കെ.ആർ ഗൗരിയുടെ ഒരു നൂറ്റാണ്ട്: സ്ത്രീ ശക്തിയുടെ ഉയർച്ച-താഴ്ച്ചകൾ

ഗൗരി അമ്മയുടെ ഒരു നൂറ്റാണ്ടു കാലത്തെ ജീവിതത്തിനു സാമാന്തരമായി കേരളത്തിലെ സ്ത്രീ ശക്തിയുടെ ഉയർച്ച-താഴ്ച്ചകളെയും അടയാളപ്പെടുത്താനാകും. അതിന്റെ ഉയർച്ചയിൽ സ്വന്തം നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും കൈമുതലാക്കി അവർ ഉയർന്നുവന്നപ്പോൾ, താഴ്ച്ചയുടെ ഘട്ടത്തിൽ പാർട്ടിയിലെ പുരുഷാധിപത്യവാദികൾ അവരെ ചവിട്ടിത്താഴ്ത്തുകയാണുണ്ടായത്.

കെ.ആർ ഗൗരി അമ്മയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 2019ൽ ബിആർപി ഭാസ്കർ എഴുതിയ ലേഖനം.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് ഗവണ്മെന്റിലെ ഐതിഹാസികയായ വനിതാ മന്ത്രി, കെ.ആർ ഗൗരി അമ്മക്ക് നൂറു വയസ്സായിരിക്കുന്നു (ഇത് എഴുതുമ്പോൾ). ഗൗരി അമ്മയുടെ ഒരു നൂറ്റാണ്ടിനു സമാന്തരമായി കേരളത്തിലെ സ്ത്രീ ശക്തിയുടെ ഉയർച്ച-താഴ്ചകളും സഞ്ചരിക്കുന്നുണ്ട്. അതിന്റെ ആരോഹണ ഘട്ടത്തിൽ, അവർ തികഞ്ഞ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൈമുതലാക്കി ഉയർന്നുവന്നപ്പോൾ, അവരോഹണ ഘട്ടത്തിൽ മറ്റുള്ളവരാൽ ചവിട്ടി താഴ്ത്തപ്പെടുകയാണുണ്ടായത്.

1919ൽ ഗൗരി അമ്മ ജനിക്കുമ്പോൾ കേരളം പ്രധാനപ്പെട്ട ചില സാമൂഹിക മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയായിരുന്നു- അതിൽ സ്ത്രീകളുടെ സജീവമായ പങ്കാളിത്തവുമുണ്ടായിരുന്നു. ഗൗരി അമ്മയുടെ പിതാവ് കെ.എ രാമൻ കേരളത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന സാമൂഹിക മുന്നേറ്റങ്ങളുടെ മുന്നണി പോരാളിയും മികച്ച സാമൂഹിക നിരീക്ഷകനുമായിരുന്നു. അദ്ദേഹം തന്റെ മകൾക്ക്, കേരളത്തിലെ സ്ത്രീ ശാക്തീകരണ ശ്രമങ്ങളിൽ മുൻനിരയിലുണ്ടായ ഒരു യുവതിയുടെ പേര് നൽകി.

കെ.ആർ ഗൗരി അമ്മ

പിന്നാക്ക ഈഴവ വിഭാഗത്തിൽ നിന്ന് ബിഎ കരസ്തമാക്കിയ ആദ്യ വനിതയായ ‘ഗൗരി’ ആയിരുന്നു ആ യുവതി. 1917ൽ തിരുവനന്തപുരത്തു വെച്ചു നടന്ന യോഗത്തിൽ എസ്എൻഡിപി അവരുടെ നേട്ടത്തെ സ്വർണ മെഡൽ നൽകി ആദരിക്കുകയുണ്ടായി. 1919 കേരളത്തിൽ നിന്ന് ഇംഗ്ലീഷിൽ എംഎ നേടിയ ആദ്യ വനിതയായി ഗൗരി മാറുകയും, കേരളത്തിലുടനീളം നടന്ന പരിപാടികളിൽ ആദരിക്കപ്പെടുകയുമുണ്ടായി. അത്തരമൊരു പരിപാടിയിൽ നിന്ന് മടങ്ങുകയായിരുന്ന രാമൻ  ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്ന ഭാര്യ പാർവതിയോട്, പെൺകുഞ്ഞാണെങ്കിൽ ഗൗരി എന്ന് പേരിടാനുള്ള തന്റെ ആഗ്രഹമറിയിച്ചു.

