മെറിറ്റും ദാരിദ്ര്യവും സാമ്പത്തികേതര മൂലധനങ്ങളും: ജാതിസംവരണത്തിന്റെ ആനുകാലിക പ്രസക്തി

സാമ്പത്തിക മൂലധനം ഉപയോഗിച്ചുകൊണ്ടുമാത്രം ഒരു വ്യക്തിക്കു മുഖ്യധാരയിലെ അധികാര ബന്ധങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സാമൂഹികവും സാംസ്‌കാരികവും പ്രതീകാത്മകവുമായ മൂലധനങ്ങള്‍ ആര്‍ജ്ജിക്കുകയും അവ പരസ്പരം കൈമാറ്റം ചെയ്തുകൊണ്ടുമാണ് മുന്നാക്കക്കാര്‍ തങ്ങളുടെ പ്രമാണികത്വം മുഖ്യധാരയില്‍ ഉറപ്പിക്കുന്നത്. മുന്നാക്കക്കാര്‍ ദരിദ്രരായാലും സാമ്പത്തികേതര മൂലധനങ്ങളാല്‍ പ്രബലരാണെന്നു സംവരണ വിരുദ്ധര്‍ മനസ്സിലാക്കേണ്ടതുണ്ട്. പിന്നാക്കക്കാര്‍ സമ്പന്നരായാല്‍പ്പോലും സാമ്പത്തികേതര മൂലധന ദാരിദ്ര്യം അനുഭവിക്കുന്നു. ഇവിടെ മുന്നാക്കക്കാരില്‍ ചിലര്‍ ദരിദ്രര്‍ ആയതിനാലും പിന്നാക്കക്കാരില്‍ ചിലര്‍ സമ്പന്നര്‍ ആയതിനാലും സാമ്പത്തിക സംവരണം ആവശ്യമാണെന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്.

കഠിനാധ്വാനികള്‍ അല്ലെങ്കില്‍ മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്കു ജോലി ലഭിക്കില്ല എന്ന ഒരു മിത്ത് സംവരണ വിരുദ്ധ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നമ്മുടെ രാജ്യത്തു സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത്തരം മിത്തുകള്‍ സാമ്പത്തിക സംവരണത്തിനുവേണ്ടിയുള്ള വാദങ്ങളെ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ഇവിടെ ചില സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതുണ്ട്. മെറിറ്റ് അഥവാ യോഗ്യത ജനിതകപരമായി ആര്‍ജ്ജിക്കുന്നതാണോ? യോഗ്യത ആര്‍ജ്ജിക്കുന്നതില്‍ സാമ്പത്തികേതര മൂലധനങ്ങള്‍ വഹിക്കുന്ന പങ്കെന്താണ്? ദാരിദ്ര്യം അനുഭവിക്കുന്ന മുന്നോക്കക്കാര്‍ സാമ്പത്തികേതര മൂലധനങ്ങളാല്‍ ഏതുവിധം പ്രബലരാണ്?
പിന്നോക്കക്കാരില്‍ പോലും സംവരണ വിരുദ്ധ സമീപനങ്ങള്‍ ശക്തിമായിട്ടുള്ളതിനാല്‍ ഇവിടെനിരത്തുന്ന വാദങ്ങള്‍ അവരെക്കൂടിയാണ് അഭിസംബോധന ചെയ്യുന്നത്. മേല്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ ഫ്രെഞ്ച് സോഷ്യോളജിസ്റ്റ് പിയറി ബോര്‍ദ്യോയുടെ മൂലധന സിദ്ധാന്തമാണ് ഏറ്റവും ഉചിതം. മൂലധനത്തിനു സാമ്പത്തികവും സാമ്പത്തികേതരവുമായ വിവിധ രൂപങ്ങള്‍ ഉണ്ടെന്ന് ബോര്‍ദ്യോ ബോധ്യപ്പെടുത്തുന്നു. അസന്തുലിതമായ മൂലധനവിതരണമുള്ള സമൂഹത്തില്‍ അസമത്വമുണ്ടാകുമെന്നും പിന്നോക്ക വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രകടനങ്ങളെ അതു പ്രതികൂലമായി ബാധിക്കുവെന്നുമാണ് ബോര്‍ദ്യോയുടെ കണ്ടെത്തലിന്റെ കാതല്‍. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം മൂലധനത്തിനു സാമ്പത്തികം, സാമൂഹികം, പ്രതീകാത്മകം, സാംസ്‌കാരികം എന്നി നാലു രൂപങ്ങള്‍ ഉണ്ട്.
വരുമാനം, സമ്പാദ്യം തുടങ്ങിയവ സാമ്പത്തിക മൂലധനങ്ങളുടെ ഗണത്തില്‍പ്പെടുന്നു. സഹായങ്ങള്‍ കൈമാറ്റം ചെയ്യാനുതകുന്ന ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, രാഷ്ട്രീയ സ്വാധീനമുള്ളവര്‍ ഉള്‍ക്കൊള്ളുന്ന ഒരുനെറ്റ് വര്‍ക്കിനെ സാമൂഹിക മൂലധനമായി വിവക്ഷിക്കാം. പ്രതീകാത്മക മൂലധനത്തിന് പാരമ്പര്യം, കുടുംബ മഹിമ, അവ ഉണര്‍ത്തുന്ന ശതകാലസ്മരണകള്‍ എന്നീ തലങ്ങള്‍ ഉണ്ട്. സാംസ്‌കാരിക മൂലധനം മൂന്നു തലങ്ങളിലാണുള്ളതെന്ന് ബോര്‍ദ്യോ നിര്‍വചിക്കുന്നു.

