ഡിസബിലിറ്റിയും ലൈംഗികതയും

ഡിസബിലിറ്റിയുള്ള പുരുഷനെക്കുറിച്ച സമൂഹത്തിന്റെ ചിത്രം, ഒന്നുകിൽ ലൈംഗികശേഷി കുറഞ്ഞവനോ അല്ലെങ്കിൽ അമിത ലൈംഗികാസക്തി ഉള്ളവനോ ആയിട്ടായിരിക്കും. ഡിസബിലിറ്റിയുള്ള സ്ത്രീകളുടെ കാര്യത്തിലും ഇതേ ആരോപണങ്ങൾ ചാർത്തപ്പെടുന്നതു കാണാം. ദാമ്പത്യജീവിതത്തിനോ സന്താനോൽപാദനത്തിനോ ശേഷിയില്ലാത്തവരെന്ന ആരോപണം, അപ്രകാരം സജീവമായ സ്ത്രീത്വത്തിൽ നിന്നും, വൈവാഹിക-കുടുംബജീവിതങ്ങളിൽനിന്നും, ക്രിയാത്മകമായ ലൈംഗികതയിൽ നിന്നും അവരെ വകഞ്ഞുമാറ്റുന്നു.

ഇൻഡ്യൻ പശ്ചാത്തലത്തിൽ ഡിസബിലിറ്റിയും ലൈംഗികതയും ബന്ധപ്പെടുത്തിയുളള വിചിന്തനങ്ങൾ എന്തൊക്കെയാണ്? ലൈംഗികത എന്നത് നിരന്തരം പരിവർത്തനവിധേയമാകുന്ന സങ്കൽപമാണ്. ലൈംഗിക സ്വഭാവം, മറ്റ് അനുബന്ധ ഘടകങ്ങളായ ലൈംഗിക വ്യക്തിത്വം, ചിന്ത, ലൈംഗിക ആഭിമുഖ്യങ്ങൾ, ലിംഗവ്യക്തിത്വങ്ങൾ, ബന്ധങ്ങൾ മുതലായ ഘടകങ്ങളെ ഉൾകൊള്ളുന്ന വിപുലമായ സംജ്ഞയാണത്.

ലോകാരോഗ്യ സംഘടനയുടെ നിർവചനപ്രകാരം, ‘ലൈംഗിക ആഭിമുഖ്യം, കാമകല, സുഖാസ്വാദനം, തീവ്രബന്ധങ്ങൾ, പ്രത്യുൽപാദനം എന്നിങ്ങനെ മാനുഷിക ഭാവത്തിന്റെ കേന്ദ്രാംശമായി നിലനിൽക്കുകയും വ്യാപ്തി നേടുകയും ചെയ്യുന്ന ഒന്നാണ് ലൈംഗികത. ചിന്ത, ഭാവനാവിലാസം, അഭിലാഷങ്ങൾ, വിശ്വാസം, മനോഭാവങ്ങൾ, മൂല്യങ്ങൾ, സ്വഭാവവൈകൃതങ്ങൾ, അനുശീലനങ്ങൾ, ലൈംഗികധർമങ്ങളും പരസ്പര ബന്ധങ്ങളും എന്നിങ്ങനെ ബഹുതലത്തിലാണ് ലൈംഗികത പ്രകടമാകുകയും അനുഭവേദ്യമാവുകയും ചെയ്യുന്നത്.

ഈ ദൃശ്യ ഘടകങ്ങളൊക്കെയും ‘ലൈംഗികത’ ഉൾക്കൊള്ളുന്നുവെങ്കിലും ഇവ പലപ്പോഴും അനുഭവേദ്യമാകുകയോ പ്രകടിതമാവുകയോ ചെയ്യുന്നില്ല. ജീവശാസ്ത്രപരവും, മനഃശാസ്ത്രപരവും, സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവും, സാംസ്കാരികവും, ധാർമികവും, നിയമപരവും, ചരിത്രപരവും, മതപരവും, ആത്മീയവുമായ ഘടകങ്ങളുടെ സമ്പർക്കം വഴി സ്വാധീനിക്കപ്പെടുന്ന ഒന്നാണ് ‘ലൈംഗികത’ (ലോകാരോഗ്യ സംഘടന 2016). ഇൻഡ്യയിലാകട്ടെ ‘ലൈംഗികത’ പ്രധാനമായും വീക്ഷിക്കപ്പെടുന്നത് ഒരു നിഷിദ്ധവൃത്തി എന്ന നിലയിലും, ലൈംഗിക കർമം, ലൈംഗിക അതിക്രമങ്ങൾ, ലൈംഗിക സുരക്ഷ, സ്വേച്ഛായാലല്ലാത്ത ഗർഭധാരണം എന്നിങ്ങനെയുള്ള ഉദ്ദേശ്യങ്ങളിലുമാണ്. പ്രധാനമായും സ്ത്രീകളെ സംബന്ധിച്ച ‘അഭിമാനം’ എന്ന സങ്കൽപ്പത്തെ സംരക്ഷിക്കാനുതകുന്ന സാമൂഹിക-സാംസ്കാരിക നിയമാവലികളാൽ ഈ പദപ്രയോഗം അങ്ങേയറ്റം സങ്കുചിതരുപം പ്രാപിച്ചിരിക്കുന്നു.

