെ പ്രിയപ്പെട്ട മാതാക്കളാണ്. അവരെ ഏറ്റവുമധികം വേദനിപ്പിക്കുന്നതും പ്രിയപ്പെട്ട മാതാവ് ജീവിതത്തിൽ നിന്നു വേർപിരിയുന്നതാണ്. സിദ്ദീഖ് കാപ്പന്റെ മാതാവിന്റെ നിര്യാണത്തെ തുടർന്ന് ‘മൈനോരിറ്റി റൈറ്റ്സ് വാച്ച്’ സംഘടിപ്പിച്ച പരിപാടിയിൽ മഅ്‌ദനി നടത്തിയ സംസാരം.

സഹോദരങ്ങളെ, ജാമ്യം കിട്ടിയെങ്കിലും ഇരുൾ മറക്കു പിന്നിലെന്ന പോലെയാണല്ലോ ഞാനിപ്പോഴും. അതുകൊണ്ടുതന്നെ, സാമൂഹിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ കഴിയാറില്ല. സിദ്ദീഖ് കാപ്പന്റെ ഉമ്മയുടെ വിയോഗത്തെ കുറിച്ചറിഞ്ഞപ്പോൾ, എനിക്കെന്റെ പ്രിയപ്പെട്ട ഉമ്മയെയാണ് ആ സ്ഥാനത്ത് ഓർമ വന്നത്. സിദ്ദീഖ് കാപ്പൻ അങ്ങകലെ കാരാഗ്രഹത്തിനുള്ളിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സംഘർഷങ്ങൾ എന്തായിരിക്കുമെന്ന് വളരെ കൃത്യമായി, അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കാനാവുന്ന ഒരാളാണല്ലോ ഞാൻ. കോയമ്പത്തൂർ ജയിലിൽ ആയിരിക്കുമ്പോളാണ്, വളരെ ചെറുപ്പം മുതൽ എന്നെ ശാസിച്ചും സ്‌നേഹിച്ചും വളർത്തിയ വാപ്പയുടെ ഉമ്മ മരണപ്പെടുന്നത്. അന്ന് കോയമ്പത്തൂർ ജയിലിൽ 167 പേരുകൾ പ്രതിചേർക്കപ്പെട്ട കേസിലായിരുന്നു എന്നെ ഉൾപ്പെടുത്തിയിരുന്നത്. അതിൽ 166 പേർക്കും പരോൾ കിട്ടിയിട്ടുണ്ട് എന്നു പറയുമ്പോൾ, എന്നെ അവർ എത്രമാത്രം വിഷമിപ്പിച്ചിരുന്നു എന്നതു പറയേണ്ടതില്ലല്ലോ. മലയാളികളായ ആർമി രാജു, അഷ്‌റഫ്, കയ്യപ്പൻ, എന്നീ സഹോദരങ്ങൾക്ക് അന്നു പരോൾ കിട്ടുന്നത് നാട്ടിലേക്കു വരാൻ വേണ്ടിയായിരുന്നില്ല.

ഒരാളൊഴികെ ബാക്കിയുള്ളവർക്ക് കോയമ്പത്തൂർ തന്നെയുള്ള ഒരു സഹതടവുകാരന്റെ വിലാസത്തിൽ അപേക്ഷ നൽകിയാൽ കുടുംബവുമായി ഒരു ദിവസം ചിലവഴിക്കാൻ കോടതി അനുമതി നൽകുമായിരുന്നു. എന്നെ ജയിൽ വളപ്പിനു പുറത്തു കൊണ്ടുപോകരുത് എന്ന സർക്കാർ വിലക്ക് ഉണ്ടായിരുന്നതു കൊണ്ട്, കോടതി വിചാരിച്ചാലും പരോൾ ലഭിക്കുമായിരുന്നില്ല. എങ്കിലും എന്റെ പ്രിയപ്പെട്ട വാപ്പയുടെ ഉമ്മ മരണപ്പെട്ട അവസരത്തിൽ, അവരെ കാണുവാനും സംസ്കരിക്കുവാനും വേണ്ടി കോടതിയുടെ അനുമതി തേടിയപ്പോൾ, അന്നു കേരളം ഭരിച്ചിരുന്ന സർക്കാർ അതിനെ എതിർത്തുകൊണ്ട് പോലീസ് ഉദ്യോഗസ്ഥർ മുഖേന കൊടുത്ത നിർദ്ദേശം മുൻനിർത്തി എന്റെ പരോൾ അപേക്ഷ തള്ളുകയാണുണ്ടായത്. ഇന്നും എന്റെ മനസ്സിൽ നീറുന്ന ഓർമയായി അന്നത്തെ അനുഭവം അവശേഷിക്കുന്നു. കാരണം, എന്നെ അറസ്റ്റു ചെയ്തതിനു ശേഷം മരണപ്പെടുന്നതു വരെയുള്ള കാലയളവിൽ ഒരിക്കൽ പോലും വെല്ലുമ്മ എഴുന്നേറ്റിരുന്നില്ല. അത്രമാത്രം ആഘാതമാണ് അവർക്കുണ്ടായത്. എന്റെ ആദ്യ ജയിൽവാസക്കാലത്ത്, ‘പ്രസിഡന്റ് ഓഫ് ഇൻഡ്യ’ പരിപാടിയിൽ എംഎൽഎമാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ കയ്യിൽ നിന്ന് നിവേദനത്തിൽ ഒപ്പുവാങ്ങി സമർപ്പിക്കാൻ ഓടിനടന്നിരുന്ന വാപ്പ, ഒടുവിൽ മാനസിക സംഘർഷങ്ങൾ മൂലം സഹിക്കാനാവാത്ത അസ്വസ്ഥതകൾക്കൊടുവിൽ സ്ട്രോക്ക് ബാധിച്ചു കിടപ്പിലായി.