1. കലാലയങ്ങളില്‍ നിന്ന് ആര്‍ജിക്കുന്ന അക്കാദമിക് മികവുകള്‍ 2. സ്വയം ശാക്തീകരിക്കാനുതകുന്ന ആന്തരികമായ കഴിവ്, ആത്മവിശ്വാസം, ആശയ വിനിമയ ശേഷി തുടങ്ങിയവ. ഇവ ദൈനംദിന ജീവിതരീതികള്‍ നിന്നു രൂപപ്പെടുന്നതാണ്. 3. ബാഹ്യമായ നിലനില്‍ക്കുന്നതും മികവ് ആര്‍ജിക്കാനുതകുന്നതുമായ കലാ-സാഹിത്യ അഭിരുചികളും, യോഗ്യതകളും. പ്രതീകാത്മക മൂലധനം ഒരാളുടെ ചരിത്ര/സാമൂഹിക പശ്ചാത്തലവുമായി അഭേദ്യമായ ബന്ധമുള്ള ഒന്നാണ്. പൂര്‍വ്വീകര്‍ മുഖ്യധാരാചരിത്രത്തില്‍ നല്‍കിയിട്ടുള്ള സംഭാവനകളെയും അതുവഴി ആര്‍ജിച്ചിട്ടുള്ള പദവികളെയും വ്യക്തിക്കോ സമുദായത്തിനോ, ഒരു മേനിപറച്ചിലിന്റെ രൂപത്തില്‍ അവതരിപ്പിച്ച് പില്‍ക്കാലത്ത് ബന്ധങ്ങളും സ്വാധീനങ്ങളും (സാമൂഹിക മൂലധനം) നേടാന്‍ പ്രാപ്തമാക്കുന്നത് പ്രതീകാത്മക മൂലധനം.

ക്ലാസിക്കല്‍ മാര്‍ക്‌സിസത്തില്‍ നിന്ന് വ്യതിചലിച്ച് കൊണ്ട് അസമത്വത്തെ ബോര്‍ദ്യോ വ്യാഖ്യാനിക്കുന്നത് സാമ്പത്തികേതര ഘടകങ്ങള്‍ കൂടി നിര്‍മ്മിക്കുന്ന അധികാര ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നിരുന്നാലും മാര്‍ക്‌സിനെപ്പോലെ വര്‍ഗവിശകലനം തന്നെയാണ് ബോര്‍ദ്യോയും സ്വീകരിച്ചിട്ടുള്ളത് എന്ന വിമര്‍ശനം അദ്ദേഹം നേരിടുന്നുണ്ട്. ബോര്‍ദ്യോയുടെ മൂലധന രൂപങ്ങളെ ഇന്ത്യന്‍ സാഹചര്യത്തില്‍ വികസിപ്പിച്ച് ജാതിയുമായി ബന്ധിപ്പിച്ച് സംവരണത്തിന്റെ ആനുകാലിക പ്രസക്തി വിശദമാക്കുകയാണിവിടെ.

ജാതി വ്യവസ്ഥിതിയും അവയുടെ സാമ്പത്തികവുംസാമ്പത്തികേതരവുമായ സ്ഥാപിത താല്പര്യങ്ങളും പിന്നോക്കക്കാരെ വിവിധ മൂലധനങ്ങള്‍ ആര്‍ജ്ജിക്കാന്‍ അനുവദിക്കുന്നില്ല. ഉദാഹരണമായി, ജാതി അധികാരബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മേല്‍ജാതിക്കാര്‍ ‘ശ്രേഷ്ഠപദവികള്‍’ ഉപയോഗിക്കുന്നതാണ് പ്രതീകാത്മക മൂലധനം. എന്നാല്‍ കീഴ്ജാതി/പിന്നാക്ക വിഭാഗങ്ങളുടെ പ്രതീകങ്ങള്‍ മിക്കവാറും അവരുടെ പരമ്പരാഗത തൊഴിലുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവ സാമൂഹിക പദവി ആര്‍ജ്ജിക്കാന്‍ സഹായിക്കുന്നുമില്ല. ഇക്കാരണത്താല്‍ അവരുടെ സൃഷ്ടികള്‍ (സാംസ്‌കാരിക മൂലധനം) ഉപയോഗിച്ചു മുഖ്യധാരയിലെ പ്രബലരുമായി സമ്പര്‍ക്കം പുലര്‍ത്തി (സാമൂഹ്യമൂലധനം) അവസരങ്ങള്‍ നേടാന്‍ കഴിയാതെ പോകുന്നു.