വിവാഹത്തിനു ശേഷം ഗൗരി ശങ്കുണ്ണി എന്നറിയപ്പെട്ട അവർ മദ്രാസ് പ്രവിശ്യയിലെ കോളേജുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ മറ്റൊരു ഗൗരി അലയൊലികൾ സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഗൗരി ശങ്കുണ്ണിയുടെ സഹോദരൻ അഡ്വ. എ.കെ പവിത്രന്റെ ഭാര്യ ഗൗരി പവിത്രനായിരുന്നു അവർ. 1928ൽ കൊച്ചി നാട്ടുരാജ്യത്തിന്റെ നിയമ സഭയിലേക്ക് വനിതാ പ്രതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗൗരി പവിത്രൻ നാമനിർദേശം ചെയ്യപ്പെട്ടു. മൂന്ന് വർഷ കാലയളവിലെ നിയമസഭാ സാമാജിക എന്ന അർഥത്തിലുള്ള അവരുടെ പ്രവർത്തനങ്ങൾ ആ തലമുറയുടെ പുരോഗമന ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അന്നത്തെ കൊച്ചി നാട്ടുരാജ്യം, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ മാത്രമായിരുന്നു സ്ത്രീകളെ ഉദ്യോഗത്തിൽ നിയമിച്ചിരുന്നത്. മറ്റു തൊഴിൽ മേഖലകളും സ്ത്രീകൾക്ക് തുറന്നു കൊടുക്കണമെന്ന് ഗൗരി ആവശ്യമുയർത്തി. മേലുദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചിട്ടാണെങ്കിലും കീഴ് തട്ടിലുള്ള ജോലിക്കാർക്ക് മിനിമം വേതനം ഉറപ്പാക്കണമെന്നും ഗൗരി വാദിക്കുകയുണ്ടായി.

തങ്ങളുടെ ഇല്ലങ്ങളിൽ ദുരിതപൂർണമായ ജീവിതം നയിച്ചുകൊണ്ടിരുന്ന നമ്പൂതിരി സ്ത്രീകളുടെ (അന്തർജനങ്ങൾ) വിമോചനത്തിനു വേണ്ടി ‘നമ്പൂതിരി പരിഷ്കരണ ബിൽ’ നിയമസഭയിൽ ഗൗരി പവിത്രൻ അവതരിപ്പിച്ചു. അതേ വർഷമാണ് (1929) നമ്പൂതിരി പരിഷ്കർത്താവായിരുന്ന വി.ടി ഭട്ടതിരിപ്പാട് ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന പ്രശസ്തമായ പുസ്തകവുമായി മുന്നോട്ടു വന്നത്.

ലഘുവായ ചില വ്യവസ്ഥകളോടെ നിയമസഭ അത്തരമൊരു ബിൽ മുൻപ് പാസാക്കിയിരുന്നെങ്കിലും, മഹാരാജ അതിന് അംഗീകാരം നൽകിയിരുന്നില്ല. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോയ ഗൗരി, ബഹുഭാര്യത്വം നിരോധിക്കുകയും, സംബന്ധം എന്ന് അറിയപ്പെട്ടിരുന്ന (മറ്റു സമുദായത്തിലെ സ്ത്രീകളുമായി) അവിഹിത വേഴ്ചകളിൽ പെട്ടു പോവാതെ, സമുദായത്തിൽ പെട്ട യുവാക്കൾക്ക് സ്വാതന്ത്രമായി വിവാഹം കഴിക്കാനും കുടുംബത്തെ പോറ്റാനുമുള്ള അവകാശം വകവെച്ചു കൊടുക്കുന്നതുമായ മറ്റൊരു ബില്ലുമായി മുന്നോട്ടു വന്നു.