ഇൻഡ്യൻ വീക്ഷണമനുസരിച്ച് മനുഷ്യശരീരമെന്നത് പൂർണമായും കുറ്റമറ്റ ശരീരമാണ്. അംഗവൈകല്യം എന്നത് അപഭ്രംശമായും, മുൻജന്മ ദുഷ്കൃത്യങ്ങളുടെ (വിശിഷ്യാ മാതാവിന്റെ) ഫലമായുണ്ടാകുന്നതാണെന്നും കരുതപ്പെടുന്നു. ഈ സമീപനം മൂലം, ഡിസേബിൾഡായ ഒരാൾ കുടുംബത്തിനു ഭാരമായും അപമാനഹേതുവായും കരുതിപ്പോരുന്നുണ്ട്.

പ്രസ്തുത ഡിസബിലിറ്റിക്കാരുടെ കുടുംബം മൊത്തമായോ, വ്യക്തി തനിച്ചോ സാമൂഹിക അവഗണന അനുഭവിക്കേണ്ടിവരികയും, അപശകുനമെന്ന നിലയിൽ അപലപിക്കപ്പെടുകയും ചെയ്യുന്നു. ഡിസബിലിറ്റിക്കാരെക്കുറിച്ച മറ്റൊരു വീക്ഷണം, അവർ മറ്റുള്ളവരുടെ സഹതാപവും സഹായവും അർഹിക്കുന്നവർ മാത്രമാണ് എന്നതാണ്. ഡിസബിലിറ്റിയെക്കുറിച്ച അധിക വീക്ഷണങ്ങളും വെല്ലുവിളിക്കപ്പെടുകയും, ഒരു സാമൂഹിക നിർമിതിയെന്ന നിലയിൽ അഭിവീക്ഷിക്കപ്പെടുകയും ചെയ്യുമ്പോഴും, ലൈംഗികതയെക്കുറിച്ചുള്ള ധാരണകൾ മാറ്റമില്ലാതെ തുടരുകയാണ്.

ഈയിടെ രൂപീകൃതമായ ഡിസബിലിറ്റിക്കാരുടെ അവകാശത്തിനായുള്ള നിയമം (2016) പ്രകാരം, ഡിസബിലിറ്റിക്കാരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സമ്മേളനം മുന്നോട്ടുവെച്ച നിർദേശങ്ങൾക്കനുസരിച്ച് നിയമനിർമാണങ്ങൾക്ക് രൂപരേഖയിടുകയുണ്ടായി. അതനുസരിച്ച് “ഒരു ഡിസേബിൾഡ് വ്യക്തി (എന്നാൽ) ദീർഘകാലമായി ശാരീരികമോ, മാനസികമോ, ബോധ/ബുദ്ധിപരമോ ആയ വൈകല്യങ്ങൾ ഉള്ളവരും, ആയതിനാൽ മറ്റുള്ളവരുമായി ആശയവിനിമയത്തിനു തടസ്സം നേരിടുന്നവരും, അതുമൂലം സമൂഹവുമായുള്ള പൂർണവും ഫലപ്രദവുമായ സംവേദനം സാധ്യമാക്കാൻ കഴിയാത്തവരുമാണ്”. (ഡിസേബിൾഡ് വ്യക്തികളുടെ അവകാശങ്ങൾക്കായുള്ള നിയമം, 2016)

ഡിസബിലിറ്റിക്കാരുടെ വിഷയത്തെ സാമ്പത്തികവും, തൊഴിൽപരവുമായ വിഷയമെന്നതിലുപരി, ജീവകാരുണ്യ-ജനക്ഷേമ പ്രശ്നമായി സമീപിക്കുകയാണ് സർക്കാർ നിലപാടുകൾ. അപ്രകാരം, അവരെ മറ്റുള്ളവരോടൊപ്പം ഏതാണ്ട് തുല്യനിലയിൽ വർത്തിക്കാൻ അത് ശ്രമിക്കുന്നു.

ഇൻഡ്യയിൽ, ഡിസബിലിറ്റിയും ലൈംഗികതയും എപ്പോഴും വിവാദ വിഷയം തന്നെയാണ്. ഇതുസംബന്ധിച്ച് തുടരുന്ന മാധ്യമ സംവാദങ്ങൾ അതിന്റെ സാക്ഷ്യങ്ങളാണ്. ഒപ്പം തുടർന്നുകൊണ്ടേയിരിക്കുന്ന മനുഷ്യാവകാശലംഘനങ്ങളും. ഡിസബിലിറ്റിക്കും ലൈംഗികതക്കും വ്യത്യസ്ഥതരത്തിലുള്ള കളങ്കങ്ങളാണ് സമൂഹം ചാർത്തിക്കൊടുത്തിട്ടുള്ളതെന്നു കാണാം. ഡിസേബിൾഡ് ആയ പുരുഷനെക്കുറിച്ച സമൂഹത്തിന്റെ ചിത്രം, ഒന്നുകിൽ ലൈംഗികശേഷി കുറഞ്ഞവനോ അല്ലെങ്കിൽ അമിത ലൈംഗികാസക്തി ഉള്ളവനോ ആയിട്ടായിരിക്കും. ഡിസബിലിറ്റിക്കാരായ സ്ത്രീകളുടെ കാര്യത്തിലും ഇതേ ആരോപണങ്ങൾ ചാർത്തപ്പെടുന്നതു കാണാം. ദാമ്പത്യജീവിതത്തിനോ സന്താനോൽപാദനത്തിനോ ശേഷിയില്ലാത്തവരെന്ന ആരോപണം അപ്രകാരം സജീവമായ സ്ത്രീത്വത്തിൽ നിന്നും, വൈവാഹിക-കുടുംബജീവിതങ്ങളിൽനിന്നും, ക്രിയാത്മകമായ ലൈംഗികതയിൽ നിന്നും അവർ വകഞ്ഞുമാറ്റപ്പെടുന്നു.

