അരുൺ ഷൂരിയുടെ പുസ്തകവും അബ്ദുന്നാസർ മഅദനിയുടെ ജീവിതവും
മഅദനിയുടെയും പതിനായിരക്കണക്കിന് വരുന്ന നമുക്ക് പേരറിയാത്ത നിസ്സഹായരായ മനുഷ്യരുടെയും മേൽ കോടതി വ്യവഹാരങ്ങളുടെ നീട്ടിവെക്കൽ അത്ര നിഷ്കളങ്കമായല്ല നടക്കുന്നത്. ബോധപൂർവമായ delay tactics എന്ന തിയറി കൃത്യമായി മഅദനിയുടെ കേസിൽ ഡീപ് സ്‌റ്റേറ്റിന്റെ സഹായത്തോടെ നടക്കുന്നു എന്നു വേണം മനസ്സിലാക്കാൻ. ഈയൊരു സന്ദർഭത്തിൽ നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് സംഭവിച്ച രാഷ്ട്രീയ/നൈതിക അപചയങ്ങൾ തുറന്നുകാട്ടി കൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അരുൺ ഷൂരി എഴുതിയ Anitha Gets Bail : What Are Our Courts Doing? What Should We Do About Them? എന്ന പുസ്തകം ഉയർത്തുന്ന ചോദ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. തന്റെ ഭാര്യക്കെതിരെ നടന്ന ഒരു സിവിൽ കേസിന്റെ കഥയാണ് ഷൂരി വിവരിക്കുന്നത്.
പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅദനിയുടെ കേസ് സ്തംഭനാവസ്ഥയിലേക്ക് തള്ളിവിട്ടു കൊണ്ട് ബാംഗ്ലൂരിലെ പ്രത്യേക കോടതി ജഡ്ജി ശിവണ്ണനെ ദക്ഷിണ കന്നടയിലെ പുത്തൂർ കോടതിയിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. വർഷങ്ങളായി തട്ടിക്കളിക്കുന്ന ഒരു കേസ് സുപ്രീം കോടതിയുടെ നിർദേശത്തെ പോലും മറികടന്ന് അനന്തമായി ഇഴഞ്ഞു നീങ്ങുകയാണ്. കാത്തിരിപ്പിന്റെ ദൈർഘ്യം വർധിപ്പിക്കാൻ പബ്ലിക് പ്രൊസിക്യൂട്ടർക്കുള്ള താൽപര്യം ഇതിനകം തെളിഞ്ഞ സംഗതിയാണ്.
രണ്ടായിരത്തി പതിനാലിൽ നാലു മാസം കൊണ്ട് കേസ് പൂർത്തിയാക്കണം എന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ വെല്ലുവിളിച്ച് നാലു വർഷം നീട്ടി കൊണ്ടുവന്ന് അവസാനം വിധി പറയേണ്ടുന്ന സന്ദർഭത്തിൽ ജഡ്ജിയെയും മാറ്റി കേസ് അവഗണനയുടെ ആഴക്കടലിലേക്ക് തള്ളിയിട്ടിരിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ നീതി നിഷേധിക്കപ്പെടുന്നവന്റെ ഏറ്റവും വലിയ ആശ്വാസവും പ്രതീക്ഷയും പ്രാർഥനയാണെന്നും മഅദനി അഭിപ്രായപ്പെടുന്നു. അതിനാൽ സഹോദരങ്ങൾ തനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർഥിച്ചിരിക്കുകയാണ്. ജുഡീഷ്യറി തന്നോട് കാണിക്കുന്ന നീതി നിഷേധത്തിന്റെ നടുക്കടലിൽ നിന്നാണ് അദ്ദേഹം തന്റെ ദൈന്യത ഈ ലോകത്തോട് വിളിച്ചു പറഞ്ഞത്.
അബ്ദുന്നാസര്‍ മഅദനി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഒരു ഔദാര്യത്തിനും യാചിക്കുന്നില്ല, മറിച്ച് ഒരു പൗരന് ലഭിക്കേണ്ടുന്ന നീതി തനിക്ക് ലഭ്യമാവണം എന്നു മാത്രമെ അഭ്യർഥിക്കുന്നുള്ളൂ. നിങ്ങൾ തൂക്കി കൊല്ലാനാണ് വിധിക്കുന്നതെങ്കിൽ അതിന് ഉത്തരവിടൂ എന്നാണദ്ദേഹം ഇന്ത്യൻ ജുഡീഷ്യറിയുടെ മുഖത്തു നോക്കി വിളിച്ചു പറയുന്നത്.
