സംവരണ സംവാദങ്ങളും നിയമാധികാരത്തിന്റെ ഭാഷയും

എസ്‌സി-എസ്‌ടി വിഭാഗങ്ങളിലെ വെണ്ണപ്പാളിയെ സംവരണത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തോടെ, സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക്‌ ഒരിക്കല്‍ കൂടി പ്രസക്തിയേറിയ സന്ദര്‍ഭമാണിത്‌. ജാതിവിവേചനം എന്ന ഏറ്റവും വലിയ സാമൂഹിക തിന്മയുടെ ഇരകളായ ജനവിഭാഗങ്ങള്‍ക്ക്‌ ഇൻഡ്യന്‍ ഭരണഘടന നല്‍കുന്ന അവകാശ സംരക്ഷണ നയങ്ങള്‍ ഏക്കാലവും തര്‍ക്കവിധേയമായിട്ടുണ്ട്‌. ഈയവസരത്തില്‍, സംവരണ സംവാദങ്ങളുടെ സ്വഭാവവും ദിശയും പ്രശ്നവല്‍ക്കരിക്കപ്പെടേണ്ടതു തന്നെയാണ്‌. ജയിൻസി ജോൺ എഴുതുന്നു.

എസ്‌സി-എസ്‌ടി വിഭാഗങ്ങളിലെ ‘വെണ്ണപ്പാളി’യെ (creamy layer) സംവരണത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തോടെ, സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക്‌ ഒരിക്കല്‍ കൂടി പ്രസക്തിയേറിയ സന്ദര്‍ഭമാണിത്‌. മതിയായ പഠനങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ സംവരണ തത്വങ്ങളെ അട്ടിമറിച്ചുകൊണ്ട് സര്‍ക്കാര്‍ ഈയിടെ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴുള്ള ഈ സാഹചര്യം ഏറെ പ്രധാനപ്പെട്ടതാണ്‌. നിലവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതി നിര്‍ദ്ദേശത്തോട്‌ എതിര്‍പ്പു പ്രകടിപ്പിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള നിലപാട്‌ വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌. ജാതിവിവേചനം എന്ന ഏറ്റവും വലിയ സാമൂഹിക തിന്മയുടെ ഇരകളായ ജനവിഭാഗങ്ങള്‍ക്ക്‌ ഇൻഡ്യന്‍ ഭരണഘടന നല്‍കുന്ന അവകാശ സംരക്ഷണ നയങ്ങള്‍ ഏക്കാലവും പൊതുമണ്ഡലത്തിലും, നിയമ-ഭരണകൂട സംവിധാനങ്ങളിലും തര്‍ക്കവിധേയമായിട്ടുണ്ട്‌. ഈയവസരത്തില്‍, സംവരണ സംവാദങ്ങളുടെ സ്വഭാവവും ദിശയും പ്രശ്നവല്‍ക്കരിക്കപ്പെടേണ്ടതു തന്നെയാണ്‌.

