ബീമാപള്ളി പോലീസ് വെടിവെപ്പിന് ഒമ്പതാണ്ട്: തീരദേശത്തെ ഹിംസയുടെ ദൈനംദിന രാഷ്ട്രീയം
എന്തുകൊണ്ടാണ് കടലോരഗ്രാമങ്ങളില്‍ സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷം നിലനില്‍ക്കുന്നത്? ഇവിടെയുണ്ടാവുന്ന ചെറിയ സംഘര്‍ഷങ്ങള്‍ എങ്ങനെയാണ് വലിയ കലാപങ്ങളായി മാറുന്നത്? തീരദേശങ്ങളിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ സവിശേഷമായ രാഷ്ട്രീയത്തെ ബോധപൂര്‍വ്വം മറച്ചുവെക്കുന്നതാണ് സിനിമയടക്കമുള്ള മാധ്യമങ്ങളിലൂടെ നിര്‍മ്മിക്കപ്പെടുകയും നിരന്തരം പ്രസരിപ്പിക്കപ്പെടുകയും ചെയ്യുന്ന നിഷ്‌കളങ്കമെന്ന് തോന്നിപ്പിക്കുന്ന അത്യന്തം അപകടകരമായ വംശീയ വിശദീകരണങ്ങള്‍. സലാഹ് പുനത്തില്‍ എഴുതുന്നു.
കേരളത്തിന്റെ തീരപ്രദേശങ്ങള്‍ പൊതുവെ മതസമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും കലഹങ്ങളുടെയും സജീവമായ ഇടനിലങ്ങളാണെന്ന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പല കടലോര ഗ്രാമങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. കോഴിക്കോട്, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പലപ്പോഴായി പരസ്പരം സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി കാണാമെങ്കിലും ഏറ്റവും കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവാറുള്ളത് തിരുവനന്തപുരത്തെ കടലോരങ്ങളിലാണ്. ഇവിടുത്തെ കടലോരഗ്രാമങ്ങളായ വിഴിഞ്ഞം, പൂവാര്‍, ചെറിയതുറ, ബീമാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ മുസ്‌ലിം-ക്രിസ്ത്യന്‍ സംഘര്‍ഷങ്ങള്‍ക്ക് നീണ്ട ചരിത്രവും ആവര്‍ത്തന സ്വഭാവവുമുള്ളതായി കാണാം. കൊളോണിയല്‍ കാലഘട്ടത്തില്‍ 1907ലും 1939ലും ഇവിടെ കലാപങ്ങള്‍ ഉണ്ടായതിന്റെ തെളിവുകളുണ്ട്.
സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1951ല്‍ തുടങ്ങി 2009ലെ ബീമാപ്പള്ളി വെടിവെപ്പ് വരെയെത്തിനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ നിരവധി കാരണങ്ങള്‍ ഈ പ്രദേശങ്ങളുമായി ബന്ധപ്പെട്ടു ലഭ്യമാണ്. എന്തുകൊണ്ടാണു കേരളത്തിന്റെ മറ്റു തീരദേശങ്ങളെ അപേക്ഷിച്ച് തീരപ്രദേശങ്ങളില്‍ പൊതുവിലും തിരുവനന്തപുരത്തെ കടലോരഗ്രാമങ്ങളില്‍ വിശേഷിച്ചും ഇത്തരത്തില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലനില്‍ക്കുന്നത്? ഇവിടെയുണ്ടാവുന്ന ചെറിയ സംഘര്‍ഷങ്ങള്‍, പൊടുന്നനെ അക്രമങ്ങള്‍ക്കും വലിയ കലാപങ്ങള്‍ക്കും വഴിമാറുന്നത് എപ്പോഴാണ്? ഗൗരവമേറിയ ഈ ചോദ്യങ്ങള്‍ തീരദേശവാസികളുടെ ദൈനംദിന ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളിലേക്കും കേരളത്തിന്റെ വിശാലമായ സാമൂഹിക ഘടനയോട് ഇതിനുള്ള പൊരുത്തക്കേടുകളിലേക്കുമുള്ള അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള പഠനശ്രമത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ കടലോര ഗ്രാമങ്ങളില്‍ നടത്തിയ എത്തനോഗ്രഫിക് പഠനത്തിന്റെ ഭാഗമാണ് ഈ ലേഖനം.
കടലോരങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊതുവെ അക്രമങ്ങളായി മാറുന്നതിന്, സിനിമയടക്കമുള്ള മാധ്യമങ്ങളിലൂടെ നിര്‍മിക്കപ്പെട്ട പൊതുബോധത്തില്‍ നിന്നുകൊണ്ടു നല്‍കുന്ന വിശദീകരണമാണ് ‘ഇത് അജ്ഞരും അക്രമാസക്തരുമായ കടപ്പുറത്തുകാരുടെ പ്രതികരണ രീതി ആണെ’ന്നത്. കേരളത്തിന്റെ ജനാധിപത്യ സംവിധാനങ്ങളുമായോ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളുമായോ ഇതിനു യാതൊരു ബന്ധവുമില്ലെന്നും ഒരേ സംഭവങ്ങള്‍ക്കു ശേഷവും മുഖ്യധാരാ മലയാളി സമൂഹം ആവര്‍ത്തിച്ചു വിലയിരുത്തിക്കൊണ്ടേയിരിക്കാന്‍ ഇടതുപക്ഷ ചിന്തകര്‍ സമീപകാലങ്ങളിലായി ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്; വിശേഷിച്ചും മാറാട് കലാപത്തിനു ശേഷം.
‘തീരദേശങ്ങളില്‍ എന്തുകൊണ്ടു കലാപങ്ങള്‍?’ എന്ന ചോദ്യത്തിനുത്തരം കണ്ടെത്തണമെങ്കില്‍ ഇവിടെയുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ സവിശേഷമായ രാഷ്ട്രീയം ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. കടലോര ഗ്രാമങ്ങളെ മുഖ്യധാരയില്‍ നിന്നു വ്യത്യസ്തമായ ദേശം എന്ന നിലയിലും വ്യത്യസ്ത സാമുദായിക ഘടനയില്‍ ജീവിക്കുന്ന ജനവിഭാഗം എന്ന നിലയിലും നോക്കിക്കാണേണ്ടത് അനിവാര്യമാണ്. ദൈനംദിന ജീവിതത്തിന്റെ വ്യത്യസ്തമായ തലങ്ങളിലൂടെ കടന്നുചെന്ന് സംഘര്‍ഷങ്ങളെ ആഴത്തില്‍ വിലയിരുത്തുമ്പോള്‍, ബൃഹത് ആഖ്യാനങ്ങള്‍ക്കു വിരുദ്ധമായി കലാപങ്ങളുടെ സൂക്ഷ്മമായ തലങ്ങളെ അനാവരണം ചെയ്യാന്‍ സാധിക്കും.
കേരളത്തിന്റെ തീരദേശങ്ങള്‍, പ്രത്യേകിച്ച് തിരുവനന്തപുരത്തെ കടലോര ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാല്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഇവിടുത്തെ ഭൂമിശാസ്ത്രപരമായ ഇടത്തിന്റെ (Geographical Space) സവിശേഷതകളാണ്. സംഘര്‍ഷങ്ങളുണ്ടാവുന്ന മിക്ക കടലോര പ്രദേശങ്ങളും വാസസ്ഥലത്തിന്റെ സവിശേഷതകള്‍ കൊണ്ടുതന്നെ കേരളത്തിന്റെ പൊതു ഇടങ്ങളുടെ പുറത്തുനില്‍ക്കുന്നവയാണ്. കടലിനു പുറത്താണെങ്കിലും കരക്കപ്പുറത്തുള്ള ഭൂപ്രദേശങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ഇടങ്ങളില്‍ ഇവര്‍ക്കു സ്ഥാനമില്ല. കടലിനും കരക്കുമിടയിലെ അനിശ്ചിതത്വത്തിന്റെ സ്വത്വം പേറുന്ന ഇവര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. കടലിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന കോളനികളില്‍, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത, ഒന്നൊന്നായി അടുക്കിവെച്ച കൂരകളില്‍ എട്ടും പത്തും പേര്‍ തിങ്ങിത്താമസിക്കുന്നത് മിക്ക സ്ഥലങ്ങളിലെയും കാഴ്ച്ചയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നഗരചേരികളില്‍ അരികുവല്‍ക്കരണത്തിന്റെ ഇരകളായി ജീവിക്കുന്ന അധഃസ്ഥിത വിഭാഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് പല സ്ഥലങ്ങളിലെയും ആളുകളുടെ ജീവിതം.
