കോവിഡ് കാലത്തും പ്രവാസികളോട് അവഗണന മാത്രം

ദിനംപ്രതി വൈറസ് വ്യാപനം വർധിക്കുന്നതോടെ നല്ല സംവിധാനങ്ങളുള്ള വിദേശ രാഷ്ട്രങ്ങളിലെ ആരോഗ്യ മേഖലയ്ക്ക് പോലും വേണ്ട ശ്രദ്ധ നൽകി രോഗികളെ ചികിത്സിക്കാൻ കഴിയാത്ത അവസ്ഥയാണ് വരുന്നത്. കേരളത്തേക്കാൾ ഉയർന്ന മരണ നിരക്കും സൂചിപ്പിക്കുന്നത് അതാണ്. ലോക്ക്ഡൗണിന്റെയും വിമാന സർവീസുകളുടെയും ന്യായം പറഞ്ഞ് രോഗികളെ പോലും നാട്ടിലെത്തിച്ചു വിദഗ്ധ ചികിത്സ നൽകാൻ വിമുഖത കാണിക്കുന്ന അധികാരികളുടെ സമീപനം വരും ദിവസങ്ങളിൽ വിപത്തിന്റെ ആഴം വർദ്ധിപ്പിക്കാനേ വഴിയൊരുക്കൂ. മുഹമ്മദ് സുൾഫി എഴുതുന്നു.

കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം ഏകദേശം 20 ലക്ഷത്തിൽ അധികമുണ്ടാകും. എണ്ണത്തിന്റെ കണക്കുകൾ പോലും ഏകദേശമെന്ന നിലയ്ക്ക് സൂചിപ്പിക്കേണ്ടി വന്നത് കൃത്യമായ ഒരു കണക്കും ഇല്ലാത്തതുകൊണ്ടാണ്. അരനൂറ്റാണ്ട് പിന്നിട്ട സജീവ തൊഴിലന്വേഷണ പ്രവാസത്തിനു ശേഷവും ഫലപ്രദമായ ഒരു സംവിധാനവും പ്രവാസികൾക്കായി ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. കൊറോണ വൈറസ് ബാധയേറ്റ് കേരളത്തിൽ മരണമടഞ്ഞതിനേക്കാൾ അനേകമിരട്ടി മലയാളികൾ ലോകത്തിന്റെ പല ഭാഗത്തുമായി മരണത്തിന് കീഴടങ്ങി. നൂറുകണക്കിന് പൗരന്മാർ ഇപ്പോഴും പല രാജ്യങ്ങളിലായി വൈറസ് ബാധ മൂലം ചികിത്സയിലാണ്. ഈ അത്യാഹിത ഘട്ടത്തിൽ പോലും ആവശ്യമായ ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രവാസികളായ പൗരൻമാർക്ക് ഉറപ്പുവരുത്താൻ സർക്കാർ ശ്രമം നടത്തിയിട്ടില്ല. വിദേശകാര്യ മന്ത്രാലയം, മന്ത്രിമാർ,  എംബസികൾ, പ്രവാസികാര്യ വകുപ്പുകൾ, നോർക്ക, ലോക കേരള സഭ, പ്രവാസി ഭാരതീയ ദിവസ്, കാക്കതൊള്ളായിരം പദ്ധതി പ്രഖ്യാപനങ്ങൾ മുതലായവയുടെ ഇന്നോളമുള്ള പ്രവർത്തനങ്ങളുടെ ഫലമായി, ഇന്നോളം പ്രവാസികൾ ഉന്നയിച്ച എത്ര  പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞു എന്നത് ഇന്നും പ്രസക്തമായ ചോദ്യമായി നിലനിൽക്കുന്നു. 

