ഹിന്ദുത്വ ദേശീയതയിൽ നിന്ന് എൻജിഒകൾക്ക് അന്താരാഷ്ട്ര സംരക്ഷണം വേണം
എൻജിഒകളുടെ പ്രവർത്തനങ്ങൾ എന്നന്നേക്കുമായി ഇല്ലാതാക്കാൻ ബിജെപി കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന, സാമൂഹിക സംഘങ്ങളുടെ ഭാവിയെ ഇത് അപകടത്തിലാക്കും. 2010 ൽ എഫ്‌സിആർഎയിൽ വരുത്തിയ ഭേദഗതി പ്രകാരം ഭരണകൂടത്തെ വിമർശിക്കുന്ന, വിദേശ സഹായം സ്വീകരിക്കുന്ന എൻജിഒകളെ കർശന നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റൂമാന ഹുകിൽ എഴുതുന്നു.
രാജ്യത്തെ സാമൂഹിക സന്നദ്ധ സംഘങ്ങളുടെ ഭാവിയിൽ, നരേന്ദ്ര മോദിയുടെ രണ്ടാം വരവ് വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. 1976 മുതൽ തന്നെ ഇത്തരം സാമൂഹിക സംഘങ്ങൾ വിവിധങ്ങളായ വെല്ലുവിളികൾ നേരിടുകയാണ്. മാറിമാറി വരുന്ന സർക്കാറുകൾ ‘ദേശവിരുദ്ധ-രാജ്യദ്രോഹ’ ചാപ്പകുത്തലുകളിലൂടെ അവരെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.
എൻജിഒകൾ (ഗവൺമെന്റിതര സന്നദ്ധ സംഘടനകൾ) രാജ്യവിരുദ്ധരും ജനാധിപത്യ വിരുദ്ധരുമാണെന്ന് പറയുന്ന ഹിന്ദുത്വ ദേശീയതയുടെ ഇക്കാര്യത്തിലുള്ള പങ്ക് – ഒപ്പം ബിജെപിയുടെ പ്രത്യയശാസ്ത്രവും – പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. എൻജിഒകളുടെ പ്രവർത്തനങ്ങൾക്ക് സുരക്ഷ ഉറപ്പു വരുത്തുന്ന അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥകളും ഇന്നാട്ടിലുണ്ടെന്നതും അതോടൊപ്പം തന്നെ മനസിലാക്കേണ്ടതാണ്.
ഹിന്ദുത്വ രാഷ്ട്രീയവും എൻജിഒകളും
ഹിന്ദു രാഷ്ട്രനിർമിതിയെ പ്രോൽസാഹിപ്പിക്കുന്നതാണ് ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം. പൗരാവകാശ സംഘടനകളെ തങ്ങളുടെ വരുതിയിൽ നിർത്തുക, ഹിന്ദുത്വ ദേശീയതക്കനുസൃതമായി അവരെ വാർത്തെടുക്കുക, എതിർക്കുന്നവരെ നിരീക്ഷിക്കുകയും കടുത്ത പ്രതികാര നടപ്പാടികൾക്കിരയാക്കുകയും ചെയ്യുക തുടങ്ങിയ രീതികൾ ഹിന്ദുത്വയിൽ അന്തർലീനമായിട്ടുള്ളതാണ്.
അതോടൊപ്പം ഹിന്ദുയിസത്തിന്റെ മഹത്വവൽക്കരണത്തെയും പുനരുജ്ജീവനവാദത്തെയും ശക്തിപ്പെടുത്തുകയും, ഹിന്ദുത്വ ദേശീയതയെ മേധാവിത്ത സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് രാജ്യത്ത് നീതിക്കു വേണ്ടി, സാമൂഹിക-സാംസ്‌കാരിക മാറ്റത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഇതര വിഭാഗങ്ങൾക്കെതിരെ അസഹിഷ്ണുത കുത്തിനിറക്കുകയും ചെയ്യുന്നു.
പരമ്പരാഗത അധികാര ശ്രേണിയെയും സാമൂഹിക ഘടനയെയും വെല്ലുവിളിക്കുന്ന എൻജിഒ ആക്റ്റിവിസ്റ്റുകളെ ധിക്കാരികളായിട്ടാണ് ബിജെപി കാണുന്നത്. നിലനിൽക്കുന്ന അവസ്ഥകളോടും ഹിന്ദു ഭൂരിപക്ഷവാദത്തോടും ഏറ്റുമുട്ടുന്ന എൻജിഒകളുടെ സമീപനങ്ങൾ തങ്ങൾക്കനുഗുണമല്ലെന്ന് ബിജെപി കരുതുന്നു.
