മാറുന്ന ജെ.എന്‍.യു: ബാപ്സ എന്ന പുതു രാഷ്ട്രീയ വ്യവഹാരം

ഇടതുപക്ഷത്തിന്റെ സവർണ ബോധത്തിനും വർഗ നിർണയത്തിനും എ.ബി.വി.പിയുടെ ദേശീയവാദത്തിനും അപ്പുറം രാജ്യത്തെ അടിച്ചമർത്തപ്പെട്ടവരുടെ മുന്നേറ്റത്തെ ജെ.എൻ.യുവിൽ പ്രതിനിധീകരിച്ചത് ബാപ്സയായിരുന്നു. മറ്റൊരിടത്തും കാണാനാവാത്ത, ആദർശ വൈരുധ്യങ്ങള്‍ മാറ്റിവെച്ചുള്ള ഇടതു ഐക്യം കേവലം അവസരവാദമാണ്. അതിനാവട്ടെ കീഴാള വിദ്യാർഥികളുടെ രാഷ്ട്രീയ മുന്നേറ്റത്തെ മാത്രമാണ് തകർക്കാൻ കഴിയുന്നത്. പക്ഷേ കാമ്പസിന്റെ രാഷ്ട്രീയ വ്യവഹാരത്തെ ബാപ്സയാണ് നിർണയിക്കുന്നതെന്ന് ഈ തെരഞ്ഞെടുപ്പു ചർച്ചകൾ തെളിയിക്കുന്നു. ജെ.എൻ.യുവിൽ ഗവേഷകനായ ഹിഷാമുൽ വഹാബ് എഴുതുന്നു

ജെ.എൻ.യുവിൽ മറ്റൊരു തെരഞ്ഞെടുപ്പ് കൂടി അവസാനിച്ചു. കീഴാള വ്യവഹാരങ്ങളുടെ പൊതുഭൂമികയായ ബിർസ അംബേഡ്കർ ഫൂലെ സ്റ്റുഡന്‍റ്സ് അസോസിയേഷൻ ( ബാപ്സ ) ഒരു ദശകമായി നടത്തിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെയും വ്യാവഹാരിക സംഘർഷങ്ങളുടെയും വേദി കൂടിയായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. എസ്.ഐ. ഒ, എം.എസ്.എഫ്, യു.ഡി.എസ്.എഫ്, നോർത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ അടക്കമുള്ള മുസ്‌ലിം, ദലിത് ഉപദേശീയ പ്രസ്ഥാനങ്ങളാണ് ബാപ്സക്കു പിന്തുണയുമായി രംഗത്തുവന്നത്. ലൈംഗിക ന്യൂനപക്ഷ പ്രസ്ഥാനങ്ങളും ബഹുജൻ ഫെമിനിസ്റ്റുകളും ബാപ്സയുമായി ഐക്യപ്പെട്ടിരുന്നു.

കാമ്പസില്‍ തെരഞ്ഞെടുപ്പ് ശക്തിയായി നാലു ഇടതു വിദ്യാർഥി സംഘടനകൾ ഒന്നിച്ചാണ് ഈ വിജയം നേടിയത്. പാർലമെന്‍ററി/നോൺ പാർലമെന്‍ററി ഇടതിന്റെ സംയുക്ത മുന്നണിക്കും രാജ്യം ഭരിക്കുന്ന എ.ബി.വി.പിക്കുമെതിരെ കാമ്പസിലെ ജാതി/മത/ലിംഗ/പ്രദേശ ന്യൂനപക്ഷ രാഷ്ട്രീയത്തെ പ്രതിനിധീകരിച്ച ബാപ്സ ജെ.എൻ.യുവിന്റെ രാഷ്ട്രീയ വ്യവഹാരത്തെ സ്വാധീനിച്ച പ്രസ്ഥാനമായി മാറി. മുദ്രാവാക്യങ്ങളും അജണ്ടകളും ബാപ്സ തീരുമാനിച്ചപ്പോൾ ഇടതു വലതു സംഘടനകൾ വോട്ടർമാരെ കയ്യിലെടുക്കുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ലസാഗുവിൽ അഭയം തേടാൻ നിർബന്ധിതരായി. ഇടതുപക്ഷത്തിന്റെ സവർണ ബോധത്തിനും വർഗ നിർണയത്തിനും എ.ബി.വി.പിയുടെ ദേശീയവാദത്തിനും അപ്പുറം രാജ്യത്തെ അടിച്ചമർത്തപ്പെട്ടവരുടെ മുന്നേറ്റത്തെ ജെ.എൻ.യുവിൽ പ്രതിനിധീകരിച്ചത് ബാപ്സയായിരുന്നു.

