ജര്‍മന്‍ ഫുട്‌ബോളും മുസ്‌ലിം വിരുദ്ധ വംശീയതയും: മെസ്യൂറ്റ് ഓസിലിന്റെ പ്രസ്താവന

ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ നിന്നും വിരമിക്കാനുള്ള മെസ്യൂറ്റ് ഓസിലിന്റെ തീരുമാനം ഫുട്‌ബോള്‍ ആരാധകലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ വലതുപക്ഷ രാഷ്ട്രീയക്കാരുടെ വംശീയവും വിവേചനപരവുമായ പെരുമാറ്റങ്ങളാണ് ജര്‍മന്‍ ദേശീയ ടീമില്‍ നിന്നുള്ള പടിയിറങ്ങലിന് കാരണമായി ഓസില്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും വിശകലനം ചെയ്യാനുമുള്ള സമയമായിരുന്നു കഴിഞ്ഞ കുറച് ആഴ്ചകള്‍. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ഈ അവസരത്തില്‍ ആഗ്രഹിക്കുകയാണ്.

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായുള്ള കൂടികാഴ്ച്ച

മറ്റു പലരെയും പോലെ, ഒന്നിലധികം രാജ്യങ്ങളിലേക്ക് ചെന്നെത്തുന്നതാണ് എന്റെയും വംശപരമ്പര. ജര്‍മനിയിലാണ് ഞാന്‍ വളര്‍ന്നതെങ്കിലും, തുര്‍ക്കിയിലാണ് എന്റെ കുടുംബവേരുകള്‍ ആഴത്തില്‍ വേരോടിയിരിക്കുന്നത്. എനിക്ക് രണ്ടു ഹൃദയങ്ങളാണ്, ഒന്ന് ജര്‍മനും ഒന്ന് തുര്‍ക്കിഷും. കുടുംബവേരുകള്‍ ഒരിക്കലും മറക്കരുതെന്നും അവയെ ബഹുമാനിക്കണമെന്നും കുട്ടിക്കാലം മുതല്‍ക്കേ ഉമ്മ പഠിപ്പിച്ചു തന്നതാണ്, ഞാന്‍ ഈ ദിവസം വരേക്കും ബഹുമാനപുരസ്‌കരം ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളാണവ.

മെസ്യൂറ്റ് ഓസിൽ എർദോഗാനോടൊപ്പം

മെസ്യൂറ്റ് ഓസിൽ എർദോഗാനോടൊപ്പം

കഴിഞ്ഞ മെയ് മാസത്തില്‍, ചാരിറ്റിയുമായും വിദ്യാഭ്യാസവുമായും ബന്ധപ്പെട്ട് ലണ്ടനില്‍ നടന്ന ഒരു പരിപാടിയില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായി ഞാന്‍ കൂടികാഴ്ച്ച നടത്തിയിരുന്നു. 2010ലാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ശേഷം അദ്ദേഹവും ആംഗെലാ മെര്‍ക്കലും ബര്‍ലിനില്‍ വെച്ച് നടന്ന ജര്‍മനിയും തുര്‍ക്കിയും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം ഒരുമിച്ച് വീക്ഷിക്കുകയും ചെയ്തിരുന്നു. അന്നുമുതല്‍ക്ക്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ഞാനും അദ്ദേഹവും ഒരുപാട് തവണ കണ്ടുമുട്ടിയിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍ ജര്‍മന്‍ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് എനിക്ക് നന്നായറിയാം. ഞാന്‍ നുണയനാണെന്നും ചതിയനാണെന്നും ചിലര്‍ ആരോപിച്ചു. അതേസമയം ആ ചിത്രങ്ങള്‍ക്ക് പിന്നില്‍ യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടായിരുന്നില്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ, വംശപരമ്പരയെയും പാരമ്പര്യത്തെയും കുടുംബാചാരങ്ങളെയും മറക്കാന്‍ എന്റെ ഉമ്മ ഒരിക്കലും അനുവദിച്ചിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്റെ കൂടെ ഒരു ഫോട്ടോ എടുക്കുന്നതിന് രാഷ്ട്രീയപരമോ തെരഞ്ഞെടുപ്പ് സംബന്ധിയോ ആയ യാതൊരുവിധ ഉദ്ദേശ്യവുമുണ്ടായിരുന്നില്ല, മറിച്ച് എന്റെ കുടുംബവേരുകള്‍ ചെന്നുനില്‍ക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്ന വ്യക്തിയെ ബഹുമാനിക്കുക എന്നത് മാത്രമേ മനസിലുണ്ടായിരുന്നുള്ളു. ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ എന്നതാണ് എന്റെ ജോലി, അല്ലാതെ ഞാനൊരു രാഷ്ട്രീയക്കാരനല്ല, ഏതെങ്കിലും രാഷ്ട്രീയനയത്തെ ശരിവെക്കുന്നതുമായിരുന്നില്ല ഞങ്ങളുടെ കൂടികാഴ്ച്ച. സത്യത്തില്‍, കണ്ടുമുട്ടുന്ന സമയത്തെല്ലാം സംസാരിച്ചിരുന്ന അതേ വിഷയം തന്നെയാണ് ഞങ്ങള്‍ അന്നും സംസാരിച്ചത്; ഫുട്‌ബോള്‍. അദ്ദേഹവും ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ ആയിരുന്നല്ലൊ!