2017ൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ചില മതസംഘടനകളെ മോദി സർക്കാർ ലക്ഷ്യമിട്ടു. വിദേശ ധനസഹായത്താൽ പ്രവർത്തിക്കുന്ന കംപാഷൻ ഇന്റർനാഷണൽ എന്ന ക്രിസ്ത്യൻ ചാരിറ്റി ഗ്രൂപ്പിന്റെ അംഗീകാരം റദ്ദാക്കി. നിയമപരമായി വീണ്ടും രജിസ്റ്റർ ചെയ്യണമെങ്കിൽ ക്രിസ്ത്യൻ ഇതര സംഘടനകളെ കൂടി പ്രവർത്തനപരിധിയിൽ കൊണ്ടുവരണമെന്ന് അവരോട് ആവശ്യപ്പെട്ടു.
2002ലെ ഗുജറാത്ത് വംശഹത്യയിൽ ഇരകളായ മുസ്‌ലിംകളുടെ നീതിക്കു വേണ്ടി പ്രവർത്തിക്കുന്ന നിരവധി ദേശീയ, അന്തർദേശീയ എൻജിഒകളെ ഭീഷണിപ്പെടുത്തി. പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ അന്വേഷണം നേരിടേണ്ടി വരുമെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകി.
മുൻ സർക്കാരുകൾ എൻജിഒകളോട് അസഹിഷ്ണുത പുലർത്തിയിരുന്നെങ്കിലും, തീവ്രവലതുപക്ഷ രാഷ്ട്രീയത്തിലൂടെ പൗരസമൂഹത്തെ ധ്രുവീകരിച്ച ബിജെപി, നിലപാടുകൾ കർക്കശമാക്കി. ‘പാശ്ചാത്യ ഗവൺമെന്റുകളുടെ വിദേശ നയങ്ങളുടെ സംരക്ഷകരാകും’ എന്നു പറഞ്ഞാണ് അന്തർദേശീയ എൻജിഒകളെ ലക്ഷ്യം വെച്ചത്. എന്നാൽ വിദേശ സംഭാവന നിയന്ത്രണ നിയമത്തിനു (എഫ്‌സിആർഎ) കീഴിലല്ലാത്ത, രാജ്യത്തിനകത്തെ എൻജിഒകളും വലിയ രീതിയിലുള്ള അടിച്ചമർത്തലുകളും ഭീഷണികളും അനുഭവിക്കേണ്ടി വരുന്നു.
2018ൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നടന്ന സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസിനെതിരായ പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെപ്പിൽ 13 ആക്ടിവിസ്റ്റുകൾ കൊല്ലപ്പെട്ടു.
പൂനെയിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് നിരവധി അഭിഭാഷകരെയും അക്കാദമിക വിദഗ്ധരെയും കവികളെയും (‘അർബൻ നക്സലുകൾ’) അറസ്റ്റു ചെയ്തു. കൂടാതെ വനാവകാശ നിയമത്തിലെ സമീപകാല ഭേദഗതികൾ ഫോറസ്റ്റ് അധികാരികൾക്ക് പ്രത്യേക അധികാരങ്ങൾ സ്ഥാപിച്ചു നൽകാൻ നിർദേശിക്കുന്നുണ്ട്. ഇതേ ഭേദഗതിയിലൂടെ വനവാസികളുടെ ഭൂവുടമസ്ഥാവകാശം നിഷേധിക്കുകയും ഗോത്രഭൂമിയിലേക്കുള്ള അവരുടെ പ്രവേശനം ബലപ്രയോഗത്തിലൂടെയും വിധ്വംസക പ്രവർത്തനങ്ങളിലൂടെയും തടയയുകയും ചെയ്യുന്നു.
