ഫെമിനിസ്റ്റ് രാഷ്ട്രീയം: ബഹുസ്വരതയ്ക്കുള്ള സാധ്യതകൾ

നിരവധി ഫെമിനിസങ്ങൾ സാധ്യമാണ് എന്നതൊരു ജനാധിപത്യ പ്രശ്നമായി കാണേണ്ടതും പൊതുഇടത്തിൽ തങ്ങളുടെ തന്നെ രാഷ്ട്രീയ വാർപ്പുമാതൃകകളെ സ്ത്രീകൾ തന്നെ അവലോകനം ചെയ്യേണ്ടതും അത്യാവശ്യമാണ്. സവർണ പുരുഷന്റെ സ്വകാര്യതയുടെ അവകാശം സംരക്ഷിക്കാൻ ശക്തരായ സഹപുരുഷന്മാർ തന്നെ രംഗത്തുവരുന്നുണ്ട്. എന്നാൽ കീഴാളപുരുഷന്മാരുടെ ജീവിതങ്ങൾ വിലയില്ലാത്തവയായി പരക്കെ അംഗീകരിക്കപ്പെടുകയും ഒരേ തെറ്റുകൾക്കുള്ള ശിക്ഷ രണ്ടു വിഭാഗത്തിൽപെടുന്ന പുരുഷൻമാർക്ക് വ്യത്യസ്തമാവുകയും ചെയ്യുന്നുണ്ട്. ശ്രീജിത ജയഭാരതി എഴുതുന്നു.

ഈയിടെ കേരളത്തില്‍ നടന്ന സ്ത്രീപക്ഷ രാഷ്ട്രീയ മുന്നേറ്റം ദലിത് ബഹുജന്‍ സ്ത്രീകള്‍ നയിച്ചു എന്നതിനാല്‍ ജാതി രാഷ്ട്രീയത്തെയും സ്ത്രീപക്ഷ രാഷ്ട്രീയത്തെയും അവ ഉള്‍ക്കൊള്ളിച്ചു എന്ന് വായിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജാതി രാഷ്ട്രീയത്തിന്റെ അര്‍ഥവത്തായ പങ്കിനെ ചോദ്യം ചെയ്തുകൊണ്ട് ‘ഉത്തരകാല’ത്തില്‍ ഒരു ലേഖനം കഴിഞ്ഞ ദിവസം വന്നിരുന്നു. പ്രസ്തുത മുന്നേറ്റത്തെയും അതിനോടുയര്‍ന്നു വന്ന വിമര്‍ശനത്തെയും വളരെ ഗൗരവത്തോടെയാണ് ഞാന്‍ കാണുന്നത്. സമൂഹമനസാക്ഷിയില്‍ സ്ത്രീ പുരുഷന് കീഴെയാണ് എന്ന ചിന്തയെ ചോദ്യം ചെയ്യുകയും തങ്ങള്‍ക്ക് ശക്തിയുണ്ടെന്നു തെളിയിക്കുകയും ചെയ്ത ഒരു മുന്നേറ്റം എന്തുകൊണ്ടും കേരള സ്ത്രീപക്ഷ ചരിത്രത്തില്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്ന ഒന്നാണ്. അതിനു തുടക്കം കുറിച്ച എല്ലാ ഫെമിനിസ്റ്റ് ചിന്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും പൊതു ബുദ്ധിജീവികളെയും ഒരു ഫെമിനിസ്റ്റ് എന്ന രീതിയില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.

കേരളത്തിലെ പൊതുഇടങ്ങളില്‍ ബുദ്ധിജീവി ആണ്‍സമൂഹം സ്ത്രീകളെ ഭോഗവസ്തുക്കളായി മാത്രം കാണുന്നു എന്നതും തങ്ങള്‍ യാത്ര ചെയ്യുന്നതും സ്വന്തമായി ജീവിതം കെട്ടിപ്പടുക്കുന്നതും നിങ്ങള്‍ക്ക് ഭോഗിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിത്തരാനല്ല, മറിച്ച് ശക്തവും വ്യക്തവുമായ തെരഞ്ഞെടുപ്പിനുള്ള അവകാശം കൈമുതലായുള്ളവരാണ് തങ്ങളെന്നും അവര്‍ സധൈര്യം വിളിച്ചു പറയുകയും, ‘സ്ത്രീകള്‍ ഒറ്റക്കെട്ടായി’ എന്ന ആശയം പൊതുസമൂഹത്തിന് മുന്നില്‍ വെക്കുകയും ചെയ്തു.

