‘മതനിരപേക്ഷമാകുന്ന’ ചാതുർവർണ്യം: കെവിൻ ജോസഫിനെ കൊല്ലാൻ ഒരുമിച്ച കേരള പൊതുബോധം

കെവിന്‍ ദലിത് ക്രിസ്ത്യാനിയാണ് എന്ന് തിരിച്ചറിഞ്ഞ ആ നിമിഷം മുതൽ ഇതൊരു ജാതിക്കൊല അല്ല എന്ന് വരുത്തിത്തീർക്കാൻ കേരളത്തിലെ സവർണ്ണ പൊതുമണ്ഡലം ശ്രമങ്ങൾ ആരംഭിച്ചു. ഈ സവർണ്ണ പൊതുമണ്ഡലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കേവലം ഹിന്ദുത്വ വിശ്വാസികൾ ചേർന്ന് മാത്രമല്ല എന്ന് വ്യക്തമായി തിരിച്ചറിയണം. ഹിന്ദുത്വക്കു വേണ്ടി നാം മാറ്റിവെച്ചിരുന്ന ചാതുർവർണ്യം ഇപ്പോൾ എല്ലാ മതങ്ങളുടെയും ജാതിവിഭാഗങ്ങളുടെയും അടിസ്ഥാന സ്വഭാവമായി മാറിയിരിക്കുന്നു. ഇതിനെ പുറത്തെടുത്തു ഇല്ലാതാക്കുന്നത് വരെ ഇത്തരം കൊലപാതകങ്ങൾ തുടരുവാനാണ് വഴി. എല്ലാമതങ്ങളിലെയും ചാതുർവര്‍ണ്യത്തെയും ബ്രാഹ്മണ്യത്തെയും പ്രതിരോധിക്കുക എന്ന അധികചുമതല ദലിത്‌ സൈദ്ധാന്തിക-പ്രായോഗിക പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് കേരളത്തിൽ നടന്ന  സംഭവമാണ്. ഒരു പിന്നാക്ക യുവാവ് ഒരു മുന്നാക്ക ഹിന്ദു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. ഇതു വലിയ കോളിളക്കമുണ്ടാക്കുന്നു. ഒടുവിൽ യുവാവിന്റെ മുന്നിൽ പെൺകുട്ടിയുടെ വീട്ടുകാർ ഒരു വ്യവസ്ഥ  വെക്കുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്കൊപ്പം, പ്രമുഖനായ രാഷ്ട്രീയ നേതാവും വക്കീലും എം.എൽ.എയും ഉണ്ട്. വ്യവസ്ഥ ഇതാണ്; ‘നിനക്കു ഞങ്ങൾ പെണ്ണിനെ തരാം. പക്ഷേ നീ എന്നെന്നേക്കുമായി നിന്റെ വീട്ടുകാരെ ഉപേക്ഷിക്കണം.’ യുവാവ് അതു നിരസിക്കുന്നു. ‘അങ്ങനെയെങ്കിൽ നീ ഇവിടെ തുടരുന്നത് എങ്ങനെയെന്നു നമുക്കു കാണാം’ എന്ന് അവർ പറയുന്നു. വളരെ സൗമ്യമായ ഭീഷണികൾ അന്നു മുതൽ ആ യുവാവിനെ പിന്തുടർന്നെത്തുന്നു. അയാൾ കേരളം വിട്ടു് ഉത്തരേന്ത്യയിലെവിടെയോ ചെന്ന് അപ്രത്യക്ഷമാകുന്നു.

ഈ കഥ അവിടെ നിൽക്കട്ടെ. സമയമാകുമ്പോൾ നമുക്ക് അതിലേക്കു തിരികെ വരാം. ഇരുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം കേരളത്തിൽ നമ്മുടെ കഥയിലെ കാമുകന്റെ അതേ പ്രായത്തിലുള്ള  യുവാവ്,  മുന്നോക്ക ക്രിസ്ത്യൻ കുടുംബത്തിലെ അംഗം എന്നു പൊതുവെ പറയുന്ന  പെൺകുട്ടിയെ അവളുടെ വീട്ടുകാരുടെ ഇഷ്ടത്തിനു വിരുദ്ധമായി വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം കഴിക്കുന്നു. തർക്ക-വിതർക്കങ്ങൾക്കൊടുവിൽ കേരളത്തിനും ആ പെണ്‍കുട്ടിക്കും ആ യുവാവിന്റെ കുടുംബത്തിനും തിരികെ കിട്ടുന്നത് ആ യുവാവിന്റെ മൃതശരീരമാണ്. കെവിൻ ജോസഫ് എന്ന യുവാവ് ഇന്ന് ദുരഭിമാനക്കൊലയുടെ ഇരയായിരിക്കുന്നു എന്നു നാം പറയുന്നു.  അപസർപ്പക കഥ വായിക്കുന്ന ഉദ്യേഗത്തോടെ കേരളം ഇന്ന് ഈ വാർത്ത പിന്തുടരുകയായതിനാൽ ഞാൻ അതിന്റെ വിശദവിവരങ്ങളിലേയ്ക്കു പോകുന്നില്ല.

