ഇസ്‌ലാം, ഇടതുപക്ഷം, ഹിംസ: മറുവായനകൾ
മൃദുഹിന്ദുത്വം എന്നുള്ളത് യാഥാർഥ്യമാണ്. ശശി തരൂർ ഞാനിപ്പോഴും ഒരു ഹിന്ദുവാണ് എന്ന് വിളിച്ചുപറയുന്നത് എന്തുകൊണ്ടാണ്? മാധ്യമം പത്രത്തിലെന്തുകൊണ്ടാണ് രാമായണത്തിനൊരു പംക്തി തുടങ്ങുന്നത്? എല്ലാ മനുഷ്യരും രാമായണവും ഭാഗവതവും വായിച്ചാല്‍ മാത്രമേ ഇവിടെ ജീവിക്കാൻ പറ്റൂ? മുസ്‌ലിംകളെയും അവർണരായ മനുഷ്യരെയും ഒക്കെ മ്ലേച്ഛരായി കരുതുകയും പ്രഖ്യാപിക്കുകയും, അത് പലതവണ ആവർത്തിച്ച് പരാമർശിക്കുകയും ചെയ്യുന്ന ഒട്ടനവധി പുരാണ ഇതിഹാസ ഗ്രന്ഥങ്ങളുടെ യാഥാർഥ്യം പോലും പുറത്തു പറയാൻ പറ്റാത്ത വിധത്തിൽ ഇന്ത്യൻ രാഷ്ട്രീയം മാറിക്കഴിഞ്ഞ ഈ സാഹചര്യത്തെ തിരിച്ചറിയുക എന്നതാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യം. പി.കെ പോക്കർ സോളിഡാരിറ്റി പരിപാടിയിൽ നടത്തിയ പ്രഭാഷണം.
വ്യക്തിപരമായി ഞാൻ മനുഷ്യന്റെ എല്ലാ തരത്തിലുമുള്ള ഉന്മൂലനങ്ങൾക്കും എതിരാണ്. ഹിംസയെ സംബന്ധിക്കുന്ന താരതമ്യേന ദീർഘമായ രണ്ടു ലക്കം ലേഖനങ്ങൾ ഞാൻ മാധ്യമം വാരികയിൽത്തന്നെ മുന്‍പ് എഴുതിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും ഈ സന്ദർഭത്തിൽ പോകുന്നില്ല.
ഏറ്റവും ഒടുവിലായി മഹാരാജാസ് കോളേജിൽ അഭിമന്യു വധിക്കപ്പെട്ടപ്പോൾ വാസ്തവത്തിൽ മറ്റൊരു കൊലപാതകത്തിലും തോന്നാത്ത വിധത്തിൽ സങ്കടവും രോഷവും എല്ലാം ഞാൻ അനുഭവിക്കുകയുണ്ടായി. ഒരുപക്ഷേ, അതിനുമുന്‍പ് അതുപോലെ എന്നെ ദുഃഖത്തിലാക്കിയ
മറ്റൊരു സംഭവം രോഹിത് വെമുലയുടെ ആത്മഹത്യയായിരുന്നു.
ഏതു കൊലയും മനുഷ്യത്വ വിരുദ്ധമാണ്, ജനാധിപത്യ വിരുദ്ധമാണ്, സാമൂഹിക വിരുദ്ധമാണ്, അപലപിക്കേണ്ടതാണ്. ഇതൊരു അക്കാദമിക്ക് സെമിനാറിൽ പറയുകയും സ്ഥാപിക്കുകയും ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുകയില്ല. എന്നാൽ യഥാർഥമായ അനുഭവങ്ങളിൽ എല്ലാ കൊലകളും അനുഭവപ്പെടുന്നത് ഒരുപോലെ അല്ല. എന്തിന്, മരണങ്ങൾ പോലും അങ്ങനെയല്ല അനുഭവപ്പെടുന്നത്. ഓരോ ദിവസവും അമ്പതോ നൂറോ പേരുടെ മരണവാർത്ത ചരമ പേജിൽ നമ്മൾ കാണുന്നുണ്ട്. പക്ഷേ, നമ്മളെ സ്പർശിക്കുന്നത് നമ്മുടെ അയൽവാസിയുടെ മരണം, നമ്മുടെ ബന്ധുവിന്റെ മരണം, നമ്മളോട് ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിട്ടുള്ള വ്യക്തിയുടെ മരണം എല്ലാമായിരിക്കും. അല്ലാതെ ചരമക്കോളത്തിലുള്ള അമ്പതു മരണങ്ങളെയും പറ്റി ആലോചിച്ച് ആരും ഒരു ദിവസവും ദുഃഖിക്കാറില്ല, വേദനിക്കാറില്ല.
