സാമ്പത്തിക  സംവരണമല്ല, സവർണ സംവരണം തന്നെയാണ്

കേന്ദ്ര സർക്കാർ സവർണ സംവരണം നടപ്പാക്കുന്നതിന് മുൻപ് തന്നെ ദേവസ്വം ബോർഡ് നിയമനങ്ങൾക്ക് 10% മുന്നോക്ക സംവരണം ഏർപ്പെടുത്തിയ സർക്കാരാണ് ഇവിടെയുള്ളത്. സവർണ സംവരണം പ്രഖ്യാപിത നയമായി കൊണ്ടുനടക്കുന്ന സിപിഎമ്മിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്? മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ ഇത്ര ധൃതിപെട്ട് ഇത്  ഇപ്പോൾ നടപ്പാക്കിയത് എന്തിനാണെന്നും വ്യക്തമാണ്. ഷിഹാബുദ്ധീൻ പള്ളിയാലിൽ എഴുതുന്നു.

കേരളം ഭരിക്കുന്ന സിപിഎം നേതൃത്വം നൽകുന്ന, ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള കൃത്യമായും സവർണ്ണ സംവരണമാണ് എന്ന് തന്നെ പറയേണ്ടി വരും. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിനൊപ്പം കൂടി സവർണ സമുദായങ്ങൾക്ക്‌ ചൂട്ട് പിടിക്കുന്നവരായി   മാറിയിരിക്കുന്നു കേരളത്തിലെ ഇടതു സർക്കാർ. ഇഎംഎസ് എന്ന കേരളത്തിന്റെ ആദ്യ നമ്പൂതിരി മുഖ്യമന്ത്രി തുടങ്ങിവെച്ച സവർണ സംവരണമെന്ന ആശയം പിണറായി വിജയൻ എന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് നേതാവ് വിജയകരമായി നടപ്പിലാക്കിയെടുത്തു.

സാമ്പത്തിക സംവരണം എന്നത് കൃത്യമായ സവർണ തന്ത്രമാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിന്നോക്ക വിഭാഗങ്ങൾക്കായി നടപ്പിലാക്കിയ 27% സംവരണം അട്ടിമറിക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഇപ്പോഴത്തെ സാമ്പത്തിക സംവരണത്തിന് പിന്നിലെ ലക്ഷ്യം. എത്ര തിടുക്കത്തിലും എളുപ്പത്തിലുമാണ് ഈ സർക്കാർ സവർണ സംവരണം നടപ്പിലാക്കിയത്. 2019ൽ മുന്നോക്ക സംവരണത്തെ കുറിച്ച് പഠിക്കാൻ കമ്മീഷനെ വച്ച് 2020ൽ തന്നെ അതിന്റെ ശുപാർശകൾ യാതൊരു പഠനവും മുന്നൊരുക്കവും കൂടാതെ നടപ്പാക്കി ഗസറ്റ് വിജ്ഞാപനം ഇറക്കാൻ സർക്കാർ കാണിച്ച തിടുക്കം തത്വത്തിൽ സാമൂഹിക നീതിയെ പാടെ കാറ്റിൽ പറത്തുന്നതാണ്. വിദ്യാഭ്യാസ മേഖലയിൽ നിലവിൽ പ്രാബല്യത്തിൽ വന്ന സവർണ്ണ സംവരണം ഇപ്പോൾ ഗസറ്റ് വിജ്ഞാപനത്തിലൂടെ തൊഴിൽ മേഖലകളിലും യാഥാർഥ്യമായിരിക്കുന്നു. 10% മുന്നോക്ക സംവരണം പിഎസ്‌സി നിയമനങ്ങളിൽ ഉറപ്പുവരുത്തി എന്നർഥം.