തീരദേശ ജനതയുടെ പ്രശ്‌നങ്ങള്‍ ഇവര്‍ ജീവിക്കുന്ന ഭൂമിശാസ്ത്രപരമായ ഇടവുമായി മാത്രം ബന്ധപ്പെടുത്തി കണ്ടാല്‍ മതിയാവില്ല. ഭൂമിശാസ്ത്രപരമായ ഇടത്തേക്കാള്‍ നിര്‍ണായകമായ, എന്നാല്‍ ഇതില്‍ നിന്നു വേര്‍പ്പെടുത്തി കാണാന്‍ പറ്റാത്ത സാമൂഹിക ഇടം (Social Space) എന്ന ഒന്നുണ്ട്. ഒരു ദേശത്തുള്ള വിവിധ വിഭാഗങ്ങളുടെ സാമൂഹിക ഇടം രൂപപ്പെടുന്നതില്‍ സാമ്പത്തിക മൂലധനം (Economic Capital), സാംസ്‌കാരിക മൂലധനം (Cultural Capital) എന്നീ രണ്ടു ഘടകങ്ങളാണു പ്രധാനമെന്ന് പ്രശസ്ത ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ പിയറേ ബോര്‍ദ്യൂ പറയുന്നുണ്ട്. പാളികളാക്കപ്പെട്ട, ഘടനാ സ്വഭാവമുള്ള സമൂഹത്തില്‍ ഈ രണ്ടു ഘടകങ്ങളനുസരിച്ച് വ്യക്തികളുടെയും കൂട്ടങ്ങളുടെയും സ്ഥാനം പ്രത്യേക അധികാര ശ്രേണിയില്‍ നിര്‍ണയിക്കപ്പെടുകയും അത് അവരുടെ ദൈനംദിന ഇടപെടലുകളെയും പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുകയും അതുവഴി പൊതുവായ ഒരു ജീവിതരീതി (Habitus) രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്ന വിഭാഗം കടുത്ത വിവേചനത്തിന്റെ ഇരകളായിരിക്കുമെന്നത് ഇത്തരത്തിലുള്ള സമൂഹങ്ങളുടെ പ്രത്യേകതയാണ്.
ഓരോ കടലോരഗ്രാമവും പ്രാദേശിക സവിശേഷതകളോടുകൂടി സാംസ്‌കാരിക അയിത്തത്തിന്റെ ഉപോല്‍പ്പന്നം കൂടിയാണെന്ന് ഇവിടങ്ങള്‍ സന്ദര്‍ശിച്ചാല്‍ അറിയാന്‍ കഴിയും. വിദ്യാഭ്യാസം നേടുവാനോ നല്ല തൊഴിലുകള്‍ കണ്ടെത്തുവാനോ രാഷ്ട്രീയ പ്രബുദ്ധത കൈവരിക്കുവാനോ പറ്റാതെ, ആത്മവിശ്വാസമില്ലാത്ത ജനതയായി മാറിയ തീരദേശവാസികളുടെ സ്വത്വം ഊട്ടിയുറപ്പിക്കപ്പെടുന്നത് മുഖ്യധാരാ സമൂഹം സിനിമയടക്കമുള്ള മാധ്യമങ്ങളിലൂടെ നിരന്തരം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാര്‍പ്പുമാതൃകകളിലൂടെയും കൂടിയാണ്.
