സ്വര്‍ണം ഉരുകാത്ത നെരുപ്പോടുകള്‍

സ്വർണപ്പണിക്കാരുടെ നെരുപ്പോടുകളിൽ സ്വര്‍ണത്തിനു പകരം ചെമ്പും വെള്ളിയുമാണ് ഇപ്പോൾ ഉരുകുന്നത്. ആലകൾ തുരുമ്പെടുത്തു നശിച്ചിട്ട് ദശകങ്ങളായി. വെങ്കലപ്പണിക്കാരന്റെ മൂശകൾ സാംസ്കാരികമായിത്തന്നെ പുറന്തള്ളപ്പെട്ടിരിക്കുന്നു. തടിപ്പണിക്കാർ, കരിങ്കൽപ്പണിക്കാർ തുടങ്ങിയവർ മോഡേണ്‍ ആർക്കിടെക്റ്റുകളുടെയും എൻജിനീയർമാരുടെയും ആജ്ഞാനുവര്‍ത്തികളായി പരിണമിച്ചു. നെയ്ത്തുകാർ, മൺകുടത്തൊഴിലാളികൾ, കരകൗശല വിദഗ്ദ്ധർ തുടങ്ങിയവർ കമ്മാളരായി അടയാളപ്പെടൊതെ അരികുവത്ക്കരിക്കപ്പെട്ടു. നിലവിലുള്ള പഠനങ്ങളില്‍ നിന്നും വ്യത്യസ്തമായി കമ്മാള സംസ്കാരത്തിന്റെ സങ്കീർണതകളെ പ്രതിഫലനാത്മകമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്. ആത്മകഥക്കപ്പുറത്ത് അനുഭവത്തെ സമഗ്രമായി ഗ്രഹിക്കുന്ന, അവയുടെ കണ്ണികളെ അർഥപൂര്‍ണമായി കോര്‍ത്തെടുക്കുന്ന പ്രക്രിയ നിർണായകമാണ്. സ്വര്‍ണപ്പണിയിലെ ഒരു വ്യാഴവട്ടക്കാലത്തെ അനുഭവങ്ങളിലൂടെ കമ്മാള ജീവിതത്തിന്റെ സങ്കീര്‍ണതകളെ അവലോകനം ചെയ്യുകയും തുടർപഠനത്തിന്റെ സാധ്യതകളെ മുന്നോട്ടുവെക്കുകയുമാണ് കെ.വി. ശ്യാം പ്രസാദ് ചെയ്യുന്നത്.

സ്വർണപ്പണിക്കാരുടെ നെരുപ്പോടുകളിൽ സ്വര്‍ണത്തിനു പകരം  ചെമ്പും വെള്ളിയുമാണ് ഇപ്പോൾ ഉരുകുന്നത്. ആലകൾ തുരുമ്പെടുത്തു നശിച്ചിട്ട് ദശകങ്ങളായി. വെങ്കലപ്പണിക്കാരന്റെ മൂശകൾ സാംസ്കാരികമായിത്തന്നെ പുറന്തള്ളപ്പെട്ടിരിക്കുന്നു. തടിപ്പണിക്കാർ, കരിങ്കൽപ്പണിക്കാർ തുടങ്ങിയവർ മോഡേണ്‍ ആർക്കിടെക്റ്റുകളുടെയും എഞ്ചിനീയർമാരുടെയും ആജ്ഞാനുവര്‍ത്തികളായി പരിണമിച്ചു. അതുപോലെ നെയ്ത്തുകാർ, മൺകുടത്തൊഴിലാളികൾ, കരകൗശല വിദഗ്ദ്ധർ തുടങ്ങിയവർ കമ്മാളരായി അടയാളപ്പെടാതെ അരികുവത്ക്കരിക്കപ്പെട്ടു. നിലവിലുള്ള പഠനങ്ങളില്‍ നിന്നും വ്യത്യസ്തമായി കമ്മാള സംസ്കാരത്തിന്റെ സങ്കീർണതകളെ പ്രതിഫലനാത്മകമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രതിഫലനാത്മക ചിന്തയെ രൂപപ്പെടുത്തുന്നതിൽ ജീവിതത്തിലെ നിർണായക  സംഭവങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഡേവിഡ്‌ ട്രിപ്, ജോൺ ഡൂവി തുടങ്ങിയവർ വികസിപ്പിച്ച ആശയങ്ങൾ ശ്രദ്ധേയമാണ്. അനുഭവങ്ങൾ ഗവേഷകന്റെ പ്രവൃത്തിപഥത്തെ നവീകരിക്കുന്നതും രീതിശാസ്ത്രത്തെ നിർണയിക്കുന്നതുമായ രൂപരേഖയാണ്. ആത്മകഥക്കപ്പുറത്ത് അനുഭവത്തെ സമഗ്രമായി ഗ്രഹിക്കുന്ന, അവയുടെ കണ്ണികളെ അര്‍ഥപൂര്‍ണമായി കോര്‍ത്തെടുക്കുന്ന പ്രക്രിയ നിർണായകമെന്ന് ഡൂവി ചൂണ്ടിക്കാട്ടുന്നു. ഈ ആശയങ്ങളെ ഉപജീവിച്ച് സ്വര്‍ണപ്പണിയിലെ  ഒരു വ്യാഴവട്ടക്കാലത്തെ ഈ ലേഖകന്റെ അനുഭവങ്ങളിലൂടെ കമ്മാള ജീവിതത്തിന്റെ സങ്കീര്‍ണതകളെ അവലോകനം ചെയ്യുകയും തുടർ പഠനത്തിന്റെ സാധ്യതകളെ മുന്നോട്ടുവെക്കാനുമാണ് ശ്രമം.

സ്വർണം ഉപജീവനത്തിന്റെ പ്രധാന ഉപാധിയായി മാറിയതോടെയാണ് സ്വർണപ്പണിക്കാരൻ എന്ന നിലയിൽ തട്ടാൻ നിർവചിക്കപ്പെട്ടത്. ലോഹമേതായാലും ആഭരണങ്ങൾ നിർമിക്കുന്നവരെ തട്ടാൻ എന്നു വിളിക്കാം. അതിജീവനത്തിന്റെ പാതയിൽ പലതരം ലോഹങ്ങളിൽ ആഭരണങ്ങൾ നിർമിച്ച ചരിത്രമാണ് തങ്ങളുടെ പൂർവികർക്കുള്ളതെന്നു പരമ്പരാഗത സ്വർണപ്പണിക്കാർ പറയുന്നു. എൺപതുകളിലെ സ്കൂള്‍ അവധിക്കാലത്ത്  കുമാരനല്ലൂരിലെ അമ്മവീട്ടില്‍ താമസിക്കുമ്പോള്‍ കമ്മാള ഭവനങ്ങളിൽ സ്ത്രീകളും കുട്ടികളും ഒരുമിച്ചിരുന്ന് വെള്ളിയിലും പിത്തളയിലും താരമാല നിർമിക്കുന്നത് പതിവു കാഴ്ചയായിരുന്നു. അയൽപ്പക്കക്കാരില്‍ നിന്നും അപൂർവമായി മാത്രമാണ് സ്വർണാഭരണം നിർമിക്കാനുള്ള ഓർഡറുകൾ ലഭിച്ചിരുന്നത്. ചുരുക്കം ചിലർ കട വാടകക്കെടുത്ത് അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടു. എഴുപതുകളുടെ അവസാനഘട്ടം വരെ ആവശ്യക്കാരന്റെ വീടുകളില്‍ ദിവസങ്ങളോളം താമസിച്ചു ആഭരണങ്ങൾ നിർമിച്ചവരുണ്ടായിരുന്നു; “വാക്കത്തിയോ, ഉരുളിയോ, സ്വർണാഭരണമോ പണിയാൻ ലഭിച്ചാല്‍, അതിനാവശ്യമായ ലോഹം വാങ്ങാനുള്ള തുക കൂടി ഉപഭോക്താക്കളില്‍ നിന്നും മുൻകൂർ വാങ്ങേണ്ട ഗതികേടിലായിരുന്നു പലരും  മുന്‍കാലങ്ങളില്‍” എന്ന് കമ്മാളർ അഭിപ്രായപ്പെടുന്നു. ഒരു ആശാരിയുടെ വീട്ടിൽ നല്ലൊരു കട്ടിലോ, കൊല്ലന്റെ വീട്ടിൽ നല്ലൊരു തൂമ്പയോ ഉണ്ടായിരുന്നില്ല എന്നുള്ള ചൊല്ലുകൾ ഞങ്ങളുടെ പിന്നാക്കാവസ്ഥയുടെ അടയാളങ്ങളായിരുന്നു.