വിദ്യാഭ്യാസം എന്ന സാംസ്‌കാരിക മൂലധനം അര്‍പ്പിച്ച മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അഭാവത്തില്‍ പഠനം ദളിതര്‍ക്ക് എന്നും ശ്രമകരമായ പ്രക്രിയ ആണ്. മുന്നോക്കക്കാര്‍ ചരിത്രപരമായി ‘വിദ്യാര്‍ത്ഥി’ എന്ന നിലയില്‍ പരിശീലിപ്പിക്കപ്പെട്ടവരാണ്. കൂടാതെ അവര്‍ക്ക് പഠനത്തോടൊപ്പം കല, സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കാനും സാംസ്‌കാരിക/പ്രതികാത്മക മൂലധനം ആര്‍ജ്ജിക്കാനും കഴിയും. മറുവശത്ത്, ദളിത്/പിന്നാക്ക വിദ്യാര്‍ത്ഥികള്‍ സാമ്പത്തിക മൂലധനത്തിന്റെ അഭാവം നിമിത്തം മാതാപിതാക്കളോടൊപ്പം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും അവരുടെ സര്‍ഗ്ഗാത്മകതയെ പരമ്പരാഗത തൊഴിലുകളില്‍ തളച്ചിടാന്‍ ജാതി വ്യവസ്ഥിതി ഇടയാക്കുകയും ചെയ്തു. ഇവരിലെ വിദ്യാര്‍ത്ഥി സമൂഹത്തിനു പഠനം പലപ്പോഴും ഒരു മുഴുവേള പ്രക്രിയയായിരുന്നില്ല. ഒഴിവുവേളകള്‍ ആനന്ദകരമയിരുന്നില്ല.

______________________________________
ദീര്‍ഘനാളത്തെ പരിശീലനവും കഠിനാധ്വാനവും കൊണ്ടേ പരിക്ഷാക്കടമ്പകള്‍ കടക്കാനാകൂ. സാംസ്‌കാരിക മൂലധന ദാരിദ്ര്യം നേരിടുന്ന പിന്നോക്ക വിദ്യാര്‍ത്ഥികളെ അത്തരം മത്സരങ്ങള്‍ പുറം തള്ളുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ വേഗത്തില്‍ ഉത്തരം എഴുതേണ്ടിവരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മശക്തി മാത്രമാണ് പരീക്ഷിക്കപ്പെടുന്നത്. വെറുതെ വിവരിക്കപ്പെടുന്ന പാഠഭാഗങ്ങള്‍ ഹൃദ്യസ്ഥമാക്കാന്‍ ഗുരുകുല സംവിധാനത്തില്‍ പരിശീലിക്കപ്പെട്ടിട്ടുള്ള സവര്‍ണ്ണരുടെ പിന്‍തലമുറയ്ക്ക് എളുപ്പത്തില്‍ കഴിയുന്നു. ഒപ്പം വിദ്യാസമ്പന്നരായ മാതാപിതാക്കളിലൂടെ പഠനത്തിന്റെ സങ്കീര്‍ണ്ണത ലഘൂകരിക്കാനും സാധിക്കുന്നു. അങ്ങനെ അവര്‍ വിദ്യ എന്ന സാംസ്‌കാരിക മൂലധനം ചരിത്രമായിത്തന്നെ ആര്‍ജ്ജിക്കുന്നു.
______________________________________

മറിച്ച് ആയാസകരമായിരുന്നു. സാഹചര്യങ്ങള്‍ ഇപ്പോഴും അതുപോലെ തുടരുന്നു. പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്കു കലാലയങ്ങള്‍ക്കു അകത്തും പുറത്തും സാംസ്‌കാരിക മൂലധനം ആര്‍ജ്ജിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ പരിമിതപ്പെടുത്തുകയും സ്വാഭാവികമായും അവ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതുവഴി അവരെ ”അയോഗ്യര്‍” ആയി സ്ഥാപിക്കുന്നതിനു പൊതുസമൂഹത്തിലെ വ്യവഹാരങ്ങള്‍ക്കു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ സവര്‍ണ്ണരുടെ യോഗ്യത അവര്‍ ചരിത്രപരമായി അനുഭവിച്ചുവരുന്ന കുത്തവകാശങ്ങള്‍ ആണ്. അവയാകട്ടെ, സ്വാഭാവികമെന്ന മട്ടില്‍ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു.

  • യോഗ്യതയും അയോഗ്യതയും

പൊതുബോധ നിര്‍മ്മിതിയില്‍ ഉറപ്പിച്ചെടുക്കപ്പെട്ട ‘അയോഗ്യത’ എന്ന ആശയത്തെ കാലാകാലങ്ങളായി സാമൂഹ്യ/ വിദ്യാഭ്യാസ രംഗത്തു നിലനില്‍ക്കുന്ന ജാതി പാര്‍ശ്വവത്കരിക്കരണത്തിന്റെ അടയാളമായി സംവരണ വിരുദ്ധര്‍ മനസ്സിലാക്കേണ്ടതുണ്ട്. ‘യോഗ്യത’ പലരും കരുതുന്നതപോലെ ജനിതകമായി ഉല്പാദിപ്പിക്കപ്പെടുന്ന മൂലധനമല്ല. ബോര്‍ദ്യോ വാദിക്കുന്നതുപോലെ അവ സാംസ്‌കാരികമായും ചരിത്രപരമായും ആര്‍ജ്ജിച്ചെടുക്കുന്ന ഒന്നാണ്. ”ഏറ്റവും താഴ്ന്ന അളവില്‍ ഭക്ഷണം ലഭിക്കുന്ന, ബാല്യം മുതല്‍ തന്നെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സമൂഹത്തില്‍ നിന്നും നിങ്ങള്‍ക്കെങ്ങനെയാണ് ബുദ്ധിരാക്ഷസന്മാരെ പ്രതീക്ഷിക്കാന്‍ കഴിയുക. ശരിയായി പരിശീലിപ്പിക്കപ്പെട്ടാല്‍ ആര്‍ക്കും എന്തും വൈദഗ്ദ്ധ്യവും നൈപുണ്യവം ആര്‍ജ്ജിക്കാം.

