ജാതി സംവരണത്തിലെ സാമ്പത്തിക മൂടുപടങ്ങൾ
മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്കു ദേവസ്വം ബോർഡിൽ ഇടതുസര്‍ക്കാര്‍ ഏർപ്പെടുത്തിയ സംവരണം പലവിധത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നതായി വിദഗ്ധർ ഇതിനോടകം തന്നെ അഭിപ്രായപ്പെട്ടു കഴിഞ്ഞു. പരിപൂർണ സാമ്പത്തിക സംവരണം അല്ലെങ്കിൽ സാമ്പത്തിക ഘടകങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടുള്ള ജാതി സംവരണം എന്ന ആവശ്യം ഇന്ത്യൻ സമൂഹം നേരത്തെ തന്നെ ഉന്നയിച്ചു പോരുന്നതാണ്. സാമൂഹിക സമത്വവുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്റെ സാമ്പത്തിക നിർണയനവാദങ്ങൾ സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ തകിടം മറിക്കുന്നതെങ്ങനെ? സംയോജിത-പ്രാതിനിധ്യ സംവരണ നയങ്ങൾ സാംസ്കാരിക മേധാവിത്വത്തെയും പുനരുത്പാദനത്തെയും നേരിടുന്നതെങ്ങനെ? സംവരണ വിരുദ്ധ മനോഭാവങ്ങളെ നിര്‍മ്മിക്കുന്നതിലും ജാതിസംബന്ധ ചര്‍ച്ചകളെ അരികുവത്ക്കരിക്കുന്നതിലും അധീശത്വ ജ്ഞാനരൂപങ്ങൾ നിര്‍വഹിച്ച പങ്കെന്ത്? ഇത്തരം ചോദ്യങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ജാതി സംവരണത്തിലെ സാമ്പത്തിക മൂടുപടങ്ങളെ അനാവരണം ചെയ്യുകയാണ് ഈ ലേഖനം.
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു ദേവസ്വം ബോർഡിൽ ഇടതുസര്‍ക്കാര്‍ ഏർപ്പെടുത്തിയ സംവരണം പലവിധത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നതായി വിദഗ്ധർ ഇതിനോടകം തന്നെ അഭിപ്രായപ്പെട്ടു കഴിഞ്ഞു. പരിപൂർണ സാമ്പത്തിക സംവരണം അല്ലെങ്കിൽ, സാമ്പത്തിക ഘടകങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടുള്ള ജാതി സംവരണം എന്ന ആവശ്യം ഇന്ത്യൻ സമൂഹം നേരത്തെ തന്നെ ഉന്നയിച്ചു പോരുന്നതാണ്. സാമൂഹിക സമത്വവുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്റെ സാമ്പത്തിക നിർണയനവാദങ്ങൾ സംവരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ തകിടം മറിക്കുന്നതെങ്ങനെ? സംയോജിത-പ്രാതിനിധ്യ സംവരണ നയങ്ങൾ സാംസ്കാരിക മേധാവിത്വത്തെയും പുനരുത്പാദനത്തെയും നേരിടുന്നതെങ്ങനെ? സംവരണ വിരുദ്ധ മനോഭാവങ്ങളെ നിര്‍മിക്കുന്നതിലും ജാതിസംബന്ധ ചര്‍ച്ചകളെ അരികുവത്ക്കരിക്കുന്നതിലും അധീശത്വ ജ്ഞാനരൂപങ്ങൾ നിര്‍വഹിച്ച പങ്കെന്ത്? ഇത്തരം ചോദ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ജാതി സംവരണത്തിലെ സാമ്പത്തിക മൂടുപടങ്ങളെ അനാവരണം ചെയ്യുകയാണ് ഈ ലേഖനം.
ജാതി-വർഗ ബന്ധങ്ങളും സാമൂഹ്യനീതിയും
മാർക്സിന്റെ അഭിപ്രായപ്രകാരം സാമൂഹ്യഘടനക്ക് അടിത്തറ, മേൽപ്പുര എന്നീ രണ്ടു രൂപങ്ങളുണ്ട്. സാമ്പത്തികാടിത്തറയുടെ പ്രതിഫലനമായാണ് മതം, പ്രത്യയശാസ്ത്രം, സംസ്കാരം എന്നിവ ഉൾക്കൊള്ളുന്ന മേൽപ്പുരയെ യാഥാസ്ഥിക മാർക്സിസ്റ്റുകള്‍ നിരീക്ഷിച്ചത്. സാമ്പത്തികാടിത്തറയിലെ മിച്ചമൂല്യ ചൂഷണത്തെ സാധൂകരിക്കുന്ന പ്രത്യയശാസ്ത്രമാണ് മേൽപ്പുരയിൽ രൂപം കൊള്ളുന്ന മതപ്രമാണങ്ങള്‍. ഭരണകൂടസാമഗ്രികളുടെ നിയന്ത്രണം തൊഴിലാളി വർഗം ഏറ്റെടുക്കുകയും തുടർന്ന് ഭരണകൂടങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ ഏവര്‍ക്കും നീതി എന്ന നിലപാടാണു യാഥാസ്ഥിക മാർക്സിസ്റ്റുകളുടേത്. പക്ഷേ, അൽതൂസറിന്റെ നിഗമനത്തിൽ അധീശത്വ ഘടകങ്ങളുടെ അടിസ്ഥാനം വർഗ ബന്ധങ്ങളാവണമെന്നില്ല. താരതമ്യേനെ സ്വയം നിർണയനശേഷിയുള്ള മേൽപ്പുര, സാമ്പത്തികാടിത്തറയെ സ്വാധീനിക്കുകയും ചെയ്യുന്നു. രണ്ടിനും പരസ്പരം നിർണയിക്കാൻ ശേഷിയുണ്ടെന്ന് അൽതൂസർ നിരീക്ഷിക്കുന്നു. ഉദാഹരണമായി,യൂറോപ്പിൽ ദൈവഹിതം പിന്തുടര്‍ന്ന പ്രോട്ടസ്റ്റൻറുകാര്‍ കഠിനാധ്വാനികളും പിശുക്കരുമായി തീര്‍ന്നു. അത്തരം സംസ്കാരത്തിലൂടെ വിശ്വാസികള്‍ സമ്പാദ്യം വര്‍ധിപ്പിച്ചത് മുതലാളിത്തത്തിനു വഴിയൊരുക്കിയെന്നു വെബർ കണ്ടെത്തി. അവിടെ സമ്പത്തിനെ നിർണയിച്ച സംസ്കാരം മതപരമായി രൂപപ്പെട്ടതാണ്. മതവും സംസ്കാരവും മേല്‍പ്പുരയുടെ ഭാഗവുമാണ്. സംസ്കാരവുമായി ബന്ധപ്പെട്ട അത്തരം സാമൂഹ്യ യാഥാർത്ഥ്യങ്ങൾ മാർക്സിസ്റ്റുകളുടെ സാമ്പത്തിക നിർണയനവാദത്തിനു വെല്ലുവിളി ഉയർത്താൻ പര്യാപ്തമാണ്. എങ്കിലും സാമ്പത്തിക നിർണയനവാദത്തിന്റെ പരിസരത്തിൽ നിന്നാണ് ഇടതുപക്ഷം ഇന്ത്യൻ സാമൂഹ്യഘടനയെയും സംവരണത്തെയുമെല്ലാം മനസ്സിലാക്കാൻ എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. അവയെ തിരുത്തുവാന്‍, ജാതിയാണോ വർഗമാണോ മുന്‍ഗണനാ വിഷയമാകേണ്ടതെന്ന സംവാദത്തെ പരിശോധിക്കേണ്ടതുണ്ട്.
ജാതി മേൽപ്പുരയിലാണോ അടിത്തറയിലാണോ നിലകൊള്ളുന്നതെന്ന കാര്യത്തില്‍ ഇന്ത്യൻ മാര്‍ക്സിസ്റ്റുകള്‍ക്കിടയില്‍ തര്‍ക്കം നിലനിൽക്കുന്നു. ജാതിയെ വർഗമായും വർഗത്തെ ജാതിയായും വിലയിരുത്തേണ്ടതുണ്ട്. ആയതിനാൽ, മേൽപ്പുര -അടിത്തറ എന്നീ ഘടനകളില്‍ ജാതിയുടെ സ്ഥാനം കൃത്യമായി ഒരിടത്തു് ഉറപ്പിക്കാനാവില്ല. മറിച്ച്, ഇന്ത്യൻ സാമൂഹ്യഘടനയെ നിര്‍ണയിക്കുന്ന പ്രാഥമികഘടകമെന്ന നിലയിൽ മേൽപ്പുരയെയും അടിത്തറയെയും ഒരുമിച്ചു നിർണയിക്കുന്ന ഒന്നായി ജാതിയെ മനസ്സിലാക്കേണ്ടതുണ്ട്. ഉദാഹരണമായി, ഒരാളുടെ സാമൂഹിക-സാമ്പത്തിക പദവിയെ കാലങ്ങളായി നിർണയിച്ചു പോന്നത് ജാത്യാധിഷ്ഠിത തൊഴിലുകളാണ്. തൊഴിലിന്റെ വൈദഗ്ധ്യം, രൂപവത്കരണം, പുനരുത്പാദനം എന്നിവയെല്ലാം നിർണയിച്ചത് ജാതിയായിരുന്നു; ഏതു ജാതിക്കാണു സ്വാഭാവിക വര്‍ഗമായി പരിണമിക്കാന്‍ കഴിയുക? ജാതിയും വര്‍ഗവും തമ്മിലുള്ള സംവാദത്തിൽ ഈ ചോദ്യം പ്രസക്തമാണെന്നു സനല്‍ മോഹന്‍ ചൂണ്ടിക്കാണിക്കുന്നു: ഉദാഹരണമായി, കേരളത്തിലെ ചില തൊഴിലാളി യൂണിയനുകളുടെ ഘടന പരിശോധിച്ചാൽ അംഗങ്ങളിൽ മിക്കവരും പ്രത്യേക ജാതിയില്‍ പെട്ടവരാണെന്നു വ്യക്തമാകും: കര്‍ഷകത്തൊഴിലാളി യൂണിയനിൽ ദലിതരും കര്‍ഷക സംഘത്തില്‍ അധ:കൃത നായന്മാരും വൈക്കം പ്രദേശത്തുള്ള കയര്‍ നിര്‍മാണത്തൊഴിലാളി യൂണിയനിൽ ഈഴവരും ആണു ഭൂരിഭാഗം. ചരിത്രപരമായി, ഇക്കൂട്ടരെല്ലാം പ്രത്യേക ജാതിയില്‍പ്പെട്ടതുകൊണ്ട് അതിനനുസൃതമായ തൊഴിലുകള്‍ ചെയ്യുവാന്‍ നിര്‍ബന്ധിതരായി എന്നതാണു വസ്തുത.