എല്ലാ മരണങ്ങളും വേദനാജനകമാണ്. പക്ഷേ നമ്മളെ വേദനിപ്പിക്കുന്ന മരണങ്ങൾ, നമ്മെ സ്പർശിക്കുന്ന മരണങ്ങൾ ചിലതുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. അങ്ങനെ സ്പർശിക്കുന്നത് ഏതു മരണമാണ് എന്നതിനു പല കാരണങ്ങൾ ഉണ്ട്. അതിന്റെയൊന്നും വിശദാംശങ്ങളിലേക്കു പോകാൻ ഈ സന്ദർഭം അനുവദിക്കാത്തതു കൊണ്ട് ഞാനതിനു മുതിരുന്നില്ല. പക്ഷേ, അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാൻ പെട്ടെന്നു തന്നെ കാഫ്കയുടെ ‘സഹോദരഹത്യ’ എന്ന, എന്നോ വായിച്ച കഥയെക്കുറിച്ചാണ് ഓർത്തു പോയത്. ഒരു കെട്ടിടത്തിൽ നിന്നു പുറത്തേക്കു നോക്കിനിൽക്കുന്ന സാധാരണ മനുഷ്യൻ. അദ്ദേഹം കൊലയുടെ എല്ലാ രംഗങ്ങളും ആ തണുത്ത രാത്രിയിൽ തെരുവിൽ കഠാരയുമായി ഒരാൾ വന്നുനിൽക്കുന്നതു മുതൽ അവസാനം കൊല നിർവ്വഹിക്കുന്നതു വരെ കണ്ടശേഷം ഈ കൊല നിർവഹിച്ച വ്യക്തിയോട് ഞാൻ എല്ലാം കണ്ടെന്നും നിങ്ങളുടെ ഈ ദൗത്യത്തിലുള്ള, ഈ ഹത്യയിലുള്ള ഒരു കാര്യവും എനിക്കു നഷ്ടമായില്ലെന്നും പറയുകയാണ്. അങ്ങനെ അദ്ദേഹത്തെ, ഈ കൊലപാതകിയെ പൊലീസ് കൂടെക്കൊണ്ടു പോകുകയാണ്. അതോടെ കഥ അവസാനിക്കുകയാണ്. യഥാർഥത്തിൽ നമ്മൾ കൊലകൾ ഇങ്ങനെ വളരെ നിസ്സംഗമായി നോക്കിക്കാണുന്ന അവസ്ഥയുണ്ട്. ഒരു കൊല നടക്കുമ്പോൾ മറ്റൊരുപാടു കൊലകളുടെ ചരിത്രം നാം മുന്നിലേക്കു വെക്കും; മറ്റൊരുപാടു സങ്കടങ്ങളുടെ പട്ടികയും മുന്നിലോട്ടു വെക്കും. അങ്ങനെ നമ്മൾ അറിയാതെ പറയുന്ന ഒരുകാര്യം, അത്തരത്തിൽ ഒരു കൊലയായി ഇതും കണ്ടാൽ മതി എന്നാണ്. വാസ്തവത്തിൽ നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ ശരികേടും ഇതുതന്നെയാണെന്നാണ് എനിക്കു തോന്നുന്നത്.