” കൊളോണിയല്‍ കാലത്തു വിദ്യാഭ്യാസം ഗുരുകുല സംവിധാനത്തില്‍ നിന്നു പള്ളിക്കൂടങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ ഉള്ളടക്കത്തില്‍ നിരവധി പരിഷ്‌കാരങ്ങള്‍ സംഭവിച്ചു. ഭൂമി ഉള്‍പ്പെടെയുള്ള അധികാരപരമായ വ്യവഹാരങ്ങളില്‍ മാറ്റിനിര്‍ത്തപ്പെട്ട കീഴാള ജനതയ്ക്ക് പുതിയ വിദ്യാഭ്യാസ മേഖലുമായി താദ്ത്മ്യം പ്രാപിക്കാന്‍ യോഗ്യത ഇല്ലാതായിത്തീരുകയാണുണ്ടായത്.

ദീര്‍ഘനാളത്തെ പരിശീലനവും കഠിനാധ്വാനവും കൊണ്ടേ പരിക്ഷാക്കടമ്പകള്‍ കടക്കാനാകൂ. സാംസ്‌കാരിക മൂലധന ദാരിദ്ര്യം നേരിടുന്ന പിന്നോക്ക വിദ്യാര്‍ത്ഥികളെ അത്തരം മത്സരങ്ങള്‍ പുറം തള്ളുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ വേഗത്തില്‍ ഉത്തരം എഴുതേണ്ടിവരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മശക്തി മാത്രമാണ് പരീക്ഷിക്കപ്പെടുന്നത്. വെറുതെ വിവരിക്കപ്പെടുന്ന പാഠഭാഗങ്ങള്‍ ഹൃദ്യസ്ഥമാക്കാന്‍ ഗുരുകുല സംവിധാനത്തില്‍ പരിശീലിക്കപ്പെട്ടിട്ടുള്ള സവര്‍ണ്ണരുടെ പിന്‍തലമുറയ്ക്ക് എളുപ്പത്തില്‍ കഴിയുന്നു. ഒപ്പം വിദ്യാസമ്പന്നരായ മാതാപിതാക്കളിലൂടെ പഠനത്തിന്റെ സങ്കീര്‍ണ്ണത ലഘൂകരിക്കാനും സാധിക്കുന്നു. അങ്ങനെ അവര്‍ വിദ്യ എന്ന സാംസ്‌കാരിക മൂലധനം ചരിത്രമായിത്തന്നെ ആര്‍ജ്ജിക്കുന്നു.

എന്നാല്‍ കാലാകാലങ്ങളായി വിദ്യാഭ്യാസരംഗത്തു നിന്നും ബഹിഷ്‌കരിക്കപ്പെട്ട കീഴാളര്‍ മേലാരെപ്പോലെ കൃത്യമായി പരിശീലിപ്പിക്കപ്പെട്ടിട്ടില്ല. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷാക്കടമ്പകള്‍ കടക്കാന്‍ സവര്‍ണരേക്കാള്‍ അധ്വാനം വേണ്ടിവരുന്നു. അവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ക്കു മാതാപിതാക്കളില്‍ നിന്നുള്ള പരിശീലനത്തിലൂടെ അറിവ് (സാംസ്‌കാരിക മൂലധനം) വേണ്ടുവോളം സ്വായത്തമാക്കാനാവാതെ വരുമ്പോള്‍ പഠനം താല്പര്യമല്ലാത്ത കസര്‍ത്തു മാത്രമാകുന്നു. അത്തരം വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ യോഗ്യതയില്ലാത്തവരായോ ഉഴപ്പന്മാരായോ അധ്യാപകരും പൊതുസമൂഹവും വിധി എഴുതുന്നു.

അവര്‍ണ്ണ വിദ്യാര്‍ത്ഥികളുടെ അത്തരം പ്രതികൂല സാഹചര്യങ്ങളെ കണക്കിലെടുത്താണ് ഉന്നത വിദ്യാഭ്യാസരംഗത്തേക്കു പ്രവേശിക്കുമ്പോള്‍ അവര്‍ക്കു ചില ഇളവുകള്‍ നല്‍കിയിട്ടുള്ളത്. പിന്നോക്ക വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ഈ ഇടപെടലുകള്‍ അത്യന്താപേക്ഷിതമാണ്.