യാഥാസ്ഥിക മാർക്സിസ്റ്റ് അവലോകനത്തിൽ നിന്നു വിരുദ്ധമായി, ജാത്യാടിസ്ഥാനത്തിൽ നിർണയിക്കട്ടെ വർഗബന്ധങ്ങളാണ് അടിത്തറയില്‍ രൂപംകൊണ്ടത്. എന്നാല്‍, ചാതുര്‍വര്‍ണ്യവുമായി ബന്ധപ്പെട്ട ജ്ഞാനനിക്ഷേപങ്ങള്‍ പരിശോധിക്കുമ്പോള്‍, ജാതി, മേല്‍പ്പുരയിൽ പ്രത്യയശാസ്ത്രതലത്തിലും പ്രവര്‍ത്തിക്കുന്നു. പക്ഷേ, മതത്തിന്റെ ഉപവിഭാഗമെന്ന രൂപത്തിൽ ജാതിയെ മേൽപ്പുരയിലേക്കു ചുരുക്കുന്ന ഏകപക്ഷീയവാദങ്ങളാണു യാഥാസ്ഥിക മാർക്സിസ്റ്റുകളും ചില സ്വതന്ത്രചിന്തകരും ഉയർത്തുന്നത്. ജാതി സംവരണത്തിനു പകരം സാമ്പത്തിക സംവരണം നിർദേശിച്ചുകൊണ്ട് മത നിർമൂലനത്തിലൂടെ ജാതി നിർമൂലനം എന്ന വാദമുയർത്തുന്നവരും ഇക്കൂട്ടത്തിൽപ്പെടുന്നു. സംവരണത്തെ പ്രാതിനിധ്യമായി മനസ്സിലാക്കാതെ ദാരിദ്യത്തിന്റെ ഒറ്റമൂലിയായി മാത്രം ചുരുക്കുന്ന ജ്ഞാന നിക്ഷേപങ്ങളിലൂടെയാണു സംവരണ വിരുദ്ധത തഴച്ചു വളരുന്നത്. മേധാവിത്വം തകർന്ന രാഷ്ട്രങ്ങളിൽപ്പോലും മതം സാംസ്കാരികതലത്തിൽ തുടരുന്ന കാഴ്ചയാണുള്ളത്. അസമത്വത്തെ നിരന്തരം പുനരുത്പാദിപ്പിക്കുന്ന ജാതിയെന്ന സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ക്രമത്തെയാണ് മതനിരാസ-സാമ്പത്തിക വീക്ഷണങ്ങൾ വിദഗ്ധമായി മറച്ചുപിടിക്കുന്നത്.
ജാതിയും വർഗവുമായി ബന്ധപ്പെട്ട അത്തരം സംവാദങ്ങളെയും സാമ്പത്തിക നിർണയനവാദത്തിന്റെ പരിമിതികളെയും പ്രായോഗികതലത്തിൽ ഇടതുപക്ഷം അഭിസംബോധന ചെയ്യുന്നില്ല. മറിച്ച്, അടിത്തറയിലെ മുതലാളിത്ത വർഗബന്ധങ്ങൾ ശിഥിലമാകുന്നതോടെ ജാതി ഇല്ലാതാകുമെന്നതിനാൽ സാമൂഹ്യനീതിയുടെ മാനദണ്ഠം സാമ്പത്തികമായിരിക്കണമെന്ന വാദമാണ് പൊതുവെ ഉയരുന്നത്. പക്ഷേ, മുതലാളിത്ത വ്യവസ്ഥിതിയും വ്യവസ്ഥാപിത ഭരണകൂട സാമഗ്രികളും തകരാതെതന്നെ സാമൂഹ്യ മാറ്റത്തിനും ക്ഷേമത്തിനും വഴിതെളിച്ച ചരിത്രമാണ് ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കുള്ളത്. മർദക ഭരണകൂട സാമഗ്രികളെ ജനക്ഷേമത്തിനായി പരിവർത്തിപ്പിക്കുവാൻ സാധ്യമാകും എന്നതിന്റെ സൂചകമാണ് ബ്രിട്ടനിലെ ജനാധിപത്യ-ക്ഷേമ രാഷ്ട്ര സംവിധാനം. ബ്രിട്ടീഷ് പൗരരത്വമില്ലാത്ത ആഫ്രിക്കന്‍-അറബ്-ഏഷ്യന്‍ കുടിയേറ്റക്കാരെക്കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ സമഗ്രമായ സ്ത്രീപക്ഷ ശിശുക്ഷേമ പരിഷ്കാരങ്ങൾ 60-കളില്‍ അവര്‍ നടപ്പിലാക്കി. എന്നാൽ മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ക്കു മേലുള്ള അധിനിവേശ താത്പര്യങ്ങള്‍ നവ-ഉദാരതയുടെ രൂപത്തില്‍ ബ്രിട്ടൻ തുടരുന്നുമുണ്ട്. സമ്പൂര്‍ണ സോഷ്യലിസ്റ്റ് രാജ്യമാകാതെ തന്നെ ഇന്ത്യൻ സമൂഹത്തെ രാഷ്ട്രീയവത്കരിക്കുന്നതില്‍ ബ്രിട്ടീഷ് മാതൃകയിലുള്ള പങ്കാളിത്ത ജനാധിപത്യം പ്രധാന പങ്കുവഹിച്ചു.
ഭരണകൂട സാമഗ്രികളുടെ മർദക സ്വഭാവത്തിലാണു യാഥാസ്ഥിക മാർക്സിസ്റ്റുകള്‍ ഊന്നൽ കൊടുക്കുന്നത്. മാര്‍ക്സിസ്റ്റുകളില്‍ നിന്നു ഭിന്നമായി ഭരണകൂട-സോഷ്യലിസം, ക്ഷേമ രാഷ്ട്രം തുടങ്ങിയ ആശയങ്ങളായിരുന്നു അംബേഡ്‌കര്‍ മുന്നോട്ടു വെച്ചത്. ഭരണകൂടത്തെ ദലിത്-പിന്നാക്ക-ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായി ഭരണഘടനാപരമായും ജനാധിപത്യപരമായും പ്രവർത്തിപ്പിക്കുക എന്നതായിരുന്നു അംബേഡ്‌കറിന്റെ പ്രാഥമിക ലക്‌ഷ്യം. അത്തരം ആലോചനയിൽ നിന്നാണ് സംവരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അദ്ദേഹം ആവിഷ്കരിച്ചത്. പക്ഷേ, അത്തരം തത്ത്വങ്ങളിൽ നിന്നു വ്യതിചലിച്ചു കൊണ്ടുള്ള ഇടതുപക്ഷത്തിന്റെ സാമ്പത്തിക വീക്ഷണങ്ങൾ, സമകാലീന ഇന്ത്യയിൽ അനുദിനം ശക്തിപ്രാപിച്ചു വരുന്ന സാംസ്കാരിക മേധാവിത്വത്തിന്റെയും അവയോടൊപ്പം സംവരണത്തിന്റെയും മൂടുപടമായി രൂപം പ്രാപിച്ചിരിക്കുന്നു.
സാംസ്കാരിക മേധാവിത്വവും പ്രാതിനിധ്യ സംവരണവും
അടിത്തറയിലെ ഭരണവർഗത്തിന്റെ സാമ്പത്തിക മേധാവിത്വത്തിനാണു മാര്‍ക്സ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. അതായത്, മുതലാളിയിൽ നിന്നു തൊഴിലാളിയിലേക്കു മാത്രം വ്യാപരിക്കുന്ന സാമ്പത്തിക അധികാരത്തെക്കുറിച്ചും അസമത്വത്തെക്കുറിച്ചുമാണു മാർക്സ് പ്രതിപാദിക്കുന്നത്. പണവും ചരക്കും തമ്മിലുള്ള പരിക്രമണത്തില്‍ ആർജിക്കപ്പെടുന്ന മിച്ചമൂല്യം ഉപരിവർഗത്തിനു് സാമ്പത്തിക മേധാവിത്വത്തിന്റെ സ്രോതസ്സായി മാറുന്നു. ചരക്കു വിറ്റു ലഭിക്കുന്ന പണം ഉപയോഗിച്ച് ഒരാൾ മറ്റൊരു ചരക്ക് വാങ്ങുന്നു എന്നു കരുതുക, ഈ ഇടപാടിൽ ചരക്ക് ആദ്യം പണമായി പരിക്രമിക്കുകയും പിന്നീടു പണം ചരക്കായി അയാളിൽ മടങ്ങിയെത്തുകയും ചെയ്യുന്നു (ചരക്ക് – പണം-ചരക്ക്). സമാനമായി സംഭവിക്കുന്ന മറ്റൊരു പരിക്രമണമാണ് പണം-ചരക്ക്-പണം. ഇവിടെ പണം നൽകി ഒരാൾ ചരക്കു വാങ്ങുകയും തുടർന്ന് അതേ ചരക്കു മറിച്ചു വിൽക്കുമ്പോൾ പണം അയാളിൽ തിരികെയെത്തുന്നു. മാർക്സിന്റെ ഈ പരിക്രമണ സിദ്ധാന്തത്തിൽ നിന്നു ഭിന്നമായി ബോർദ്യോ ഉന്നയിക്കുന്ന വാദങ്ങൾ ശ്രദ്ധേയമാണ്.