ആധുനിക ജ്വല്ലറി യൂണിറ്റുകളുടെ വരവ്  നിരവധി മാറ്റങ്ങൾക്കു കാരണമായെന്ന് ബ്രഹ്മമംഗലത്തെ സ്വർണത്തൊഴിലാളിയായിരുന്ന അശോകൻ പറയുന്നു. “പല മുതലാളിമാരും പണിക്കാരെ സ്വർണം ഏൽപ്പിച്ചതും വീട്ടിലിരുന്നു തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുങ്ങിയതും വലിയൊരു തുടക്കമായിരുന്നു. പക്ഷേ, സ്വർണപ്പണിക്കാരുടെ കിടമത്സരം സ്വർണം ജ്വല്ലറികളിൽ നിക്ഷേപിച്ചാൽ  മാത്രം തൊഴിൽ എന്ന രീതിയിൽ കാര്യങ്ങളെത്തിച്ചു”. ഈ രീതിയിൽ സ്വർണപ്പണിക്കാരിൽ നിന്നും നിക്ഷേപം സ്വീകരിച്ചു കൊണ്ടാണ് വൻകിട ജ്വല്ലറികൾ പില്‍ക്കാലത്ത് നിലനിന്നിരുന്നത്.  ജ്വല്ലറിയിൽ ഏൽപിച്ച ഉരുപ്പടിക്കു തുല്യമായ ‘റോളിങ് സ്വർണം’ ഒരവധിക്കു ശേഷമായിരിക്കും അടുത്ത പണിക്കായി തിരികെ ലഭിക്കുന്നത്. അതേസമയം കീഴ്ത്തട്ടിലുള്ളവരെ ചൂഷണം ചെയ്യുന്നതിൽ  സ്വർണപ്പണിക്കാർ പരസ്പരം മത്സരിച്ചിരുന്നു. തൊഴിൽ പരിശീലിക്കുന്നവർക്ക് പണിക്കൂലി ലഭിച്ചിരുന്നില്ല; ആഹാരം, പാർപ്പിട സൗകര്യങ്ങൾ, പിന്നെ വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഓണക്കോടി, വിഷുക്കൈനീട്ടം തുടങ്ങിയവ മാത്രമായിരുന്നു ലഭിച്ചിരുന്നത്. സ്വയംപര്യാപ്തത കൈവരിച്ച തൊഴിലാളിക്കുപോലും അർഹമായ കൂലി നൽകാത്ത ഇടങ്ങളുണ്ടായിരുന്നു. ഈ രീതിയിൽ ആര്‍ജിച്ച അമിതലാഭത്തിലൂടെ ഇവർ ചെറുകിടവ്യാപാരികളായി പരിണമിച്ചു. സ്വർണപ്പണിക്കാർക്കിടയിൽ ഉപരി-മധ്യവർഗ ബന്ധങ്ങൾ രൂപം കൊള്ളുന്നതിന്റെ തുടക്കമായിരുന്നു അത്. അതേസമയം, മൂലധനരാഹിത്യത്താൽ സ്വയം പര്യാപ്തത കൈവരിക്കാനാവാത്ത സ്വർണപ്പണിക്കാർ ചൂഷിതരായി തുടർന്നു. എങ്കിലും അവർക്കു പട്ടിണിയില്ലാതെ ജീവിക്കാമെന്ന സാഹചര്യമൊരുങ്ങി. വെള്ളി-പിത്തള-ചെമ്പ് എന്നിവയിൽ ആഭരണം നിർമിച്ചിരുന്നവർ ക്രമേണ സ്വർണത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ ഈ ലേഖകന്റെ ജന്മനാടായ ബ്രഹ്മമംഗലത്ത് കരിങ്കൽപ്പണിയും സ്വര്‍ണപ്പണിയും ഒരുമിച്ചു നിർവഹിച്ചിരുന്ന  കമ്മാളരും സ്വര്‍ണപ്പണിയിലേക്ക് ശ്രദ്ധ തിരിച്ചു. അതോടെ തട്ടാന്റെ കർതൃത്വം സ്വർണപ്പണിക്കാരൻ എന്ന നിലയിൽ ചുരുക്കപ്പെട്ടു.

 

കമ്മാള വിദ്യാര്‍ഥികള്‍ സ്കൂള്‍ കഴിഞ്ഞു വീട്ടില്‍ എത്തിയാലുടൻ പണിമുറിയിലേക്ക് ഓടുന്നത് എൺപതുകളുടെ മധ്യത്തിലെ പതിവ് കാഴ്ചയായിരുന്നു. ജോലി കിട്ടാന്‍ വൈകിയാല്‍ വരുമാനമാര്‍ഗമാകുമല്ലോ എന്ന് പലരും ഉപദേശിച്ചതോടെ അവധിക്കാലത്ത് സ്വര്‍ണപ്പണി പരിശീലിക്കണം എന്ന ചിന്ത ഈയുള്ളവനിലും രൂപപ്പെട്ടു തുടങ്ങി. സ്വർണപ്പണിയുടെ സുവർണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന ഇക്കാലയളവിലായിരുന്നു ഞങ്ങളില്‍ പലരുടേയും വിദ്യാഭ്യാസ ജീവിതം കരുപിടിക്കുകയും തടസപ്പെടുകയും ചെയ്തത്. പഠിച്ചതുകൊണ്ട് പ്രയോജനമില്ലാത്തതിനാൽ സ്വര്‍ണപ്പണിയിലൂടെ കാശുണ്ടാക്കി പ്രാരാബ്ധങ്ങൾ തരണം ചെയ്യാമെന്ന ചിന്ത എല്ലാവരിലും രൂപപ്പെട്ടിരുന്നു. കാരണം, സ്വയം തൊഴിൽ ചെയ്യുന്നവരുടെ വരുമാനം അക്കാലങ്ങളിൽ  ബാങ്ക് ജീവനക്കാരുടേതിനെക്കാൾ അധികമായിരുന്നു. തുടർന്ന് പലരും പഠനം പാതി വഴി ഉപേക്ഷിച്ചുകൊണ്ട് പണിമുറിയിലെ പഠനം ആരംഭിച്ചു. അമ്മവീട്ടുകാരുടെ സഹായത്താൽ പ്രീഡിഗ്രി വരെ പിടിച്ചു നിൽക്കാൻ എനിക്കു കഴിഞ്ഞു. സഹോദരിമാരുടെ വിവാഹത്തെക്കുറിച്ചുള്ള ആശങ്കയും കുടുംബ പ്രാരാബ്ധങ്ങളും ആയിരുന്നു പഠനം ഉപേക്ഷിക്കാൻ എന്നെപ്പോലെ പലരെയും പ്രേരിപ്പിച്ച പ്രാഥമിക കാരണങ്ങൾ. തദ്ഫലമായി സ്ത്രീകളെ  അപേക്ഷിച്ച് പുരുഷന്മാരുടെ വിദ്യാഭ്യാസ നിലവാരം താഴോട്ടു പോയി. ഇക്കാര്യങ്ങളില്‍ സമുദായം തിരിച്ചുള്ള പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.

യന്ത്രവത്ക്കരണത്തിന്റെ സാധ്യതകളും പ്രത്യാഘാതങ്ങളും

തൊണ്ണൂറുകളുടെ മധ്യത്തില്‍ സമ്പൂർണ്ണ യന്ത്രവത്ക്കരണം വെല്ലുവിളി ഉയര്‍ത്തി. ഒരു പണിയ്ക്കു ശേഷം അടുത്ത ഓർഡർ  ലഭിക്കാൻ ഞങ്ങള്‍ക്കു മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും ആദ്യപണിയിൽ നിന്നും നേടിയ ലാഭം ഏറെക്കുറെ തീർന്നിരിക്കും. ഓരോ പണിയിൽ നിന്നും മുതൽക്കൂട്ടിയ സ്വർണം ചെലവിനു വേണ്ടി ഉപയോഗിക്കേണ്ട സാഹചര്യം ഉടലെടുത്തപ്പോൾ സ്വർണപ്പണിക്കാരുടെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ടു. സ്വന്തമായി ജ്വല്ലറികൾ ആരംഭിച്ച ചെറുകിട വ്യാപാരികളിൽ പലർക്കും നിലനിൽക്കാനായില്ല. പച്ചക്കറിക്കടയും വസ്ത്രവ്യാപാരവും ആരംഭിച്ച കമ്മാളരും വിജയം കൈവരിച്ചില്ല. ഗോപിനാഥ്‍ എന്ന കമ്മാള ചിത്രകാരൻ പറയുന്നു: “സതൃസന്ധതകൊണ്ടോ കഴിവുകൊണ്ടോ മാത്രം ചെറു സ്ഥാപനങ്ങൾ പോലും മുമ്പോട്ടു ചലിക്കില്ല. പൊതുസമൂഹത്തെ കച്ചവടപരമായി നേരിടുവാന്‍ പല കമ്മാള ജാതികള്‍ക്കും അറിയില്ലായിരുന്നു. പക്ഷേ, സ്വര്‍ണപ്പണിക്കാര്‍ ജ്വല്ലറിയുടെ പ്രാഥമിക രൂപങ്ങള്‍ ആരംഭിക്കുന്നതോടെയാണ് പൊതുജനസമ്പര്‍ക്കം ആവശ്യമായി വരുന്നത്”. ലെയിത്ത്-വെൽഡിംഗ് വർക്ക്ഷോപ്പുകൾ, വെങ്കലപാത്രക്കടകൾ, ഫർണീച്ചർ ഷോപ്പുകൾ എന്നിവ പലയിടങ്ങളില്‍ ഉണ്ടായിരുന്നുവെങ്കിലും അവയുടെ ഉടമസ്ഥതയൊന്നും കമ്മാളർക്ക് അധികമില്ലായിരുന്നു. വെളളി ഉരുപ്പടികൾ, ആൾരൂപങ്ങൾ, വഴിപാട് സാമഗ്രികൾ എന്നിവയുടെ വിൽപനയ്ക്കും ആഭരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കും വേണ്ടി ആരംഭിച്ച ചെറു ജ്വല്ലറി യൂണിറ്റുകൾ അപൂർവം ചിലർക്ക് വിജയിപ്പിക്കാനായി. കാര്യമായ മാനേജ്മെന്‍റ് വൈഭവമോ ഉദ്യോഗസ്ഥരോ ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമില്ലായിരുന്നതാകാം വിജയകാരണം. പലയിടങ്ങളിലും, ഇപ്പോഴും ഇതര ജാതി മതസ്ഥർ അധികം ഏറ്റെടുക്കാത്ത വ്യാപാര മേഖല കൂടിയാണത്.

യന്ത്രവത്കരണം ഗാർഹിക ഉത്പാദനക്രമത്തെ ശിഥിലീകരിച്ചു എന്ന ചുരുക്കെഴുത്തുകൾ ആണ് കമ്മാളരെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. പക്ഷേ, യന്ത്രവത്കരണം സ്വർണപ്പണിക്കാരുടെ ജീവിതത്തിൽ സൃഷ്ടിച്ച വൈരുധ്യങ്ങളെയും സങ്കീർണതകളെയും സൂക്ഷ്മതലത്തിൽ അത്തരം എഴുത്തുകൾ വിലയിരുത്തുന്നില്ല. ഉത്പാദക പ്രക്രിയയിൽ സംഭവിച്ച പരിണാമം അതു സാക്ഷ്യപെടുത്തുന്നു. യന്ത്രവത്കരണത്തിന്റെ ആദ്യഘട്ടം ആഭരണ നിർമാണത്തെ മുന്നോട്ടു ചലിപ്പിച്ചു; പ്രത്യേകിച്ച് മാല നിർമാണം. മോതിരം, കമ്മൽ, ജിമിക്കി തുടങ്ങിയവയെ അപേക്ഷിച്ച് മാലനിർമാണം ദൈർഘ്യമേറിയതായിരുന്നു. ഒരു മാല നിർമിക്കാൻ ഏകദേശം പതിനൊന്നടിയോളം നേർത്ത കമ്പികൾ ആവശ്യമാണ്. മാലയുടെ വലിപ്പം, നീളം, ഡിസൈൻ എന്നിവ അനുസരിച്ചു ഇവയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും. പഴയകാലത്ത് മാലക്കാവശ്യമായ ചെറു കമ്പികൾ നിര്‍മിച്ചിരുന്നതെങ്ങിനെയെന്നു നോക്കാം: ആദ്യം സ്വർണം ഉരുക്കി അടകല്ലിൽ അടിച്ചു നീട്ടുന്നു. പിന്നീട് ചിരട്ടയിലെ സുഷിരങ്ങളിലൂടെ കടത്തിവിട്ട് നൂൽക്കമ്പികൾ ആക്കുന്നു. ചിലപ്പോള്‍ തെങ്ങില്‍ കെട്ടി വലിച്ചും നേര്‍ത്തകമ്പികള്‍ നിര്‍മിക്കാറുണ്ടായിരുന്നു. ഇതായിരുന്നു ആഭരണനിര്‍മാണത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടം. ആഴ്ചകൾ കൊണ്ടാണ് പണി പൂർത്തിയായിരുന്നത്. ഉത്പാദക പ്രക്രിയയിലെ ഈ സങ്കീർണത ഒഴിവാക്കാൻ കാപ്പിക്കുരുമാല, കാശുമാല, പിണ്ടിമാല, കശ്മീരി മാല തുടങ്ങിയവയായിരുന്നു കൂടുതലായും നിർമിക്കപ്പെട്ടിരുന്നത്. കാരണം, ഇത്തരം ഡിസൈനുകൾക്കു ചെറുകമ്പികള്‍ അധികം വേണ്ടിയിരുന്നില്ല. അച്ചിൽ കുത്തിയെടുത്ത ചെറുകട്ടകളാണ് മാലയുടെ ഡിസൈനുകളെ നിർണയിച്ചിരുന്നത്. പക്ഷേ, സ്വർണക്കട്ടികൾ ചെറുകമ്പികളാക്കാനും നേര്‍ത്ത പാളികളാക്കാനും യന്ത്രങ്ങൾ വിപണിയിൽ എത്തിയതോടെ മാലനിര്‍മാണം കൂടുതൽ എളുപ്പവും ആകർഷകവുമായി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ അധ്വാനത്തിൽ കൂടുതൽ ഉരുപ്പടികൾ നിർമിക്കാമെന്ന അവസ്ഥ വന്നതോടെ സ്വർണപ്പണിക്കാരുടെ വരുമാനം വർധിക്കുകയും അവരില്‍ ഒരു വിഭാഗം ചെറുകിട വ്യാപാരികൾ ആയി മാറുകയും ചെയ്തു.

