നമ്പർ വൺ കേരളം: ഒരു വിയോജനക്കുറിപ്പ്

കേരളം നമ്പർ വൺ സംസ്ഥാനമാണെന്ന് പറയരുത്, അത് അടിസ്ഥാന ജനവിഭാഗങ്ങളുടെ പോരാട്ടത്തെ ഇല്ലാതാക്കലാണ് എന്ന് പറയുന്നതിനോട് അസഹിഷ്ണുത എന്താണ്? ആരോഗ്യ രംഗത്തു കേരളം നേട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നല്ല. എന്നാലത് ഇന്നും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് എത്രകണ്ട് ഉപയോഗപ്രദമാകുന്നു എന്നതിലാണ് പ്രസക്തി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. റെജി ദേവ് എഴുതുന്നു.

എൽഡിഎഫും യുഡിഫും ഭരിക്കുന്ന കാലത്തു എംബിബിഎസ് പഠിച്ച വ്യക്തിയാണ് ഞാൻ. അന്ന് ഞാൻ പഠിച്ച പുസ്തകങ്ങളിലെ പല താരതമ്യങ്ങളിലും കേരളത്തിന്റെ ആരോഗ്യ രംഗത്തിന്റെ സൂചികകളും വിദേശ രാജ്യങ്ങളുമായി തുലനം ചെയ്യാവുന്നതാണെന്ന് പഠിച്ചിരുന്നു. ശിശു മരണ നിരക്കു പോലെയുള്ള ആരോഗ്യ സൂചികകൾ. അന്നതിനെപ്പറ്റി ഒരുപാടു പുകഴ്ത്തലുകൾ ക്ലാസിലെ മറ്റു സുഹൃത്തുക്കൾ പറയുന്നതും കേൾക്കാറുണ്ടായിരുന്നു. അടിസ്ഥാന വർഗ വിഭാഗത്തിൽ നിന്ന് ഉയർന്നു വന്ന ഒരാളുടെ മകൻ എന്ന നിലയ്ക്ക് ആ വീമ്പ് പറച്ചിലിൽ എവിടെയോ ഒരു പ്രശ്നമുള്ളതായി തോന്നിയിരുന്നു.

വിശദീകരിക്കുന്നതിനു മുന്നേ കുറച്ചു ചരിത്രം എഴുതാം.

പഠിത്ത കാലം മുതൽ നേരിടേണ്ടി വന്ന പ്രശ്നം മറ്റൊന്നാണ്. ഗവൺമെന്റ് സർവിസിൽ ജോലി ഉണ്ടായിരുന്ന മാതാപിതാക്കൾ ഉണ്ടായിരുന്നത് കൊണ്ട് ‘നിനക്ക് റിസർവേഷൻ ആവശ്യമില്ല, നീയൊരു ബൂർഷ്വാ ആണെന്നുള്ള’ സ്ഥിരം കളിയാക്കലുകൾ ഹൈസ്കൂൾ കാലഘട്ടം മുതൽ ഈ മുപ്പത്തിയൊന്നാം വയസ്സ് വരെ കേരളത്തിന്റെ പല ഭാഗങ്ങളിലെ കൂട്ടുകാർ ഉന്നയിച്ചത് എന്നോടാണ്. കേരളത്തിൽ ജാതിയെ പറ്റിയുള്ള അടിസ്ഥാന ബോധ്യം എത്ര പൊള്ളയാണെന്ന് എന്നെ പോലെയുള്ള ഒരു ദലിതന് മനസിലാകാൻ ഇതിൽ കൂടുതൽ ഒന്നും ആവശ്യമില്ല. കുഞ്ഞിലേ മുതൽ വീട്ടിൽ കാണുന്ന അംബേഡ്ക്ർ ആരാണെന്ന് മനസിലാക്കാൻ ബന്ധുമിത്രാദികൾ പറയുന്ന, ചുറ്റും കാണുന്ന അനുഭവങ്ങൾ ധാരാളമായിരുന്നു. ഇന്നും എന്റെ നാട്ടിൽ മെയിൻ റോഡിനു വശത്ത് വീടുള്ള ഒരേയൊരു ദലിത് കുടുംബം എന്റേതാണ്. പക്ഷേ, ആ അവസ്ഥ കാണാതെ, ഇതിനെല്ലാം ഞാൻ ആണ് കാരണക്കാരൻ എന്ന തോന്നൽ വരുന്നതിന്റെ പിന്നിൽ ഇന്നാട്ടിലെ യാഥാർഥ്യമായ ജാതീയതയെ അവഗണിച്ചു വർഗ സിദ്ധാന്തത്തിലൂന്നിയുള്ള ചിന്താഗതിയാണെന്ന് മനസിലാക്കാൻ എനിക്ക് ഒരുപാടു കാലം വേണ്ടി വന്നു. പക്ഷേ ആ യാത്രയെ ഞാൻ എന്നിലെ ആത്മീയതയുമായും എന്റെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും സ്വർഗത്തിലിരുന്ന് എനിക്ക് കാണിച്ചു തരുന്ന വഴികളായും ചേർത്തുവെക്കുന്നത് കൊണ്ട് അതൊരു രസമാണ്.