ഒരു കൊല നടക്കുമ്പോൾ, ഒരു ഹത്യ നടക്കുമ്പോൾ, ഒരു കൈയേറ്റം നടക്കുമ്പോൾ തീർച്ചയായും അതു മറ്റൊരുപാടു സംഭവങ്ങളുടെ തുടർച്ചയിൽ സംഭവിച്ചതായിരിക്കാം. പക്ഷേ ആ സംഭവങ്ങളുടെ തുടർച്ചയെ വെച്ച് ഈ കൊലയെ അറിയാതെയും അബോധമായും സാധൂകരിക്കുന്ന ദൗത്യങ്ങളിൽ നിന്നു നാം പിൻമാറുമ്പോൾ മാത്രമേ നേരത്തെ പലരും സൂചിപ്പിച്ചതു പോലെ, സത്യസന്ധമായ അഹിംസയോടുള്ള ഹിംസാത്മകതയെ ഒഴിവാക്കാനുള്ള ആഭിമുഖ്യത്തിലേക്കു നമ്മൾ കടന്നുചെല്ലൂ. അങ്ങനെയല്ലെങ്കിൽ നമ്മൾ നിർവഹിക്കുന്നത് ‘ഇത് അങ്ങനെ സംഭവിച്ചതല്ലെങ്കിൽ സംഭവിച്ചു പോയത്’ എന്ന് ഓരോ തവണയും പറഞ്ഞുകൊണ്ട് വീണ്ടും ഇത്തരത്തിലുള്ള കൊലകൾക്കു ഗ്രീൻ സിഗ്നൽ കാണിച്ചു കൊടുക്കുക എന്നതായിരിക്കും. ഈ സംഘടന ചെയ്തതു കൊണ്ടു ഞങ്ങൾ എതിർക്കുന്നുവെന്നോ ഈ സംഘമായതുകൊണ്ട് അതു യഥാർഥ ഇസ്‌ലാമാണോ അല്ലയോ എന്നതല്ല ഇവിടെ തർക്ക വിഷയമാകേണ്ടത്, മറിച്ച് ക്യാംപസിൽ വളരെ ആസൂത്രിതമായ ഒരു കൊല രാത്രിയിൽ നടക്കുന്നു എന്നതാണ്. ക്യാംപസിൽ കൊലകൾ മുന്‍പു നടന്നിട്ടുണ്ടാവാം, അക്രമങ്ങൾ നടന്നിട്ടുണ്ടാകാം. പക്ഷേ ഇന്ത്യ ഒരു പ്രത്യേക അവസ്ഥയിൽക്കൂടി കടന്നുപോകുമ്പോഴാണ് ഈ കൊല നടന്നതെന്നു നമ്മൾ ആലോചിക്കണം.
ഇന്ന് പാർലമെന്റിൽ അവിശ്വാസപ്രമേയം ചർച്ച ചെയ്യുകയാണ്. ആ അവിശ്വാസ പ്രമേയം ബി.ജെ.പിയെ താഴെയിറക്കുകയില്ല എന്ന് എനിക്കും നിങ്ങൾക്കുമറിയാം. പക്ഷേ ആ അവിശ്വാസപ്രമേയത്തിന്റെ പ്രത്യേകത ഇന്ത്യയിലെ മിക്കവാറും എല്ലാ പാർട്ടികളും എല്ലാ സംഘടനകളും എല്ലാ ജനാധിപത്യവാദികളും സംഘ്പരിവാറിനെതിരായി ഒരുമിക്കാനുള്ള സന്ദർഭങ്ങൾ കൂടുതൽ കൂടുതൽ ഉയർന്നുവരുന്നു എന്നതാണ്. അങ്ങനെ ഫാഷിസത്തിനെതിരായ ഐക്യനിര ഇന്ത്യയിലൊട്ടാകെ ഉയർന്നുവരാനുള്ള സാഹചര്യം സജ്ജമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ മനഃസാക്ഷി മരവിച്ചുപോകുന്ന ഒരു കൊല നടക്കുന്നത് ഈ കേരളത്തിലാണെന്നത്, അത് അഖിലേന്ത്യാ തലത്തിൽ വാർത്തയാവുന്നു എന്നത്, നേരത്തെ ശ്രീകുമാർ സൂചിപ്പിച്ചതു പോലെ സാമ്രാജ്യത്വവും അധിനിവേശ ശക്തികളും ഉല്പാദിപ്പിച്ചിട്ടുള്ള ഇസ്‌ലാമോഫോബിയക്ക് കുറച്ചുകൂടി ആക്കവും ഇന്ധനവും പകർന്നു നല്കുന്നു എന്നത് തീർച്ചയായും ആഴത്തിൽ ആലോചിക്കേണ്ടതും ഗൗരവമായി ചിന്തിക്കേണ്ടതും തിരുത്തപ്പെടേണ്ടതുമായ കാര്യമാണെന്നു പറയാതെ നിർവാഹമില്ല.