‘സ്ത്രീ’ എന്ന ആശയം, ‘മനുഷ്യന്‍’ എന്ന ആശയം പോലെത്തന്നെ ഒരു മാതൃകയെ മുന്‍നിര്‍ത്തി നിര്‍മിക്കപ്പെടുന്നതാണ് എന്ന യുക്തിയിലേക്ക് നമുക്ക് വരാം. മനുഷ്യന്‍ എന്നത് യൂറോപ്യന്‍, ആണ്‍, വരേണ്യ മാതൃകയില്‍ അധിഷ്ഠിതമായി നിര്‍മിക്കപ്പെട്ടതു പോലെതന്നെ, ‘സ്ത്രീ’ എന്ന ആശയം യൂറോപ്യന്‍, വെളുത്ത, വരേണ്യ മാതൃകയില്‍ സൃഷ്ടിക്കപ്പെട്ടതാണ്. സ്ത്രീകള്‍ ഒറ്റക്കെട്ടായി എന്നു പറയുമ്പോള്‍ ചില സ്ത്രീകള്‍ക്കെങ്കിലും അതില്‍ നിന്നും വ്യതിചലിക്കേണ്ടി വരുന്നത് ഒരു സവര്‍ണ മാതൃകയിലുള്ള സ്ത്രീ നിര്‍മിതിയോട് അവര്‍ക്ക് യോജിക്കാന്‍ കഴിയാത്തതു കൊണ്ടാണ്. പൊതുസമൂഹത്തോടു ഇടപെടുമ്പോള്‍ സ്ത്രീകള്‍ ഒറ്റക്കെട്ടായി ലിബറല്‍ ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാതൃക അടവുനയമായി സ്വീകരിക്കാമെങ്കിലും, ആ പ്രവര്‍ത്തന രീതി സവര്‍ണ ഫെമിനിസത്തിന്റെതാണെന്നു തുറന്നു പറയേണ്ടി വരും. കീഴാള സ്ത്രീകള്‍ നയിക്കുമ്പോഴും അത്തരം മുന്നേറ്റങ്ങള്‍ക്ക് സവര്‍ണ സ്വഭാവം കൈവരുന്നത് ഈ പരിതസ്ഥിതി കാരണമാവും. എന്നാല്‍ ഇത്തരം മുന്നേറ്റങ്ങളെ അതിന്റെ യഥാര്‍ഥ നിറത്തില്‍ അടയാളപ്പെടുത്താത്തിടത്ത് കീഴാള സ്ത്രീകളുടെ രാഷ്ട്രീയം സവര്‍ണ സ്ത്രീ സങ്കല്‍പ്പങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിക്കാനുള്ള ഒരു ഭാരം സ്വയം വഹിക്കുന്നിടത്തേക്ക് അവരെ കൊണ്ടെത്തിക്കുന്നു. പലവിധ ഫെമിനിസങ്ങള്‍ ഉണ്ടെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതും പല അഭിപ്രായങ്ങള്‍ ആലോചിച്ചു നോക്കേണ്ടതും പ്രസക്തമാവുന്നത് ഇവിടെയാണ്. അത്തരമൊരു ആലോചനയെ ജനാധിപത്യ മര്യാദയായി കാണേണ്ടതും പൊതുഇടത്തില്‍ തങ്ങളുടെ വാര്‍പ്പുമാതൃകകളെ സ്ത്രീകള്‍ സ്വയം അവലോകനം ചെയ്യേണ്ടതും അത്യാവശ്യമാണ്.

സവര്‍ണ പുരുഷന്റെ സ്വകാര്യതയുടെ അവകാശം സംരക്ഷിക്കാന്‍ മറ്റു പുരുഷന്‍മാര്‍ അടക്കം രംഗത്തു വരുമ്പോള്‍, കീഴാള പുരുഷന്‍മാരുടെ ജീവിതങ്ങള്‍ വിലയില്ലാത്തവയായി പരക്കെ അംഗീകരിക്കപ്പെടുകയും ഒരേ തെറ്റുകള്‍ക്കുള്ള ശിക്ഷ രണ്ടു വിഭാഗത്തില്‍പെടുന്നവര്‍ക്ക് വ്യത്യസ്തമാവുകയും ചെയ്യുന്നത് നാം കണ്ടുകഴിഞ്ഞു. ലൈംഗിക അക്രമം നടത്തുന്ന ദലിത് ആക്റ്റിവിസ്റ്റിനും വളരെ കുറച്ചു ആളുകള്‍ മാത്രം പങ്കുവെക്കുന്ന ഒരു വിചാരധാരയുടെ പ്രതിനിധിക്കും, വളരെയധികം ആള്‍ക്കൂട്ട പിന്‍ബലമുള്ള സംഘടനയില്‍ ഭാഗമായുള്ളവര്‍ക്കും മതത്തിന്റെയോ സമൂഹം അംഗീകരിക്കുന്ന മറ്റു ചട്ടക്കൂടുകളുടെയോ കവചം ഉള്ളവര്‍ക്കും ശിക്ഷയുടെ കാഠിന്യം വളരെ വ്യത്യസ്തമാണ് എന്ന് ഞാന്‍ എടുത്തു പറയാതെ തന്നെ ഈയടുത്ത കാലത്തെ വ്യത്യസ്ത സംഭവങ്ങളോടുള്ള സാമൂഹ്യമാധ്യമങ്ങളുടെ വ്യത്യസ്ത നിലപാടുകളില്‍ നിന്നും എല്ലാവര്‍ക്കും വ്യക്തമാണ്.