അക്കാലത്തുണ്ടായ സ്ത്രീ ഉന്നമനം ഏതാനും വ്യക്തികളിലേക്കോ ജാതി/മത വിഭാഗങ്ങളിലേക്കോ ഒതുങ്ങുന്നതല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ക്രിസ്ത്യൻ മിഷണറിമാർ വരികയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്തതോടെയാണ് ഇതു സാധ്യമായത്. 1806നും 1809നുമിടക്ക് ലണ്ടൻ മിഷണറി സൊസൈറ്റിയുടെ (എൽഎംഎസ്) വില്യം തോബിയാസ് തെക്കൻ തിരുവിതാംകൂറിൽ ആരംഭിച്ച സ്കൂളിൽ ഹിന്ദുക്കളും മുസ്‌ലിംകളും ഉൾപ്പെടെ അറുപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. ആറു വർഷത്തിനുള്ളിൽ മുന്നൂറോളം ആളുകളെ അദ്ദേഹം ക്രിസ്തു മതത്തിലേക്ക് പരിവർത്തിപ്പിച്ചു. മത പരിവർത്തനത്തിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ആളുകൾ, ഹിന്ദു മതത്തിൽ നിലനിന്നിരുന്ന അസമത്വവും അനീതികളുമാണ് ഈ പരിവർത്തനങ്ങൾ സാധ്യമാക്കിയത് എന്ന വസ്തുത സൗകര്യപൂർവം മറന്നു കളയുന്നു.

ജസ്റ്റിസ് അന്നാ ചാണ്ടി

കുറച്ചു നാളുകൾക്കുള്ളിൽ തന്നെ, ചർച്ച് മിഷൻ സൊസൈറ്റി (സിഎംഎസ്) മധ്യ തിരുവിതാംകൂറിൽ അവരുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇക്കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ആംഗ്ലിക്കൻ ചർച്ചിന്റെ സേനേനാ മിഷണറി സോസൈറ്റിയും ഏറെ സജീവമായിരുന്നു. ഇൻഡ്യൻ ഉപ-ഭൂഖണ്ഡത്തിന്റെ മറ്റു ഭാഗങ്ങളിലും മിഷണറികൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നെങ്കിലും, കേരളത്തിലേതു പോലെ അതിവേഗം പുരോഗതി പ്രാപിക്കുകയുണ്ടായില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കൾ നടത്തിയ പ്രയത്നങ്ങളുടെ കൂടി ഫലമാണിത്.

