കോവിഡ് ആഗോളവൽക്കരണത്തെ ഇല്ലാതാക്കുന്നില്ല

മാധ്യമ-അക്കാദമിക രംഗങ്ങളും രാഷ്ട്രീയ വേദികളും ആഗോളവല്‍ക്കരണ പ്രക്രിയക്ക് പെട്ടെന്നൊരു പോസ് ബട്ടണ്‍ അമര്‍ത്താന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. മാര്‍ച്ച് ഒമ്പതിന് ‘ഫോറിന്‍ പോളിസി കോളത്തില്‍’ വന്ന വാദം “ആഗോളവല്‍ക്കരണം ഐസിയുവിലേക്ക്” എന്നായിരുന്നുവെങ്കില്‍, മെയ് പതിനാലിന് ‘ദ എക്കോണമിസ്റ്റ്’ ചോദിച്ചത് “കോവിഡ്-19 ആഗോളവല്‍ക്കരണത്തെ കൊല്ലുമോ”? എന്നായിരുന്നു. കോവിഡ് വൈറസ് പരിക്കു പറ്റിയ ഭൂമിക്ക് അനുവദിക്കപ്പെട്ട മഹാചികിത്സയാണെന്നായിരുന്നു ഇടതുപക്ഷത്തെ പല ചിന്തകരും വിശേഷിപ്പിച്ചത്.

ആഗോളീകരണം ശക്തിയാര്‍ജിച്ചു വന്നിരുന്ന 1990കളില്‍ പോലും ലോകത്തെ നിരവധി പണ്ഡിതര്‍ പ്രസ്തുത പ്രതിഭാസത്തിന്റെ സര്‍വ വ്യാപക ഗുണങ്ങളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ വേഗത, അതിര്‍ത്തികളും നിയമങ്ങളും ചാടിക്കടന്നു മുന്നേറാനുള്ള അതിന്റെ പ്രാപ്തി, അവ ചെന്നത്തിയ രാജ്യങ്ങളെ കോളനിവൽക്കരിക്കാനും അവയെ സമൂലമാറ്റത്തിനു വിധേയമാക്കാനുമുള്ള ശേഷി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവര്‍ ഏറെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത്തരം നിരീക്ഷണങ്ങള്‍ നടത്തിയ വ്യക്തികളില്‍ ഞാനുമുണ്ടായിരുന്നു. ലോകമാകെ ഗുണം പ്രദാനം ചെയ്യുന്ന മഹാശക്തിയായി ആഗോളീകരണം മാറുന്നുമെന്ന് ഞങ്ങളില്‍ മിക്കപേരും പ്രതീക്ഷിച്ചിരുന്നെങ്കിലും, അതിന് അപകടകരവും അനിയന്ത്രിതവുമായ മാരക വ്യാധികള്‍ക്ക് ഇടം നല്‍കുന്ന മറ്റൊരു മുഖമുണ്ടെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

പിന്നീട് ദേശാന്തര യാത്രക്കാരായി ഒത്തിരി വൈറസുകള്‍ ആഗോള രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എച്ച്.ഐ.വി, പന്നിപ്പനി, കന്നുകാലി പനി, സാര്‍സ്, മറ്റനേകം പകര്‍ച്ചവ്യാധികൾ മുതല്‍ ഇന്നു നാം കാണുന്ന കോവിഡ് പത്തൊമ്പതു വരെ അവ എത്തിനില്‍ക്കുന്നു. തിരിച്ചടിയുടെ ഈ സന്ദര്‍ഭം നമ്മുടെ ചരിത്രത്തിലെ തന്നെ ആഗോള അനുഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ആഗോളവല്‍ക്കരണത്തിന്റെ വ്യാപന തോതനുസരിച്ചു മാത്രമാണ് കോവിഡിന്റെ ചലന വേഗതയെ മനസ്സിലാക്കാന്‍ നമുക്കു സാധിക്കുകയുള്ളൂ.

ആഗോളവല്‍ക്കരണത്തിനെതിരെ ഭീമന്‍ അക്രമം അഴിച്ചുവിടുകയാണ് കോവിഡ് പത്തൊമ്പതു ചെയ്തത്. ഈ മഹാവ്യാധി, ആഗോവല്‍ക്കരണം സ്വയം തന്നെ എത്രമാത്രം ദോഷം ചെയ്യുമെന്നു കാണിക്കുന്നതിന്റെ ഉദാഹരണമായി സാമൂഹിക വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നുണ്ട്.