ഉപഭോക്താക്കളുടെ അഭിരുചി മാറുന്നതനുസരിച്ച് പുതിയ ഡിസൈനുകൾ രൂപകൽപന ചെയ്തിരുന്നതായി ഗോപാലന്‍ എന്ന സ്വർണപ്പണിക്കാരൻ ഓർക്കുന്നു. “ആദ്യകാലത്തെ താരമാല കട്ടിത്താര എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ എൺപതുകളോടെ താരയുടെ പരിഷ്കൃതരൂപമായ പൊള്ളത്താര വിപണിയിലിറങ്ങി”. അതിജീവനത്തിന്റെ സാങ്കേതികവിദ്യയെ പരിഷ്കരിക്കാൻ സ്വർണപ്പണിക്കാർ പരമാവധി ശ്രമിച്ചിരുന്നു എന്നതിന്റെ അടയാളമാണിത്. പക്ഷേ, യന്ത്രനിർമിതമായ നൂതന ഡിസൈനുകൾ കൈത്തൊഴിലിന്റെ സാങ്കേതികവിദ്യയെ കീഴടക്കി. പരമ്പരാഗത ഡിസൈനുകളുടെ നിർമാണം അതിസൂക്ഷ്മവും സങ്കീർണവുമായിരുന്നു. ആഭരണനിർമാണത്തിന്റെ ആദ്യ ഘട്ടത്തിലും അവസാനഘട്ടത്തിലും മാത്രമായിരുന്നു യന്ത്രങ്ങൾ ആവശ്യമായിരുന്നത്. ഇത്തരം ഡിസൈനുകൾക്കു കൈപ്പണി അത്യന്താപേക്ഷിതമായിരുന്നതിനാൽ സ്വർണപ്പണിക്കാർക്കു യന്ത്രവത്കരണത്തിന്റെ ആദ്യഘട്ടത്തിൽ നിലനിൽക്കാനായി. പിൽക്കാലത്ത് പുരാതന ഡിസൈനുകളുടെ പ്രസക്തി ഇല്ലാതാക്കി കൈപ്പണി അധികം ആവശ്യമില്ലാത്ത നവീന ഡിസൈനുകൾ വിപണി കീഴടക്കി. ചുരുക്കത്തിൽ, ആദ്യ കാലഘട്ടങ്ങളിൽ സ്വർണപ്പണിക്കാരെ ചെറുകിട വ്യാപാരികളായി ഉയർത്തിയ യന്ത്രവത്കരണം പിൽക്കാലത്ത് സ്വർണപ്പണിയുടെ പ്രാചീനരൂപങ്ങളെ അപ്പാടെ വിഴുങ്ങി.

കമ്മാളരുടെ ഗാർഹിക തൊഴിലിടങ്ങൾ അപ്രത്യക്ഷമായപ്പോൾ അവർക്ക് വ്യാവസായിക തൊഴിലാളികളായി പൂർണമായി പരിണമിക്കാൻ സാധിക്കാത്തത് വിനയായി. ഓരോ കമ്മാള സമുദായത്തിന്റെയും തൊഴില്‍ സംസ്കാരം ഭിന്നമായിരുന്നതിനാല്‍ അവര്‍ നേരിട്ട വിഷയങ്ങളും ഭിന്നമായിരുന്നു. മരപ്പണിക്കാർ നേരിട്ടത് അവരുടെ കർതൃത്വവുമായി ബന്ധപ്പെട്ട അന്യവത്ക്കരണമായിരുന്നു. ഉദാഹരണമായി കോണ്‍ട്രാക്ടർമാർ, ആര്‍ക്കിടെക്റ്റുകള്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ ആധുനിക വർഗം ഉടലെടുത്തതോടെ തടിപ്പണിക്കാര്‍ക്ക് ഇവരെ ആശ്രയിക്കേണ്ടിവന്നു. കാരണം ഉപഭോക്താക്കൾ എഞ്ചിനീയർമാർ പറയുന്നതേ അംഗീകരിക്കൂ എന്ന ആശങ്കയിലാണ് മരപ്പണിക്കാർ. മരപ്പണിക്കാരുടെ തൊഴിലിടങ്ങൾ ആവശ്യക്കാരുടെ വാസസ്ഥലങ്ങളായിരുന്നു. ശിൽപികളാവട്ടെ വീടും ക്ഷേത്രപരിസരങ്ങളും തൊഴിലിടങ്ങളാക്കി. ഉല്‍പന്നത്തിന്റെ വലുപ്പവും ഭാരവുമെല്ലാം ക്രയവിക്രയത്തിന്റെ സ്വഭാവത്തെ നിർണയിച്ചു. ലക്ഷക്കണക്കിനു രൂപ വിലയുള്ള സ്വർണാഭരണങ്ങൾ മടിക്കുത്തിലോ, ചെറുസഞ്ചിയിലോ എവിടേയ്ക്കും എത്തിക്കാന്‍ കഴിയും. അതിനാൽ ജ്വല്ലറി ഉടമകൾക്ക് പ്രദേശിക സ്വർണപ്പണിക്കാരെ അധികം ആശ്രയിക്കേണ്ടി വന്നില്ല. യന്ത്രവത്ക്കരണത്തിന്റെ സാധ്യത മുതലെടുത്ത അന്യസംസ്ഥാന വ്യാപാരികൾക്ക് കേരളത്തിലേക്ക് ആഭരണങ്ങൾ യഥേഷ്ടം എത്തിക്കാമെന്ന അവസ്ഥയുണ്ടായി. പക്ഷേ, സ്വർണക്കടകൾ കൂണുപോലെ മുളച്ചു പൊങ്ങിയെങ്കിലും ഉൽപന്നത്തിന്റെ വലുപ്പക്കുറവും എളുപ്പത്തിലുള്ള ക്രയവിക്രയവും പ്രാദേശികതലത്തില്‍ വന്‍കിട ഫാക്ടറികളുടെ പ്രസക്തി ഇല്ലാതാക്കി. വെങ്കല പാത്രങ്ങൾ, ആയുധങ്ങൾ എന്നിവയുടെ ക്രയവിക്രയവും സ്വർണത്തെപ്പോലെ എളുപ്പമല്ലായിരുന്നു. എങ്കിലും എണ്ണത്തിൽ കുറഞ്ഞ പാത്രങ്ങളും ആയുധങ്ങളും പല സ്ഥലങ്ങളിലേക്കു കൈമാറ്റം ചെയ്യാൻ തടസ്സമില്ലായിരുന്നു. ഈ അവസ്ഥയാകാം മരപ്പണിയെയും കരിങ്കൽപ്പണിയെയും അപേക്ഷിച്ച് വെങ്കലപാത്ര നിർമാണം, ആയുധനിർമാണം, ആഭരണ നിർമാണം തുടങ്ങിയവ ഗാർഹിക- ഉത്പാദന ക്രമമായി തുടരാനുള്ള പ്രധാന കാരണം.

ആഗോളീകരണ കാലത്ത് കർഷകരെപ്പോലെ സ്വർണപ്പണിക്കാർക്കിടയിലും ആത്മഹത്യ നിത്യസംഭവമായി മാറി. ആഭരണം നിറംപിടിപ്പിക്കുന്ന ലായനിയിൽ ചേർക്കുന്ന സയനൈഡ് രുചിച്ചാണ് ഭൂരിഭാഗം പേരും ആത്മഹത്യ ചെയ്തത്. എഴുപതുകളുടെ അവസാനത്തിൽ ഈ ലേഖകന്റേതടക്കമുള്ള നിരവധി കുടുംബങ്ങൾക്ക് നേരിടേണ്ടി വന്ന ആത്മഹത്യകളുടെ തനിയാവർത്തനമായിരുന്നു അത്. ഈയവസ്ഥ തിരിച്ചു വരുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ചങ്ങനാശ്ശേരിയിലെ സ്വർണത്തൊഴിലാളി ദമ്പതികളുടെ ആത്മഹത്യ ഒടുവിലത്തെ ഉദാഹരണമാണ്. ഇക്കഴിഞ്ഞ മേയിൽ ധനകാര്യസംരംഭകനായിരുന്ന സ്വർണത്തൊഴിലാളി കിടങ്ങൂരിൽ കുടുംബത്തോടൊപ്പം ആത്മഹത്യചെയ്തു. ഇപ്പോൾ നിരവധി സ്വര്‍ണത്തൊഴിലാളികൾ ആഭരണ നിര്‍മാണത്തില്‍ എഴുപതുകളിലെപ്പോലെ വെളളിയെയും ചെമ്പിനെയുമാണ് ആശ്രയിക്കുന്നത്. ഒരര്‍ഥത്തില്‍ അതു ചരിത്രത്തിലേക്കുള്ള തിരിച്ചു നടത്തം കൂടിയാണ്.