ഇക്കാലയളവിൽ വിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ എണ്ണത്തിൽ സാരമായ വളർച്ചയുണ്ടായി. 1921ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് ഡോ. മേരി പൂനൻ ലൂക്കോസിനെ നാമനിർദേശം ചെയ്യാൻ ഗവണ്മെന്റിനെ പ്രേരിപ്പിച്ച ഘടകവും ഇതു തന്നെയായിരുന്നു. പെണ്ണായതു കൊണ്ടു മാത്രമാണ് ഒരു സയൻസ് കോഴ്‌സിന് അവർക്കു സീറ്റ് നിഷേധിക്കപ്പെട്ടത്. അതുകൊണ്ട്, 1909ൽ അവർ ഒരു ഹിസ്റ്ററി കോഴ്സിന് എൻറോൾ ചെയ്തു. കോളേജിലെ ഏക വനിതാ പഠിതാവ് അവരായിരുന്നു. ബിഎ നേടിയതിനു ശേഷം ഇംഗ്ലണ്ടിലേക്കു പോവുകയും അവിടെ നിന്ന് ഒരു ഡിഗ്രിയും, മെഡിസിനിൽ ബിരുദാനന്ദര ബിരുദവും കരസ്ഥമാക്കി. തിരുവിതാംകൂറിൽ മടങ്ങിയെത്തിയ അവർ 1916ൽ ഗവണ്മെന്റ് സർവീസിൽ കയറുകയും, അക്കാലത്തെ ആരോഗ്യ വകുപ്പിന്റെ തലവനു ലഭിക്കുന്ന ‘സർജൻ ജനറൽ’ പദവിയിലേക്ക് ഉയരുകയും ചെയ്തു. 1944വരെ നിയമസഭയിൽ മെമ്പറായി ഡോ. മേരി തുടർന്നു. ഇക്കാലത്തിനിടക്ക്, പല അവസരങ്ങളിലായി പത്തോളം വനിതകൾ അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്യപ്പെടുകയുണ്ടായി. പിന്നീട്, ഹൈ കോടതി ജഡ്ജിയായിത്തീർന്ന രാജ്യത്തെ ആദ്യ വനിത, അന്നാ ചാണ്ടി അവരിൽ ഒരാളായിരുന്നു. അവരോടൊപ്പം, 1937ൽ തെരഞ്ഞെടുപ്പു ജയിച്ചുകൊണ്ട് ത്രേസ്യാമ്മ കോരയും നിയമസഭയിലെത്തി.

കൊച്ചി നിയമസഭയിലേക്ക് ആദ്യമായി നാമനിർദേശം ചെയ്യപ്പെട്ട വനിത, കവിയും പണ്ഡിതയുമായിരുന്ന തോട്ടക്കാട്ട് മാധവി അമ്മയായിരുന്നു (1925). ഗൗരി പവിത്രനു ശേഷം നിയമസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട നാലു വനിതകളിൽ, നമ്പൂതിരി പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന പാർവതി നെന്മിനിമംഗലവും ഉണ്ടായിരുന്നു. 1938ൽ മൂന്നും, 1945ൽ നാലും വനിതകൾ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അവസാന ബാച്ചിൽ നിയമസഭയിലെ ഏക ദലിത് വനിതാ പ്രതിനിധിയായിരുന്ന ദാക്ഷായിണി വേലായുധനും ഉൾപ്പെട്ടിരുന്നു.

ദാക്ഷായിണി വേലായുധൻ

ഗവണ്മെന്റ് ഡാറ്റയനുസരിച്ച് 1918ൽ മലബാറിലെ സെക്കന്ററി സ്‌കൂളുകളിൽ 1,421 വിദ്യാർഥിനികൾ പഠിച്ചിരുന്നു. മദ്രാസ് പ്രവിശ്യയിൽ ഏറ്റവുമധികം വിദ്യാർഥിനികൾ പഠിച്ചിരുന്ന ഒരേയൊരു ജില്ല മദ്രാസ് സിറ്റി ആയിരുന്നു. മറ്റു ജില്ലകളിൽ രണ്ടക്കമോ, മൂന്നക്കമോ മാത്രമായിരുന്നു പെൺകുട്ടികളുടെ എണ്ണം. ലോക പ്രശസ്ത സസ്യശാസ്ത്രജ്ഞ ഇ.കെ ജാനകി അമ്മാൾ, മദ്രാസ് നിയമസഭാ സാമാജികയും കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി മെമ്പറുമായ എ.വി കുട്ടിമാളു അമ്മ, ഭരണഘടനാ സമിതി അംഗം അമ്മു സ്വാമിനാഥൻ തുടങ്ങിയവർ ഇക്കാലയളവിലാണ് ഉയർന്നുവന്നത്.