മഅ്‌ദനി മാതാവിനോപ്പം

അതിനു ശേഷമാണ് ബംഗളുരു ജയിലിലേക്ക് എന്നെ മാറ്റുന്നത്. അതിനു ശേഷം എന്റെ മാതാവിന് ലങ് കാൻസർ രോഗം കഠിനമാണ് എന്ന വാർത്ത അറിയുകയും, വലിയ ഓപ്പറേഷനുകൾ നടക്കുകയും ചെയ്തു. എല്ലാ വേദനകൾക്കും എത്രയോ മുകളിലായിരുന്നു എന്നെ കുറിച്ചോർത്തുള്ള ഉമ്മയുടെ വേദന. പ്രിയപ്പെട്ട മാതാവിന്റെ അവസാന സമയത്ത് അർദ്ധബോധാവസ്ഥയിൽ കാണാൻ എനിക്കു സാധിച്ചുവെന്ന ആശ്വാസം എനിക്കുണ്ട്. പക്ഷേ, ഞാനിപ്പോഴും ഓർക്കുന്ന രംഗം, ഉമ്മ മരണശയ്യയിൽ ആകുന്നതിനു തൊട്ട് മുൻപ്, കോടതി വഴി ജാമ്യംവാങ്ങി ഉമ്മയെ കണ്ടു മടങ്ങുമ്പോൾ, കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ള ഉമ്മ വേച്ചു വേച്ചു നടന്നുവന്ന് യാത്രയാക്കുന്ന രംഗമാണ്. ഇപ്പോൾ എന്റെ മനം കുളിർക്കെ തെളിഞ്ഞുവരുന്നതും ആ രംഗമാണ്. അതു തന്നെയാണ് എന്റെ പ്രിയ സഹോദരൻ സിദ്ദീഖ് കാപ്പന്റെ ഉമ്മ മരണപ്പെട്ടു എന്ന വാർത്ത കേട്ടപ്പോഴും തെളിഞ്ഞുവന്നത്.

സിദ്ദീഖ് കാപ്പന്റെ ഉമ്മ എത്രമാത്രം മാനസിക സംഘർഷങ്ങൾ അനുഭവിച്ചു എന്ന് ഒരുപക്ഷേ അനുഭവത്തിന്റെ വെളിച്ചത്തിൽ ഏറ്റവുമധികം ബോധ്യപ്പെട്ട ഒരു വ്യക്തിയാണ് ഞാൻ. സിദ്ദീഖ് കാപ്പൻ നിലവിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ അനുഭവത്തെ പറ്റി പ്രത്യേകം പറയേണ്ടതില്ല. വാക്കുകൾക്കപ്പുറമുള്ള നീതി നിഷേധമാണ് അദ്ദേഹം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.