വളരെ വ്യത്യസ്തമായ നിലപാടുകള്‍ കൈക്കൊള്ളുന്ന ഒരു സമൂഹത്തോട് തീരെ ജനപ്രിയമല്ലാത്ത നിലപാടുകള്‍ എടുത്ത അല്ലെങ്കിൽ ജീവിതസാഹചര്യം കൊണ്ടുതന്നെ അത്തരം അക്രമങ്ങൾക്കു വിധേയരാകുവാൻ സാധ്യതയുള്ള മനുഷ്യരുടെ കുറ്റകൃത്യങ്ങൾ തുറന്നു പറയുമ്പോൾ ആ രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തതയും കൃത്യതയും അറിവും ഉള്ള കീഴാള ഫെമിനിസ്റ്റുകൾ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? കുറ്റകൃത്യങ്ങൾ തടയുക എന്നതിന് പൊതുസമൂഹത്തിന് എതിർപ്പും പകയുമുള്ള മനുഷ്യർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന അർഥം കൂടി കാണുന്നതു കൊണ്ട് നിലവിലുള്ള സാമൂഹ്യസാഹചര്യത്തിൽ വർഗപരമായി കീഴാളപദവിയിൽ നിൽക്കുകയും രാഷ്ട്രീയത്തിന്റെ ഭാഗമായി ന്യൂനപക്ഷ പദവിയിൽ നിൽക്കുകയും ചെയ്യുന്ന ഒരാളെയും ജാതിപരമായും വർഗപരമായും കീഴാളപദവിയില്‍ നിൽക്കുന്ന ഒരാളെയും ആൾക്കൂട്ട അക്രമത്തിന് വിധേയരാക്കുക എന്നതും സാമൂഹ്യമായ ഒറ്റപ്പെടുത്തലിന് ആഹ്വാനം ചെയ്യുക എന്നതും വളരെയധികം ആലോചിച്ചും മറ്റുള്ളവരോടു ചർച്ച ചെയ്തും ജനാധിപത്യപരമായി മാത്രം എടുക്കേണ്ട ഒരു നടപടിയാണ്. കുറ്റവാളികളെ ശിക്ഷിക്കുന്നത് ഏത് വിധത്തിൽ എന്ന് തീരുമാനിക്കാനുള്ള അവകാശം ഒരു പൊതു ബുദ്ധിജീവി സ്വയം ഏറ്റെടുക്കുന്നത് വളരെയധികം വിമർശിക്കപ്പെടേണ്ട ഒന്നായാണ് ഞാൻ കരുതുന്നത്. ശിക്ഷാ നടപടികളെക്കുറിച്ചുള്ള ആശയങ്ങള്‍, പൊതു ബുദ്ധിജീവികളുടെ പങ്ക് എന്നിവയെ സംബന്ധിച്ചും മറ്റു പലരീതികളിലും മുന്നേറ്റത്തോടുള്ള വിയോജിപ്പുകൾ വ്യക്തമാക്കുന്നവർക്ക് യാതൊരുവിധ പരിഗണനയും നൽകാതെ അവരുടെ രാഷ്ട്രീയത്തെയും വ്യക്തിത്വത്തെയും കളിയാക്കുന്ന രീതിയിലാണ് പല പ്രതികരണങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ കണ്ടുവരുന്നത്. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉടലെടുക്കുന്നത് ആൾക്കൂട്ടത്തിന്റെ അക്രമമനോഭാവത്തിൽ നിന്നാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ ഉറച്ച നിലപാടുകളിൽ നിന്നല്ല.