ബി.പി. മണ്ഡൽ

വിദ്യാഭ്യാസ മേഖലകളിൽ നടപ്പിൽ വരുത്തിയ സാമ്പത്തിക സംവരണത്തിന്റെ കൊടുംവഞ്ചന നാം ദിനംപ്രതി ഇപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും മെഡിക്കൽ, നിയമപഠനം, എഞ്ചിനിയറിങ്, പോളിടെക്നിക്ക് എന്നീ പ്രൊഫഷണൽ വിദ്യഭ്യാസ മേഖലകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട്. ഇവിടെ മുന്നോക്ക സമുദായത്തിനായി സംവരണം ചെയ്ത സീറ്റുകൾ പിന്നോക്ക സമുദായങ്ങളെ തട്ടിച്ച് നോക്കുമ്പോൾ ഇരട്ടിയോ, രണ്ടിരട്ടിയോ അല്ലെങ്കിൽ അതിലും കൂടുതലോ ആണെന്നതാണ് വസ്തുത. മെഡിക്കൽ പിജി പ്രവേശനത്തിന് ജനസംഖ്യയിൽ 23% ഉള്ള ഈഴവർക്ക്  ലഭിക്കുന്നത് വെറും 13 സീറ്റ്. 27% വരുന്ന മുസ്‌ലിംകൾക്ക് നീക്കി വച്ചിട്ടുള്ളത് 9 സീറ്റ്. എന്നാൽ 20% വരുന്ന മുന്നോക്ക സമുദായങ്ങൾക്കാവട്ടെ 30 സീറ്റുകൾ. എംബിബിഎസിന്റെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ഇവിടെ 90 സീറ്റുകൾ ഈഴവർക്കും 84 സീറ്റുകൾ മുസ്‌ലിംകൾക്കും നീക്കിവെക്കുമ്പോൾ 130 സീറ്റുകളാണ് മുന്നോക്കക്കാർക്കായി സംവരണം ചെയ്തിരിക്കുന്നത്. ഇതിലെ പ്രധാന സംഗതി എന്നത് മണ്ഡൽ കമ്മീഷൻ ശുപാർശ പ്രകാരം 27% സംവരണം ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഉറപ്പുവരുത്തണം എന്ന നിയമം നിലനിൽക്കെയാണ് നഗ്നമായ ഈ വെട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചതു പോലെ നിയമപഠനം, പോളിടെക്‌നിക്‌, എഞ്ചിനീയറിങ് അടക്കമുള്ള മറ്റു വിദ്യാഭ്യാസ മേഖലകളിലും ഇത്തരത്തിൽ തന്നെയാണ് സാമ്പത്തിക സംവരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നതാണ് വാസ്തവം. ലോ കോളേജിൽ ത്രിവത്സര എൽഎൽബിക്ക് സംവരണ വ്യവസ്ഥയിൽ അഡ്മിഷൻ നേടിയ അവസാനത്തെ പട്ടിക വർഗക്കാരന്റെ റാങ്ക് 1438. എന്നാൽ അവസാനത്തെ മുന്നോക്കകാരന്റെ റാങ്ക് 2850. ഇവിടെ 648 റാങ്ക് നേടിയ മുസ്‌ലിം, 592 നേടിയ ഈഴവർ, 950 റാങ്ക് നേടിയ ലത്തീൻ വിഭാഗക്കാർ ഒക്കെയും സീറ്റ് കിട്ടാതെ പുറത്ത് ഇരിക്കേണ്ട അവസ്ഥയാണ്. പഞ്ചവത്സര കോഴ്സിലും സ്ഥിതി മറിച്ചല്ല. ഇവിടെ ഈഴവരിൽ നിന്നുള്ള അവസാന വിദ്യാർഥിയുടെ റാങ്ക് 523. മുസ്‌ലിം 555, പട്ടികജാതി 2645, എന്നാൽ അവസാന മുന്നോക്കകാരൻ്റെ റാങ്ക് 4798. പോളിടെക്ക്നിക്ക് ‌അഡ്മിഷനിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ 307 റാങ്ക് നേടിയ പിന്നോക്കക്കാരൻ പുറത്താവുമ്പോൾ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ 7989 റാങ്ക് ഉണ്ടായിട്ടും അഡ്മിഷൻ കരസ്ഥമാക്കുന്നു. ഈ കണക്കുകൾ സൂചിപ്പിക്കുന്നത്  ഇപ്പോൾ നടപ്പിലാക്കിയ സാമ്പത്തിക സംവരണം സവർണ സംവരണമാണ് എന്നാണ്.