ഒരു പ്രാദേശിക സമൂഹം നിരവധി വിലപേശലുകളുടെയും കൊടുക്കൽ വാങ്ങലുകളുടെയും കളങ്ങളാണ്. സാമൂഹ്യ ബന്ധങ്ങൾ സാംസ്കാരികമായും ചരിത്രപരമായും ആർജിക്കുന്ന വിഭവങ്ങൾ, മികവുകൾ, പ്രതീകങ്ങൾ എന്ന രൂപത്തിലാണു ബോർദ്യോ മൂലധനത്തെ വിവരിക്കുന്നത്. അധീശത്വ സംസ്കാരത്തെ നിരന്തരം പുനരുൽപാദിപ്പിക്കുന്ന ഈ കളങ്ങൾ ഉപരിവര്‍ഗത്തിന്റ അധികാര സ്രോതസുകൂടിയാണെന്നു ബോർദ്യോ നിരീക്ഷിക്കുന്നു. ഇന്ത്യൻ ജാതിവ്യവസ്ഥ സവര്‍ണര്‍ക്കു സമ്മാനിച്ചത് അത്തരം കളങ്ങളായിരുന്നു. മറുവശത്ത് ദലിത്-ബഹുജൻ-മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ തനതു സംസ്കാരത്തെയോ പ്രതീകങ്ങളെയോ പൊതു മൂലധനമെന്ന നിലയില്‍ ചലിപ്പിക്കുവാൻ കഴിയാതെ മുഖ്യധാരയിൽ നിന്നു ബഹിഷ്കരിക്കപ്പെടുന്നു. പക്ഷേ, വിവിധ രൂപങ്ങളിൽ ആർജിക്കുന്ന മൂലധനത്തിന്റെ പരിക്രമണ ശേഷിയിൽ സവര്‍ണരും അവര്‍ണരും തമ്മിലുള്ള അന്തരത്തെ അവഗണിച്ചു കൊണ്ടാണ് യോഗ്യതയുമായി ബന്ധപ്പെട്ട സംവരണത്തിന്റെ മിക്ക ചര്‍ച്ചകളും സജീവമാകുന്നത്. ഉദാഹരണമായി, തന്നെക്കാൾ പരിചയസമ്പത്തും യോഗ്യതയുമുള്ള നേതാക്കളെ മറികടന്നു കൊണ്ട് രാഹുൽഗാന്ധിയെ പോലുള്ള ഒരാൾക്ക് കോൺഗ്രസിന്റെ അധ്യക്ഷനാകാനും രാഷ്ട്രീയ വിലപേശലുകൾ നടത്താനും സാധിക്കുന്നത് നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ പൂർവനായകരുടെ പ്രതീകങ്ങളുടെ ചരിത്രപരമായ പുനരുൽപാദനത്തിലൂടെയാണ്. അത്തരം പുനരുൽപാദനങ്ങൾ യോഗ്യതയുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹം കൽപ്പിച്ച മാനദണ്ഡങ്ങളെപ്പോലും എത്ര പെട്ടെന്നാണു മറികടക്കുന്നത്. (കൂടുതൽ വായനയ്ക്ക് 2016-ൽ പുറത്തിറങ്ങിയ ലേഖകന്റെ എഴുത്ത് കാണുക. http://utharakalam.com/2016/10/02/15529.html )
ജാതി സംവരണത്തിനു പകരം സാമ്പത്തിക സംവരണം നിർദേശിച്ചുകൊണ്ട് മത നിർമൂലനത്തിലൂടെ ജാതി നിർമൂലനം എന്ന വാദമുയർത്തുന്നവരും ഇക്കൂട്ടത്തിൽപ്പെടുന്നു. സംവരണത്തെ പ്രാതിനിധ്യമായി മനസ്സിലാക്കാതെ ദാരിദ്യത്തിന്റെ ഒറ്റമൂലിയായി മാത്രം ചുരുക്കുന്ന ജ്ഞാന നിക്ഷേപങ്ങളിലൂടെയാണ് സംവരണ വിരുദ്ധത തഴച്ചു വളരുന്നത്. മേധാവിത്വം തകർന്ന രാഷ്ട്രങ്ങളിൽപ്പോലും മതം സാംസ്കാരികതലത്തിൽ തുടരുന്ന കാഴ്ചയാണുള്ളത്. അസമത്വത്തെ നിരന്തരം പുനരുത്പാദിപ്പിക്കുന്ന ജാതിയെന്ന സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ക്രമത്തെയാണ് മതനിരാസ-സാമ്പത്തിക വീക്ഷണങ്ങൾ വിദഗ്ധമായി മറച്ചുപിടിക്കുന്നത്.
വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള ശക്തി സന്തുലനത്തിൽ മാറ്റം വരുത്തുക എന്നതായിരിക്കണം പരിഷ്കാരങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് അംബേഡ്കര്‍ നമ്മെ പഠിപ്പിക്കുന്നു. മുന്നാക്കക്കാരിലെ ദരിദ്രർ അവശത അനുഭവിക്കുന്നതിനാൽ അവർക്കു സംവരണം നൽകണമെന്നു കേരള സമൂഹം ആഗ്രഹിക്കുന്നു എന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. എന്നാല്‍ മുകളില്‍ വിവരിച്ച സാഹചര്യങ്ങളെ സമ്പത്തു കൊണ്ടു മറികടക്കാൻ സംവരണീയ സമുദായങ്ങൾക്കു കഴിയുമോയെന്നു പറയുവാൻ ഇടതുപക്ഷം ബാധ്യസ്ഥമാണ്. വേണ്ടുവോളം പ്രാതിനിധ്യം കിട്ടിക്കഴിഞ്ഞ മുന്നാക്കക്കാർക്കു് സാമ്പത്തിക സംവരണത്തിലൂടെ അധിക പ്രാതിനിധ്യം നല്‍കുന്നതു ഭരണകൂട സാമഗ്രികളെ തന്ത്രപരമായി ഉപയോഗിക്കാന്‍ അവര്‍ക്കു കഴിയുന്നു എന്നതിന്റെ തെളിവാണ്.
ബോര്‍ദ്യോയെപ്പോലെ സംസ്കാരവുമായി ബന്ധപ്പെട്ടു ഫ്രെയർ ഉയർത്തുന്ന വാദങ്ങളും സംവരണ വിഷയത്തിൽ സുപ്രധാനമാണ്: “സംരക്ഷക വേഷമണിഞ്ഞ സുഹൃത്തിനെപ്പോലെ മർദിത സംസ്കാരത്തിൽ നുഴഞ്ഞു കയറി മർദകർ തങ്ങളുടെ സംസ്കാരത്തെ നിക്ഷേപിക്കുന്നു”. നിക്ഷേപാത്മക വിദ്യാഭ്യാസം സാംസ്കാരിക അധിനിവേശത്തിന്റെ ഉപാധിയാണെന്നും അതുവഴി മർദിതരുടെ വിധേയത്വം മർദകർ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം സ്ഥാപിക്കുന്നു. പക്ഷേ, സംസ്കാരവും സാമ്പത്തിക നിർണയന വാദങ്ങളുമായി ബന്ധപ്പെട്ടു് അൽത്തൂസർ, ബോർദ്യോ, ഫ്രെയർ തുടങ്ങിയ പിൽക്കാല മാർക്സിയൻ ചിന്തകരും മാർക്സിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടവരും നടത്തിയ തിരുത്തലുകൾ ഇടതുപക്ഷ പാർട്ടികൾ അവഗണിക്കുന്നു. ഉദാഹരണമായി, ജാതി നിരന്തരം പുനരുത്പാദിപ്പിക്കുന്ന അധീശത്വ ബ്രാഹ്മണ്യ സംസ്കാരത്തിൽ ഗൗരവമേറിയ വിമോചന ഇടപെടലുകൾ നടത്താൻ കഴിയാത്ത അവസ്ഥയിലാണ് ഇടതുപാർട്ടികൾ. വർധിച്ചുവരുന്ന വർഗീയ ചേരിതിരിവിനെ ചെറുക്കുകയാണ് മുന്നാക്ക ജാതി സംവരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇടതുപക്ഷം സ്ഥാപിക്കുന്നുണ്ട്. അതായത് മുന്നോക്കക്കാർക്കു സംവരണം ഏർപ്പെടുത്തി അധീശത്വ ശക്തികളെ പിണക്കാതിരിക്കുക എന്ന അടവു നയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്.