1997-ൽ കിടങ്ങൂരിലെ ബന്ധുവീട്ടിൽ താമസിക്കുന്ന സമയത്താണ് പരിശീലനം പൂര്‍ത്തിയാക്കിയ ഞാൻ സ്വന്തമായി ആഭരണങ്ങള്‍ നിർമിച്ചു ജ്വല്ലറികളില്‍ വിതരണം ചെയ്തു തുടങ്ങിയത്. രണ്ടു മൂന്നു വര്‍ഷം കൊണ്ട് കുറച്ചു സമ്പാദ്യമൊക്കെ ഉണ്ടാക്കാന്‍ കഴിഞ്ഞു. പക്ഷേ, തൊഴിൽക്ഷാമം നേരിട്ടപ്പോൾ പണിയോടൊപ്പം പഠനം എന്ന ആലോചനയുണ്ടായി. പ്രീ-ഡിഗ്രി കഴിഞ്ഞ് ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാഭ്യാസജീവിതം പുനരാരംഭിച്ചത് പ്രസ്തുത സാഹചര്യത്തിലാണ്. തൊഴില്‍ക്ഷാമം അത്യധികം രൂക്ഷമായിരുന്ന 2006- ലാണ് കുടുംബശ്രീയുടെ പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടിൽ ഉപരിപഠനത്തിനു ഭാഗ്യം ലഭിച്ചത്. ഈ പദ്ധതിയിൽ എന്നോടൊപ്പം ദലിത്-മത്സ്യത്തൊഴിലാളി സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതിജീവനത്തിന്റെ പാതയിൽ ദലിത്-പിന്നാക്ക സമുദായങ്ങൾ നേടിയ വിദ്യാഭ്യാസ ചലനാത്മകത മാറ്റത്തിനു വഴിതെളിച്ചു. മറ്റൊന്ന് യന്ത്രവത്കരണത്തിന്റെ പാർശ്വഫലങ്ങൾ കമ്മാളരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്കു കടിഞ്ഞാണിട്ടു. മധ്യവയസ്കരായവർ ആണ് ഈ രംഗത്ത് ഇപ്പോൾ തുടരുന്നത്. ഇവരിൽ പലരും മറ്റു ജോലികൾ തേടിക്കൊണ്ടിരിക്കുകയാണ്.

അതിജീവനത്തിനു വേണ്ടി എൺപതുകളുടെ ഒടുവിൽ ഒരു കുടുംബത്തിലെ മൂന്നു പെൺകുട്ടികൾ പഠനമുപേക്ഷിച്ച് സ്വർണപ്പണിയിൽ സ്വയം പര്യാപ്തത കൈവരിച്ചത് ബ്രഹ്മമംഗലത്തെ അത്യപൂർവ കാഴ്ചയായിരുന്നു. കാരണം, മറ്റു ഗ്രാമങ്ങളിൽ സ്ത്രീകൾ കൈത്തൊഴിൽ രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും സ്വന്തം വീട്ടിലെ പുരുഷന്മാരുടെ സഹായികൾ മാത്രമായിരുന്നു. സ്വർണപ്പണി അഭിവൃദ്ധിപ്രാപിച്ച ഘട്ടത്തിൽ വിദ്യാസമ്പന്നരായ സ്ത്രീകളെ ഭർത്താക്കന്മാർ ജോലിക്കു വിടാത്ത അവസ്ഥയുണ്ടായി. പക്ഷേ, യന്ത്രവത്ക്കരണത്തിനുശേഷം തൊഴിൽ രംഗം അധ:പതിച്ചതോടെ കമ്മാള സ്ത്രീകളെ ജോലി തേടാന്‍ പ്രേരിപ്പിക്കുകയോ പുരുഷന്മാരെ അതിനു നിര്‍ബന്ധിതരാക്കുകയോ ചെയ്തു.

അതിജീവനത്തിനു വേണ്ടി എൺപതുകളുടെ ഒടുവിൽ ഒരു കുടുംബത്തിലെ മൂന്നു പെൺകുട്ടികൾ പഠനമുപേക്ഷിച്ച് സ്വർണപ്പണിയിൽ സ്വയം പര്യാപ്തത കൈവരിച്ചത് ബ്രഹ്മമംഗലത്തെ അത്യപൂർവ കാഴ്ചയായിരുന്നു. കാരണം, മറ്റു ഗ്രാമങ്ങളിൽ സ്ത്രീകൾ കൈത്തൊഴിൽ രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും സ്വന്തം വീട്ടിലെ പുരുഷന്മാരുടെ സഹായികൾ മാത്രമായിരുന്നു. സ്വർണപ്പണി അഭിവൃദ്ധിപ്രാപിച്ച ഘട്ടത്തിൽ വിദ്യാസമ്പന്നരായ സ്ത്രീകളെ ഭർത്താക്കന്മാർ ജോലിക്കു വിടാത്ത അവസ്ഥയുണ്ടായി. പക്ഷേ, യന്ത്രവത്ക്കരണത്തിനുശേഷം തൊഴിൽ രംഗം അധ:പതിച്ചതോടെ കമ്മാള സ്ത്രീകളെ ജോലി തേടാന്‍ പ്രേരിപ്പിക്കുകയോ പുരുഷന്മാരെ അതിനു നിര്‍ബന്ധിതരാക്കുകയോ ചെയ്തു. കമ്മാള സ്ത്രീകളുടെ സ്വയംനിർണയാവകാശം സാധ്യതയുള്ള ഒരു പഠനവിഷയമാണ്. കമ്മാള സ്ത്രീകളിൽ നിന്നും എഴുത്തുകാരും ഗവേഷകരും ഉയർന്നു വരുന്നത് പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്. ഒരുപക്ഷേ, യന്ത്രവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ ബാധിച്ചിരുന്നില്ലെങ്കിൽ പുരുഷന്മാരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്കു മാറ്റമുണ്ടാകുമായിരുന്നില്ല. സ്ത്രീകൾ ഇപ്പോഴും വീട്ടമ്മമാരായി തുടർന്നേനെ. ഈയൊരു ലേഖനമെഴുതാൻ ഞാനും പ്രാപ്തനാകുമായിരുന്നില്ല. കാരണം പരമ്പാരാഗത തൊഴിലുകൾ ഒരർഥത്തിൽ ഞങ്ങളുടെ വിമോചനത്തെ തടസപ്പെടുത്തിയ ചങ്ങലകളായിരുന്നു. തൊഴിലിന്റെ പ്രത്യയശാസ്ത്രങ്ങൾ കുലത്തൊഴിലിനോടുള്ള ഞങ്ങളുടെ അഭിരുചിയെ നിരന്തരം പുനരുത്പാദിപ്പിച്ചു കൊണ്ടിരുന്നു.

 

 

 

 

 

 

 

 

തൊഴിൽ ചൂഷണത്തിന്റെ പ്രത്യയശാസ്ത്രം

കമ്മാളരുടെ  പിന്നാക്കാവസ്ഥ, ചെറുകിട വ്യാപാരികളുടെ  മിച്ചമൂല്യ ചൂഷണം എന്നിവയെ തൊഴിലിന്റെ പ്രത്യയശാസ്ത്രം വിദഗ്ധമായി മറച്ചു പിടിച്ചു. ഒരു തൊഴിലാളി മുതലാളിക്കു വിൽക്കുന്ന ചരക്ക് ഉത്പന്നമായി പരിണമിക്കുമ്പോൾ വില നല്‍കപ്പെടാത്ത തൊഴിലാളിയുടെ അധ്വാനമാണ് മിച്ചമൂല്യം. ഇത്തരം ചൂഷണത്തെ സാധൂകരിക്കുന്ന നിഗൂഢമായ ഭരണവർഗ ആശയങ്ങളെയാണ് പ്രത്യയശാസ്ത്രമായി സാമൂഹ്യ ചിന്തകർ നിർവചിച്ചത്. അത്തരം പ്രത്യയശാസ്ത്രം തലകീഴായ ബോധോത്പാദനം തൊഴിലാളികളിൽ നടത്തുന്നു. ഉദാഹരണമായി, ഞങ്ങളുടെ ഗ്രാമത്തിൽ പ്രചരിച്ചിരുന്ന ചില നാട്ടറിവുകൾ പരിശോധിക്കാം. “മൂത്താശാരിയെ ധിക്കരിക്കരുത്”,  “തൊഴിൽഭാവി ശോഭനമാകണമെങ്കിൽ ഗുരുശാപമേറ്റു കൂടാ”, “പലയിടങ്ങളിൽ ജോലി ചെയ്യാതെ ഒരിടത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക” തുടങ്ങിയ നാട്ടറിവുകള്‍ അവയില്‍ ചിലതാണ്. തൊഴിൽരംഗത്തേക്ക് കടന്നു വരുന്ന യുവാക്കൾ കൂലി ചോദിക്കുകയോ, മറ്റു തൊഴിലിടങ്ങളെ സമീപിക്കുകയോ, പ്രതിഷേധസ്വരങ്ങൾ ഉയർത്തുകയോ ചെയ്യരുതെന്ന ബോധോൽപാദനമായിരുന്നു അത്തരം നാട്ടറിവുകൾ കമ്മാളർക്ക് സമ്മാനിച്ചത്. കൂടാതെ ആത്മീയതയുടെ പ്രത്യയശാസ്ത്രത്തിൽ കുടുങ്ങിപ്പോയ ഞങ്ങളിൽ പലരും, ആരാധനാമൂർത്തികളെ തൃപ്തിപ്പെടുത്തിയാൽ തൊഴിൽ ലഭിക്കുമെന്ന് നിഷ്കളങ്കമായി ചിന്തിച്ചു. പക്ഷേ കച്ചവട തന്ത്രങ്ങൾ മെനയുന്നതിനോ ഉപഭോക്താക്കളെ കയ്യിലെടുക്കുന്നതിനോ ആവശ്യമായ പ്രാവീണ്യമാർജ്ജിക്കുവാൻ ആത്മീയതയിൽ മുഴുകിയ കമ്മാളർ പൊതുവേ ശ്രദ്ധിച്ചിരുന്നില്ല. ഉദാഹരണമായി, വിശ്വകര്‍മ എന്ന ബ്രാൻഡിലൂടെ (വിശ്വകര്‍മ ആംബുലന്‍സ് തുടങ്ങിയവ) ആരംഭിച്ച പല ധനകാര്യ-സേവന സംരംഭങ്ങളും പരാജയപ്പെട്ടു. കാരണം, “ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ പരിഗണിക്കുന്നതിനു പകരം പൊതുസമൂഹത്തിന് അന്യമായ ‘വിശ്വകര്‍മ’ എന്ന ആത്മീയബ്രാന്‍ഡിലൂടെ സമുദായത്തിനു ദൃശ്യത നേടിയെടുക്കാനാണ് അവര്‍ ശ്രമിച്ചത്‌. പക്ഷേ, ‘വിശ്വകര്‍മ’ പാരമ്പര്യത്തെ പിന്തുടർന്നുകൊണ്ട് ക്ഷേത്രസംബന്ധമായ തൊഴിലുകളില്‍ ഏർപ്പെട്ടതു പോലെ ബ്രാഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമാകാനാണ് ഇവിടേയും ശ്രമിച്ചത്‌. തൊഴിൽ പ്രശ്ങ്ങളെ യുക്തിസഹമായി നേരിടുവാന്‍ കമ്മാളര്‍ക്ക് അമിതമായ ആത്മീയതയും അന്ധവിശ്വാസവും വിഘാതം സൃഷ്ടിച്ചു. അവ വര്‍ത്തമാനകാലത്ത് ശക്തി പ്രാപിച്ചിരിക്കുന്നു.