ഫാഷിസത്തിനെതിരായ ഐക്യനിര ഇന്ത്യയിലൊട്ടാകെ ഉയർന്നുവരാനുള്ള സാഹചര്യം സജ്ജമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ മനഃസാക്ഷി മരവിച്ചുപോകുന്ന ഒരു കൊല നടക്കുന്നത് ഈ കേരളത്തിലാണെന്നത്, അത് അഖിലേന്ത്യാ തലത്തിൽ വാർത്തയാവുന്നു എന്നത്, നേരത്തെ ശ്രീകുമാർ സൂചിപ്പിച്ചതു പോലെ സാമ്രാജ്യത്വവും അധിനിവേശ ശക്തികളും ഉല്പാദിപ്പിച്ചിട്ടുള്ള ഇസ്‌ലാമോഫോബിയക്ക് കുറച്ചുകൂടി ആക്കവും ഇന്ധനവും പകർന്നു നല്കുന്നു എന്നത് തീർച്ചയായും ആഴത്തിൽ ആലോചിക്കേണ്ടതും ഗൗരവമായി ചിന്തിക്കേണ്ടതും തിരുത്തപ്പെടേണ്ടതുമായ കാര്യമാണെന്നു പറയാതെ നിർവാഹമില്ല.
കൊല നടത്താൻ ഒരുപക്ഷേ ആർക്കും കഴിഞ്ഞേക്കാം. ആലോചിച്ചു കഴിഞ്ഞാൽ അതു വളരെ നിസ്സാരമല്ലേ? കാഫ്കയുടെ കഥയിൽ പറയുന്നതു പോലെതന്നെ കൊല എന്നത് ഒരുപക്ഷേ വളരെ നിസ്സാരമായി വളരെ എളുപ്പത്തിൽ നടത്തിയേക്കാം. പക്ഷേ, അതോടുകൂടി ഉണ്ടാവുന്ന നഷ്ടം ഒരു വ്യക്തിയുടെ, ഒരു കുടുംബത്തിന്റെ മാത്രം നഷ്ടമല്ല. അത് ഇന്ത്യ പോലുള്ള രാജ്യത്ത്, കേരളം പോലുള്ള സംസ്ഥാനത്ത്, വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ, സംവാദത്തിന്റെ ഇടങ്ങൾ സമ്പൂർണമായി ഇല്ലായ്മ ചെയ്യുന്നതിലേക്കു മാത്രമല്ല, ഈ പറയുന്ന പ്രത്യേക സാഹചര്യത്തിൽ ലോകത്താകമാനം സാമ്രാജ്യത്വവും ഇന്ത്യയിൽ ഫാഷിസ്റ്റ് ശക്തികളും നിരന്തരം ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ എന്നു നമ്മൾ പറഞ്ഞു കൊണ്ടിരിക്കുന്ന, യഥാർഥത്തിൽ നിലനിൽക്കുന്ന, മൂർത്തമായി നിലകൊള്ളുന്ന യാഥാർഥ്യത്തെ സാധൂകരിക്കും വിധത്തിൽ ഈ ഒരു ദൗത്യം മാറിയിട്ടുണ്ട് എന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും എല്ലാം കടന്നുപോകുമ്പോൾ കാണാൻ കഴിയുന്ന കാര്യമാണ്.