എന്നാല്‍, ജര്‍മന്‍ മാധ്യമങ്ങള്‍ കാര്യങ്ങളെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചത്. തുര്‍ക്കിഷ് പ്രസിഡന്റിനെ സന്ദര്‍ശിക്കാതിരിക്കുക എന്നത് എന്റെ പൂര്‍വികരോട് കാട്ടുന്ന അനാദരവായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്, എന്റെ ഇന്നത്തെ നിലയില്‍ അഭിമാനം കൊള്ളുന്നവരാണ് അവരെന്ന് എനിക്ക് നന്നായറിയാം. എന്നെ സംബന്ധിച്ചിടത്തോളം, ആരാണ് പ്രസിഡന്റ് എന്നതല്ല, പ്രസിഡന്റ് പദവിയായിരുന്നു പ്രധാനം. ആ രാഷ്ട്രീയ പദവിയെ ബഹുമാനിക്കുക എന്നതാണ് ലണ്ടനില്‍ എര്‍ദോഗാനെ അതിഥിയായി സ്വീകരിച്ചതിലൂടെ ബ്രിട്ടീഷ് രാജ്ഞിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ചെയ്തതെന്ന് എനിക്കുറപ്പുണ്ട്. തുര്‍ക്കിഷ് പ്രസിഡന്റോ ജര്‍മന്‍ പ്രസിഡന്റോ ആരുമായിക്കൊള്ളട്ടെ, ഞാന്‍ ഇങ്ങനെ തന്നെയായിരിക്കും പെരുമാറുക.

ഇത് മനസിലാക്കാന്‍ കുറച്ച് പ്രയാസമാണെന്ന് എനിക്കറിയാം, ഭൂരിഭാഗം സംസ്‌കാരങ്ങളിലും പൗരന്‍മാരില്‍ നിന്നും വ്യത്യസ്തരല്ല രാഷ്ട്രീയ നേതാക്കള്‍. പക്ഷേ എന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്. കഴിഞ്ഞതോ അതിന് മുന്‍പത്തെയോ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുക്കുക തന്നെ ചെയ്യുമായിരുന്നു.

മാധ്യമങ്ങളും സ്‌പോണ്‍സര്‍മാരും

ലോകത്തിലെ കഠിന്യമേറിയ മൂന്ന് ലീഗുകളില്‍ കളിച്ചിട്ടുള്ള ഒരു ഫുട്‌ബോള്‍ കളിക്കാരനാണ് ഞാന്‍. ബുണ്ടസ്‌ലീഗ, ലാ ലിഗ, പ്രീമിയര്‍ ലീഗ് തുടങ്ങിയവയില്‍ കളിക്കുമ്പോള്‍ ടീമംഗങ്ങളില്‍ നിന്നും കോച്ചുമാരില്‍ നിന്നും വലിയ അളവിലുള്ള പിന്തുണയും സ്‌നേഹവും നേടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കൂടാതെ, കരിയറിലുടനീളം, എങ്ങനെയാണ് മാധ്യമങ്ങളെ ഡീല്‍ ചെയ്യേണ്ടതെന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്.

മെസൂട്ട് ഓസിൽ

മെസ്യൂറ്റ് ഓസിൽ

എന്റെ കളിയെ കുറിച്ച് ഒരുപാടാളുകള്‍ സംസാരിക്കുന്നണ്ട്- വാരിപ്പുണരുന്നവരും വിമര്‍ശിക്കുന്നവരും ധാരാളമുണ്ട്. എന്റെ കളിയിലെ പാളിച്ചകള്‍ ഒരു പത്രമോ ഒരു നിരീക്ഷനോ കണ്ടെത്തിയാല്‍, അത് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ് – എല്ലാം തികഞ്ഞൊരു ഫുട്‌ബോള്‍ കളിക്കാരനല്ല ഞാനെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്, വിമര്‍ശനങ്ങളാണ് കൂടുതല്‍ നന്നായി കളിക്കാനും കഠിനാധ്വാനം ചെയ്യാനുമുള്ള എന്റെ പ്രചോദനം. പക്ഷേ, ലോകകപ്പിലെ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തിന്റെ പേരില്‍ എന്റെ ഇരട്ട പാരമ്പര്യത്തെയും തുര്‍ക്കിഷ് പ്രസിഡന്റിനൊപ്പമുള്ള ഫോട്ടോയെയും നിരന്തരം കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്ന ജര്‍മന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തിയെ എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