ലിംഗഭേദത്തിന്റെയും ഡിസബിലിറ്റിയുടെയും കൂടിക്കലരൽ എപ്രകാരമാണ് ലൈംഗിക-പ്രത്യുൽപാദനശേഷിയെ സ്വാധീനിക്കുന്നത്? ലിംഗ സ്വത്വത്തെക്കുറിച്ചുള്ള ഇൻഡ്യക്കാരുടെ ധാരണകളിൽ ഏറ്റവും പ്രബലമായത്, അതു യാഥാസ്ഥികമായ ലൈംഗിക ദ്വന്ദ്വത്തിൽ അധിഷ്ഠിതമാണെന്നതും ഇടക്കുള്ള ദ്വിലിംഗ വ്യക്തിത്വത്തെ അവഗണിക്കുന്നുവെന്നതുമാണ്.

ഒപ്പം, പിതൃദായ ക്രമത്തിലധിഷ്ഠിതമായ ഇൻഡ്യൻ സാമൂഹിക ക്രമത്തിൽ പൊതുവെയുള്ള സ്ത്രീസ്വാത്രന്ത നിയന്ത്രണത്തോടൊപ്പം ലൈംഗികതയുടെ കാര്യത്തിൽ വിശിഷ്യായുള്ള വിധിവിലക്കുകളും നിലനിൽക്കുന്നുണ്ട്. ഇപ്രകാരം ഡിസബിലിറ്റിക്കാരായ സ്ത്രീജനങ്ങളുടെ അവസ്ഥ പരിതാപകരം തന്നെയാണ്.

ലിംഗ സ്വത്വത്തിന്റെയും ലൈംഗികതയുടെയും പശ്ചാത്തലത്തിലാവട്ടെ, ഡിസബിലിറ്റിക്കാരായ സ്ത്രീകൾ അവരിൽ പെട്ട പുരുഷൻമാരെക്കാൾ പരിതാപകരമായ അവസ്ഥയിലാണുള്ളതെന്നു കാണാം. ഈയൊരു വിവേചനം സമൂഹത്തെ, ലിംഗ സ്വത്വത്തിന്റെയും ഡിസബിലിറ്റിയുടെയും പേരിൽ പല തട്ടുകളിൽ നിർത്തുകയും, അവർക്കു ലൈംഗികതയുടെയും പ്രത്യുൽപാദനത്തിന്റെയും മേഖലകളിൽ നിയന്ത്രണങ്ങളേർപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരുണത്തിൽ, ലൈംഗികതയെയും പ്രത്യുൽപാദനത്തെയും കുറിച്ച് ‘ഐക്യരാഷ്ട്രസഭ ജനസംഖ്യാ ഫണ്ടിന്റെ’ നിർവചനം പ്രസക്തമാണ്; “മനുഷ്യന്റെ പ്രത്യുൽപാദന വ്യവസ്ഥയെസംബന്ധിച്ച ശാരീരിക-മാനസിക-സാമൂഹിക ക്ഷേമാവസ്ഥയാണിത്. ജനങ്ങളുടെ തൃപ്തികരവും സുരക്ഷിതവുമായ ലൈംഗിക ജീവിതത്തെ ഇത് അർഥമാക്കുന്നു. ഒപ്പം പ്രത്യുൽപാദന ശേഷിയെയും, അതിന്മേലുള്ള നിയാമകശക്തിയെയും ഉറപ്പുവരുത്തുന്നു”.

ലൈംഗിക-പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ചുള്ള മേൽപറഞ്ഞ ആശയഗതി, ലൈംഗികതയെക്കുറിച്ചും അതിന്റെ നാനാവശങ്ങളെക്കുറിച്ചുമുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ നിഷ്കൃഷ്ടമായ അപഗ്രഥനമർഹിക്കുന്നതാണ്. പൂർണാർഥത്തിലുള്ള ലൈംഗികാരോഗ്യം കൊണ്ടു വിവക്ഷിക്കുന്നത് ലൈംഗികവും ലിംഗപരവുമായ അസ്തിത്വം, ലൈംഗിക (സ്വഭാവ) പ്രകടനങ്ങൾ, ബന്ധങ്ങൾ, സുഖാനുഭൂതി എന്നിവയാണ്. അതോടൊപ്പം ലൈംഗികത മൂലമുണ്ടാകുന്ന വിപര്യയങ്ങളും (ഉദാഹരണമായി ലൈംഗിക രോഗങ്ങൾ, അനൈശ്ചിക ഗർഭധാരണം, ഗർഭചിദ്രം, ലൈംഗിക അതിക്രമങ്ങൾ) ഇതിലുൾപ്പെടുന്നുണ്ട്.