തീർച്ചയായും ഇത്തരത്തിലുള്ള എല്ലാ കൊലപാതകങ്ങൾക്കും വിധേയമാകുന്നത് പാവപ്പെട്ടവരും സാധാരണക്കാരുമാണെന്നത് യാഥാർഥ്യമാണ്. ഞാൻ ഇത്തരത്തിൽ ഹത്യ നടന്ന ഒരേയൊരു വീട്ടിലേക്കേ പോയിട്ടുള്ളൂ. അത് സുധീഷിന്റെ വീട്ടിലാണ്. പെരുമാറ്റം കൊണ്ടായാലും ജീവിതം കൊണ്ടായാലും വളരെ പാവപ്പെട്ട , ദലിതനായ സുധീഷ് കൊലചെയ്യപ്പെട്ടപ്പോൾ ഞാൻ വീട്ടിൽ പോകാനുള്ള കാരണം അദ്ദേഹം എസ്.എഫ്.ഐക്കാരനായതു കൊണ്ടും അദ്ദേഹത്തെ ആർ.എസ്.എസുകാർ കൊന്നതു കൊണ്ടും മാത്രമായിരുന്നില്ല. മറിച്ച് അതിനേക്കാൾ ഉപരി അദ്ദേഹം എന്റെ സഹപ്രവർത്തകനായിട്ടുള്ള മലയാളം അധ്യാപകനായ ബാലന്റെ ഭാര്യാസഹോദരനായതു കൊണ്ടായിരുന്നു. ആ വീട്ടിൽ പോയപ്പോൾ ഒരുപക്ഷേ ഇത്രചെറിയ, കുടുസ്സായ കുടിലിൽ താമസിക്കുന്നതു കൊണ്ടല്ലേ ഈ മനുഷ്യനെ ഒരു വലിയസംഘം വാളും കത്തിയും മഴുവുമായി വന്ന് അർധരാത്രിയിൽ, തൊക്കിലങ്ങാടിയിൽ വെച്ച് ,അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് ഇത്ര നിഷ്ഠൂരമായി കൊലചെയ്തതെന്നു ഞാൻ ഓർത്തുപോയി. അതുകൊണ്ട് തീർച്ചയായും കൊലപാതകങ്ങളുടെ പട്ടികകൾ നിരത്തിക്കഴിഞ്ഞാൽ അതു പല രീതിയിലുള്ള പ്രത്യാഘാതങ്ങളായിരിക്കും സമൂഹത്തിലുണ്ടാക്കുക. അതെന്നെ സ്പർശിക്കുന്നതു പലരീതിയിലാണ്. നിങ്ങളെ സ്പർശിക്കുന്നത് പല രീതിയിലാണ്. നിങ്ങൾ ഏതു ശരീരത്തിന്റെ ഭാഗമാണെങ്കിലും ആ ശരീരത്തിലേക്ക് കുത്തു വരുമ്പോൾ തീർച്ചയായും ആ ശരീരം വേദനിക്കും. അതൊരു ശാസ്ത്രീയ സത്യമാണ്. പൊളിറ്റിക്കല്‍ ബോഡിയെക്കുറിച്ചുള്ള ഒരു സിദ്ധാന്തം ഹോബ്സ് ആവിഷ്‌കരിച്ചിരുന്നു. ആ സിദ്ധാന്തത്തിന്റെ ബലമില്ലാതെ തന്നെ നമുക്കതു പറയാന്‍ കഴിയും. നമ്മൾ ഏതു ശരീരത്തിന്റെ ഭാഗമായാണോ നിലനിൽക്കുന്നത് അതനുസരിച്ചു നമ്മുടെ വേദന കൂടുകയും കുറയുകയും ചെയ്യും. നമ്മുടെ അയൽവാസി മരിച്ചു കഴിഞ്ഞാൽ നമുക്കു പെട്ടെന്നു വിഷമമാകും, പക്ഷേ ഒരു നൂറു വീടുകൾക്കപ്പുറത്ത് വേറൊരു മനുഷ്യൻ അതേ ദിവസം അന്തരിച്ചിട്ടുണ്ടാകും. പക്ഷേ അതു നമ്മളെ അത്ര സ്പർശിക്കുകയില്ല.