അതുപോലെ തന്നെ ആള്‍ക്കൂട്ട വിചാരണക്കും ഒറ്റപ്പെടുത്തലിനുമുള്ള ആഹ്വാനം വന്നയുടനെ അതിനെക്കുറിച്ച് ഒരു ചർച്ചക്കു പോലും തയ്യാറാവാതെ, വിചാരണയുടെ രാഷ്ട്രീയവും എതിർക്കപ്പെടുന്നവരുടെ വർഗവപരവും ജാതിപരവും രാഷ്ട്രീയപരവുമായ അപരത്വങ്ങളെക്കുറിച്ച് വിചിന്തനത്തിനു തയ്യാറാവാതെ ഫെമിനിസ്റ്റുകൾ ഒരാൾക്കൂട്ടമായി ഒന്നിച്ച് മുന്നേറുമ്പോൾ രാഷ്ട്രീയപരമായി വിഭജനരേഖകളില്‍ നിലകൊള്ളുന്നവർ ചിലപ്പോൾ കൂടെക്കൂടില്ല. അവർ ആലോചിക്കുന്നത് അവരുടെ രാഷ്ട്രീയം തന്നെയാണെന്നും അവരുടെ രാഷ്ട്രീയം ഫെമിനിസ്റ്റ്  ഭൂരിപക്ഷത്തിൽ നിന്ന് വിഭിന്നമാണെന്നും തിരിച്ചറിയാനോ അംഗീകരിക്കാനോ ഉള്ള ജനാധിപത്യബോധം ആ ദിവസങ്ങളിൽ മുന്നേറ്റത്തിന്‍റെ ഭാഗമായവരില്‍ നിന്നും ഉണ്ടായിട്ടില്ല. വ്യക്തിപരമായ വിയോജിപ്പുകൾ പരിഹസിക്കപ്പെടേണ്ടവയല്ല, മറിച്ച് സ്വാഗതം ചെയ്യപ്പെടേണ്ടവയാണ്. വിയോജിപ്പുകളെ അടിച്ചമർത്തുന്ന ഒരു രാഷ്ട്രീയ ചിന്താധാരയും മുന്നോട്ടു പോവില്ല. പകരം നിന്നിടത്തു തന്നെ നിന്ന് ജീർണ്ണിക്കുന്ന ഒരവസ്ഥയിലേക്ക് അത് കൂപ്പുകുത്തും. പ്രസ്തുത മുന്നേറ്റത്തിനു തുടക്കം കുറിച്ച ചില പ്രധാന എഴുത്തുകളിലെ അധികാരത്തിനെ ചോദ്യം ചെയ്തു കൊണ്ട് ഞാനെഴുതിയ കുറിപ്പ് വളരെയധികം Negative ആയും കുറ്റവാളിയുടെ കൂടെനിൽക്കുന്നതായുമാണ് ബോധ്യപ്പെട്ടത്. ഇരയുടെ കൂടെ നിൽക്കുക എന്നതിന്‍റെ ആശയാടിത്തറ പലർക്കും വ്യത്യസ്തമാണ്. കുറ്റവാളികളെ നേരിടേണ്ടതിനെ സംബന്ധിച്ച രീതിയെ കുറിച്ചുള്ള ധാരണകളും പലർക്കും വ്യത്യസ്തമാവാം.

പ്രസ്തുത മുന്നേറ്റത്തിനു തുടക്കം കുറിച്ച ചില പ്രധാന എഴുത്തുകളിലെ അധികാരത്തിനെ ചോദ്യം ചെയ്തു കൊണ്ട് ഞാനെഴുതിയ കുറിപ്പ് വളരെയധികം Negative ആയും കുറ്റവാളിയുടെ കൂടെനിൽക്കുന്നതായുമാണ് ബോധ്യപ്പെട്ടത്. ഇരയുടെ കൂടെ നിൽക്കുക എന്നതിന്‍റെ ആശയാടിത്തറ പലർക്കും വ്യത്യസ്തമാണ്. കുറ്റവാളികളെ നേരിടേണ്ടതിനെ സംബന്ധിച്ച രീതിയെ കുറിച്ചുള്ള ധാരണകളും പലർക്കും വ്യത്യസ്തമാവാം.