ഏപ്രില്‍ 22ലെ, ആന്ധ്രാപ്രദേശ്‌ ഗവണ്‍മെന്റിന്റെ ക്വോട്ട ഓര്‍ഡറിനെതിരായ അഞ്ചംഗ ബഞ്ചിന്റെ വിധിയിലെ നിരീക്ഷണങ്ങള്‍ ഒന്നു പരിശോധിക്കാം. ഇപ്പോള്‍ സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു രോദനമുണ്ടെന്ന്‌ കോടതി സൂചിപ്പിക്കുന്നു. “ധനാഠ്യരും (affluents) സാമൂഹികമായും സാമ്പത്തികമായും മുന്നേറിയവരും എസ്‌സി-എസ്‌ടി വിഭാഗങ്ങള്‍ക്കിടയിലുണ്ട്‌. ഇവര്‍ക്കിടയില്‍ നിന്നും സാമൂഹിക ഉന്നമനത്തിന്റെ ശബ്ദമുയരുന്നുണ്ടെങ്കിലും, ദരിദ്രരരായവരിലേക്ക്‌, ആവശ്യക്കാരിലേക്ക്‌ ആനുകൂല്യങ്ങള്‍ എത്തിച്ചേരാൻ ഇവര്‍ അനുവദിക്കുന്നില്ല. ഇങ്ങനെ ഈ വിഭാഗങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള അര്‍ഹതയുടെ പ്രശ്നമുണ്ട്‌.” സംവരണ വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നതിനെകുറിച്ചും, ഇത്തരത്തില്‍ ഒരു നിരീക്ഷണമാണ്‌ കോടതി നടത്തുന്നത്‌ – സംവരണശതമാനം പാലിച്ചുകൊണ്ടു തന്നെ ഇത്‌ ഉടന്‍ നടപ്പിലാക്കാവുന്നതാണെന്നും, അങ്ങനെ, ആനുകൂല്യങ്ങള്‍ ആവശ്യക്കാരിലേക്കെത്തുകയും കഴിഞ്ഞ എഴുപതു വര്‍ഷങ്ങളായോ അല്ലെങ്കില്‍ സംവരണ പട്ടികയില്‍ ചേര്‍ക്കപ്പെട്ടതിനു ശേഷമോ ആനുകൂല്യങ്ങള്‍ കൈപ്പറ്റി ഉയര്‍ന്നുവന്ന വിഭാഗങ്ങളാല്‍ അപഹരിക്കപ്പെടാതിരിക്കുകയും ചെയ്യും (usurped by) എന്നാണിവിടെ പറയുന്നത്‌.

ആന്ധ്രാപ്രദേശ്‌ ഗവണ്‍മെന്റിന്റെ, ആദിവാസി മേഖലാ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളില്‍ നൂറു ശതമാനം എസ്‌ടി സംവരണം അനുവദിക്കാനുള്ള ഓര്‍ഡറിന്‌ എതിരെയുള്ള ഈ വിധിയിലെ മറ്റു ചില പ്രസ്താവനകള്‍ നോക്കാം (ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളില്‍ ആദിവാസികള്‍ക്കു നല്‍കുന്ന പ്രത്യേകാവകാശങ്ങളുടെ ലംഘനമാണ്‌ ഈ വിധിയെന്ന്‌ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു). “ആദിവാസികളെ ആദിവാസികള്‍ മാത്രമേ പഠിപ്പിക്കാന്‍ പാടുള്ളൂ എന്നത്‌ നിന്ദ്യമായ ഒരാശയമാണെന്നും, അവരുടെ ഭാഷയും പ്രാചീനമായ ജീവിതരീതിയും മുഖ്യധാരയോടൊപ്പമെത്തുന്നതില്‍ നിന്നും സാധാരണ നിയമങ്ങള്‍ വഴിയുള്ള ഭരണത്തില്‍ നിന്നും അവരെ അയോഗ്യരാക്കുന്നുവെന്നും” മറ്റുമാണ്‌ വിധിയിലെ നിരീക്ഷണങ്ങള്‍. ഔപചാരിക വിദ്യാഭ്യാസം അവരിലെത്തിപ്പെടാത്തതിനാല്‍, ആദിവാസികള്‍ അവശവിഭാഗമായി  തുടരുന്നുവെന്നും അവരെ പ്രാചീന സംസ്‌കാരത്തിന്റെ ഭാഗമായി തുടരാനല്ല, മറിച്ച്‌, ഉയര്‍ത്തിക്കൊണ്ടുവന്ന്‌ രാഷ്ട്രത്തിന്റെ വികസനത്തില്‍ സംഭാവന ചെയ്യുന്നവരാക്കണം എന്നുമാണ്‌ കോടതിയുടെ അഭിപ്രായം. ആദിവാസികളെ മനുഷ്യ മൃഗശാലകളായും പ്രാചീനമായ സംസ്കാരങ്ങളും നൃത്തരൂപങ്ങളും ആസ്വദിക്കാനുള്ള വഴികളായും കാണരുതെന്നും കോടതി പറഞ്ഞു പോകുന്നു. ഒപ്പം, തദ്ദേശിയരായ ആദിവാസികളെ അവിടെയുള്ള സ്‌കൂളുകളില്‍ അധ്യാപകരായി നിയമിക്കുന്നതില്‍ നൂറു ശതമാനം സംവരണം കൊണ്ടുവരുന്നത്‌ ആദിവാസി കളല്ലാത്തവര്‍ക്കെതിരെയും മറ്റു വിഭാഗങ്ങള്‍ക്കെതിരെയുമുള്ള വിവേചനവും തുല്യതാ നിഷേധവുമാണെന്നും വിധിയില്‍ പ്രസ്താവിക്കുന്നു.