നാലു ഇടതുപക്ഷ സംഘടനകൾ ഒരുമിച്ചു ചേർന്നു ‘ലെഫ്റ്റ് യൂണിറ്റി’ എന്ന പേരിൽ മത്സരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേക്ത. ജെ.എൻ.യുവിന്‍റെ ചരിത്രത്തിൽ തന്നെ നീണ്ട വർഷങ്ങൾക്കു ശേഷമാണ് ഇത്രയും വിപുലമായ ഒരു സഖ്യം രൂപപ്പെടുന്നത്. കഴിഞ്ഞ വർഷം മൂന്നു സംഘടനകൾ സഖ്യത്തിലുണ്ടായിരുന്നു . അതിനു മുൻപ് ഐസ, എസ്.എഫ്.ഐ സഖ്യവും അതിനു മുന്‍പ് ഐസ ഒറ്റക്കുമായിരുന്നു മത്സരിച്ചത്. എ.ബി.വി.പിയുടെ ഹിന്ദുത്വ സംഘ്പരിവാർ ഭീഷണികൾ തന്നെയാണ് ഈ നാലു സംഘടനകളെയും യോജിപ്പിക്കുന്ന പ്രധാന ഘടകമെന്നു അവർ വാദിക്കുന്നു. എന്നാൽ കീഴാള വ്യവഹാരങ്ങളുടെ ഭൂമികയിൽ ബാപ്സയുടെ കടന്നു വരവും അതു മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും പരമ്പരാഗത സവർണ ഇടതു അധികാര മേഖലകളിൽ സൃഷ്ടിച്ച അങ്കലാപ്പാണ് ഈ പുതിയ സഖ്യ നീക്കത്തിനു പുറകിലെന്നതാണ് വസ്തുത.

സവർണരുടെ അധികാരം സംരക്ഷിക്കുന്ന ചുവപ്പും കാവിയും ഒന്നാണ്, എല്ലാ സഖാക്കളും വ്യാജമാണ് എന്നായിരുന്നു ബാപ്സയുടെ മുദ്രാവാക്യം. അതായത് ഇരുപാർട്ടികളും പ്രാഥമികമായി നിലകൊള്ളുന്നത് സവർണ്ണ-ബ്രാഹ്മണിക് വ്യവസ്ഥക്കകത്താണ്. ബാക്കിയുള്ള വ്യത്യാസങ്ങൾ വ്യാജമാണ്.

സവർണരുടെ അധികാരം സംരക്ഷിക്കുന്ന ചുവപ്പും കാവിയും ഒന്നാണ്, എല്ലാ സഖാക്കളും വ്യാജമാണ് എന്നായിരുന്നു ബാപ്സയുടെ മുദ്രാവാക്യം. അതായത് ഇരുപാർട്ടികളും പ്രാഥമികമായി നിലകൊള്ളുന്നത് സവർണ്ണ-ബ്രാഹ്മണിക് വ്യവസ്ഥക്കകത്താണ്. ബാക്കിയുള്ള വ്യത്യാസങ്ങൾ വ്യാജമാണ്. ജാതി അടക്കമുള്ള സ്വത്വ പ്രശ്നങ്ങളെ ഉൾക്കൊള്ളാതെ, വർഗ രാഷ്ട്രീയത്തെ കുറിച്ചു മാത്രം സംസാരിക്കുന്ന ഇടതിന്റെയും വർണാശ്രമ ധർമം മുന്നോട്ടു വെക്കുന്ന എ.ബി.വി.പിയെയും ഒരുപോലെ വെല്ലുവിളിച്ചു കൊണ്ടാണ് ബാപ്സ കാമ്പസിൽ രാഷട്രീയ ചോദ്യങ്ങളുയർത്തുന്നത്. അതുകൊണ്ടു കൂടിയാണ് സവർണ ഇടതിന് ചേരിതിരിവ് മറന്ന് ഐക്യപ്പെടേണ്ടി വരുന്നതും.