“മൂത്താശാരിയെ ധിക്കരിക്കരുത്”,  “തൊഴിൽഭാവി ശോഭനമാകണമെങ്കിൽ ഗുരുശാപമേറ്റു കൂടാ”, “പലയിടങ്ങളിൽ ജോലി ചെയ്യാതെ ഒരിടത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക” തുടങ്ങിയ നാട്ടറിവുകള്‍ അവയില്‍ ചിലതാണ്. തൊഴിൽരംഗത്തേക്ക് കടന്നു വരുന്ന യുവാക്കൾ കൂലി ചോദിക്കുകയോ, മറ്റു തൊഴിലിടങ്ങളെ സമീപിക്കുകയോ, പ്രതിഷേധസ്വരങ്ങൾ ഉയർത്തുകയോ ചെയ്യരുതെന്ന ബോധോൽപാദനമായിരുന്നു അത്തരം നാട്ടറിവുകൾ കമ്മാളർക്ക് സമ്മാനിച്ചത്. കൂടാതെ ആത്മീയതയുടെ പ്രത്യയശാസ്ത്രത്തിൽ കുടുങ്ങിപ്പോയ ഞങ്ങളിൽ പലരും, ആരാധനാമൂർത്തികളെ തൃപ്തിപ്പെടുത്തിയാൽ തൊഴിൽ ലഭിക്കുമെന്ന് നിഷ്കളങ്കമായി ചിന്തിച്ചു.

ഗൃഹനിർമാണത്തിന്റെ സാങ്കേതികവിദ്യയാണ് തച്ചുശാസ്ത്രം. പക്ഷേ തച്ചുശാസ്ത്രത്തെ ഗണിതകശാസ്ത്ര യുക്തിക്കപ്പുറം ജ്യോതിഷത്തിൽ അധിഷ്ഠിതമായ വാസ്തുപുരുഷൻ എന്ന പ്രതീകത്തെയാണ് മരപ്പണിക്കാരും ക്ഷേത്രനിർമാണ വിദഗ്ധരും പിന്തുടരുന്നത് എന്ന് കമ്മാളർ അഭിപ്രായപ്പെടുന്നു. അന്യാധീനപ്പെട്ട കുടുംബക്ഷേത്രം, പരദൈവ ശാപം, വാസ്തുദോഷം എന്നിവ തങ്ങളുടെ പ്രശ്നങ്ങളുടെ ഹേതുവായി അവർ ആരോപിച്ചു. ക്ഷേത്രപുനരുദ്ധാരണം, ഉത്സവം തുടങ്ങിയ കാര്യങ്ങളിലായിരുന്നു ശ്രദ്ധ. ബ്രാഹ്മണാധികാരം നിക്ഷേപിച്ച പ്രത്യയശാസ്ത്രങ്ങൾ യഥാർഥ പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിടുവാൻ കമ്മാളരെ അശക്തരാക്കി. ക്ഷേത്രനിർമാണത്തിലെ ക്രിയാത്മക പങ്കാളിത്തം വിശ്വകർമാവിനെ ചുറ്റിപ്പറ്റിയുള്ള കുലത്തൊഴിലിന്റെ മാഹാത്മ്യത്തിൽ അവരെ തളച്ചിട്ടു. മറ്റു ജാതി സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായി കമ്മാളർക്കിടയിലെ അരാഷ്ട്രീയബോധത്തിനു ചില കാരണങ്ങൾ കമ്മാളർ ചൂണ്ടിക്കാണിക്കുന്നു. ഇക്കാലങ്ങളിൽ കമ്മാളർ ഇടതുപക്ഷത്തിന്റെ വോട്ടു ബാങ്കായിരുന്നുവെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായവരും പൊതു വിഷയങ്ങളിൽ കാര്യമായി ഇടപെട്ടവരും വിരലില്‍ എണ്ണാവുന്നവർ മാത്രമായിരുന്നു. അഥവാ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ “കുലത്തൊഴിൽ ചെയ്യാതെ ഉഴപ്പി നടക്കുന്നു” എന്നുള്ള പെരുമാറ്റച്ചട്ടങ്ങൾ അവരെ പിന്തിരിപ്പിച്ചു. ആദ്യം സൂചിപ്പിച്ച തൊഴിൽ പ്രത്യയശാസ്ത്രങ്ങളെ ഈ പെരുമാറ്റച്ചട്ടങ്ങൾ ശക്തിപ്പെടുത്തി. കുലത്തൊഴിലിന്റെ മഹിമയിൽ അമിതമായി വിരാജിച്ച കമ്മാളർ ജാതി വ്യവസ്ഥ നിർമിച്ച തൊഴിൽ ബന്ധങ്ങളും യന്ത്രവത്ക്കരണ കാലത്തെ അവയുടെ പരിണാമവും സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ നേരിടുന്നതിൽ വിജയിച്ചില്ല. ചിത്രരചനയിലും സംഗീതത്തിലും പ്രാവീണ്യമുണ്ടായിരുന്നെങ്കിലും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയുമുള്ള രാഷ്ട്രീയ പ്രവർത്തനത്തോട് കമ്മാളര്‍ പുറംതിരിഞ്ഞു നിന്നു. തൊണ്ണൂറുകളിൽ പ്രതിസന്ധി ഘട്ടത്തിൽ മാത്രമാണ് കേരള സ്വർണത്തൊഴിലാളി യൂണിയൻ എന്ന പേരിൽ ഒറ്റപ്പെട്ട ചില രാഷ്ട്രീയ സമരങ്ങൾ ഇവർ നടത്തിയത്. അവയാകട്ടെ വിജയം കൈവരിച്ചതുമില്ല. അയ്യന്‍കാളി, ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍ എന്നിവരെപ്പോലുള്ള ജൈവബുദ്ധിജീവികളുടെ അഭാവം കമ്മാളരുടെ പിന്നാക്കാവസ്ഥയുടെ പരിവർത്തനത്തെ വൈകിപ്പിച്ചു.

ചൂഷണത്തെ സാധൂകരിക്കുന്ന നാട്ടറിവുകൾ

നേരത്തെ വിവരിച്ചതുപോലെ തൊഴിലാളികള്‍ നിക്ഷേപിച്ച ഉരുപ്പടികളാണ് അടുത്ത ഓർഡറിനുള്ള സ്വർണക്കട്ടിയുടെ രൂപത്തിൽ മുതലാളിമാർ നൽകി വരുന്നത്. ഇതിനു കടമുതലാളിമാര്‍ പറഞ്ഞു വരുന്ന ഒരു ന്യായം ഇതാണ്:  “പണിക്കായി നല്‍കുന്ന സ്വർണം കൊണ്ട് തട്ടാന്മാര്‍ മുങ്ങിയാല്‍ ഞങ്ങള്‍ക്ക് നിലനില്‍പ്പില്ല. സുരക്ഷിതത്വം എന്ന രീതിയില്‍ മാത്രമാണ് അവരോട് സ്വന്തം നിലയില്‍ ആഭരണങ്ങള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത്”. ഈ പ്രസ്താവന സാമാന്യയുക്തിയില്‍ ശരിയായിരിക്കാം. എന്നാല്‍ അവ പണാധികാരത്തിന്റെ പ്രത്യയശാസ്ത്രമായി മാറുന്നത് മറ്റൊരു പരിസരത്തിലാണ്. കാരണം, അത്തരം പ്രസ്താവനകളിലൂടെ പണിക്കാരില്‍ നിന്ന് വലിയൊരു നിക്ഷേപം യാതൊരു പലിശയും നല്‍കാതെ സ്വര്‍ണത്തിന്റെ രൂപത്തില്‍ മുതലാളിമാര്‍ ‘കൈക്കലാക്കി’. ആഭരണങ്ങൾ വിറ്റുതീരുന്ന മുറയ്ക്ക്, നിക്ഷേപത്തിന്റെ പകുതിയോളം സ്വർണം മാത്രമായിരുന്നു അതതു തൊഴിലാളികൾക്ക് തിരികെ ലഭിച്ചിരുന്നത്. പല വൻകിട സ്വർണക്കട മുതലാളിമാരും പുതിയ ശാഖകൾ തുടങ്ങിയത് സ്വർണപ്പണിക്കാരായ ചെറുകിട വ്യാപാരികള്‍ നിക്ഷേപമായി നൽകിയ ഉരുപ്പടികളിലൂടെയായിരുന്നു. വലിയ ഷോറൂമുകൾ പണിതുയർത്തി ജോലിക്കാരെ നിയമിച്ചാൽ മാത്രം മതിയാകും. ഷോക്കേസിൽ നിരത്തേണ്ട ആഭരണങ്ങൾ മൊത്തവ്യാപാരികൾ, ചില്ലറ വ്യാപാരികൾ, പിന്നെ സ്വദേശികളായ സ്വർണപ്പണിക്കാർ എന്നിവരില്‍ നിന്നും നിക്ഷേപമായി സ്വീകരിക്കുക എന്ന തന്ത്രമായിരുന്നു പൊതു സമൂഹത്തിൽ നിന്നും മറക്കപ്പെട്ടത്. ഇവിടെ സ്വർണപ്പണിക്കാരെല്ലാം മോഷ്ടാക്കളാണെന്ന് മുതലാളിമാർ കരുതുന്നുണ്ടാവില്ല. മൂലധനമില്ലാതെ തൊഴിൽ തേടുന്നവരെ ഒഴിവാക്കാനുള്ള പണാധികാരത്തിന്റെ തന്ത്രം മാത്രമാണ്. വിശ്വസ്തരായ ആളുകളെ കണ്ടെത്തിയാൽ പോലും സ്വർണപ്പണിക്കാരെ മോഷ്ടാക്കാളാക്കുന്ന പ്രത്യയശാസ്ത്രത്തെ മുൻനിർത്തിയായിരിക്കും മുതലാളിമാർ വ്യവസായത്തിനാവശ്യമായ മൂലധന സമാഹരണത്തെ സാധൂകരിക്കുന്നത്.