പത്താം ക്ലാസിൽ 600ൽ 574 മാർക്ക് നേടി സംസ്ഥാന തലത്തിൽ പതിനാറാം റാങ്കോടെ പാസ്സായ വ്യക്തിയാണ് ഞാൻ. എന്റെ നാട്ടിലെ ഏറ്റവും നല്ല മാർക്ക് നേടിയ കുട്ടിക്ക്, എല്ലാ വർഷത്തേയും പോലെ നമ്മുടെ നാട്ടിലെ വായനശാല അവാർഡ് നൽകുകയുണ്ടായി. എന്നാൽ ആ വര്‍ഷം പതിവ് തെറ്റിച്ചു എന്നേക്കാൾ കുറഞ്ഞ മാർക്ക് വാങ്ങിയ ഒബിസി സമുദായത്തിൽ പെട്ട കുട്ടിക്ക് അവാർഡ് കിട്ടി. ചോദിക്കുമ്പോൾ അവർ പറഞ്ഞത് എന്റെ അച്ഛനും അമ്മയ്ക്കും മെമ്പർഷിപ് ഇല്ല എന്നുള്ളതാണ്. വായനശാലയിൽ നിന്ന് ചെറുപ്പം മുതൽ പുസ്തകങ്ങൾ എടുക്കുന്ന ആളാണ് ഞാൻ എന്നോർക്കണം. ബാലസംഘത്തിൽ ഒക്കെ പോയിട്ടുള്ള വ്യക്തി. അന്ന് നാട്ടിലെ എന്റെയും ചേട്ടന്മാരുടെയും കൂട്ടുകാർ യുവാക്കളുടെ ക്ലബ് വഴി എനിക്ക് ഒരു അവാർഡ് നൽകുകയുണ്ടായി. സൗഹൃദങ്ങളുടെ വില മനസിലായ ദിവസങ്ങൾ.

ഇടതുപക്ഷത്തിനു, പ്രത്യേകിച്ച് സിപിഐഎംനു ഭൂരിപക്ഷമുള്ള വായനശാലയാണ് അതെന്ന് പറയേണ്ടതില്ലല്ലോ.

നീണ്ട ഇരുപത്തൊന്ന് വർഷമാണ് എന്റെ അച്ഛൻ നാട്ടിലെ ഒരു പ്രധാന സഖാവിനെതിരെ കുടികിടപ്പ് കേസ് നടത്തിയത്. ഒരു കുടികിടപ്പ് കേസിൽ ദലിത് കുടുംബത്തിന്റെ ഭാഗത്തു ന്യായമുണ്ടോ, ഇല്ലയോ എന്നുള്ളത് ചിന്തിക്കാൻ ഞാൻ നിങ്ങൾക്ക് വിടുന്നു. നമുക്ക് കയ്യിൽ ഭൂമിയുണ്ടല്ലോ അച്ഛാ പിന്നെന്തിനാ കേസ് നടത്തുന്നെ എന്ന് അച്ഛനോട് ചോദിച്ച എന്നോട് അച്ഛൻ പറഞ്ഞ കാര്യങ്ങളുണ്ട്. നിന്റെ അപ്പൂപ്പന്മാർ എന്നെ ഏല്പിച്ചിട്ട് പോയ പണിയാണ് അതെന്ന്. നൂറ്റാണ്ടുകളുടെ പോരാട്ടമാണ് അതെന്ന്. ഇന്നലെ എന്നെ കേരളത്തിലെ സഖാക്കൾ സൈബർ മോബ് ലിഞ്ചിങ് ചെയ്ത കൂട്ടത്തിൽ ആ കുടുംബത്തിലെ പയ്യനുമുണ്ടായിരുന്നു. ദലിതൻ നടത്തിയ കുടികിടപ്പ് കേസ് ഭൂമിയുള്ള ദലിതൻ ആയത് കൊണ്ട് കള്ളക്കേസാണെന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് സഖാക്കൾ!
ഇത് രണ്ടേ രണ്ട് അനുഭവങ്ങൾ മാത്രമാണ്. ജാതിയിൽ കെട്ടുറപ്പിക്കപ്പെട്ട ഈ രാജ്യത്തെ യാഥാർഥ്യങ്ങൾ പത്ത് വയസ്സ് മുതൽ മനസ്സിലാകുന്ന ഒരു ജനതയുടെ അനുഭവങ്ങൾ. ഇനിയുമെത്രയോ ചുട്ടുപൊള്ളുന്ന അനുഭവങ്ങൾ എനിക്ക് പറയാൻ കഴിയും. എന്നേക്കാൾ കൂടുതൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ജനതയെ സഹായിക്കാൻ ഒന്നുമില്ലല്ലോ എന്നാലോചിച്ചു ദിനംപ്രതി ഉരുകുന്ന എന്നെ പോലെയുള്ളവർക്കുള്ള ഒരേ ഒരാശ്രയം സർവ ശക്തനായ ദൈവത്തോടുള്ള പ്രാർഥന മാത്രമാണ്.

