ഖിലാഫത്ത്: പ്രതിരോധത്തിന്റെ രാഷ്ട്രീയം
അക്രമരാഹിത്യവും സഹകരണ-ത്യാഗങ്ങളും പ്രസംഗിച്ചു നടന്നിട്ട് പ്രയോജനമില്ലെന്നും, ജീർണിച്ച പൊയ്മുഖങ്ങൾ പറിച്ചെറിഞ്ഞ് ആത്മാഭിമാനത്തോടു കൂടി സമരം ചെയ്യുകയാണ് ഇനിയങ്ങോട്ടാവശ്യമെന്നും മാപ്പിളമാർ തീരുമാനിക്കുന്ന സാഹചര്യം നോവൽ വ്യക്തമാക്കുന്നുണ്ട്. ഏറനാടൻ മാപ്പിളയുടെ തണ്ടെല്ലിന്റെ ബലം സായിപ്പിനു ബോധ്യം വരുത്തണമെന്ന് ലവക്കുട്ടിയെ പോലുള്ളവർ നിശ്ചയിക്കുന്നു. 1980കളിൽ എഴുതപ്പെട്ട ഹരിഹരൻ പരമാരയുടെ ‘ഖിലാഫത്ത്’ എന്ന ചരിത്ര നോവലിനെ ആസ്‌പദമാക്കി അഞ്ജലി മോഹൻ എം.ആർ എഴുതുന്നു.
മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും, വാഗൺ ട്രാജഡിയിൽ കൊല്ലപ്പെട്ട 64 പേരടക്കം മലബാർ സമരകാലത്ത് പ്രാണത്യാഗം ചെയ്ത 387 കലാപകാരികൾ സ്വാതന്ത്ര്യ സമരത്തിന്റെ രക്തസാക്ഷികളല്ലെന്നും, ആലി മുസ്‌ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഉൾപ്പടെയുള്ള ഖിലാഫത്ത് പോരാളികൾ വർഗീയവാദികളാണെന്നും ആരോപണമുന്നയിച്ച്, വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചനകളോടു കൂടി ഒരു മഹാ സമരത്തെയും അതിലെ വീരപോരാളികളെയും ചരിത്രത്തിൽ നിന്നും നിഷ്പ്രഭമാക്കാനുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. സവർണ സ്വേച്ഛാധിപത്യത്തിന്റെ ഇടപെടലുകളിലൂടെ വെട്ടിമാറ്റപ്പെടുന്ന ഈ ചരിത്രം വീണ്ടെടുക്കപ്പെടേണ്ടത് അതിന്റെ പുനർനിർമാണത്തിലൂടെയാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ 1947ൽ സ്വാതന്ത്രലബ്ദി വരെയുള്ള കാലഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടിയവരാണ് മലബാറിലെ മാപ്പിളമാർ. ബ്രിട്ടീഷ് സാമ്രാജ്യത്വവും ജന്മിവർഗ ചൂഷണങ്ങളും ജീവിതം ദുസ്സഹമാക്കിയപ്പോൾ, പൊറുതിമുട്ടിയ ഒരു തലമുറ രക്തവും ജീവനും നൽകി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കാളവണ്ടിക്കാരനോടൊപ്പം വിമോചന സമരത്തിൽ പങ്കുചേർന്നു. ‘മലബാർ സമരമെന്ന’ വീരേതിഹാസത്തിന്റെ പടഹധ്വനി മുഴങ്ങുന്നത് അവിടെ നിന്നാണ്. ഇൻഡ്യൻ ചരിത്രത്തിൽ നിരവധി സംവാദങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ മലബാർ സമരത്തെ സംബന്ധിച്ച് നിരവധി ആഖ്യാനങ്ങളുണ്ടായിട്ടുണ്ട്. 1980കളിൽ എഴുതപ്പെട്ട ഹരിഹരൻ പരമാരയുടെ ‘ഖിലാഫത്ത്’ എന്ന ചരിത്ര നോവൽ അഖിലേന്ത്യാ ഖിലാഫത്ത് പ്രക്ഷോഭങ്ങളുടെ ഭാഗമായി പൊട്ടിപ്പുറപ്പെട്ട മലബാർ സമരത്തിലെ ഐതിഹാസിക സംഭവങ്ങളെ കൂട്ടിയിണക്കി രചിച്ച ചരിത്രാഖ്യായികയാണ്.