ലൈംഗിക വിദ്യാഭ്യാസം, അതിന്റെ വിശാലാർഥത്തിൽ പാഠ്യവിഷയമായി പാഠ്യപദ്ധതികളിൽ അംഗീകരിക്കപ്പെട്ടിട്ടില്ല.(ലൈംഗികതയും ഡിസബിലിറ്റിയും ഇൻഡ്യൻ സാഹചര്യങ്ങളിൽ, 2018). വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഡിസബിലിറ്റിക്കാർക്ക് ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെടാൻ കാരണമായി ഭവിക്കുന്നുണ്ട്. ഇത്, ഇവ്വിഷയകമായി കൂടുതൽ അറിയുന്നതിൽ നിന്നും അവരെ തടയുന്ന ഘടകമാണ്. ഇൻഡ്യയിലെ മൊത്തം ഡിസേബിൾഡ് ജനസംഖ്യയുടെ 69 ശതമാനവും താമസിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ സ്ഥിതിഗതി കൂടുതൽ രൂക്ഷമാകുന്നുണ്ട്. ( Disables Persons in India – A Statistical Profile 2016,2017 ). അതോടൊപ്പം ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച സാമൂഹിക നിയമങ്ങൾ ഇപ്പോഴും നിയന്ത്രണാധീതമാണ്. ഒരു ഡിസേബിൾഡ് വ്യക്തി ലൈംഗികമായോ, ശാരീരികമായോ പീഡിപ്പിക്കപ്പെട്ടെന്നു കരുതുക, ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തമായ ധാരണയോ അറിവോ ഇല്ലാത്ത അയാൾ/അവൾ എങ്ങനെയാണ് അതേക്കുറിച്ച് വിവരിക്കുക? കൂടുതലായും സ്ത്രീകളെ സംബന്ധിച്ച സംഭവങ്ങളിലാണ് ഇത്തരമൊരവസ്ഥ സംജാതമാകുന്നത്. അതായത്, ഒന്നുകിൽ അവർ ഇത്തരമൊരു പീഡനത്തെക്കുറിച്ച് അജ്ഞരായിരിക്കും, അല്ലെങ്കിൽ അവരതു സമ്മതിക്കേണ്ടിവരികയും ചെയ്യുന്നു. സാധാരണഗതിയിൽ ഇത്തരം സംഭവങ്ങൾ വിശ്വസിക്കാതെ പോവുകയും അതുമല്ലെങ്കിൽ മറച്ചുവെക്കപ്പെടുകയും ചെയ്യുന്നു. അധികവും ഇത്തരം നീചകൃത്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർ തങ്ങളുടെ അടുത്ത ബന്ധുക്കൾ തന്നെയാവുമെന്നതാണ് ഇതിന്റെ കാരണം. മറ്റൊരു പ്രശ്നം, ഇത്തരം സംഭവങ്ങളിൽ നിന്നു ലഭ്യമായ വിവരങ്ങൾ കൃത്യമായി ആശയവിനിമയം നടത്തപ്പെടാതെ പോവുന്നുവെന്നതാണ്. ഇരകൾ അഭ്യസ്ഥരല്ലാതാകുമ്പോഴാണ് ഇതു സംഭവിക്കുക.

ഡിസബിലിറ്റിയുള്ള ഒരാൾ പ്രായപൂർത്തിയാകുമ്പോൾ, പുരുഷ ശരീരത്തെ അപേക്ഷിച്ച് സ്ത്രീ ശരീരത്തിലാണ് ഗണ്യമായ പരിവർത്തനങ്ങൾ സംഭവിക്കുന്നത്. പ്രാകൃതികമായ ഈ മാറ്റങ്ങളും, അതിനെത്തുടർന്നുണ്ടാകുന്ന സ്വാഭാവ വ്യതിയാനങ്ങളും അടക്കിവെക്കുവാനും നിയന്ത്രിതമാക്കാനും ഇവർ നിർബന്ധിതരാകുന്നു. ഇത്തരം നിയന്ത്രണങ്ങൾ അവരുടെ ഒറ്റപ്പെടൽ വർദ്ധിപ്പിക്കുകയും, അതേത്തുടർന്ന് സാമൂഹിക സമ്പർക്കം പോലും സുസാദ്ധ്യാമാവാതെ പോവുകയും ചെയ്യും. ഇത് വിദ്യാഭ്യാസം, തൊഴിൽ, ധനസമ്പാദനം, സുഹൃദ് വലയങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനത്തെയും ലഘൂകരിക്കുന്നുണ്ട്. ഇതെല്ലാം ചേർന്ന് വ്യക്തിയുടെ സാമൂഹികവൽകരണം അത്യന്തം ദുഷ്കരമാക്കിതീർക്കുന്നു. സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക അതിക്രമങ്ങളിൽ നിന്നു സുരക്ഷിതരായിക്കാൻ എന്ന നിലയിലും, ആർത്തവ ചക്രത്തിൽ നിന്ന് മോചിതരാക്കാൻ വേണ്ടിയും ചിലപ്പോഴൊക്കെ നിർബന്ധിതമായി ഗർഭാശയം നീക്കംചെയ്യാൻ വരെ സ്ത്രീകൾ വിധേയരാക്കപ്പെടുന്നുണ്ട്. 1994ൽ പൂനെയിൽ ഇത്തരത്തിൽ രക്ഷിതാക്കളുടെ സമ്മതത്തോടെ ബുദ്ധി പരിമിതിയുള്ള സ്ത്രീകളെ കൂട്ടത്തോടെ ഗർഭാശയ നിർമൂലനത്തിനു വിധേയരാക്കുകയുണ്ടായി (മസൂദി 2014). ഇതേ തുടർന്ന് വൈവാഹിക-ലൈംഗിക ജീവിതത്തോടുള്ള അവരുടെ അഭിനിവേശവും ശ്രമങ്ങളും ക്രൂരമായി അപഹരിക്കപ്പെടുകയും ചെയ്യുന്നു.

