ലൈറ്റ്‌സ്, ക്യാമറ, ജാതി: ബോളിവുഡിലെ അംബേഡ്കർ

August 25, 2020

വര്‍ഷങ്ങളോളം ബോളിവുഡിലെ ജാതിവാദികളായ സിനിമക്കാര്‍ ഡോ. അബേഡ്കറിനെ ‘അയിത്തക്കാരനായി’ കണ്ടു. സ്‌ക്രീനില്‍ നിന്നല്ല സിനിമയുടെ പശ്ചാത്തലങ്ങളിൽ നിന്നുപോലും വര്‍ഷങ്ങളോളം അദ്ദേഹത്തെ മാറ്റിനിര്‍ത്തി. ഉദാഹരണത്തിന് 1982ല്‍ പുറത്തിറങ്ങിയ മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹോളിവുഡ് ക്ലാസിക് സിനിമയായ ‘ഗാന്ധി’ എടുക്കാം. ഈ സിനിമയില്‍ അംബേഡ്കറിനെ ഒരു കഥാപാത്രമായി ഉള്‍പ്പെടുത്തിയില്ല എന്നു മാത്രമല്ല, അദ്ദേഹത്തെ കുറിച്ചുള്ള ഒരു സൂചന പോലും നല്‍കിയില്ല. രവി രത്തൻ എഴുതുന്നു.

“സിനിമയില്‍ പശ്ചാത്തലമാണ് എല്ലാം. അതില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്നു. എല്ലാ പശ്ചാത്തലത്തിന് പിന്നിലും ഒരു കഥയുണ്ട്. ഈ പശ്ചാത്തലങ്ങൾ സിനിമക്ക് വലിയ രീതിയില്‍ മുതല്‍ക്കൂട്ടാകുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു”, സിനിമയുടെ പശ്ചാത്തലങ്ങളെ കുറിച്ച് തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണിവ. വര്‍ഷങ്ങളോളം ബോളിവുഡിലെ ജാതിവാദികളായ സിനിമക്കാര്‍ ഡോ. അബേഡ്കറിനെ ‘അയിത്തക്കാരനായി’ കണ്ടു. സ്‌ക്രീനില്‍ നിന്നല്ല സിനിമയുടെ പശ്ചാത്തലങ്ങളിൽ നിന്നുപോലും വര്‍ഷങ്ങളോളം അദ്ദേഹത്തെ മാറ്റിനിര്‍ത്തി.

ഉദാഹരണത്തിന് 1982ല്‍ പുറത്തിറങ്ങിയ മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹോളിവുഡ് ക്ലാസിക് സിനിമയായ ‘ഗാന്ധി’ എടുക്കാം. ഈ സിനിമയില്‍ അംബേഡ്കറിനെ ഒരു കഥാപാത്രമായി ഉള്‍പ്പെടുത്തിയില്ല എന്നു മാത്രമല്ല, അദ്ദേഹത്തെ കുറിച്ചുള്ള ഒരു സൂചന പോലും നല്‍കിയില്ല. ഇൻഡ്യൻ ഭരണഘടനയുടെ പിതാവ്, ആദ്യത്തെ നിയമ-നീതിന്യായ മന്ത്രി, അധസ്ഥിത വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നിരന്തരമായി ശബ്ദിച്ച വ്യക്തികളില്‍ പ്രധാനപ്പെട്ടയാൾ എന്നു തുടങ്ങി ഇൻഡ്യന്‍ ചരിത്രത്തില്‍ അംബേഡ്കര്‍ വഹിക്കുന്ന സ്ഥാനം വളരെ വലുതായിരുന്നിട്ട് പോലും അദ്ദേഹത്തെ ഉള്‍പ്പെടുത്താത്തത് അങ്ങേയറ്റം ആശ്ചര്യകരമാണ്.