ഈ വിധിയിലെ വിചിത്രമായ ഭാഷ എത്രമാത്രം ദലിത്-ആദിവാസി വിരുദ്ധമാണെന്നത്‌, ഇഴകീറി പരിശോധിച്ചില്ലെങ്കിലും വ്യക്തമാകുന്ന സംഗതിയാണ്‌. ഇവിടെ വിധിയില്‍ സൂചിപ്പിക്കുന്ന ധനാഠ്യ (affluent) സിദ്ധാന്തം, സംവരണത്തിന്റെ അടിസ്ഥാന തത്വം ദാരിദ്ര്യനിര്‍മാജനമാണെന്ന തെറ്റിദ്ധാരണയില്‍ നിന്നും രൂപപ്പെടുന്ന ഒന്നാണെന്നു മാത്രമല്ല, ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നവരാണ്‌ എസ്‌സി-എസ്‌ടി വിഭാഗങ്ങള്‍ എന്നുള്ള വികലമായ പൊതുബോധത്തിന്റെ ഭാഗം കൂടിയാണ്‌.

ആദിവാസികളെ ‘മുഖ്യധാര’യിലേക്ക്‌ കൊണ്ടുവരണമെന്നുള്ള, കൊളോണിയല്‍ സിവിലൈസിംഗ്‌ മിഷന്റെ ഭാഷ, ആദിവാസികള്‍ക്ക്‌ അവരുടേതായ വിദ്യാഭ്യാസ രീതികള്‍ക്കും ജീവിതത്തിനും അവകാശമുണ്ടെന്നതും, ഇത്തരം മുഖ്യധാരാ നിര്‍മിതികളും അവ നിര്‍മിക്കുന്നവരുമാണ്‌ ഇൻഡ്യയിലെ ദലിത്-ആദിവാസി വിഭാഗങ്ങളുടെ ദുരിതാവസ്ഥയ്ക്കു കാരണമെന്നതും ഒരുപോലെ മറച്ചു വയ്ക്കുന്നു.