ഡോ. മേരി പൂനൻ ലൂക്കോസ് സർജൻ ജനറലും അന്നാ ചാണ്ടി ഹൈകോടതി ജഡ്ജിയും ആവുന്ന കാലത്ത് ബ്രിട്ടണിലോ അമേരിക്കയിലോ സമാനമായ സ്ഥാനങ്ങളിൽ ഒരൊറ്റ വനിതയും അവരോധിതമായിരുന്നില്ല എന്നറിയുമ്പോളാണ്, അക്കാലഘട്ടത്തിൽ കേരളത്തിൽ നടന്ന സ്ത്രീ ഉന്നമനത്തിന്റെ പ്രസക്തി മനസ്സിലാവുക. അക്കാലത്ത് ചിലർ അംഗീകരിച്ചിരുന്നില്ലെങ്കിലും കേരളീയ നവോഥാനത്തിന്റെ ഫലമായിരുന്നു ഈ സ്ത്രീ മുന്നേറ്റങ്ങൾ. ഗുരു ചിന്തകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട, ജാതി/മത വൈരങ്ങളിൽ നിന്നും മുക്തമായ, സർവലൗകിക സഹോദര്യം നിലനിൽക്കുന്ന മാതൃകാ സമൂഹം എന്നത് നവോഥാന പ്രസ്ഥാനങ്ങളുടെ ലക്ഷ്യം എന്ന നിലക്ക് വലിയ പ്രചാരം നേടി.

സമത്വാധിഷ്ടിതമായ സമൂഹത്തെ വാഗ്ദാനം ചെയ്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണ് നവോഥാന മുന്നേറ്റങ്ങളിൽ നിന്നും രാഷ്ട്രീയ ലാഭം സിദ്ധിച്ചത്. അതിന്റെ ഫലമെന്നോണം, ഇൻഡ്യൻ സ്വാതന്ത്ര്യത്തിന് പത്തു വർഷങ്ങൾക്കു ശേഷം, ലോകത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിച്ചു കൊണ്ട് കേരളം, ഇൻഡ്യയെയും ലോകത്തെ തന്നെയും ഞെട്ടിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ, റവന്യൂ ചുമതലയുള്ള മന്ത്രിയായി കെ.ആർ ഗൗരി ചുമതലയേറ്റു. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിന്റെ ചുമതലയും ഗൗരിക്കായിരുന്നു.

ഡോ. മേരി പൂനൻ ലൂക്കോസ്

ഇഎംഎസ് ഗവണ്മെന്റ് അധികാരത്തിലിരുന്ന ചുരുങ്ങിയ കാലയളവ് കേരളീയ നവോഥാനത്തിന്റെയും, മന്ത്രിയെന്ന നിലക്ക് ഗൗരിയമ്മയുടെ ഇടപെടലുകൾ സ്ത്രീ ശാക്തീകരണത്തിന്റെയും ഉന്നതിയെ കുറിക്കുന്നതായിരുന്നു. ഇവരുടെ രാഷ്ട്രീയ എതിരാളികൾ ജാതി/മത സംഘടനകളുമായി കൈകോർക്കുകയും, ഭൂപരിഷ്കരണ-വിദ്യാഭ്യാസ ബില്ലുകൾക്കെതിരെ ഉഗ്രമായ ക്യാമ്പയിനുകൾ പടച്ചുവിടുകയും ചെയ്തു. സാമ്രാജ്യത്വവാദികൾ പോലും ഈ പ്രതിലോമകാരികളുടെ പിന്നിലായിരുന്നു.