എഞ്ചിനീയറിങ് മേഖലയിലും വൻ അട്ടിമറിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ പദവിയുള്ള എഞ്ചിനീയറങ് കോളേജിൽ പോലും – ഉദാഹരണത്തിന് കൊല്ലം ടി.കെ.എം – സവർണ സംവരണം നിർലോഭം നടന്നുകൊണ്ടിരിക്കുന്നു. ഇത് പിഴവ് സംഭവിച്ചതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സമ്മതിക്കുമ്പോഴും ന്യൂനപക്ഷ പദവിയുള്ള സ്ഥാപനത്തിൽ പോലും ഇത്തരത്തിൽ പിഴവ് സംഭവിക്കുന്നത് സ്വാഭാവികതയായി കാണാൻ കഴിയില്ല.

ശശിധരൻ നായർ കമ്മീഷൻ 10% വരെ മുന്നോക്ക സംവരണം ശുപാർശ ചെയ്തപ്പോൾ അതിനേക്കാൾ കൂടുതലാണ് പലപ്പോഴും അവർക്ക് അനുവദിച്ച് നൽകിയിട്ടുള്ളത്. ഇതിനായി സവർണ ഉദ്യോഗസ്ഥ ലോബികൾ കൃത്യമായ കരുക്കളാണ് നീക്കികൊണ്ടിരിക്കുന്നത്. അതാവട്ടെ, നിലവിലെ സംവരണ വിഭാഗങ്ങൾക്ക് ഒരിക്കലും നഷ്ടം വരില്ലെന്ന് സർക്കാർ വാദിക്കുമ്പോഴും കണക്കുകൾ സൂചിപ്പിക്കുന്നത് നേരെ മറിച്ചാണ്. പൊതു മെറിറ്റിൽ നിന്ന് പത്തു ശതമാനം എടുക്കുമ്പോൾ അത് മത്സരാർഥികളെ മുഴുവൻ ബാധിക്കും എന്നറിയാഞ്ഞിട്ടല്ല. കണ്ണടച്ച് ഇരുട്ടാക്കുകയാണ് സർക്കാർ ചെയ്യുന്നത്.

ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ

ഹയർ സെക്കണ്ടറി മേഖലകളിൽ നിന്നും പുറത്തു വരുന്ന കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. മുന്നോക്ക സമുദായങ്ങൾക്കായി നിലവിൽ നീക്കിവച്ചിരിക്കുന്ന സീറ്റുകൾ പിന്നോക്ക സമുദായങ്ങളെക്കാൾ വളരെ കൂടുതലാണെന്ന് കാണാം. ഇവിടെ 13,002 സീറ്റുകൾ ഈഴവർക്കായി സംവരണം ചെയ്തപ്പോൾ മുസ്‌ലിംകൾക്ക് സംവരണത്തിലൂടെ ലഭിക്കുന്നത് 11,313 സീറ്റുകൾ മാത്രമാണ്. എന്നാൽ മുന്നോക്കക്കാർക്കായി നീക്കിവച്ചിരിക്കുന്നതാകട്ടെ 16,711 സീറ്റുകളും. ഇത് നിലവിൽ വിഭാവനം ചെയ്ത 10 ശതമാനത്തിനും മുകളിലാണ് എന്നതാണ് യാഥാർഥ്യം. മലബാർ മേഖലയിൽ അരലക്ഷത്തിന്‌ മുകളിൽ കുട്ടികൾ പ്ലസ്റ്റു സീറ്റുകൾ കിട്ടാതെ പടിക്ക് പുറത്താണ് എന്നുള്ളതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.