പ്രവാസി പുനരധിവാസം, പ്രവാസി ഇൻഷുറൻസ്, പ്രവാസി നിയമസഹായ സെൽ, വിമാന ടിക്കറ്റ് കൊള്ള തുടങ്ങി ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ ലിസ്റ്റ് എഴുതാൻ ഒരുപുറം തികയാതെ വരും. പണ്ട് പെൻസിൽ കൊണ്ട് മീശ വരച്ച് വയസ്സു കൂട്ടി കാണിച്ച് പാസ്പോർട്ടെടുത്ത് നാടുകടന്ന് വീടിനും, സമൂഹത്തിനും, നാടിനും വേണ്ടി വാർദ്ധക്യ കാലം വരെ പ്രവാസിയായി കഴിഞ്ഞ ഒരു പൗരൻ ദൗർഭാഗ്യവശാൽ അവിടെ വെച്ചു തന്നെ മരണപ്പെട്ടാൽ ആ മൃതദേഹം നാട്ടിൽ എത്തിക്കാൻ പോലും ഇന്നോളം ഒരു ആശ്വാസ പദ്ധതി തയ്യാറായിട്ടില്ല എന്നത് പ്രവാസികൾ നേരിടുന്ന  അവഗണയുടെ നേർചിത്രമാണ്. ആളൊന്നിന് 500 രൂപ ഈടാക്കി സഹകരണാടിസ്ഥാനത്തിൽ പ്രവാസികളെ തന്നെ പങ്കെടുപ്പിച്ചു എളുപ്പത്തിൽ സാധ്യമാക്കാവുന്ന ഒന്നായിട്ടുകൂടി ഇന്നോളം അത് നിലവിൽ വന്നിട്ടില്ല എന്നതാണ് വാസ്തവം. 

ആരാണ് പ്രവാസികൾ?

നമ്മുടെ സമൂഹ മനസ്ഥിതിയിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഭാഗമാണ് പ്രവാസികൾ. എത്രതന്നെ യാതനകളും,  വേദനകളും നിറഞ്ഞ പ്രവാസ ജീവിത കഥകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടാലും, ഇന്നോളം മാറാത്ത ആ പൊതുബോധമാണ് അധികാരികളും, ഉദ്യോഗസ്ഥരും പ്രവാസികളോടുള്ള അവഗണനകൾ തുടരുന്നതിനാധാരം. എന്നാൽ വസ്തുത ഇതൊന്നുമല്ല 90 ശതമാനം പ്രവാസികളും ഇടത്തരക്കാരായ വർക്കിങ് ക്ലാസുകളും,  ലേബർ ക്ലാസ്സുകളും ആണ്. സ്ഥിരവരുമാനമായ ശമ്പളത്തിൽ വരുന്ന ചെറിയ കുറവ് പോലും ജീവിതക്രമങ്ങൾ പാടെ താളംതെറ്റിക്കുന്ന അവസ്ഥയിലുള്ളവർ. പ്രവാസത്തിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ഭൂരിപക്ഷം പേരും ഇതിൽനിന്ന് അന്യമല്ല. ദൈനംദിന ചെലവുകളും, നാട്ടിലെ ചെലവുകളും കഴിഞ്ഞാൽ വരും മാസത്തെ ചെലവുകൾക്ക് ശമ്പളത്തെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാൽ സ്വന്തം ചിലവുകൾ കഴിച്ചു നാട്ടിലെ ചെലവുകൾക്ക് മറ്റുള്ളവരെയോ, മുന്നടവ്  തുടങ്ങിയ വട്ടിപ്പലിശക്കാരെയോ ആശ്രയിക്കേണ്ട ‘പള്ളിക്കൽ നാരായണൻമാരാണ്’ ലേബർ ക്ലാസിലെ മഹാഭൂരിപക്ഷവും.