പ്ലസ് ടുവിനു പഠിക്കുമ്പോൾ ഇംഗ്ലീഷ് ട്യൂഷൻ എടുത്ത അശോകൻ സാറുണ്ട്. സഖാവാണ്. ജീവിതത്തിൽ ബഹുമാനിക്കുന്ന വളരെ വളരെ ചുരുക്കം സഖാക്കളിൽ ഒരാൾ. എനിക്ക് സംവരണത്തിന്റെ ആവശ്യമുണ്ടോ സർ? ഞാൻ അത് വേണ്ടെന്ന് വയ്ക്കട്ടെ എന്ന ചോദ്യത്തിന് ലളിതമായ ഉത്തരത്തിലൂടെ ഒരിക്കലും അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞ അശോകൻ സർ. കോളേജ് വരെ ഇടതുപക്ഷ രാഷ്ട്രീയം പിന്തുടരാൻ വഴികാട്ടിയായ സഖാവ്. പക്ഷേ, അത് ചുരുക്കം ചില നല്ല മനസുകളിൽ ഒന്ന് മാത്രമാണെന്നും, അവരും വളരെ ചെറിയൊരു അധികാര രഹിത ന്യൂനപക്ഷം മാത്രമാണെന്നും, ഒരു ഓർഗനൈസ്ഡ് ശക്തി എന്ന നിലയ്ക്ക് വർഗ സിദ്ധാന്തം ഈ സമുദായത്തെ വളരെ ദോഷകരമായി ബാധിക്കുന്നുവെന്നുമുള്ള തിരിച്ചറിവ് വന്നത് പിന്നീടാണ്.

നിങ്ങൾക്ക് വളരെയെളുപ്പം മനസിലാകുന്ന മറ്റൊരുദാഹരണം പറയാം. ഇലക്ഷനിൽ സ്ഥാനാർഥികളായി അതിസമ്പന്നരായ സ്ഥാനാർഥികൾ പോലും എല്ലാ സമുദായങ്ങളിൽ നിന്നും തൊഴിലാള വർഗ പാർട്ടിക്ക് വേണ്ടി നിൽക്കാറുണ്ട്, ദലിതരിൽ ഒഴിച്ച്. ഇന്നലെപ്പോലും പല ഇടതുപക്ഷ സൈബർ ഗുണ്ടകളും എന്നെ വിളിച്ചത് വരേണ്യ ദലിത് എന്നാണ്. അവരോടു പറയാനുള്ളത് അതെ, വരേണ്യ ദലിത് തന്നെയാണ്. നിങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയാവുന്നത് ചെയ്യ്, എന്റെ കൂടെ സർവശക്തൻ ഉണ്ടെന്ന് മാത്രമാണ്.

അവരോടു പറയാൻ ഉള്ളത്, നിങ്ങളിലെ ന്യൂനപക്ഷമായ അശോകൻ സാർ പോലുള്ള സഖാക്കൾ കൂടെ വളമിട്ട് വളർന്ന മനസാണിത്. രണ്ടു തവണ മരണത്തെ മുഖാമുഖം കണ്ട വ്യക്തിയാണ് ഞാൻ. നിങ്ങളുടെ സഖാവ് പിണറായി വിജയൻ സാറിന് വന്നത് പോലൊരു അസുഖം ചെറുപ്പത്തിലേ വന്ന് പോയതുമാണ്. അത് നൽകുന്ന ധൈര്യം എന്താണെന്ന് ഒരുപക്ഷേ സഖാവിനു നിങ്ങളോട് പറഞ്ഞു തരാൻ കഴിയും. നിങ്ങൾ പതിനായിരം പേർ വന്നാലും തളരില്ല എന്ന് തന്നെയാണ്.