ചരിത്രവ്യക്തിത്വങ്ങളുടെ ചിത്രീകരണത്തില്‍ സംവിധായകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അവരുടെ ജീവചരിത്രങ്ങള്‍. തന്റെ സാമൂഹിക/രാഷ്ട്രീയ/മതപരമായ നിലപാടുകളിലൂടെ ഗാന്ധിയെ പ്രതിരോധത്തിലാക്കാന്‍ അംബേഡ്കറിന് സാധിച്ചിട്ടുണ്ട്. ദലിതര്‍ക്ക് പ്രത്യേക സീറ്റുകള്‍ നൽകുന്ന വിഷയത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നയിക്കുന്നതിലേക്ക് അത് ഗാന്ധിയെ എത്തിച്ചു. സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ നിര്‍മിക്കപ്പെട്ടത് ഹോളിവുഡിലാണ്. എങ്കിലും, തൊണ്ണൂറുകൾ വരെ ഇൻഡ്യൻ ഭരണവര്‍ഗം എങ്ങനെയാണ് അംബേഡ്കറെ സമീപിച്ചത് എന്നതിന്റെ മികച്ച ചിത്രീകരണമാണ് ഒരര്‍ഥത്തില്‍ ആ ചിത്രം. ഇൻഡ്യൻ ഭരണഘടനയുടെ മുഖ്യശില്‍പ്പിയാണ് അംബേഡ്കർ എങ്കിലും, സ്വാതന്ത്ര്യാനന്തരം 40 വര്‍ഷം വരെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹത്തിന്റെ പടം ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചിട്ട് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അംബേഡ്കര്‍ ഇൻഡ്യൻ സിനിമകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. സ്‌കൂള്‍-കോളേജ് പാഠപുസ്തകങ്ങള്‍ പോലും അംബേഡ്കറെയോ, അദ്ദേഹം രാജ്യത്തിനു നല്‍കിയ സംഭാവനകളെയോ യഥാവിധി പരിഗണിച്ചിട്ടില്ല.

റിച്ചാർഡ് ആറ്റൻബറോ

ടെലിവിഷൻ, റേഡിയോ തുടങ്ങി മറ്റു മാധ്യമങ്ങളിലൊന്നും അദ്ദേഹം വളരെ കാലമായി ഉണ്ടായിരുന്നില്ല. ഭരണവര്‍ഗക്കാരായ ഇൻഡ്യയിലെ ഉന്നത ജാതിക്കാര്‍ അംബേഡ്കര്‍ ആധുനിക ഇൻഡ്യക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ കണ്ടില്ലെന്ന് നടിച്ചു. സ്വാഭാവികമായി ഇത് ഹിന്ദി സിനിമകളിലും പ്രതിഫലിച്ചു.

തുച്ഛമായ പ്രാതിനിധ്യം

മഹാത്മാ ഗാന്ധി, ലോക്മാന്യ തിലക്, ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ബഹദൂര്‍ ശാസ്ത്രി, സുബാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ സവർണരായ രാഷ്ട്രീയ നേതാക്കളുടെ ഛായാചിത്രങ്ങള്‍ പല സവര്‍ണ നിര്‍മാതാക്കളും സംവിധായകരും ഹിന്ദി സിനിമകളുടെ പശ്ചാത്തലത്തില്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നു.

ദലിതരെ കുറിച്ച് ബോളിവുഡ് നിര്‍മിക്കുന്ന സിനിമകളിൽ പോലും അംബേഡ്കര്‍ പ്രത്യക്ഷപ്പെടാറില്ല. ഇതിന് ഉത്തമ ഉദാഹരണമാണ് 1959ല്‍ പുറത്തിറങ്ങിയ ബിമല്‍ റോയിയുടെ ‘സുജാത’ എന്ന സിനിമ. അതില്‍ ബ്രാഹ്മണനായ നായകന്‍ ആധിര്‍ ചൗധരി (സുനില്‍ ദത്ത്) അയിത്ത ജാതിക്കാരിയായ സുജാതയുമായി (നൂതന്‍) പ്രണയത്തിലാകുന്നു. ലിബറലായ ആധിറിന്റെ വീട്ടില്‍ രബീന്ദ്രനാഥ ടാഗോര്‍, ഗാന്ധി, വിവേകാനന്ദ സ്വാമി എന്നിവരുടെ ഫോട്ടോ ഉണ്ടെങ്കിലും അംബേഡ്കറിന്റെ ഫോട്ടോ ഇല്ല.