മാധ്യമ-അക്കാദമിക രംഗങ്ങളും രാഷ്ട്രീയ വേദികളും ആഗോളവല്‍ക്കരണ പ്രക്രിയക്ക് പെട്ടെന്നൊരു പോസ് ബട്ടണ്‍ അമര്‍ത്താന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. മാര്‍ച്ച് ഒമ്പതിന് ‘ഫോറിന്‍ പോളിസി കോളത്തില്‍’ വന്ന വാദം “ആഗോളവല്‍ക്കരണം ഐസിയുവിലേക്ക്” എന്നായിരുന്നുവെങ്കില്‍, മെയ് പതിനാലിന് ‘ദ എക്കോണമിസ്റ്റ്’ ചോദിച്ചത് “കോവിഡ്-19 ആഗോളവല്‍ക്കരണത്തെ കൊല്ലുമോ”? എന്നായിരുന്നു. കോവിഡ് വൈറസ് പരിക്കു പറ്റിയ ഭൂമിക്ക് അനുവദിക്കപ്പെട്ട മഹാചികിത്സയാണെന്നായിരുന്നു ഇടതുപക്ഷത്തെ പല ചിന്തകരും വിശേഷിപ്പിച്ചത്. അതായത് ആഗോവല്‍കൃത മുതലാളിത്വത്തിന്റെ ക്രൂരതകളില്‍ നിന്നു സ്വയംരക്ഷ നേടാനും, കോര്‍പറേറ്റ്-മാര്‍കറ്റ് സമ്പ്രദായങ്ങള്‍ക്കു മേല്‍ ദേശങ്ങള്‍ക്കും സമുദായങ്ങള്‍ക്കും തങ്ങളുടേതായ ക്ഷേമം ഉറപ്പുവരുത്താനുള്ള ഉപാധിയായിട്ടാണ് അവര്‍ ഈ സന്ദര്‍ഭത്തെ മനസ്സിലാക്കിയത്. അതേസമയം വലതുപക്ഷ രാഷ്ട്രീയ നേതാക്കളായ യുഎസ് പ്രസിഡണ്ട് ടൊണാള്‍ഡ് ട്രംപ്, ബ്രസീലിയന്‍ പ്രസിഡണ്ട് ജൈര്‍ ബോല്‍സനാരോ തുടങ്ങിയവര്‍ തങ്ങളുടെ അനുയായികള്‍ക്കിടയില്‍ വംശീയതയും പരദേശീയ സ്പർധയും വളര്‍ത്തി, വിദേശികളെയും കുടിയേറ്റക്കാരെയും ടൂറിസ്റ്റുകളെയും പുറത്താക്കാനും, തങ്ങളുടെ രാജ്യാതിര്‍ത്തികള്‍ പെട്ടെന്ന് അടക്കാനുമുള്ള ശ്രമത്തിലായിരുന്നു. ആഗോളവല്‍ക്കരണ പ്രക്രിയയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാവുന്ന പദ്ധതികളുടെ ചെറു ഭാഗമാണോ ഇത്തരം ബദ്ധപ്പാടുകള്‍?

അത്തരം ശ്രമങ്ങള്‍ ഒരുപക്ഷേ വ്യാമോഹങ്ങള്‍ മാത്രമാണ്. ആഗോളവല്‍ക്കരണം ഇനിയും ഇവിടെ തുടരാനുള്ളതാണ്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുൻപ്, അഥവാ സോവിയറ്റ് യൂണിയന്‍ തകര്‍ന്നടിഞ്ഞപ്പോള്‍ മൂലധനം, തൊഴില്‍ എന്നിവ അടിസ്ഥാനമാക്കി സ്വതന്ത്ര വിപണികള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായപ്പോള്‍, ചരക്കു-സേവനങ്ങളിലെ കച്ചവടത്തെക്കാള്‍, സാമ്പത്തിക വിപണിയുടെ പ്രാധാന്യം വര്‍ധിച്ചപ്പോള്‍ തന്റെ വാസസ്ഥലം ഉപേക്ഷിച്ച ഒരു കുതിരയാണത്. കംപ്യൂട്ടറിന്റെ ഉദയം, വ്യാവസായിക വിപ്ലവം എന്നിവയേക്കാള്‍, ഒരു ശീലങ്ങളും ഇനി തിരിച്ചുവരാന്‍ പോകുന്നില്ല.