ഈ വർഷത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയതലത്തിൽ ലെഫ്റ്റ് യൂണിറ്റി തന്നെയാണ് മുന്നിൽ. രണ്ടാം സ്ഥാനത്ത് എ.ബി.വി.പിയുണ്ട്. ഏകദേശം എല്ലായിടത്തും ബാപ്സ മൂന്നാം സ്ഥാനത്തുണ്ട്. ആദ്യമായി മത്സരിച്ച ചാത്ര് ആർ.ജെ.ഡി നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്. സവർണ ചാത്ര മോർച്ച എന്ന സംഘടനയാണ് പുതിയ ഒന്ന്. നിധി ശർമയാണ് അതിനു വേണ്ടി മത്സരിച്ചത്. ജെ.എൻ.യുവിൽ പുതുതായി ഉയർന്നു വന്ന ഒരു രാഷ്ടീയമാണിത്. അതായത് ബ്രാഹ്മണരിലെ പിന്നാക്കക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു ഗരീബ് ബ്രാഹ്മിൺ എന്ന പ്രയോഗം വഴി അവരുയർത്തിയ രാഷ്ട്രീയം.  ബീഹാറിലെ ആർ.ജെ.ഡിയുമായി ബന്ധപ്പെട്ട ചാത്ര ആർ.ജെ.ഡിയാണ് ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയ മറ്റൊരു പാർട്ടി. ഒ.ബി.സി വോട്ടു ബാങ്കാണ് അവർ കാര്യമായി ലക്ഷ്യമിട്ടത്. യുണൈറ്റഡ് ഒ.ബി.സി ഫോറത്തിന്റെ മിക്ക നേതാക്കളും ഇപ്പോൾ അവരുടെ കൂടെയാണ്. ബീഹാർ എന്ന പ്രാദേശിക ഘടകം കൂടി അവർക്ക് മുൻതൂക്കം നൽകുന്നു. ആർ.ജെ.ഡിയുടെ ഒ.ബി.സി രാഷ്ട്രീയവും ബാപ്സ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും തമ്മിൽ സാമ്യതകളുണ്ട്. വരും വർഷങ്ങളിൽ ഒരു വിശാല സഖ്യത്തിന്‍റെ സാധ്യതകൾ കാണുന്നുണ്ട്. ബാപ്സയുടെ വിശാല രാഷ്ട്രീയത്തിന്റെ ഭാഗമായി അതുയർന്നുവരും എന്നു തന്നെയാണ് പ്രതീക്ഷ.

തെരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ൽ പ്രധാനമായും ഉയർന്നു കേട്ട മുദ്രാവാക്യങ്ങളിലൊന്ന് സീറ്റ് കട്ടുമായി ബന്ധപ്പെട്ടായിരുന്നു. യു.ജി.സിയുടെ മേയ് 5 ഗസറ്റ് പ്രകാരം ജെ.എൻ.യുവിൽ 80 ശതമാനം വരെ സീറ്റുകൾ എം.ഫിൽ, പി.എച്ച്.ഡി വിഭാഗങ്ങളിൽ വെട്ടിക്കുറക്കപ്പെട്ടു. അതിനെതിരെ വലിയ രീതിയിൽ തന്നെ വിമർശനങ്ങളുന്നയിക്കപ്പെടുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെടുകയും ചെയ്തു. ലെഫ്റ്റ് യൂണിറ്റി വലിയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. സീറ്റ് കട്ടുമായി ബന്ധപ്പെട്ട പിന്നാക്ക വിഭാ‌ഗങ്ങളുടെ ആശങ്കകളാണ് ബാപ്സ സവിശേഷമായി ഉയർത്തിയത്.

മറ്റൊന്ന് നിർബന്ധിത അറ്റൻഡൻസുമായി ബന്ധപ്പെട്ടതാണ്. ഏകദേശം എല്ലാ പാർട്ടികളും ഒരുപോലെ അതിനെ എതിർത്തിട്ടുണ്ട്. ഇപ്പോൾ കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒക്ടോബറിൽ അവസാന വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റൊന്ന്, അഡ്മിൻ ബ്ലോക്കിന്റെ 100 മീറ്റർ പരിധിയിൽ സമര പരിപാടികൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നിരുന്നു. വിദ്യാർഥി പ്രതിഷേധങ്ങളെ വലിയ രീതിയിൽ ബാധിച്ച പ്രശ്നമായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട് കാര്യക്ഷമമായി ഇടപെടാൻ നിലവിലെ ഇടതു വിദ്യാർഥി യൂണിയന് സാധിച്ചില്ല എന്ന വിമർശനം പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നുണ്ട്.