അറുപതുകളില്‍ പുരോഗമനവാദിയായ ഒരു ബ്രാഹ്മണന്‍ അംബേഡ്കറിന്റെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കേണ്ടതുണ്ടോ എന്ന് നിങ്ങള്‍ക്ക് ചോദിക്കാം. ചിലപ്പോള്‍ അത് ശരിയുമായിരിക്കാം. ഉദാഹരണത്തിന് തപന്‍ സിന്‍ഹയുടെ 1972ല്‍ പുറത്തിറങ്ങിയ ‘സിന്ദഗി സിന്ദഗി’ എന്ന സിനിമ എടുക്കുക. ഈ സിനിമയില്‍ സുനില്‍ ദത്ത് ഒരു അയിത്ത കുടുംബത്തിൽ നിന്നുള്ള ഡോക്ടറായി അഭിനയിക്കുന്നു. ഇതില്‍ രണ്ട് മിശ്രജാതി പ്രണയകഥകള്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ അംബേഡ്കറെ ഈ സിനിമയുടെ പശ്ചാത്തലത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു.

ഹിന്ദി സിനിമകളിലെ പ്രധാന കഥാപാത്രങ്ങളുടെ വീടുകളില്‍ നിന്ന് മാത്രമല്ല, കോടതി മുറികളുടെയും പോലീസ് സ്‌റ്റേഷനുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും ചുമരുകളില്‍ നിന്നും അംബേഡ്കറെ പൂര്‍ണമായും ഒഴിവാക്കി.

എന്നാല്‍ സംവിധായകന്‍ ജബ്ബാര്‍ പട്ടേല്‍ അംബേഡ്കറിന്റെ ജനപ്രിയ ജീവചരിത്രം അവതരിപ്പിച്ചതിലൂടെ ഈയവസ്ഥ മാറ്റാന്‍ ശ്രമിച്ചു. 2000ല്‍ പുറത്തിറങ്ങിയ ‘ഡോ. ബാബാ സാഹബ് അംബേഡ്കര്‍’ എന്ന സിനിമയിലൂടെ ജബ്ബാർ പട്ടേല്‍ അംബേഡ്കറിന്റെ ജീവിതം, വിദ്യഭ്യാസം, രാഷ്ട്രീയം, പ്രൊഫഷണല്‍ യാത്ര എന്നിവയുടെ വ്യക്തമായ ചിത്രം അവതരിപ്പിച്ചു. ഗാന്ധിയുമായുള്ള അംബേഡ്കറിന്റെ ഏറ്റുമുട്ടലുകളും അവരുടെ വിരുദ്ധ രാഷ്ട്രീയ വീക്ഷണങ്ങളും അദ്ദേഹം സമര്‍ഥമായി അവതരിപ്പിച്ചു. നിര്‍മാതാക്കള്‍ വ്യത്യസ്തമായ ഭാഷകളിലേക്ക് സിനിമ വിവര്‍ത്തനം ചെയ്യാന്‍ തയ്യാറാകാതിരുന്നിട്ടു കൂടി സിനിമ വിജയിച്ചു. സിനിമ നിര്‍മിച്ചതിന് ശേഷം പന്ത്രണ്ടു വര്‍ഷത്തോളം പിന്നിട്ടിട്ടും തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാതിരുന്നത് ഉദാഹരണം. അധികൃതര്‍ക്ക് ഈ സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.