എന്റെ കുടുംബപശ്ചാത്തലവും തുര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗാന്റെ കൂടെയുള്ള ഫോട്ടോയും ഉപയോഗിച്ച് വലതുപക്ഷ രാഷ്ട്രീയ പ്രൊപഗണ്ടക്ക് വേണ്ടി വാര്‍ത്തകള്‍ പടച്ചുവിടുകയാണ് ചില ജര്‍മന്‍ പത്രങ്ങള്‍. റഷ്യന്‍ ലോകകപ്പിലെ തോല്‍വിക്കുള്ള വിശദീകരണമായി എന്തിനാണവര്‍ എന്റെ ഫോട്ടോയും പേരുമുള്ള തലക്കെട്ടുകള്‍ ഉപയോഗിച്ചത്? കളിയിലെ എന്റെ പ്രകടനത്തെയല്ല അവര്‍ വിമര്‍ശിച്ചത്, ടീമിന്റെ പ്രകനടത്തെയല്ല അവര്‍ വിമര്‍ശിച്ചത്, മറിച്ച് എന്റെ തുര്‍ക്കിഷ് പൈതൃകത്തെ മാത്രമാണ് അവര്‍ വിമര്‍ശന വിധേയമാക്കിയത്. കളിയിലെ പ്രകടനത്തെ വിമര്‍ശിക്കുന്നതിന് പകരം കുടുംബപശ്ചാത്തലത്തെ വിമര്‍ശിക്കുന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. ജര്‍മന്‍ ജനതയെ മൊത്തം എനിക്കെതിരെ തിരിക്കാനാണ് പത്രമാധ്യമങ്ങള്‍ ശ്രമിച്ചത്.

എന്റെ കുടുംബപശ്ചാത്തലവും തുര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗാന്റെ കൂടെയുള്ള ഫോട്ടോയും ഉപയോഗിച്ച് വലതുപക്ഷ രാഷ്ട്രീയ പ്രൊപഗണ്ടക്ക് വേണ്ടി വാര്‍ത്തകള്‍ പടച്ചുവിടുകയാണ് ചില ജര്‍മന്‍ പത്രങ്ങള്‍. റഷ്യന്‍ ലോകകപ്പിലെ തോല്‍വിക്കുള്ള വിശദീകരണമായി എന്തിനാണവര്‍ എന്റെ ഫോട്ടോയും പേരുമുള്ള തലക്കെട്ടുകള്‍ ഉപയോഗിച്ചത്? കളിയിലെ എന്റെ പ്രകടനത്തെയല്ല അവര്‍ വിമര്‍ശിച്ചത്, ടീമിന്റെ പ്രകനടത്തെയല്ല അവര്‍ വിമര്‍ശിച്ചത്, മറിച്ച് എന്റെ തുര്‍ക്കിഷ് പൈതൃകത്തെ മാത്രമാണ് അവര്‍ വിമര്‍ശന വിധേയമാക്കിയത്.

മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് എന്നെ വളരെയധികം നിരാശപ്പെടുത്തുന്നു. ലോതര്‍ മാത്തേവൂസ് (മുന്‍ ജര്‍മന്‍ ടീം ക്യാപ്റ്റന്‍) കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ലോകനേതാവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അദ്ദേഹത്തെ ഒരു മാധ്യമവും വിമര്‍ശിച്ചു കണ്ടില്ല. ജര്‍മന്‍ ദേശീയ ടീമുമായുള്ള അദ്ദേഹത്തിന്റെ അഭേദ്യബന്ധം മുന്‍നിര്‍ത്തി ആരും തന്നെ അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ പേരില്‍ പരസ്യമായി വിശദീകരണം തേടുകയോ ചെയ്തിട്ടില്ല. യാതൊരുവിധ തടസ്സവും കൂടാതെ അദ്ദേഹം ജര്‍മന്‍ കളിക്കാരെ ഇപ്പോഴും പ്രതിനിധീകരിക്കുന്നുണ്ട്. ലോകകപ്പ് സംഘത്തില്‍ നിന്നും ഞാന്‍ പുറത്താക്കപ്പെടേണ്ടിയിരുന്നുവെന്ന് മീഡിയകള്‍ക്ക് തോന്നിയിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ ബഹുമാനസൂചകമായ ക്യാപ്റ്റൻ പദവിയും എടുത്തുകളയണം എന്ന് എന്തുകൊണ്ട് തോന്നിയില്ല? എന്റെ തുര്‍ക്കിഷ് പാരമ്പര്യമാണോ എന്നെ വേട്ടയാടുന്നതിനുള്ള കാരണം?