വ്യത്യസ്തതകൾ ഇല്ലായ്മ ചെയ്തുകൊണ്ട് സവർണതയെയും വർഗീയതയെയും ഉപകരണങ്ങളാക്കി ഫെമിനിസ്റ്റ് ആക്റ്റിവിസം ചുരുങ്ങുമ്പോൾ അതിൽ നിന്നു പുറത്തുപോവുന്നവർ അവർ ഫെമിനിസ്റ്റുകൾ അല്ലാത്തതു കൊണ്ടല്ല, മറിച്ച് ഫെമിനിസം ജനാധിപത്യപരമല്ലാത്തതു കൊണ്ടാണ്. ജാതിയിലും വർഗത്തിലും ഒരുപാടു ആലോചനകളുള്ള ഫെമിനിസ്റ്റുകളെ സവർണ ഫെമിനിസത്തിന്റെ കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് രാഷ്ട്രീയപരമായി ശരിയല്ല. പകരം കീഴാള രാഷ്ട്രീയത്തിന് സവർണ രാഷ്ട്രീയത്തോട് അടിയറവ് പറയേണ്ടി വരുന്ന ഒരു സാമൂഹ്യ ജാതീയ വ്യവസ്ഥിതിയോട് ഫെമിനിസവും അടിയറവു പറയുകയാണ്. നമ്മൾ നമുക്കു ചുറ്റുമുള്ള എല്ലാ രാഷ്ട്രീയ പരിസ്ഥിതികളെയും തിരിച്ചറിയാൻ ശ്രമിക്കണം. ഏതൊരു രാഷ്ട്രീയ അസമത്വവും ഒരു ഫെമിനിസ്റ്റിനുള്ളില്‍ വേദന ഉണ്ടാക്കണം. അല്ലാതെ ജാതിയേയോ വർഗത്തേയോ രാഷ്ട്രീയപരമായ ന്യൂനപക്ഷ പദവിയേയോ പരിഗണിക്കൽ ഇപ്പോൾ ഞങ്ങളുടെ പിരിധിയിൽ ഇല്ല എന്നുപറഞ്ഞ് ഒരു ഫെമിനിസ്റ്റ് വിജയത്തിൽ ആഹ്ലാദിക്കുകയല്ല ചെയ്യേണ്ടത്. ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ കൂടുതൽ തെളിച്ചവും ഊര്‍ജ്ജവും ഉണ്ടാവട്ടെയെന്ന് പ്രത്യാശിക്കുന്നതോടൊപ്പം, ഈ മുന്നേറ്റത്തിൽ പങ്കെടുത്തവർ തന്നെയാണ് കഴിഞ്ഞ 15 വർഷമായി എന്റെ വ്യക്തിജീവിതത്തിൽ താങ്ങും തണലുമായി നിന്നവർ എന്ന് തുറന്നു പറയാന്‍ ആഗ്രഹിക്കുകയാണ്. അവർ തന്ന ഊർജ്ജം കൊണ്ടുമാത്രമാണ് അത്യധികം നിരാശാജനകവും നിർജീവവുമായ ഒരോ സാമൂഹ്യാവസ്ഥകളിൽ നിന്നും കരകയറാൻ എനിക്കു സാധിച്ചത്. അവരെയെല്ലാം ശത്രുക്കളാക്കി കൊണ്ട് വ്യക്തിപരമായ ഒരു തീരുമാനം ഞാനെടുക്കില്ല. എന്നിട്ടും ഈ മുന്നേറ്റത്തെ വിമർശിക്കേണ്ടി വരുന്നത് അതിൽ അടങ്ങിയിട്ടുള്ള ജാതീയ വർഗീയ മാനങ്ങളും അടിച്ചമർത്തൽ നയങ്ങളും അതിലേറെ വേദനാജനകമായതു കൊണ്ടാണ്. വർഗീയവും ജാതീയവും ലിംഗപരവുമായ അക്രമങ്ങൾ ആര്‍ക്കെതിരെ ഉണ്ടായാലും അതു തടയാൻ എല്ലാ രാഷ്ട്രീയ മേഖലയിൽ നിന്നുള്ളവർക്കും ഉത്തരവാദിത്തമുണ്ട്.

കേരളത്തിൽ നടന്ന സ്ത്രീപക്ഷ മുന്നേറ്റത്തിന്‍റെ Target Audience ആരാണെന്നു നോക്കാം. സ്ത്രീകളെ ഒന്നടങ്കം ലിംഗപരമായ അടിമത്വത്തിലേക്ക് തള്ളിവിടുന്ന ഒരു ജനതയെയാണ് അത് അഭിസംബോധന ചെയ്തത്. അത്തരം അക്രമം ദൈനംദിന ജീവിതത്തിൽ കാണിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപരമായും സ്വത്വപരമായും ഒരുപാട് പിന്തുണയുള്ള ആണുങ്ങൾ അടങ്ങുന്ന ഒരു ജനതയെ ചോദ്യം ചെയ്യാനുള്ള ഉപകരണമായി പ്രവർത്തിച്ചത് അവരില്‍ ഏറ്റവും അരികുവൽകൃത രാഷ്ട്രീയ സ്വത്വ പദവികൾ കൊണ്ടുനടക്കുന്ന രണ്ടു പേരാണ്. അതായത്, അവർക്കെതിരെയുള്ള പൊതുജന വികാരം ആളിക്കത്തിച്ചത് അവർ അക്രമികളാണ് എന്ന വസ്തുതയല്ല. ‘അവരെ കൈയ്യിൽ കിട്ടിയാൽ ചാമ്പണം’ എന്ന ചിന്ത ഉള്ളിൽകൊണ്ടു നടക്കുന്ന ഒരു ജനതയാണ് അവരെ അക്രമത്തിനു വിധേയരാക്കിയത്. ആ മനോഭാവത്തെ നമുക്ക് ജാതീയ വംശീയ അരാഷ്ട്രീയ ഫാസിസ്റ്റ് വികാരങ്ങളാക്കി മനസിലാക്കാൻ കഴിയും. അതായത് ഫെമിനിസ്റ്റ് മുന്നേറ്റം ആളികത്തിക്കാന്‍ നമ്മൾ അറിഞ്ഞോ അറിയാതെയോ തീയായി ഉപയോഗിച്ചത് പൊതുബോധത്തിലെ ജാതീയ വർഗീയ വംശീയ മനോഭാവങ്ങളെക്കൂടിയാണ് (ലിംഗപരമായ അസമത്വങ്ങളെക്കുറിച്ചുള്ള നമ്മുടെ ബോധത്തിന് സ്ഥാനമില്ല എന്നല്ല). അതിന് ആക്കം കൂട്ടുന്ന തരത്തിലായിരുന്നു കുറ്റവാളികളെക്കുറിച്ചുള്ള പല വർണനകളും ലേഖനങ്ങൾക്കൊപ്പം വന്ന അവരുടെ അപരത്വം സൃഷ്ടിക്കുന്ന പടങ്ങളും. തന്റേതല്ലാത്ത ഒരാളോട്, ഒരു പുരുഷനോട് പൊതുസമൂഹം കാണിക്കുന്ന അക്രമോത്സുകത, ഡൽഹി കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളിലും നമ്മൾ ഏറെ വായിച്ചെടുത്തതാണ്. തന്റേതാണെന്നു മനസ്സിലാക്കപ്പെടുന്ന വേദനകളെ അംഗീകാരത്തോടെയും തന്റേതല്ലാത്തവരോടുള്ള അപരത്വത്തിനെ അസഹിഷ്ണുതയോടെയും അറിഞ്ഞോ അറിയാതെയോ ഇവിടെ ശിക്ഷ നടപ്പാക്കിയവോരോട് ഞാൻ ചോദിക്കട്ടെ, കീഴാളവർഗത്തിൽ പെടുന്നവരെയും കുടിയേറ്റക്കാരെയും താണജീവിതാവസ്ഥകൾ ഉള്ളവരെയും ഫ്യൂഡൽ പ്രഭുക്കളല്ലാത്തവരെയും നിങ്ങൾ എന്നാണ് സ്വന്തമായി കണക്കാക്കാൻ പോകുന്നത്?