പറഞ്ഞുവരുന്നത് ഏറ്റവും ഒടുവിലായി, മതത്തിന്റെ പേരിൽ നടത്തിയിട്ടുള്ള ഈ കൊല തീർച്ചയായും മതത്തെയും മതവിശ്വാസികളെയും മതപ്രബോധകരെയും പ്രതിക്കൂട്ടിലാക്കുന്നതിനു സന്ദർഭം നൽകിയിട്ടുണ്ടെങ്കിൽ അതില്‍ ഏറ്റവും വലിയ ഉത്തരവാദി ഈ ദൗത്യം നടത്തിയ കാമ്പസ് ഫ്രണ്ടാണെന്നും, അവർ നടത്തിയ ഈ ഹത്യ വാസ്തവത്തിൽ കേവലം ഒരു മനുഷ്യന്റെ ഉന്മൂലനത്തിലല്ല കലാശിക്കുന്നത്, അതിനേക്കാളുപരി സാമൂഹ്യമായ വലിയ ഒരു ധ്രുവീകരണത്തിലേക്കു വഴിതുറക്കും വിധത്തിലായിട്ടുണ്ടെന്നും അതിന്റെ കാരണക്കാർ ഒരിക്കലും മറുവശത്ത് ഇതുമായി പ്രതിരോധത്തിലേർപ്പെടുന്ന സംഘടനകളോ വ്യക്തികളോ അല്ലെങ്കിൽ ഹിന്ദുത്വം ബാധിച്ച നമ്മുടെ സമൂഹമോ ആയിരിക്കില്ല.
മൃദുഹിന്ദുത്വം എന്നുള്ളത് യാഥാർഥ്യമാണ്. ശശി തരൂർ എന്തുകൊണ്ടാണ് ഞാനിപ്പോഴും ഹിന്ദുവാണ് എന്ന് പറയുന്നത്? ഞാനിപ്പോഴും ഒരു ഹിന്ദുവാണ് എന്ന് വിളിച്ചുപറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? മാധ്യമം പത്രത്തിലെന്തു കൊണ്ടാണ് രാമായണത്തിനൊരു പംക്തി തുടങ്ങുന്നത്? എല്ലാ മനുഷ്യരും രാമായണവും ഭാഗവതവും വായിച്ചാല്‍ മാത്രമേ ഇവിടെ ജീവിക്കാൻ പറ്റൂ? വാസ്തവത്തിൽ അങ്ങനെയുണ്ടോ? മുസ്‌ലിംകളെയും അവർണരായ മനുഷ്യരെയും ഒക്കെ മ്ലേച്ഛരായി കരുതുകയും പ്രഖ്യാപിക്കുകയും, അത് പലതവണ ആവർത്തിച്ച് പരാമർശിക്കുകയും ചെയ്യുന്ന ഒട്ടനവധി പുരാണ ഇതിഹാസ ഗ്രന്ഥങ്ങളുടെ യാഥാർഥ്യം പോലും പുറത്തു പറയാൻ പറ്റാത്ത വിധത്തിൽ ഇന്ത്യൻ രാഷ്ട്രീയം മാറിക്കഴിഞ്ഞ ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ സാഹചര്യത്തെ തിരിച്ചറിയുക എന്നതാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യം. ഈ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ എത്രമാത്രം നമ്മുടെ സാമുദായിക സംഘടനകൾ, മതപ്രസ്ഥാനങ്ങൾ, മറ്റു പ്രസ്ഥാനങ്ങൾ വിജയിക്കുന്നുണ്ട് എന്ന് തീർച്ചയായും സ്വയം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ട്.