ഈ കാലയളവു വരെ, ലോകരാജ്യങ്ങളിലെ ഒരു ആഗോള രാഷ്ട്രീയക്കാരനും തങ്ങളുടെ ഗെയിം പദ്ധതികള്‍ മാറ്റിയിട്ടില്ല എന്നു കാണാം. ‘ദ ബെല്‍റ്റ് ആന്‍ഡ് റോഡ്’ സംരഭത്തില്‍ (2013ല്‍ എഴുപതു രാജ്യങ്ങളിലേക്ക് അടിസ്ഥാന വികസനം ലക്ഷ്യമിട്ട് ചൈന പ്രഖ്യാപിച്ച രാഷ്ട്രീയ സംരഭമായിരുന്നു ഇത്) ഭീമന്‍ നിക്ഷേപങ്ങളാണ് ചൈന ഇപ്പോഴും നടത്തികൊണ്ടിരിക്കുന്നത്.

റഷ്യയും യു.എസും ഇൻഡ്യയുമായി നടത്തുന്ന ആയുധ കരാറുകളുമായി ബന്ധപ്പെട്ട് ശക്തമായ മല്‍പ്പിടുത്തം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കോവിഡ് പ്രതിസന്ധി വന്നത്തോടെ അതല്‍പം തീവ്രമാവുകയും ചെയ്തിരിക്കുന്നു. ഇവിടെ ഒരു അധികാര ശക്തിയും ആയുധ വിപണിയില്‍ നിന്ന് തങ്ങളുടെ ആഗോളപങ്കിനെ ചുരുക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണു വസ്തുത. നികുതിയുടെ പേരില്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെയും മത്സരത്തെയും ഒഴിവാക്കാന്‍, ഗൂഗിൾ, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ഭീമന്‍ നികുതി ചുമത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ ശ്രമത്തെ സാവധാനത്തിലാക്കിയത് ട്രംപിന്റെയും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെയും സമ്പൂര്‍ണ ഒത്തുതീര്‍പ്പിലൂടെയായിരുന്നു. പരസ്പരം ശത്രുതയില്‍ നില്‍ക്കുന്ന യു.എസിനോടും ചൈനയോടും യാതൊരു വിധ അനുനയ ബന്ധങ്ങളും പുലര്‍ത്താതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ജര്‍മനി. പല ദേശ രാഷ്ട്രങ്ങളും തങ്ങളുടെ അതിര്‍ത്തി നയങ്ങള്‍ ശക്തമാക്കുകയും, മെഡിക്കല്‍ വിഭവങ്ങള്‍ വര്‍ധിപ്പിക്കുകയും, സ്വന്തം പൗര ജനതയുടെ ആരോഗ്യ വിഷയങ്ങളെ മുഖവിലക്കെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ഒരു രാജ്യവും ഇതുവരെ തങ്ങളുടെ ആഗോള സഖ്യം, താല്‍പര്യങ്ങള്‍, നയതന്ത്രങ്ങള്‍ എന്നിവ തിരിച്ചുപിടിക്കുന്നതില്‍ ഗൗരവ തീരുമാനങ്ങള്‍ എടുത്തിട്ടില്ല എന്നു കാണാം.