രണ്ടു പതിറ്റാണ്ടിലധികമായി തുടരുന്ന ക്രീമിലെയര്‍ സംവാദത്തിലും, കോടതിഭാഷ്യങ്ങളുടെ സ്വഭാവം ഈയൊരു രീതിയിലാണ്‌ രൂപപ്പെട്ടു വന്നിരിക്കുന്നത്‌. 2018ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ ജസ്റ്റിസ്‌ നരിമാന്‍ പറയുന്നു: “സംവരണത്തിന്റെ ഉദ്ദേശം, പിന്നോക്ക വിഭാഗങ്ങളിലെ പൗരന്മാർ മുമ്പോട്ടു വന്ന്‌, ഇൻഡ്യയിലെ മറ്റു പൗരന്മാര്‍ക്കൊപ്പം തുല്യരായി മുന്നേറണമെന്നാണ്‌. ആ വിഭാഗങ്ങള്‍ക്കുള്ളിലെ വെണ്ണപ്പാളിക്കാർ മാത്രം, അവരുടെയിടയിലെ പിന്നോക്ക വിഭാഗത്തെ, എന്നും പിന്നോക്കാവസ്ഥയില്‍ തുടരാന്‍ വിട്ടുകൊണ്ട്‌, പൊതുമേഖലയിലെ എല്ലാ മികച്ച (coveted) ജോലികളും കരസ്ഥമാക്കുകയും സ്വയം നിലനിര്‍ത്തിപ്പോരുകയും ചെയ്താല്‍ (perpetuate themselves) ഇതൊരിക്കലും സാധ്യമാകില്ല.” ഇവിടെ, “all the coveted jobs of public sector”, “perpetuate themselves” മുതലായ വാക്കുകള്‍ കടന്നുവരുമ്പോള്‍, 2500 വര്‍ഷങ്ങളായി സ്വത്തവകാശം നിഷേധിക്കപ്പെട്ട, സാമൂഹിക മൂലധനം ഇന്നും അപ്രാപ്യമായ ജനതയോടുള്ള, അന്യായമായ അമര്‍ഷമാണതിലുള്ളതെന്ന്‌ പറയാതിരിക്കാൻ വയ്യ.

ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ

ഇൻഡ്യന്‍ പൊതുബോധത്തില്‍ എക്കാലവും നിലനില്‍ക്കുന്ന, ജാതിവിരുദ്ധതയും ബ്രാഹ്മണ്യവാദവും തെളിഞ്ഞു കാണുന്ന സംവരണ  മിത്തുകള്‍ തന്നെയാണ്‌ ഇപ്പറഞ്ഞ നിയമവ്യവഹാരങ്ങളിലും ദൃശ്യമാകുന്നത്‌. സംവരണമെന്നത്‌ ഒരു ദാരിദ്ര്യനിര്‍മാജന പദ്ധതിയല്ല, മറിച്ച്‌ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള നയമാണെന്നത്‌, നിയമാധികാരത്തിന്റെ ഭാഷയില്‍ വിധിയെഴുതുന്നവർ ഉള്‍ക്കൊള്ളുന്നില്ല. ഈ പ്രാതിനിധ്യമാകട്ടെ, ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക്‌ ഇന്നും എത്രയോ വിദൂരമായ ഒന്നായി തുടരുന്നു. ഉന്നത പദവികളിലുള്ള ഈ ജനവിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ നാമമാത്രമായി തുടരുന്നു എന്നു മാത്രമല്ല, വിവിധ നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കപ്പെടുന്നതിന്റെ കഥകള്‍ പുറത്തുവന്നു കൊണ്ടേയിരിക്കുന്നു. ഇവിടെ, ഐഐടികളിലും മറ്റ്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിപ്പെടുന്ന വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ജാതി പീഡനങ്ങളും ഈയിടെ വലിയ ചര്‍ച്ചകള്‍ക്ക്‌ തുടക്കമിട്ട ഒരു വിഷയമാണ്‌. ‘പൊതുമേഖലയിലെ മോഹിപ്പിക്കുന്ന ജോലികളില്‍, പദവികളില്‍ അഭിരമിക്കുന്ന വിഭാഗത്തെ’ (coveted jobs of public sector) കുറ്റപ്പെടുത്തി കോടതി പരാമര്‍ശിക്കുമ്പോള്‍ ഇൻഡ്യന്‍ സുപ്രീംകോടതിയില്‍ ദലിത് ജഡ്ജിമാര്‍ എത്രയുണ്ട്‌ എന്നും ചോദിക്കേണ്ടതാണ്‌. ഒപ്പം, രാജ്യത്തിന്റെ ഭൂരിഭാഗം വരുന്ന സ്വകാര്യ മേഖലയില്‍ ജാതിവിവേചനം കൃത്യമായി തുടരുന്നു എന്ന കാര്യവും. സമ്പത്ത്‌ ഒരിക്കലും ഒരാള്‍ അനുഭവിക്കുന്ന ജാതിവിവേചനം മായ്ച്ചു കളയുന്നില്ല എന്നു മനസിലാക്കാതെയുള്ള, കോടതി വിധികള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ധനാഠ്യ സിദ്ധാന്തങ്ങള്‍, ദലിതര്‍ക്കിടയില്‍ വിഭാഗീയത ആരോപിക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന്‌ പറയേണ്ടി വരും.