ഇപ്രകാരം അവർ ലൈംഗിക ചേതനയില്ലാത്തവരായി മാറ്റപ്പെടുകയും, വൈവാഹിക ജീവിതത്തിന് അയോഗ്യരാക്കപ്പെടുകയും ചെയ്യുന്നു. അനുബന്ധമായി, ഡിസബിലിറ്റിയുള്ള സ്ത്രീകൾ ലൈംഗികരായി വശംവദരാകാൻ എളുപ്പമുള്ളവരാണെന്ന ഒരു ധാരണകൂടി നിലനിൽക്കുന്നുണ്ട്. ഡിസബിലിറ്റിയുള്ള യുവതികളുടെ കാര്യത്തിൽ ഇത്തരം സംഭവങ്ങൾ നിരന്തരമായി ആവർത്തിച്ചുകൊണ്ടിരിക്കെ, അവരെ സംബന്ധിച്ചിടത്തോളം ആരാണ് തങ്ങളുടെ പീഡകരെന്നു പോലും തിരിച്ചറിയാതെ പോകുന്നുണ്ട്. ശാരീരികമായ അപര്യാപ്തത അവരുടെ ചലനാത്മകതയെ ബാധിക്കുന്നതിനാൽ ഇത്തരം സംഭവങ്ങളിൽ അവർ കൂടുതൽ ഇരകളാക്കപ്പെടുന്നു. ഇത്തരത്തിലുള്ള അധികസംഭവങ്ങളിൽ അടുത്ത ബന്ധുക്കൾതന്നെ ഉൾപെട്ടിട്ടുള്ളതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ വശംവദരാക്കുന്ന സ്ത്രീകൾ, തങ്ങൾ നിന്ദ്യരാണെന്ന് സ്വയം കരുതുന്നു. അവരുടെ തല മുണ്ഡനം ചെയ്യപ്പെടുകയും സ്വന്തം ആകർഷണീയത മറക്കാൻ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഇരകളാക്കപ്പെട്ട ഡിസബിലിറ്റിക്കാരുടെ മനസ്സിൽ ഈയവസ്ഥയെക്കുറിച്ച് അതിവികലമായ ചിത്രം സൃഷ്ടിക്കുകയും, തങ്ങൾ കുടുംബത്തിനും സമൂഹത്തിനും ഭാരമാണെന്ന മാനസികാവസ്ഥ സംജാതമാക്കുകയും ചെയ്യുന്നു. ഈ ദൃശ്യസംഭവങ്ങളെല്ലാം അതീവ ദാരുണമായ ആത്മനിന്ദയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. ഡിസബിലിറ്റിക്കാരുടെ വൈവാഹിക-അനുബന്ധ വിഷയങ്ങൾ അത്യന്തം വിവാദവിഷയമാകുന്ന ഒന്നാണ്. ഡിസബിലിറ്റിയുള്ള യുവതികളുടെ കാര്യത്തിൽ അവർ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നത് സദാചാര വിരുദ്ധമെന്ന് മുദ്രകുത്തുകയും അപ്രകാരം ബന്ധങ്ങളിൽ ഏർപ്പെടുന്നതിന് വിലക്കുകയും ചെയ്യുന്നു. അതോടൊപ്പം തങ്ങൾ ചൂഷണം ചെയ്യപ്പെടുമെന്ന ഭയവും സാമൂഹിക സമ്മർദ്ദങ്ങളും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് അവരെ തടയുന്നു.

ഡിസബിലിറ്റിക്കാർ പലപ്പോഴും ശിശുതുല്യരായി ഗണിക്കപ്പെടുകയും, തങ്ങളുടെ സന്താനങ്ങളെ നോക്കാൻ കെൽപില്ലാത്തവരായി വീക്ഷിക്കപ്പെടുകയും ചെയ്യുന്നു. ലൈംഗിക ബന്ധങ്ങൾ വൈവാഹിക ജീവിതത്തിലൂടെ മാത്രം അനുവദനീയമാകുന്നു. 2011 സെൻസസിലെ ഡിസബിലിറ്റിയുള്ളവരുടെ പട്ടികപ്രകാരം അവരിൽ പെട്ട 46.87 ശതമാനം മാത്രമാണ് വിവാഹിതരായിട്ടുള്ളു. വലിയൊരു ശതമാനം (41.72%) മംഗല്യഭാഗ്യമില്ലാത്തവരും 10.29 ശതമാനം പേർ വിധവകളുമാണെന്നു കാണാം.