കെവിൻ ജോസഫ്

സ്വാഭാവികമായും ഈ വാർത്തയോട് ഉടനടി പ്രതികരിക്കുന്നത്  രാഷ്ട്രീയ ജീവി എന്ന നിലയിലും  എഴുത്തുകാരൻ എന്ന നിലയിലും ആവശ്യമാണെന്നു തോന്നിയെങ്കിലും ഞാൻ സ്വയം പിന്നോട്ടു വലിക്കുകയായിരുന്നു. ഇതിനു കാരണം, കൊല്ലപ്പെട്ട കെവിൻ എന്ന യുവാവ് ഒരു ദലിത്‌ ക്രിസ്ത്യൻ ആയിരുന്നു എന്ന വെളിപ്പെടുത്തൽ ആയിരുന്നു. കേരളത്തിലെ സവർണ പൊതുമണ്ഡലം ഇതിനെ പൊടുന്നനെ നേരിട്ടത് ‘ഇതിൽ എന്തിനു ജാതി പറയുന്നു?’ എന്നു സംശയിച്ചു കൊണ്ടായിരുന്നു. അതിവൈകാരികമായുള്ള പ്രതികരണങ്ങളിലൂടെ ജനസാമാന്യത്തിനിടയിൽ സര്‍വംകഷമായ സ്വീകാര്യതയും സഹതാപവും പിന്തുണയും കിട്ടാവുന്ന  വിഷയത്തിൽ ‘ജാതി’ കലർത്തുന്നതു ശരിയല്ല എന്നൊരു തീരുമാനം കേരളത്തിന്റെ പൊതുമണ്ഡലം ഉടനടി കൈക്കൊണ്ടതു പോലെ തോന്നി. അതു കൊണ്ടുതന്നെയാണ് കേരളത്തിലെ മുഖ്യധാരാ പത്രങ്ങളും മാധ്യമങ്ങളും, നവമാധ്യമങ്ങളിൽ പ്രതികരിക്കുന്ന ബുദ്ധിജീവികളും സാമാന്യജനങ്ങളും എല്ലാം ഇതു ഭരണകൂടത്തിന്റെ അലംഭാവമാണ് എന്ന നിലയിൽ വ്യാഖ്യാനിക്കാനും വ്യവഹരിക്കാനും തുടങ്ങിയത്. ഇതിനെ തികച്ചും സംശയത്തോടെ മാത്രമേ എനിക്കു സമീപിക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടു തന്നെയാണ് ഫേസ്ബുക്കിൽ ഒരക്ഷരം കെവിൻ വിഷയത്തിൽ എഴുതേണ്ട എന്നു ഞാൻ തീരുമാനിച്ചത്.

കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനെ ഒറ്റയടിക്കു പ്രതിരോധത്തിലാക്കാൻ ഈ ഒരു ആരോപണത്തിനു കഴിഞ്ഞു. ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പിടിപ്പുകേടാണ് ഇതെന്നു വരുത്തിത്തീർക്കാൻ പ്രതിപക്ഷവും വലതുപക്ഷ സംഘടനകളും വലിയൊരു വിഭാഗം ജനങ്ങളും മുന്നോട്ടു വന്നു. ഇതിന്റെയൊക്കെ പ്രതിഫലനങ്ങൾ നമുക്കു മാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞു. പക്ഷേ ഇവിടെയെല്ലാം പിന്നിലേക്കു പോയത് ‘ജാതി’ എന്ന വിഷയം തന്നെയാണ്. ദലിത് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ചിലരെങ്കിലും കെവിൻ വിഷയത്തിലെ ‘ദലിത്’ എന്ന ആംഗിൾ ചൂണ്ടിക്കാണിച്ചപ്പോൾ, കെവിൻ കൊലപാതകത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടു പോസ്റ്റിട്ടവർ എല്ലാം തന്നെ ഈ ആംഗിളിനെ എതിർത്തു തോൽപ്പിക്കാൻ വല്ലാത്ത വ്യഗ്രത കാട്ടുന്നതു കണ്ടു. ‘ജാതി നിങ്ങളാണു മനസ്സിൽ പേറുന്നത്, ഞങ്ങളല്ല. ഇത് ഒരു മാനുഷിക വിഷയമാണ്’ എന്ന് അവർ പറഞ്ഞു. ജാതി പറയുന്നവർ ആണു ജാതി ‘പരത്തുന്നത്’ എന്നുള്ള സമൂഹത്തിന്റെ പൊതുബോധമാണ് ഇവിടെയെല്ലാം പ്രകടമായിക്കണ്ടത്. കെവിൻ വിഷയത്തെ  രാഷ്ട്രീയ വിഷയമായി മാത്രം കൈകാര്യം ചെയ്യാൻ വെമ്പുന്ന കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയവും പരവതാനിക്കു കീഴിലേക്ക് അടിച്ചു കയറ്റാൻ ശ്രമിക്കുന്നത് ‘ജാതി’ എന്ന വ്യവഹാരത്തെ തന്നെയാണ്. കാരണം ആ വ്യവഹാരത്തെ ഔദ്യോഗികമായി കേരളത്തിന്റെ മുഖ്യധാരാ വ്യവഹാരമായി എടുത്താൽ ഇന്നു നിലനിൽക്കുന്ന എല്ലാ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-മത പ്രസ്ഥാനങ്ങളെല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴും.

കെവിൻ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതു ‘ജാതി’ (ദലിതത്വം) തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ആരും അതിനെ അംഗീകരിക്കാൻ തായാറാകുന്നില്ല. മുറിയിൽ ഒരു ആനയുണ്ട്. പക്ഷേ ആരും ആനയെ കാണുന്നില്ല, എന്തുകൊണ്ടാണത്? ആരും ആനയെ നോക്കുന്നില്ല എന്നതു തന്നെ. കാണുന്നവരാകട്ടെ കണ്ടതായി നടിക്കുന്നതുമില്ല. കെവിൻ സംഭവം ഒറ്റപ്പെട്ട ഒന്നായി കാണാൻ കഴിയില്ല.