പാട്ടുകളായും പറച്ചിലുകളായും എഴുത്തുകളായും വരകളായുമെല്ലാം മലബാർ സമരത്തിന്റെ നാൾവഴികളെ അടയാളപ്പെടുത്താൻ ശ്രമിക്കുമ്പോഴും, ആ പോരാട്ട ചരിത്രത്തെ പൂർണമായി അവതരിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. മലബാർ സമര ചരിത്രത്തിന്റെ സുപ്രധാന ഏടുകളെ കാച്ചിക്കുറുക്കി, അതിന്റെ വീര്യം ഒട്ടും ചോർന്നു പോകാതെ വായനക്കാരിലേക്കെത്തിക്കുക എന്ന എഴുത്തുകാരന്റെ വലിയ സാഹസത്തിന്റെ ഫലമാണ് ‘ഖിലാഫത്ത്’ എന്ന നോവൽ. വിദേശാധിപത്യത്തിനെതിരെ ആയുധമെടുത്ത് പോരിനിറങ്ങിയ ഏറനാടൻ-വള്ളുവനാടൻ മാപ്പിളമാരുടെ കഥയാണിത്. ബ്രിട്ടീഷുകാരെ വിറപ്പിച്ച് ഒരു രാഷ്ട്രം തന്നെ സ്ഥാപിച്ച ധീരപോരാളി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയാണിത്. എരിക്കുന്നൻ പാലത്ത് മൂലയിൽ കുഞ്ഞിമൊയ്തീൻ പുത്രൻ ആലി മുസ്‌ലിയാർ എന്ന വിപ്ലവകാരിയായ മതപണ്ഡിതന്റെ കഥയാണിത്. ആലി മുസ്‌ലിയാരുടെ അനുചരന്മാരായ ലവക്കുട്ടിയുടെയും കുഞ്ഞലവിയുടെയും ഉണ്ണിത്തറിയുടെയും കഥയാണിത്. ഒരു ജനതയുടെ ജീവിതത്തിനുമേൽ അധീശത്വം സ്ഥാപിച്ച്, അവരുടെ സമരത്തെ വാഗണിന്റെ അന്ധകാരത്തിൽ കയറ്റി കൂട്ടക്കുരുതി ചെയ്ത ഹിച്ച്കോക്കുമാരുടെയും ‘നാപ്പു’മാരുടേയും തോമസുമാരുടെയും ആമു സൂപ്രണ്ടുമാരുടെയും കഥയാണിത്.
അധികാരി വർഗത്തെ അടപടലം വിറപ്പിച്ച പോത്തുവണ്ടിക്കാരൻ വാരിയംകുന്നന്റെ നേതൃത്വ ശക്തിയുടെയും സൈനിക ബലത്തിന്റെയും ചങ്കുറപ്പിൽ വിശപ്പും ദാഹവും മറന്ന് പോരാടിയ ജനതയുടെ വൈകാരികവും വിപ്ലവാത്മകവുമായ ജീവിത പോരാട്ടത്തിന്റെ കനലുകൾ നോവലിന്റെ ആത്മമായി നിലകൊള്ളുന്നു. നിലനിൽക്കുന്ന വ്യവസ്ഥിതിയെ തകർത്തെറിയേണ്ടതിന്റെ നൂറായിരം ചോദ്യശരങ്ങൾ വാരിയംകുന്നന്റെ നെഞ്ചിലേക്ക് ഉതിർത്ത ബീവാത്തുമാരുടെയും കുഞ്ഞാമിനമാരുടെയും പട്ടിണിയുടെയും പങ്കപ്പാടിന്റെയും ദൈന്യതയാർന്ന കാഴ്ചകൾ നോവലിൽ കാണാം: “ദാരിദ്ര്യവും പട്ടിണിയും കരണ്ടു തൊണ്ടാക്കിയ ബീവാത്തു. ബീവാത്തു മാത്രമല്ല. ചെമ്പ്രശ്ശേരിയിലെ കുഞ്ഞാമിനയും, നിലമ്പൂരിലെ അയിഷയും, പൂക്കോട്ടൂരിലെ സൈനബയും, തിരൂരങ്ങാടിയിലെ പാത്തുമ്മയുമെല്ലാം അവളെപ്പോലെതന്നെ ഇല്ലായ്മയുടെ മൂർച്ചയേറിയ ഈർച്ചവാൾ പല്ലുകളാൽ കരണ്ടു തൊണ്ടാക്കപ്പെട്ട് ആരോഗ്യവും പ്രസരിപ്പും നശിച്ച പേക്കോലങ്ങൾ തന്നെ…”