ഈ സ്ഥിതിവിവരക്കണക്കു പ്രകാരം വിവാഹിതരാകുന്ന ഡിസബിലിറ്റിയുള്ള പുരുഷൻമാർ, സ്ത്രീകളേക്കാൾ കൂടുതലാണെന്നു കാണുന്നു (പുരുഷൻമാർ 62% , സ്ത്രീകൾ 54%). ഒപ്പം വിധവകളാകുന്ന ഭിന്നശേഷി വനിതകൾ (13%) വിഭാര്യരാകുന്ന ഭിന്നശേഷി പുരുഷന്മാരെക്കാൾ കൂടുതലാണെന്നും കാണുന്നു (6%). (Disables Person In India; A statistical Profile 2016-17). ഡിസബിലിറ്റിക്കാരായ പുരുഷന്മാരുടെ കാര്യത്തിൽ, അവർക്ക് സ്വത്തും ആസ്തിയുമുണ്ടെന്ന കാരണത്താൽ വിവാഹജീവിതം സാധ്യമാകുന്നുണ്ട്. എന്നാൽ സ്ത്രീകളെ സംബന്ധിച്ച് അവർക്കു സ്വത്തു-സൗകര്യങ്ങളില്ലാത്തതും, സ്ത്രീധന സമ്പ്രദായവും ഇതിനു വിഘ്നമായി നിൽക്കുകയും ചെയ്യുന്നു. ഇൻഡ്യയിൽ സ്ത്രീജനങ്ങളുടെ പ്രത്യുൽപാദന ആരോഗ്യം അങ്ങേയറ്റം അവഗണിക്കപ്പെട്ട നിലയിലാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Menon 2018). ഇൻഡ്യയിലെ എം.എം.അർ (പ്രസവാനുബന്ധമുള്ള മാതൃമരണങ്ങളെ സംബന്ധിച്ച്) നിരക്കനുസരിച്ച് 130 ആണ്. ആ വർഷത്തെ (2014-15) നിരക്ക്. ഇതു ഗണ്യമായ വർദ്ധനവാണ്. ഡിസബിലിറ്റിക്കാരുടെ പ്രത്യേകമായ അവസ്ഥ പരിഗണിക്കുമ്പോൾ ഇതിനെക്കാൾ ശോചനീയമായ ചിത്രമാണ് കാണാനാവുന്നത്. പൊതു ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള ഡിസബിലിറ്റിക്കാരുടെ പ്രാപ്യത ദുഷ്കരമായിരിക്കുന്നുവെന്നതാണ് ഇതിന്റെ കാരണം (Gudlavallati, John, Allagh, Sagar, Kamala Kannan And Group 2014). ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനുള്ള പ്രയാസം അമ്മയെയും കുഞ്ഞിനെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ്. എപ്പോഴും ബന്ധുമിത്രാദികളാൽ അനുഗമിക്കപ്പെടുന്നതിനാൽ തങ്ങളുടെ ലൈംഗിക-അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ ഡോക്ടർമാരുമായി പങ്കുവെക്കാൻ ഡിസബിലിറ്റിക്കാർ പ്രയാസം നേരിടുന്നുണ്ട്. ഇൻഡ്യൻ സാഹചര്യങ്ങളിൽ ഒരു സ്ത്രീയെന്നാൽ കീഴൊതുങ്ങേണ്ടവളാണെന്ന ധാരണ നിലനിൽക്കുന്നതിനാൽ ഡിസബിലിറ്റിക്കാരായ സ്ത്രീകളുടെ കാര്യം അങ്ങേയറ്റം ദയനീയമാകുന്നു. പ്രത്യുൽപാദന വിഷയത്തിൽ ഇത് അങ്ങേയറ്റം ദുഷ്കരമാവുമാകുന്നു. എന്തെന്നാൽ തങ്ങൾക്ക് എത്രകുട്ടികൾ വേണമെന്നു നിർണയിക്കാൻപോലും അവർക്കു സ്വാതന്ത്ര്യം നൽകപ്പെടുന്നില്ല. ഡിസബിലിറ്റിക്കാരായ പുരുഷൻമാർ അത്തരക്കാരായ സ്ത്രീകളെയപേക്ഷിച്ച് തങ്ങളുടെ അഭിലാഷങ്ങൾ പ്രകടിപ്പിക്കുന്നതിനും, വിവാഹിതരാവുന്നതിനും, ആരോഗ്യ-ക്ഷേമസൗകര്യങ്ങൾ ലഭ്യമാകുന്നതിനും ഗണനീയമായ തോതിൽ സൗകര്യവും നേട്ടങ്ങളുമനുഭവിക്കുന്നുണ്ട്.

