ഹിന്ദുത്വ ഭീകരാക്രമണങ്ങൾ: അട്ടിമറിക്കപ്പെടുന്ന അന്വേഷണവും വിചാരണയും
പൊട്ടിയ ഉടനെ ഇന്ത്യന്‍ മുജാഹിദീനും ലശ്കറെ ത്വയിബയും ഏറ്റെടുത്ത പല ബോംബ് സ്‌ഫോടന കേസുകളുടെയും അന്വേഷണം അവസാനം ചെന്നെത്തുന്നത് ഹിന്ദുത്വ ഭീകരവാദികളിലേക്കായിരിക്കുമെന്നതിന് ഉദാഹരണങ്ങള്‍ അനവധിയാണ്. ഇത്തരത്തില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളുടെ പേരില്‍ അന്യായമായി അറസ്റ്റു ചെയ്യപ്പെട്ട്, ജാമ്യം നിഷേധിക്കപ്പെട്ട്, വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന് അവസാനം തെളിവില്ലെന്ന കാരണത്താല്‍ കോടതി വെറുതെവിടുന്നവരില്‍ അധികവും മുസ്‌ലിം ചെറുപ്പക്കാരാണ് എന്നത് അനിഷേധ്യമായ വസ്തുതയാണ്. ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്നതിനുപരി, കുറ്റവാളികളെന്ന് തെളിയിക്കപ്പെടുന്ന, പരസ്യമായി കുറ്റസമ്മതം വരെ നടത്തിയ ഹിന്ദുത്വ ഭീകരവാദികള്‍ ശിക്ഷിക്കപ്പെടാതെ കുറ്റവിമുക്തരാക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഇന്ത്യയിലുള്ളത്. എ റശീദുദ്ദീന്‍ എഴുതുന്നു.
ഭീകരാക്രമണ കേസുകളിലെ പ്രതികള്‍ രണ്ടു വിധേനയാണു ജയിലുകളില്‍ നിന്നു പുറത്തെത്താറുളളത്. അതിലൊന്ന് വിചാരണ എന്ന പ്രക്രിയുടെ ദയാരഹിതമായ പതിറ്റാണ്ടുകളെ ജയിലറകളില്‍ നരകതുല്യമായി ജീവിച്ചു തീര്‍ത്ത്; ദീര്‍ഘകാലം കോടതിയുടെ തിണ്ണ നിരങ്ങി, കേസിലെ ഓരോ സൂക്ഷ്മമായ വിശദാംശങ്ങളുടെയും മറുവശം ഹാജരാക്കി, എല്ലാറ്റിനുമൊടുവില്‍ നിരപരാധിത്വം തെളിയിച്ചു കോടതിക്കു പുറത്തിറങ്ങുന്നവര്‍. ഗുല്‍ബര്‍ഗയിലെ നിസാറുദ്ദീന്‍ അഹ്മദിനെ പോലെ 23 വര്‍ഷം അങ്ങനെ ജയിലുകളില്‍ കഴിഞ്ഞ് ഒരു ഡസനോളം കേസുകളില്‍ നിരപരാധിത്വം തെളിയിച്ചവര്‍ പോലും രാജ്യത്തുണ്ട്. ഭീകരത എന്ന ദുരന്തത്തെ നേരിടാന്‍ സാധ്യമായ മുഴുവന്‍ തീവ്രതയോടെയും ഭരണകൂടം അവര്‍ക്കെതിരെ കേസു നടത്തുന്നുണ്ടാകും. ദയയുടെ കണിക പോലും ഈ കുറ്റാരോപിതരോടു തോന്നാതിരിക്കാന്‍ ആ ഭീകരാക്രമണമുണ്ടാക്കിയ ദുരന്തത്തെ സമൂഹ മനസ്സാക്ഷിയില്‍ ശതഗുണീഭവിപ്പിക്കുന്ന വ്യാജ വാര്‍ത്തകളുമായി മാധ്യമങ്ങള്‍ ഇവരുടെ പുറകെയുണ്ടാകും. സാക്ഷികളും തെളിവുകളുമൊക്കെ തരാതരം പോലെ അന്വേഷണ സംഘങ്ങള്‍ ഹാജരാക്കുന്നുണ്ടാകും.