കാമ്പസിനകത്ത് രണ്ടു വർഷമായി നിലനിൽക്കുന്ന പ്രശ്നമാണ് നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രക്ഷോഭം. ചെറിയ രീതിയിൽ മാത്രമാണ് കാമ്പയിനുകളിൽ നജീബിറെ പ്രശ്നം ഉന്നയിക്കപ്പെട്ടത്. നജീബിന്റെ തിരോധാനത്തിനു അർഹിച്ച ഗൗരവം ലഭിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ പ്രധാന വിമർശനം എ.ബി.വി.പിക്കെതിരായിരുന്നു. സി.ബി.ഐ കേസ് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കോടതിയിൽ അവർ അക്കാര്യം അറിയിച്ചിട്ടുമുണ്ട്. ഈ നീക്കത്തിനെതിരെ നജീബിന്റെ ഉമ്മയുടെ നേത്യത്വത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്. പക്ഷേ കാമ്പസിനകത്ത് ഇതൊരു പ്രധാന പ്രശ്നമല്ലാതായിരിക്കുന്നു എന്നതാണ് യഥാർഥ്യം.

ഈ പ്രശ്നത്തിൽ എ.ബി.വി.പിയെ മാത്രം പ്രതിസ്ഥാനത്ത് നിർത്തിയാല്‍ മതിയോ എന്നതും പ്രധാന ചോദ്യമാണ്. അന്നത്തെ ലെഫ്റ്റ് യൂണിയൻ നേതാവ് മോഹിത് പാണ്ഡെ അടക്കം നജീബ് കുറ്റവാളിയാണെന്ന രേഖയിൽ ഒപ്പുവെച്ചിട്ടുണ്ട്. തദ്ഫലമായി ഇടതു യൂണിയനെതിരെ ഇപ്പോൾ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. കുറ്റാരോപിതരായ 9 എ.ബി.വി.പിക്കാർ പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവരായത് മുതലെടുത്ത് ലെഫ്റ്റ് യൂണിറ്റിയും ബാപ്സയും മുസ്‌ലിം പ്രീണനം നടത്തുന്നു എന്ന ആരോപണം എ.ബി.വി.പി ഉന്നയിച്ചിട്ടുണ്ട്.

ഈ പ്രശ്നത്തിൽ എ.ബി.വി.പിയെ മാത്രം പ്രതിസ്ഥാനത്ത് നിർത്തിയാല്‍ മതിയോ എന്നതും പ്രധാന ചോദ്യമാണ്. അന്നത്തെ ലെഫ്റ്റ് യൂണിയൻ നേതാവ് മോഹിത് പാണ്ഡെ അടക്കം നജീബ് കുറ്റവാളിയാണെന്ന രേഖയിൽ ഒപ്പുവെച്ചിട്ടുണ്ട്. തദ്ഫലമായി ഇടതു യൂണിയനെതിരെ ഇപ്പോൾ വലിയ വിമർശനം ഉയർന്നിട്ടുണ്ട്.

ഇടതു ഐക്യത്തിൽ തന്നെ ധാരാളം വൈരുധ്യങ്ങൾ കാണുന്നുണ്ട്. സിംഗൂരിലെ കൂട്ടക്കൊലക്കു ശേഷം വർഷങ്ങളോളം ഐസയും എസ്.എഫ്.ഐയും വിരുദ്ധ ചേരികളിലായിരുന്നു. മറ്റൊന്ന് എസ്.എഫ്.ഐ-ഡി.എസ്.എഫ് തമ്മിലെ പ്രശ്നങ്ങൾ അവരെ അലട്ടുന്നുണ്ട്. പ്രണബ് മുഖർജിയെ സി.പി.എം പിന്തുണച്ചതിന്റെ പേരിലാണ് ഡി.എസ്.എഫ് മാറിനിൽക്കുന്നത്. ബാപ്സയുടെ രംഗപ്രവേശവും എ.ബി.വി.പി ഭീഷണിയും മുന്നിൽ കണ്ടുള്ള അധികാരത്തിനു വേണ്ടിയുള്ള ഐക്യമാണ് ഇതെന്ന് വ്യക്തമാണ്. മറ്റൊരിടത്തും കാണാനാവാത്ത, ആദർശ വൈരുധ്യങ്ങൾ മാറ്റിവെച്ചുള്ള ഇടതു ഐക്യം കേവലം അവസരവാദമാണ്. അതിനാവട്ടെ കീഴാള വിദ്യാർഥികളുടെ രാഷ്ട്രീയ മുന്നേറ്റത്തെ മാത്രമാണ് തകർക്കാൻ കഴിയുക.