അധീശത്വ ബ്രാഹ്മണ്യ സംസ്കാരത്തെ വിദ്യാഭ്യാസത്തിലൂടെയും യുക്തിചിന്തയിലൂടെയും നേരിടാൻ അയിത്ത ജാതികള്‍ സംഘടിക്കണമെന്നായിരുന്നു അംബേഡ്കര്‍ ആഹ്വാനം ചെയ്തത്. എന്നാൽ വിദ്യാഭ്യാസത്തിന്റെ മർദക സ്വഭാവത്തെക്കുറിച്ചു് ബോർദ്യോ, ഫ്രെയര്‍ എന്നിവരെപ്പോലെ അംബേഡ്കര്‍ കാര്യമായ അവലോകനം നടത്തുന്നില്ല. പക്ഷേ, ഫ്രെയർ, അംബേഡ്കര്‍ എന്നിവരെ പോലെ ബോർദ്യോ ബദല്‍മാർഗങ്ങൾ നിർദ്ദേശിക്കുന്നതുമില്ല. ബോർദ്യോയിൽ നിന്നു ഭിന്നമായി വിദ്യാഭ്യാസത്തെ രണ്ടായി തരംതിരിച്ചു കൊണ്ടാണു ഫ്രെയർ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ഒന്ന്, വിദ്യാര്‍ഥികളില്‍ അറിവ് അടിച്ചേല്‍പിക്കുന്ന നിക്ഷേപാത്മക വിദ്യാഭ്യാസം(banking education); രണ്ട്, വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളോടു സംവദിക്കുകയും അവരെ പങ്കാളികളാക്കി ജ്ഞാന നിർമാണം നടത്തുകയും ചെയ്യുന്ന പ്രശ്നോന്നിത വിദ്യാഭ്യാസം (problem-posing education). നിക്ഷേപാത്മക വിദ്യാഭ്യാസത്തിലൂടെ ഉപരിവര്‍ഗം തങ്ങളുടെ മേധാവിത്വം നിലനിറുത്തുന്നു എന്നാണു ഫ്രെയർ വാദിക്കുന്നത്. മര്‍ദിതരുടെ ജീവിതത്തിന്റെ അസ്ഥിത്വ പരിസരങ്ങളോടു സംവദിക്കുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്ന പ്രശ്നോന്നിത നയപരിപാടികള്‍ ആണു ഫ്രെയര്‍ മുന്നോട്ടുവെച്ചത്. പക്ഷേ, മർദിതരുടെ പങ്കാളിത്തത്തിലൂന്നിയ നയങ്ങളും പദ്ധതികളും നടത്തിപ്പിൽ മർദകരൂപത്തിലേക്കു വഴുതി വീഴാനുള്ള സാധ്യതകളെ ഫ്രെയർ മുൻകൂട്ടി കണ്ടിരുന്നില്ല. വിമർശനങ്ങൾ നേരിടുമ്പോഴും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഫ്രെയീരിയന്‍ ചിന്തകള്‍ ഭരണകൂടത്തിന്റെ സംയോജിത-പങ്കാളിത്ത നയപരിപാടിയായി വികസിച്ചു കഴിഞ്ഞു. ബഹിഷ്കൃതര്‍, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പ്രാതിനിധ്യത്തിലൂടെ കലാലയങ്ങളിലും തൊഴില്‍-രാഷ്ട്രീയ ഇടങ്ങളിലും ബഹുസ്വര സംസ്കാരത്തെ വാര്‍ത്തെടുക്കുക എന്നതാണ് ആഗോളതലത്തില്‍ സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം.
സംസ്കാരവുമായി ബന്ധപ്പെട്ടു ഫ്രെയർ ഉയർത്തുന്ന വാദങ്ങളും സംവരണ വിഷയത്തിൽ സുപ്രധാനമാണ്: “സംരക്ഷക വേഷമണിഞ്ഞ സുഹൃത്തിനെപ്പോലെ മർദിത സംസ്കാരത്തിൽ നുഴഞ്ഞു കയറി മർദകർ തങ്ങളുടെ സംസ്കാരത്തെ നിക്ഷേപിക്കുന്നു”. നിക്ഷേപാത്മക വിദ്യാഭ്യാസം സാംസ്കാരിക അധിനിവേശത്തിന്റെ ഉപാധിയാണെന്നും അതുവഴി മർദിതരുടെ വിധേയത്വം മർദകർ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം സ്ഥാപിക്കുന്നു. പക്ഷേ, സംസ്കാരവും സാമ്പത്തിക നിർണയന വാദങ്ങളുമായി ബന്ധപ്പെട്ടു് അൽത്തൂസർ, ബോർദ്യോ, ഫ്രെയർ തുടങ്ങിയ പിൽക്കാല മാർക്സിയൻ ചിന്തകരും മാർക്സിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടവരും നടത്തിയ തിരുത്തലുകൾ ഇടതുപക്ഷ പാർട്ടികൾ അവഗണിക്കുന്നു. ഉദാഹരണമായി, ജാതി നിരന്തരം പുനരുത്പാദിപ്പിക്കുന്ന അധീശത്വ ബ്രാഹ്മണ്യ സംസ്കാരത്തിൽ ഗൗരവമേറിയ വിമോചന ഇടപെടലുകൾ നടത്താൻ കഴിയാത്ത അവസ്ഥയിലാണ് ഇടതുപാർട്ടികൾ. വർധിച്ചുവരുന്ന വർഗീയ ചേരിതിരിവിനെ ചെറുക്കുകയാണ് മുന്നാക്ക ജാതി സംവരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇടതുപക്ഷം സ്ഥാപിക്കുന്നുണ്ട്. അതായത് മുന്നോക്കക്കാർക്കു സംവരണം ഏർപ്പെടുത്തി അധീശത്വ ശക്തികളെ പിണക്കാതിരിക്കുക എന്ന അടവു നയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്.
അധീശത്വ സംസ്കാരത്തിന്റെ പ്രാഥമിക കർത്തവ്യമെന്നത് വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ഇല്ലായ്മ ചെയ്യലാണ്. കൂടാതെ, അധീശത്വ സംസ്കാരത്തിന്റെ ഭാഗമല്ലാത്തവരെ അപരവത്കരിക്കുന്ന പ്രവണതയും സജീവമായിട്ടുണ്ട്. തൽഫലമായി സാംസ്കാരിക മേൽക്കോയ്മ നിലനിൽക്കുന്ന പൊതു ഇടങ്ങളിൽ പാർശ്വവത്കൃതർക്ക് എത്ര സമ്പന്നരായാൽപ്പോലും അവസരങ്ങൾ നീതിയുക്തമായി വിതരണം ചെയ്യപ്പെടാനുള്ള സാധ്യത പരിമിതപ്പെടുന്നു. കലാലയങ്ങൾ, ജനാധിപത്യ-ഉദ്യോഗസ്ഥ ഭരണസിരാകേന്ദ്രങ്ങൾ, രാഷ്ട്രീയപാർട്ടികൾ തുടങ്ങിയവയെല്ലാം സമൂഹത്തിന്റെ പരിഛേദങ്ങളായാണു പൊതുവെ വിലയിരുത്തപ്പെടുന്നത്. പക്ഷേ, ഈ പരിഛേദങ്ങൾ യഥാർത്ഥത്തിൽ സമൂഹത്തിന്റെ വൈവിധ്യങ്ങളെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അവയെല്ലാം അധീശത്വ സമൂഹത്തിന്റെ സാംസ്കാരിക പരിഛേദങ്ങൾ മാത്രമാണ്. അത്തരം പരിഛേദങ്ങളെ സാംസ്കാരികമായി സമ്പുഷ്ഠമാക്കാനെ മുന്നാജാതികളിലെ ദരിദ്രരുടെ സംവരണം ഉപകരിക്കൂ. തൽഫലമായി സാമ്പത്തിക നിർണയന വാദത്തിലൂന്നിയ സംവരണ നയങ്ങൾ സാധൂകരിക്കുന്നത് ബഹുസ്വരതയെയും വൈവിധ്യങ്ങളെയും ഇല്ലാതാക്കുന അധീശത്വ സംസ്കാരത്തിന്റെ സ്ഥാപിത താൽപര്യങ്ങളെയാണ്. ഇത്തരം വെല്ലുവിളികളെ പൂർണമായും തരണം ചെയ്യാൻ കഴിയില്ലെങ്കിലും അധീശത്വ സംസ്കാരത്തിനുള്ളിൽത്തന്നെ ദലിത്-ആദിവാസി-മുസ്‌ലിം സമുദായങ്ങളുടെ തനതു സംസ്കാരത്തിനു് അർഹമായ ഇടമൊരുക്കുവാൻ സംയോജിത-പങ്കാളിത്ത സംവരണ പരിപാടികള്‍ ഒരു സാധ്യതയാണ്. ഇത്തരം നയപരിപാടികളുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമാണ് സാമ്പത്തിക സംവരണം അടിസ്ഥാനപരമായി നേരിടുന്ന ദൗര്‍ബല്യങ്ങള്‍ വെളിവാകുന്നത്.
തനതായ സാംസ്കാരിക സമ്പത്തിന്റെ ഉടമകളായ പരമ്പരാഗത ദലിത്-കീഴാള വര്‍ഗങ്ങള്‍ രാപ്പകൽ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്തു ശീലമുള്ളവരുമാണ്. വേണ്ടുവോളം ഉത്പാദകശേഷിയുള്ള കീഴാളർ വിദ്യാഭ്യാസ, ഉദ്യോഗ, രാഷ്ട്രീയ ഇടങ്ങളിൽ നിന്ന് ചരിത്രപരമായി ബഹിഷ്കരിക്കപ്പെട്ടപ്പോൾ നഷ്ടം സംഭവിച്ചതു നമ്മുടെ രാഷ്ട്രത്തിനും സംസ്കാരത്തിനും കൂടിയായിരുന്നു. കീഴാള സംസ്കാരത്തെ ആധുനിക രാഷ്ട്രത്തിന്റെ സാംസ്കാരിക നിർമിതിക്കു വേണ്ടി ക്രിയാത്മകമായി ഉപയോഗിക്കുവാൻ പ്രാതിനിധ്യ സംവരണം ഒരുപാധിയാണ്. സംവരണത്തിൽ സാമ്പത്തിക ഘടകങ്ങൾ കൊണ്ടുവരുമ്പോഴും സമാനമായ ബഹിഷ്കരണത്തിന്‍റെ രാഷ്ട്രീയ ബലതന്ത്രമാണു നടപ്പിലാക്കപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളെ ഇടതുപക്ഷം കൂടുതല്‍ വിമര്‍ശാവബോധത്തോടെ സമീപിക്കേണ്ടതുണ്ട്. ഉദാഹരണമായി, അഫർമേറ്റീവ് പരിപാടികളുടെ രൂപത്തിൽ നടപ്പിലാക്കപ്പെട്ടിട്ടുള്ള സംവരണ നയങ്ങളെക്കുറിച്ചുള്ള ലോകരാഷ്ട്രങ്ങളുടെ കാഴ്ച്ചപ്പാടുകൾ ഭിന്നമാണ്. വ്യത്യസ്ത വിഭാഗങ്ങളിലെ ദരിദ്രര്‍ക്കു് പ്രത്യേക സംവരണ പരിപാടികൾ നിർദേശിക്കപ്പെട്ടിട്ടില്ല. കാലിഫോർണിയ സർവകലാശാല പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം സാമൂഹ്യനീതി, ബഹുസ്വരത എന്നിവ ഉറപ്പുവരുത്തുകയാണ് അഫർമേറ്റീവ് പരിപാടികളുടെ പ്രധാന ലക്‌ഷ്യം. ബഹിഷ്കരിക്കപ്പെട്ട ആദിമ ജനതയുടെ സാംസ്കാരിക സമ്പത്ത് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണു ബ്രസീലിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംവരണം നടപ്പിലാക്കപ്പെട്ടിട്ടുള്ളത്. അതായത് സംവരണീയർക്കൊപ്പം ഭരണകൂടവും അത്തരം നയപരിപാടികളുടെ ഗുണഭോക്താക്കളാകുന്നു. ഇവ്വിധം വിശാലമായൊരു സമീപനം സംവരണത്തെക്കുറിച്ചു ഇന്ത്യൻ പൊതുസമൂഹത്തിനില്ല. പകരം, ഭരണകൂടം ഗുണദായകരായി മാത്രമാണു പൊതുവെ വിലയിരുത്തപ്പെട്ടിട്ടുള്ളത്.