കേരളത്തിൽ ജിഷ കൊലപാതകം, ഹാദിയ-ഷെഫിൻ വിവാഹം, ആതിര, ഇപ്പോൾ കെവിൻ തുടങ്ങി, റിപ്പോർട്ട് ചെയ്യപ്പെട്ടതും ചെയ്യപ്പെടാത്തതുമായ ഒട്ടനവധി ജാതി സംബന്ധിയായ ദുരഭിമാന പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഒറ്റപ്പെട്ടതായി നമുക്കു തോന്നുന്നത് പുതിയ കാലത്തിൽ ഒരു വിഷയത്തിൽ നിന്നു മറ്റൊരു വിഷയത്തിലേക്കു് പൂമ്പാറ്റകളെപ്പോലെ പാറിപ്പോകാൻ നാം ഈ വിപണി വ്യവസ്ഥയാൽ പ്രേരിതരാകുന്നതു കൊണ്ടാണ്. കൂടാതെ, നാമറിയാതെ നമ്മിലേക്കു കടന്നെത്തുന്ന വലതുപക്ഷ ചിന്തകളെയും പ്രവർത്തനങ്ങളെയും വിമർശന വീക്ഷണത്തിന്റെ തരിമ്പും കൂടാതെ സ്വാംശീകരിക്കുകയും അതു നൽകുന്ന വ്യാജമായ സുരക്ഷിതത്വത്തിൽ ഒതുങ്ങാൻ ശ്രമിക്കുകയും ചെയ്യുന്ന ജനതയായി നാം മാറിയിരിക്കുന്നു. ഇടതുപക്ഷത്തെ പിടിച്ചു് ആണയിടുന്നവർ പോലും പ്രത്യയശാസ്ത്ര വിശ്വാസത്തെയും മത/ജാതി വിശ്വാസത്തെയും രണ്ടു മണ്ഡലങ്ങളായി കാണുകയും അവ തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു വിശ്വസിച്ചു ജീവിക്കുകയും ചെയ്യുന്നത് അതു കൊണ്ടാണ്. അതേ കാരണം കൊണ്ടാണ് വടയമ്പാടി മതിൽ സമരം  സിവിൽ പ്രശ്നം മാത്രമാണെന്നു കേരളത്തിലെ ഇടതു ബുദ്ധിജീവികൾക്കു പറയാൻ കഴിയുന്നത്.

അതേസമയം തികച്ചും  സിവിൽ വ്യവഹാരമായി കൈകാര്യം ചെയ്യേണ്ടിയിരുന്ന ഹാദിയ വിഷയം നമ്മുടെ സമൂഹം രണ്ടു മതങ്ങൾ തമ്മിലുള്ള അഭിമാനപ്രശ്നമാക്കി മാറ്റിയെടുക്കുന്നതിൽ വിജയിച്ചു. കേരളത്തിലെ ഭരണകൂടത്തിനു സ്വമേധയാ ഇടപെട്ടു തീർക്കാവുന്ന, അല്ലെങ്കിൽ ജുഡീഷ്യറിക്കു സ്വമേധയാ ഇടപെട്ടു തീർക്കാമായിരുന്ന  സിവിൽ വിവാഹക്കേസിനെ രണ്ടു മതങ്ങളായി ചേരിതിരിഞ്ഞു നിന്നു യുദ്ധം ചെയ്യേണ്ടുന്ന  വിഷയമാക്കി മാറ്റിയതു നാം കണ്ടു. അവിടെ പൊതു സമൂഹത്തിന്റെ അതിവൈകാരികമായ പ്രതികരണവും പിന്തുണയും ലഭിച്ചത് ‘ഹിന്ദുവായ’ പിതാവിനാണ്.  ഹാദിയയുടെ പിതാവിന്റെ രോദനം കേരളത്തിന്റെ രോദനമായി മാറി. ‘ഇന്നലെക്കണ്ടവനു വേണ്ടി മാതാപിതാക്കളെ മറക്കുന്ന  തോന്ന്യാസിയായി’ അവരുടെ കണ്ണുകളിൽ ഹാദിയ മാറി. എന്നാൽ ഇവിടെയൊക്കെ, മറ്റു പല സന്ദര്‍ഭങ്ങളിലും ഉണ്ടായതു പോലെ തന്നെ ഹാദിയയുടെ മാതാപിതാക്കളുടെ ‘ജാതി’ അന്തരീക്ഷത്തിൽ അലിഞ്ഞു പോവുകയും അവർ ‘ഹിന്ദു’ എന്ന വിശാലമായ മതത്തിന്റെ കുടക്കീഴിൽ യാതൊരു സംഘർഷവും കൂടാതെ ഉൾച്ചേർക്കപ്പെടുകയും ചെയ്തു.

ഹാദിയ വിഷയത്തിൽ ജാതിയെ വേഷംമാറ്റി മതമായി അവതരിപ്പിക്കുന്നതിൽ കേരള സമൂഹം വിജയിച്ചു. എന്നാൽ എന്തുകൊണ്ടാണ് രണ്ടായിരത്തി പതിനെട്ടാം ആണ്ട് മാർച്ച് മാസത്തിൽ മലപ്പുറത്ത് ആതിര എന്ന പെൺകുട്ടിയെ, ഒരു പട്ടിക ജാതിക്കാരൻ പയ്യനുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്ന ഒറ്റക്കാരണത്താൽ അവളുടെ പിതാവ് വെട്ടിക്കൊന്നത്? ഒറ്റയടിക്കു അത് ഒരു ദുരഭിമാനക്കൊല തന്നെയായി പ്രത്യക്ഷപ്പെടുന്നു. പക്ഷേ ഈ വിഷയം കേരളത്തെ ‘ഹാദിയ വിഷയത്തിൽ എന്നോണം ഇളക്കി മറിച്ചില്ല. അതിനുള്ള കാരണം അന്വേഷിച്ചു ചെല്ലുമ്പോൾ കാണുന്നത്, ആതിര എന്ന പെൺകുട്ടിയുടെ ‘ജാതി’യിലാണ്. അവൾ ‘തീയ’ ജാതിയിൽ ജനിച്ചവളാണ്. തീയത് എന്നാൽ തൊട്ടുകൂടാത്തത് അഥവാ അസ്പൃശ്യം അഥവാ ദലിതം എന്നു തന്നെയാണ്.