ജബ്ബാർ പട്ടേൽ

മറാത്തി ചലച്ചിത്ര മേഖലയില്‍ നിന്നു വരുന്ന പട്ടേല്‍ 1979ലെ തന്റെ ക്ലാസിക് മറാത്ത രാഷ്ട്രീയ നാടകമായ ‘സിംഹാസന്‍’ മുതലുള്ള ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ അംബേഡ്കറിന്റെ ഫ്രയിം ചെയ്ത ഛായാചിത്രങ്ങള്‍ ഉപയോഗിക്കുന്ന ആദ്യ സംവിധായകനായി. യാദൃശ്ചികമായി ശരത് പവാറിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ അംബേഡ്കറിന്റെ പ്രസിദ്ധീകരിക്കാത്ത രചനകളുടെയും പ്രസംഗങ്ങളുടെയും വാല്യങ്ങള്‍ അച്ചടിക്കാനും തുടങ്ങി.

ജബ്ബാർ പട്ടേല്‍ ഉപയോഗപ്പെടുത്തിയതു പോലെ അംബേഡ്കറെ പോലെയുള്ള വ്യക്തിയുടെ സര്‍വവ്യാപിത്വം സൃഷ്ടിക്കാന്‍ സിനിമയുടെ പശ്ചാത്തലങ്ങളെ ആരും ഉപയോഗിച്ചിരുന്നില്ല. 1982ല്‍ പുറത്തിറങ്ങിയ സ്മിത പാട്ടീല്‍ അഭിനയിച്ച ‘അംബാര്‍ത്ത’ എന്ന സിനിമയില്‍ വനിതാ ആശ്രമത്തിലെ പാട്ടീലിന്റെ ഓഫീസ് ചുമരില്‍ അംബേഡ്കറിന്റെ പടം കാണാം. മിശ്രജാതി പ്രണയകഥ പറയുന്ന പട്ടേലിന്റെ 1994ല്‍ പുറത്തിറങ്ങുകയും അവാർഡ് നേടുകയും ചെയ്ത സിനിമയില്‍ അംബേഡ്കർ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എണ്‍പതുകളിലെ ബി.എസ്.പി പ്രതിഭാസം

ഏതാനും മറാത്തി ചിത്രങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, 1985 വരെ അംബേഡ്കർ പശ്ചാത്തല മൂല്യമുള്ള വ്യക്തിയായിരുന്നുവെന്ന് ഹിന്ദി സിനിമക്ക് തോന്നിയിരുന്നില്ല. ഈ സമയത്തായിരുന്നു കാന്‍ഷി റാമിന്റെ നേതൃത്വത്തില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) ഉത്തരേന്ത്യയില്‍ ശക്തമായ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവന്നത്.

1995വരെ ബി.എസ്.പി ഔദ്യോഗികമായി അധികാരത്തില്‍ വന്നില്ലെങ്കിലും നഗരങ്ങളുടെയും പട്ടണങ്ങളുടെയും എല്ലാ മുക്കിലും മൂലയിലും അംബേഡ്കറിന്റെ പ്രതിമകളില്‍ ഈ പുതിയ ബഹുജന്‍ തരംഗം പ്രകടമായി. സര്‍ക്കാര്‍ ഓഫീസുകളുടെ ചുവരുകളില്‍ അംബേഡ്കറിന്റെ ഛായാചിത്രം വെക്കുന്ന രീതി പിൻതുടരുന്ന എസ്.സി-എസ്.ടി, ഒ.ബി.സി ന്യൂനപക്ഷക്കാരായ ജോലിക്കാരുടെ കൂട്ടായ്മയായ ദലിത് ശോഷിത് സമാജ് സംഘര്‍ഷ് സമിതിയുടെയും (ഡി.എസ്.4), പിന്നോക്ക ന്യൂനപക്ഷ കമ്മ്യൂണിറ്റി എംപ്ലോയീസ് ഫെഡറേഷന്റെയും (ബി.എ.എം.സി.ഇ.എഫ്) ഭാഗമായിരുന്നു കാന്‍ഷിറാം.