തൊണ്ണൂറുകളില്‍ പിന്നാക്ക സമുദായങ്ങളെക്കൂടി അഭിസംബോധന ചെയ്തുകൊണ്ട് സംവരണം ദേശീയ തലത്തിൽ നടപ്പാക്കിയതിനു ശേഷമാണ് സാമ്പത്തിക വീക്ഷണങ്ങൾ ശക്തമായത്. എന്തുകൊണ്ടെന്നാൽ, പുതുതായി രംഗപ്രവേശം ചെയ്ത കീഴാള സമുദായങ്ങൾ പൊതുവെ സവർണ-മുന്നാക്ക സമുദായക്കാർ പ്രതിനിധീകരിച്ചിരുന്ന പൊതു സ്ഥാപനങ്ങൾക്ക് ‘അപരിചിതര്‍’ ആയിരുന്നു. കൂടാതെ, ഈ അപരിചിതർ ഉയർത്തിയ സാംസ്കാരിക സമ്മിശ്രണ ആശങ്കകൾ നിലവിലെ ഉദ്യോഗസ്ഥവൃന്ദത്തെയും പൊതുസമൂഹത്തെയും അസ്വസ്ഥരാക്കിയിട്ടുണ്ടാകാം. ഭരണകൂടത്തിന്റെ പൊതുസാമഗ്രികളിലേക്ക് അവർണരും മുസ്‌ലിം മതന്യൂനപക്ഷങ്ങളും സാംസ്കാരികമായി സംയോജിക്കപ്പെടുന്ന സാഹചര്യങ്ങളെ ഏതുവിധേനയും പ്രതിരോധിക്കേണ്ടത് അധീശത്വ ബ്രാഹ്മണ സംസ്കാരത്തിന്റെ ആവശ്യമാണ്. പിന്നാക്ക സമുദായങ്ങളിലെ ക്രീമീലിയർ വിഭാഗങ്ങളെ ബഹിഷ്കരിക്കലും മുന്നോക്ക സമുദായങ്ങളിലെ പിന്നാക്കവർഗങ്ങളുടെ സംയോജനവും സാംസ്കാരിക സമ്മിശ്രണത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നു. കേവലമായ രാഷ്ട്രീയ-അധികാര പങ്കാളിത്തത്തെക്കുറിച്ചുള്ള ആശങ്കകൾ മാത്രമായി സംവരണത്തിലെ സാമ്പത്തിക രാഷ്ട്രീയത്തെ കാണാൻ കഴിയില്ല. വിദ്യാഭ്യാസ, ബ്യൂറോക്രാറ്റിക്, രാഷ്ട്രീയ സ്ഥാപനങ്ങളിലാണു സംവരണം നിലനിൽക്കുന്നത്. ഇവ മൂന്നും ഒരേസമയം വ്യവസ്ഥാപിത ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര-മര്‍ദക സാമഗ്രികളാണ്. ചരിത്രപരമായി മൂന്നു സാമഗ്രികളെയും നിയന്ത്രിച്ചു പോരുന്നതു സവർണ-മുന്നോക്ക സമുദായങ്ങളാണ്. അധീശത്വ സമുദായങ്ങളുടെ സാംസ്കാരിക പരിസരങ്ങളായി അവ മാറിയിട്ടുണ്ട്. എങ്കിലും സാംസ്കാരിക നിർമാണത്തിന്റെയും രാഷ്ട്ര പുരോഗതിയുടെയും ചാലകശക്തികളായി പരിണമിക്കുവാന്‍ ശേഷിയുള്ളവയാണവ. ആയതിനാൽ, മൂന്നിടങ്ങളിലും രാഷ്ട്രീയ പ്രാതിനിധ്യം, അധികാര പങ്കാളിത്തം എന്നിവയ്ക്കു പുറമെ ദലിത്-ബഹുജൻ-മുസ്‌ലിം മതന്യൂനപക്ഷങ്ങളുടെ സാംസ്കാരിക പ്രാതിനിധ്യം എന്ന വിശാലമായ അര്‍ത്ഥത്തിൽ സംവരണത്തെ പുനർ നിര്‍വചിക്കേണ്ടതുണ്ട്.
സംവരണ വിരുദ്ധതയും അരികുവത്ക്കരിക്കപ്പെടുന്ന ജാതിയും
പിന്നാക്ക ജാതികളില്‍പ്പെട്ട പലരും സവർണരെപ്പോലെ അതിശക്തമായ സംവരണ വിരുദ്ധ നിലപാടുകളാണു സ്വീകരിച്ചുപോരുന്നത്. സംസ്കാരത്തെക്കുറിച്ചും സംവരണത്തെക്കുറിച്ചും അവർക്കു ലഭിച്ചിരിക്കുന്ന വിദ്യാഭ്യാസമാണ് അത്തരം നിലപാടുകളുടെ മൂലഹേതു. സാംസ്കാരിക അധിനിവേശം നിലനിർത്താൻ സവർണർ കീഴാളരുടെ സമ്മതം ഉറപ്പാക്കുന്നതു് ജാതിയുടെ നിക്ഷേപാത്മക വിദ്യാഭ്യാസത്തിലൂടെയാണ്. അതായത്, സംസ്കാരത്തെക്കുറിച്ചു് അധീശത്വജാതികൾ നടത്തുന്ന ജ്ഞാന നിക്ഷേപങ്ങളാണ് അതു സാധ്യമാക്കുന്നത്. തൽഫലമായി, കീഴാളര്‍ തങ്ങളുടെ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുമ്പോഴും അവ പൊതു സംസ്കാരമായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോധവാന്‍മാരാകുന്നില്ല. പകരം, മേലാളരുടെ അനുഷ്ഠാനങ്ങളെ പൊതുസംസ്കാരമായി മനസ്സിലാക്കിക്കൊണ്ട് അവയെ പുനരുത്പാദിപ്പിക്കുന്നു. കൂടാതെ, മേലാളർ നിരന്തരം ഉത്പാദിപ്പിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്ന ജ്ഞാനത്തെ ആധികാരികമായി കണ്ടുകൊണ്ട് കീഴാളർ അവയോടു വിധേയപ്പെടുന്നു. തുടർന്ന് അത്തരം ജ്ഞാനനിക്ഷേപങ്ങളെ വിമർശനരഹിതമായി സ്വീകരിക്കുകയും അവയുടെ പുനരുത്പാദനത്തിൽ പങ്കാളികളാകുകയും ചെയ്യുന്നു. ജാതീയമായ അസന്തുലിതാവസ്ഥയെയും സാമ്പത്തിക സംവരണത്തെയും സവർണർ സാധൂകരിക്കുന്നത് സമാനമായ ജ്ഞാന നിക്ഷേപത്തിലൂടെയാണ്. സവർണർ നിക്ഷേപിക്കുന്ന സംസ്കാരത്തിലും ജ്ഞാനത്തിലും അടിമപ്പെട്ടു പോകുന്ന കീഴാളർ സംവരണവുമായി ബന്ധപ്പെട്ടു് എടുക്കുന്ന നിലപാടുകൾ സവർണരോടു ചേർന്നുനിൽക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ജാതീയമായ അസന്തുലിതാവസ്ഥയെ സാധൂകരിക്കുന്നതോ മറച്ചുപിടിക്കുന്നതോ ആയ ജ്ഞാനനിക്ഷേപങ്ങളായി ഇടതുപക്ഷത്തിന്റെ സാമ്പത്തിക നിര്‍ണയനവാദങ്ങൾ മാറിയിരിക്കുന്നു. സംവരണത്തില്‍ സാമ്പത്തിക ഘടകങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശങ്ങള്‍ക്കു ലഭിക്കുന്ന ജനസമ്മതി, സാമ്പത്തിക സംവരണവാദങ്ങള്‍ നിക്ഷേപാത്മക വിദ്യാഭ്യാസത്തിന്റെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ്. അത്തരം സാമൂഹ്യ-വിദ്യാഭ്യാസ പശ്ചാത്തലത്തിലാണ് മധ്യവർഗ കീഴാളജാതികളുടെ സംവരണ വിരുദ്ധതയെ അന്വേഷണ വിധേയമാക്കേണ്ടത്.