ഇത്ര കഠിനമായി രോഗബാധിതനായി കഴിയുമ്പോൾ, പ്രാഥമികാവശ്യങ്ങൾക്കു പോലും പോവാൻ കഴിയാതെ കട്ടിലിൽ ബന്ധിച്ചിടുക, അതിശക്തമായ നിയമപോരാട്ടത്തിനു ശേഷം ഡൽഹി ആശുപത്രിയിലേക്കു മാറ്റാൻ കോടതി ഉത്തരവ് ഉണ്ടായിരിക്കുമ്പോൾ, അതിനു പുല്ലു വില കൽപ്പിച്ചുകൊണ്ട് കോവിഡ് നെഗറ്റീവ് ആവുന്നതിനു മുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു കൊണ്ടുപോവുക, വീണ്ടും കാരാഗ്രഹത്തിൽ അടക്കുക, ഇങ്ങനെ തുടങ്ങി നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളും, പീഡനങ്ങളുമാണ് സിദ്ദീഖ് കാപ്പൻ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ സിദ്ദീഖ് കാപ്പന്റെയും സക്കറിയയുടെയും വിഷയത്തിലൊക്കെ സംസാരിക്കുമ്പോൾ പലർക്കും തോന്നുന്നത് ഇവരൊക്കെ കുറ്റം ചുമത്തപ്പെട്ടവരല്ലേ എന്നാണ്. എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ, നിരപരാധിയാണ് എന്നു തീരുമാനിക്കേണ്ട ആദ്യത്തെ കോടതി സ്വന്തം മനസ്സാക്ഷിയാണ്. മനസാക്ഷിക്കു മുൻപിൽ നാം നിരപരാധിയാണെന്നുള്ള ബോധ്യമുണ്ടെങ്കിൽ, ഈ ലോകം നമ്മളെ എങ്ങനെ കാണുന്നു എന്നത് നമുക്കൊരു പ്രശ്നമല്ല, എന്തു വിളിക്കുന്നു എന്നത് പ്രശ്നമല്ല, ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതും പ്രശ്നമല്ല.

സിദ്ദീഖ് കാപ്പൻ

ബംഗളുരു ജയിലിൽ ആയിരിക്കുമ്പോൾ ഏറെ മനോവിഷമത്തോടെ എന്നെ സമീപിച്ച കൊച്ചനുജൻ സകരിയ്യയെ ഒന്നിലധികം തവണ ഞാനിവിടെ പരാമർശിച്ചു.11 വർഷം മുൻപ് സകരിയ്യക്ക് അനുഭവിക്കേണ്ടിവന്ന മാനസിക സംഘർഷം കഠിനമായിരുന്നു. സകരിയ്യ ചിരിച്ചു കണ്ട ദിവസം അവന്റെ ജ്യേഷ്ഠന്റെ കല്യാണത്തിനു പോകാൻ കോടതി അനുമതി നൽകിയ ദിവസമാണ്. നിക്കാഹ് കഴിഞ്ഞു മടങ്ങിയ സകരിയ്യ പിന്നീട് ജാമ്യത്തിനുവേണ്ടി കോടതിയെ സമീപിക്കുന്നത് ആ ജ്യേഷ്ഠന്റെ മരണവാർത്ത അറിഞ്ഞുകൊണ്ടാണ്. ഗൾഫിൽ വെച്ചാണു മരണപ്പെട്ടത് എന്ന് എല്ലാവർക്കും അറിയാം. അന്നു കോടതിയോട് അനുവാദം ചോദിച്ചപ്പോൾ, ബോഡി അടക്കിക്കഴിഞ്ഞില്ലേ, ഇനി അവിടെ പോയി എന്തു ചെയ്യാനാ എന്ന മറുചോദ്യമാണ് പബ്ലിക് പ്രോസിക്യൂട്ടർ ചോദിച്ചത്! ആ കോടതിയിലിരിക്കുന്ന എല്ലാവർക്കുമറിയാം അദ്ദേഹം നൂറുശതമാനം നിരപരാധിയാണെന്ന്. നൂറിൽ ഒരു ശതമാനം പോലും തെളിവു ഹാജരാക്കാൻ ആർക്കും സാധിച്ചിട്ടുമില്ല.അന്വേഷണ ഓഫീസറായ ഓംകാരയ്യയെ കോടതി കുറുക്കു വിചാരണ ചെയ്യുമ്പോൾ അയാളുടെ വായിൽ നിന്നു അറിയാതെ വന്നത്, “സകരിയ്യയെ പോലുള്ള നിരപരാധികളും ഈ കേസിൽ പെട്ടിട്ടുണ്ടാകും” എന്നാണ്. ഇങ്ങനെ പറയപ്പെട്ട സകരിയ്യയുടെ ജ്യേഷ്ഠന്റെ ബോഡി കാണാൻ അനുവാദം ചോദിച്ചപ്പോൾ, പ്രോസിക്യൂട്ടർ ചോദിച്ചത് ഇനിയെന്ത് കാര്യം എന്നും! നീതിപീഠങ്ങളുടെ അകക്കണ്ണുകളെല്ലാം അടഞ്ഞുപോയി. അകക്കണ്ണു തുറന്ന് മുന്നിലിരിക്കുന്ന പുസ്തകങ്ങളെക്കാളും നിയമസംവിധാനങ്ങളെക്കാളും ഉപരി മനുഷ്യനു പ്രാധാന്യം കൊടുത്ത എസ്.എസ് കൃഷ്ണയ്യരെ പോലുള്ള ജഡ്ജിമാരും ഇൻഡ്യാ രാജ്യത്തു കടന്നുപോയിട്ടുണ്ട്. പക്ഷേ, ഇന്ന് നീതിപീഠങ്ങളുടെ അകക്കണ്ണുകൾ അടഞ്ഞുപോയിരിക്കുന്നു.വളരെ അപകടകരമായ അവസ്ഥയിലേക്ക് നീതിന്യായ സംവിധാനം പോയിക്കൊണ്ടിരിക്കുന്നു. അത്തരമൊരു വിഷമ ഘട്ടത്തിലാണ് ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.