കാൻഷിറാം

ബി.എസ്.പി തരംഗം വര്‍ദ്ധിച്ചതോടെ അംബേഡ്കര്‍ പതുക്കെ ഹിന്ദി സിനിമയില്‍ പ്രതിധ്വനിച്ച് തുടങ്ങി. 1985ല്‍ പുറത്തിറങ്ങിയ രാജേഷ് കന്ന-സ്മിത പാട്ടീല്‍ എന്നിവര്‍ ചേര്‍ന്നഭിനയിച്ച ‘ആഖിര്‍ കോന്‍’ എന്ന മുഖ്യധാരാ ചിത്രം ഇതിനുള്ള തെളിവാണ്. ചിത്രത്തിലെ കഥാപാത്രമായ ‘പ്രിയ’ ജോലി ചെയ്യുന്ന ദൂരദര്‍ശന്‍ ഓഫീസിലെ കാബിനില്‍ വലത് വശത്തായി കസേരക്ക് മുകളില്‍ അംബേഡ്കറിന്റെ ഛായാചിത്രം വെച്ചിട്ടുണ്ട്. ജന്മനാ പഞ്ചാബി ആയിരുന്ന സംവിധായകന്‍ ജെ. ഓം പ്രകാശിന് പഞ്ചാബ് വംശജനായ ബഹുജന്‍ നേതാവ് കാന്‍ഷി റാമിനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിവുണ്ടായിരിക്കാമെന്ന് ഞാന്‍ കരുതുന്നു. 1989ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ താഴെ വീണ ശേഷം വന്ന വി.പി. സിംഗ് സര്‍ക്കാര്‍ അംബേഡ്കറിന്റെ താരമൂല്യം വര്‍ദ്ധിപ്പിക്കുകയും അദ്ദേഹത്തിന്റെ ചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിക്കുകയും ചെയ്തു. 1991ല്‍ ഇൻഡ്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നവും അംബേഡ്കറിന് ലഭിച്ചു.

‘ആഖിർ കോനി’ലെ ഒരു രംഗം

ഇതിന് തൊട്ടു പിന്നാലെ 1992-93ല്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയവും ദൂരദര്‍ശനും അംബേഡ്കറിന്റെ ജീവിതത്തെക്കുറിച്ചുള്ള ജീവചരിത്ര ഹിന്ദി സീരിയല്‍ ‘സ്‌പെഷ്യല്‍ ഫീച്ചര്‍ ഓണ്‍ ഡോ. ബി.ആര്‍ അംബേഡ്കര്‍’ പുറത്തിറക്കി.

മുഖ്യധാരാ പ്രാതിനിധ്യം

മുഖ്യധാരയിലേക്കുള്ള അംബേഡ്കറിന്റെ വരവ് മന്ദഗതിയിലായിരുന്നെങ്കിലും ഇന്ന് ഹിന്ദി സിനിമകളില്‍ അദ്ദേഹത്തിന്റെ ചിത്രം എന്നത്തെക്കാളും കൂടുതല്‍ പ്രചാരത്തിലുണ്ട്. 2017ലെ ഇൻഡ്യയിലെ ഓസ്‌കാര്‍ പ്രവേശന ചിത്രം രാജ്കുമാര്‍ റാവു അഭിനയിച്ച ന്യൂട്ടനായിരുന്നു. ഈ സിനിമയിലെ നായകന്റെ വീട്ടിലെ ചുമരില്‍ അംബേഡ്കറിന്റെ ഛായാചിത്രം കാണിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ന്യൂട്ടനെ രഹസ്യമായി ജീവിക്കുന്ന ദലിത് കഥാപാത്രമായി ചിത്രീകരിച്ചിരിക്കുന്നു.