ഹാദിയ വിഷയത്തിൽ ജാതിയെ വേഷംമാറ്റി മതമായി അവതരിപ്പിക്കുന്നതിൽ കേരള സമൂഹം വിജയിച്ചു. എന്നാൽ എന്തുകൊണ്ടാണ് രണ്ടായിരത്തി പതിനെട്ടാം ആണ്ട് മാർച്ച് മാസത്തിൽ മലപ്പുറത്ത് ആതിര എന്ന പെൺകുട്ടിയെ, ഒരു പട്ടിക ജാതിക്കാരൻ പയ്യനുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്ന ഒറ്റക്കാരണത്താൽ അവളുടെ പിതാവ് വെട്ടിക്കൊന്നത്? ഒറ്റയടിക്കു അത് ഒരു ദുരഭിമാനക്കൊല തന്നെയായി പ്രത്യക്ഷപ്പെടുന്നു. പക്ഷേ ഈ വിഷയം കേരളത്തെ ‘ഹാദിയ വിഷയത്തിൽ എന്നോണം ഇളക്കി മറിച്ചില്ല. അതിനുള്ള കാരണം അന്വേഷിച്ചു ചെല്ലുമ്പോൾ കാണുന്നത്, ആതിര എന്ന പെൺകുട്ടിയുടെ ‘ജാതി’യിലാണ്. അവൾ ‘തീയ’ ജാതിയിൽ ജനിച്ചവളാണ്. തീയത് എന്നാൽ തൊട്ടുകൂടാത്തത് അഥവാ അസ്പൃശ്യം അഥവാ ദലിതം എന്നു തന്നെയാണ്. (മലബാർ മേഖലയിൽ തീയ സമുദായം പ്രബലമാണ്. ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങൾ തിരുവിതാംകൂറിലും മലബാറിലും എന്തുകൊണ്ടു ശക്തമായി എന്നാലോചിച്ചാൽ അദ്ദേഹത്തിന്റെ പ്രായോജകർ അവിടങ്ങളിലായിരുന്നു എന്നു മനസ്സിലാക്കാം. ‘ഒരു തീയക്കുട്ടിയുടെ വിചാരം’ എന്ന പേരിൽ ആശാൻ  ലഘു കാവ്യം എഴുതിയതും ഓർക്കാം). അപ്പോൾ ഒരു തീയൻ തന്റെ മകളെ പട്ടികജാതിക്കാരനു കൊടുക്കില്ല എന്നു പറഞ്ഞു കുത്തിക്കൊല്ലുമ്പോൾ ആ ദുരന്തം അപഹാസ്യമാകുന്നു. കേരളത്തിലെ സവർണ പൊതുമണ്ഡലം ഇതിനെ  തമാശയായിട്ടാണു കാണുന്നത്. ‘കേട്ടില്ലേ തീയൻ പുലയനു പെണ്ണു കൊടുക്കില്ല പോലും.’ കള്ളുകുടിച്ചു വരുന്ന പണിക്കൻ, കുടിലിൽ കഞ്ഞി വെക്കുന്ന പെണ്ണുമ്പുള്ളയെ ഇടിക്കുമ്പോൾ അടുത്ത വീട്ടിലെ സവർണരുടെ ചുണ്ടിൽ വിടരുന്ന പുഞ്ചിരി മാത്രമാണ് ആതിരയുടെ ദുരഭിമാനക്കൊലയിൽ കേരളം ദർശിച്ചത്. അതുകൊണ്ടു തന്നെ അങ്ങനെയുള്ള തുടർക്കൊലകളിൽ ഒന്നായി ആതിരയുടെ കൊലപാതകം തള്ളപ്പെട്ടു.

ഹാദിയയും ഷെഫിൻ ജഹാനും

കേരളത്തിലെ സവർണ പൊതുമണ്ഡലം ഇവിടത്തെ ദലിതരുടെയും ദലിത് ബഹുജനത്തിന്റെയും മേൽ നേടിയ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ വിജയമാണ് ആതിരയുടെ കൊലപാതകം വലിയൊരു വിഷയമായി മാറാതെ അപഹാസ്യമായ ഒന്നായി ചുരുങ്ങിയത്. ഒരുപക്ഷേ ഇടതു മന്ത്രിസഭയിലെ പട്ടികജാതി-വർഗ ക്ഷേമ-വികസന മന്ത്രി എ.കെ ബാലൻ ‘കഴിഞ്ഞ മാസവും ഒന്നു നടന്നതാണല്ലോ’ എന്നു പറഞ്ഞു് കെവിൻ സംഭവത്തെ ലഘുവാക്കി മാറ്റിയതും ഈയൊരു സവർണ പൊതുമണ്ഡല സൃഷ്ടിയുടെ വിജയമായി വേണം കാണാൻ. മന്ത്രി ബാലൻ ദലിതൻ ആയിരിക്കാം. പക്ഷേ അദ്ദേഹം പിന്തുടരുന്നതു സവർണ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ ബോധമാണ്.  കേരളത്തിലെ ദലിത് വിഭാഗങ്ങൾക്കും പിന്നാക്കക്കാർക്കും ഇടയിൽ അത്തരമൊരു ബോധം വളർത്തിയെടുക്കാൻ സവർണ പൊതുമണ്ഡലത്തിനു കഴിഞ്ഞിട്ടുണ്ട്. വർധിച്ചു വരുന്ന പൊങ്കാല മഹോത്സവങ്ങളിലൂടെയും ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെയും സിനിമകളിലൂടെയും ജാതിയെ അദൃശ്യവൽക്കരിച്ചു കൊണ്ട്, എന്നാൽ കൃത്യമായി നിലനിറുത്തിക്കൊണ്ട് മൃദുലമായ ആക്രമണങ്ങളിലൂടെ ഒരു സവർണ പൊതുബോധം സമൂഹത്തിലെ ദലിതർ ഉൾപ്പെടെയുള്ളവരുടെ നിർണായക പൊതുബോധമായി മാറ്റുവാൻ ഹിന്ദുത്വക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പഴയ ചോറ്റുപട്ടാളത്തെപ്പോലെ, മലബാർ റിസേർവ് പോലീസിനെപ്പോലെ സ്വന്തം ആളുകളെ മർദ്ദിച്ചും കൊന്നും ഒതുക്കാൻ ഇവർക്കു ദലിതരെത്തന്നെ ഉപയോഗിക്കാൻ കഴിയുന്നു. ഡോക്ടർ അംബേഡ്കർ പറഞ്ഞിട്ടുള്ള ശ്രേണീബദ്ധമായ ഹിന്ദു സമൂഹം, താഴേക്കു പോകുന്തോറും മുകളിൽ സൃഷ്ടിക്കപ്പെട്ട വിവേചനങ്ങൾ ഓരോ അടരുകളിലും പുനരുത്പാദിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽ മറ്റു പിന്നാക്ക ജാതികൾ ദലിതരേക്കാൾ മുന്നിലാണെന്നും ദലിതർക്കിടയിലുള്ള ഉപജാതികൾ തങ്ങളുടെ താഴെയുള്ളവരേക്കാൾ മുന്നിലാണെന്നും ഉള്ള വ്യാജപ്രതീതിയിൽ ജീവിക്കുന്നു. ഇവിടെയെല്ലാം ജാതിയെ അദൃശ്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു.