ചിത്രം ഇങ്ങനെയൊക്കെയാണെങ്കിലും കൊറോണയേൽപ്പിച്ച സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ കമ്പനികൾക്ക് അധികാരികൾ നൽകിയ പോംവഴികൾ ശമ്പളം കുറക്കുക,  നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുക, ആവശ്യമില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചു വിടുക തുടങ്ങിയവയാണ്. ഇത്തരത്തിൽ പകുതി ശമ്പളം വെട്ടിക്കുറച്ചവരും, അവധിയിലുള്ളവരും, ജോലി നഷ്ടപ്പെട്ടവരുമാണ് കുടുംബത്തോടൊപ്പം താമസിക്കുന്നവരടക്കമുള്ള ഭൂരിപക്ഷം പ്രവാസികളും. 

സർക്കാർ അനാസ്ഥ

ഈ മഹാമാരി കാലത്തും ആശങ്കയോടെ സഹായമഭ്യർത്ഥിക്കുന്ന പ്രവാസികളോടും, ബന്ധുക്കളോടും പ്രവാസി സംഘടനകളെ  ചൂണ്ടി “ദേ അങ്ങോട്ടു നോക്കൂ അവർക്കേ ചെയ്യാൻ കഴിയൂ” എന്ന നയമാണ് അധികാരികൾ സ്വീകരിക്കുന്നത്. എന്നാൽ ഇത്തരം പ്രവാസി സംഘടനകൾക്ക് നാമമാത്രമായ പിന്തുണകൾക്കപ്പുറം മറ്റ്  എന്ത് പിന്തുണയാണ് സർക്കാർ സംവിധാനങ്ങൾ നൽകുന്നത് എന്ന് ഇനിയും വ്യക്തമല്ല. വൈറസ് വ്യാപനം വർദ്ധിക്കുകയും ലോക്ക്ഡൗൺ നീളുകയും ചെയ്താൽ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ പ്രവാസികളെ എല്ലാ അർഥത്തിലും സഹായിക്കാൻ പ്രാപ്തിയുള്ള വരാണോ പ്രവാസി സംഘടനകൾ?  അല്ല എന്നതാണ് ഉത്തരം. ഫോട്ടോ എടുപ്പും, അമിത മീഡിയ പ്രചാരണങ്ങളുമൊഴിച്ചാൽ നാളിതുവരെ പ്രവാസി സംഘടനകൾ ചെയ്ത സർവ്വ സേവനങ്ങളും ഹൃദയംതൊട്ട അഭിനന്ദനങ്ങൾ അർഹിക്കുന്നവയാണ്. പക്ഷേ ഒരു പരിധിക്കപ്പുറം അവരും നിസ്സഹായരാണ്. 

ദിനംപ്രതി വൈറസ് വ്യാപനം വർധിക്കുന്നതോടെ നല്ല സംവിധാനങ്ങളുള്ള വിദേശ രാഷ്ട്രങ്ങളിലെ ആരോഗ്യ മേഖലയ്ക്ക് പോലും വേണ്ട ശ്രദ്ധ നൽകി രോഗികളെ ചികിത്സിക്കാൻ കഴിയാത്ത അവസ്ഥയാണ് വരുന്നത്. കേരളത്തേക്കാൾ ഉയർന്ന മരണ നിരക്കും സൂചിപ്പിക്കുന്നത് അതാണ്. ലോക്ക്ഡൗണിന്റെയും വിമാന സർവീസുകളുടെയും പേരിൽ രോഗികളെ പോലും നാട്ടിലെത്തിച്ചു വിദഗ്ധ ചികിത്സ നൽകാൻ വിമുഖത കാണിക്കുന്ന അധികാരികളുടെ സമീപനം വരും ദിവസങ്ങളിൽ വിപത്തിന്റെ ആഴം വർദ്ധിപ്പിക്കാനേ വഴിയൊരുക്കൂ.