സമകാലീന ഇന്ത്യയില്‍ അത്തരം ജ്ഞാനനിക്ഷേപങ്ങളും സാംസ്കാരിക പുനരുത്പാദനങ്ങളും അതിസങ്കീർണമായ പ്രക്രിയകളായി മാറിക്കഴിഞ്ഞു. ബ്രാഹ്മണ ജാതികൾക്കു് ഈ പ്രക്രിയകളിൽ വലിയ പങ്കുവഹിക്കേണ്ടി വരുന്നില്ല എന്നതാണു വൈരുധ്യം. പകരം, മധ്യവർത്തി സമൂഹമായി രൂപപ്പെട്ട കീഴാള ജാതികൾ പ്രസ്തുത ജോലി ‘ഭംഗിയായി’ നിർവഹിക്കുന്നു. കേരള ചരിത്രത്തിൽ ജാതീയതക്കെതിരെ പോരാടുന്നതിൽ നിർണായക പങ്കുവഹിച്ച സംഘടനകളും നവോത്ഥാന നായകന്മാരുടെ പിൻഗാമികളും ബ്രാഹ്മണീയ സംസ്കാരത്തിനും അധീശത്വ ജ്ഞാനരൂപങ്ങൾക്കും പാദസേവ ചെയ്യുന്നു. കീഴാളരുടെ സാംസ്കാരിക അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും പൂണൂല്‍, കൊടിമരം, നെറ്റിപ്പട്ടം, ആനയെഴുന്നള്ളിപ്പ് തുടങ്ങിയ സവർണ ചിഹ്നങ്ങളുടെ ആധിപത്യം ശക്തമായിരിക്കുന്നു. എസ് എൻ ഡി പി ക്ഷേത്രങ്ങളിലെ ആരാധനാ രീതികള്‍, പൊയ്കയില്‍ അപ്പച്ചന്റെ പേരില്‍ പി ആര്‍ ഡി എസ് നടത്തുന്ന ആഘോഷങ്ങള്‍, വൈവാഹിക, മരണാനന്തര വേളകളിൽ വിശ്വകർമജർ പിന്തുടരുന്ന ബ്രാഹ്മണീയ അനുഷ്ഠാനങ്ങൾ തുടങ്ങിയവ സമകാലീന ഉദാഹരണങ്ങളാണ്. അത്തരം പ്രക്രിയകള്‍ അതിശക്തമായി പിന്തുടരുന്ന മധ്യവര്‍ഗ കീഴാളര്‍ ജാതി സ്വത്വത്തെ തമസ്കരിച്ചു കൊണ്ട് വർഗ- മത സ്വത്വങ്ങളെ ബോധപൂര്‍വമായി ഏറ്റെടുക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, അധീശത്വ സംസ്കാരത്തെ പിന്തുടരുന്ന ഇവർ അധീശത്വ ജ്ഞാനത്തെയും ഒപ്പം പിന്തുടരുന്നു. ഓബീസീകളുടെ സംവരണ വിരുദ്ധതയെയും സാമ്പത്തിക വാദങ്ങളെയും അവർ ഇപ്പോൾ നിർവഹിച്ചുപോരുന്ന സാംസ്കാരിക പുനരുത്പാദന പ്രക്രിയയുമായി ചേർത്തു വായിക്കേണ്ടതാണ്. ജാതിയുടെ നിക്ഷേപാത്മക വിദ്യാഭ്യാസത്തിലൂടെ സംസ്കാരത്തെക്കുറിച്ചുള്ള സ്വയം-പീഡിതമായ ചില മനോഭാവങ്ങള്‍ (Habitus) അവരിൽ രൂഢമൂലമാകുന്നതോടെ അവർ ബ്രാഹ്മണ്യത്തിനു വിധേയപ്പെടുന്നു. തലമുറകളായി പിന്തുടരുന്ന സാംസ്കാരിക അനുഷ്ഠാനങ്ങളിൽ നിന്നു സ്വാംശീകരിക്കുന്നതും അതോടൊപ്പം തന്നെ അത്തരം അനുഷ്ഠാനങ്ങളെ പുനരുത്പാദിപ്പിക്കുന്നതുമായ ഒരാളുടെ മനോഭാവത്തേയാണു ബോർദ്യോ ‘ഹാബിറ്റസ്’ എന്നു വിളിച്ചത്. വ്യക്തിബോധമെന്നോ പൊതുബോധമെന്നോ പരസ്പരം വേർതിരിക്കാനാവാതെ രണ്ടിനും ഇടയിലാണ് അത്തരം മനോഭാവങ്ങള്‍ പ്രവർത്തിക്കുന്നത്. അത്തരം മനോഭാവങ്ങളെ സ്വാംശീകരിക്കുന്ന പിന്നാക്ക സമുദായക്കാർ സംവരണവുമായി ബന്ധപ്പെട്ടു് ആത്മഹത്യാപരമായ നിലപാടുകൾ എടുക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. സംസ്കാരത്തെ അധിനിവേശത്തിൽ നിന്നു വേർതിരിച്ചു നിര്‍വചിക്കുന്നതിൽ പിന്നാക്ക ജനത ആശയക്കുഴപ്പം നേരിടുന്നു. തൽഫലമായി സാംസ്‌കാരിക അധിനിവേശത്തിന്റെ സാമഗ്രികളായ വിദ്യാഭാസ, തൊഴില്‍, രാഷ്ട്രീയ ഇടങ്ങളെ ജനാധിപത്യപരമായി പരിവര്‍ത്തനം ചെയ്യുവാന്‍ ശേഷിയുള്ള സംയോജിത- ബഹുസ്വര-പ്രാതിനിധ്യ സംവരണനയങ്ങള്‍ അസ്വാഭാവികമായേ കീഴാളര്‍ക്കു് അനുഭവപ്പെടുകയുള്ളൂ.
നിക്ഷേപാത്മക വിദ്യാഭ്യാസം മർദകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നത് വളച്ചൊടിക്കപ്പെട്ട പ്രസ്താവനകളിലൂടെയാണ്. അവ സ്ഥാപിതതാൽപര്യങ്ങളെ ഒളിപ്പിച്ചു കടത്തുകയോ മുൻഗണന അർഹിക്കുന്ന കാര്യങ്ങളെ മറച്ചു പിടിക്കുകയോ ചെയ്യുന്ന ജ്ഞാനനിക്ഷേപങ്ങളാണ്. ഏതൊരു ജ്ഞാനത്തെയും സാന്ദർഭികമായി മനസ്സിലാക്കിയെങ്കിൽ മാത്രമെ സ്ഥാപിത താൽപര്യങ്ങളെ അനാവരണം ചെയ്യാൻ കഴിയുകയുള്ളൂ. ഇല്ലെങ്കിൽ അവ മർദക വ്യവസ്ഥയോടു താദാത്മ്യം പ്രാപിക്കുന്ന മനോഭാവങ്ങളെ ശക്തിപ്പെടുത്തുക എന്ന ജോലിയായിരിക്കും നിര്‍വഹിക്കുക. സാമ്പത്തിക സംവരണവാദങ്ങളെ നിക്ഷേപാത്മക വിദ്യാഭ്യാസത്തിന്റെ യുക്തിയിലും അവ രൂപപ്പെടുന്ന പരിസരങ്ങളിലുമാണു മനസ്സിലാക്കേണ്ടത്. ഉദാഹരണമായി 90-കളുടെ മധ്യേ, സംവരണവുമായി ബന്ധപ്പെട്ട് ഇ.എം.എസ് നടത്തിയ ഒരു പ്രസംഗത്തെക്കുറിച്ച് കെ വേണു നടത്തിയ പ്രസ്താവന യൂട്യൂബിൽ ലഭ്യമാണ്. “പ്രസംഗവേദിക്കു മുന്‍പിലുള്ള വലിയൊരു ഹോട്ടലിലേക്കു നോക്കി ഇ.എം.എസ് പറയുന്നു. നോക്കൂ മുതലാളിയായ ഹോട്ടല്‍ ഉടമയുടെ മകനു സംവരണമുണ്ട്. എന്നാല്‍ അതേ ഹോട്ടലിലെ കുശിനിക്കാരന്റെ മകനു സംവരണമില്ല. ഇതെന്തൊരു അനീതി.ഇതു കേട്ടു ജനങ്ങള്‍ കയ്യടിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഹോട്ടലുടമ പിന്നാക്കക്കാരനും കുശിനിക്കാരന്‍ നമ്പൂതിരിയുമായിരുന്നു”. കുശിനിക്കാരന്‍റെ ദാരിദ്ര്യവും ഹോട്ടലുടമയുടെ സമ്പന്നതയും ഉപരിപ്ലവമായി നീതിയുക്തമെന്നു തോന്നും. പക്ഷേ കുശിനിക്കാരനു ബ്രാഹ്മണ്യത്തിന്റെ പ്രതീകങ്ങളിലൂടെ വന്നുചേരുന്ന കുത്തകാവകാശങ്ങള്‍ പരിശോധിക്കുമ്പോള്‍ മാത്രമാണ് അദ്ദേഹം നിക്ഷേപിക്കുന്ന മേൽജാതി സംവരണത്തിന്റെ രാഷ്ട്രീയം അനാവരണം ചെയ്യപ്പെടുന്നത്.