കേന്ദ്ര ഗവണ്മെന്റ് ഈ കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകൾ, പുരോഗമന ശക്തികളും പ്രതിലോമകാരികളും തമ്മിലെ നിരന്തര സംഘട്ടനങ്ങൾക്ക് സാക്ഷ്യംവഹിച്ചു. ഈ പോരാട്ടങ്ങൾ ഏതെങ്കിലും ഒന്നിന്റെ വിജയത്തിലല്ല, മറിച്ച് രണ്ടു വിഭാഗങ്ങളുടെയും ഉയർച്ചയിലാണ് പര്യാവസാനിച്ചത്. കോൺഗ്രസ്‌ നേതൃത്വം നൽകുന്ന ഒരു വിഭാഗവും, 1964ലെ പിളർപ്പിനു ശേഷം പ്രധാന കക്ഷിയായിത്തീർന്ന സിപിഐ (മാർക്സിസ്റ്റ്‌) നേതൃത്വം നൽകുന്ന മറ്റൊരു വിഭാഗവുമാണിവ. അന്നു മുതൽ ഈ രണ്ടു കക്ഷികളും മാറി മാറി അധികാരത്തിൽ വരികയായിരുന്നു. ഈ ഇരു-കക്ഷി വ്യവസ്ഥ ഇടതു-വലതു സംഘങ്ങൾ എന്നു വ്യാഖ്യാനിക്കപ്പെട്ടു. ഈ പ്രക്രിയ ആരംഭിച്ചത് 1967ൽ ആണെങ്കിലും, 1980ലാണ് ഇത് സ്ഥിരപ്രതിഷ്ഠ നേടിയത്.

ഈ ഇരു-കക്ഷി വ്യവസ്ഥ കേരള രാഷ്ട്രീയത്തിലെ പുതിയൊരു യുഗത്തിന്റെ തുടക്കമായിരുന്നു. ഇരു കക്ഷികളിലുമുണ്ടായിരുന്ന ജാതി-മത താൽപര്യങ്ങളെ സംരക്ഷിക്കുന്ന വിഭാഗങ്ങൾ നവോഥാനത്തിന്റെ പാതയിൽ നിന്നും ഇവരെ അകറ്റി. തുല്യതയും ലിംഗസമത്വവും കേരളത്തിന്റെ അജണ്ടക്കു പുറത്തായി. 1975ൽ എല്ലാ കക്ഷികളുടെയും പിന്തുണയോടെ പാസാക്കിയ, ആദിവാസികൾക്കു നഷ്‌ടപ്പെട്ട വനഭൂമി അവർക്കു തിരികെ കൊടുക്കുന്ന നിയമത്തെ, ഇരു കക്ഷികളും ചേർന്ന് അട്ടിമറിച്ചതോടെ, ഇരു-കക്ഷി വ്യവസ്ഥയുടെ പൂച്ച് പുറത്തായി. പരസ്യമായ ഈ വഞ്ചനക്കെതിരെ എഴുന്നേറ്റു നിന്ന ഒരേയൊരു രാഷ്ട്രീയ പ്രവർത്തക ഗൗരി അമ്മ മാത്രമായിരുന്നു.

നവോഥാനത്തിന്റെ ഉയർച്ചയും താഴ്ച്ചയും ഗൗരി അമ്മയുടെ ജീവിതത്തിൽ പ്രതിഫലിച്ചിരുന്നു. 1957-1987 കാലഘട്ടത്തിനിടക്ക് സിപിഐ (എം) നയിച്ച എല്ലാ മന്ത്രിസഭയിലും ഗൗരി അമ്മ മന്ത്രിസ്ഥാനം വഹിച്ചിരുന്നു. 1960 മുതൽ 1967 വരെ കേരള കർഷക സംഘത്തിന്റെ (പാർട്ടിയുടെ കർഷക സംഘടന) പ്രസിഡന്റായിരുന്നു അവർ. 1967 മുതൽ 1976 വരെ കേരള മഹിളാ സംഘത്തിന്റെ (പാർട്ടിയുടെ വനിതാ സംഘടന) പ്രസിഡന്റും, അതിനു ശേഷം 1987 വരെ സെക്രട്ടറിയും ഗൗരി അമ്മയായിരുന്നു. എന്നാൽ പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളിൽ എത്തിപ്പെടാൻ അവർക്കു കഴിഞ്ഞിരുന്നില്ല.