എന്നിട്ടും കേസില്‍ നിരപരാധികളായി വിധിക്കപ്പെട്ടു ചിലര്‍ക്കു പുറത്തു വരാനാകുന്നുണ്ടെങ്കില്‍ അത്ര കണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങളായിരുന്നു ഈ കേസുകള്‍ എന്നു കൂടിയാണ് അര്‍ഥമാകുന്നത്. മറുഭാഗത്ത് കേസിലെ വസ്തുതകള്‍ കോടതിക്കു മുൻപില്‍ ശരിയാംവിധം വിചാരണക്ക് എത്തിക്കാതെയും കേസെടുത്തതിലെ വകുപ്പുകളെച്ചൊല്ലിയുള്ള സാങ്കേതികത്വങ്ങളില്‍ പിടിച്ചു തൂങ്ങിയും സാക്ഷികളെ വേണ്ടുംവണ്ണം വിസ്തരിക്കാതെയും അപൂര്‍വം കേസുകളില്‍ നിര്‍ണായകമായ സാക്ഷികളെ ഇല്ലാതാക്കിയുമൊക്കെ ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പ്രതിക്കൂട്ടില്‍ നിന്നു് ഇറങ്ങിപ്പോകുന്ന ഭീകരാക്രമണകാരികളും ഏറെയുണ്ട്. അവരുടെ കേസുകളില്‍ ഭരണകൂടം പിന്നീടൊരിക്കലും മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കുന്നതും കാണാനാവില്ല. ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലശ്കറെ ത്വയ്ബ പോലുള്ള സംഘടനകളില്‍പ്പെട്ടവര്‍ പ്രതികളായ കേസില്‍ മാത്രം കാര്യക്ഷമമായ വിചാരണയും സംഘ്പരിവാര്‍ ബന്ധമുള്ള സംഘടനകളില്‍പ്പെട്ടവരുടെ കേസുകളില്‍ മൃദുസമീപനവുമാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം.
സാധാരണക്കാരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ഭീകരാക്രമണ കേസുകളിലെ എല്ലാ പ്രതികളെയും, ഹിന്ദുവെന്നോ മുസ്‌ലിമെന്നോ നോക്കാതെ കോടതികള്‍ ഒന്നിനു പുറകെ മറ്റൊന്നായി വിട്ടയക്കുന്നതായാണ് അനുഭവപ്പെടുക. വല്ലപ്പോഴുമൊരു കസബിനെയോ അഫ്‌സല്‍ ഗുരുവിനെയോ തൂക്കിക്കൊന്നിട്ടുണ്ടെങ്കിലും വിട്ടയക്കപ്പെട്ടവരുടെ പട്ടികയുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രസ്താവയോഗ്യമേ അല്ലാത്ത വിധം തുഛമായിരുന്നു ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം. എന്നാല്‍ വിഷയത്തിന്റെ ബാഹ്യമായ വിലയിരുത്തലാണത്.
ഈ കേസുകളിലെ നിയമവാഴ്ച എങ്ങനെയായിരുന്നുവെന്നു സാധാരണക്കാരന്‍ ഒരിക്കലും അറിയാറില്ല. ഹിന്ദുത്വ ഭീകരാക്രമണ കേസുകള്‍ കോണ്‍ഗ്രസ് കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന ആരോപണമുന്നയിച്ച് ഒരു കൂസലുമില്ലാതെയാണു പുതിയ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുത്വ ഭീകരാക്രമണ കേസുകളിലെ പ്രതികളെ രക്ഷിച്ചെടുക്കുന്നത്. ബി.ജെ.പി കാലത്തേതു മുസ്‌ലിം വിരുദ്ധ ഭീകരതയും കോണ്‍ഗ്രസിന്‍േറതു ഹിന്ദു വിരുദ്ധ ഭീകരതയുമെന്നുമുള്ള അപകടകരമായ പ്രചാരണവും താഴെത്തട്ടില്‍ നടക്കുന്നുണ്ടായിരുന്നു. ഏതായാലും കോടതിക്കകത്ത് രണ്ടുതരം വിചാരണകള്‍ നടക്കുന്നു എന്നതു തന്നെയാണു വസ്തുത. മുംബൈ മക്കോക്ക കോടതിയിലെ പബ്‌ളിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയന്‍, ഹിന്ദുത്വ ഭീകരവാദ കേസുകളില്‍ ഇരട്ടത്താപ്പു നടക്കുന്നുണ്ടെന്നു് പരസ്യമായി കുറ്റപ്പെടുത്തിയവരില്‍ ഒരാളാണ്. മാലേഗാംവ് ഹാമിദിയ്യ മസ്ജിദ് സ്‌ഫോടന കേസിലെ പ്രതികളായ കേണല്‍ പുരോഹിത്, സ്വാധ്വി പ്രഗ്യാ സിങ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകരുതെന്ന് ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യിലെ ഉദ്യോഗസ്ഥനായ സുഹാസ് വര്‍ക്കെ ആവശ്യപ്പെട്ടു എന്നായിരുന്നു രോഹിണി വെളിപ്പെടുത്തിയത്. ഭീകരത ഒരു സുരക്ഷാ പ്രശ്‌നമല്ലെന്നും മറിച്ച് ഒരു രാഷ്ട്രീയ വിഷയമാണെന്നുമുള്ള ദുസ്സൂചനയായിരുന്നു അത്.