സ്വന്തമായ വേദനകളിലും അന്യവത്കരിക്കപ്പെടുന്ന, വേണ്ടാത്ത, വിലയില്ലാത്ത ജീവിതങ്ങളിലും രണ്ടാക്കിമാറ്റപ്പെട്ട നമ്മുടെ ബോധം മറ്റുള്ളവരുടെ ശബ്ദം നമ്മുടെ കാതിൽ സംഗീതമായി വീഴുന്ന ആ അവസ്ഥയിലേക്ക് എപ്പോഴാണ് എത്തിച്ചേരുക? നമ്മുടെ മധ്യവർഗ ഉപരിവര്‍ഗ ബോധത്തിൽ നിന്നും എപ്പോഴാണ് നാം രക്ഷനേടാൻ ശ്രമിക്കുന്നത്? സ്ത്രീകളുടെ യുദ്ധം എന്നും വർഗയുദ്ധമായിരുന്നു. അടുക്കളയുടെ അകത്തളങ്ങളിൽ നിന്നും പൊതുരംഗത്തേക്ക് അതെത്തിയപ്പോഴും അതിന്റെ വാർപ്പുമാതൃകകൾക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഒരു മധ്യവർഗ ഉപരിവര്‍ഗ ചിന്താഗതിയിൽ നിന്നു കൊണ്ട് മാത്രമേ ‘പൊതുജീവിതം’ ‘സാമൂഹ്യപ്രവർത്തനം’ തുടങ്ങിയ പ്രവർത്തനങ്ങൾ സാധ്യമാകുകയുള്ളൂ. അതുമാത്രമല്ല പൊതുജീവിതത്തിലും സാമൂഹ്യജീവിതത്തിലും നമ്മൾ അഭിസംബോധന ചെയ്യുന്നത് മധ്യവർഗ/ഉപരിവര്‍ഗ ധാരണകളിൽ പ്രവർത്തിക്കുന്നവരെയും അവിടെ സ്വയം ഇടം കണ്ടെത്തിയവരെയും മാത്രമാണെന്ന് തോന്നുന്നു. അതുകൊണ്ട് മധ്യവർഗ മാതൃകകളെ വെല്ലുവിളിച്ചുകൊണ്ട് ഒരു കീഴാളമുന്നേറ്റം തന്നെയായ ‘സ്ത്രീ’ മുന്നേറ്റത്തിന് സമൂഹത്തിൽ ഇടം കിട്ടാൻ വകുപ്പില്ല. പല കീഴാള ദലിത് മുസ്‌ലിം സ്ത്രീകളും സാമൂഹ്യപ്രവർത്തകരാകാൻ വേണ്ടി സ്വന്തം മധ്യവർഗ ഉപരിവര്‍ഗ ബോധത്തെ വെല്ലുവിളിക്കാതെ അതിനുള്ളിൽ നിന്നു മാത്രം പ്രവര്‍ത്തിക്കുന്നതിന് ഈ സാമൂഹ്യ അസമത്വമാണ് കാരണം. അങ്ങനെ ഒരു മാതൃകയിൽ പെരുമാറുമ്പോൾ മധ്യവർഗ ഉപരിവര്‍ഗ പുരുഷന്മാർ നായകന്‍മാരാവുകയും മേൽജാതി ഉപരിവര്‍ഗ മാതൃകകൾ നിരസിച്ച് സമൂഹത്തിൽ താഴേക്കിടയിൽ നിൽക്കുന്നവർ വില്ലന്മാരാവുകയും ചെയ്യും. ഒരു ലിബറൽ ചട്ടക്കൂടില്‍ നിന്നും ഉയര്‍ന്നുവരുന്ന സ്ത്രീ മുന്നേറ്റത്തിന്റെ മാതൃകയിൽ ഏതെങ്കിലും തരത്തിൽ കീഴാളപദവിയുള്ളവർ അപരവൽക്കരിക്കപ്പെടുകയും മേലാളന്മാരുടെ ലൈംഗികവീരഗാഥകൾ അവർ സംരക്ഷിക്കുന്ന, സഹായിക്കുന്ന (അതിനൊക്കെ കെൽപ്പുള്ളവരാണല്ലോ അവർ) സ്ത്രീ മുന്നേറ്റത്തിന്റെ സ്വന്തം ആളുകൾക്ക് അലങ്കാരങ്ങളാവുകയും ചെയ്യും. നിങ്ങൾ ഏത് പുരുഷനോടാണ് യുദ്ധം ചെയ്യുന്നത്? ജാതിയും മതവും നോക്കാതെയുള്ള യുദ്ധത്തിന് സംവരണത്തെ കുറിച്ചുള്ള ചർച്ചകളിലെ ജാതിയും മതവും നോക്കായ്മയുമായി സാദൃശ്യം തോന്നുന്നത് ആകസ്മികമാണോ?