യോഗ്യതയുമായി ബന്ധപ്പെട്ട ഭരണഘടനാവകാശങ്ങളെ പരിഹസിക്കുന്ന വംശീയ സ്വഭാവമുള്ള തമാശകള്‍ സംവരണ വിരുദ്ധത രൂക്ഷമായിരുന്ന മണ്ഡല്‍ പ്രക്ഷോഭ കാലത്തു രാജ്യത്താകമാനം രൂപപ്പെട്ടിരുന്നു. പട്ടികജാതിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ പൈലറ്റ് തസ്തികയ്ക്കുവേണ്ടിയുള്ള ഇന്റര്‍വ്യൂവില്‍ വിമാനംനിലത്ത് ഓടിച്ച് യോഗ്യത തെളിയിച്ചാല്‍ മതിയെന്നായിരുന്നു അവയില്‍ ഒന്ന്. ഈയിടെ കണ്ട മറ്റൊരു തമാശ ഇങ്ങനെയാണ് ”മുന്നോക്കക്കാര്‍ ചോദ്യക്കടലാസിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതുക. പിന്നോക്കക്കാര്‍ പകുതി ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ദളിതര്‍ ചോദ്യങ്ങളുടെ നമ്പര്‍ മാത്രം ഇടുക. ആദിവാസികള്‍ പരീക്ഷയ്ക്കു വെറുതെ ഹാജരായി വീട്ടിലേക്കു മടങ്ങുക” യോഗ്യതയും സംവരണവുമായി ബന്ധപ്പെട്ട പ്രബലമായ ഒരു മിത്ത് സൃഷ്ടിക്കല്‍ ആണ് ഇത്തരം തമാശകളുടെ ലക്ഷ്യം. സംവരണത്തിലൂടെ കടന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ യോഗ്യതയില്ലാത്തവര്‍ ആണെന്നും അതു സ്ഥാപനത്തിലെ ഗുണനിലവാരത്തെ ബാധിക്കുമെന്നുമുള്ള ദുസ്സൂചനയാണ് ഇത്തരം വ്യവഹാരങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്.

സംവരണം എന്നാല്‍, ഏതൊരു ദളിത്/ പിന്നോക്കക്കാരനും ജോലി നല്‍കല്‍ എന്നല്ല. അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാള്‍ക്കും സംവരണത്തിലൂടെ ജോലി ലഭിക്കില്ല. മാര്‍ക്ക് ഇല്ലാത്ത ആളെ ജയിപ്പിക്കാനും കഴിയില്ല. അടിസ്ഥാന യോഗ്യതയുള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമ്പോള്‍ ആണല്ലോ പ്രവേശന പരീക്ഷകള്‍ ആവശ്യമായി വരുന്നത്. അത്തരം കടമ്പകള്‍ കൂടി കടന്നതിനുശേഷം മാത്രമാണ് സംവരണം ചെയ്യപ്പെട്ട സീറ്റുകളില്‍ ദളിത്/പിന്നാക്ക/ആദിവാസികള്‍ക്കു പ്രവേശനം ലഭിക്കുന്നത്. അതും തുച്ഛമായ സീറ്റുകളില്‍, അവതന്നെ പൂര്‍ണ്ണമായും നിറഞ്ഞിട്ടില്ല.

  • ആപേക്ഷികമായി യോഗ്യതകള്‍

സംവരണേതരായ മലയാളികള്‍ വിദേശ സര്‍വ്വകലാശാലകളില്‍ തികച്ചും വ്യത്യസ്തമായ പാഠ്യപദ്ധതിയേയും പരീക്ഷാരീതികളേയും നേരിടുമ്പോള്‍ പ്രകടനത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമെട്ടുക എന്നതു സാധിക്കുമോ? നല്ല ഇച്ഛാശക്തിയുള്ളവരും കഠിനാധ്വാനികളും അല്ലെങ്കില്‍ പരിശീലനത്തിന്റെയും അനുബന്ധമായ സാംസ്‌കാരിക മൂലധനത്തിന്റെയും അഭാവം വിദേശത്ത് അവരെ അയോഗ്യരാക്കാനാണ് സാധ്യത. സ്വദേശത്തെ ദളിത്/പിന്നാക്കക്കാരുടെ അവസ്ഥയും ഇതു തന്നെയാണ്. അത്തരം അനീതികളെ മറച്ചുവയ്ക്കുകഎന്നതാണു സംവരണ വിരുദ്ധ വ്യവഹാരങ്ങളില്‍ മറഞ്ഞു കിടക്കുന്ന രാഷ്ട്രീയം. അവസരങ്ങള്‍ വാരിക്കോരി നല്‍കുന്ന പദ്ധതിയാണ് സംവരണം എന്ന തെറ്റിദ്ധാരണ വ്യാപകമായിട്ടുണ്ട്. പട്ടികജാതിക്കാര്‍ വെറും പത്തു ശതമാനം സംവരണസീറ്റുകളില്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. എസ്. എന്‍.ഡി.പി ആവശ്യപ്പെടുന്നതു പോലെ കേരളത്തിലെ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള പട്ടിക പുറത്തുവിട്ടാല്‍ വസ്തുതകള്‍ ബോധ്യപ്പെടും. സംവരണത്തിലൂടെ വിദ്യഭ്യാസ ഉദ്യോഗരംഗത്തേക്ക് വരുന്നവര്‍ യോഗ്യതയില്ലാത്തവര്‍ ആണെന്നാണ് സംവരണ വിരുദ്ധവാദക്കാര്‍ പറയുന്നത്. ഇതിനുള്ള മറുപടി ആദിവാസി ദളിത് പിന്നാക്ക വിഭാഗങ്ങളുടെ യോഗ്യതയുടെ സൂചകങ്ങളില്‍ നിന്നു മനസ്സിലാകും.