പിന്നീട് സകരിയ്യ നാട്ടിൽ പോകാൻ കോടതിയോട് അനുവാദം ചോദിച്ചത് സ്വന്തം ഉമ്മ സ്ട്രോക്ക് ബാധിച്ച് അർദ്ധബോധാവസ്ഥയിൽ കോഴിക്കോട് പ്രൈവറ്റ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോഴാണ്. അന്നത്തെ ജഡ്‌ജി നിഷ്കരുണം അപേക്ഷ തള്ളി. ആശുപത്രി രേഖകളും അപേക്ഷകളും ആവർത്തിച്ചു സമർപ്പിച്ചപ്പോളാണ് ചുരുങ്ങിയ സമയത്തേക്ക് ഉമ്മയെ കാണാൻ അനുമതി നൽകിയത്. ഞാൻ മുൻപ് സൂചിപ്പിച്ച, ചാർജ് ഷീറ്റ് സമർപ്പിച്ച് ഞാനുൾപ്പെടെയുള്ള എല്ലാവരെയും കുരുക്കിയ ഓംകാരയ്യ എന്ന ഉദ്യോഗസ്ഥൻ “സകരിയ്യയെ പോലുള്ള നിരപരാധികളും ഈ കേസിൽ പെട്ടിട്ടുണ്ടാകും” എന്ന് ഏതൊരു കോടതിയിലാണോ പറഞ്ഞത്, അതേകോടതിയും അതേ ജഡ്‌ജിയും തന്നെയാണ് പ്രിയപ്പെട്ട മാതാവിന്റെ വേദനാജനകമായ അവസ്ഥയിൽ അവരെ കാണാനുള്ള അനുവാദം തള്ളിക്കളയുന്നത്.

സകരിയ്യ

ഈ സന്ദർഭത്തിൽ സഹോദരൻ സിദ്ദീഖ് കാപ്പന്റെ കുടുംബത്തോട് പറയാനുള്ളത്, രാജ്യം വളരെ അപകടകരമായ സാഹചര്യത്തിൽ മുന്നോട്ടുപോകുമ്പോൾ, ഇവരെല്ലാം ജയിലിനുള്ളിലാണെങ്കിലും ജീവിച്ചിരിക്കുന്നു എന്നതു തന്നെ വളരെ ആശ്വാസകരമായ കാര്യമാണ്. അവരുടെ സമാധാനത്തിനും സഹായത്തിനും വേണ്ടി ആകാശ ഭൂമികളുടെ സംവിധായകനും, പ്രപഞ്ചങ്ങളുടെ സൃഷ്ടാവും, സർവ നീതിയുടെയും ഉടമസ്ഥനുമായ, സർവ്വശക്തനായ നാഥനിൽ സമർപ്പിക്കുക എന്നതു മാത്രമാണ് ഈയവസരത്തിൽ പറയാനുള്ളത്. വേദനാജനകമായ അവസ്ഥയിൽ, ഞാനെന്ന വ്യക്തി ഒരുപാടു രോഗങ്ങളുടെയും പ്രയാസങ്ങളുടെയും നടുവിലിരിക്കുമ്പോൾ പറയാനുള്ളത് വിശുദ്ധ ഖുർആനിലെ ഒരു സൂക്തമാണ്: “അവർ ബലഹീനരായില്ല, ദുർബലരായില്ല, സത്യത്തിന്റെ, ജഗന്നിയന്താവായ നാഥന്റെ മാർഗത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന പ്രയാസങ്ങളുടെയും ദുഖങ്ങളുടെയും പ്രതിസന്ധികളുടെയും വിമർശനങ്ങളുടെയും നടുവിൽ അവർ ബലഹീനരായില്ല”. എന്നു പറഞ്ഞ അല്ലാഹു, അവസാനം ഇങ്ങനെ കൂടി പറയുന്നു: “അല്ലാഹു ഇഷ്ടപ്പെടുന്നത് പ്രതിസന്ധി ഘട്ടങ്ങളെ ക്ഷമയോടു കൂടി അഭിമുഖീകരിക്കുന്നവരെയാണ്”.