സ്വന്തം രാഷ്ട്രീയ സുരക്ഷ ഉറപ്പുവരുത്താൻ നിങ്ങൾ കഴുത്തറുത്ത ജീവിതങ്ങളിൽ ജാതീയതയുടെയും വർഗീയതയുടെയും വംശീയതയുടെയും അരാഷ്ട്രീയവാദത്തിന്റെയും ചോര കൂടിക്കലർന്നിരുന്നു. അതുകൊണ്ടു മാത്രമാണ് മധ്യവർഗ ഉപരിവര്‍ഗ ചിന്താഗതിയുടെ പിടിയിൽ നിന്നും രക്ഷ നേടിയാലല്ലാതെ ജീവിക്കാനാവാത്ത ചിഞ്ചു അശ്വതി, ചിത്രലേഖ, സരിത (ക്ഷമിക്കണം പേരെടുത്തുപറയുന്നതിന്) തുടങ്ങിയ ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ  തന്നെ വക്താക്കൾ നിങ്ങൾ നേടിക്കൊടുത്ത സുരക്ഷാകവചം അണിഞ്ഞുനടക്കാൻ വിസമ്മതിച്ചത് എന്നു ഞാൻ കരുതുന്നു.

സ്വന്തം രാഷ്ട്രീയ സുരക്ഷ ഉറപ്പുവരുത്താൻ നിങ്ങൾ കഴുത്തറുത്ത ജീവിതങ്ങളിൽ ജാതീയതയുടെയും വർഗീയതയുടെയും വംശീയതയുടെയും അരാഷ്ട്രീയവാദത്തിന്റെയും ചോര കൂടിക്കലർന്നിരുന്നു. അതുകൊണ്ടു മാത്രമാണ് മധ്യവർഗ ഉപരിവര്‍ഗ ചിന്താഗതിയുടെ പിടിയിൽ നിന്നും രക്ഷ നേടിയാലല്ലാതെ ജീവിക്കാനാവാത്ത ചിഞ്ചു അശ്വതി, ചിത്രലേഖ, സരിത (ക്ഷമിക്കണം പേരെടുത്തുപറയുന്നതിന്) തുടങ്ങിയ ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ  തന്നെ വക്താക്കൾ നിങ്ങൾ നേടിക്കൊടുത്ത സുരക്ഷാകവചം അണിഞ്ഞുനടക്കാൻ വിസമ്മതിച്ചത് എന്നു ഞാൻ കരുതുന്നു. ഇതു പോലെ പലരീതിയിൽ അരികുവല്‍കരിക്കപ്പെട്ട സ്ത്രീകളെ, അവരുടെ തികച്ചും വ്യത്യസ്തമായ നിലപാടുകളെ ഉൾച്ചേർക്കാതെ നിങ്ങൾക്കെങ്ങനെ ‘ഒരൊറ്റ ഫെമിനിസം’ എന്ന ആശയം മുന്നോട്ടു വെക്കാനാവും? എന്തുകൊണ്ടാണ് വർഗബോധത്തിലധിഷ്ഠിതമായ ഒരു സംവാദം തുടങ്ങാൻ നമ്മൾ ഇനിയും വൈകുന്നത്?