നല്ല സമയത്തും മോശം സമയത്തും ‘പാര്‍ട്ട്‌നര്‍ഷിപ്പിന്റെ’ പിന്തുണയുണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, എന്റെ രണ്ട് ചാരിറ്റി പാര്‍ട്ട്‌നേഴ്‌സിന്റെ കൂടെ ഞാന്‍ മുന്‍പ് പഠിച്ചിരുന്ന ഗെല്‍സെന്‍കിര്‍ഷെനിലെ ബെര്‍ഗര്‍ ഫെല്‍ഡ് സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നു. അഭയാര്‍ഥികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബപശ്ചാത്തലങ്ങളില്‍ നിന്നു വരുന്നവരും അടക്കമുള്ള എല്ലാ കുട്ടികള്‍ക്കും ഒരുമിച്ച് ഫുട്‌ബോള്‍ കളിക്കാനും സാമൂഹിക ജീവിത പാഠങ്ങള്‍ നുകരാനും ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒരു വര്‍ഷത്തെ പദ്ധതിക്ക് ഞാന്‍ സാമ്പത്തികസഹായം നല്‍കിയിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. എന്നാല്‍ സന്ദര്‍ശനത്തിന് ഏതാനും ദിവസം മുന്‍പ്, ‘പാര്‍ട്ട്‌നേഴ്‌സ്’ എന്ന് പറയപ്പെടുന്നവരാല്‍ ഞാന്‍ അവഗണിക്കപ്പെട്ടു, അവര്‍ക്കിപ്പോള്‍ എന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല എന്നറിയാന്‍ കഴിഞ്ഞു. കൂടാതെ, ഞാന്‍ സ്‌കൂളിലേക്ക് വരേണ്ടതില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ എന്റെ മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തു. പ്രസിഡന്റ് എര്‍ദോഗാനുമായുള്ള എന്റെ ഫോട്ടോ കാരണം മാധ്യമങ്ങളെ അവര്‍ക്ക് പേടിയാണത്രെ, പ്രത്യേകിച്ച് ‘ഗെല്‍സെന്‍കിര്‍ഷെനില്‍ വലതുപക്ഷ പാര്‍ട്ടി ശക്തമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍’. സത്യം പറഞ്ഞാല്‍, ഇതെന്നെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്. ചെറുപ്പത്തിൽ അവരുടെ വിദ്യാർഥിയായിരുന്നിട്ടും എനിക്ക് വേണ്ടി കളയാൻ അവരുടെ കൈയിൽ സമയമില്ല എന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം.

ഇതുകൂടാതെ, മറ്റൊരു പാര്‍ട്ട്‌നറും എന്നെ തള്ളിപ്പറഞ്ഞു. ജര്‍മന്‍ ദേശീയ ടീമിന്‍റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളാണ് അവര്‍. ലോകകപ്പ് പ്രചാരണ പരസ്യ വീഡിയോകളുടെ ഭാഗമാവാന്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ തുര്‍ക്കിഷ് പ്രസിഡന്റിന്റെ ഒപ്പമുള്ള ഫോട്ടോക്ക് ശേഷം, ലോകകപ്പ് കാമ്പയിനുകളില്‍ നിന്നും അവര്‍ എന്നെ പുറത്താക്കുകയും, മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്രൊമോഷണല്‍ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. അവരെ സംബന്ധിച്ചിടത്തോളം, ഞാന്‍ ഒപ്പമുള്ളത് നല്ലതല്ല എന്നാണ് പറഞ്ഞത്, ‘Crisis management’ എന്നാണ് അവര്‍ അതിനെ വിളിക്കുന്നത്. ഉൽപന്നങ്ങളിൽ നിയമവിരുദ്ധമായ സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയിട്ടുണ്ടെന്നും അത് ഉപഭോക്താക്കളെ അപകടത്തിലാക്കുന്നുവെന്നും ജർമന്‍ മന്ത്രാലയം താക്കീത് നൽകിയ കമ്പനിയാണിതെന്നതാണ് അതിശയകരം. അവരുടെ ആയിരക്കണക്കിന് ഉൽപന്നങ്ങൾ മാർക്കറ്റിൽ നിന്ന് എടുത്തുകളയുകയാണ്. എന്റെ പ്രവൃത്തികൾക്ക് ദേശീയ ടീം പരസ്യമായ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലുള്ള ഒരു വിശദീകരണവും കൊടുക്കാൻ കമ്പനിയോട് ടീം ആവശ്യപ്പെട്ടിട്ടില്ല. എന്തുകൊണ്ട്? എന്റെ കുടുംബത്തിന് വേരുകളുള്ള രാജ്യത്തിന്റെ പ്രസിഡന്‍റെ ഒപ്പം എടുത്ത ഒരു ചിത്രത്തേക്കാൾ എത്രയോ വലിയ അപകടമാണ് അതെന്ന് ഞാൻ ചിന്തിച്ചാൽ തെറ്റുണ്ടോ? ഇതിലൊക്കെ ദേശീയ ടീമിന്റെ നിലപാട് എന്താണ്?