മറ്റെല്ലാ യുവാക്കളെയും പോലെ കൗമാര പ്രായത്തിൽ ഞാൻ ചെയ്ത തെറ്റുകൾക്ക് ഞാൻ ഇന്നും മറുപടി പറയേണ്ടി വരുന്നത് എന്റെ ജാതി കൊണ്ടാണെന്ന് എനിക്ക് മനസിലാകും. ഇന്നലെയും കൂടെ എന്നെ പുളിച്ച തെറി വിളിച്ച സൈബർ ഗുണ്ടയോട് മാസങ്ങൾക്ക് മുന്നേ അയാളുടെ അതേ ഭാഷയിൽ പ്രതികരിച്ചതിനെ ചൊല്ലി സ്ത്രീകൾ വരെ ഇന്നലെ എന്നെ ചോദ്യം ചെയ്തു. അതിനടിയിൽ പ്രസ്തുത വ്യക്തി പിന്നിടും അറപ്പുളവാക്കുന്ന തെറികൾ വിളിച്ചിട്ടും ഞാൻ സഭ്യത വിട്ട് പെരുമാറിയിട്ടില്ല. അതു പേടി കൊണ്ടല്ല. അയാൾ എത്ര വിളിച്ചാലും അങ്ങനെ തിരിച്ചു വിളിക്കുന്നത് തെറ്റാണെന്ന ബോധ്യം വന്നതിനാലാണ്. പക്ഷേ ഒരു സ്ക്രീൻഷോട്ടിന്റെ പേരിൽ എന്നെ സ്ത്രീ വിരുദ്ധനാക്കിയ സ്ത്രീകൾ ഇന്നലെ അതയാളുടെ പുളിച്ച തെറികൾക്ക് മുന്നിൽ കണ്ണടക്കുന്നതും ഞാൻ കണ്ടു. പൊളിറ്റിക്കൽ കറക്ട്നെസും, ഇസങ്ങളും ഒക്കെ എന്നെപ്പോലെയുള്ള ദലിതർക്ക് നേരെ എങ്ങനെയാണു ഉപയോഗിക്കപ്പെടുന്നത് എന്ന് മനസിലാക്കാൻ ഇനിയൊരു തിയറിയും വായിക്കേണ്ട ആവശ്യം എനിക്കില്ല. ഇക്കണ്ടത് തന്നെ ധാരാളം. അത് ചിരിച്ചുകളയാണുള്ള ശക്തി എനിക്ക് തരുന്നത് എന്റെ വിശ്വാസം ഒന്ന് മാത്രമാണ്.

ഇത്രയും പറഞ്ഞത് നിങ്ങൾ നമ്പർ വൺ എന്ന് പറയുകയും, നിങ്ങളുടെ ആക്ടിവിസ്റ്റ് സർക്കിളുകൾ അങ്ങ് വാഷിംഗ്‌ടൺ പോസ്റ്റിൽ വരെ കള്ളങ്ങൾ എഴുതി നിറയ്ക്കുകയും ചെയ്യുന്നതിനെ എതിർക്കാൻ എനിക്ക് ന്യായമായ വശം ഉണ്ടെന്നുള്ളതാണ്. ഞാനും കൂടെയുൾപ്പെടുന്ന ഈ സമൂഹത്തെ പറ്റി ലോകത്തിനു മുന്നിൽ കള്ളങ്ങൾ പടച്ചു വിടുന്ന ആളുകളെ എതിർക്കുക എന്നത് ഈ ജനാധിപത്യം എനിക്കു നൽകുന്ന അവകാശമാണ്.

