ജനായത്തത്തിന്റെ ഭാവിയ്ക്കു വേണ്ടിയുള്ള കലഹങ്ങൾ

അംബേഡ്കർ ചിന്തകളുടെ സുചിന്തിതമായ ഭൂമികയിൽ കാലുറപ്പിച്ച്‌, സ്വന്തം നിലപാടുകൾ വളച്ചുകെട്ടില്ലാതെ പറഞ്ഞുപോകുന്ന ഗ്രന്ഥകാരന്റെ രീതി പ്രതിലോമപരവും നിരാധാരവുമായ കാർക്കശ്യങ്ങളെ ചോദ്യം ചെയ്യുന്നത്‌ കൗതുകമുണർത്തും. പലരും വസ്തുതകൾ ചികയാതെ കൊണ്ടാടുന്ന പലതും വിചാരണക്കു വിധേയമാകും. “സമുദായിക രാഷ്ട്രീയവും സംവരണവും” എന്ന സുദേഷ് എം. രഘുവിന്റെ പുതിയ പുസ്തകത്തിന് ടി.എ അഹ്‌മദ്‌ കബീർ എഴുതുന്ന അവതരിക.

“സാമുദായിക രാഷ്ട്രീയവും സംവരണവും” എന്ന സുദേഷ് എം. രഘുവിന്റെ പുസ്തകം സമഗ്രതയും സമചിത്തതയും കൊണ്ടാണ്‌ ശ്രദ്ധേയമാകുന്നത്‌. പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരം എന്ന് പറയാനാവാത്ത വിധം പാരസ്പര്യവും നൈരന്തര്യവും ആശയാവതരണത്തിൽ ചാരുതയോടെ അനുവർത്തിക്കുന്നു. ഗ്രന്ഥകാരന്റെ നിലപാടുകൾ കൃത്യതയും സംവേദനക്ഷമതയും കൊണ്ട്‌ സമ്പന്നമാണെന്ന് ഈ ചേർച്ച വ്യക്തമാക്കുന്നു. ആശയങ്ങൾ വസ്തുതാപരമായി വിശകലനം ചെയ്യുന്ന കൃതഹസ്തവും ധന്യവുമായ ഈ ശൈലി ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്ന സന്ദർഭങ്ങളിൽ അസാധാരണമാണ്‌. അതിനാൽ വിശ്വാസ്യതയുടെ അടിത്തറയിൽ പണിതുയർത്തിയ വശ്യത ആർക്കും സ്വീകാര്യമാകും.

വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളുടെ മുൻനിരയിൽ നിൽക്കാൻ വ്യഗ്രത കാണിക്കുന്ന മലയാളി, സാമുദായിക രാഷ്ട്രീയത്തിന്റെ വിപുലമായ സാധ്യതകളെ അവഗണിക്കുന്നില്ല. രാഷ്ട്ര നിർമാണത്തിന് അനുയോജ്യമാകും വിധം സംസ്കൃതവും ഗുണപരവുമായ ആവിഷ്കാര സവിശേഷതയോടെ രാജ്യത്തിനു തന്നെ മാതൃക കാണിക്കുന്ന അന്തരീക്ഷത്തിൽ, സാമുദായിക രാഷ്ട്രീയം വിലയിരുത്തൂന്നത്‌ അനവസരത്തിലല്ല. അതിനാൽ വസ്തുതാപരമായ അപഗ്രഥനത്തിന്റെ ഗരിമയിൽ വിരചിതമായ ഈ ഗ്രന്ഥം ജനങ്ങൾ സ്വീകരിക്കും.

“സാർവത്രികമായി അംഗീകരിക്കപ്പെടുന്ന യുക്തിഭദ്രമായ മാനദണ്ഡങ്ങളുടെ വിശാലമായ അടിത്തറയിൽ രൂപംകൊള്ളുന്ന പൊതുബോധത്തിന്റെ ബലത്തിൽ മാത്രമേ ഇൻഡ്യയിലെ ജനായത്തത്തിന്റെ ഭാവി ഉറപ്പു വരൂ” എന്ന ഡോ. ബി.അർ അംബേഡ്കറിന്റെ പ്രവചന തുല്യമായ താക്കീതും ആഹ്വാനവുമാണ്‌ ഗ്രന്ഥകാരന്റെ നിലപാടുകളെ രൂപകൽപന ചെയ്യുന്ന ആശയ പരിസരം. “സമൂഹത്തിന്റെ ഭദ്രതയും അന്തസ്സും നിരാകരിക്കുന്ന കുറ്റകരമായ ഏതു നീക്കത്തോടും നിരന്തരം കലഹിക്കുന്ന പൊതുബോധത്തെ സജീവമായും അർഥപൂർണമായും വളർത്തിയെടുക്കുകയും നിലനിർത്തുകയും ചെയ്യണമെന്ന്” അംബേഡ്കർ സംശയരഹിതമായി വിശദീകരിക്കുന്നുമുണ്ട്‌.