അർജുൻ അപ്പാദുരൈ

എന്നാല്‍ പുത്തന്‍ വിപണികള്‍ക്കും വ്യാപാര-മാധ്യമ സ്ഥാപനങ്ങള്‍ക്കും ജൂനിയര്‍ പങ്കാളികളായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചതിനു ശേഷം ലോകരാജ്യങ്ങള്‍ക്ക് മനുഷ്യജീവന്‍ വാടകക്കെടുക്കാനുള്ള അവസരം കോവിഡ് നല്‍കിയിരിക്കുന്നു. അതോടെ ഒരുപാടു രാജ്യ തലവന്മാര്‍ക്ക് തങ്ങളുടെ അധികാരം വര്‍ധിപ്പിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നു. അവരെ പിന്തുടരുന്ന ലക്ഷകണക്കിനു പൗര ജനതക്ക് അവരിലുള്ള വിശ്വാസം ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നു. പക്ഷേ ഈ കാര്യങ്ങള്‍ ചില രാജ്യങ്ങളില്‍ ഏകാധിപത്യ സ്വഭാവം പുലര്‍ത്തുന്ന നേതാക്കള്‍ളെ ലിബറല്‍ രാഷ്ട്രീയ മൂല്യങ്ങൾ കൂടുതലായി തള്ളികളയാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്ന ഭയം ഉളവാകുന്നതായി കാണാം. എങ്കിലും ദേശ രാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ അധികാരത്തില്‍ നടത്താവുന്ന അഴിച്ചുപണികള്‍ ഏറെ പരിമിതമാണ്. ഒരു ഭരണകൂടത്തിനും ഈ കോവിഡ് പ്രതിസന്ധിയെ ആഗോള സമ്പദ് വ്യവസ്ഥയെ തുടച്ച് നീക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അന്താരാഷ്ട്ര തൊഴില്‍ വിപണി, അസംസ്‌കൃത വസ്തുക്കളുടെ വിതരണം എന്നിവ അടിസ്ഥാനമാക്കിയാണ് മിക്ക രാജ്യ തലവന്മാരുടെയും ജനപ്രീതി വര്‍ധിക്കുന്നത്. അങ്ങനെയിരിക്കെ ജീവിത നിലവാരം കുറച്ച്, അവയെ ദേശത്തിന്റെ അതിരുകളിലേക്ക് മാത്രം ചുരുക്കാന്‍ ഒരിക്കലും സാധ്യമല്ല. അതേസമയം ഓരോ പൗരനും തങ്ങളുടെ രാജ്യത്തിന്റെ അഭിവൃദ്ധി ഉറപ്പിക്കാനും അതിജീവനം സാധ്യമാക്കാനും, സ്വയം അധികാരം, കര്‍തൃത്വം എന്നിവ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും കൂടുതല്‍ ബോധവാന്മാരാണ്. പൊതുജനാരോഗ്യ നിയമങ്ങള്‍ പാലിക്കുന്നതും സാമൂഹികവും സാമ്പത്തികവുമായ പരിത്യാഗം നടത്തുന്നതും അതിന്റെ ഭാഗമാണ്. ഇവിടെ ഒരു രാഷ്ട്രീയക്കാരനും പൗരനും, സാധാരണ ജനതയുടെ സാമൂഹികാധികാരത്തെ വീണ്ടെടുക്കുന്നതിനെക്കുറിച്ച് മറന്നുകളയാൻ പോകുന്നില്ല.

ആഗോളവല്‍ക്കരണം കൂടാതെ ശാസ്ത്രത്തിനോ സാങ്കേതിക വിദ്യക്കോ അധിക കാലം മുന്നോട്ടു പോകാനാവില്ല എന്നതാണ് സമീപകാല പ്രതിസന്ധികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ ജര്‍മന്‍ കമ്പനിയെ യു.എസിലേക്ക് ഡൊണാള്‍ഡ് ട്രംപ് വിലക്കു വാങ്ങാന്‍ ശ്രമം നടത്തിയത് ഇതിന്റെ വലിയ ഉദാഹരണമാണ്.