കടലുമായി മല്ലിട്ടു ജോലി ചെയ്തു ജീവിക്കുന്ന ഇവരുടെ തുച്ഛമായ വേതനം ദൈനംദിന ആവശ്യങ്ങള്‍ക്കു തികയാറില്ല. കേരളത്തിന്റെ വികസന മാതൃകയില്‍ നിന്ന് കൃത്യമായി പുറന്തള്ളപ്പെട്ട ഇവരുടെ ജീവിതം പല തരത്തിലുള്ള സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളായതിനാല്‍ വ്യക്തിതര്‍ക്കങ്ങളും കുടുംബവഴക്കുകളും തൊഴില്‍ തര്‍ക്കങ്ങളും പതിവായ തീരദേശവാസികളുടെ ജീവിതരീതി സംഘര്‍ഷത്തിലധിഷ്ഠിതമാണെന്ന് വേണമെങ്കില്‍ പറയാം. നിത്യജീവിതത്തിലെ എല്ലാ മേഖലകളിലും കലഹിച്ച് ഇടപെടുക എന്ന രീതി സാഹചര്യത്തിന്റെ നിര്‍മ്മിതിയാണ്. പരിമിതമായ ഇടം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ തൊഴിലിടങ്ങളെയും മറ്റും കടുത്ത വാഗ്വാദങ്ങളുടെയും അക്രമാസക്തമായ പെരുമാറ്റ രീതികളുടെയും ഭൂമികയാക്കി മാറ്റുന്നു. സംഘര്‍ഷഭരിതമായ ജീവിതത്തില്‍ സാമുദായിക കലാപങ്ങള്‍ എങ്ങനെ വന്നുചേരുന്നു എന്നത് ജീവിക്കുന്ന ഇടവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റു ചില വസ്തുതകള്‍ കൂടി കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ വ്യക്തമാകും.
കടലോരങ്ങളിലെ മത/ജാതി സമുദായങ്ങള്‍
കടലോരഗ്രാമങ്ങളിലെ സാമുദായിക ഘടനയുടെ ഏറ്റവും വലിയ സവിശേഷത ക്ലസ്റ്ററുകളായി വിഭജിക്കപ്പെട്ട കൊച്ചു സമുദായങ്ങളാണ്. മതസമുദായമെന്നോ സമുദായത്തിനകത്തെ ജാതിയെന്നോ കൃത്യമായി സ്വത്വം നിര്‍വചിക്കാന്‍ പറ്റാത്ത ഈ കൊച്ചു വിഭാഗങ്ങള്‍ വ്യക്തമായ അതിര്‍ത്തികളാല്‍ വിഭജിക്കപ്പെട്ട ഇടങ്ങളിലാണു താമസിക്കുന്നത്. ഒരുപക്ഷേ ഇത്ര കൃത്യമായി അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെട്ട സാമൂഹിക ഘടന നിലനില്‍ക്കുന്നതു കേരളത്തില്‍ തീരദേശങ്ങളില്‍ മാത്രമായിരിക്കും. അരയന്‍മാര്‍, പൂയിസ്‌ലാന്‍മാര്‍, ലാറ്റിന്‍ കത്തോലിക്കര്‍, മരക്കായര്‍ മുസ്‌ലിംകള്‍ തുടങ്ങിയ കലാപങ്ങളാല്‍ സ്വത്വം അടയാളപ്പെടുത്തപ്പെട്ട് മതസമുദായത്തിനകത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചില വിഭാഗങ്ങളാണ് ചരിത്രപരമായി ഇത്തരത്തില്‍ വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഒരേസമയം ജാതിയുടെ അടയാളങ്ങള്‍ പേറുകയും അതേസമയം മതസ്വത്വം നിത്യജീവിതത്തില്‍ വളരെയധികം പ്രകടിപ്പിക്കേണ്ടി വരികയും ചെയ്യേണ്ടിവരുന്ന എന്നതാണ് ഈ വിഭാഗങ്ങളുടെ സവിശേഷത. ഇതുകൊണ്ട് മതത്തിന്റെ സ്വാധീനമാണ് വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമെന്ന പ്രൈമോഡില്‍ (Primodial) വാദത്തില്‍ എത്തിച്ചേരുന്നത് അപകടകരമാണ്.