കേരളത്തിൽ സർക്കാർ ജോലിക്കാരുടെ കണക്കുകൾ നോക്കിയാൽ അവിടെയും പിന്നോക്ക സമുദായങ്ങൾക്ക്, പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തിന്, വലിയ തോതിലുള്ള പ്രാതിനിധ്യ കുറവ് ഉള്ളതായി കാണാം. 2006ൽ പുറത്തിറക്കിയ ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കേരള പഠന റിപ്പോർട്ടനുസരിച്ച് 27 ശതമാനത്തോളം വരുന്ന മുസ്‌ലിംകളുടെ ജോലി പ്രാതിനിധ്യം വെറും 11.4% മാത്രമാണ്. അതായത് 136% കുറവാണ് രേഖപ്പെടുത്തുന്നത്. ഉള്ളതിൽ തന്നെ അധിക ഉദ്യോഗസ്ഥരും തന്നെ താഴ്ന്ന തസ്തികകളിൽ തന്നെയാണ് എന്നതാണ് സത്യം. കണക്കുകൾ പരിശോധിക്കുമ്പോൾ പട്ടികജാതി-പട്ടികവർഗക്കാരെക്കാൾ ഏറെ പിന്നിലാണ് മുസ്‌ലിംകളുടെ സർക്കാർ മേഖലയിലുള്ള തൊഴിൽ പ്രാതിനിധ്യം. മറ്റൊരു പ്രാധാന വസ്തുത എന്നത് 18നും 25 വയസിനും ഇടയിലുള്ള കേരളത്തിലെ യുവാക്കളിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ളതും മുസ്‌ലിം സമുദായത്തിൽ ആണെന്ന് ഈ പഠനം പറയുന്നു. ഇവർ ഏകദേശം 55 ശതമാനത്തോളം വരും.

എന്നാൽ മറുവശത്ത്, 1.3% ഉള്ള മുന്നോക്ക ഹിന്ദുക്കൾക്ക് 3.1% പ്രാതിനിത്യം ലഭിക്കുമ്പോൾ, 12.5% അടുത്ത് വരുന്ന നായർ വിഭാഗം 21.1.% തൊഴിലുകളും കൈയ്യടക്കി വച്ചിരിക്കുന്നു. അതായത് മൊത്തം നായർ ജനസംഖ്യയുടെ 40% അധികം. 18.3% വരുന്ന ക്രിസ്ത്യൻ സമുദായം 20.6% തൊഴിൽ കയ്യടക്കി വച്ചിരിക്കുന്നു. “ജാതി അടിസ്ഥാനത്തിൽ നോക്കിയാൽ സവർണ ഹിന്ദു വിഭാഗത്തിൽ പെട്ടവർക്കും, ക്രിസ്ത്യാനികൾക്കും ജനസംഖ്യാനുപാതികമായി അർഹതപ്പെട്ടതിനേക്കാൾ കൂടുതൽ പങ്ക് കിട്ടുന്നുണ്ട്” എന്നും പരിഷത്ത് പഠനം കണക്കുകൾ നിരത്തി വാദിക്കുന്നു. പിന്നോക്ക വിഭാഗങ്ങളിൽ ഈഴവർ മാത്രമാണ് അൽപം മെച്ചപ്പെട്ട തൊഴിൽ പ്രാതിനിധ്യം നിലനിർത്തുന്നത്. 22.2% ഉള്ള അവർ 22.7% തൊഴിൽ നേടിയിട്ടുണ്ട്.പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളും സർക്കാർ തൊഴിൽ മേഖലയിൽ നിന്നും പുറംതള്ളപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് സവർണ സംവരണത്തിനായി സർക്കാർ കോപ്പുകൂട്ടുന്നത്.

എന്നാൽ സവർണ സംവരണത്തിന് കേരള സർക്കാർ നിരത്തുന്ന ന്യായം കേന്ദ്രം പാസാക്കിയ നിയമം പാലിക്കാൻ തങ്ങൾ തികച്ചും ബാധ്യസ്ഥരാണ് എന്നുള്ളതാണ്. എന്നാൽ സാമ്പത്തിക സംവരണത്തിനായി കേരള സർക്കാർ നിശ്ചയിച്ച ഭൂസ്വത്തുക്കളുടെ പരിധി നോക്കുമ്പോൾ ഇതിലെ താൽപര്യം വ്യക്തമാകും.