എന്തടിസ്ഥാനത്തിലാണ് ഒരു കുറ്റാന്വേഷണ ഏജന്‍സിയുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ കേസ് മയപ്പെടുത്താന്‍ ആവശ്യപ്പെടേണ്ടിയിരുന്നത്? നിലവിലുള്ള പ്രതികളല്ല യഥാര്‍ഥ കുറ്റവാളികളെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെടുമ്പോഴായിരിക്കണമല്ലോ. മാലേഗാംവില്‍ ആദ്യം അറസ്റ്റ് ചെയ്ത ‘പാകിസ്ഥാന്‍ ബന്ധമുള്ള, ‘സിമി പ്രവര്‍ത്തകര’ല്ല, അഭിനവ് ഭാരത് എന്ന സംഘടനയാണു യഥാര്‍ഥത്തില്‍ കുറ്റവാളികളെന്ന് എന്‍.ഐ.എ തന്നെയാണു കണ്ടെത്തിയത്. കേന്ദ്രത്തില്‍ സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഇതേ എന്‍.ഐ.എ തന്നെ കേസ് ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് രോഹിണി ഉന്നയിച്ച ആരോപണത്തില്‍ നിന്നു് അനുക്തസിദ്ധമാകുന്നത്. പുതിയ ഏതെങ്കിലും സംഘങ്ങളിലേക്കോ പ്രതികളിലേക്കോ കേസന്വേഷണം ഇപ്പോഴും വഴിതിരിഞ്ഞു പോയിട്ടില്ലെന്നും, ഉള്ള പ്രതികളുടെ കേസ് ദുര്‍ബലമാക്കാനാണ് ഈ നീക്കങ്ങളെന്നും ശ്രദ്ധിക്കുക.
അങ്ങനെയൊരു പശ്ചാത്തലമാണു സ്‌ഫോടനത്തിനു പിന്നിലെങ്കില്‍ ഈ കേസ് സിമിയില്‍ നിന്നു് ഏറിയാല്‍ ലശ്കറിലേക്കോ ഇന്ത്യന്‍ മുജാഹിദ്ദീനിലേക്കോ മാറും എന്നല്ലാതെ അഭിനവ് ഭാരതിലേക്കും ആര്‍.എസ്.എസ് നേതാക്കളിലേക്കുമൊന്നും ചെന്നെത്തുമായിരുന്നില്ല. പക്ഷേ സംഭവിച്ചതു മറിച്ചാണ്. എങ്ങനെയാണതു സംഭവിച്ചത്? മുസ്‌ലിംകള്‍ പ്രതികളായ ഒരു ഭീകരാക്രമണ കേസ് ദേശസ്‌നേഹികളെന്നു പൊതുവെ അംഗീകരിക്കപ്പെട്ട ആശയധാരയുടെ അനുയായികളാണു നടത്തിയതെന്നു പോലിസിനു സമ്മതിക്കേണ്ടി വന്ന ആ സാഹചര്യം വിചിത്രമല്ലേ? പോലിസിന് ഒരു നിലക്കും നിഷേധിക്കാനാവാത്ത ശാസ്ത്രീയ തെളിവുകള്‍ പുറത്തു വന്നതായിരുന്നു മുസ്‌ലിംകളെ വിട്ട് കേസ് യഥാര്‍ഥ പ്രതികളിലേക്കു തിരിയാനുണ്ടായ കാരണം. സ്‌ഫോടനത്തിനുപയോഗിച്ച ബൈക്ക് സ്വാധ്വി പ്രഗ്യാ സിങ്ങിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നുവെന്നു പോലിസ് എന്നോ കണ്ടെത്തിയിരുന്നു. എന്നിട്ടും ജനപ്രിയ സിദ്ധാന്തമായി ഇതിനകം മാറ്റിയെടുത്തു കഴിഞ്ഞിരുന്ന ഇസ്‌ലാമിക ഭീകരതയുടെ തലയില്‍ കെട്ടിവെച്ച് പോലിസും രാഷ്ട്രീയ നേതാക്കളും അവരുടെ അജണ്ടകള്‍ നടപ്പാക്കാനാണു നോക്കിയത്. ഭീകരതയുടെ കൃത്യമായ രാഷ്ട്രീയം തന്നെയായിരുന്നു ഇത്.