അരുൺ ഷൂരി പറഞ്ഞ കഥ
ഈയൊരു സന്ദർഭത്തിൽ നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് സംഭവിച്ച രാഷ്ട്രീയ/നൈതിക അപചയങ്ങൾ തുറന്നുകാട്ടി കൊണ്ട് പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അരുൺ ഷൂരി എഴുതിയ Anitha Gets Bail : What Are Our Courts Doing? What Should We Do About Them? (Harper Collins 2018) എന്ന പുസ്തകം ഉയർത്തുന്ന ചോദ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. തന്റെ ഭാര്യക്കെതിരെ നടന്ന ഒരു സിവിൽ കേസിന്റെ കഥയാണ് ഷൂരി വിവരിക്കുന്നത്.
“സർ, പോലീസ് വാല വന്നിട്ടുണ്ട്. മാഡത്തെ കാണണമെന്ന് പറയുന്നു.”
“പോലീസോ? അതും അനിതയെ കാണാനോ?” ആശ്ചര്യം വിടാതെ പിറുപിറുത്തു കൊണ്ട് ഞാൻ താഴത്തെ നിലയിലേക്ക് ഇറങ്ങി.
”അനിതാ ഷൂരി ഇവിടയല്ലെ താമസിക്കുന്നത്?”
”അതെ, എന്റെ ഭാര്യയാണ്. അസുഖം കാരണം മുകളിലാണ് താമസം.”
മാർച്ച് മാസത്തിന്റെ കാഠിന്യത്തിൽ അനിതയുടെ പാർക്കിസൺസ് രോഗം വല്ലാതെ കൂടിയിരുന്നു. അതിനിടയിൽ ചില വീഴ്ചകളും സംഭവിച്ചു. അതുകൊണ്ടു തന്നെ എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ പരസഹായം ആവശ്യമായ കാലം.
“അവർക്കെതിരെ അറസ്റ്റു വാറന്റ് ഉണ്ട്.”
“അറസ്റ്റു വാറന്റോ? അനിതക്കെതിരെയോ? അതിനവളെന്താണ് ചെയ്തത്?”
കോടതിയിൽ നിന്നുള്ള സമൻസ് അഞ്ചു തവണ മടക്കിയിരിക്കുന്നു. ജാമ്യ വാറന്‍റും ജാമ്യമില്ലാ വാറന്‍റും മടക്കി. അങ്ങനെ ഒളിച്ചോടിയതായി കണക്കാക്കിയിരിക്കുന്നു.
“ഒരു സമൻസുപോലും ഇവിടെ വന്നില്ലല്ലോ. ആ സമൻസൊക്കെ എവിടെ പോയി?” അന്ധാളിപ്പോടെ ഞാൻ ചോദിച്ചു.
“അതെനിക്കറിയില്ല. എന്റെ ജോലി ഈ വാറന്റ് നേരിട്ട് കൈമാറലാണ്. നാളെ രാവിലെ കോടതിയിൽ ഹാജരാകണം”.
വർഷങ്ങൾക്കു മുന്‍പ് വിൽപന നടത്തിയ ഒരു സ്ഥലത്ത് പിന്നീട് വന്നവരാരോ അനധികൃതമായി കെട്ടിടം പണിതതുമായി ബന്ധപ്പെട്ടാണ് കേസ്. അനിത ഷൂരിയുടെ പേരും അഡ്രസ്സും ഏതോ റെക്കോർഡിൽ ഉള്ളതു കൊണ്ട് കേസിൽ അവരെയും പ്രതിയാക്കി. അനിത ഷൂരി എന്റെ ഭാര്യയാണ്. പാർക്കിസണ്‍സ് രോഗം മൂർച്ഛിച്ചതിനാൽ അവശനിലയിലായതു കൊണ്ട് കോടതിയിൽ ഹാജരാവുന്നതിന് ഒഴിവു നൽകണം എന്ന എന്റെ ആവശ്യത്തെ ജഡ്ജി നിരാകരിച്ചു. രേഖകളുടെ പിൻബലത്തോടെ സ്ഥലത്തിന്റെ ഉടമ അവൾ അല്ല എന്നും അതിനാൽ ഈ കേസ് വസ്തുതാപരമായി നിലനിൽക്കാൻ അർഹതയില്ല എന്നും ഞാൻ വ്യക്തമാക്കിയപ്പോൾ കേസിന്റെ പതിവു വഴികളിലൂടെ സഞ്ചരിച്ച് തീർപ്പിലെത്തണം എന്ന് വിധിക്കപ്പെട്ടു.