2017ലെ അക്ഷയ് കുമാര്‍ അഭിനയിച്ച ‘ജോളി എല്‍.എല്‍.ബി 2’വില്‍ ജഡ്ജിയുടെ ചേംബറിലെ ഡെസ്‌കിനു പിന്നില്‍ ഗാന്ധിജിക്കൊപ്പം ഒന്നിലധികം സീനുകളില്‍ അംബേഡ്കറിന്റെ ഛായാചിത്രം കാണിക്കുന്നു. ന്യൂട്ടണ്‍ (2017), ജോളി എല്‍.എല്‍.ബി 2 (2017), മുക്കാബാസ് (2017), ആര്‍ട്ടിക്കിള്‍ 15 (2019), നെറ്റ്ഫ്ലിക്‌സ് സീരീസായ സേക്രഡ് ഗെയിംസ് (2018), റാത് അകേലി ഹായ് (2020) തുടങ്ങിയ സിനിമകളിലും അംബേഡ്കറിന്റെ ചിത്രം കാണിക്കുന്നു.

ജോളി എൽ.എൽ.ബി 2

സീ എന്റര്‍ടൈന്‍മെന്റ് ആന്റ് ടിവിയിലെ സീരീയല്‍ ‘ഏക് മഹാനായക്-ഡോ. ബി.ആര്‍ അംബേഡ്കര്‍’, 250ലധികം എപ്പിസോഡുകളുള്ള ഹോട്സ്റ്റാറിലെ മാറാത്ത സീരിയല്‍ ‘ഡോ. ബാബ സാഹബ്: മഹാമന്‍വന്‍ജി ഗൗരവ് ഗാതാ’ എന്നിവയൊക്കെ ഈയടുത്ത കാലത്തായി വളരെയധികം പ്രചാരം നേടുകയുണ്ടായി. ഇവയൊക്കെ ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും പ്രക്ഷേപണം ചെയ്യപ്പെടുകയും ചെയ്തു. അതേസമയം, അവാർഡ് നേടിയ ഫാന്‍ഡ്രി (2013), സൈറാത്ത് (2016) തുടങ്ങിയ സമകാലിക ജാതി ചലനാത്മകതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതും സംവേദനക്ഷമതയുള്ളതുമായ ചിത്രങ്ങളിലൂടെ മറാത്തി ചലച്ചിത്ര സംവിധായകന്‍ ‘നാഗരാജ് മന്‍ജുലെ’ ജബ്ബാര്‍ പട്ടേലിന്റെ പാരമ്പര്യം വിജയകരമായി മുന്നോട്ടു കൊണ്ടുപോയി. ഫാന്‍ഡ്രിയിലെ ദലിത് കഥാപാത്രമായ ‘ജാബിയ’ സിനിമയുടെ പശ്ചാത്തലത്തില്‍ അംബേഡ്കറിന്റെ ചുവര്‍ചിത്രം കടന്നുപോകുമ്പോള്‍ തന്റെ സ്‌കൂളിന് മുന്നില്‍ ചത്ത പന്നിയെ ചുമക്കേണ്ടി വരുന്ന രംഗം ഇൻഡ്യൻ സിനിമയിലെ ഏറ്റവും വിഷമകരമായ രംഗമായി അവശേഷിക്കുന്നു.