2004 ൽ മാതൃഭുമിയിൽ വന്ന വാർത്തയിൽ നിന്ന്, കെ.എ ബാബു എടുത്ത ലേഖകന്റെ ചിത്രം.

2004 ൽ മാതൃഭുമിയിൽ വന്ന വാർത്തയിൽ നിന്ന്,കെ.എ ബാബു എടുത്ത ലേഖകന്റെ ചിത്രം.

 

 

 

 

 

 

 

 

ചെറുകിട വ്യാപാരികളായ കമ്മാളരെയും  ഈ നാട്ടറിവുകള്‍ ബാധിച്ചു. “തട്ടാൻ തട്ടും” എന്നതു പോലുള്ള പഴഞ്ചൊല്ലുകൾ ഉപഭോക്താക്കളെ കമ്മാളവ്യാപാര സ്ഥാപനങ്ങളിൽ നിന്നും അകറ്റി. പൊൻമുട്ടയിടുന്ന താറാവു പോലുള്ള സിനിമകൾ ഇത്തരം ചൊല്ലുകളെ ഊട്ടിയുറപ്പിച്ചു. ഇതിന്റെ സത്യാവസ്ഥ എന്താണെന്നു പരിശോധിക്കാം: രണ്ടു ലോഹക്കണ്ണികള്‍ പരസ്പരം വിളക്കി ചേർക്കണമെങ്കിൽ മൂലലോഹത്തേക്കാള്‍ സാന്ദ്രത കുറഞ്ഞതും മുൻപേ ഉരുകുന്നതുമായ ലോഹക്കൂട്ട് അവശ്യമാണ്. അല്ലെങ്കിൽ വിളക്കേണ്ട ലോഹം പൊടുന്നനെ ഉരുകിനശിക്കും. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവ ചേര്‍ന്ന ഈ മിശ്രിതത്തെ ‘മട്ടം’ എന്നുവിളിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണത്തോടൊപ്പം കാഡ്മിയം, സിങ്ക് തുടങ്ങിയ ലോഹങ്ങൾ ചേര്‍ത്ത മട്ടമാണ് ഉപയോഗിക്കുന്നത്. 24 കാരറ്റ് തങ്കത്തില്‍ വെറും 8.4 % കാഡ്മിയമോ സിങ്കോ ചേര്‍ത്താല്‍ 91.6% സ്വര്‍ണത്തിന്റെ ശുദ്ധി മട്ടത്തിൽ നിലനിര്‍ത്താനാകുന്നതിനാല്‍ 916-മാറ്റില്‍ ആഭരണങ്ങള്‍ നിര്‍മിക്കാനാകുന്നു. സമാനമായി, ആഭരണത്തിലെ മൂലലോഹം തയ്യാറാക്കുന്നത് തങ്കത്തില്‍ 8.4% ചെമ്പ് ചേര്‍ത്തുകൊണ്ടാണ്. നിശ്ചിത അളവിൽ ചെമ്പ് ചേർക്കാത്തിടത്തോളം ശുദ്ധമായ സ്വർണത്തിന് ആഭരണ നിർമിതിക്കാവശ്യമായ ദൃഢത ഉണ്ടാവില്ല.

ഉത്പാദകപ്രക്രിയയുടെ ഈ സവിശേഷ സാഹചര്യത്തിലാണ് “ഏതു തട്ടാനും തക്കം കിട്ടിയാല്‍ ഒരല്പം ചെമ്പ് ചേര്‍ക്കും” എന്ന അധിക്ഷേപങ്ങള്‍ ഉയരുന്നത്‌. കമ്മാളനായ ഹരിലാൽ പറയുന്നു: “തട്ടാൻ എന്നു പറഞ്ഞാൽ തട്ടിക്കുന്നവൻ എന്നല്ല അർഥം, ചുറ്റിക തട്ടി പണിയെടുക്കുന്നവൻ എന്നാണർഥം. സാധാരണക്കാരുടെ കൈയിൽ നിന്ന് കൈമറിഞ്ഞ് വരുന്ന പഴയ സ്വർണത്തിനു മാറ്റ് കുറവായിരിക്കും. ഇതു വില്പനയ്‌ക്കോ കൈമാറ്റാത്തതിനോ ആയി ജ്വല്ലറിയിൽ എത്തുമ്പോൾ ഉരുക്കിപ്പണിയുന്ന തട്ടാന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നു. മാറ്റ് കുറവാണെന്ന് കടക്കാരൻ പറയുമ്പോൾ പഴയ സ്വർണം എന്ന സത്യം മറന്ന്, പഴി പണിത തട്ടാന്റെ തലയിൽ വച്ച് കെട്ടും”. പക്ഷേ, ഉപഭോക്താവിന്റെ അവശ്യപ്രകാരം തൂക്കം നിലനിർത്താൻ വേണ്ടി, തട്ടാൻ പഴയ സ്വർണം ശുദ്ധീകരിക്കാതെ അതേപടി ഉരുക്കി പണിതതാകാം. അതായതു തട്ടാനും ഉപഭോക്താവും തമ്മിൽ വാക്കാൽ മാത്രമുള്ള ഉടമ്പടി തട്ടാന്റെ പേര് ചീത്തയാക്കാൻ ഇടയാക്കുന്നു. തന്റെ നിസ്സഹായവസ്ഥ തെളിയിക്കാൻ ശ്രമിച്ചാലും തട്ടാനെ ആരും തന്നെ ചെവി കൊള്ളില്ല. മാത്രമല്ല, അയാളെക്കുറിച്ചുള്ള ആരോപണം കാറ്റു പോലെ സഞ്ചരിക്കുകയും ചെയ്യുന്നു. കാരണം ചരിത്രപരമായി തൊഴിലിന്റെ പ്രത്യയശാസ്ത്രം അവരെ  മോഷ്ടാക്കളായി നിർവചിച്ചു കഴിഞ്ഞു. അല്ലെന്നു തെളിയിച്ചാലും അയാൾ എപ്പോഴും സംശയത്തിന്റെ നിഴലിൽ ആയിരിക്കും. സ്വർണപ്പണിക്കാർ മോഷ്ടാക്കാളാണോ അല്ലയോ എന്ന നിയമപരമായ ചോദ്യങ്ങൾ അവയുടെ പ്രത്യയശാസ്ത്ര പരിസരത്തിൽ ഇവിടെ അപ്രസക്തമാകുന്നു. ഇത്തരം പ്രത്യയശാസ്ത്രങ്ങൾ വ്യവസായവത്കരണ പ്രക്രിയയിൽ നിന്നും കമ്മാളരെ അന്യവത്ക്കരിക്കുകയാണ് ചെയ്തത്.

സ്വർണപ്പണിക്കാരെ മോഷ്ടാക്കളാക്കുന്ന നാട്ടറിവുകളെ പുനരുത്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് മനുസ്മൃതിയും പിന്തുടരുന്നത്. വിലപിടിപ്പുള്ള രത്നങ്ങൾ മോഷ്ടിച്ചവർ തട്ടാൻമാരായി ജനിക്കുന്നു എന്നാണ് മനുസ്മൃതിയിലുള്ളത്: “മാണിക്യാദിമണികൾ മുത്ത് പവിഴം എന്നിവ അത്യാഗ്രഹം കൊണ്ടു മോഷ്ടിച്ചാൽ അവൻ തട്ടാന്മാരുടെ ജാതിയിൽ ജനിക്കും”

സ്വർണപ്പണിക്കാരെ മോഷ്ടാക്കളാക്കുന്ന നാട്ടറിവുകളെ പുനരുത്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് മനുസ്മൃതിയും പിന്തുടരുന്നത്. വിലപിടിപ്പുള്ള രത്നങ്ങൾ മോഷ്ടിച്ചവർ തട്ടാൻമാരായി ജനിക്കുന്നു എന്നാണ് മനുസ്മൃതിയിലുള്ളത്: “മാണിക്യാദിമണികൾ മുത്ത് പവിഴം എന്നിവ അത്യാഗ്രഹം കൊണ്ടു മോഷ്ടിച്ചാൽ അവൻ തട്ടാന്മാരുടെ ജാതിയിൽ ജനിക്കും”(ശ്ലോകം 61, പേജ്, 555, മനുസ്മൃതി, മേല്‍ക്കുളങ്ങര അജികുമാര്‍ എഡിറ്റ്‌ ചെയ്തത്). കമ്മാളരുടെ മുൻജന്മപാപമാണ് ഇപ്പോഴത്തെ പിന്നാക്കാവസ്ഥക്കു കാരണമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ജാത്യാധിഷ്‌ഠിത തൊഴിൽ വിഭജനത്തെ ഓരോരുത്തരിലും തന്ത്രപരമായി അടിച്ചേൽപ്പിക്കുകയാണ് മനുസ്മൃതിയുടെ പ്രത്യയശാസ്ത്രം. ബ്രാഹ്മണാധികാരത്തിന്റെ ഇത്തരം പ്രത്യയശാസ്ത്ര നിക്ഷേപങ്ങളെ പ്രതിരോധിക്കുന്ന ക്രിയാത്മകമായ രാഷ്ട്രീയ സൃഷ്ടികൾ (പെയിന്റിംഗ്, കാര്‍ട്ടൂണ്‍ സൃഷ്ടികള്‍ പോലെ) സംഭാവന ചെയ്യുവാൻ കമ്മാളർക്ക് ഇന്നേ വരെ കഴിഞ്ഞിട്ടില്ല. .