നാൽപത് കിലോമീറ്റർ ദൂരമുള്ള ഫരീദാബാദ് കോടതിയിലേക്ക് രോഗിയായ അനിതയെയും കൂട്ടി പലതവണ കോടതി കയറി ഇറങ്ങേണ്ടി വന്ന കഥയും അതിൽ അവർ അനുഭവിച്ച ദുരിതവും ഹൃദയഭേദകമായ മാനസിക പീഡനങ്ങളും അരുൺ ഷൂരി തന്റെ പുസ്തകത്തിലൂടെ വിവരിക്കുന്നു.
ബി.ജെ.പി രാഷ്ട്രീയമുള്ള ഷൂരിയുടെ പുസ്തകം പക്ഷേ പൗരജീവിതത്തെ എങ്ങനെയാണ് വികലവും ദുർബലവുമായ ഒരു നിയമ വ്യവസ്ഥ ദുരന്തത്തിന്റെ ആഴക്കടലിലേക്ക് തള്ളിയിടുന്നത് എന്നതിന്റെ നേർക്കാഴ്ചയാണ്. അരുൺ ഷൂരി തന്റെ സ്വന്തം അനുഭവത്തിലൂടെ സമൂഹത്തേട് വിളിച്ചു പറയുന്നത് നാം കേൾക്കേണ്ടതുണ്ട്.
മഅദനി: ക്ഷമയുടെ പാഠശാല
ഇത്തരുണത്തിൽ കോടതി വ്യവഹാരങ്ങളുടെ തമോഗർത്തത്തിൽ കിടന്നു ആയുസ്സിന്റെ വലിയൊരു ഭാഗം തടവറയിൽ കഴിയേണ്ടി വന്ന ഹതഭാഗ്യവാൻമാരിൽ ഒരാളാണ് അബ്ദുന്നാസര്‍ മഅദനി. ഒരു പൗരൻ എന്ന നിലയിൽ നീതി നിഷേധിക്കപ്പെട്ടു ജീവിക്കുന്ന രക്തസാക്ഷിയാണ് അദ്ദേഹം. താൻ ചെയ്ത കുറ്റമെന്താണെന്ന് കോടതിക്ക് തെളിയിക്കാൻ കഴിയാത്ത അവസ്ഥയിൽ നിരന്തരം നീട്ടിവെക്കപ്പെട്ട് അനന്തമായ കാത്തിരിപ്പിലൂടെ കേസ് ഇഴഞ്ഞിഴഞ്ഞ് മുന്നോട്ടു പോകുന്നു. കോടതി വ്യവഹാരത്തിന്റെ സാങ്കേതിക നൂലാമാലകളിൽ പെട്ട് ഇതിനകം നീതി മരണപ്പെട്ട വിവരം ജഡ്ജിമാരും അറിഞ്ഞു കാണില്ല. നിസ്സഹായനായ മനുഷ്യന്റെ മേൽ നിഷ്ഠൂരമായ നിയമ സംവിധാനത്തിന്റെ ദുരിതങ്ങൾ സമ്മാനിച്ച് കോടതികൾ ഈ മനുഷ്യനെ ക്ഷമയുടെ പാഠശാലയായി മാറ്റുകയാണ്. പക്ഷേ ആ ക്ഷമയുടെ പാഠശാലയിലും മഅദനിയെ പരാജയപ്പെടുത്താൻ നിയമ വ്യവസ്ഥക്ക് കഴിഞ്ഞില്ല എന്നാണ് അദ്ദേഹത്തിന്റെ ജീവിതം നമ്മോടു പറയുന്നത്.
അരുൺ ഷൂരിയുടെ ഭാര്യ അനിതാ ഷൂരിയുടെ കേസിൽ കോടതി വ്യവഹാരങ്ങളിലെ സാങ്കേതിക നൂലാമാലകളിൽ അകപ്പെട്ട ദുരിതത്തിന്റെ കഥയാണെങ്കിൽ മഅദനിയുടെ കേസിൽ സാങ്കേതിക വ്യവഹാര കുടുക്കുകൾക്കൊപ്പം ഭരണകൂടത്തിന്റെ അദൃശ്യമായ കരങ്ങളും ഇടപെടൽ നടത്തുന്നു എന്നു വേണം മനസ്സിലാക്കാൻ.