സംസ്ഥാന-ദേശീയ തലങ്ങളിൽ സിപിഐ (എം)ൽ നിലനിന്നിരുന്ന പുരുഷാധിപത്യമാണ് ഉന്നതസ്ഥാനങ്ങളിൽ എത്തുന്നതിൽ നിന്നും അവരെ തടഞ്ഞത്. പാർട്ടിയുടെ ഉന്നത തലങ്ങളിൽ സ്ത്രീകളുടെ കുറവ് പ്രശ്നമായപ്പോൾ, 2005ൽ ബ്രിന്ദ കാരാട്ടിനെ പോളിറ്റ് ബ്യൂറോ മെമ്പറായി സിപിഐ (എം) നിയമിച്ചു. പി. കൃഷ്ണപിള്ള ഗൗരി അമ്മക്ക് പാർട്ടി മെമ്പർഷിപ്പ് നൽകുമ്പോൾ ബ്രിന്ദ ജനിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. ബ്രിന്ദക്ക് പി. സുന്ദരയ്യ പാർട്ടി മെമ്പർഷിപ്പ് നൽകുമ്പോൾ, ഗൗരി അമ്മ സ്വയം നിശ്ചയദാർഢ്യം കൈമുതലാക്കി മന്ത്രിയാവുകയും, കേരള ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിക്കൊണ്ട് സ്മരണീയമായ സംഭാവനകൾ അർപ്പിക്കുകയും ചെയ്തിരുന്നു.

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ

ഗൗരി അമ്മയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി വാഴിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ 1987ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിയിരുന്നു. എന്നാൽ ഇതു പാർട്ടിയുടെ ഔദ്യോഗിക മുദ്രാവാക്യമല്ല എന്ന് അന്നേ വ്യക്തമാക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്ന വരേക്കും പാർട്ടി അതിനെ നിഷേധിക്കുകയുണ്ടായില്ല. എന്നാൽ, തെരഞ്ഞെടുപ്പ് ഫലങ്ങൾ വരികയും പാർട്ടി ഭൂരിപക്ഷം നേടുകയും ചെയ്തപ്പോൾ, തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഇ.കെ നയനാരെ മുഖ്യമന്ത്രിയായി പാർട്ടി നിയമിച്ചു. 1994ൽ അടുത്ത ഗവണ്മെന്റ് രൂപീകരിക്കാനുള്ള അവസരം ഒത്തുവന്നപ്പോഴേക്കും ഗൗരി അമ്മ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കപ്പെടുകയും ചെയ്തിരുന്നു.

സിപിഐ (എം)ന്റെ തലമുതിർന്ന നേതാക്കളായ കെ.ആർ ഗൗരി അമ്മയും എം.വി രാഘവനും പാർട്ടിയിൽ നിന്ന് പുറംതള്ളപ്പെടുകയും, സ്വന്തം പാർട്ടികൾ രൂപീകരിച്ചുകൊണ്ട് കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയിൽ ചേരുകയും ചെയ്തിട്ടുണ്ട്. എൺപതുകളുടെ മധ്യത്തിൽ പാർട്ടിയുടെ ഔദ്യോഗിക നയങ്ങൾക്കു വിരുദ്ധമായി മുസ്‌ലിം ലീഗിനോടും കേരള കോൺഗ്രസിനോടും ഐക്യശ്രമങ്ങൾ നടത്തിയതിന്റെ പേരിൽ രാഘവനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയുണ്ടായി. എന്നാൽ, ഗൗരി അമ്മക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമല്ല. അടുത്തിടെ പോലും, എന്തുകൊണ്ടാണ് താൻ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന് ഗൗരി അമ്മ പരസ്യമായി ചോദ്യമുയർത്തുകയുണ്ടായി. ഗൗരി അമ്മക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ മൗനം പാലിച്ചവരെല്ലാം ഇപ്പോൾ അവരെ മാതൃകാ കമ്യൂണിസ്റ്റായി വാഴ്ത്തുകയാണ്. അവർക്കാവട്ടെ ഗൗരി അമ്മയുടെ ചോദ്യത്തിന് മറുപടി പറയാനും കഴിഞ്ഞിട്ടില്ല. അവർക്ക് ഉത്തരം അറിയാത്തതിന്റെ പ്രശ്നമല്ല, മറിച്ച് പരസ്യമായി പറയാൻ കഴിയാത്തതിന്റെ പ്രശ്നമാണ്.