ഇൻഡ്യയിലെ ഡിസബിലിറ്റിക്കാരെ സംബന്ധിക്കുന്ന പ്രധാന ലൈംഗിക-പ്രത്യുൽപാദന പ്രശ്നങ്ങൾ എന്തൊക്കെയാണ്? 2016ലെ ‘ഡിസേബിൾഡ് വ്യക്തികളുടെ അവകാശങ്ങൾക്കായുള്ള നിയമം’ ഇവ്വിഷയകമായി പരാമർശമർഹിക്കുന്ന നിയമനിർമാണമാണ്. ഡിസബിലിറ്റിയുള്ളവരുടെ ലൈംഗിക-പ്രത്യുൽപാദന ആരോഗ്യത്തിൽ ഗണനീയമായ നിർദേശങ്ങൾ ഇതു മുന്നോട്ടുവെക്കുകയുണ്ടായി. ഈ നിയമപ്രകാരം (Section 25 (2) K) ബന്ധപ്പെട്ട ഭരണകൂടവും പ്രാദേശിക ഭരണാധികാരികളും ഡിസബിലിറ്റിക്കാരുടെ ക്ഷേമത്തിനായി വേണ്ട നടപടികൾ സ്വീകരിക്കുകയും പദ്ധതികളാവിഷ്ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഡിസബിലിറ്റിക്കാരായ സ്ത്രീകളുടെ ലൈംഗിക-പ്രത്യുൽപാദന ആരോഗ്യസുരക്ഷയെക്കുറിച്ച് ഇതിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഡിസബിലിറ്റിക്കാരിൽ അധികപങ്കും ഗ്രാമങ്ങളിൽ അധിവസിക്കുന്നവരാകയാൽ, ഗ്രാമങ്ങളിലെ പ്രാദേശിക അധികാരകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ, നടപടികൾ, പദ്ധതികളുമെല്ലാം (അവയുടെ കാര്യക്ഷമതയില്ലായ്മയാൽ) വിദൂരസ്വപ്നമായി അവശേഷിക്കുന്നു .

ഡിസബിലിറ്റിക്കാരുടെ അവകാശങ്ങൾ (2016) പരാമർശിച്ച ഭാഗത്ത് ഇതു സംബന്ധിച്ച നിബന്ധനകൾ നമുക്ക് ദർശിക്കാവുന്നതാണ്. വ്യക്തിസ്വാതന്ത്യം, അതിക്രമങ്ങൾക്കെതിരെയുള്ള സംരക്ഷണം, അതിക്രമ-ചൂഷണങ്ങളിൽ നിന്നുള്ള സംരക്ഷണം, ഇത്യാദി വിഷയങ്ങൾ ഇതിലുൾപ്പെടുന്നു. എന്നാൽ ഡിസബിലിറ്റിക്കാരുടെ പ്രത്യുൽപാദനപരമായ അവകാശങ്ങളെക്കുറിച്ച് പ്രത്യക്ഷമായ പരാമർശങ്ങൾ പത്താം അനുച്ഛേദം (Section 10 ) അനുസൃതമായി, ഇതിൽ ദൃശ്യമാകുന്നില്ല. ഡിസബിലിറ്റിക്കാരനായ വ്യക്തിക്ക് പ്രത്യുൽപാദനപരവും കുടുംബാസൂത്രണ സംബന്ധിയുമായ കൃത്യമായി വിവരങ്ങൾ വിതരണം ചെയ്യപ്പെടുന്നുവെന്ന് ഭരണകൂടം ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് മതിയായ വിവരങ്ങൾ നൽകപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ അവ്യക്തതയാണ് നിലനിൽക്കുന്നത്.

ലൈംഗിക പ്രത്യുൽപാദന സംബന്ധിയായ അവകാശങ്ങൾ ആർജിക്കുന്നത് ഇൻഡ്യൻ സാഹചര്യങ്ങളിൽ വലിയ പ്രശ്നം തന്നെയാണ്. ഇതു സംബന്ധിച്ചുള്ള നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും അവ്യക്തതയും, ചുറ്റുപാടുമുള്ള ജനതയുടെ ഇവ്വിഷയകമായ നിലപാടും ഇതിൽ സാരമായ പങ്കുവഹിക്കുന്നുണ്ട്. അതേസമയം മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലിയ പ്രതിബന്ധം തന്നെയാണ്. സവിശേഷമായി, ഡിസബിലിറ്റിക്കാരായ സ്ത്രീകളുടെ വിഷയത്തിൽ, ഇവ എപ്രകാരമാണ് അവരുടെ ലൈംഗിക-പ്രത്യുൽപാദന ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നത് സവിശേഷ പരാമർശമർഹിക്കുന്നുണ്ട്. ഡിസബിലിറ്റിക്കാരിയായ വനിതയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വിദ്യാലയങ്ങളിൽ അവരുടെ ആർത്തവസംബന്ധിയായ ആവശ്യങ്ങളോ പരിചരണമോ സംബന്ധിച്ച് പ്രാഥമിക സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്നതാണ് വസ്തുത. ഇതു സംബന്ധിച്ച് പരിശീലനം സിദ്ധിച്ച പ്രവർത്തകരുടെ അഭാവവും സാധന-സൗകര്യങ്ങളുടെ ലഭ്യതയില്ലായ്മയും സ്ഥിതിഗതികൾ രൂക്ഷമാക്കുന്നുണ്ട്. പ്രത്യേകമായുള്ള ശൗചാലയങ്ങളടക്കമുള്ള ദൃശസൗകര്യങ്ങളുടെ അഭാവം സ്ത്രീകളായ ഡിസബിലിറ്റിക്കാരെ വിദ്യാഭ്യാസ ജീവിതത്തിൽ നിന്നും, തദ്വാരാ പൊതു മണ്ഡലങ്ങളിൽ നിന്നു തന്നെയും അകറ്റികളയുന്നതിൽ കാര്യമായി പങ്ക് വഹിക്കുന്നുണ്ട്.