ജോലി നഷ്ടപ്പെട്ടവരും, കുടുംബത്തോടൊപ്പം മടങ്ങാൻ കഴിയാതെ കുടുങ്ങിയവരും, മറ്റു ചികിത്സകൾ ആവശ്യമുള്ള രോഗികളും, സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞവരും ലോക്ക്ഡൗൺ നീണ്ടാൽ അനുഭവിക്കാൻ പോകുന്നത് വലിയ പ്രതിസന്ധിയാണ്. ജീവിത ചെലവിനു പോലും വകയില്ലാത്ത അവസ്ഥയിലേക്കാകും ഇവർ എടുത്തെറിയപ്പെടുക. ഇനിയും ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത വാടക, ടെലികോം,  ഇലക്ട്രിസിറ്റി, വിദ്യാഭ്യാസം, ഭക്ഷണം, ബാങ്ക് ലോൺ തുടങ്ങി മറ്റെല്ലാ ബാധ്യതകളും ഇന്നും നിലനിൽക്കുന്നു. പല രാജ്യങ്ങളിൽ നിന്നും വാടക നൽകാത്തതിന്റെ  പേരിൽ പല പ്രശ്നങ്ങളും ഉയർന്നു വന്നു കഴിഞ്ഞു.

നാട്ടിലെത്തിക്കാൻ ചില മാർഗങ്ങൾ

പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാറുകൾ വിമുഖത കാണിക്കുന്നത് രോഗവ്യാപനം ഭയന്നാണെങ്കിൽ, അതിനെയും മറികടക്കാൻ നമുക്ക് മുമ്പിൽ മാർഗങ്ങളുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രോഗികൾ, രോഗ ലക്ഷണമുള്ളവർ, രോഗികളോടൊപ്പം സഹവസിച്ചവർ, രോഗമില്ലാത്തവർ എന്നിങ്ങനെ തരംതിരിച്ച് പ്രത്യേക വിമാനങ്ങളിൽ അയക്കാവുന്നതാണ്. വിമാനങ്ങളിൽ കയറുന്നതിനു മുൻപും,  ഇറങ്ങിയതിന് ശേഷവും പ്രത്യേകം ആരോഗ്യ പരിശോധനകൾ നടത്താവുന്നതും സംശയമുള്ളവരെ മാറ്റിനിർത്താവുന്നതുമാണ്. ലഗേജുകൾ പരിമിതപ്പെടുത്തിയും, യാത്രക്കാരെയും അവരുടെ കയ്യിലുള്ള ബാഗേജുകളും യാത്രക്ക് മുൻപും ശേഷവും അണുവിമുക്തമാക്കി (സ്റ്റെറിലൈസ്) സുരക്ഷിതമാക്കാവുന്നതാണ്. രോഗമില്ലാത്തവരെ 28 ദിവസം ഹോം ക്വാറന്റൈനിലും, രോഗലക്ഷണങ്ങൾ ഉള്ളവരെയും,  രോഗികളുടെ കൂടെ സഹവസിച്ചവരെയും പ്രത്യേകം വേർതിരിച്ച് നിശ്ചിത കേന്ദ്രങ്ങളിൽ പാർപ്പിക്കാവുന്നതുമാണ്. രോഗമുള്ളവരെയും, രോഗലക്ഷണങ്ങൾ ഉള്ളവരെയും,  രോഗികളോടൊപ്പം സഹവസിച്ചവരെയും നേരിട്ട് വിമാനത്താവളത്തിൽ നിന്നു തന്നെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കാവുന്നതാണ്. രോഗമില്ലാത്തവരെ തുറന്ന വാഹനങ്ങളിൽ ആവശ്യമായ അകലം പാലിച്ചു തന്നെ വിമാനത്താവളത്തിൽ നിന്ന് വീടുകളിലേക്ക് അയക്കാവുന്നതാണ്.