“വെണ്ണപ്പാളി” എന്ന സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക്‌ സംവരണാവകാശം നിഷേധിക്കുന്നതിന്റെ യുക്തിയില്ലായ്മ കോടതി നിരിക്ഷണങ്ങളില്‍ കടന്നുവരാത്തത്‌, സംവരണത്തിന്റെ സൈദ്ധാന്തികവശമോ വസ്തുതകളോ പരിഗണിക്കാത്തതിനാലാണ്‌. ഒപ്പം, സംവരണ വിഷയത്തിലുള്ള പൊതുബോധത്തിന്റെ ജാതിവിവേചനവും സോഷ്യല്‍ സ്റ്റിഗ്മയുമാണ്‌ ഈ ഭാഷയിലും തെളിഞ്ഞു നില്‍ക്കുന്നത്‌. 2018ല്‍ എസ്‌സി-എസ്‌ടി അട്രോസിറ്റീസ്‌ ആക്ടിലുണ്ടായ കോടതി ഇടപെടലിലെ ഭാഷയും, ഇത്തരത്തിലായിരുന്നു എന്നോര്‍മിക്കേണ്ടതാണ്‌. “സാമ്പത്തികനേട്ടമുണ്ടാക്കുന്നതിനായുള്ള വഴിയായും നിരപരാധികളായ ആളുകളെ കളങ്കപ്പെടുത്താനുമൊക്കെ ആക്ട്‌ ദുരുപയോഗം ചെയ്യപ്പെടുന്നു” എന്നെല്ലാമായിരുന്നു കോടതിയുടെ ആശങ്കകള്‍. ജാതിക്കൊലകള്‍ തുടര്‍ക്കഥയായ ഒരു രാജ്യത്തിന്റെ നിയമ സംവിധാനം അതിനു വിധേയരാകുന്ന മനുഷ്യര്‍ക്കു വേണ്ടിയുള്ള ഒരു നിയമത്തെ വ്യാഖ്യാനിച്ചത്‌ അപമാനകരമായ, ഒരു ഭൂരിപക്ഷ ധാര്‍മികതയുടെ ശബ്ദത്തിലായിരുന്നു. ഒരുപക്ഷേ, കൊളോണിയല്‍ ഭരണകാലത്ത്‌ തദ്ദേശീയ നിയമങ്ങള്‍ നിര്‍വചിക്കാന്‍ ബ്രാഹ്മണ നിയമജ്ഞരെ ഏര്‍പ്പെടുത്തിയിരുന്നതിനു സമാനമായ ഒരു സന്ദര്‍ഭമാണ്‌ ഇന്നുമുള്ളത്‌. നിയമങ്ങള്‍ നിര്‍മിക്കുകയും നിര്‍വഹിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരുടെ താല്‍പര്യങ്ങള്‍ ദലിത് വിരുദ്ധമായി തുടരുമ്പോള്‍, ആ അവസ്ഥയ്ക്ക്‌ മാറ്റം വന്നുവെന്ന്‌ പറയാനാകില്ല.