ജാതി സംവരണത്തെ പൂര്‍ണമായും എതിർക്കുന്നില്ലെന്നും അവ ഗുണഭോക്താക്കള്‍ക്കു് ഉറപ്പുവരുത്തുന്നതോടൊപ്പം ദേവസ്വം ബോർഡിൽ മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കു 10% സംവരണം ഏര്‍പ്പെടുത്തുകയും വേണമെന്നാണ് ഇടതുപക്ഷത്തിന്റെ നയപ്രഖ്യാപനം. കൂടാതെ, കേരളത്തിലെ പിന്നാക്കക്കാരുടെ പുരോഗതിയില്‍ സംവരണം പങ്കു നിര്‍വഹിച്ചുവെന്നും എന്നാല്‍ എല്ലാ സമുദായങ്ങളിലും മുതലാളിത്തത്താല്‍ രൂപപ്പെട്ട സാമ്പത്തിക അസമത്വങ്ങള്‍ ശക്തിപ്പെടുന്നു എന്നതുമാണു തോമസ് ഐസക്കിന്റെ അഭിപ്രായം. പക്ഷേ, രാജ്യത്തിന്റെ സമ്പദ്ഘടന വികസിക്കുമ്പോൾ സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ സ്വാഭാവിക പരിണാമം സംഭവിക്കുമെന്നതു വസ്തുതയാണ്. സംവരണത്തിലൂടെ ജോലി നേടുന്നവരിലും ഇത്തരം മാറ്റങ്ങൾ സ്വാഭാവികമാണ്. എന്നാൽ അക്കാരണത്താൽ സംവരണത്തെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായി പൊതുസമൂഹം തെറ്റിദ്ധരിക്കുന്നു. ഉപരിപ്ലവമായ ഇത്തരം വിലയിരുത്തലുകൾ ചില യാഥാർഥ്യങ്ങളെ മൂടിവെക്കുന്നു, പതിറ്റാണ്ടുകൾക്കു മുന്‍പു തന്നെ ചെത്ത് ഉപേക്ഷിച്ചു തുടങ്ങിയ ഈഴവരില്‍ പലരും കച്ചവടത്തിലൂടെയും വ്യവസായത്തിലൂടെയും സാമ്പത്തികനില മെച്ചപ്പെടുത്തിയിട്ടുണ്ട്. മൊത്തവിതരണ വ്യാപാരികളായി മാറിയ പരമ്പരാഗത സ്വര്‍ണപ്പണിക്കാരിൽ പലരും 80-കളുടെ അവസാനത്തോടെ സമ്പന്നരായിട്ടുണ്ട്. എന്നാല്‍ ഇക്കൂട്ടരില്‍ വിദ്യാസമ്പന്നരല്ലാത്തവരും സര്‍ക്കാര്‍ ജോലിക്കു യോഗ്യത നേടാത്തവരുമായി നിരവധി പേരുണ്ടായിരുന്നു. ആയതിനാല്‍ പിന്നാക്കക്കാരുടെ സമ്പന്നതയെ ആപേക്ഷികമായി മനസ്സിലാക്കാതെ സംവരണത്തിലേക്കു മാത്രമായി ചുരുക്കുമ്പോൾ പ്രവർത്തിക്കുന്നത് നിക്ഷേപാത്മക വിദ്യാഭ്യാസത്തിന്റെ കൗശല തന്ത്രമാണ്. ഈ വസ്തുതകൾ വേർതിരിക്കാതെയാണു സംവരണത്തിലെ സാമ്പത്തിക മാനദണ്ഡങ്ങളെ പലരും ഉയർത്തിക്കാണിക്കുന്നത്.
സാമ്പത്തിക സംവരണവാദങ്ങളെ നിക്ഷേപാത്മക വിദ്യാഭ്യാസത്തിന്റെ യുക്തിയിലും അവ രൂപപ്പെടുന്ന പരിസരങ്ങളിലുമാണു മനസ്സിലാക്കേണ്ടത്. ഉദാഹരണമായി 90-കളുടെ മധ്യേ, സംവരണവുമായി ബന്ധപ്പെട്ട് ഇ.എം.എസ് നടത്തിയ ഒരു പ്രസംഗത്തെക്കുറിച്ച് കെ വേണു നടത്തിയ പ്രസ്താവന യൂട്യൂബിൽ ലഭ്യമാണ്. “പ്രസംഗവേദിക്കു മുന്‍പിലുള്ള വലിയൊരു ഹോട്ടലിലേക്കു നോക്കി ഇ.എം.എസ് പറയുന്നു. നോക്കൂ മുതലാളിയായ ഹോട്ടല്‍ ഉടമയുടെ മകനു സംവരണമുണ്ട്. എന്നാല്‍ അതേ ഹോട്ടലിലെ കുശിനിക്കാരന്റെ മകനു സംവരണമില്ല. ഇതെന്തൊരു അനീതി.ഇതു കേട്ടു ജനങ്ങള്‍ കയ്യടിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഹോട്ടലുടമ പിന്നാക്കക്കാരനും കുശിനിക്കാരന്‍ നമ്പൂതിരിയുമായിരുന്നു”. കുശിനിക്കാരന്‍റെ ദാരിദ്ര്യവും ഹോട്ടലുടമയുടെ സമ്പന്നതയും ഉപരിപ്ലവമായി നീതിയുക്തമെന്നു തോന്നും. പക്ഷേ കുശിനിക്കാരനു ബ്രാഹ്മണ്യത്തിന്റെ പ്രതീകങ്ങളിലൂടെ വന്നുചേരുന്ന കുത്തകാവകാശങ്ങള്‍ പരിശോധിക്കുമ്പോള്‍ മാത്രമാണ് അദ്ദേഹം നിക്ഷേപിക്കുന്ന മേൽജാതി സംവരണത്തിന്റെ രാഷ്ട്രീയം അനാവരണം ചെയ്യപ്പെടുന്നത്
വർഗപരമായ പ്രശ്നങ്ങൾക്കൊപ്പം ജാതീയമായ പ്രശ്നങ്ങളെക്കൂടി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നു കമ്യൂണിസ്റ്റു പാർട്ടിക്കു ബോധ്യമുണ്ടെന്ന് അടുത്തിടെ ചാനൽ ചർച്ചയിൽ എം ബി രാജേഷ് പറയുകയുണ്ടായി. അപ്പോഴും പാർട്ടിയുടെ പ്രാഥമിക ലക്ഷ്യം വർഗ വിഷയങ്ങളാണ്. ജാതിയെ കേന്ദ്രസ്ഥാനത്തേക്കു കൊണ്ടു വരുന്നില്ല. ആദ്യഘട്ടത്തില്‍ വിവരിച്ചതുപോലെ, ജാതിയെ അടിത്തറയിലാണോ മേൽപ്പുരയിലാണോ സ്ഥാപിക്കേണ്ടത് എന്ന തർക്കത്തിൽ, യാഥാസ്ഥിക നിലപാടുകൾക്കൊപ്പമാണു പാർട്ടി എന്നു വ്യക്തം. സൈദ്ധാന്തിക നിലപാടുകളിൽ ചില അയവുകൾ വരുത്തിയെന്ന ധ്വനി ഉണ്ടെങ്കിലും വർഗരഹിത സമൂഹത്തെക്കുറിച്ചുള്ള സ്വപ്നത്തിൽ നിന്നു് പാർട്ടി വ്യതിചലിച്ചു എന്നു കരുതാനാകില്ല. വര്‍ഗവാദികളുടെ ഇത്തരം ജ്ഞാനനിക്ഷേപങ്ങളെ സതീഷ് പാണ്ഡെയും ആദിത്യ നിഗാമും വിലയിരുത്തുന്നത് ആധുനികതയുടെ സംഘര്‍ഷങ്ങളായിട്ടാണ്. മതപരമായ സ്വത്വത്തെ പേറിക്കൊണ്ടായിരുന്നു പല ‘ആധുനികരും’ ജാതിയുടെ നവോത്ഥാനത്തെക്കുറിച്ചുള്ള സവിശേഷ ചർച്ചകളിലേർപ്പെട്ടിരുന്നത്; ജാതിയെക്കുറിച്ചുള്ള ചര്‍ച്ചകൾ ജാതിയെ പുനരുത്പാദിപ്പിക്കുന്നു എന്ന മട്ടില്‍ വ്യാഖ്യാനിക്കപ്പെട്ടു. “കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി, പ്രത്യേകിച്ച് മണ്ഡല്‍ പ്രക്ഷോഭാനന്തര കാലം മുതല്‍, മെറിറ്റ്, കാര്യക്ഷമത, വര്‍ഗം, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവയുടെ ഭാഷയിലൂന്നി സംസാരിച്ചുകൊണ്ട്, ജാതിയെന്ന വിഷയത്തെ കീഴ്‌പ്പെടുത്തുന്നതിൽ മേല്‍ജാതി വ്യവഹാരങ്ങള്‍ വിജയം കൈവരിച്ചു. ജാതിയെക്കുറിച്ചു സംസാരിക്കാനാവാത്ത സാഹചര്യം കേവലം മേല്‍ജാതിക്കാരുടെ ജാതീയതയുടെ വിഷയമല്ല, അവ ആധുനികത സൃഷ്ടിച്ച അസ്വസ്ഥതകളുടെ പരിണത ഫലം കൂടിയായിരുന്നു” എന്ന് ആദിത്യ നിഗാം പറയുന്നു. പക്ഷേ, വര്‍ഗവിശകലനങ്ങള്‍ ജാതിയെ മറച്ചുപിടിച്ച വ്യവഹാരങ്ങളായിരുന്നു എന്നു പാണ്ഡെയും നിഗാമും വിശകലനം ചെയ്തിട്ടുണ്ടെങ്കിലും അവ സംവരണ വിരുദ്ധമനോഭാവങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന വിശദീകരണങ്ങള്‍ ഇരുവരും നടത്തുന്നില്ല.
ജാതിയെ ഏതു വിധേനയും നിര്‍മൂലനം ചെയ്യാന്‍ നിര്‍ബന്ധിതമായ ആധുനിക-പുരോഗമന വ്യവഹാരങ്ങൾ മേൽജാതികളെ ജാതിരഹിതരായും സംവരണീയരെ ജാതിവാദികളായും അടയാളപ്പെടുത്തി. ഇടതുപക്ഷ ചിന്തകര്‍ പോലും’ സ്വത്വവാദികളുടെ പിടിയില്‍ പെട്ടു നീതിബോധമില്ലാതെ മുന്നാക്കജാതി-സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നു എന്നു പറയപ്പെടുന്നത് ‘ആധുനിക’ വ്യവഹാരത്തിനപ്പുറത്ത് ഇടതുപക്ഷത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങൾക്കൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. സമകാലീന ജാതിയെക്കുറിച്ചുള്ള ചർച്ചകൾ ഇടതുപക്ഷത്തിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നില്ലേ? ജാതിയെന്ന സാമൂഹ്യ യാഥാര്‍ഥ്യത്തെയും ജാതിസംവരണമെന്ന ആശയത്തെയും പരിപൂര്‍ണമായി അംഗീകരിക്കുവാന്‍ ഇടതുപക്ഷം വൈമുഖ്യം കാണിക്കുന്നതെന്തിന്?