ഗ്രാമപ്രദേശങ്ങളിൽ 2.5 ഏക്കറും, മുനിസിപ്പാലിറ്റിയിൽ 75  സെന്റും, കോർപറേഷൻ പരിധിയിൽ 50 സെന്റിന് താഴെയും ഉള്ള ആരെയും മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കകാരനായി കണക്കാക്കും. വീടിന്റെ പ്ലോട്ടുകളുടെ വിസ്തീർണ്ണം മുനിസിപ്പാലിറ്റികളിൽ 20 സെന്റിൽ താഴെയും കോര്പറേഷന് പരിധിയിൽ 15 സെന്റിൽ താഴെയുമായിരിക്കണം എന്നതാണ് ചട്ടം. ഇത്രയധികം ഭൂസ്വത്തുക്കളും വിശാലമായ വീടുകളുമുള്ള ഒരാളെ എങ്ങനെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായി  കണക്കാക്കാം എന്ന ചോദ്യത്തിന് പക്ഷേ കേരളത്തിൽ പ്രസക്തിയേ ഇല്ല!

കേന്ദ്ര സർക്കാർ സവർണ സംവരണം നടപ്പാക്കുന്നതിന് മുൻപ് തന്നെ ദേവസ്വം ബോർഡ് നിയമനങ്ങൾക്ക് 10% മുന്നോക്ക സംവരണം ഏർപ്പെടുത്തിയ സർക്കാരാണ് ഇവിടെയുള്ളത്. സവർണ സംവരണം പ്രഖ്യാപിത നയമായി കൊണ്ടുനടക്കുന്ന സിപിഎമ്മിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്? മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ ഇത്ര ധൃതിപെട്ട് ഇത്  ഇപ്പോൾ നടപ്പാക്കിയത് എന്തിനാണെന്നും വ്യക്തമാണ്.

ഇതേ കേരളത്തിലാണ് 2001ൽ നരേന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്ത പിന്നോക്ക സമുദായങ്ങളുടെ തൊഴിൽ മേഖലകളിലെ ബാക്ക് ലോഗ് പൂർണമായും നികത്താൻ ഇരുപത് വർഷത്തോളമായിട്ടും മാറിവരുന്ന സർക്കാരുകൾക്ക് സാധിക്കാതെ പോവുന്നത് എന്നത് കൂടി ഓർക്കണം. മുന്നോക്ക സമുദായ കമ്മീഷന് കാബിനറ്റ്‌ റാങ്കടക്കം കൊടുത്ത് സവർണ വിധേയത്വം കാണിക്കുമ്പോൾ നാളിതുവരെ കേരളത്തിലെ ഒരു പിന്നോക്ക കമ്മീഷനും അത്തരത്തിൽ ഒരു പദവിയും ലഭിച്ചിട്ടില്ല എന്നതും പ്രസക്തമാണ്. കൂടാതെ 2006ൽ കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച സച്ചാർ കമ്മിറ്റി വിവിധങ്ങളായ ക്ഷേമപ്രവർത്തനങ്ങൾ മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായി ശുപാർശ ചെയ്തപ്പോൾ അത് നടപ്പിലാക്കുന്നതിന് പകരം അതിനെ കുറിച്ച് പഠിക്കാൻ പാലോളി മുഹമ്മദ് കുട്ടിയുടെ കീഴിൽ എന്ന മറ്റൊരു കമ്മിറ്റിയെ അന്നത്തെ  കേരളത്തിലെ ഇടതു സർക്കാർ നിയമിക്കുകയും അതുവഴി സച്ചാർ നിർദേശിച്ച അനുകൂല്യങ്ങൾ “സാമുദായിക സന്തുലനം” പാലിക്കുന്നതിന്റെ ഭാഗമായി മുഴുവൻ ന്യൂനപക്ഷ സമുദായങ്ങൾക്കും പങ്കിട്ടു നൽകിയതും കേരളത്തിൽ  നാം കണ്ടതാണ്.