കേരളത്തിൽ 2500 ദിവസങ്ങളായി നടക്കുന്ന അരിപ്പ ഭൂസമരം, ചെങ്ങറ, മുത്തങ്ങ, ഹാരിസൺ ഭൂസമരങ്ങൾ, ഇവിടെയുള്ള 26000ൽ പരം ദലിത് ആദിവാസി കോളനികൾ, പട്ടിണി കാരണം മരിച്ച ആദിവാസികൾ. ദിനംപ്രതി ഈ രാജ്യത്ത് കൊല്ലപ്പെടുന്ന ദലിതർ, മധു, വിനായകൻ, കെവിൻ അങ്ങനെ എന്റെ ജനതയെ പറ്റിയുള്ള സകലതും നിങ്ങൾക്ക് ചായ കുടിക്കുമ്പോൾ വായിക്കാനുള്ള വാർത്ത മാത്രമാണ്. അതിലുപരി നിങ്ങളെ പോലെ സ്നേഹവും, ദേഷ്യവും, പ്രണയവും, കാമവും ഒക്കെയുള്ള മനുഷ്യ ജീവിതങ്ങളാണ് അവരെന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ?

അടിസ്ഥാന വർഗം, തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങിയതിനെ ഗൂഢാലോചന എന്നാരോപിച്ച ആരെക്കാളും ഉറച്ചതാണ് എന്റെ ഹിന്ദുത്വ വിരുദ്ധ തൊഴിലാളി വർഗ രാഷ്ട്രീയ ബോധം എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ തന്നെ എത്ര സൈബർ അറ്റാക്കുകളെയും അത് നേരിടുക തന്നെ ചെയ്യും.

ഈ പ്രശ്നങ്ങൾ ഇടതുപക്ഷവും വലതുപക്ഷവും ഭരിക്കുമ്പോൾ ഉള്ളത് തന്നെയാണ്. പക്ഷേ കോൺഗ്രസിനെ അവരുടെ നേതാക്കളെയൊക്കെ ദിനംപ്രതി ആക്ഷേപിക്കുന്ന നിങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ പോളിറ്റ് ബ്യുറോയിൽ സവർണരല്ലാതെ ആരും ഇതുവരെ വന്നിട്ടില്ല എന്ന് ചോദിക്കുന്നില്ല? എന്തേ ഒരു സ്ത്രീയെ മുഖ്യമന്ത്രി ആക്കാത്തത്? എന്തേ സംവരണ മണ്ഡലത്തിൽ അല്ലാതെ ദലിത് സ്ഥാനാർത്ഥികളെ നിർത്താത്തത്, പ്രധാന വകുപ്പുകൾ അവർക്ക് നൽകാത്തത്? ഇതൊക്കെ നിങ്ങളും ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ്. കേരളത്തിലെ ദലിത് വിദ്യാർഥികൾക്ക് ഈ വര്‍ഷം ലംസം ഗ്രാന്റ് നിർത്തിയത് ഇടതുപക്ഷ സർക്കാരല്ലേ?

ഇനി നമ്പർ വൺ സംസ്ഥാനം.

‘അങ്ങനെ പറയരുത്, അത് മേൽപറഞ്ഞ ജനവിഭാഗങ്ങളുടെ പോരാട്ടത്തെ ഇല്ലാതാക്കലാണ്’ എന്ന് പറയുന്നതിനോട് നിങ്ങൾക്ക് അസഹിഷ്ണുത എന്താണ്? പിണറായി വിജയൻ കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയല്ല എന്ന് പറയാനുള്ള അവകാശം എനിക്കുണ്ട്. അത് വീണ്ടും വീണ്ടും ഞാൻ പറയും. വിനായകനും, കെവിനും, ബഷീറും, സവർണ സംവരണവും ഒക്കെ അതിനു കാരണങ്ങളായി പറയാനുള്ള രാഷ്ട്രീയ അവകാശം എനിക്കുണ്ട്. ഞാനും എന്റെ രാഷ്ട്രീയ ബോധ്യങ്ങളും വിശ്വാസങ്ങളും ഉൾപ്പെടുന്നതാണ് ഈ നാട്. അതിനെ നിങ്ങൾ എത്ര സൈബർ ഗുണ്ടകളെ ഇറക്കി പ്രതിരോധിച്ചാലും ഞാൻ ആവർത്തിക്കും.

സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന നിങ്ങളുടെ നേതാക്കളോട് ലോകത്തിനു തന്നെ മാതൃകയായ ഇടുക്കിയിലെ തൊഴിലാളി വർഗ പോരാട്ടമായ പെമ്പിളൈ ഒരുമൈയെ പറ്റി ഓർമ്മിപ്പിക്കുന്നതിൽ എവിടെയാണ് തെറ്റ്? മുഖ്യമന്ത്രിക്കെതിരെയുള്ള ജാതി പരാമർശത്തിൽ രോഷം കൊള്ളുന്ന നിങ്ങളോടു ചിത്രലേഖ എന്ന ദലിത് സ്ത്രീ ഇന്നാട്ടിൽ അനുഭവിച്ച ക്രൂരതകൾ ഓർമിപ്പിക്കുന്നത് എങ്ങനെയാണു തെറ്റാകുന്നത്? കിർത്താഡ്‌സ് എന്ന സ്ഥാപനത്തിന് നേരെ ഉയർന്ന ആരോപണങ്ങൾ ഉയർത്തിക്കാട്ടുന്നത് എങ്ങനെയാണു തെറ്റാകുന്നത്? എല്ലാം പോട്ടെ, ഞാൻ ദലിതനാണ്, എന്റെ അനുഭവങ്ങൾ അവിടെ നിന്നാണ് വരുന്നത് എന്ന് വിശദീകരിച്ചിട്ടും എന്നെ കൂട്ടമായി ആക്രമിച്ച നിങ്ങളാണോ ജാതിവിരുദ്ധ പോരാട്ടത്തിന്റെ ക്ലാസ് എടുക്കാൻ വരുന്നത്? രോഹിത് വെമുല കൊല്ലപ്പെടുന്നതിന് മുൻപ് വരെ നിങ്ങളുടെ ഇരട്ടത്താപ്പുകൾ തുറന്നു വിമർശിച്ച വ്യക്തിയാണ്. അക്കാര്യങ്ങളെല്ലാം മറച്ചു വെച്ചു അദ്ദേഹത്തെ ഏറ്റെടുക്കാൻ നടത്തുന്ന ശ്രമങ്ങളോട് എതിര് നിൽക്കുന്നതാണോ ഞാൻ ചെയ്‌ത തെറ്റ്?

രാഹുൽ ഗാന്ധിക്കെതിരെ മോദി തുടങ്ങിയത് രാഹുലിനെ പപ്പു എന്ന് അധിക്ഷേപിച്ചുകൊണ്ടാണ്. വ്യാപകമായി രാഹുൽ ഗാന്ധിയെ ട്രോള് ചെയ്യുകയും മോഡി 56 ഇഞ്ചുള്ള സർവ്വസമ്മതനായ നേതാവായി ഉയരുകയും ചെയ്തു. അതിലെ കളികളറിയാതെ രാഹുലിനെ പപ്പു എന്ന് വിളിക്കാൻ നമ്മൾ ഓരോരുത്തരും ഉണ്ടായിരുന്നു.

ഇന്ന് രമേശ് ചെന്നിത്തലയ്‌ക്കെതിരെ നിങ്ങൾ ചെയ്യുന്നതും അത് തന്നെയല്ലേ. ഉമ്മൻ ചാണ്ടി എന്ന മുതിർന്ന നേതാവിനെക്കുറിച്ചു കൈരളി ടിവിയിൽ തികച്ചും അശ്ലീലമായ വാർത്തകൾ നൽകിയത് ആരാണ്? ഞാൻ ആയിരക്കണക്കിന് സഖാക്കളാൽ സൈബർ മോബ് ലിഞ്ചിങ് നേരിടുന്നതിന് തലേ ദിവസമാണ് സീനിയർ കോൺഗ്രസ് നേതാക്കളെ വേട്ടാവളിയാൻ എന്നാക്ഷേപിച്ച സഖാവിനോട് അത് തെറ്റാണെന്ന് പറഞ്ഞത്. രമേശ് ചെന്നിത്തലയെ ഫോൺ വിളിയുടെ പേരിൽ വ്യാപകമായി കളിയാക്കുന്ന നിങ്ങൾ നിങ്ങളുടെ നേതാക്കളെ യേശുക്രിസ്തുവിനോടൊപ്പം ചേർത്ത് നിർത്തിയ ഫോട്ടോകൾക്ക് നേരെ പോലും കണ്ണടക്കുന്നു. അതും, ബിംബവൽക്കരണം അരുതെന്ന് ദലിതർക്കും ആദിവാസികൾക്കും ദശാബ്ദങ്ങളായി ക്ലാസെടുക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികളുള്ള ഈ നാട്ടിൽ!