പതിനാറു സംസ്ഥാനങ്ങളിലെ അഞ്ഞൂറു സ്കൂളുകളിൽ നടത്തിയ സ്ഥിതിവിവര പരിശോധന പ്രകാരം അറുപതിൽ താഴെ സ്കൂളുകളിൽ മാത്രമാണ് പെൺകുട്ടികൾക്കായി പ്രത്യേക ശൗചാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളൂ എന്ന് കാണപ്പെട്ടു. അതായത് ഏകദേശം നാൽപതു സ്കൂളുകളിൽ ഇവർക്കായി ടോയ്‌ലെറ്റ് സൗകര്യങ്ങൾ ലഭ്യമല്ല (Sharma 2014). പ്രത്യുൽപാദന സംബന്ധിയായ അവകാശങ്ങളിൽ പ്രധാനമായ സന്താനോൽപാദനം സംബന്ധിച്ച് (സന്താനങ്ങളുടെ) എണ്ണം, ഗർഭധാരണം തമ്മിലുള്ള അകലം, കാലനിർണയം എന്നിവയോടൊപ്പം ലൈംഗിക പ്രത്യുൽപാദന ജീവിതത്തിൽ മെച്ചപ്പെട്ട നിലവാരം ആർജിക്കുന്നതിനായുള്ള ഉദ്യമങ്ങൾക്ക് പ്രതിബന്ധമാകുന്നത്, നിലനിൽക്കുന്ന സാമൂഹിക-സാംസ്കാരിക ഘടകങ്ങളും, ആരോഗ്യ-സുരക്ഷ രംഗത്തെ വർധിതമായ ചെലവുകൾ, ചലനാത്മകതയുടെ നിയന്ത്രണം, ആരോഗ്യ രംഗത്തെ ജീവനക്കാരുടെ മനോഗതി, ആശയവിനിമയത്തിലെ അപര്യാപ്തത ആരോഗ്യ-സുരക്ഷ കേന്ദ്രങ്ങളിലേക്ക് നയിക്കുന്ന സൗകര്യങ്ങളുടെ അഭാവം എന്നിവ കൂടിയാണ്. ഡിസബിലിറ്റിക്കാരുടെ അംഗവൈകല്യത്തെ കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് ഇവ നയിക്കുന്നു. ഇപ്രകാരം പൂർണമായും സാമൂഹിക അവഗണന പേറുന്ന ഈ സമൂഹം പുരോഗതി പ്രാപിക്കുകയും അവരുടെ അവകാശങ്ങൾ കരഗതമാക്കുകയും ചെയ്യേണ്ടതുണ്ട്. അപ്രകാരം അവർക്ക് ജീവിതത്തെ അതിന്റെ സാകല്യാവസ്ഥയിൽ അനുഭവിക്കുന്നതിനു പൗരസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പൂർണ പിന്തുണ അനിവാര്യവുമാണ്. ഒപ്പം ഡിസബിലിറ്റിക്കാരുടെ ജീവിതങ്ങളെക്കുറിച്ചും അവരുടെ ലൈംഗിക ചേതനകളെ സംബന്ധിച്ചുമുള്ള മിഥ്യാധാരണകൾ സാമാന്യ ജനങ്ങൾക്കിടയിൽ നിന്നു മാറ്റപ്പെടേണ്ടതുമുണ്ട്.

  • (2017). Disabled Persons in India : A statistical profile 2016. New Delhi : Ministry of Statistics and Programme Implementation , Government of India
  • Gudlavalleti, M.V. John , N.K. Sagar, J. Kamalakannan , S. , & Group , S. S. ( 2014 ) . Access to health care and employment status of people with disabilities in South India , the SIDE ( South India Disability Evidence ) study . BMC Public Health .
  • Masoodi , A. ( 2014 , Dec 03 ) . Sexual rights of disabled women Retrieved July 5 , 2018 , from Livemint : https://www.livemint.com/Politics/FDP pol4lJ OpX037spUUTKL / Sexual - rights - of disabled women.html
  • Menon , S. ( 2018 , March 14 ) . Women's reproductive health is the most neglected in our society . Retrieved July 6 , 2018 , from Huffpost : https://www.huffingtonpost.in/india development - review / women - s - reproductive - health - is - the - most - neglected - thing - in - our society a_23385135 /
  • Sexuality and disability in the Indian context . Tarshi .
  • ( 2016 ) . The Rights of Person With Disability Act New Delhi : Ministry of Law And Justice , Government of India
Top