സമുദായ രൂപവത്ക്കരണത്തിലെ വെല്ലുവിളികള്‍

എഴുപതുകളില്‍ ബ്രഹ്മമംഗലത്തെ കമ്മാളരിൽ ഭൂരിഭാഗവും ശില്‍പികളോ കരിങ്കല്‍പ്പണിക്കാരോ ആയിരുന്നു. ഈയുള്ളവന്‍റെ കുടുംബാംഗങ്ങൾ ആട്ടുകല്ല്‌, അരകല്ല് എന്നിവയുടെ നിർമാണത്തിലായിരുന്നു പ്രാവീണ്യം നേടിയിരുന്നത്. ഞങ്ങൾക്കിടയിൽ രണ്ടു വ്യത്യസ്ത തൊഴിലുകൾ രൂപപ്പെട്ടതിന്റെ സൂചനകൾ ശിൽപിയും സ്വർണപ്പണിക്കാരനുമായ അശോകൻ നൽകുന്നു: “ആണൈഞ്ച പെരുമാൾ ആനയപ്പൻ ആചാരിയാണ് നമ്മുടെ പൂർവികൻ എന്നു കരുതപ്പെടുന്നു. അദ്ദേഹവും അനുജനും വൈക്കം ക്ഷേത്രനിർമാണത്തിനായി തമിഴ്നാട്ടിൽ നിന്നും എത്തി. രാജാക്കന്മാർക്കു വേണ്ടി നാണയങ്ങൾ, കമ്മട്ടങ്ങൾ, തിരുവാഭരണങ്ങൾ എന്നിവ നിർമിച്ചിരുന്നു. കൂടാതെ പഞ്ചലോഹ നിർമാണം, വാർക്കപണി, കരിങ്കൽപ്പണി എന്നിവയും അദ്ദേഹത്തിനു വഴങ്ങിയിരുന്നു. പക്ഷേ, ആനയപ്പൻ ആചാരിയുടെ അനുജന് ആഭരണ നിർമാണമായിരുന്നു ജോലി. ഇവരുടെ പിൻതലമുറക്കാരാണ് ബ്രഹ്മമംഗലത്തെ ഇപ്പോഴുള്ള കമ്മാളർ”. ജാത്യാധിഷ്ഠിത തൊഴിൽ വിഭജനം കമ്മാളർക്കിടയിൽ ആദ്യകാലങ്ങളിൽ സജീവമായിരുന്നില്ല എന്നതാണ് ആനയപ്പൻ ആചാരിയുടെ ജീവിതകഥ സൂചിപ്പിക്കുന്നത്. പക്ഷേ, കൃത്യമായ തൊഴിൽ വിഭജനം കമ്മാളർക്കിടയിൽ എണ്‍പതുകൾക്കു മുന്‍പുപോലും പ്രകടമായിരുന്നു. തട്ടാൻമാർക്കിടയിൽ തന്നെ ദേശപരവും ഭാഷാപരവുമായ വിഭജനം കാണാൻ കഴിയും.

കേരളത്തിൽ തട്ടാൻമാർ മലയൻ തട്ടാൻ, പാണ്ടിത്തട്ടാൻ എന്നീ രണ്ടു വിഭാഗങ്ങളായാണ് അറിയപ്പെടുന്നത്. പ്രധാനമായും തമിഴ് സംസാരിക്കുന്നവര്‍ പാണ്ടിത്തട്ടാന്‍ എന്നും മലയാളം സംസാരിക്കുന്നവര്‍ മലയന്‍ തട്ടാന്‍ എന്നും അറിയപ്പെട്ടു. പാണ്ടിത്തട്ടാന്‍ വിഭാഗത്തില്‍പ്പെട്ട എന്റെ വീട്ടില്‍ മുതിര്‍ന്ന ആളുകള്‍ ഇപ്പോഴും തമിഴും മലയാളവും ചേര്‍ന്ന ഗ്രാമ്യഭാഷയാണു സംസാരിക്കുന്നത്. മലയന്‍ തട്ടാന്‍മാര്‍ നാല്‍പതുകരയിലും പാണ്ടിത്തട്ടാന്‍മാര്‍ മുപ്പത്തിയാറര കരയിലും താമസിക്കുന്നു എന്ന് കമ്മാളരുടെ വാചിക ചരിത്രം സൂചിപ്പിക്കുന്നു. കിടങ്ങൂർ നിവാസിയായ നാരായണൻ കുട്ടി ആചാരിയിൽ നിന്നു ശേഖരിച്ച വിവരങ്ങൾ പ്രാധാന്യമർഹിക്കുന്നതാണ് : “ഇരുവരും തമിഴ്നാട്ടിൽ നിന്നും ക്ഷേത്രനിർമാണത്തിനായി എത്തിയവരാണ്. ആദ്യ ഘട്ടത്തിൽ എത്തിയവർ മലയാളി സംസ്കാരത്തോടു ലയിച്ചു ചേർന്നതിനാൽ അവരിൽ തമിഴ് പാരമ്പര്യത്തിന്റെ ശേഷിപ്പുകൾ ഉണ്ടായില്ല. ആയതിനാൽ അവർ മലയൻ തട്ടാൻ എന്ന് അറിയപ്പെട്ടു. എന്നാൽ അവസാന ഘട്ടത്തിൽ എത്തിയവരുടെ ലയന പ്രക്രിയ വൈകിയതിനാൽ അവർ ഇപ്പോഴും തമിഴ്ഭാഷയും സംസ്കാരവും പിന്തുടരുന്നു.” ഇത്തരം വിഭജനങ്ങളുടെ ചരിത്രപരമായ കാരണങ്ങൾ ആണ് കമ്മാളർ അന്വേഷിക്കേണ്ടത്.

കല്ലിലും മരത്തിലും ലോഹത്തിലും ശില്‍പങ്ങൾ തീർത്തിരുന്ന പെരുന്തച്ചനെ മഹത്വവത്ക്കരിക്കുന്ന കഥകൾ നമുക്കു സുപരിചിതമാണ്. കുലത്തൊഴിലിന്റെ മാഹാത്മ്യത്തെ പുനരുത്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രമായി പെരുന്തച്ചൻ മാറിക്കഴിഞ്ഞു. ഇത്തരം പ്രത്യയശാസ്ത്രങ്ങളെ അപനിർമിക്കാൻ കഴിയുന്നത് കൃഷിയും സകല കൈത്തൊഴിലുകളും ഒരുമിച്ചു ചെയ്തിരുന്ന ഗോത്രജനതയോടൊപ്പം പെരുന്തച്ചനെ ചേർത്തു വായിക്കുമ്പോഴാണ്. ഉദാഹരണമായി, മലയാളവും കന്നഡയും കലർന്ന ഭാഷ സംസാരിച്ചിരുന്ന വിദഗ്ധരായ കൈത്തൊഴിലുകാരാണ് ഊരാളി കുറുമ്പർ. കൊല്ലന്മാരെപ്പോലെ കത്തിയും കുശവന്മാരെപ്പോലെ മൺകുടങ്ങളും ആശാരിമാരെപ്പോലെ തടിയുപകരണങ്ങളും ഇവർ നിർമിച്ചിരുന്നുവെന്ന് 1911-ൽ മലബാറിലെ ഡെപ്യൂട്ടി കളക്ടറായിരുന്ന ഗോപാലൻ നായർ രചിച്ച ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. പക്ഷേ, കമ്മാളരെപ്പോലെ തന്നെ ഊരാളികളും തൊഴിൽപരമായ അന്യവത്ക്കരണം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ തന്നെ നേരിട്ടിരുന്നു. കരകൗശല വിദഗ്ധരായ ഊരാളികൾ ഇല്ലാതെ വയനാടൻ ജനതയ്ക്കു ജീവിക്കാൻ കഴിയുമായിരുന്നില്ല, എന്നാൽ കുടിയേറ്റക്കാരിൽ നിന്നുള്ള മത്സരം നിമിത്തം അവർ കൂലിവേലക്കാർ എന്ന നിലയിലേക്ക് അധഃപതിച്ചുവെന്നും ഗോപാലൻ നായർ പറയുന്നു.

കല്ലിലും മരത്തിലും ലോഹത്തിലും ശില്‍പങ്ങൾ തീർത്തിരുന്ന പെരുന്തച്ചനെ മഹത്വവത്ക്കരിക്കുന്ന കഥകൾ നമുക്കു സുപരിചിതമാണ്. കുലത്തൊഴിലിന്റെ മാഹാത്മ്യത്തെ പുനരുത്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രമായി പെരുന്തച്ചൻ മാറിക്കഴിഞ്ഞു. ഇത്തരം പ്രത്യയശാസ്ത്രങ്ങളെ അപനിർമിക്കാൻ കഴിയുന്നത് കൃഷിയും സകല കൈത്തൊഴിലുകളും ഒരുമിച്ചു ചെയ്തിരുന്ന ഗോത്രജനതയോടൊപ്പം പെരുന്തച്ചനെ ചേർത്തു വായിക്കുമ്പോഴാണ്.

കൈത്തൊഴിലും കൃഷിയും ഒരുമിച്ചു ചെയ്തിരുന്ന ഗോത്ര ജനത ബ്രാഹ്മണനാടുവാഴിത്തത്തിന്റെ വരവോടെ പ്രാദേശിക ഇടങ്ങളിലേക്ക് വിഭജിച്ചു കുടിയിരുത്തപ്പെടുകയായിരുന്നുവെന്ന് വിളംബര രേഖയായ ചെപ്പോടുകൾ സൂചിപ്പിക്കുന്നു. കൈത്തൊഴിലാളികൾ പിന്നീട്  ഐക്കുടി കമ്മാളർ (ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ, ശിൽപി) എന്ന അഞ്ചു പേരിൽ മാത്രമായി ചുരുക്കപ്പെട്ടു. ഓരോ കമ്മാളനും മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന ബോധവും അവരിൽ രൂപപ്പെട്ടു. കുലത്തൊഴിലിനെ ചുറ്റിപ്പറ്റി കമ്മാളർക്കിടയിൽ നിലനിൽക്കുന്ന മിഥ്യാഭിമാനത്തെക്കുറിച്ചു ജോർജ് വർഗീസ് നിരീക്ഷിച്ച കാര്യങ്ങൾ ശ്രദ്ധേയമാണ്: കാഠിന്യമുള്ള ലോഹത്തിൽ ജോലി ചെയ്യുന്നതിനാൽ കൊല്ലന്മാർ മറ്റുള്ളവരെക്കാൾ കേമന്മാർ ആണെന്നു വിശ്വസിച്ചു. എന്നാൽ ഏറ്റവും വിലപിടിപ്പുള്ള ലോഹത്തിൽ ജോലിചെയ്യുന്നതിനാൽ തങ്ങളാണ് ശ്രേഷ്ഠർ എന്ന് തട്ടാൻമാരും കരുതി. വിഗ്രഹനിർമ്മാണം ശില്‍പികളെ സമാനമായി ചിന്തിക്കുവാൻ പ്രേരിപ്പിച്ചത് എടുത്തു പറയേണ്ടതില്ലല്ലോ. കമ്മാളനായ ഗോപിനാഥ് മരപ്പണിക്കാരെക്കുറിച്ചു പറയുന്നതിങ്ങനെ: “തടി മുറിച്ചാല്‍ മുറിച്ചതാണ്. ലോഹങ്ങള്‍ പോലെ തടി ഉരുക്കി പണിയാന്‍ കഴിയില്ല എന്നത് ശ്രേഷഠതയായി പറയുന്നവരാണ് തടിപ്പണിക്കാര്‍”.