രമേശ് ചെന്നിത്തലയെ പരസ്യമായി വിമർശിച്ചിട്ടും ഇന്നാട്ടിലെ ഒരു അംബേഡ്കറൈറ്റിനും ഇതുപോലെ സൈബർ മൊബ് ലിഞ്ചിങ് നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ എന്റെ പോസ്റ്റിൽ പിണറായിയെ കുറ്റം പറഞ്ഞു എന്നതിന് എതിരേയായിരുന്നു തെറികൾ കുറേ. വിമർശനത്തിന് അതീതനായി നിങ്ങൾ പ്രതിഷ്ഠിക്കുന്ന പിണറായിയെക്കാളും ഈ ജനാധിപത്യത്തിൽ എനിക്കിഷ്ടം രമേശ് ചെന്നിത്തലയെ പോലും കളിയാക്കാൻ സ്വാതന്ത്ര്യമുള്ള കോൺഗ്രസിലെ ജനാധിപത്യ ബോധത്തെയാണ് എന്ന് ഈ ജനാധിപത്യ രാജ്യത്തിരുന്ന് ഞാൻ ഉറക്കെയുറക്കെ വിളിച്ചു പറയും.

കേരളം നമ്പർ വണ്ണല്ല, നിങ്ങളുടെ നേതാക്കൾ കോൺഗ്രസ്സിനെക്കാളോ, ലീഗിനേക്കാളോ, വെൽഫെയർ പാർട്ടിയേക്കാളോ, ബഎസ്പിയെക്കാളോ, എസ്ഡിപിഐയെക്കാളോ, ഡിഎച്ച്ആർഎമ്മിനെക്കാളോ, കേരള കോൺഗ്രസിനെക്കാളോ മുകളിൽ ആണെന്ന് ഒരു ദലിതനായ എനിക്ക് ഒരിക്കലും പറയാൻ കഴിയില്ല. ഇന്നാട്ടിലെ ചുട്ടുപൊള്ളുന്ന യാഥാർഥ്യങ്ങളുടെ പുറത്തു നിന്നാണ് ഞാൻ സംസാരിക്കുന്നത്. അത് നിങ്ങളുടെ ഇടതുപക്ഷ കണ്ണടകളിലൂടെ കാണാൻ സാധിക്കാത്തത് എന്റെ തെറ്റാണോ?

ശ്രീറാം വെങ്കിട്ടരാമനെ പോലെ റെട്രോഗ്രേഡ് അംനേഷ്യ, അതായത് മുന്നേയുള്ള കാര്യങ്ങൾ മറന്നു പോകുന്ന അസുഖമുള്ളത് നിങ്ങൾക്ക് കൂടെയാണെന്ന് ഞാൻ പറയുന്നത് എന്റെ സാമൂഹിക പരിസരത്തു നിന്നാണ്.

ആരോഗ്യ രംഗത്തു കേരളം നേട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നല്ല. എന്നാലത് ഇന്നും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് എത്രകണ്ട് ഉപയോഗപ്രദമാകുന്നു എന്നതിലാണ് പ്രസക്തി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആർസിസി പോലൊരു സ്ഥാപനത്തിൽ വരുന്ന രോഗികളുടെ തിക്കും തിരക്കും അതിനു ഒരു ഉദാഹരണം മാത്രമാണ്.
മുൻപത്തെ പോസ്റ്റിൽ പറഞ്ഞതുപോലെ ഞാൻ ഒരു വർഷത്തോളം ജോലി ചെയ്തിരുന്നത് ട്രൈബൽ ഡോക്ടർ ആയിട്ടാണ്. ആഴ്ചയിൽ മൂന്ന് ദിവസം കാടിനകത്ത് പത്തു പതിനഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്തു ആദിവാസികളെ ചികിത്സിച്ച ഞാൻ ആരോഗ്യ രംഗത്തെ പരിമിതികൾ ഒരു ദലിത് സമൂഹത്തിൽ നിന്ന് വരുന്ന വ്യക്തി എന്ന നിലയ്ക്ക് മനസിലാക്കിയിട്ടുണ്ടാകില്ലേ? ഇവിടെ കേരളം ആരോഗ്യ രംഗത്ത് വളരെ പിന്നിലുള്ള ഒരു സംസ്ഥാനം ആണെന്നല്ല പറയുന്നത്. ഇനിയും മുന്നേറാൻ ഉണ്ടെന്നുള്ള ക്രിയാത്മക വിമർശനം മാത്രമാണ്.