നാഗരാജ്‌ മഞ്ജുലെ

തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തും ചുവരുകള്‍ ക്യാന്‍വാസായി ഉപയോഗിക്കുന്നു. രഞ്ജിത്തിന്റെ ആദ്യ സിനിമയായ ‘ആട്ടകത്തി’യില്‍ (2012) അംബേഡ്കറിന്റെ പ്രതിമയും സ്‌കൂള്‍ ചുവരുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്രെയിം ചെയ്ത ഫോട്ടോയും അവതരിപ്പിക്കുന്നു. കബാലിയിലും (2016) കാലയിലും (2016) രഞ്ജിത്ത് പടിപടിയായി അംബേഡ്കറിനെയും ഗാന്ധിയെയും അവതരിപ്പിക്കുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുകയും സ്വയം ദലിത് വ്യക്തിത്വം വെളിപ്പെടുത്തുകയും ചെയ്യുമ്പോള്‍, ദലിത്-ബഹുജന്‍ അഭിവാദ്യമായ ‘ജയ് ഭീമിനെ’ സംഭാഷണത്തില്‍ ചേര്‍ക്കുന്നു. ‘കാല’ സിനിമയിൽ ഒരു ബുദ്ധ വിഹാര (ബുദ്ധ കോളനി) പ്രദര്‍ശിപ്പിച്ചു. ഇൻഡ്യൻ സിനിമയിൽ ഇത് ആദ്യമായിരുന്നു.

ഇനിയും കൂടുതല്‍ മാറേണ്ടതുണ്ട്

ഇന്ന്, ദലിത് സംവിധായകര്‍ സംവിധാനം ചെയ്യാത്ത, അല്ലെങ്കില്‍ ജാതി, സ്വത്വം, വിവേചനം എന്നിവയെ കുറിച്ചല്ലാത്ത സിനിമകളില്‍ പോലും പശ്ചാത്തലത്തിന്റെ ഭാഗമായി വീടുകളുടെ ചുവരുകളിലോ പോലീസ് സ്റ്റേഷനുകളിലോ കോടതി മുറികളിലോ അംബേഡ്കറിന്റെ ഛായാചിത്രങ്ങള്‍ കാണാം. രാഷ്ട്ര നിർമാണത്തില്‍ അംബേഡ്കറിന്റെ പങ്ക് കൂടുതല്‍ അംഗീകരിക്കുന്നതിന്റെ സൂചനയാണിത്.

കാഴ്ചയിലും ജനപ്രിയ സംസ്‌കാരത്തിലുമുള്ള അംബേഡ്കറിന്റെ ഉയര്‍ച്ച തുടക്കത്തില്‍ ബി.എസ്.പിയുടെ ഉയര്‍ച്ചയുമായി പൊരുത്തപ്പെട്ടിരിക്കാം. പക്ഷേ, ഇപ്പോളത് മറ്റൊരു തലത്തിലെത്തി. ഇന്ന്, ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അംബേഡ്കറെ അവഗണിക്കാന്‍ കഴിയില്ല. ഒ.ബി.സി വിഭാഗത്തിൽ പെട്ടവരും മുസ്‌ലിംകളും അദ്ദേഹത്തെ പിൻതുടരാൻ തുടങ്ങിയിട്ടുണ്ട്.

അദ്ദേഹം ഇപ്പോള്‍ ഒരു ദലിത് ഐക്കണ്‍ മാത്രമല്ല. ബഹുജന്‍ ഉണര്‍വ്, സ്ത്രീ ശാക്തീകരണം, വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍, ഏറ്റവും പ്രധാനമായി മനുഷ്യാവകാശങ്ങള്‍, ജനാധിപത്യമൂല്യങ്ങള്‍ എന്നിവയുടെ പ്രതീകമാണ് അദ്ദേഹം. രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുമ്പോള്‍ അംബേഡ്കറിന്റെ പോസ്റ്ററുകളും ഫോട്ടോഗ്രാഫുകളും രചനകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ന്യൂഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രതിഷേധങ്ങളിലും സ്ഥാനംപിടിച്ചു. ചരിത്രകാരനായ രാംചന്ദ്ര ഗുഹയെപോലുള്ള ഗാന്ധിയന്മാർ പോലും ബാംഗ്ലൂരിലെ ടൗണ്‍ ഹാളിന് പുറത്ത് അംബേഡ്കറിന്റെ ഫോട്ടോ കയ്യിലേന്തിക്കൊണ്ടാണ് അറസ്റ്റിലായത്. സംവിധായകന്‍ പാ രഞ്ജിത്ത് പറഞ്ഞതു പോലെ പശ്ചാത്തല ദൃശ്യങ്ങള്‍ക്ക് സിനിമയില്‍ വളരെയധികം ശക്തിയുണ്ട്. കാരണം, സംഭാഷണങ്ങളോ സംഗീതമോ കൂടാതെ തന്നെ പശ്ചാത്തല ദൃശ്യങ്ങൾ സാമൂഹിക യാഥാർഥ്യങ്ങള്‍ പകര്‍ത്തുന്നു.