കെവിൻ കൊലപാതക വിഷയത്തിൽ കേരളം ചെയ്തത് ജാതിയെ അദൃശ്യവൽക്കരിക്കുക എന്ന പ്രക്രിയയായിരുന്നു. കെവിൻ ദലിത് ക്രിസ്ത്യാനിയാണ് എന്നു തിരിച്ചറിഞ്ഞ ആ നിമിഷം മുതൽ ഇതൊരു ജാതിക്കൊലപാതകം അല്ലെന്നു വരുത്തിത്തീർക്കാൻ കേരളത്തിലെ സവർണ പൊതുമണ്ഡലം ശ്രമങ്ങൾ ആരംഭിച്ചു. ഈ സവർണ പൊതുമണ്ഡലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കേവലം ഹിന്ദുത്വ വിശ്വാസികൾ ചേർന്നു മാത്രമല്ലെന്ന് വ്യക്തമായി നമ്മൾ തിരിച്ചറിയണം. കെവിൻ വിഷയത്തിൽ കേരളത്തിലെ മൂന്നു പ്രബല മതങ്ങളും വിധിനിയോഗം എന്ന പോലെ ഉൾപ്പെട്ടിരിക്കുന്നു. കെവിൻ വിവാഹം കഴിച്ച നീനു ചാക്കോ ഉയർന്ന ക്രിസ്ത്യൻ കുടുംബാംഗം ആണ്. നീനുവിന്റെ അമ്മ, അതായത് ചാക്കോയുടെ ഭാര്യ രഹ്ന ഇസ്ലാം മതത്തിലുള്ളതാണ്. നീനുവിന്റെ സഹോദരൻ ഷാനു (കെവിൻ കൊലപാതകത്തിന്റെ ചുക്കാൻ പിടിച്ചവൻ) വിവാഹം കഴിച്ചിരിക്കുന്നതു  ഹിന്ദു പെൺകുട്ടിയെയാണ്. ചുരുക്കിപ്പറഞ്ഞാൽ മതേതരത്വത്തിന്റെ മാതൃകയായി എടുത്തുകാട്ടാവുന്ന  ആദർശ കുടുംബം. ഡോക്ടർ അംബേഡ്കർ പറഞ്ഞത് ജാതി ഇല്ലാതാകണമെങ്കിൽ മിശ്രവിവാഹം നടക്കണം എന്നാണ്. ജാതി സങ്കരത്തിലൂടെ മാത്രമേ ജാതി ഇല്ലാതാകൂ എന്നദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ, കെവിൻ വിഷയത്തിനു മുൻപ് അദ്ദേഹം ഈ കുടുംബത്തെ കണ്ടിരുന്നെങ്കിൽ, ഇതാ അനുകരണീയമായ  കുടുംബം എന്നു ലോകത്തോടു വിളിച്ചു പറയുമായിരുന്നു. ഈ കേരളത്തെയാണോ വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിളിച്ചതെന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. പക്ഷേ നടന്നതു മറ്റൊന്നാണല്ലോ.

ഡോ. ബി ആർ അംബേദ്‌കർ

പൊയ്‌കയിൽ അപ്പച്ചൻ

ആദ്യമേ തന്നെ ഈ കുടുംബം തങ്ങളുടെ  ബാധ്യതയല്ല എന്നു പറഞ്ഞു് സീറോ മലബാർ സഭ കൈകഴുകി പിന്മാറി. അതെന്തുതന്നെയായാലും ഒരു ദലിത് യുവാവിനെ കൊലപ്പെടുത്താൻ മൂന്നു മതങ്ങളിൽ നിന്നും ഉള്ളവർ, വിവിധ മുഖ്യധാരാ പാർട്ടികളിൽ നിന്നുമുള്ളവർ ഒരുമിച്ചു എന്നു പറയുന്നിടത്ത്, ചരിത്രത്തിന്റെ  ഐറണി എന്ന നിലയിൽ മതേതരത്വം ഉണ്ടായി. ഒരു കൊലപാതകം നടത്താൻ മതങ്ങൾ ഒരുമിച്ചു കൂടി എന്നു പറയുന്നിടത്താണ് കൊല്ലപ്പെട്ടവന്റെ ജാതി/മതം പ്രസക്തമാകുന്നത്. കേരളത്തിലെ പിന്നാക്ക ക്രിസ്ത്യാനി/ദലിത് ക്രിസ്ത്യാനി ദൈവം  വരമ്പിൽ നിൽക്കുന്നവനാണെന്നു പണ്ടേ തെളിഞ്ഞതാണ്. ‘അച്ചന്റെ വെന്തിഞ്ഞ ഇന്നാ’ എന്ന ടി.കെ.സി വടുതലയുടെ കഥ ഈ വരമ്പത്തു നില്‍പിനെതിരെ കലാപം ഉയർത്തിയിരുന്നു. അതിപ്പോഴും തുടരുന്നു. (പൊയ്കയിൽ അപ്പച്ചനെ ഈ അവസരത്തിൽ ഞാൻ സ്മരിക്കുന്നു). അതായത്, ദലിതൻ ഏതു ക്രിസ്ത്യാനി വിഭാഗത്തിൽ ചേർന്നാലും അവൻ ദലിതനായി തുടരും എന്നത് അച്ചട്ടാണ്. അതുകൊണ്ടു തന്നെയാണ്, മൂന്നു പ്രബലമതങ്ങൾ ഒരുമിച്ചു ചേർന്ന  കുടുംബം  ദലിതനെ ഇല്ലാതാക്കാൻ  സംശയം കൂടാതെ ഒരുമിച്ചു ചേർന്നത്. ദലിതൻ/ സുന്ദരനും സാമ്പത്തിക സ്വാതന്ത്ര്യമുള്ളവനും ആയ ദലിതൻ (ദലിതർ എല്ലാം സൗന്ദര്യമുള്ളവരാണ്. വലതുപക്ഷ മുതലാളിത്ത തെറ്റിധാരണയാണ് അവരെ ഇപ്പോഴും സൗന്ദര്യമില്ലാത്തവരാക്കി നിർത്തിയിരിക്കുന്നത്) കേരളത്തിലെ എന്നാൽ ഇന്ത്യയിലെ മുഖ്യധാരാ മതങ്ങളുടെ പൊതു ശത്രുവാണ്. ആ പൊതു ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയാണ്, എല്ലാ മതങ്ങളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു ചേർന്നത്.