നോവലിൽ അവതരിപ്പിക്കപ്പെടുന്ന ദാരിദ്ര്യ മൂർത്തിയിലാണ്ടുപോയ കുടിലുകളിലെ പെണ്ണുങ്ങൾ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും വറുതിയിൽ പൊറുതിമുട്ടി നിൽക്കുന്ന മാപ്പിളയുടെ പ്രതിച്ഛായ നൽകുന്നു. സമര പോരാട്ടത്തിന്റെ പാതയിലേക്കുള്ള വാരിയംകുന്നന്റെ പോരാട്ടം നോവലിൽ ആരംഭിക്കുന്നത് ഈ കാഴ്ചകളിൽ നിന്നുമാണ്. റോമാ സാമ്രാജ്യത്തിനെതിരെ അടിമ വിപ്ലവം നയിച്ച സ്പാർട്ടക്കസിനെയും ഇറ്റലിയുടെ സ്വാതന്ത്ര്യസമര നേതാവ് ഗാരിബാൾഡിയയെയും മെക്സിക്കൻ വിപ്ലവത്തിലെ കർഷക നേതാവ് എമിലീ യോനോസ്പാട്ടയെയും ഓർമിപ്പിക്കും വിധമാണ് എഴുത്തുകാരൻ വാരിയംകുന്നനെ നോവലിൽ അവതരിപ്പിക്കുന്നത്.
മലബാർ സമരത്തെ അക്രമങ്ങളിലേക്കു നയിച്ച കളക്ടർ തോമസ് മലബാർ സമര ചരിത്രത്തിലെ പ്രതിനായകരിൽ പ്രധാനിയാണ്: “തോമസ് പരമാവധി ധൈര്യം സംഭരിച്ച് ആമുവിനെ നോക്കി ഉറക്കെ വിളിച്ചുപറഞ്ഞു: “ഗോ ആന്റ് സെർച്ച് ഇൻസൈഡ് ദ മോസ്ക്…”. കളക്ടറുടെ ഉത്തരവിനു വേണ്ടി മാത്രം താൻ കാത്തിരിക്കുകയായിരുന്നു എന്ന നാട്യത്തോടെ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആമുസാഹബ് മലപ്പുറം സ്പെഷ്യൽ ബ്രാഞ്ചിൽ പെട്ട പത്തു പന്ത്രണ്ടു പോലീസുകാരോടൊപ്പം പള്ളിയിൽ പ്രവേശിച്ചു. പെട്ടെന്നു പള്ളിയുടെ മുൻവശത്തു കൂട്ടം കൂടി നിന്ന മാപ്പിളമാരിൽ നിന്നും പ്രതിഷേധസൂചകമായ ശബ്ദങ്ങൾ ഉയർന്നു. മൂർച്ചയേറിയ നൂറുകണക്കിനു നോട്ടങ്ങൾ ആഗ്നേയാസ്ത്രങ്ങൾ പോലെ തന്റെ നേർക്കു പാഞ്ഞുവരുന്നതു തോമസ് കണ്ടു. ആ അമ്പുമുനകളിൽ നിന്നും രക്ഷതേടിയെന്നോണം കളക്ടർ കാറിനുള്ളിൽ കിടന്നിരുന്നു. ജനം ഇളകിത്തുടങ്ങിയിരിക്കുന്നു. തന്റെ പ്രവർത്തി അവർക്കൊട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ജ്വലിക്കുന്ന കണ്ണുകളിൽ നിന്നും ചീറിപ്പാഞ്ഞുവരുന്ന ആ നോട്ടങ്ങൾ അതല്ലെ അർത്ഥമാക്കുന്നത്? ഈ ജനക്കൂട്ടം അക്രമാസക്തമായി തന്റെ നേർക്കു തിരിയുകയാണെങ്കിൽ… “ദെൻ ഷൂട്ട് അറ്റ് ദോസ് ഇൻഡ്യൻ ബാസ്റ്റഡ്സ്, ഹാവ് നോ മെർസി… ദേ ഡിസർവ് നോ മെർസി മി. തോമസ്…”
ജാലിയൻ വാലാബാഗ് മനുഷ്യക്കുരുതിക്കു കാരണക്കാരനായ മൈക്കൽ ഡയറിൽ തന്നെ കാണാൻ ആഗ്രഹിക്കുന്ന കളക്ടർ തോമസ് നോവലിന്റെ ഗതിവിഗതികളിലുടനീളം ഭീരുവിന്റെ രൂപവും അക്രമിയുടെ മനസ്സുമായിനിലകൊള്ളുന്നു.