ഷാഹീൻബാഗ് സമരത്തിൽ നിന്നും

അംബേഡ്കറിനെ ചിത്രീകരിക്കുന്ന സംവിധായകര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള തെളിമയോടെ ചിത്രീകരിക്കണമെന്നില്ല. ഗാന്ധിയെ ചിത്രീകരിക്കുന്ന വേളയിലും ഈ അവ്യക്തത കാണാം. യഥാർഥത്തില്‍ ഇതു സൂചിപ്പിക്കുന്നത് സംവിധായകര്‍ അവരുടേതായ സാമൂഹിക-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ കുറിച്ച് ബോധ്യമുള്ളവരാണെന്നും, അവരത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ്. കാരണങ്ങൾ എന്തു തന്നെയായാലും, ശക്തമായ ഒരു മുഖ്യധാരാവല്‍ക്കരണം അംബേഡ്കറിന്റെ കാര്യത്തില്‍ രാജ്യത്ത് സംഭവിക്കുന്നുണ്ട്. സിനിമയിലും യഥാർഥ ജീവിതത്തിലും ഏറെക്കാലം അദ്ദേഹത്തെ അവഗണിച്ച നാട്ടിലാണ് ഇതു സംഭവിക്കുന്നത്.
അംബേഡ്കറിന്റെ ഛായാചിത്രം സ്ഥാപിക്കാന്‍ ഇത്രയധികം സമയമെടുത്തെങ്കില്‍ നേതാവിനെ കുറിച്ചുള്ള ജനകീയ ധാരണയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന മഹത്തായ ഭാവനയെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കു. അദ്ദേഹത്തെ ഒരു സാമൂഹിക നീതി നായകനായോ അല്ലെങ്കില്‍ തീവ്ര ബഹുജന്‍ നേതാവായോ കണക്കാക്കുന്ന പ്രവണതകൾ ഇപ്പോഴുമുണ്ട്.

അദ്ദേഹത്തിന്റെ ഛായാചിത്രത്തിലേക്ക് മതിലുകള്‍ തുറക്കാന്‍ നിങ്ങള്‍ ഒരു പുരോഗമനക്കാരനായിരിക്കണം എന്ന വസ്തുത ഇൻഡ്യൻ റിപബ്ലിക്കിന്റെ നായകനായിട്ടല്ല അദ്ദേഹത്തെ കണക്കാക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ശരാശരി ചലച്ചിത്ര നിർമാതാക്കളുടെ തിരക്കഥകളിലേക്കും അദ്ദേഹത്തിന്റെ ആശയങ്ങള്‍ കടന്നുവരുന്നത് കാണുന്നതിനും, അഭിനേതാക്കള്‍, കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍ എന്നിവയുടെ വൈവിധ്യത്തിനും മുൻപ് വലിയ ഒരു കയറ്റം നാം കയറേണ്ടതുണ്ട്.

കടപ്പാട്: ദി പ്രിന്റ്

മൊഴിമാറ്റം: കെ.കെ നൗഫൽ

  • https://theprint.in/opinion/lights-camera-caste-an-ambedkar-photo-made-it-to-bollywood-after-38-yrs-of-independence/478068/
Top