എന്നാൽ സിപിഎം നേതൃത്വം നൽകുന്ന ഇപ്പോഴത്തെ ഇടതു സർക്കാർ ഒരു പരിധി കൂടി കടന്ന്, കേരളത്തിൽ സവർണ സംവരണത്തെ എതിർക്കുന്നവർ മുസ്‌ലിംകൾ മാത്രമാണെന്നും ഇത് ശുദ്ധ വർഗീയതയാണെന്നും  ആരോപിക്കുന്നു. ഒരു പടികൂടി കടന്നു, കേരളത്തിൽ മാത്രമാണ് മുസ്‌ലിംകൾക്ക് സംവരണം എന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ സംവരണം ലഭിക്കുന്നുണ്ടോ എന്ന് മുന്നോക്ക സംവരണത്തിനെതിരെ ചന്ദ്രമന്ദഹാസമിളക്കുന്ന മുസ്‌ലിം ലീഗ് ആലോചിക്കണമെന്നും കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞുവെക്കുന്നു. ഇൻഡ്യയിലും കേരളത്തിലും എളുപ്പത്തിൽ ചിലവാകുന്ന മുസ്‌ലിം അപരവൽക്കരണം എന്നത് ഇവിടെയും ഇടതുപക്ഷം തന്ത്രപരമായി  ഉപയോഗിക്കുന്നു.

ഇതിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നത്  ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണവും അതുവഴി ഒരു വിശാല ഹിന്ദു ഐക്യം രൂപപ്പെടുത്തി അതിലൂടെ തങ്ങളുടെ വോട്ടു ബാങ്ക് സുസ്തിരമാക്കുക എന്ന വർഗീയ തന്ത്രമാണ്. ഇത് സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സമുദായങ്ങളെ വരും നാളുകളിൽ കൂടുതൽ അരികുവൽക്കരിക്കുകയും അവരെ പൊതുമണ്ഡലത്തിൽ നിന്നും പാടെ മാറ്റിനിർത്തുകയും ചെയ്യും എന്നതിൽ സംശയമില്ല. ചുരുക്കത്തിൽ സവർണ സംവരണം കേരളത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.

ജസ്റ്റിസ് രജീന്ദർ സച്ചാർ

സവർണ സംവരണ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് അടക്കമുള്ള മുഖ്യധാരാ പാർട്ടികളുടെ നിലപാട് സിപിഎമ്മിന് കൂടുതൽ കരുത്ത് പകരുന്നതാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഒരു പുനർചിന്തനം ഉണ്ടാവും എന്നൊരു പ്രതീക്ഷയുമില്ല. എന്നാൽ ഇന്ദിര സാഹ്നി കേസിന്റെ പശ്ചാത്തലത്തിൽ നിലവിലെ സംവരണ സീറ്റ്  50% ആക്കി നിജപ്പെടുത്തിയ സുപ്രീംകോടതി വിധി ഇവിടെയും ബാധകമാവുമെന്ന് പ്രതീക്ഷിക്കാം. സംവരണത്തെ കേവലം സാമ്പത്തിക പദ്ധതിയായി അവതരിപ്പിക്കപ്പെടുന്നതിലൂടെ  സാമൂഹിക നീതി ഉറപ്പുവരുത്തുകയെന്ന ഭരണഘടനയുടെ മഹത്തായ തത്വത്തെ കാറ്റിൽ പറത്തുന്നതാണ് ഇപ്പോഴത്തെ സവർണ സംവരണം.

വിവിധങ്ങളായ പത്ര റിപ്പോർട്ടുകൾ, ഓൺലൈൻ പോർട്ടലുകൾ, ഫേസ്ബുക്  പോസ്റ്റൂകൾ, കേരള ശാസ്ത്ര സാഹിത്യ പരിഷത് 2006 കേരള പഠന റിപ്പോർട്ട് മുതലായവ ആധാരമാക്കി എഴുതിയത്.

യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിൽ റിസേർച്ച് സ്കോളറാണ് ലേഖകൻ.

Top