എൻജിഒകളെ ‘നിരായുധ’രാക്കും
എൻജിഒകളുടെ പ്രവർത്തനങ്ങൾ എന്നന്നേക്കുമായി ഇല്ലാതാക്കാൻ ബിജെപി കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന, സാമൂഹിക സംഘങ്ങളുടെ ഭാവിയെ ഇത് അപകടത്തിലാക്കും. 2010 ൽ എഫ്‌സിആർഎയിൽ വരുത്തിയ ഭേദഗതി പ്രകാരം ഭരണകൂടത്തെ വിമർശിക്കുന്ന, വിദേശ സഹായം സ്വീകരിക്കുന്ന എൻജിഒകളെ കർശന നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഭേദഗതികൾ ഇവയാണ്
- രജിസ്ട്രേഷൻ പുതുക്കുന്നത് നിയന്ത്രണങ്ങൾക്ക് വിധേയമാക്കും
- വിദേശ ആഭ്യന്തര ധനസഹായം സ്വീകരിക്കുന്നതിനായി വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ നിർബന്ധമാക്കും
- വീഴ്ച വരുത്തുന്നവർക്ക് പിഴയും, ലൈസൻസ് സസ്പെന്‍ഡ് ചെയ്യലും റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളെടുക്കും
ഫലത്തിൽ എഫ്‌സിആർഎ, എൻജിഒകളെ നിശ്ചലമാക്കുകയാണുണ്ടായത്. രാജ്യത്തിന്റെ നയരൂപീകരണത്തിൽ നിർണായകമാവേണ്ട, പൗരസമൂഹത്തിന്റെ വിമർശനാത്മക സംവാദങ്ങളെ വരച്ച വരയിൽ നിർത്തുകയും അന്തർദേശീയ പങ്കാളിത്തങ്ങൾക്ക് മൂക്കുകയറിടുകയും ചെയ്തു.
2014 മുതൽ, ഇത്തരം കർക്കശമായ നിബന്ധനകൾ രാജ്യത്തെ സാമൂഹിക പ്രവർത്തകർക്ക് സാമ്പത്തിക, സാങ്കേതിക സഹായങ്ങളും, ശേഷി വർധിപ്പിക്കുന്നതിനുള്ള പിന്തുണയും നൽകുന്നതിൽ നിന്ന് ആഭ്യന്തര-വിദേശ ഏജൻസികളും ജീവകാരുണ്യ സംഘങ്ങളും വിമുഖത കാണിക്കാൻ കാരണമായി. എഫ്‌സിആർഎ വിദേശ ഫണ്ടുകൾ വെട്ടിക്കുറക്കുമ്പോൾ, മറുഭാഗത്ത് രാജ്യവിരുദ്ധരായി ചിത്രീകരിക്കപ്പെടുമെന്ന ഭയത്താൽ വളരെ അവശ്യം വേണ്ട സഹായ പ്രവർത്തനങ്ങളിൽ നിന്നു പോലും മനുഷ്യ സ്നേഹികളടക്കം പിന്മാറുന്ന അവസ്ഥ സംജാതമായി.
ഇതുകൊണ്ടൊക്കെത്തന്നെ രാജ്യത്തെ തങ്ങളുടെ ഭാവി, ദൈനംദിന അതിജീവനം എല്ലാം വലിയ ആശങ്കയിലാണെന്ന് സാമൂഹിക പ്രവർത്തകർ മനസിലാക്കുന്നു. എതിർശബ്ദങ്ങളെ മർദനങ്ങളിലൂടെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുമ്പോൾ പ്രത്യേകിച്ചും.
ഈയൊരു സാഹചര്യത്തിൽ ദേശീയ-അന്തർദേശീയ സംഘടനകൾക്ക് ഭാവിയിൽ എൻജിഒകളുടെ താല്‍പര്യങ്ങള്‍ൾ സംരക്ഷിക്കാൻ എന്തു ചെയ്യാൻ സാധിക്കും?