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ വീരകണ്ഠത്തിൽ ലാത്തി ചാർത്തിയ മുട്ടാള പോലീസ് സൂപ്രണ്ടാണ് ആമു സാഹിബെന്ന് എൻ.പി ഭട്ടതിരിപ്പാട് അബ്ദുറഹ്മാനെ കുറിച്ചുള്ള തന്റെ കവിതയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മലബാർ സമര ചരിത്രത്തിൽ തന്റെ ജനതയെ ഒറ്റുകൊടുത്ത അധികാരമോഹിയുടെ സ്ഥാനമാണ് ആമുസാഹിബിനുള്ളത്. ‘ഖിലാഫത്തിലും’ ആമുസാഹിബിന്റെ ചിത്രം മറ്റൊന്നല്ല. കൃത്യനിർവഹണ കാര്യത്തിൽ താൻ മറ്റാരുടെയും പിന്നിലല്ലെന്നും മതപരമായ വിശ്വാസങ്ങൾ അതിന് തനിക്കൊരു തടസ്സമല്ലെന്നും അധികാരത്തിലിരിക്കുന്നവരെ ബോധ്യപ്പെടുത്തുകയും ബ്രിട്ടീഷ് രാജിന്റെ വിശ്വസ്ത സേവകനാണെന്നു വരുത്തിത്തീർക്കുകയും ചെയ്യുന്ന ആമുസാഹിബിനെ നോവലിൽ കാണാം.
1921ലെ സായുധ സമരത്തെക്കുറിച്ച് പറയുമ്പോൾ അഹിംസ ലംഘിച്ച മാപ്പിളപ്പോരാളികളെ വിമർശിക്കുന്നവരാണ് ഏറെയും. ആഗസ്റ്റ് വിപ്ലവത്തെ സാമ്രാജ്യത്വത്തിനെതിരെയുള്ള സമരമായി ഗണിക്കുന്നവർക്ക് മലബാർ സമരത്തെ എന്തുകൊണ്ട് അങ്ങനെ കാണാൻ സാധിക്കുന്നില്ല എന്നത് ചിന്തിക്കേണ്ടുന്ന വസ്തുതയാണ്.
ആലി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സമാധാന സമരം ഒരു ഘട്ടത്തിൽ കലുഷിതമാക്കപ്പെടുന്നതിന്റെ പശ്ചാത്തലം ‘ഖിലാഫത്ത്’ നോവൽ വ്യക്തമാക്കുന്നുണ്ട്. വെള്ളക്കാരന്റെ ഭരണകൂടം പ്രക്ഷോഭത്തെ ചോരപ്പുഴയിൽ മുക്കിക്കൊല്ലാൻ തുനിഞ്ഞിറങ്ങുകയും നിരായുധരായി വന്ന പാവപ്പെട്ട മാപ്പിളമാർ വെടിയുണ്ടകളേറ്റ് വീഴുകയും ചെയ്ത സാഹചര്യത്തിൽ സമരമുഖം മാറുന്നു. അക്രമരാഹിത്യവും സഹകരണ-ത്യാഗങ്ങളും പ്രസംഗിച്ചു നടന്നിട്ട് പ്രയോജനമില്ലെന്നും, ജീർണിച്ച പൊയ്മുഖങ്ങൾ പറിച്ചെറിഞ്ഞ് ആത്മാഭിമാനത്തോടു കൂടി സമരം ചെയ്യുകയാണ് ഇനിയങ്ങോട്ടാവശ്യമെന്നും മാപ്പിളമാർ തീരുമാനിക്കുന്നു. ഏറനാടൻ മാപ്പിളയുടെ തണ്ടെല്ലിന്റെ ബലം സായിപ്പിനു ബോധ്യം വരുത്തണമെന്ന് ലവക്കുട്ടിയെ പോലുള്ളവർ നിശ്ചയിക്കുന്നു. അടിമത്വത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയാനുള്ള അന്തിമ സമരത്തിനായി അവർ ഇറങ്ങിത്തിരിക്കുന്ന കാഴ്ചയെ നോവൽ അവതരിപ്പിക്കുന്നതിങ്ങനെയാണ്:
“അവർ രണ്ടുപേരും, കുഞ്ഞലവിയും ലവക്കുട്ടിയും തിരൂരങ്ങാടി കച്ചേരിവളപ്പിനെ ലക്ഷ്യംവെച്ച് വേഗത്തിൽ നടന്നു. മുന്നിലും പിറകിലുമായി ധാരാളം മാപ്പിളമാർ രണ്ടും നാലും വീതമുള്ള ചെറിയ സംഘങ്ങളായി കരിവളപ്പിലേക്കു നീങ്ങുന്നുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്തു വലിയ ഉത്കണ്ഠയും ഭയവും പ്രകടമായിരുന്നു.