മുസ്‌ലിംകളെയും അവർണരായ മനുഷ്യരെയും ഒക്കെ മ്ലേച്ഛരായി കരുതുകയും പ്രഖ്യാപിക്കുകയും, അത് പലതവണ ആവർത്തിച്ച് പരാമർശിക്കുകയും ചെയ്യുന്ന ഒട്ടനവധി പുരാണ ഇതിഹാസ ഗ്രന്ഥങ്ങളുടെ യാഥാർഥ്യം പോലും പുറത്തു പറയാൻ പറ്റാത്ത വിധത്തിൽ ഇന്ത്യൻ രാഷ്ട്രീയം മാറിക്കഴിഞ്ഞ ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ സാഹചര്യത്തെ തിരിച്ചറിയുക എന്നതാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യം. ഈ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ എത്രമാത്രം നമ്മുടെ സാമുദായിക സംഘടനകൾ, മതപ്രസ്ഥാനങ്ങൾ, മറ്റു പ്രസ്ഥാനങ്ങൾ വിജയിക്കുന്നുണ്ട് എന്ന് തീർച്ചയായും സ്വയം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ മുസ്‌ലിംകളെ കുറിച്ച് പറയുമ്പോൾ ഞാനോർക്കുന്നത്, അഞ്ചാം വാള്യത്തിലോ ആറാം വാള്യത്തിലോ എന്ന് കൃത്യമായി അറിയില്ല, അസ്പൃശ്യതയെ കുറിച്ച് അംബേഡ്കര്‍ പറഞ്ഞ ഒരു കഥയാണ്. അതുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരുപാട് സംഭവകഥകള്‍ പറയുന്നുണ്ട്. ഗാന്ധിജിയുടെ യംഗ് ഇന്ത്യയിൽ വന്നിട്ടുള്ള ഒരു കഥയാണ് അതിൽ ആദ്യം പറയുന്നത്. ഒരമ്മയും മകളും ചികിത്സ കിട്ടാതെ മരിച്ച് പോകുന്നതാണ് ആ കഥ. ഇന്നും ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. ആ അമ്മയും മകളും ദലിത് കുടുംബത്തിൽ ജനിച്ചു വളർന്ന ആളുകളായതുകൊണ്ട് അവരെ ചികിത്സിക്കാൻ വേണ്ടി ആ കുട്ടിയുടെ അച്ഛനും ആ സ്ത്രീയുടെ ഭർത്താവുമായ വ്യക്തി ഒരു ഡോക്ടറെ സമീപിച്ച് അഭ്യർത്ഥിച്ചപ്പോൾ ഹരിജനായതു കൊണ്ട് അദ്ദേഹം ചികിത്സിക്കാൻ തയ്യാറായില്ല. പിന്നെ അന്നത്തെ വലിയ ഫീസ് നല്കി മറ്റൊരു ഡോക്ടറെ കൊണ്ടുവന്നെങ്കിലും വീടിനകത്ത് കയറി ഞാൻ രോഗിയെ നോക്കില്ലെന്നും രോഗിയും പുറത്ത് കൊണ്ടു വരണം എന്നുമായിരുന്നു പ്രസ്തുത ഡോക്ടറുടെ നിലപാട്. അങ്ങനെ രോഗിയെ പുറത്ത് കൊണ്ടുവന്നപ്പോള്‍ സവർണ്ണനായ ഡോക്ടർ അദ്ദേഹത്തിന്റെ കൈയ്യിലുള്ള തെർമോമീറ്റർ അവിടെയുണ്ടായിരുന്ന ഒരു മുസ്‌ലിമിന്റെ കൈയ്യിൽ കൊടുക്കുകയും ആ മുസ്‌ലിം തെർമോമീറ്റർ ഹരിജന്റെ കൈയ്യിൽ കൊടുക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെ ഹരിജനായിട്ടുള്ള ഈ ഭർത്താവ് അത് ഭാര്യക്ക് കൊടുക്കുകയും അത് വായിൽവെച്ച് പനി നോക്കി അതേപടി തന്നെ ആ മുസ്‌ലിമിന്റെ കൈയ്യിൽ തന്നെ തിരിച്ച് കൊടുത്ത് ആ മുസ്‌ലിം സവർണന് തിരിച്ചു കൊടുക്കുകയും ചെയ്യുന്ന കഥ അംബേഡ്കര്‍ അസ്പൃശ്യതയെ സംബന്ധിച്ച തന്‍റെ ദീർഘമായ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