ഉദാഹരണത്തിന് മക്കാ മസ്ജിദ് സ്‌ഫോടന കേസ് എടുക്കുക. ഈ സംഭവത്തില്‍ പാകിസ്ഥാനുമായി ബന്ധമുള്ള ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്‌ലാമിയുടെ പേരില്‍ 21 മുസ്‌ലിം യുവാക്കളെയാണു പോലിസ് പ്രതിചേര്‍ത്തത്. ഇവരുടെ നേതാവാണെന്ന് അവകാശപ്പെട്ട് ബിലാല്‍ എന്ന ചെറുപ്പക്കാരനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയുമുണ്ടായി. (ഈ ബിലാലിനെതിരെ പോലിസ് പറഞ്ഞ വാദങ്ങള്‍ പിന്നീട് 2009ല്‍ കോടതി തള്ളിയിരുന്നു) അനിഷേധ്യമായ തെളിവുകള്‍ പുറത്തു വന്നതോടെ കേസ് ഹിന്ദുത്വ ബോംബ് സ്‌ക്വാഡുകളിലേക്കു തന്നെ എത്തിപ്പെട്ടു. 2009ല്‍ സി.ബി.ഐ നടത്തിയ അന്വേഷണമാണ് ആര്‍.എസ്.എസ് പ്രചാരകുമാരായ ദേവേന്ദര്‍ ഗുപ്ത, സുനില്‍ ജോഷി, റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ലോകേഷ് ശര്‍മ്മ എന്നിവരാണു മക്കാ മസ്ജിദ് സംഭവത്തിലെ യഥാര്‍ഥ ഗൂഡാലോചനക്കാരെന്നു കണ്ടെത്തിയത്.
എന്‍.ഐ.എയുടെ തലപ്പത്ത് നിലവിലുള്ള വൈ.സി മോദി ഗുജറാത്തില്‍ ഉദ്യോഗസ്ഥനായിരിക്കവെ ‘നീതി നിഷേധത്തിലേക്കു നയിക്കുന്ന കഴിവില്ലായ്മ’യെച്ചൊല്ലി ഹരിണ്‍ പാണ്ട്യ വധക്കേസില്‍ കോടതിയുടെ ശകാരം ഏറ്റുവാങ്ങിയ ആളാണെന്നു കൂടി ഓര്‍ക്കുക. നരേന്ദ്ര മോദിയുടെ ഈ അടുപ്പക്കാരന്റെ കാലത്ത് ഹിന്ദുത്വ ഭീകരാക്രമണ കേസുകള്‍ നിത്യേനയെന്നോണമാണു കോടതികളില്‍ വഴിതെറ്റിപ്പോയത്. മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ അസീമാനന്ദയെ വെറുതെ വിട്ടപ്പോള്‍ പിന്നെ ഇതാരാണു നടത്തിയതെന്ന ചോദ്യം ബാക്കിയാകുന്നില്ലേ? യഥാര്‍ഥ ലോകത്ത് ആരോ ചിലര്‍ ബോംബ് സ്‌ഫോടനം നടത്തുന്നുണ്ടായിരുന്നല്ലോ. ആരാണെന്നു കണ്ടെത്തിയതില്‍ പോലിസിനു തെറ്റുപറ്റിയെങ്കില്‍ ഇനിയും ഈ കേസുകളില്‍ ശരിയായ അന്വേഷണം നടക്കുകയല്ലേ വേണ്ടത്?