____________________________________
ദളിത് /പിന്നാക്കക്കാര്‍ വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നത് കലാലയങ്ങളില്‍ നിന്ന് മാത്രമാണ്. ഔപചാരിക പഠനത്തിനാവശ്യമായ വിഭവങ്ങള്‍ വിദ്യാസമ്പന്നരായ ബന്ധുക്കളില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ ലഭ്യമാകാനുള്ള സാധ്യത സവര്‍ണ്ണ വിദ്യാര്‍ത്ഥികളെ അപേക്ഷിച്ചു തുലോം കുറവുമാണ്. കൂടാതെ വിദ്യാര്‍ത്ഥിളുടെ അക്കാദമിക്/ജോലിയിടങ്ങളിലെ പ്രകടനങ്ങളില്‍ പാഠ്യപദ്ധതിക്കു പുറമേ വ്യക്തിത്വവികസനം, ആത്മവിശ്വാസം എന്നിവയുടെ അനൗപചാരിക പാഠങ്ങള്‍ പരമപ്രധാനമാണ്. കാലാകാലങ്ങളായുള്ള ജാതീയത ദളിത്/പിന്നാക്ക വിഭാഗങ്ങളെ ഇപ്പറഞ്ഞ അനൗപചാരിക വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നതിനു വിഘാതം സൃഷ്ടിക്കുന്നു. തന്മൂലം അവര്‍ തൊഴിലിടങ്ങളിലെ മത്സരത്താല്‍ അദൃശ്യമായ വിവേചനങ്ങള്‍ക്കിരയാകുന്നു. 
____________________________________

പരമ്പരാഗത തൊഴിലുകളിലൂടെ ദളിത്/ആദിവാസി/പിന്നാക്ക ജനത ബൗദ്ധികത വേണ്ടുവോളം ആര്‍ജ്ജിച്ചിട്ടുണ്ട്. കണ്ടല്‍ക്കാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് കല്ലേന്‍ പൊക്കുടന്‍ പകര്‍ന്നിട്ടുള്ള അറിവുകളും അനുഭവങ്ങളും ലോകോത്തരമാണെന്ന്ഇപ്പോള്‍ നമ്മള്‍ സമ്മതിക്കുന്നുണ്ട്. അടുത്തതായി തെങ്ങുകയറ്റത്തൊഴിലാളിയായ കൃഷ്ണന്‍ പറയുന്നതു കേള്‍ക്കുക. ”ഒരു തവണ ജോലിക്കിടയില്‍ ഞാന്‍ എളിയില്‍ തിരുകിയിരുന്ന കൈക്കോടാലി ദൂരേക്കു വലിച്ചെറിഞ്ഞു. തെങ്ങ്‌നിലം പൊത്തുന്നതിനും മുന്‍പ് ഞാന്‍ താഴേക്ക് പറമ്പിലേക്ക് ചാടി. അല്ലെങ്കില്‍ എനിക്ക് മരണം സംഭവിച്ചേനെ. കാരണം തെങ്ങ് നിലത്തടിച്ചാല്‍ ഉടനടി മുകളിലേക്ക് ആന തുമ്പിക്കൈകൊണ്ട് പുറകിലേക്ക് അടിക്കുന്നതുപോലെ ഒരു അടിയുണ്ട്. പ്ലാവിനോ ആഞ്ഞിലിക്കോ ഈ കുഴപ്പമില്ല.”

അപകടം ഒഴിവാക്കാനുള്ള തന്ത്രം എന്നതു തന്റെ തൊഴിലിന്റെ സംസ്‌കാരത്തില്‍ നിന്നാണ് കൃഷ്ണന്‍ ആര്‍ജിക്കുന്നത്. എന്നാല്‍ അവ നമ്മുടെ സമൂഹത്തില്‍ രൂപംകൊണ്ട യോഗ്യതയുടെ മാനദണ്ഡങ്ങള്‍ക്കും പുറത്തു നില്‍ക്കുന്നതിനാലും തെങ്ങുകയറ്റം ജാതീയമായി താണപദവി അലങ്കരിക്കുന്നതിനാലും വിനിമയശേഷിയുള്ള മൂലധനമായി ആരും കണക്കാക്കിയില്ല. കേള്‍ക്കുമ്പോഴേ പരിഹസിച്ചു തള്ളും.

ഇതുപോലെ കമ്മാളരുടെ കലാസൃഷ്ടികളായ ശില്പങ്ങള്‍, സ്തൂപങ്ങള്‍, മണിച്ചിത്രത്താഴുകള്‍, വെങ്കല വിളക്കുകള്‍, പ്രതിമകള്‍, സ്വര്‍ണ്ണക്കുടകള്‍, നെറ്റിപ്പട്ടങ്ങള്‍ വാല്‍ക്കണ്ണാടികള്‍ എല്ലാംതന്നെ അതതു ഉപജാതികളുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട നിര്‍മ്മാണ ജ്ഞാനത്തിന്റെയും അടയാളങ്ങള്‍ ആണ്. ഇക്കൂട്ടരെയെല്ലാമാണ് സംവരണ വിരുദ്ധര്‍ അടച്ചാക്ഷേപിക്കുന്നത്. പരമ്പരാഗത തൊഴിലുകള്‍ക്കു ജാതിയുമായി ബന്ധമുള്ളതിനാല്‍ അതിലൂടെ ആര്‍ജ്ജിക്കുന്ന യോഗ്യതകള്‍ (സംസ്‌കാരിക മൂലധനം) മുഖ്യധാര സമൂഹത്തില്‍ മാന്യതയില്ലാത്തതും അവര്‍ ഉല്പാദിപ്പിക്കുന്ന ജ്ഞാനം കേവലം നാട്ടറിവുകള്‍ മാത്രമായും ഒതുങ്ങുന്നു. അത്തരം യോഗ്യതകള്‍ സവര്‍ണ്ണരെ പോലെ സാമൂഹ്യമൂലധനം ആര്‍ജ്ജിക്കാനുതകുന്ന പ്രതീകാത്മക മൂലധനമായി പരിണമിക്കുന്നില്ല. കൂടാതെ അവര്‍ നിര്‍മ്മിക്കുന്ന ജ്ഞാനവും അവയോട് ആപേക്ഷികമായി നിലകൊള്ളുന്ന യോഗ്യതകളും ജാതി അധികാര ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ ദലിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ യോഗ്യതയില്ലാത്തവര്‍ ആണെന്നു മുന്‍വിധി രൂപം കൊള്ളുന്നു.