ആദ്യമേ തന്നെ ഈ കുടുംബം തങ്ങളുടെ  ബാധ്യതയല്ല എന്നു പറഞ്ഞു് സീറോ മലബാർ സഭ കൈകഴുകി പിന്മാറി. അതെന്തുതന്നെയായാലും ഒരു ദലിത് യുവാവിനെ കൊലപ്പെടുത്താൻ മൂന്നു മതങ്ങളിൽ നിന്നും ഉള്ളവർ, വിവിധ മുഖ്യധാരാ പാർട്ടികളിൽ നിന്നുമുള്ളവർ ഒരുമിച്ചു എന്നു പറയുന്നിടത്ത്, ചരിത്രത്തിന്റെ  ഐറണി എന്ന നിലയിൽ മതേതരത്വം ഉണ്ടായി. ഒരു കൊലപാതകം നടത്താൻ മതങ്ങൾ ഒരുമിച്ചു കൂടി എന്നു പറയുന്നിടത്താണ് കൊല്ലപ്പെട്ടവന്റെ ജാതി/മതം പ്രസക്തമാകുന്നത്.

ഹിന്ദു- ക്രിസ്ത്യൻ- മുസ്‌ലിം- ബിജെപി-മാർക്സിസ്റ്റു പാർട്ടി-കോൺഗ്രസ്-മുസ്‌ലിം ലീഗ്. ഇവയെല്ലാം ഒരുമിക്കണമെങ്കിൽ അവർക്കു യോജിക്കാൻ ആവശ്യമായ  പൊതു മൂല്യബോധം ഉണ്ടാകണം. മതവിശ്വാസപരമായി നോക്കിയാൽ ഈ പ്രബല മതങ്ങൾ ആഗോളതലത്തിൽത്തന്നെ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്. ഇനി ഈ പാർട്ടികളെ നോക്കൂ. അവ തമ്മിൽ യോജിക്കാൻ യാതൊരു സാധ്യതയുമില്ലെന്നു് അവയുടെ പ്രത്യയശാസ്ത്രബന്ധങ്ങൾ തന്നെ സംശയത്തിനിട നൽകാതെ വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ ഇവ ചില സാഹചര്യങ്ങളിൽ യോജിച്ചേക്കാം. ഇന്ത്യയുടെ സാഹചര്യത്തിൽ അതു പ്രാദേശികമായ രാഷ്ട്രീയാധികാരങ്ങൾക്കു വേണ്ടി നടത്തുന്ന അഡ്ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയത്തിൽ സാധ്യമാണ്.  പകർച്ചവ്യാധിയോ യുദ്ധമോ വന്നാൽ ഇവ ഒരുമിച്ചു നിന്നേക്കാം. മുൻപ് ക്രിക്കറ്റ് കളിയുടെ സാഹചര്യത്തിൽ ഇവർ ഒരുമിച്ചിരുന്നു. പക്ഷേ ഇപ്പോൾ ട്വന്റി ട്വന്റി എന്ന ക്ളബ് ക്രിക്കറ്റ് വന്നതോടെ രാജ്യസ്നേഹം എന്നത് കളിക്കാരോടുള്ള സ്നേഹം മാത്രമായി ചിതറിപ്പോയി. ചുരുക്കിപ്പറഞ്ഞാൽ ഈ വിവിധ ശക്തികൾ ഒരുമിക്കണമെങ്കിൽ  പകർച്ചവ്യാധിയോ യുദ്ധമോ ഉണ്ടാകണം. അതായത്, ഇന്ത്യയിൽ ദലിതൻ, പകർച്ചവ്യാധിയോ യുദ്ധമോ പോലെ ഒരുമിച്ചു നിന്നു തോൽപ്പിക്കേണ്ട  ശത്രുവാണ്. കെവിൻ എന്ന  ഇരുപത്തി മൂന്നുകാരനെ കൊല്ലുവാൻ, അത് എന്തിന്റെ പേരിൽ ആയിരുന്നാലും അവർ ഒരുമിച്ചു എന്നു പറയുമ്പോൾ അവരെ ഓര്‍മ്മിപ്പിക്കുന്ന ‘ആ ഒന്ന്’ അവിടെ ഉണ്ടായി വരുന്നു. എന്താണ് ‘ആ ഒന്ന്’?