പരാജയപ്പെട്ട ഈ ശ്രമം ശാസ്ത്ര ദൗത്യങ്ങള്‍ക്ക് അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തുന്നതോടൊപ്പം ദേശതാല്‍പര്യങ്ങളോടും ആശങ്കകളോടും പലപ്പോഴായി ഏറ്റുമുട്ടേണ്ടിവരുമെന്ന് കാണിക്കുന്നുണ്ട്. ദേശാതിര്‍ത്തികള്‍ കടന്ന് ലോകത്തെ വൈറോളജി, പകര്‍ച്ചവ്യാധി എന്നിവയിലെ മികച്ച ആരോഗ്യ വിദഗ്ധരുടെ സമ്പൂര്‍ണ സഹകരണവും സംസാരവും നടക്കേണ്ടത് ഇതിന്റെ ആവശ്യകതയാണ്. മരുന്നു കമ്പനികള്‍, ആഗോളാടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കു മേലാണ് കൂടുതല്‍ ആശ്രയിക്കുന്നത്. എന്തിനേറെ, ശാസ്ത്രീയ മേന്മ തന്നെ ഉണ്ടായി വരുന്നത് ആഗോളീകരണത്തിന്റെ വലിയ സമുദ്രത്തില്‍ നിന്നാണ്. അടിയന്തിര ആരോഗ്യ സാമഗ്രികള്‍ പല രാജ്യങ്ങളില്‍ നിന്ന് ആവശ്യമുള്ളയിടങ്ങളിലേക്ക് അയക്കേണ്ടതായി വരുന്നു. മികച്ച ചികിത്സ, പരിശോധന, സാമഗ്രികൾ, വാക്‌സിന്‍ എന്നിവ കണ്ടത്താനുള്ള ഊർജിത കിടമത്സരം ആഗോള രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്നുണ്ടെങ്കിലും മരുന്നു വിപണിയുടെ ആഗോള ബന്ധങ്ങള്‍ ഇനിയും തുടരാനുള്ളതാണ്. ആഗോള രാജ്യങ്ങളൊക്കെ കോവിഡ് എന്ന മഹാവ്യാധിയെ സമീപിക്കുന്നത് പരാജയപ്പെടുമെന്ന് ഉറപ്പായ സീറോ ഗെയിം എന്ന അര്‍ഥത്തിലാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും (തൊണ്ണൂറുകളില്‍ പ്രവചിച്ച പോലെ) ആഗോളവല്‍ക്കരണത്തെ മാറ്റിയെടുക്കാന്‍ സാധ്യമല്ല എന്നു പറഞ്ഞതിന്റെ അര്‍ഥം പരദേശീയ സ്പര്‍ദ്ധ, മാറ്റിനിര്‍ത്തപ്പെട്ട സമൂഹങ്ങളെ ചൂഷണം ചെയ്യല്‍ എന്നിവ അസാനിക്കുന്നുവെന്നല്ല. കാരണം ട്രംപിനെ പോലെയുള്ള വലതുപക്ഷ രാഷ്ട്ര തലവന്മാര്‍ ഈ പ്രതിസന്ധിയെ സമീപിച്ചത് വംശീയവും, കുടിയേറ്റ വിരുദ്ധവും, ലിബറല്‍ വിരുദ്ധവുമായ മുന്‍വിധികളിലൂടെയാണ്. ശാസ്ത്രജ്ഞരുടെ ഉപദേശത്തെ വിമുഖതയോടെ തള്ളികയുകയാണ് ബ്രസീലിയന്‍ പ്രസിഡണ്ട് ബൊല്‍സനാരോ ചെയ്തത്. ഇസ്‌ലാമോഫോബിയ പടര്‍ത്താനും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറിയ തൊഴിലാളികളെ വഴിയില്‍ ഉപേക്ഷിച്ചുമാണ് ഇൻഡ്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി കോവിഡിനെ സമീപിച്ചത്. ആഗോളവല്‍ക്കരണ പ്രക്രിയയുടെ മുകള്‍ ഭാഗത്തേക്കാള്‍ വളരെ വേഗത്തിലും ആഴത്തിലുമാണ് താഴ്ഭാഗത്തെ ചലനങ്ങള്‍ നടക്കുന്നത്.

അതുകൊണ്ട് ആഗോള ഗുണങ്ങളോടെ കോവിഡ്-19 എന്ന വൈറസ്, ആഗോളവല്‍ക്കരണത്തെ മഹാവ്യാധിയായി മാറ്റിയിരിക്കുന്നു. എല്ലാ വൈറസുകള്‍ പുറപ്പെടുമ്പോഴും ആഗോളവല്‍ക്കരണം യാതൊരു വ്യത്യാസവുമില്ലാതെ തുടരുന്നു. കോവിഡിനെ നേരിടാന്‍ ആഗോള രാജ്യങ്ങള്‍ക്ക് പലരൂപത്തിലുള്ള വിജയസാധ്യതകളാണ് അതു പ്രദാനം ചെയ്യുന്നത്. പ്രാഥമികമായി, അത്തരം രാജ്യങ്ങള്‍ പ്രതിസന്ധി സമയങ്ങള്‍ക്ക് ഉചിതമായി തങ്ങളുടെ ദേശഘടനയെ സംവിധാനിച്ചിട്ടില്ല എന്നു വേണം കരുതാന്‍. ആഗോളവല്‍ക്കരണം ഇവിടെ നിലനില്‍ക്കുന്ന കാലത്തോളം ദേശ രാഷ്ട്രങ്ങള്‍ക്ക് അവരുടെ ഘടന ഏറെക്കുറെ മാറ്റിപണിയേണ്ടിവരും. ചിലര്‍ ചിലതിനെ സ്വാഗതം ചെയ്യുമ്പോള്‍ മറ്റു ചിലര്‍ ചിലതിനെ പ്രതിരോധിച്ചു കൊണ്ടിരിക്കും. ആ യുദ്ധം കോവിഡിന്റെ ചരിത്രകഥയേക്കാള്‍ അധിക കാലം നീണ്ടുനില്‍ക്കും.

വിവര്‍ത്തനം: സി. സാലിഹ് അമ്മിനിക്കാട്

  • https://time.com/5838751/globalization-coronavirus/
Top