പ്രവാസികളുടെ എണ്ണം കുറക്കാൻ നിരുപാധിക പൊതുമാപ്പുകൾ പോലും പ്രഖ്യാപിച്ച ഗൾഫ് രാജ്യങ്ങൾ ഇത്തരം ഒരുക്കങ്ങൾക്ക് സർവ്വവിധ പിന്തുണയും നൽകി നമ്മോടൊപ്പമുണ്ടാവും എന്നുള്ളത് തീർച്ചയാണ്. നാട്ടിലെത്തിയാൽ സൗകര്യങ്ങളൊരുക്കാൻ എല്ലാവിധ പിന്തുണയും അറിയിച്ച് വിവിധ സംഘടനകളും, സന്നദ്ധ സേവകരും, സ്ഥാപനങ്ങളും, ആരാധനാലയങ്ങൾ പോലും വിട്ടു നൽകാൻ തയ്യാറായി നിൽക്കുന്നു എന്നുള്ളത് ഏറെ ആശ്വാസകരവും, ജോലിഭാരം എളുപ്പമാക്കുകയും ചെയ്യും.

വിദേശികൾ പോലും രോഗമുക്തി നേടി രാജ്യം വിടുമ്പോൾ, സ്വന്തം പൗരന്മാർ പല വിദേശ രാജ്യങ്ങളിൽ മതിയായ ചികിത്സ പോലും കിട്ടാതെ പ്രയാസപെടുകയും,  മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. പൗരന്മാരുടെ അവകാശങ്ങളുടെ രക്ഷിതാവായി പ്രവർത്തിക്കുമ്പോഴാണ് യഥാർഥ ഭരണാധികാരികളാകുന്നത്. അല്ലാതെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ നിയമ-സാങ്കേതിക ന്യായങ്ങൾ നിരത്തി നിസ്സഹായത പറഞ്ഞ് കൈ മലർത്തുമ്പോഴല്ല. സ്വന്തം പൗരന്മാരുടെ ജീവൻ ഭീഷണിയിലായിരിക്കുമ്പോൾ പരിഗണിക്കാത്ത ലോക്ക്ഡൗൺ നിയമങ്ങൾ കൊണ്ട് നാടിന് നന്മയല്ല, ദോഷമാണുണ്ടാവുക. ‘ചുട്ടെടുത്ത നിയമങ്ങൾ’ കൊണ്ട് ഇന്നോളം ഒരു സർക്കാറും പ്രതിസന്ധിയിലായിട്ടില്ല. ഇത്തരം നിയമങ്ങളുടെ സർവ്വ ഭാരവും, ദുഃഖവും പേറുന്നത് എന്നും സാധാരണ ജനങ്ങൾ മാത്രമാണ്. സാധാരണ ജനങ്ങൾ (non privileged class) അനുഭവിക്കുന്ന അവഗണനയും, വിമുഖതയുമൊന്നും ഉയർന്ന സ്ഥിതിയിലുള്ള പൗരന്മാർ (privileged class) അനുഭവിക്കാറില്ല എന്നത് സമീപകാലത്ത് കൂടി സംഭവിച്ച പല ഇടപെടലുകളിൽ കൂടി നാം കണ്ടറിഞ്ഞതാണ്. അത്തരം വിഭാഗങ്ങൾക്കാണ് ഈ ദുരനുഭവമെങ്കിൽ ചാർട്ടേഡ് വിമാനങ്ങളുടെ നീണ്ടനിര തന്നെ നമുക്ക് കാണാൻ കഴിയുമായിരുന്നു. വീടിനും സമൂഹത്തിനും,നാടിനും വേണ്ടി സർവ്വ സ്വപ്നങ്ങളും ത്യജിച്ച് ഒരു മനുഷ്യായുസ്സ് മുഴുവൻ ഹോമിച്ചു തീർത്ത പ്രവാസികളെക്കാൾ “ഗതികെട്ടവർ” വേറെ ആരുണ്ട്!

പൊന്നാനി പെരുമ്പടപ്പ് സ്വദേശി. ഷാർജയിൽ ബിസിനസ് ചെയ്യുന്നു.

Top