“അവസര നിഷേധത്തിന്റെ നൊമ്പരം പേറുന്ന മർദ്ധിതൻ ആരായാലും, ആ വ്യക്തിയുടെ ദുരിതമകറ്റാനും, ആ വ്യക്തിക്ക്‌ ആധുനിക സമൂഹത്തിന്റെ പുരോഗമനപരമായ പൊതുബോധത്തിന് അനുസൃതമായി നീതി ഉറപ്പുവരുത്താനും പൊരുതുന്ന ഒരു സാമാജിക ഘടന ജനായത്തത്തിന്റെ വിജയത്തിന്‌ അനുപേക്ഷണീയമാണെന്നാണ്‌” അംബേഡ്കർ അവിരാമം ഓർമപ്പെടുത്താൻ ശ്രമിച്ചത്‌.

സുദേഷ് എം. രഘു

അംബേഡ്കർ ചിന്തകളുടെ സുചിന്തിതമായ ഭൂമികയിൽ കാലുറപ്പിച്ച്‌, സ്വന്തം നിലപാടുകൾ വളച്ചുകെട്ടുകളില്ലാതെ പറഞ്ഞുപോകുന്ന ഗ്രന്ഥകാരന്റെ രീതി പ്രതിലോമപരവും നിരാധാരവുമായ കാർക്കശ്യങ്ങളെ ചോദ്യം ചെയ്യുന്നത്‌ കൗതുകമുണർത്തും. പലരും വസ്തുതകൾ ചികയാതെ കൊണ്ടാടുന്ന പലതും വിചാരണക്കു വിധേയമാകും.

ജനായത്തം നിലനിൽക്കണമെങ്കിൽ അതിന്റെ കാവലാളുകളായി സമൂഹം മാറണം. ജനായത്തം നിലനിർത്താനുള്ള ധൈഷണികമായ പ്രഭാവവും നേതൃവൈഭവവും മഹാ പ്രവാഹമായി സമൂഹത്തിൽ ഒഴുകിപ്പരക്കണം. ഇരു കരകളിലും ജനായത്തത്തിന്റെ ജലസമൃദ്ധി സുസാധ്യമാവുകയും വേണം. അതിനു പലരെയും നിലക്കു നിർത്തേണ്ടിയും വരും. കരുതലും കരുത്തും ഈ രംഗത്ത്‌ ഒഴിവാക്കാൻ കഴിയുന്ന ആർഭാടമല്ല.

മാനവികതയുടെ കൊടിമരം തകരാതെ നോക്കണം. ഓരോ വ്യക്തിയും ഓരോ സമൂഹവും സമരസജ്ജമാകേണ്ടത്‌ ഈ വിഷയത്തിലാണ്‌. മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സുരക്ഷിതമായിരിക്കണം. ഭരണകൂടങ്ങളുടെ ഔദാര്യമല്ലത്‌. ജന്മാവകാശങ്ങളുടെ പ്രകൃതിദത്തമായ താൽപര്യ സംരക്ഷണത്തിന്റെ പ്രശ്നമാണത്‌. സാമൂഹിക നീതിയും, നിയമവാഴ്ച്ചയും സഹവർത്തിത്വവും അതിന്റെ പ്രവിശാലമായ പരിസരങ്ങളാകുന്നു. അവ രചനാത്മകമായി പുതുക്കിക്കൊണ്ടിരിക്കണം. ജാഗ്രതയും ചരിത്രബോധവും സാംസ്കാരികമായ വ്യക്തിത്വവും അതിന് കരുത്തു പകരണം. അത്തരം ഓർമപ്പെടുത്തലുകളും ഉണർത്തുപാട്ടുകളും ഈ ഗ്രന്ഥത്തിന്റെ ആനുകാലിക പ്രസക്തി വർദ്ധിപ്പിക്കുന്നുണ്ട്‌.

Top