‘ആ ഒന്ന്’ നമ്മുടെ അടുത്തു തന്നെയുണ്ട്. അതിന്റെ പേരാണ് ബ്രാഹ്മണ്യം. അതിന്റെ മൂർത്ത രൂപമാണ് ചാതുർവർണ്യം. ഈ ചാതുർവർണ്യം എന്നത് ഇന്നു ഹിന്ദുത്വയുടെ മാത്രം അടിസ്ഥാന സ്വഭാവമല്ല. അത് എല്ലാ മതങ്ങളെയും ഒരുപോലെ സമാശ്ലേഷിച്ചിരിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ അതിനെ സമാശ്ലേഷിക്കാൻ എല്ലാ മതങ്ങളും തിടുക്കം കൂട്ടുന്നു. ഈ ബ്രാഹ്മണ്യത്തെയാണ്, ഈ ചാതുർവര്‍ണ്യത്തെയാണ് ഇന്നു വളരെ എളുപ്പത്തിൽ വോട്ടാക്കി മാറ്റാൻ എല്ലാ പാർട്ടികൾക്കും കഴിയുന്നത്. കെവിൻ വിഷയത്തിന്റെ ചർച്ച നടക്കുന്ന വേളയിൽ ഒരു മുതിർന്ന പത്രപ്രവർത്തകൻ, ക്രിസ്ത്യാനികൾക്കിടയിലും സിഖുകാർക്കിടയിലും ചാതുർവർണ്യം ഇല്ല എന്നു തറപ്പിച്ചു പറയുകയുണ്ടായി. എന്നാൽ ഇന്ന് മോഹൻഭാഗവതിനെപ്പോലുള്ളവർ പറയുന്നതിനെ തുറന്നെതിർക്കുന്ന ഇതരമതസ്ഥർ പോലും ഇന്ത്യയിൽ ജീവിക്കുന്ന തങ്ങളെല്ലാം ‘ബ്രാഹ്മണരാണെന്നും’ ‘ഹിന്ദുക്കളാണെന്നും’ വീണ്ടും വീണ്ടും പ്രസ്താവിക്കുകയാണ് ഇത്തരം ദുരഭിമാനക്കൊലകളിലൂടെ. ഹിന്ദുത്വക്കു വേണ്ടി നാം മാറ്റിവെച്ചിരുന്ന ചാതുർവർണ്യം ഇപ്പോൾ എല്ലാ മതങ്ങളുടെയും ജാതിവിഭാഗങ്ങളുടെയും അടിസ്ഥാന സ്വഭാവമായി മാറിയിരിക്കുന്നു. ഇതിനെ പുറത്തെടുത്തു് എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതു വരെ ഇത്തരം കൊലപാതകങ്ങൾ തുടരുവാനാണു വഴി. ചാതുർവര്‍ണ്യത്തിനു പുറത്തു നിൽക്കുന്നവരാണു ദലിതർ. ദലിതനുമായി രക്തസങ്കരം ഉണ്ടായാൽ വർണസങ്കരം ഉണ്ടാവുമെന്നും വർണസങ്കരം ഉണ്ടായാൽ ഇവിടെ ജാതി വ്യവസ്ഥ ഇല്ലാതാകുമെന്നും ജാതിവ്യവസ്ഥ ഇല്ലാതായാൽ ഇവിടെ മതങ്ങൾക്കു പ്രസക്തി ഇല്ലാതാകും എന്നും മതങ്ങൾക്കു പ്രസക്തി ഇല്ലാതായാൽ അതിന്റെ പേരിൽ കെട്ടിയുയർത്തിയിരിക്കുന്ന എല്ലാം തകരുമെന്നും പുതിയൊരു ലോകവ്യവസ്ഥിതി ഉണ്ടാകുമെന്നും ഇവർ ഭയക്കുന്നു. അതിനെ എതിർത്തു തോൽപ്പിക്കുക എന്ന ഒറ്റ പ്രത്യയശാസ്ത്രമാണു ചാതുർവർണ്യം. അതു നിലനിറുത്താൻ ദലിതനെ കൊന്നേ പറ്റൂ.

ഹിന്ദു മതത്തിന്റേതു മാത്രമല്ലാതായ ബ്രാഹ്മണ്യവും ചാതുർവര്‍ണ്യവും പുരുഷാധിപത്യപരമാണെന്നു് എടുത്തു പറയേണ്ടതില്ലല്ലോ. ആതിരയുടെ പിതാവായ രാജനെയും നീനുവിന്റെ പിതാവായ ചാക്കോയെയും സഹോദരനായ ഷാനുവിനെയും ഹാദിയയുടെ പിതാവായ അശോകനെയും അവിടെ സഹോദരവേഷത്തിൽ പ്രത്യക്ഷപ്പെട്ട രാഹുൽ ഈശ്വറിനെയും കഴിഞ്ഞ വര്‍ഷം കലൂരിലൂടെ നടന്നുപോയ അമൃത എന്ന പത്രപ്രവർത്തകയെ രാത്രി സംരക്ഷിക്കാൻ വേണ്ടി പിടിച്ചു പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയ പോലീസ് ആങ്ങളമാരെയും ഒക്കെ നയിക്കുന്നത് ഈ ബ്രാഹ്മണ്യം നൽകുന്ന പുരുഷാധിപത്യ പ്രവണതകൾ തന്നെയാണ്. പിണറായി വിജയൻറെ പോലീസിന്റെ സ്ഥാനത്ത് മറ്റേതൊരു ഭരണകൂടത്തിന്റെ പോലീസ് ആണെങ്കിലും ഇതു തന്നെ സംഭവിക്കും. ഈ പുരുഷാധിപത്യ പ്രവണതകൾ ബ്രാഹ്മണ്യരൂപം പൂണ്ടു ദലിതനെതിരെ തിരിയുമ്പോഴാണു ഡിഫിക്കാരനും സുഡാപ്പിയും അന്തംകമ്മിയും സംഘിയും എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ പെരുമാറുന്നത്. അവരാണ് കെവിൻ വിഷയത്തെ വൈകാരികമായ  വിഷയമാക്കി മാറ്റുവാൻ കൂട്ടുനിൽക്കുന്നവർ. അതിവൈകാരികത സൃഷ്ടിക്കുന്നതിലൂടെ ദലിത് വിരുദ്ധത എന്ന വിഷയത്തെ വ്യവഹാര പരിധിക്കു പുറത്താക്കാൻ അവർക്കു കഴിയുന്നു. ഇതു ഭരണത്തിന്റെ പിടിപ്പുകേടാണെന്നു പറയുമ്പോൾ ദലിത് വിഷയത്തെ മറച്ചു പിടിക്കാൻ കഴിയുന്നു. നീനുവിനെ കണ്ടിട്ട്, ‘നിനക്ക് ഇവനെയേ (കെവിനെ) കിട്ടിയുള്ളോ?’ എന്നു ചോദിക്കുന്ന മലയാളി, ആക്ഷൻ ഹീറോ ബിജുവിൽ ‘നിനക്ക് ഈ സാധനത്തിനെയോ കിട്ടിയുള്ളോ?’ എന്നു ദലിത് സ്ത്രീയെ ചൂണ്ടി ഓട്ടോ ഡ്രൈവറോടു ചോദിക്കുന്ന നിവിൻ പോളിയെ കണ്ടു കൈയടിച്ച അതേ മലയാളി തന്നെയാണ്.