സിദ്ദീഖ് കാപ്പനും സകരിയ്യക്കും അല്ലാഹുവിന്റെ പ്രതിഫലമുണ്ട്. രാജ്യത്തിന്റെ നാനാ ഭാഗത്തും നിരപരാധികളായി കാരാഗ്രഹങ്ങളിൽ അടക്കപ്പെട്ട അനേകം സഹോദരങ്ങൾക്ക് ജീവിക്കാനുള്ള പ്രേരണ നൽകുന്നത്, അവരുടെ സർവസ്വമാകുന്ന പ്രിയപ്പെട്ട മാതാക്കളാണ്.

ഭൂമിയിൽ ഒരു മനുഷ്യനെ ഏറ്റവുമധികം വേദനിപ്പിക്കുന്നത് പ്രിയപ്പെട്ട മാതാവ് ജീവിതത്തിൽ നിന്നു വേർപിരിയുമ്പോഴാണ്. സർവ്വസ്വമാകുന്ന പ്രിയപ്പെട്ട മാതാക്കൾ നമ്മുടെ അസാന്നിധ്യത്തിൽ മരണപ്പെടുമ്പോൾ, നമ്മുടെ ഭാര്യമാർ വിധവകളെ പോലെ ജീവിക്കുമ്പോൾ, തങ്ങളുടെ പ്രിയപ്പെട്ട മക്കൾ അനാഥരെ പോലെ കഴിയുമ്പോൾ, നിങ്ങൾ പാലിക്കുന്ന ക്ഷമക്കു പകരം ആകാശ ഭൂമികളുടെ നിയന്താവായ നാഥൻ നിങ്ങളെ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ, പ്രിയ പെങ്ങളെ ക്ഷമിക്കുക. എന്റെ പ്രിയപ്പെട്ട സഹോദരി, സിദ്ദീഖ് കാപ്പന്റെ ഭാര്യയോടും മക്കളോടും എനിക്കു പറയാനുള്ളത്, രാജ്യത്ത് സമാനമായ ദുരിതമനുഭവിക്കുന്ന എല്ലാ സഹോദരികളോടും അവരുടെ കുടുംബങ്ങളോടും എനിക്കു പറയാനുള്ളത്, “ക്ഷമിക്കുക, അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടുന്നു. അല്ലാഹുവിന്റെ നീതി നമുക്കു ലഭിക്കും, ഒരുപക്ഷേ, ദുനിയാവിൽ നിന്നല്ലെങ്കിൽ, അതു ലഭിക്കുന്ന മറ്റൊരു ലോകം നമുക്കുണ്ടെന്ന് ഉറച്ചുവിശ്വസിക്കുക. ഏറ്റവും വലിയ വിധികർത്താവ് ജഗന്നിയന്താവായ ഞാൻ തന്നെയല്ലയോ എന്ന് അല്ലാഹു തന്നെ ചോദിക്കുന്നുണ്ട്. ആണെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് മുന്നേറാം. അല്ലാഹു നമ്മളെ സഹായിക്കട്ടെ. നിരപരാധികളുടെ കണ്ണീരിനു പകരം റബ്ബ് നമുക്ക് നീതി തരുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

സിദ്ദീഖ് കാപ്പന്റെ മാതാവിന്റെ നിര്യാണത്തെ തുടർന്ന് ‘മൈനോറിറ്റി റൈറ്റ്സ് വാച്ച്’ സംഘടിപ്പിച്ച ക്ലബ് ഹൗസ് അനുസ്മരണത്തിൽ പങ്കെടുത്തുകൊണ്ട് മഅ്‌ദനി നടത്തിയ സംസാരത്തിന്റെ ലേഖനം രൂപമാണിത്. 

കേട്ടെഴുത്ത്: സയ്യിദ് അദ്നാൻ

Top