അന്താരാഷ്ട്ര ഇടപെടൽ അനിവാര്യം
സ്പഷ്ടമല്ലാത്ത കാരണങ്ങളാൽ അന്തർദേശീയ സാമൂഹിക സംഘങ്ങൾക്കുമേൽ യുക്തിരഹിതമായ നിയന്ത്രണങ്ങൾ കൊണ്ടുവന്ന്, ഇൻഡ്യാ ഗവണ്മെന്റ് അവയെ നിശബ്ദമാക്കിയെന്ന് 2016ലെ യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അതോടൊപ്പം നടപ്പിലാക്കാൻ പാടില്ലാത്ത എഫ്‌സിആർഎ പിൻവലിക്കാൻ യുഎൻ ഇൻഡ്യാ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
ഗവണ്മെന്റുകൾ സാമൂഹിക പ്രവർത്തങ്ങളെ ഇല്ലാതാക്കുന്നത് തടയുന്ന യുഎൻ നിയമങ്ങൾ നിലവിൽ ഇൻഡ്യ കൃത്യമായി നടപ്പിലാക്കിയിരുന്നില്ല. നടപ്പിലാക്കുകയാണെങ്കിൽ എൻജിഒകൾക്ക് അവയുടെ അവകാശങ്ങൾ മുന്നോട്ടുവെക്കാനും പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും സാധിക്കും. ഇതു പാലിക്കാതെ ചൂഷണം ചെയ്യുന്ന സർക്കാറുകൾക്ക് ഉപരോധമടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും യുഎൻ വ്യക്തമാക്കുന്നു.
സർക്കാർ നയങ്ങൾ അവലോകനം ചെയ്യാനും അടിച്ചമർത്തൽ നടപടികൾ ചോദ്യം ചെയ്യാനും ഒരു പൊതുവേദി രൂപീകരിക്കുന്നത് എൻജിഒകളെ സഹായിക്കും. ഉദാഹരണത്തിന്, ചില ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾ വർഷത്തിലൊരിക്കൽ എൻജിഒകളെ പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഒത്തുകൂടാൻ അനുവദിക്കുന്നു. എന്നാൽ ഇൻഡ്യയിൽ, അങ്ങനെയൊന്ന് സംഭവിക്കുന്നില്ല.
എൻജിഒകൾക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താൻ നമ്മുടെ രാജ്യത്തെ സന്നദ്ധ പ്രവർത്തന രംഗത്ത് കാതലായ മാറ്റങ്ങൾ അനിവാര്യമാണ്. സാമൂഹിക പ്രവർത്തകരെ സമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ പരിഗണിക്കുന്നതിലൂടെ പൗരന്റെ വിദ്യാഭ്യാസം, നിയമ സാക്ഷരത, ഉത്തരവാദിത്ത നിർവഹണം തുടങ്ങിയ മേഖലകളിലേക്ക് പണം ഒഴുകിപ്പരക്കും.
ഇപ്പറഞ്ഞ മാറ്റങ്ങളൊക്കെ സംഭവിച്ചാലും എൻജിഒകൾ, തങ്ങളുടെ ധനസഹായം സ്വീകരിക്കുന്നേടത്ത് പൂർണമായ സുതാര്യത ഉറപ്പുവരുത്തണം.
വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിയെ സംബന്ധിച്ചേടത്തോളം, ആരാലും ചോദ്യം ചെയ്യപ്പെടാതെ തന്നിഷ്ടം പ്രവർത്തിക്കാനും നിലവിലുള്ള നിയമങ്ങളെ വളച്ചൊടിക്കാനും സാധിക്കും. രാജ്യത്തിന്റെ ജനവിധി നേടിയെടുക്കുക എന്നാൽ ആ സർക്കാറിന്റെ നിയമങ്ങളും നിർദേശങ്ങളും പാലിക്കാൻ പൗരന്മാർ ബാധ്യസ്ഥരാവുക എന്നതു കൂടിയാണല്ലോ. പക്ഷേ, ജനാധിപത്യമെന്നാൽ തെരഞ്ഞെടുപ്പു ജയം മാത്രമല്ല, തുല്യ പങ്കാളിത്തത്തിന്റേതു കൂടിയാണ്. സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക പരിഷ്ക്കാരങ്ങള്‍ സർക്കാരിനു ഒറ്റക്ക് കൈകാര്യം ചെയ്തു മുന്നോട്ടു പോകാൻ കഴിയില്ല. ഇൻഡ്യ കൈക്കൊള്ളുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയവും യാഥാസ്ഥിതിക നയങ്ങളും പ്രതിരോധിക്കാൻ പൗരസമൂഹത്തെ ബദ്ധശ്രദ്ധരാക്കുന്നേടത്ത്, അന്താരാഷ്ട്ര സമൂഹത്തിന്റെ ജാഗ്രതയും ഇടപെടലും അനിവാര്യമാണ്.
വിവർത്തനം: മുനീർ അഹ്‌മദ്
- https://theconversation.com/ngos-need-international-protection-from-hindu-nationalism-in-india-117238