മെസൂട്ട് ഓസിൽ

ഏതു സാഹചര്യത്തിലും ‘പാര്‍ട്ട്‌നര്‍മാര്‍’ ഒപ്പം നില്‍ക്കണമെന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്‍റെ പാര്‍ട്ട്നേഴ്സായ അഡിഡാസ്, ബീറ്റ്‌സ്, ബിഗ്ഷൂ എന്നീ കമ്പനികള്‍ എനിക്ക് ഉറച്ച പിന്തുണ നല്‍കി. ജര്‍മന്‍ പത്രമാധ്യമങ്ങള്‍ പടച്ചുവിട്ട അസംബന്ധങ്ങളെ തള്ളിക്കളഞ്ഞ അവരുടെ കൂടെ ജോലി ചെയ്യുക എന്നത് മഹത്തായ അനുഭവം തന്നെയാണ്. പ്രൊഫഷണല്‍ സ്വഭാവത്തിലാണ് ഞങ്ങള്‍ പദ്ധതികളുമായി മുന്നോട്ടു പോകുന്നത്. അവരുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ലോകകപ്പ് നടക്കുന്ന സമയത്ത് റഷ്യയില്‍ വെച്ച്, ബിഗ്ഷൂവുമായി സഹകരിച്ച് 23 കുട്ടികളുടെ അടിയന്തിര സര്‍ജറിക്ക് വേണ്ട എല്ലാവിധ സഹായങ്ങളും ഞാന്‍ നല്‍കിയിരുന്നു. ഇതേകാര്യം മുന്‍പ് ബ്രസീലിലും ആഫ്രിക്കയിലും ഞാന്‍ ചെയ്തിരുന്നു. ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാര്യമാണത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് പത്രമാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തുകണ്ടിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം വ്യക്തിഹത്യ ചെയ്യുന്നതും, ഞാനൊരു പ്രസിഡന്റിന്റെ കൂടെ ഫോട്ടോ എടുത്തതുമാണ് പ്രാധാന്യമുള്ള കാര്യങ്ങള്‍.

ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍

ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ഡി.എഫ്.ബി) ഭാഗത്ത് നിന്നുള്ള മോശം പെരുമാറ്റമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്നെ ഏറ്റവും കൂടുതല്‍ അലട്ടിയ പ്രശ്‌നം. പ്രത്യേകിച്ച് ഡി.എഫ്.ബി പ്രസിഡന്റ് റെയ്ന്‍ഹാഡ് ഗ്രിന്‍ഡലിന്റെ പെരുമാറ്റം. തുര്‍ക്കിഷ് പ്രസിഡന്റിന്റെ കൂടെയുള്ള ഫോട്ടോക്ക് ശേഷം ജര്‍മന്‍ ടീം കോച്ച് ജൊഷിം ലോ എന്നെ വിളിക്കുകയും അവധിക്കാലം അവസാനിപ്പിച്ച് ബെര്‍ലിനിലേക്ക് പോകാനും, ഒരു സംയുക്ത പ്രസ്താവന നടത്തി സംസാരങ്ങള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്റെ പാരമ്പര്യം, പൈതൃകം എന്നിവയെ കുറിച്ചും, ഫോട്ടോക്ക് പിന്നിലെ കാരണങ്ങളെ കുറിച്ചും ഗ്രിന്‍ഡലിനോട് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് സ്വന്തം രാഷ്ട്രീയ വീക്ഷണത്തെ കുറിച്ച് സംസാരിക്കാനും എന്റെ കാഴ്ച്ചപ്പാടിനെ താഴ്ത്തിക്കെട്ടാനുമായിരുന്നു ഏറെ താല്‍പര്യം. അദ്ദേഹത്തിന്‍റെ പ്രതികരണം ഏറെ വിഷമിപ്പിച്ചെങ്കിലും, ഏറ്റവും നല്ലത് വരാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഇക്കാരണത്താലാണ് ലോകകപ്പ് ഒരുക്കങ്ങള്‍ക്കിടെ നടന്ന ഡി.എഫ്.ബിയുടെ പത്രസമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കാതിരുന്നത്. വിവാദം കെട്ടടങ്ങിയെന്ന് ലെവർകൂസനിൽ വെച്ച് നടന്ന സൌദി അറേബ്യയുമായുള്ള മത്സരത്തിനു മുൻപ് തന്നെ (മുൻ കളിക്കാരൻ) ഒലിവർ ബിയഹോഫ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നെങ്കിലും ഫുട്‌ബോളിന് പകരം രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നെ മാത്രം ആക്രമിക്കുമെന്ന് എനിക്കറിയാമായിരുന്നു.

ഇതിനിടയില്‍, ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റൈന്‍മയറുമായും ഞാന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗ്രിന്‍ഡലില്‍ നിന്നും വ്യത്യസ്തമായി, പ്രസിഡന്റ് സ്റ്റൈന്‍മയര്‍ വളരെ പ്രൊഫഷനലും, എന്റെ കുടുംബം, പാരമ്പര്യം, തീരുമാനങ്ങള്‍ എന്നിവയെ കുറിച്ച് എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ താല്‍പര്യമുള്ളയാളുമായിരുന്നു. പ്രസ്തുത കൂടിക്കാഴ്ച്ചയില്‍ ഞാനും ഇല്‍കെയും പ്രസിഡന്റ് സ്റ്റൈന്‍മയറും മാത്രമാണ് ഉണ്ടായിരുന്നത്. ഗ്രിന്‍ഡലിന് പ്രസ്തുത കൂടികാഴ്ച്ചയില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. അതിനാല്‍ തന്റെ വിഷലിപ്തമായ രാഷ്ട്രീയ അജണ്ടയുടെ വിഷം വമിപ്പിക്കാന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഒരു സംയുക്ത പ്രസ്താവന നടത്താമെന്ന് ഞാനും പ്രസിഡന്റ് സ്റ്റൈന്‍മയറും സമ്മതിച്ചു. പക്ഷേ തനിക്ക് പകരം സ്റ്റൈന്‍മയറുടെ നേതൃത്വത്തില്‍ സംയുക്ത പത്രസമ്മേളനം നടത്താന്‍ പോകുന്നതില്‍ ഗ്രിന്‍ഡല്‍ അസ്വസ്ഥനായിരുന്നു.

ഗ്രിന്‍ഡലിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും കണ്ണില്‍ ജര്‍മനി വിജയിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ജര്‍മന്‍കാരനാവുന്നത്, ജര്‍മനി പരാജയപ്പെട്ടാല്‍ അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ വെറും കുടിയേറ്റക്കാരന്‍ മാത്രമാണ്. ഞാന്‍ ടാക്‌സ് അടക്കുന്നുണ്ട്, ജര്‍മന്‍ സ്‌കൂളുകള്‍ക്ക് പലതരത്തിലുള്ള സംഭാവനകള്‍ നല്‍കുന്നുണ്ട്, 2014ല്‍ ജര്‍മനിക്ക് ലോകകപ്പ് നേടികൊടുത്തിട്ടുമുണ്ട്, പക്ഷേ സമൂഹം ഇപ്പോഴും എന്നെ സ്വീകരിക്കാന്‍ തയ്യാറല്ല. ഒരു ‘അപരന്‍’ ആയാണ് എന്നോട് പെരുമാറുന്നത്.

ലോകകപ്പ് അവസാനിച്ചതു മുതല്‍, ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്‍പ് എടുത്ത തീരുമാനങ്ങളുടെ പേരില്‍ ഗ്രിന്‍ഡല്‍ സമ്മര്‍ദ്ദമനുഭവിക്കാന്‍ തുടങ്ങി. അടുത്തിടെ, ഞാന്‍ ഒരിക്കല്‍ കൂടി എന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിശദീകരണം നല്‍കണമെന്നും, റഷ്യയില്‍ ടീമിന്റെ മോശം പ്രകടനത്തിന് ഉത്തരവാദി ഞാനാണെന്നും ഗ്രിന്‍ഡല്‍ പരസ്യമായി പറയുകയുണ്ടായി. ബെര്‍ലിനില്‍ വെച്ച് എല്ലാം അവസാനിച്ചുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞതിന് ശേഷമാണ് ഇതെന്ന് ഓര്‍ക്കണം. ഞാനിപ്പോള്‍ സംസാരിക്കുന്നത് ഗ്രിന്‍ഡലിന് വേണ്ടിയല്ല, മറിച്ച് എനിക്ക് സംസാരിക്കണമെന്നുള്ളത് കൊണ്ടാണ്. അദ്ദേഹത്തിന്റെ കാര്യക്ഷമതയില്ലായ്മക്കും, ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാനുള്ള കഴിവില്ലായ്മക്കും വേണ്ടി ബലിയാടാവാന്‍ എന്നെ ഒരിക്കലും കിട്ടില്ല. ആ ഫോട്ടോ എടുത്തതിന് ശേഷം അദ്ദേഹത്തിന് എന്നെ ടീമില്‍ നിന്ന് പുറത്താക്കണമെന്നുണ്ടായിരുന്നു, ആരോടും ഒന്നും പറയാതെ ആലോചിക്കാതെ അദ്ദേഹം തന്റെ അഭിപ്രായം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ, ടീം കോച്ച് ജോക്കിം ലോയും ഒലീവര്‍ ബെര്‍ഹോഫും എനിക്ക് വേണ്ടി നിലകൊള്ളുകയും എന്നെ പിന്തുണക്കുകയും ചെയ്തു. ഗ്രിന്‍ഡലിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും കണ്ണില്‍ ജര്‍മനി വിജയിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ജര്‍മന്‍കാരനാവുന്നത്, ജര്‍മനി പരാജയപ്പെട്ടാല്‍ അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ വെറും കുടിയേറ്റക്കാരന്‍ മാത്രമാണ്. ഞാന്‍ ടാക്‌സ് അടക്കുന്നുണ്ട്, ജര്‍മന്‍ സ്‌കൂളുകള്‍ക്ക് പലതരത്തിലുള്ള സംഭാവനകള്‍ നല്‍കുന്നുണ്ട്, 2014ല്‍ ജര്‍മനിക്ക് ലോകകപ്പ് നേടികൊടുത്തിട്ടുമുണ്ട്, പക്ഷേ സമൂഹം ഇപ്പോഴും എന്നെ സ്വീകരിക്കാന്‍ തയ്യാറല്ല. ഒരു ‘അപരന്‍’ ആയാണ് എന്നോട് പെരുമാറുന്നത്.