സംഗ്രഹം
സംവരണവുമായി ബന്ധപ്പെട്ടു മനസ്സിലാക്കേണ്ട അടിസ്ഥാന പ്രശ്നങ്ങളാണു ജാതീയമായ അസന്തുലിതാവസ്ഥ, സാംസ്കാരിക മേധാവിത്വം, പുനരുത്പാദനം തുടങ്ങിയവ. എന്തു കൊണ്ടെന്നാല്‍ സംവരണം നിലനില്‍ക്കുന്ന വിദ്യാഭ്യാസ, ഉദ്യോഗസ്ഥ, രാഷ്ട്രീയ മേഖലകള്‍ പൊതു സമൂഹത്തിന്റെ യഥാർഥ പരിഛേദങ്ങളല്ല. പകരം, അവ ചരിത്രപരമായി അധീശത്വ സമുദായങ്ങളുടെ സാംസ്കാരിക പരിഛേദങ്ങൾ മാത്രമാണ്. അത്തരം പൊതു സ്ഥാപനങ്ങളെ സമൂഹത്തിന്റെ കൃത്യമായ പ്രാതിനിധ്യ സ്വഭാവം നിലനിർത്തുന്ന പരിഛേദങ്ങളായി മാറ്റേണ്ടതിന്റെ ആവശ്യകതയാണു ജാതി സംവരണം ഉയർത്തുന്നത്. കൂടാതെ, സാംസ്കാരിക തലത്തിൽ അതിശക്തമായി പ്രവർത്തിക്കുന്ന ഒന്നായി ജാതി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. സാമ്പത്തിക ഘടകങ്ങളെപ്പോലും നിർണയിക്കുവാൻ ജാതിയുടെ സാംസ്കാരിക പരിസരങ്ങൾക്കു കഴിയുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് നിരവധി ഭിന്നതകൾ ഉണ്ടെങ്കിലും അൽതൂസർ, ബോർദ്യോ, ഫ്രെയർ തുടങ്ങിയവരുടെ സൈദ്ധാന്തിക വീക്ഷണങ്ങൾ ഇടതുബുദ്ധിജീവികളെ ഓർമ്മപ്പെടുത്തേണ്ടി വരുന്നത്; പ്രത്യേകിച്ച് യാഥാസ്ഥിക മാർക്സിസ്റ്റുകളുടെ സാമ്പത്തിക നിർണയനവാദങ്ങളിലൂന്നിയ സംവരണ ചർച്ചകൾ സജീവമായ ഘട്ടത്തിൽ. സംവരണത്തിലെ സാംസ്കാരിക പ്രാതിനിധ്യത്തെക്കുറിച്ചുള്ള സൂചനകളാണു ഫ്രെയർ ഉൾപ്പെട്ട ബ്രസീലിയൻ ചിന്തകർ നമുക്കു നൽകുന്നത്. പക്ഷേ, സാമ്പത്തിക നിർണയനവാദത്തെ തിരുത്തി എഴുതിക്കൊണ്ട് സാംസ്‌കാരിക മേധാവിത്വത്തെക്കുറിച്ചുള്ള ചിന്തനീയമായ മാർക്സിയൻ വീക്ഷണങ്ങളെ പാടെ അവഗണിച്ചും ലോകമെമ്പാടും നിലവിലുള്ള മാനദണ്ഡങ്ങൾക്കു വിരുദ്ധമായും സംവരണത്തില്‍ സാമ്പത്തിക ഘടകങ്ങള്‍ ഉള്‍പ്പെടുത്തുവാനാണ് ഇടതുപക്ഷം ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിക്കുന്നത്.
ജാതി സംവരണത്തെ സൈദ്ധാന്തികമായും ഭരണഘടനാപരമായും ന്യായീകരിക്കേണ്ടതു സംവരണീയരുടെ മാത്രം ബാധ്യതയായി മാറിയിരിക്കുന്നു. ഏതൊരു സമുദായവും വിലപേശൽ ശക്തിയായി പരിണമിക്കുന്നതിൽ അവരുടെ സാംസ്കാരികവും വൈജ്ഞാനികവുമായ അധികാര സ്രോതസ്സുകള്‍ കൂടി നിർണായക പങ്കു വഹിക്കുന്നു. ഇവയെ സവർണർക്കു് അനുകൂലമായി പുനരുത്പാദിപ്പിക്കുവാൻ ഭരണകൂടത്തിന്റെ വിവിധ സാമഗ്രികൾക്കു കഴിയുന്നു. സംവരണം നിലനിൽക്കുന്ന വിദ്യാഭ്യാസ, ഉദ്യോഗസ്ഥ, രാഷ്ട്രീയ സ്ഥാപനങ്ങൾ സവർണതയെ സ്വാംശീകരിച്ച സാംസ്കാരിക പരിസരങ്ങളാണ്. ഇത്തരം പരിസരങ്ങളിലേക്ക് ദലിതര്‍, ആദിവാസികള്‍, ബഹുജനങ്ങള്‍, മുസ്‌ലിംകള്‍, ഇതര മതന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെ സാംസ്കാരികമായി സംയോജിപ്പിക്കേണ്ടത് ഇന്ത്യ പോലുള്ള ബഹുസ്വര രാഷ്ട്രത്തിന്റെ ആവശ്യമാണ്. ഭരണകൂട സാമഗ്രികളെ മർദിതർക്കുവേണ്ടി ജനാധിപത്യപരമായി പ്രവർത്തിപ്പിച്ച് സാമൂഹ്യനീതി ഉറപ്പു വരുത്തുവാൻ അംബേഡ്കര്‍ ആവിഷ്കരിച്ച സംവരണപരിപാടികൾ ഗുണകരമാകുമെന്നു നിസ്സംശയം പറയാം. എന്നാൽ പ്രാതിനിധ്യ സംവരണത്തിലൂടെ മാത്രം അധീശത്വ-സാംസ്കാരിക പരിസരങ്ങളെ നേരിടുവാൻ കഴിയില്ല.
സംവരണത്തിലൂടെയും അല്ലാതെയും ഭരണകൂടത്തിന്റെ പൊതു സാമഗ്രികളിൽ പ്രവേശിക്കുന്ന വ്യക്തികളുടെ കാഴ്ച്ചപ്പാടുകളും രാഷ്ട്രീയ നിലപാടുകളും പരമപ്രധാനമാണ്. ജാതി വ്യവസ്ഥ നിക്ഷേപിച്ച സംസ്കാരിക- ജ്ഞാന പരിസരങ്ങളോടു് ആഭിമുഖ്യമുള്ളവരാണു ഭരണകൂട സാമഗ്രികൾ കൈകാര്യം ചെയ്യുന്നതെങ്കിൽ എന്തു ഫലം? ഭരണകൂട സാമഗ്രികളുടെ ചരിത്രപരമായ മര്‍ദക സ്വഭാവത്തെ കൂടുതല്‍ ശക്തമാക്കാനേ അതുപകരിക്കൂ. സാമ്പത്തിക നിര്‍ണയനവാദത്തെ ആസ്പദമാക്കിയുള്ള സംവരണവാദങ്ങൾ നിക്ഷേപാത്മക വിദ്യാഭ്യാസത്തിന്റെ അനുഷ്ഠാന കർമമായി അധ:പതിച്ചിരിക്കുന്നു. ജാതിയെക്കുറിച്ചും സംവരണത്തെക്കുറിച്ചുമുള്ള ക്രിയാത്മക ചർച്ചകളെ അരികുവത്കരിക്കുന്ന തരത്തിൽ അവ ശക്തിപ്രാപിച്ചിരിക്കുന്നു. സംവരണത്തിലൂടെ കടന്നുവരുന്നവർ, ജാതിയുടെ ജ്ഞാന നിക്ഷേപത്താൽ സ്വാംശീകരിക്കപ്പെട്ട മനോഭാവങ്ങളെ ഉടച്ചുവാർക്കുകയും വിമർശാവബോധത്തെ രൂപപ്പെടുത്തേണ്ടതുമുണ്ട്. പക്ഷേ, ജാതിയുടെ ബഹിഷ്കരണ സ്വഭാവത്തിനും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സംവരണത്തിനും മൂടുപടം തീർക്കുവാനാണു യാഥാസ്ഥിക സാമ്പത്തികവാദങ്ങളിലൂടെ ഇടതുപക്ഷം നിരന്തരം പരിശ്രമിക്കുന്നത്.
(ലേഖകന്‍ ഇംഗ്ലണ്ടിലെ വിഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നു് വിദ്യാഭ്യാസത്തില്‍ പി.എച്ച്.ഡി എടുത്തതിനു ശേഷം അതേ ഫാക്കല്‍റ്റിയില്‍ റിസര്‍ച്ച് ഫെല്ലോ ആയി ജോലി ചെയ്യുന്നു. നോര്‍ത്താംപ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്നു് IHRM-ൽ എം എ ബിരുദവും മഹാത്മാഗാന്ധി സര്‍വ്വകലാശാലയിൽ നിന്നു സോഷ്യോളജിയില്‍ എം എ, എം ഫില്‍ ബിരുദങ്ങളും നേടിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.)
(മാധ്യമം ആഴ്ചപ്പതിപ്പ് 2018 ഏപ്രിൽ 9 ലക്കത്തിൽ ഈ ലേഖനം അച്ചടിച്ചു വന്നിട്ടുണ്ട്)
- Dialogue in silence: the false binary between Freirean concepts and practices in out-of-school education in Kerala, International Journal for critical education and Policy Studies. (Upcoming publication, March/April 2018)
- മാലാഖമാർശബ്‌ദിക്കുമ്പോള്‍, മലയാളം വാരിക (http://epaper.malayalamvaarika.com/1299950/Malayalam-Vaarika/24072017#dual/34/1 (July 2017)
- സാമ്പത്തിക സംവരണം: ജാത്യാധികാരത്തിന്റെ ചെപ്പടിവിദ്യ, മലയാളം വാരിക (http://epaper.malayalamvaarika.com/882732/Malayalam-Vaarika/18072016#dual/44/1) (July, 2016)
- Rohith Vemula: the antecedents and aftermaths of his institutional murder, Rountable India
( http://roundtableindia.co.in/index.php?option=com_content&view=article&id=8514%3Arohith-vemula-the-antecedents-and-aftermaths-of-his-institutional-murder&catid=119%3Afeature&Itemid=132 ) (March, 2016) - രോഹിത് വെമൂല ഉയര്‍ത്തുന്ന ചില രാഷ്ട്രീയ സമസ്യകള്‍, ഉത്തരകാലം : http://utharakalam.com/?p=14319 (February, 2016)