അവിടെ ഈ മുസ്‌ലിമിന്റെ സ്ഥാനമെന്താണ്? അത് പറയാൻ വേണ്ടിയാണ് ഞാൻ ഈ കഥ സൂചിപ്പിച്ചത്. ഈ അസ്പൃശ്യതക്കും സ്പൃശ്യതക്കും നടുവിൽ ഇവിടത്തെ മാന്യതക്കും മ്ലേച്ഛതക്കും നടുവിൽ ഇവിടത്തെ ഉത്തമ സംസ്‌കാരമെന്ന് സവർണത കല്പിച്ച സംസ്‌കാരത്തിനും അധമമെന്ന് അവർ തന്നെ കല്പിച്ച ഇവിടുത്തെ കീഴാളരായ ചളിപുരണ്ട അധ്വാനിക്കുന്ന പാവപ്പെട്ടവരായ, മുഴുവൻ മനുഷ്യരെയും തീറ്റിപ്പോറ്റുന്ന അവർണരായ മനുഷ്യർക്കും ഇടയിൽ തെർമോമീറ്റർ പിടിച്ച് നില്‍ക്കുന്ന മുസ്‌ലിമിനെയാണ് അവിടെ അംബേഡ്കര്‍ വിശദീകരിക്കുന്നത്. തീർച്ചയായും അങ്ങനെ തെർമോമീറ്റർ പിടിക്കാൻ കഴിയുന്ന, വരും കാലത്ത് വളരെ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രതിബദ്ധതയോട് കൂടി ഒരു ജീവിതദർശനം എന്ന നിലയിൽ അഹിംസയെ ഏറ്റെടുക്കാൻ കഴിയുന്ന ഒരു സമുദായമായി മാറാൻ മുസ്‌ലിം സമുദായത്തിനു കഴിയട്ടെ.
നേരത്തെ ഇവിടെ സൂചിപ്പിച്ചത് വലിയൊരു കാര്യമാണ്. അതുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങൾ പറയേണ്ടതുണ്ട്. വാസ്തവത്തിൽ കോങ്ങോട്ട് നാരായണൻ നായരെ അതിക്രൂരമായി കൊലചെയ്തപ്പോൾ രാവിലെ മാതൃഭൂമി പത്രം വായിച്ച് സന്തോഷിച്ചയാളാണു ഞാൻ. ഞാനന്ന് വിദ്യാർഥിയാണ്. കാരണം വളരെ ക്രൂരനായ ജന്മിയെയാണ് വധിച്ചത് എന്നത് പെട്ടെന്നൊരു സന്തോഷമാണ്. ഹിംസയിലെ ഒരു വൈരുദ്ധ്യത്തെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. പക്ഷേ അതേസമയം ഇന്ന് തിരിച്ച് ആലോചിക്കുമ്പോൾ യഥാർഥത്തിൽ അത്തരത്തിലുള്ള ഏതെങ്കിലും ഒരു ഹത്യകൊണ്ട് നമ്മുടെ രാഷ്ട്രീയപ്രശ്‌നത്തെയും സാമൂഹ്യപ്രശ്‌നത്തെയും പരിഹരിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷമല്ല ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത്. അത്തരത്തിലുള്ള ഏത് ഹത്യയും ഭരണകൂടത്തെ കൂടുതൽ കൂടുതൽ ശക്തമാക്കാനും കൂടുതൽ ഹിംസാത്മകമാക്കാനും കൂടുതൽ കൂടുതൽ അക്രമപരമായ അവസ്ഥയിലേക്ക് നയിക്കാനും മാത്രമാണ് സഹായിക്കുക.
Original Link : https://bit.ly/2OJysgt
കേട്ടെഴുതിയത്: ഹാബീൽ എൻ.കെ
‘ഹിംസയുടെ രാഷ്ട്രീയത്തോട് ഇസ്‌ലാം പ്രതികരിക്കുന്നു’ എന്ന തലകെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് തിരൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രഭാഷണം.