എഴുപതു വര്‍ഷം പിന്നിടുന്ന ഈ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ, വേഷത്തിലും ഭാഷയിലും ഭാവത്തിലും ഇന്നും പിന്തുടരുന്ന കൊളോണിയല്‍ സമ്പ്രദായങ്ങള്‍, ഏറ്റവും ദോഷം ചെയ്യുന്നത്‌ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കാണെന്നതില്‍ സംശയമില്ല. ഇൻഡ്യന്‍ സമൂഹത്തിലിന്നും വേരോടുന്ന ജാതിമേന്മയുടെ നേട്ടങ്ങള്‍ നിര്‍ലോഭമനുഭവിച്ച്‌ നിയമ-ഭരണ സംവിധാനങ്ങളുടെ തലപ്പത്തെത്തുന്നവര്‍, ജാതിയുടെ പേരിലുള്ള മാറ്റിനിര്‍ത്തലുകള്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കുന്ന ഒരു ജനതയുടെ അവകാശങ്ങളെ നിര്‍വചിക്കുമ്പോള്‍ ഭാഷയും നിലപാടുകളും ഇങ്ങനെയാവുന്നതില്‍ അത്ഭുതമില്ല.

സവര്‍ണാധികാരത്തിന്റെ ഭാഷ എന്നും ദലിത്-ആദിവാസി സ്വത്വങ്ങളെ അവരുടെ സംസ്കാരങ്ങളെയും ശരീരങ്ങളെപ്പോലും, കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതും, ഉടമസ്ഥാവകാശം ഏറ്റെടുത്തു സംസാരിക്കുന്നതും, ആ വിധത്തില്‍ ഒരു പാശ്ചാത്യ നോട്ടത്തെ (orientalist gaze) പിന്തുടരുന്നതുമാണ്‌. അംബേഡ്കറാനന്തര രാഷ്ട്രീയത്തില്‍, ദലിത് ആദിവാസി ബഹുജന്‍ വിഭാഗങ്ങള്‍ കാണിക്കേണ്ട ആര്‍ജ്ജവവും ഇവിടെയാണ്‌.

രാഷ്ട്രീയവും സാമുദായികവുമായ ശക്തിപ്പെടലുകളും ജാതികളുടെയും ഉപജാതികളുടെയും ഐക്യപ്പെടലും മര്‍ദ്ദിതരുടെ സാഹോദര്യത്തിലധിഷ്ഠിതമായ അവകാശ സംരക്ഷണ സമരങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. അങ്ങേയറ്റം ദലിത്-ആദിവാസി വിരുദ്ധമായ, നിയമത്തിന്റെ അധികാര ഭാഷയെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. അവകാശങ്ങളില്ലെന്നു കല്‍പിക്കപ്പെട്ടിരുന്നവരുടെ അവകാശങ്ങളെ കുറിച്ച്‌ സംസാരിക്കാന്‍ വേണ്ടി നിയമം പഠിച്ച അംബേഡ്കറിനു ശേഷം, അദ്ദേഹം ആവിഷ്കരിച്ച അവകാശങ്ങള്‍ നേടിയെടുക്കാനും അംബേഡ്കറുടെ പിന്തുടര്‍ച്ചക്കാര്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നിയമത്തിന്റെയും ഭരണത്തിന്റെയും ഭാഷ നമ്മള്‍ സ്വായത്തമാക്കേണ്ടിയിരിക്കുന്നു. അതുണ്ടായില്ലെങ്കില്‍, ക്വീന്‍സ്‌ ഇംഗ്ലീഷിന്റെ തൊട്ടുകൂടായ്മയും, ‘മൈ ലോര്‍ഡ്‌’ സംബോധനകളുടെ തീണ്ടിക്കൂടായ്മയും, കോടതി എന്നാല്‍ വ്യക്തികളല്ലാത്ത ചോദ്യം ചെയ്യപ്പെടാനാവാത്ത പരംപൊരുളായി (supreme being) പരിഗണിക്കപ്പെടുമ്പോഴുള്ള അടിമത്തവും എക്കാലവും ഇവിടെ ഇങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും.

 

കേരള കേന്ദ്ര സർവ്വകലാശാലയിൽ ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചറിൽ ഗവേഷക വിദ്യാർഥിയാണ് ലേഖിക.

Top