ചരിത്രകാരനായ രാജന്‍ ഗുരുക്കള്‍ പറയുന്നു: ”ദളിത്/പിന്നാക്ക വിഭാഗങ്ങള്‍ക്കും സാംസ്‌കാരിക മൂലധനത്തിന്റെയും പ്രതീകാത്മക മൂലധനത്തിന്റെയും വിവിധ ഉറവിടങ്ങള്‍ ഉണ്ടെങ്കിലും അവ സമീപകാല മുഖ്യധാരയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്നു. ആയതിനാല്‍ മുഖ്യധാര ചരിത്രത്തില്‍ കടന്നുകൊണ്ട് ഇക്കൂട്ടര്‍ക്കുപില്‍ക്കാലത്ത് സാംസ്‌കാരിക മൂലധനം ആര്‍ജ്ജിക്കാന്‍ ഉതകുന്ന വിധം പ്രതീകങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല”.

ദളിത് പിന്നാക്ക വിഭാഗങ്ങള്‍ കഠിനാധ്വാനത്തിലൂടെ ഉയര്‍ന്ന മാര്‍ക്കുവാങ്ങി ജോലി നേടിയാല്‍ത്തന്നെ സ്വയം ശക്തീകരണത്തിനും വ്യക്തിത്വ വികസനത്തിനുമുള്ള (സാംസ്‌കാരിക മൂലധനത്തിന്റെ മൂന്നാമത്തെ തലം) സാധ്യത വിരളമാണ്. കാരണം മൂലധനമായി മാറാത്ത സംസ്‌കാരമാണ് ദളിതര്‍ക്കുള്ളത്. തൊഴില്‍, രാഷ്ട്രീയ, മേഖലകളിലെ സുഗമമായ കൃത്യനിര്‍വഹണത്തിനു കലാലയങ്ങള്‍ക്കപ്പുറത്ത് അനൗപചാരിക വിദ്യാഭ്യാസം എന്ന സാംസ്‌കാരിക മൂലധനം ദൈനംദിന ജീവിതരീതികളില്‍ ലഭിക്കേണ്ടത ആവശ്യമാണ്. ഇവ്വിധമുള്ള മൂലധന സമ്പാധനവും വിനിമയവും അവര്‍ണര്‍ക്ക് അസാധ്യമാകുന്നുവെന്നു വിലയിരുത്തുമ്പോള്‍ കഴിവിനെ ചുറ്റിപ്പറ്റിയുള്ള സംവരണ വിരുദ്ധ ആശങ്കകള്‍ വ്യര്‍ത്ഥമാണെന്നു സ്പഷ്ടമാകും.

  • പൊതുരംഗത്തെ ജാതിവിവേചനം

ദളിത് /പിന്നാക്കക്കാര്‍ വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നത് കലാലയങ്ങളില്‍ നിന്ന് മാത്രമാണ്. ഔപചാരിക പഠനത്തിനാവശ്യമായ വിഭവങ്ങള്‍ വിദ്യാസമ്പന്നരായ ബന്ധുക്കളില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ ലഭ്യമാകാനുള്ള സാധ്യത സവര്‍ണ്ണ വിദ്യാര്‍ത്ഥികളെ അപേക്ഷിച്ചു തുലോം കുറവുമാണ്. കൂടാതെ വിദ്യാര്‍ത്ഥിളുടെ അക്കാദമിക്/ജോലിയിടങ്ങളിലെ പ്രകടനങ്ങളില്‍ പാഠ്യപദ്ധതിക്കു പുറമേ വ്യക്തിത്വവികസനം, ആത്മവിശ്വാസം എന്നിവയുടെ അനൗപചാരിക പാഠങ്ങള്‍ പരമപ്രധാനമാണ്. കാലാകാലങ്ങളായുള്ള ജാതീയത ദളിത്/പിന്നാക്ക വിഭാഗങ്ങളെ ഇപ്പറഞ്ഞ അനൗപചാരിക വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നതിനു വിഘാതം സൃഷ്ടിക്കുന്നു. തന്മൂലം അവര്‍ തൊഴിലിടങ്ങളിലെ മത്സരത്താല്‍ അദൃശ്യമായ വിവേചനങ്ങള്‍ക്കിരയാകുന്നു.