യഥാര്‍ത്ഥത്തില്‍ ജനാധിപത്യ കേരളത്തിന്റെ വ്യവസ്ഥിതികള്‍ക്ക് പുറത്തു നില്‍ക്കുന്ന ഒരു സമാന്തര ജീവിത വ്യവസ്ഥ തന്നെ ഇത്തരത്തിലുള്ള സാമുദായിക ഘടനയുടെ സ്വാധീനത്തില്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളെടുത്തു നോക്കിയാല്‍ ക്രിസ്ത്യന്‍ സമുദായമായാലും മുസ്‌ലിം സമുദായമായാലും സാമൂഹിക വ്യവഹാരങ്ങളും സാമ്പത്തിക ഇടപെടലുകളും പ്രാദേശികമായ ചിട്ടവട്ടങ്ങളുടെ നിയന്ത്രണത്തിലാണ് നടത്തിപ്പോരുന്നത്. വികസന പദ്ധതികളില്‍ നിന്ന് പുറന്തള്ളപ്പെട്ട, കടുത്ത വിവേചനങ്ങളെ നേരിടുന്ന ഈ സമുദായങ്ങളും നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് പ്രാദേശികമായി അധികാരികളുടെ നേതൃത്വത്തിലാണ്.
ജീവിക്കുന്ന ഇടത്തിന്റെ പരിമിതികള്‍ കൊണ്ട് സംഘര്‍ഷങ്ങളിലൂടെ ജീവിക്കാന്‍ വിധിക്കപ്പെട്ട തീരദേശ ജനതയുടെ ചരിത്രപരമായ സാമുദായിക വിഭജനവും വ്യവസ്ഥാപിതമായ സാമുദായിക സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്ന സാമന്തര ലോകവുമാണ് ആവര്‍ത്തിക്കപ്പെടുന്ന കലാപങ്ങളുടെ സാമൂഹിക പശ്ചാത്തലവും ആഴത്തിലുള്ള കാരണവും. കലാപത്തിന്റെ നൈമിഷികതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഇത്തരത്തിലുള്ള ഒരു വിശദീകരണം സാധ്യമായേക്കില്ല. പെട്ടെന്നുള്ള കാരണങ്ങള്‍ പുറത്തുനിന്നുള്ള എന്തെങ്കിലും ശക്തികളുടെ ഇടപെടലുകളോ, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങളോ അങ്ങനെയെന്തുമാവാം. ഉദാഹരണത്തിന് സ്ഥലപരിമിതിയുള്ള കടലോരത്ത് തൊഴിലിടങ്ങളില്‍ രണ്ടു വ്യക്തികള്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതാവും ചിലപ്പോള്‍ കലാപത്തിന്റെ തുടക്കം. പക്ഷേ ഇത്തരം അസാധാരണ സംഭവങ്ങള്‍ വര്‍ഗീയ ധ്രൂവീകരണത്തിന് വഴിയൊരുക്കുന്നത് നേരത്തെ പറഞ്ഞ ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടാണ്. 1995ല്‍ വിഴിഞ്ഞം കലാപം ഉണ്ടായത് വിഴിഞ്ഞം ഹാര്‍ബര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് ഒരു സമുദായത്തിലെ കുറെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ചപ്പോഴാണ്. ആ ചെറിയ പ്രദേശത്ത് പെട്ടെന്ന് സംഖ്യാപരമായി ന്യൂനപക്ഷമായത് കുടിയൊഴിപ്പിക്കപ്പെട്ട സമുദായത്തില്‍ കനത്ത അസ്വസ്ഥതകളുണ്ടാക്കുകയും ഇത് വലിയ കലാപത്തിന് വഴിയൊരുക്കുകയും ചെയ്തു.