ഒരു ഡോക്ടർക്ക് നമ്മുടെ പിഎച്ച്സികളിൽ രോഗിയുമായി ഇടപെടാൻ കഴിയുന്ന സമയം എത്ര കുറവാണ് എന്നറിയാമോ? കേരളത്തിലെ നഴ്സിങ് വിഭാഗം പ്രൈവറ്റ് ആശുപത്രികളിൽ എത്ര കുറഞ്ഞ വേതനത്തിനാണ് ജോലി ചെയ്യുന്നത് എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ? 5000 രൂപ മാസവേതനത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഉള്ള നാടാണിത്. ലിനി സിസ്റ്ററുടെ മരണത്തിനു ശേഷവും അതിനൊരു മാറ്റവും വന്നിട്ടില്ല. ആശാ വർക്കർമാർ തുടങ്ങി മെഡിക്കൽ കോളേജുകൾ വരെയുള്ള സൗകര്യങ്ങൾ കൂട്ടുക എന്ന് പറയുന്നത് എങ്ങനെയാണു നിങ്ങൾ എതിർക്കുന്നത്? അതും, അടിസ്ഥാന വർഗ വിഭാഗത്തിൽ നിന്നുയർന്നുവന്നു ഡോക്ടറായ ഞാൻ വിമർശിക്കുന്നതിനെ? കേരളത്തിൽ ഞാൻ പഠിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്ര വെന്റിലേറ്ററുകൾ ഉണ്ടെന്ന് നിങ്ങൾ അന്വേഷിക്കണം. എത്ര സ്കാനിംഗ് സെന്ററുകൾ ഉണ്ടെന്ന് നിങ്ങൾ അന്വേഷിക്കണം. അവിടെ ദിനംപ്രതി വരുന്ന രോഗികളുടെ കണക്കനുസരിച്ചു അത് പര്യാപ്തമാണോ എന്ന് നിങ്ങൾ അന്വേഷിക്കണം. ഇല്ലെങ്കിൽ അത് സാധാരണക്കാരെ എങ്ങനെയാണു ബാധിക്കുന്നത് എന്ന് നിങ്ങൾ ചിന്തിക്കണം.

ഞാൻ ജോലി ചെയ്യുന്ന രംഗത്തെ വമ്പൻ ഡോക്ടർമാർ മുതൽ ക്ലീനിങ് ജോലിക്കാർ, ആംബുലൻസ് ഡ്രൈവർമാർ, നഴ്സുമാർ അങ്ങനെ എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തന ഫലമാണ് നമ്മുടെ കൊറോണ പോരാട്ട വിജയം. ഇവരിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല, അംബേഡ്കറൈറ്റുകളും, കോൺഗ്രസ്സുകാരും, ലീഗുകാരും, ഡിഎച്ച്ആർഎമ്മുകാരും ഒക്കെയുണ്ട്. അവരുടെയെലാം കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നമ്മുടെ സംസ്ഥാനം കൊറോണ വിരുദ്ധ പോരാട്ടം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നത്. അതിനെ ഒരു പാർട്ടിയുടെ മാത്രം, ഒരാളിന്റെ മാത്രം വിജയമായി ചിത്രീകരിക്കുന്നത് അനീതിയല്ലേ? അനീതിയാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

ഇതിന്റെ താഴെയും എന്നെ തെറിവിളിച്ച ആളെ തിരിച്ചു തെറി വിളിച്ച സ്ക്രീന്ഷോട് കൊണ്ടുവരുന്നവരോട്: നിങ്ങൾക്ക് ഞാൻ പറയുന്നത് മനസിലാകുന്ന, നമ്മൾ ഒരുമിച്ചു ഈ സമൂഹത്തിന്റെ നന്മയ്ക്കായി പോരാടുന്ന ഒരു നാളെക്കായി ഞാൻ പ്രാർഥിക്കാം എന്നു മാത്രം പറയുന്നു..

ഹിന്ദുത്വ വിരുദ്ധ പോരാട്ടത്തിൽ സംഘപരിവാർ അറസ്റ്റ് ചെയ്ത സഫൂറ സർഗാറിനെ പോലെയുള്ള അനേകം പേർക്ക് വേണ്ടി ഒരുമിച്ചു പോരാടാൻ, ഇന്നാട്ടിൽ പരസ്യമായി വംശഹത്യ ചെയ്യപ്പെടുന്ന മുസ്‌ലിംകൾക്കു വേണ്ടി, ദിനംപ്രതി കൊല്ലപ്പെടുന്ന ദലിത് ആദിവാസികൾക്ക് വേണ്ടി പോരാടാൻ നമുക്ക് കഴിയട്ടെ.

ഇത് എന്റെ ജനമാണ്. നിങ്ങൾ എത്ര തളർത്താൻ ശ്രമിച്ചാലും ഞാൻ ശബ്ദിച്ചു കൊണ്ടേയിരിക്കും.

ജയ് ഭിം.
അല്ലാഹു അക്ബർ.

Top