ആദ്യം പറഞ്ഞ കഥയിലേക്കു തിരിച്ചു വരാം. ആ കഥയിലെ യുവാവ് എന്തുകൊണ്ടു കൊല്ലപ്പെട്ടില്ല? രണ്ട് ഉത്തരങ്ങളാണ് ഇവിടെയുള്ളത്. ഒന്ന്, ആ ബന്ധത്തിൽ നിന്നു സ്വയം പിന്മാറിയ യുവാവ് ഉത്തരേന്ത്യയിൽ പോയി അപ്രത്യക്ഷനാകുന്നു. രണ്ടാമത്തെ കാര്യം, അന്നു നിലവിലുണ്ടായിരുന്ന ഇടതു പക്ഷം കേവലം കുടുംബാഭിമാനം സംരക്ഷിക്കാൻ വേണ്ടി മാത്രം ചില വിരട്ടലുകൾ നടത്തിയിരുന്നെങ്കിലും പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു വരാൻ തയാറാണെങ്കിൽ അവർ കൂടെ നിൽക്കുമായിരുന്നു (സന്ദേശം, ഏയ് ഓട്ടോ എന്നീ സിനിമകളിലെ ആഖ്യാനങ്ങൾ ശ്രദ്ധിക്കണം). അപ്പോൾ ഒരുപക്ഷേ ആ യുവാവിന്റെ തന്റേടമില്ലായ്മ മാത്രമായിരുന്നു അയാളുടെ ഒളിച്ചോട്ടം എന്നു വ്യാഖ്യാനിക്കാം. എന്നാൽ കെവിൻ ഒളിച്ചോടാൻ തയാറായിരുന്നില്ല. പക്ഷേ അവനൊപ്പം നിൽക്കേണ്ട  യുവത, തങ്ങൾക്കു വ്യാജമായ അഭിമാനബോധവും പാരമ്പര്യവും പകർന്നു തരുന്ന, ക്രമേണ വലതുപക്ഷമായി മാറുന്ന ഇടതുപക്ഷത്തിനെയും ഇടതുപക്ഷമായി വേഷം കെട്ടുന്ന വലതുപക്ഷത്തിനെയും പ്രീതിപ്പെടുത്തുന്നതിലേക്കും പെണ്ണുടൽ  സമൂഹത്തിന്റെ അഭിമാനത്തിനായി വിലപേശാനുള്ള  വസ്തുവാക്കി മാറ്റുന്നതിലേക്കും കയറിപ്പോയി. അവർക്കു് കെവിനെ കൊല്ലുന്നതിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അവരെ ഒപ്പം കൂട്ടി  സാമൂഹ്യവിപ്ലവത്തിനു രൂപം കൊടുക്കാൻ ദലിത്‌ പ്രസ്ഥാനങ്ങൾക്കു കഴിയുമെന്നു തോന്നുന്നില്ല. എന്നാൽ എല്ലാമതങ്ങളിലെയും ചാതുർവര്‍ണ്യത്തെയും ബ്രാഹ്മണ്യത്തെയും പ്രതിരോധിക്കുക എന്ന അധികചുമതല ദലിത്‌ സൈദ്ധാന്തിക-പ്രായോഗിക പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു; ഒപ്പം കൂട്ടാൻ കേരളത്തിൽ തത്കാലം വളരെക്കുറച്ചു പേരെ ഉള്ളൂ എന്ന ബോധ്യത്തോടെ നമുക്കു സമരം തുടരുക.

ജോണി എം എൽ

പിൻകുറിപ്പ്: കറുത്ത പയ്യന്മാർക്കെല്ലാം വെളുത്ത പെൺകുട്ടികളെ കിട്ടുന്നതെന്ത്? ഒരു സവർണൻ ആശങ്കപ്പെടുന്നു. ഞാൻ ഉത്തരം നൽകി: “വെളുത്തവന്റെ കുടുംബത്തിലെ കറുത്തവൾ/ദലിത് ആണ്, തൊലി വെളുത്തതെങ്കിലും, പെൺകുട്ടികൾ. അവൾക്ക് അവളുടെ കൂടി വിമോചനത്തിനായി, പൊരുതുന്ന കറുത്തവരോടല്ലേ ഇഷ്ടം തോന്നൂ? അതുകൊണ്ടല്ലേ, തന്റെ മാതാപിതാക്കളാണ് കെവിനെ കൊന്നതെന്ന് നീനു എന്ന പെൺകുട്ടി ധീരമായി മാധ്യമങ്ങളോടു പറഞ്ഞത്?”

Top