അരുൺ ഷൂരിയുടെ ഭാര്യ അനിതാ ഷൂരിയുടെ കേസിൽ കോടതി വ്യവഹാരങ്ങളിലെ സാങ്കേതിക നൂലാമാലകളിൽ അകപ്പെട്ട ദുരിതത്തിന്റെ കഥയാണെങ്കിൽ മഅദനിയുടെ കേസിൽ സാങ്കേതിക വ്യവഹാര കുടുക്കുകൾക്കൊപ്പം ഭരണകൂടത്തിന്റെ അദൃശ്യമായ കരങ്ങളും ഇടപെടൽ നടത്തുന്നു എന്നു വേണം മനസ്സിലാക്കാൻ.
മനുഷ്യത്വ വിരുദ്ധമായ സാങ്കേതികത്വത്തിന്റെ ചങ്ങലക്കുടുക്കുകളിലൂടെയാണ് ഇന്ത്യൻ ജുഡീഷ്യറി മുന്നോട്ടു പോവുന്നത്. ഇവിടെ നിരപരാധിയായ ഒരു മനുഷ്യന് നീണ്ട കാത്തിരിപ്പിനൊടുവിൽ നീതി ലഭിച്ചാലും തടവറയിൽ ഹോമിക്കപ്പെട്ട ആയുസ്സിന് ഒരു നഷ്ടപരിഹാരവുമില്ല എന്നതാണ് യാഥാർഥ്യം. ആ അർഥത്തിൽ അനന്തമായി നീണ്ടു പോകുന്ന ഒരു കേസായി മഅദനിയുടെ കേസ് മാറിയത് കേവല കോടതി വ്യവഹാരത്തിലെ സാങ്കേതിക തടസ്സങ്ങൾ കൊണ്ടു മാത്രമല്ല മറിച്ച് നിഗൂഢമായ ചില കരങ്ങൾ ചരടു വലിക്കുന്നതിന്റെ ഫലമായിട്ടു കൂടിയാണ്. ഇതാണ് അനിതാ ഷൂരിയും അബ്ദുന്നാസർ മഅദനിയും തമ്മിലെ വ്യത്യാസം.
ഡീപ് സ്റ്റേറ്റിന്റെ തന്ത്രങ്ങൾ
മഅദനിയുടെയും പതിനായിരക്കണക്കിന് വരുന്ന നമുക്ക് പേരറിയാത്ത നിസ്സഹായരായ മനുഷ്യരുടെയും മേൽ കോടതി വ്യവഹാരങ്ങളുടെ നീട്ടിവെക്കൽ അത്ര നിഷ്കളങ്കമായല്ല നടക്കുന്നത്. ബോധപൂർവമായ delay tactics എന്ന തിയറി കൃത്യമായി മഅദനിയുടെ കേസിൽ ഡീപ് സ്‌റ്റേറ്റിന്റെ സഹായത്തോടെ നടക്കുന്നു എന്നു വേണം മനസ്സിലാക്കാൻ.
കോയമ്പത്തൂർ സ്ഫോടന കേസില്‍ ഒരു പതിറ്റാണ്ടു കാലം ജയിലിൽ കിടത്തിയ ഈ മനുഷ്യനെതിരെ ഒരു പെറ്റികേസിന്റെ ചാർജ് ഷീറ്റ് പോലും തയ്യാറാക്കാൻ കഴിയാതെ നീണ്ട ഒൻപതര വർഷം കേസ് നീട്ടികൊണ്ടു പോവാൻ ഡീപ് സ്റ്റേറ്റിനും കോടതിക്കും സാധിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ജനാധിപത്യവിരുദ്ധമായ ഒരു ഭരണകൂടം ഇന്ത്യാരാജ്യത്ത് നിലനിൽക്കുമ്പോൾ നീതി നിഷേധത്തിനും കാത്തിരിപ്പിനും ദൈർഘ്യം കൂടുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ഇന്ത്യയിലെ ജനാധിപത്യ സമൂഹം എത്ര അനാരോഗ്യകരമായാണ് മുന്നോട്ടു പോവുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ് വ്യത്യസ്തമായ അനുഭവ പരിസരത്തിലൂടെയാണെങ്കിലും അരുൺ ഷൂരി തന്റെ പുസ്തകത്തിലൂടെയും മഅദനി തന്റെ ജീവിതത്തിലൂടെയും വിളിച്ചു പറയുന്നത്.
വൈകി എത്തുന്ന നീതി അനീതിയാണെന്നും ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നുമുള്ള ആപ്തവാക്യങ്ങൾ നിരന്തരം ഉപയോഗിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. നിരന്തരം ഉപയോഗിച്ച് തേയ്മാനം സംഭവിച്ച അഥവാ അർഥലോപം വന്ന ഒരു പ്രസ്താവനയായി അതും മാറിയിരിക്കുന്നു.