“ഇക്കാക്കാ”. ഞമ്മള് നിച്ചയിച്ച് വേഗത്തിൽ നടക്കുന്നതിനിടയിൽ കുഞ്ഞലവി പറഞ്ഞു.
“എന്ത്?” ഒന്നുമേതും മനസ്സിലാകാതെ ലവക്കുട്ടി കൂട്ടുകാരന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.
കുഞ്ഞലവി മറുപടിയൊന്നും പറഞ്ഞില്ല. പകരം കുപ്പായത്തിനുള്ളിൽ കയ്യിട്ട് ഒരു സാധനം പുറത്തേക്കെടുത്തു. ലവക്കുട്ടി ഞെട്ടിപ്പോയി. ഒരു വാൾ!
ഒരു കൂട്ടം മാപ്പിളമാർ സ്വാതന്ത്രലബ്ധിക്കായി തുനിഞ്ഞിറങ്ങിയപ്പോൾ ആ സമരത്തെ ക്രൂരമുഹമ്മദീയർ നടത്തിയ ലഹളയായി മുദ്രകുത്തിയ ആഖ്യാനങ്ങൾക്ക് ഇവിടെ മറുപടി കിട്ടുന്നു.
ഇസ്‌ലാമിനു വേണ്ടി ബദർ യുദ്ധത്തിൽ വീരചരമം പൂകിയ ധീരയോദ്ധാക്കളെ സ്മരിക്കുന്ന ബദർ പടപ്പാട്ടിന്റെ ഈരടികൾ ഒരു ജനതയുടെ വികാരവും ആവേശവുമായി മാറുന്ന സന്ദർഭത്തെ നോവൽ ആവിഷ്കരിക്കുന്നുണ്ട്. ആയുധമേന്തിയ മാപ്പിളമാരുടെ വികാരങ്ങൾ വാക്കുകളായി കണ്ഠത്തിൽ നിന്ന് പുറത്തേക്കൊഴുകുന്നു. മാപ്പിളപ്പാട്ടു പാടുന്നതിൽ ഏറനാട്-വള്ളവനാട് പ്രദേശങ്ങളിൽ എതിരറ്റവനെന്നു പ്രസിദ്ധനായ മായിൻകുട്ടിയും നാടിനെ മോചിപ്പിക്കുവാൻ വേണ്ടിയുള്ള പുതിയ ബദറിൽ തോക്കേന്തുന്നു. ചൂഷകന്മാരായ വിദേശികളുടെ ഭീകര ഭരണത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമായി ബദർപ്പാട്ടിന്റെ ഈരടികൾ മാറുന്ന കാഴ്ച നോവലിൽ തെളിഞ്ഞു കാണാം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ മാളു ഹജ്ജുമ്മയെ നോവലിൽ അവതരിപ്പിച്ചിട്ടുള്ളത് അവരുടെ വ്യക്തിത്വത്തെ തന്നെ ഇകഴ്ത്തുന്ന മട്ടിലാണ്. ബ്രിട്ടിഷ് പട്ടാളത്തോട് ആയുധമേന്തി നേരിട്ട് പോരാടിയ, ആജ്ഞാശക്തിയും ധൈര്യവും ആർജവവുമുള്ള മാളു ഹജ്ജുമ്മയെന്ന ഏറനാടൻ വനിത, കൗമാര ചാപല്യങ്ങൾക്കകത്ത് വട്ടമിട്ടു പറക്കുന്ന ഒരു കൊച്ചു പെണ്ണായാണ് നോവലിൽ ആഖ്യാനം ചെയ്യപ്പെടുന്നത്. വെള്ളപ്പട്ടാളത്തോട് ജിഹാദ് വിളിച്ച് സമരം ജീവിതമായി അംഗീകരിച്ചിരിക്കുന്ന വയസ്സനായ ഭർത്താവിനെ വെറുപ്പോടെ നോക്കിക്കാണുന്ന മാളുവിനെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. “ആണുങ്ങൾ യുദ്ധത്തിനു പുറപ്പെടുമ്പോൾ നാം സ്ത്രീകളായിരിക്കണം അവരെ സന്തോഷത്തോടെ സലാം പറഞ്ഞ് യാത്രയാക്കേണ്ടത്. കൂടെപ്പോകാൻ കഴിവുള്ളർ കൂടെ പോകണം” എന്നു പറഞ്ഞ് സമരാഗ്നിയിഗ്നിയിൽ വെന്തുരുകിയ സ്ത്രീകൾക്ക് വിപ്ലവവീര്യം പകർന്ന മാളു ഹജ്ജുമ്മയുടെ കരുത്തുറ്റ വീര്യം “ഖിലാഫത്തിന്റെ” വായനയിൽ ചോർന്നുപോകുന്നു. നോവലെഴുതിയ കാലഘട്ടത്തിൽ ലഭ്യമായ മലബാർ സമര ആഖ്യാനങ്ങളാവാം മാളു ഹജ്ജുമ്മയെ കാൽപനിക ഛായയിൽ അവതരിപ്പിക്കാൻ എഴുത്തുകാരനെ പ്രേരിപ്പിച്ചത്. റമീസ് മുഹമ്മദിന്റെ “സുൽത്താൻ വാരിയൻകുന്നനിലൂടെ” വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തുവന്നതോടെ വയസ്സനെന്ന പരമ്പരാഗത ചിത്രീകരണത്തിന് ഇളക്കം തട്ടിയെന്നു പറയാം.
മലബാർ സമരത്തിന്റെ നാൾവഴികളിൽ വീണ്ടും കണ്ണിചേർക്കപ്പെട്ട ഒരു പ്രണയ സാക്ഷാത്കാരത്തിന്റെ കഥ നോവലിൽ ആവിഷ്കരിക്കുന്നുണ്ട്. മേജർ പാട്രിക് ഗോർഡന്റെയും സാറയുടെയും പ്രണയം പൊതുബോധ സദാചാര സീമകളെ അതിലംഘിച്ചു കൊണ്ട് പറക്കുന്നു.
ചരിത്രത്തോട് പരമാവധി നീതിപുലർത്തുമ്പോൾ പോലും ഇസ്‌ലാമികവിരുദ്ധമായ ‘മാപ്പിള ലഹള’ പോലുള്ള പദങ്ങൾ അബോധതലത്തിൽ എഴുത്തുകാരൻ ഉപയോഗിച്ചിട്ടുള്ളതായി കാണം. ചരിത്രങ്ങൾ വളച്ചൊടിക്കപ്പെട്ടു കൊണ്ടിരിക്കുകയും മുസ്‌ലിംകൾക്കു നേരെയുള്ള ആക്രമണങ്ങൾ സ്വാഭാവികതയായി മാത്രം അനുഭവപ്പെടുകയും ചെയ്യുന്ന സാമൂഹിക പശ്ചാത്തലത്തിൽ ഖിലാഫത്ത് എന്ന വാക്കിനും ‘ഖിലാഫത്ത്’ എന്ന ചരിത്ര നോവലിനും പറയാനുള്ളത് പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്. വംശീയ വിദ്വേഷ പ്രചരണങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ്പുകളുടെ രാഷ്ട്രീയം.
അഞ്ജലി മോഹൻ എം.ആർ– പുല്ലൂറ്റ് കെ.കെ.ടി.എം ഗവണ്മെന്റ് കോളേജിലെ ഗവേഷക വിദ്യാർത്ഥിയാണ് ലേഖിക