എം.വി രാഘവൻ

തന്റേടിയായ വനിതയായതിനാലാണ് ഗൗരി അമ്മ പാർട്ടിയിൽ നിന്ന് പുറത്തെറിയപ്പെട്ടത്. അവരുടെ കൂർമതയും ദൃഢചിത്തതയും കണ്ടറിയുക വഴി ആ രഹസ്യം ഇന്ന് പരസ്യമായി മാറിയിരിക്കുന്നു. പുരുഷാധിപത്യത്തിന്റെ നിയമ പുസ്തകത്തിൽ ഈ രണ്ടു ഗുണങ്ങളും പുരുഷനിലേക്ക് മാത്രം ചേർക്കപ്പെടുന്നതാണ്. പുരുഷനിലാണ് നേതൃത്വ ഗുണമുള്ളത്, സ്ത്രീയിൽ അഹമ്മതിയും ധാര്‍ഷ്‌ട്യവുമാണുള്ളത് എന്നതാണ് അവരുടെ നിലപാട്. കൂടുതൽ ചോദ്യങ്ങളുയർത്താതെ കൽപ്പിക്കപ്പെടുന്നത് അനുസരിച്ചു കഴിയുക എന്നതാണ് പുരുഷാധിപത്യം സ്ത്രീയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ അനുസരിച്ച്, കേരളമാണ് മാനുഷിക വികാസ സൂചികയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം. കൂടാതെ, നവോഥാന കാലം മുതൽക്കേ സ്ത്രീകൾ ഉയർന്ന വിദ്യാഭ്യാസം നേടുകയും, ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിലേക്കു വരുമ്പോൾ, കേരളം പിന്നോട്ടാണ് ചലിക്കുന്നത്.

സിപിഐ (എം)ന് ഇന്നേവരെ ഗൗരി അമ്മയെക്കാൾ കാര്യപ്രാപ്തിയുള്ള മറ്റൊരു മന്ത്രിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭരണാധികാരി എന്ന നിലയിൽ തന്റെ കീഴിലുള്ള ബ്യൂറോക്രാറ്റുകളുടെ ആദരവ് നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഗൗരി അമ്മ നയം രൂപീകരിക്കുകയും നടപ്പിലാക്കാൻ ഉദ്യോഗസ്ഥ വൃന്ദത്തിനു വിട്ടുനൽകുകയും ചെയ്യുന്നതിൽ അവർ ആയാസം കണ്ടെത്തുന്നുണ്ട്. പാർട്ടി തടഞ്ഞില്ലായിരുന്നുവെങ്കിൽ മികച്ച മുഖ്യമന്ത്രിയാവൻ അവർക്കു കഴിയുമായിരുന്നു അന്ന് അനുമാനിക്കാൻ മാത്രം യുക്തിസഹമാണ് മേൽപറഞ്ഞ സംഗതികൾ. ഒരുപക്ഷേ, ഭരണം നിയന്ത്രിക്കുന്ന ഇരു മുന്നണികളുടെയും വക്രീകരിക്കപ്പെട്ട നയങ്ങളെ തടഞ്ഞുനിർത്താൻ അവർക്കു കഴിഞ്ഞില്ലായിരിക്കും. എന്നാൽ, ആദിവാസികളുടെ ഭൂമി പ്രശ്നത്തിൽ അവരെടുത്ത നിലപാടുകൾക്ക് മുഖേന അത്തരം നയങ്ങൾക്ക് പ്രഹരമേൽപ്പിക്കാനെങ്കിലും അവർ ശ്രമിച്ചിട്ടുണ്ട്.

കടപ്പാട്: കൊച്ചി പോസ്റ്റ്

മൊഴിമാറ്റം: അഫ്സൽ ഹുസൈൻ

Top