 

പെരുന്തച്ചന്റെ പൈതൃകത്തോടൊപ്പം വിശ്വകർമാവിന്റെ സന്തതികളായ മനു, മയ, ത്വഷ്ട, വിശ്വജ്ഞ, ശില്‍പി എന്നിവരുടെ പിൻഗാമികളാണ് തങ്ങളെന്ന ഋഷി പാരമ്പര്യത്തെയും ഐക്കുടി കമ്മാളർ ഊട്ടിയുറപ്പിച്ചു. കമ്മാളർ തങ്ങളുടെ ഭൂതകാലത്തെ അന്വേഷിക്കുന്നത് ഋഷി പാരമ്പര്യത്തിന്റെ പ്രത്യയശാസ്ത്രത്തിലാണെന്നു സാമൂഹികമാധ്യമങ്ങളിലെ അവരുടെ ഇടപെടൽ സൂചിപ്പിക്കുന്നു. ചരിത്രകാരൻ രാജൻ ഗുരുക്കളുടെ വിമർശനാത്മക ചിന്ത പ്രസക്തമാകുന്നതിവിടെയാണ്: “ഭൂതകാലത്തെ നാം തിരയേണ്ടത് ഏതെങ്കിലും പൈതൃകത്തിലല്ല. പകരം നമ്മുടെ ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും സാങ്കേതികവിദ്യ വികസിച്ചതെങ്ങിനെയെന്ന സൈദ്ധാന്തിക അന്വേഷണത്തിലൂടെയാണ്. പഴയ കാലസംഭവങ്ങളുടെ കാലക്രമത്തിലുള്ള വിവരണമല്ല ചരിത്രം. മറിച്ച് സംഭവങ്ങളുടെ പുറകിലുള്ള ചാലകശക്തിയെയാണ് നാം അന്വേഷിക്കേണ്ടത്”. അതായത്, സംഭവങ്ങളുടെ ഉണ്ടാവലിന്റെ സാമൂഹ്യശാസ്ത്രമാണു ചരിത്രമെന്നും രാജൻ ഗുരുക്കൾ  കൂട്ടിച്ചേർക്കുന്നു. കമ്മാളരിൽ അടിച്ചേല്‍പ്പിക്കപ്പെട്ട കുടിയിരുത്തലുകളും തൊഴിൽ വിഭജനങ്ങളും അവയുടെ ചരിത്രത്തിലേക്ക് എത്തിനോക്കാത്ത പൈതൃകത്തിന്റെ പ്രത്യയശാസ്ത്രങ്ങളുമാകാം സാമുദായിക ഐക്യത്തിനു തടസ്സം നിന്നത്. ഈഴവരെ പോലെ ഏക സമുദായമായി മാറാൻ കമ്മാളർക്കു കഴിയാത്തതിനു രണ്ടു കാരണങ്ങൾ കൂടി നിരത്തുന്നു: ഒന്ന്, എല്ലാ കുലത്തൊഴിലുകളെയും വലിയ വിപണന മൂല്യമുള്ള ഒരു കേന്ദ്രീകൃത വ്യാവസായിക ക്രമമായി പരിണമിപ്പിക്കാൻ കമ്മാളർക്കു കഴിഞ്ഞില്ല. രണ്ട്, കമ്മാളർക്ക് ഒരു പരിധി വരെ സ്വയംപര്യാപ്തത നൽകുന്ന വിധം ഓരോ കുലത്തൊഴിലും പ്രാദേശിക ഇടങ്ങളിൽ നിലനിന്നിരുന്നു. ആയതിനാൽ കുലത്തൊഴിലിന്റെ പൈതൃകത്തിൽ അഭിരമിച്ച കമ്മാളർ അവയെ പരിപാലിച്ചു പോകാനാണ് പരിശ്രമിച്ചത്. പക്ഷേ, സാമുദായിക രൂപവത്കരണത്തിനു വിഘാതമായത് കുലത്തൊഴില്‍ മാത്രമല്ലെന്ന സൂചനയാണ് തട്ടാന്മാര്‍ക്കിടയിലെ വിഭജനം സൂചിപ്പിക്കുന്നത്. തൊഴില്‍ മഹിമ മാത്രമല്ല, ഭാഷ, ദേശം, സംസ്കാരം തുടങ്ങിയ ഘടകങ്ങള്‍ കൂടി കമ്മാളരുടെ സാമുദായിക വിഭജനത്തില്‍ നിര്‍ണായകമാണെന്നു വ്യക്തമാകും. ആയതിനാല്‍, കൈത്തൊഴിൽ വിഭജനത്തിന്റെ ചരിത്രം, അവയുടെ പരിണാമം, സമുദായ രൂപവത്ക്കരണത്തിന്റെ സംഘർഷങ്ങൾ തുടങ്ങിയ സങ്കീർണതകൾ അഭിസംബോധന ചെയ്യുന്ന പഠനങ്ങൾ ഇനിയും കമ്മാളർക്കിടയിൽ നടക്കേണ്ടതുണ്ട്.

ഉപസംഹാരം

ആധുനിക സ്വർണാഭരണശാലകളുടെ പ്രാരംഭഘട്ടത്തിൽ പല സ്വർണപ്പണിക്കാരുടെയും സംരക്ഷകരായിരുന്നു ജ്വല്ലറിഉടമകൾ. പക്ഷേ, പിന്നീട് യന്ത്രവത്കരണത്തിന്റെ സാധ്യതകളെ മുതലെടുത്ത് ചെറുകിട വ്യാപാരികളായി മാറിയ സ്വർണപ്പണിക്കാർ നിക്ഷേപിച്ച ആഭരണങ്ങളായിരുന്നു വൻകിട മുതലാളിമാരുടെ ജ്വല്ലറി ഷോറൂമിൽ അധികവും. ഇടത്തരം മുതലാളിമാരുടെ നിൽനില്‍പ്പു പോലും ഈ നിക്ഷേപങ്ങളെ ആശ്രയിച്ചായിരുന്നു. അതേസമയം ചെറുകിട വ്യാപാരികൾ മൂലധനരഹിതരായ സ്വർണപ്പണിക്കാർക്ക് വിളക്കുമട്ടത്തിന്റെ അംശമോ കൂലിയോ നൽകാതെ അവരിൽ നിന്നും മിച്ചമൂല്യം കവർന്നെടുത്തു. എന്നാല്‍, കുലത്തൊഴിലിന്റെ പ്രത്യയശാസ്ത്രങ്ങൾ ചെറുകിട വ്യാപാരികളായ തട്ടാൻമാരെ

ഡോ. കെ.വി. ശ്യാം പ്രസാദ്‌

ഡോ. കെ.വി. ശ്യാം പ്രസാദ്‌

വ്യവസായവർഗമായി പരിവർത്തിപ്പിച്ചില്ല. തുടർന്ന്, സമ്പൂർണ യന്ത്രവത്കരണം കൈത്തൊഴിലിന്റെ പ്രാചീനരൂപങ്ങളെ പരിപൂർണ്ണമായി വിഴുങ്ങി. യന്ത്രവത്കരണ പ്രതിഭാസങ്ങൾ വിദ്യാഭ്യാസപരമായി മുന്നോട്ടു ചലിപ്പിച്ചുവെങ്കിലും പഴയകാലത്തെ ഓർമപ്പെടുത്തുന്ന തരത്തിൽ ആത്മഹത്യയിലേക്കു നയിക്കുന്ന സാഹചര്യമാണ്‌ സ്വർണപ്പണിക്കാർ സമീപകാലത്തു നേരിടുന്നത്. കൂടാതെ ചെമ്പിലും വെള്ളിയിലുമുള്ള ആഭരണ നിർമാണത്തിലേക്കു മടങ്ങിക്കൊണ്ട് അവർ ചരിത്രത്തിലേക്കു തിരികെ നടക്കുകയാണ്. തൊഴിലിന്റെ പ്രത്യയശാസ്ത്രങ്ങൾ രൂപപ്പെടുന്ന ആത്മീയവും സാംസ്കാരികവുമായ പരിസരങ്ങളെ കമ്മാളർ നിരന്തരം അപനിർമിക്കേണ്ടത് അത്യാവശ്യമാണ്. കമ്മാളൻ എന്ന പൊതു നാമധേയത്തിൽ അവർ സാമുദായികമായും രാഷ്ട്രീയമായും ഐക്യപ്പെടേണ്ടതുണ്ട്. സമാനമായ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് കമ്മാള ജീവിതത്തിന്റെ വിജ്ഞാനതലങ്ങളെ പ്രതിഫലനാത്മകമായി നിർമിക്കുവാൻ ഞാനുൾപ്പെടെയുള്ളവർ നിരന്തരം പരിശ്രമിക്കുകയും വേണം. ആ ലക്ഷ്യത്തിൽ ഊന്നി സമുദായ സംഘടനകൾ വിമോചന വിദ്യാലയങ്ങളായി പരിവർത്തനം ചെയ്യപ്പെടട്ടെ എന്നു പ്രത്യാശിക്കുന്നു.

 

ലേഖകന്‍ ഇംഗ്ലണ്ടിലെ വിഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ പി.എച്ച്.ഡി എടുത്തതിനു ശേഷം അതേ ഫാക്കല്‍റ്റിയില്‍ റിസര്‍ച് ഫെലോ ആയി ജോലി ചെയ്യുന്നു.

കടപ്പാട് : മാധ്യമം ആഴ്ചപതിപ്പ്

  • Ajikumar, M (2102) Manusmrithi (ed.) Thiruvananthapuram : Universal press & publications.
  • Cochran-Smith, M.and Lytle, S. L. (1993) Inside/Outside: Teacher research and knowledge. New York: Teachers College Press.
  • Dewey, J. (1933). How we think: A restatement of the relation of reflective thinking to the educative process. New York: D.C. Heath and Company.
  • Eagleton, T(1991) Ideology. London: Verso
  • Gurukkal, R (2018) A perspective for Kerala History. Speech Kerala Literary festival. Available from: https://www.youtube.com/ results?search_query=rajan+ gurukkal [Accessed on 16.07.2018]
  • Hanumandev, A.N. (1916) Viswakarmajar Acharya Jatiyar. Chennai: Mayan Publications.
  • Marx, K. 1977. Capital: A Critique of Political Economy (Volume 1). Translated by B. Fowkes. New York: Vintage Books
  • Marx, K(1845) The Illusions of German Ideology. Available from:https://www.marxists.org/ archive/marx/works/1845/ german-ideology/ch01a.htm [Accessed on 16/07/2018]
Top