ജര്‍മന്‍ സമൂഹവുമായുള്ള വിജയകരമായ ഇഴുകിചേരലിന്റെ ഉദാഹരണമെന്ന നിലയില്‍ 2010ല്‍ ‘ബാംബി അവാര്‍ഡ്’ എന്നെ തേടിയെത്തിയിരുന്നു, 2014ല്‍ ‘സില്‍വര്‍ ലോറല്‍ ലീഫ്’ അവാര്‍ഡ് നല്‍കി ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മനി എന്നെ ആദരിച്ചിരുന്നു, 2015ല്‍ ജര്‍മന്‍ ഫുട്ബാളിന്റെ അംബാസഡറായിരുന്നു ഞാന്‍. പക്ഷേ, ഞാന്‍ ജര്‍മന്‍കാരനല്ല…? മുഴുജര്‍മന്‍ ആവാന്‍ എന്തെങ്കിലും മാനദണ്ഡമുണ്ടോ? എന്റെ സുഹൃത്തുക്കളായ ലൂക്കാസ് പൊഡോള്‍സ്‌ക്കിയും മിറോസ്ലാവ് ക്ലോസെയും ഒരിക്കല്‍ പോലും ജര്‍മന്‍-പോളിഷ് എന്ന് അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ല, പിന്നെ എന്തുകൊണ്ടാണ് എന്നെ ജര്‍മന്‍-തുര്‍ക്കിഷ് എന്ന് വിളിക്കുന്നത്? തുര്‍ക്കിയാണോ കാരണം? ഞാന്‍ മുസ്‌ലിമായതാണോ കാരണം? ഇവിടെ ഒരു പ്രധാനപ്പെട്ട പ്രശ്‌നമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും വിദ്യാഭ്യാസം നേടിയതുമെല്ലാം ജര്‍മനിയിലാണ്, പിന്നെ എന്തുകൊണ്ടാണ് ആളുകള്‍ എന്നെ ഒരു ജര്‍മന്‍കാരനായി അംഗീകരിക്കാത്തത്?

ഗ്രിന്‍ഡലിന്റേതിന് സമാനമായ അഭിപ്രായങ്ങള്‍ മറ്റു പലയിടങ്ങളിലും കാണാന്‍ കഴിയും. തുര്‍ക്കിഷ് പ്രസിഡന്റിന്റെ കൂടെയുള്ള ഫോട്ടോയും എന്റെ തുര്‍ക്കിഷ് പശ്ചാത്തലവും കാരണം ജര്‍മന്‍ രാഷ്ട്രീയക്കാരനായ ബെന്‍ഡ് ഹോല്‍സൊഹര്‍ കേട്ടാലറക്കുന്ന തെറിയാണ് (goat f*ker) എന്നെ വിളിച്ചത്. കൂടാതെ, ജര്‍മന്‍ തിയ്യേറ്റര്‍ ചീഫ് വെര്‍ണര്‍ സ്റ്റീര്‍ എന്നോട് അനത്തോലിയയിലേക്ക് പോകാനാണ് (piss off to Anatolia) പറഞ്ഞത്. തുര്‍ക്കിയില്‍ കുടിയേറ്റക്കാര്‍ താമസിക്കുന്ന ഒരു പ്രദേശമാണ് അനത്തോലിയ. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ, കുടുംബ പൈതൃകത്തിന്റെ പേരില്‍ എന്നെ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് മാന്യതക്ക് നിരക്കാത്ത കാര്യമാണ്. അത്തരം കാര്യങ്ങള്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവര്‍ തങ്ങളുടെ പദവികളില്‍ നിന്നും രാജിവെച്ചൊഴിയുകയാണ് വേണ്ടത്. തങ്ങളുടെ മനസ്സില്‍ ഒളിപ്പിച്ചു വെച്ചിരുന്ന വംശീയത പുറത്തെടുക്കാനുള്ള ഒരു അവസരമായി തുര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗാനൊപ്പമുള്ള എന്റെ ഫോട്ടോ അക്കൂട്ടര്‍ ഉപയോഗിച്ചു. ഇത് സമൂഹത്തിന് വളരെയധികം അപകടം ചെയ്യും. സ്വീഡന് എതിരെയുള്ള മത്സരത്തിന് ശേഷം ‘Ozil, fk off you Turkish s**t, piss of you Turkish pig’ എന്ന് എന്നോട് പറഞ്ഞ ജര്‍മന്‍ ആരാധകനില്‍ നിന്നും വലിയ വ്യത്യാസമൊന്നുമില്ല പ്രസ്തുത വ്യക്തികള്‍. എനിക്കും എന്റെ കുടുംബത്തിനും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും മറ്റും ലഭിച്ചു കൊണ്ടിരിക്കുന്ന ഭീഷണിപ്പെടുത്തി കൊണ്ടുള്ള കത്തുകള്‍, മെയിലുകള്‍, ഫോണ്‍കോളുകള്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നവസംസ്‌കാരങ്ങള്‍ക്ക് നേരെ വാതില്‍ കൊട്ടിയടച്ചിരുന്ന ഒരു ഭൂതകാല ജര്‍മനിയെയാണ് അവയെല്ലാം പ്രതിനിധീകരിക്കുന്നത്, ആ ജര്‍മനിയില്‍ എനിക്ക് യാതൊരുവിധ അഭിമാനവുമില്ല. ഒരു തുറന്ന സമൂഹത്തെ അംഗീകരിക്കുന്ന ആലിംഗനം ചെയ്യുന്ന ജര്‍മന്‍കാരെല്ലാം എന്റെ അഭിപ്രായത്തോട് യോജിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