സത്യത്തിൽ ഭയം കൊണ്ടാണ് ആ മനുഷ്യർ ഇതൊക്കെ സഹിക്കുന്നത് എന്ന് ആരും ധരിക്കരുത്. നീതിയെ കുറിച്ച് ഒട്ടും ഭയമില്ല അവർക്ക്, മറിച്ച് അതിന്റെ പേരിൽ അരങ്ങേറുന്ന ദുരിത പൂർണമായ ജീവിതത്തിലൂടെ തന്നെ പോലെ പതിനായിരക്കണക്കിന് മനുഷ്യരും കടന്ന് പോകേണ്ടി വരുന്നതിലാണ് അവര്‍ക്ക് ഭീതി. ഒരു നല്ല നീതിന്യായ വ്യവസ്ഥയാണ് രാജ്യത്ത് പ്രവർത്തിക്കുന്നതെങ്കിൽ നമുക്ക് ആ രാജ്യത്തെ ഉയർന്ന ജനാധിപത്യ ബോധമുള്ള സമൂഹം എന്ന് വിളിക്കാം. പക്ഷേ നമ്മുടെ നീതി പീഠങ്ങളുടെ പ്രവർത്തന സംസ്കാരം കണ്ടു കഴിഞ്ഞാൽ എത്ര പിറകോട്ടാണ് നമ്മുടെ രാജ്യം സഞ്ചരിക്കുന്നത് എന്ന് ബോധ്യമാവും. അസംബന്ധ വിധികൾ കൊണ്ട് നമ്മുടെ കോടതികൾ ചിലപ്പോൾ കോമാളി വേഷം കെട്ടാറുണ്ട്. അത്തരുണത്തിൽ അസംബന്ധ വിധിക്ക് പോലും പഴുതില്ലാത്ത വിധം കോടതി വ്യവഹാരങ്ങളെ നീട്ടി കൊണ്ടു പോകുവാൻ സാധിക്കുന്നിടത്താണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. വൈകി എത്തുന്ന നീതി അനീതിയാണെന്നും ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നുമുള്ള ആപ്തവാക്യങ്ങൾ നിരന്തരം ഉപയോഗിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. നിരന്തരം ഉപയോഗിച്ച് തേയ്മാനം സംഭവിച്ച അഥവാ അർഥലോപം വന്ന ഒരു പ്രസ്താവനയായി അതും മാറിയിരിക്കുന്നു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നിഷ്പക്ഷവും സുതാര്യവും സുന്ദരവും ആണെന്നാണ് വിവക്ഷ. പലപ്പോഴുമത് അനുഭവങ്ങൾക്കും വെളിപ്പെടുത്തലുകൾക്കും അപ്പുറമുള്ള “വിശ്വാസം” ആയിരുന്നു. ആ വിശ്വാസമാണ് നാലു സുപ്രീം കോടതി ജഡ്ജിമാർ നടത്തിയ പത്രസമ്മേളനത്തിലൂടെ തകർന്നടിഞ്ഞത്. എന്തായിരുന്നാലും അരുൺ ഷൂരി തന്റെ അനുഭവത്തിലൂടെയും ഒരു ഇസ്‌ലാമിക പണ്ഡിതനും രാഷ്ട്രീയ നേതാവുമായ അബ്ദുന്നാസർ മഅദനി തന്റെ ജയിൽ ജീവിതത്തിലൂടെയും ജുഡീഷ്യറിയുടെ വികലമായ സമീപനങ്ങളെയാണ് തുറന്നു കാട്ടുന്നത്. ഇത്തരുണത്തിൽ പ്രശ്നവൽകൃതമായ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അപചയത്തെക്കുറിച്ച് വിളിച്ചു പറയാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. അരുൺ ഷൂരിയുടെ പുസ്തകവും മഅദനിയുടെ ജീവിതവും ഇതാണ് നമ്മോട് പറയുന്നത്. ഫാസിസത്തിന്റെ ദണ്ഡനീതി ജുഡീഷ്യറിയെ തന്നെ വിഴുങ്ങാൻ കാത്തുനിൽക്കുമ്പോൾ, വികലമായ ഈ നിയമവ്യവസ്ഥ പോലും നഷ്ടപ്പെട്ടാൽ, നിസ്സഹായരാക്കപ്പെടുന്ന ജനത എവിടെ അഭയം തേടും എന്നതൊരു ചോദ്യമായി നമ്മെ വേട്ടയാടേണ്ടതുണ്ട്.