ദലിത് ബഹുജൻ ഫെമിനിസ്റ്റുകളുടെ പേരിൽ നടന്ന ഒരു മുന്നേറ്റത്തെ വിമർശിക്കാനും അതിലെ വ്യക്തത ആവശ്യപ്പെടാനും ബഹുജൻ ആക്റ്റിവിസ്റ്റുകൾക്കും ഫെമിനിസ്റ്റുകൾക്കും അവകാശമുണ്ട്. അവർ തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കുമ്പോൾ തികച്ചും സ്ത്രീവിരുദ്ധമായ രീതിയിൽ ഒരു ആൺവിഭാഗം തുടങ്ങിവെച്ച ചിന്താധാരയിൽ നിന്നു പ്രവർത്തിക്കുന്നവർ എന്ന ആക്ഷേപങ്ങൾ നേരിടേണ്ടി വരുന്നത് ഫെമിനിസ്റ്റുകൾ സ്വയം ആത്മവിശ്വാസമില്ലാത്തവരായി സ്വയം ചിത്രീകരിക്കാൻ സഹായിക്കുന്നുണ്ട്. ഫെമിനിസ്റ്റുകൾ പല ചിന്താധാരയുടെ ഭാഗമായി നിലനിൽക്കുന്നവരാണ്. അവരുടെ ചിന്തകൾ അവർ വിശ്വസിക്കുന്ന മറ്റു രാഷ്ട്രീയ ചിന്താധാരയുടെ പ്രതിഫലനങ്ങൾ കൂടിയായി കാണാം. എന്നാൽ ആ വിചാരധാര മറ്റു വിചാരധാരകളെ അടിച്ചമർത്തുന്ന സ്ഥിതിവിശേഷം അനുവദിക്കാൻ പാടുള്ളതല്ല. അങ്ങനെയുള്ള ഓവർലാപ്പുകളെ കുറിച്ച ആത്മപരിശോധന നടത്തിക്കൊണ്ടുള്ള ഒരു പുനർവിചിന്തനം എല്ലാ പക്ഷത്തു നിന്നും അത്യാവശ്യമാണ്. സ്വന്തമായി ചിന്തിക്കുന്ന ഫെമിനിസ്റ്റുകൾ സമാന്തരമായി അതേ വിചാരധാരയിലുള്ള ആണുങ്ങളുടെ കൈയ്യിലെ മരപ്പാവകളാണ് തുടങ്ങിയ ആക്ഷേപങ്ങൾ കൃത്യമായും സ്ത്രീവിരുദ്ധമാണ്. ഇതേ വിമർശനം ഈ രാഷ്ട്രീയ മുന്നേറ്റം നടത്തിയ സ്ത്രീകളും അവരവരുടെ മറ്റു രാഷ്ട്രീയ ഉത്തരവാദിത്തങ്ങളുടെ ബന്ധങ്ങളുടെ വെളിച്ചത്തിൽ സ്വയം ചിന്തിച്ചു നോക്കേണ്ടതാണ്.

ശ്രീജിത ജയഭാരതി

ശ്രീജിത ജയഭാരതി

സ്ത്രീ മുന്നേറ്റത്തെ മറ്റു സാംസ്‌കാരിക രാഷ്ട്രീയ മുന്നേറ്റങ്ങൾ മുതലെടുപ്പിനായി ഉപയോഗിക്കുമ്പോൾ അതിനെ ചോദ്യം ചെയ്യുക എന്നത് ഫെമിനിസ്റ്റുകള്‍ എന്ന നിലയിൽ നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. ഫെമിനിസം എന്ന വാക്കിന്റെ അർഥം ലൈംഗിക കുറ്റകൃത്യത്തിനിരയായവരുടെ കൂടെ നിൽക്കുക എന്നതു മാത്രമായി ഇവിടെ ഒരു ഫെമിനിസ്റ്റും കാണുന്നുണ്ടാവില്ല. ഫെമിനിസ്റ്റ് രാഷ്ട്രീയത്തോട് യോജിച്ചു പോവുമ്പോൾ തന്നെ തങ്ങളുടെ വ്യക്തിപരമായ അർഥം ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് കൊടുക്കാനും അതിന്റെ വളർച്ചയെ സഹായിക്കാനും ശ്രമിക്കുന്നത് ലൈംഗിക അതിക്രമത്തിന് ഇരയായവരുടെ കൂടെനിൽക്കുന്നതു പോലെതന്നെ പ്രധാനമായ ഒരു ഫെമിനിസ്റ്റ് ഉത്തരവാദിത്തമാണ്.

ദില്ലി, അംബേഡ്കര്‍ യൂണിവേഴ്സിറ്റിയില്‍ എം.ഫില്‍ ഗവേഷകയാണ് ലേഖിക. “Subjecthoods in Kamala Suraiya: A feminist psychoanalytic reading” എന്ന വിഷയത്തിലാണ് ഗവേഷണം. Subjectivity, Feminism, Subaltern Studies എന്നിവയാണ് പ്രധാന ഗവേഷണ മേഖലകള്‍.

Top