2009ല്‍ ബീമാപ്പള്ളിയില്‍ പോലിസിന്റെയും ഭരണതലത്തിലുള്ളവരുടെയും ഇവിടെയുളള മുസ്‌ലിം സമുദായത്തോടുള്ള പൂര്‍വ്വകാല വിരോധവും അമര്‍ഷവുമാണ് ഗുരുതരമായ വെടിവെപ്പില്‍ കലാശിച്ചത്. ഇത്തരത്തില്‍ സ്റ്റേറ്റും മറ്റു ബാഹ്യശക്തികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തീരദേശ ജനതയുടെ മേല്‍ കരുതിക്കൂട്ടി നടത്തുന്ന അക്രമങ്ങള്‍ കലാപങ്ങളെ മനസ്സിലാക്കുന്നതില്‍ പ്രധാനമാണെങ്കിലും തീരദേശങ്ങളിലെ ആവര്‍ത്തന സ്വഭാവമുള്ള കലാപങ്ങളുടെ പൊതുസ്വഭാവത്തെ നേരത്തെ പറഞ്ഞ വസ്തുതകളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു മാത്രമേ ശരിയായ അര്‍ത്ഥത്തില്‍ വായിക്കാന്‍ സാധിക്കുകയുള്ളു.
കുറിപ്പുകള്‍
1. 1907ലെ മുസ്‌ലിം-ക്രിസ്ത്യന്‍ സംഘര്‍ഷം അന്നത്തെ ട്രാവന്‍കൂര്‍ പോലിസ് സൂപ്രിന്‍ഡന്റന്റ്, ഗവണ്‍മെന്റ് ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ വിവരിക്കുന്നുണ്ട്. (ജുഡീഷ്യല്‍ ഇന്‍ഡക്‌സ് 35/17, സീരിയല്‍ നമ്പര്‍ 345, ട്രാവന്‍കൂര്‍ ആര്‍ക്കൈവ്‌സ്) 1939ലെ സംഭവം ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഗവണ്‍മെന്റ് ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് വിവരിക്കുന്നത്. (ജുഡീഷ്യല്‍ ഇന്‍ഡക്‌സ് 1382/15, സീരിയല്‍ നമ്പര്‍ 281, ട്രാവന്‍കൂര്‍ ആര്‍ക്കൈവ്‌സ്).
2. ആളുകളെയും സംസ്‌കാരങ്ങളെയും സൂക്ഷ്മമായ അര്‍ത്ഥത്തില്‍ പഠിക്കാന്‍ നരവംശശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന എത്ത്‌നോഗ്രഫി (Ethnography) എന്ന പഠനരീതി ഉപയോഗിച്ച് തിരുവനന്തപുരത്തെ തീരദേശങ്ങളിലുണ്ടാവുന്ന ക്രിസ്ത്യന്‍-മുസ്‌ലിം സംഘര്‍ഷങ്ങളെക്കുറിച്ച് നടത്തുന്ന ഗവേഷണത്തിന്റെ ഭാഗമാണ് ഈ ലേഖനം.
3. ഹാബിറ്റസ് (Habitus) എന്നത് കൂടുതല്‍ വിശാലമായ അര്‍ത്ഥത്തിലുള്ള ബുര്‍ദിയോ പരിചയപ്പെടുത്തിയ ഒരു പദമാണ്. ഇവിടെ വളരെ പരിമിതമായ അര്‍ത്ഥത്തിലാണ് ഞാന്‍ ജീവിതരീതി എന്ന് ഉപയോഗിച്ചിട്ടുള്ളത്.
ഹൈദരാബാദ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ.
കടപ്പാട് : ബീമാപള്ളി പോലീസ് വെടിവെപ്പ് : കേരളം ഓർക്കുന്നതും മറക്കുന്നതും. എഡിറ്റർ : കെ. അഷ്റഫ്. തേജസ് ബുക്സ് 2011.