എ.ബി.വി.പിയുടെ ഹിംസാത്മകമായ പ്രവർത്തനങ്ങളും അവക്കു ലഭിച്ച തിരിച്ചടിയുമാണ് ശ്രദ്ധിക്കേണ്ട കാര്യം. നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തിരിക്കുമ്പോഴും ഒരുവിധ സമ്മർദങ്ങളും അവർക്കു നേരെ ഉണ്ടായില്ല. ഇത് ഒരർഥത്തിൽ കാമ്പസിലെ ന്യൂനപക്ഷ മുസ്‌ലിംകളുടെ ജീവിതത്തെ കൂടിയാണ് അരക്ഷിതമാക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും രൂക്ഷമായ അതിക്രമങ്ങളാണ് എ.ബി.വി.പി അഴിച്ചുവിട്ടത്. വോട്ടെണ്ണലിന് തടസ്സം സൃഷ്ടിക്കാൻ വരെ അവർ ശ്രമിച്ചു. ഇതിലും വിപുലമായ അക്രമങ്ങൾ ദില്ലി സര്‍വകലാശാലയില്‍ അവർ നടത്തുകയുണ്ടായി. അവരുടെ ഹിംസക്കും ബ്രാഹ്മണിക് രാഷ്ട്രീയത്തിനും ലഭിക്കുന്ന തിരിച്ചടികൾ കൂടി തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നുണ്ട്. എല്ലാ സീറ്റിലും പിന്നാക്കം പോവുകയും ശക്തി മേഖലകളിൽ പോലും അവർ പരാജയപ്പെടുകയും ചെയ്തു.

എ.ബി.വി.പിയും ലെഫ്റ്റ് യൂണിറ്റിയും വ്യത്യസ്തമാകുന്നത് രീതിശാസ്ത്രപരമായി മാത്രമാണെന്നും ആദർശപരമായി വ്യത്യാസങ്ങളൊന്നുമില്ല എന്നുമാണ് ബാപ്സ ഉന്നയിക്കുന്ന പ്രധാന രാഷ്ട്രീയം. ഇതുവരെ ജാതിയെയും മതന്യൂനപക്ഷ പ്രശ്നങ്ങളെയും മനസ്സിലാക്കാനാകാത്ത ഇടതുപക്ഷവും സവർണ രാഷ്ട്രീയത്തെ സ്ഥാപിക്കുന്ന എ.ബി.വി.പിയും നിലനിൽക്കുന്നത് ബ്രാഹ്മണിക് വ്യവസ്ഥയുടെ സകല ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തിയാണ്. ആ അർഥത്തിൽ ഇടതു/വലതു ദ്വന്ദത്തിനപ്പുറം മറ്റൊരു രാഷ്ട്രീയമാണ് ബാപ്സ അടയാളപ്പെടുത്തുന്നത്. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളെ മുഴുവൻ എ.ബി.വി.പി വരുന്നു എന്ന ഒറ്റക്കാര്യത്തിൽ തടഞ്ഞിടുകയാണ് ഇടതു ഐക്യം ചെയ്യുന്നത്.

വിശാലമായ രാഷ്ട്രീയമാണ് ബാപ്സയുടേത്. ട്രാൻസ് ജെൻഡർ സമുദായത്തിൽ നിന്ന് സ്നേഹാശിഷ് ദാസ് ബാപ്സയുടെ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചു. സഞ്ജയ് കുമാറിലൂടെ ജെ.എൻ.യുവിൽ അവര്‍ ആദ്യമായി അക്കൗണ്ട് തുറന്നു. നോർത്ത് ഈസ്റ്റില്‍ നിന്നുള്ള വലിയൊരളവോളം വിദ്യാർഥികളും ബാപ്സക്കൊപ്പമാണ് നിന്നത്. ഇത് കാമ്പസിന്റെ ജനാധിപത്യ ഭാവിയാണ്.

വ്യത്യസ്തങ്ങളായ ബഹുജന്‍ പ്രസ്ഥാനങ്ങള്‍ സ്വന്തം സംഘടനാതലത്തില്‍ തന്നെ ശക്തിപ്പെടുകയും ശേഷം അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം എന്ന കൂട്ടായ്മയിലേക്ക് കടന്നുവരികയും ചെയ്തു എന്നതാണ് ഈ തെരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്ന ഒരു യാഥാര്‍ഥ്യം. വരും വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള വൈവിധ്യമാര്‍ന്ന പ്രസ്ഥാനങ്ങളെ ഒരു സഖ്യരൂപത്തിലേക്ക്, അതായത് ഒരു സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് എന്ന രൂപത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജെ.എന്‍.യുവില്‍ പശ്ചിമേഷ്യ പഠന വിഭാഗത്തില്‍ ഗവേഷക വിദ്യാർഥിയാണ് ലേഖകന്‍.

Top