റെയ്ന്‍ഹാഡ് ഗ്രിന്‍ഡല്‍, താങ്കളോട് എനിക്ക് പറയാനുള്ളത് എന്താണെന്നാല്‍, താങ്കളുടെ പ്രവര്‍ത്തികളില്‍ എനിക്ക് തെല്ലും അത്ഭുതം തോന്നുന്നില്ലെങ്കിലും, ഞാന്‍ നിരാശനാണ്. 2004ല്‍, താങ്കള്‍ ജര്‍മന്‍ പാര്‍ലമെന്റംഗമായിരുന്നപ്പോള്‍, ‘ബഹുസാംസ്‌കാരിവാദം യഥാര്‍ഥത്തില്‍ ഒരു മിഥ്യയാണെന്നും, അതൊരു ആജീവനാന്ത നുണയാണെന്നും’ താങ്കള്‍ അവകാശപ്പെട്ടിരുന്നു. ഇരട്ട പൗരത്വം നല്‍കുന്നതിനും അഴിമതിക്കാര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ക്കും വേണ്ടിയുള്ള നിയമനിര്‍മാണത്തിനെതിരെ താങ്കള്‍ വോട്ടു ചെയ്യുകയും ജര്‍മന്‍ നഗരങ്ങളെ ഇസ്‌ലാമിക സംസ്‌കാരം പിടികൂടിയിരിക്കുന്നുവെന്ന് പറയുകയും ചെയ്തിരുന്നു. ഇത് മാപ്പര്‍ഹിക്കാത്തതാണ് ഒരിക്കലും മറക്കാന്‍ കഴിയാത്തതുമാണ്.

ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നും മറ്റു പലരില്‍ നിന്നും എനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍, ഇനി ജര്‍മന്‍ ദേശീയ ടീം ജഴ്‌സി അണിയേണ്ടതില്ലെന്ന തീരുമാനത്തില്‍ എന്നെ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഞാന്‍ ആര്‍ക്കും വേണ്ടാത്തവനായി മാറിയതായി തോന്നുന്നു. 2009ല്‍ അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ക്ക് ഞാന്‍ നേടിയതെല്ലാം വിസ്മരിക്കപ്പെട്ടിരിക്കുന്നു. ഇരട്ട സാംസ്‌കാരിക പൈതൃകമുള്ള കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന ഒരുപാട് പേര്‍ കളിക്കുന്ന ലോകത്തിലെ വലിയൊരു ഫുട്‌ബോള്‍ ഫെഡറേഷനില്‍ ജോലി ചെയ്യാന്‍ വംശീയവാദികളായ ആളുകളെ ഒരിക്കലും അനുവദിക്കരുത്.

ഒരുപാട് ആലോചനകള്‍ക്ക് ശേഷം, കഠിനമായ മനോവേദനയോടെയാണ് ഞാനിത് എഴുതുന്നത്. എനിക്ക് നേരിടേണ്ടി വന്ന വംശീയതയും അപമാനവും മുന്‍നിര്‍ത്തി, ഇനി ഒരിക്കലും അന്താരാഷ്ട്ര തലത്തില്‍ ജര്‍മനിക്ക് വേണ്ടി ഞാന്‍ കളിക്കില്ല. വളരെയധികം അഭിമാനത്തോടെയും ആവേശത്തോടെയുമാണ് ഞാന്‍ ജര്‍മന്‍ ജഴ്‌സി അണിഞ്ഞിരുന്നത്, പക്ഷേ ഇപ്പോള്‍ അങ്ങനെയൊന്നും തോന്നുന്നില്ല. വളരെയധികം പ്രയാസത്തോടെയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്, കാരണം എന്റെ ടീം അംഗങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫിനും ജര്‍മനിയിലെ നല്ലവരായ ആളുകള്‍ക്കും വേണ്ടി എല്ലാം നല്‍കിയവനാണ് ഞാന്‍. പക്ഷേ ഉന്നതതല ഡി.എഫ്.ബി ഉദ്യോഗസ്ഥര്‍ എന്നോട് മോശമായി പെരുമാറിയപ്പോള്‍, എന്റെ തുര്‍ക്കിഷ് വേരുകളെ അപമാനിച്ചപ്പോള്‍, അവരുടെ സ്വാര്‍ത്ഥ രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി എന്നെ ഉപയോഗിച്ചപ്പോള്‍ എനിക്ക് മതിയായി. അതിന് വേണ്ടിയല്ല ഞാന്‍ ഫുട്‌ബോള്‍ കളിക്കുന്നത്. ഇതിനെതിരെ ഒന്നും പ്രതികരിക്കാതെ നിശബ്ദനായിക്കാന്‍ ഞാന്‍ ഒരുക്കമല്ല. വംശീയത ഒരുകാരണവശാലും ഒരിക്കലും അംഗീകരിച്ചു കൊടുക്കരുത്.

എന്ന്,

മെസ്യൂറ്റ് ഓസിൽ

 

ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ നിന്നും വിരമിച്ചു കൊണ്ട് മെസ്യൂറ്റ് ഓസില്‍  നല്‍കിയ വിശദീകരണം.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Top