ജാതിയമായ വിവേചന സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ദളിത് /പിന്നാക്കക്കാര്‍ക്ക് അനുകൂലമായി നീതി വിതരണം ചെയ്യപ്പെടില്ല എന്നിടത്താണ് ജാതി സംവരണം ഭരണകൂടത്തിന്റെ ബോധപൂര്‍വ്വ ഇടപെടലുകള്‍ ആയി കാണേണ്ടത് എന്ന അഭിപ്രായം ഇതോടു കൂട്ടിവായിക്കണം. പിന്നാക്കക്കാര്‍ പരമ്പരാഗത തൊഴിലുകള്‍ ചെയ്യാന്‍ ‘ബാധ്യസ്ഥ’രായവരാണ്. ആധുനിക ലോകത്തു വൈറ്റ്‌കോളര്‍ ജോലി നേടുന്നതിനും രാഷ്ട്രീയ പ്രവേശനത്തിനുമൊക്കെ ഉതകുന്ന സാംസ്‌കാരിക മൂലധനം (വ്യക്തത്വവികനം, ആശയ വിനിമയ ശേഷം, ചടുതല)അവര്‍ക്കു ജാതിച്ചങ്ങലകളായ പരമ്പരാഗത തൊഴിലുകളില്‍ നിന്നും ലഭ്യമാകുന്നതുമില്ല. സവര്‍ണനായ ഒരാള്‍ കളക്ടര്‍, മന്ത്രി, ജനപ്രതിനിധി, സര്‍ക്കാര്‍സേവകന്‍ എന്നീ പദവികള്‍ നിര്‍വഹിക്കുമ്പോള്‍ സാംസ്‌കാരിക/പ്രതീകാത്മക മൂലധനത്തിന്റെകരുത്ത് ആധിക മേല്‍ക്കൈ നേടിക്കൊടുക്കുന്നു. ആയതിനാല്‍ കൃത്യനിര്‍വഹണത്തില്‍ സീനിയോറിറ്റയുടെയോ പരിചയത്തിന്റെയോ അഭാവം അവരെ കാര്യമായി ബാധിക്കില്ല. ചെറുപ്പം മുതല്‍ത്തന്നെ അവരില്‍ പലരും അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരൊക്കെ സമാനമായ പദവികള്‍ കയ്യാളുന്നതു കണ്ടറിഞ്ഞു വളര്‍ന്നവരാകാന്‍ സാധ്യതയുണ്ട്. അവരുടെ സഹപ്രവര്‍ത്തകരില്‍ പലരും സ്വസമുദായത്തില്‍ പെട്ടവരാകാനുമിടയുണ്ട്.

ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍, ഇക്കൂട്ടരുമായി ഇടപെടുന്ന ദളിത്/ പിന്നാക്ക ഉദ്യോഗസ്ഥര്‍ക്ക് ഈ രീതിയില്‍ സാമൂഹ്യമൂലധനം ആര്‍ജ്ജിക്കുക എളുപ്പമല്ല. മാത്രമല്ല, പൊതുവേദികളില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നവര്‍ യോഗ്യത ആര്‍ജ്ജിക്കുന്നതെങ്ങനെയെന്നു പരിശോധിക്കേണ്ടതുണ്ട്. അത്തരം വേദികള്‍/മീറ്റിങ്ങുകള്‍ ഒക്കെ ചിലപ്പോള്‍ അവരുടെ വീട്ടില്‍തന്നെ നടന്നിട്ടുണ്ടാകും. ഇത്തരം അനുഭവങ്ങളില്‍ നിന്നു സവര്‍ണര്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആത്മവിശ്വാസം എന്ന സാംസ്‌കാരിക മൂലധനത്തെആര്‍ജിക്കുന്നു. ദളിത്/പിന്നാക്ക വിഭാഗങ്ങളുടെ അനുഭവങ്ങള്‍ വ്യത്യസ്തമായതിനാല്‍ അതുവഴി ആര്‍ജ്ജിക്കുന്ന ആത്മവിശ്വാസം പരമ്പരാഗത ജോലികള്‍ക്ക് ഉതകുന്നതു മാത്രമായിരിക്കും.

പൊതുരംഗങ്ങളില്‍ ആദ്യം വിവരിച്ച കഴിവു മാനദണ്ഡമായി വരുമ്പോള്‍ ദളിത്/പിന്നാക്കക്കാര്‍ക്ക് അവരുമായുള്ള മത്സരം കഠിനമായിരിക്കും. ഉദാഹരണമായി, പഞ്ചായത്ത് പ്രസിഡന്റുപോലുള്ള തെരഞ്ഞെടുപ്പുകളില്‍ സ്വാഭാവികമായും ദളിത്/പിന്നാക്ക വിഭാഗങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുന്നതു നിസ്സംശയം മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ വാക്ചാതുര്യമുള്ള ആത്മവിശ്വാസമുള്ള ഒരാള്‍ മന്ത്രിയായി, പ്രസിഡന്റായി അല്ലാത്തയാള്‍ പരിഗണിക്കപ്പെട്ടില്ല എന്ന യുക്തിയിലായിരിക്കും സംവരണ വിരുദ്ധര്‍ ഇതിനെ പ്രശ്‌നവത്കരിക്കുന്നത്.

കോട്ടയത്തെ ഒരു പഞ്ചായത്തില്‍ ചരിത്രത്തിലാദ്യമായി ഒരു ഈഴവന്‍ പ്രസിഡന്റായി . എന്തിനും ഏതിനും സഹമെമ്പര്‍മാരോട് അഭിപ്രായം ചോദിച്ചു ജനാധിപത്യപരമായിരുന്നു അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നത്. പ്രസിഡന്റായാല്‍ പെരുമാറ്റത്തില്‍ അല്പം ഗമയൊക്കെ കാണിക്കേണ്ടതുണ്ട് എന്നായിരുന്ന സഹമെമ്പര്‍മാര്‍ അദ്ദേഹത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ പ്രകടനത്തെ ആത്മവിശ്വാസക്കുറവായി സുഹൃത്തുക്കള്‍പ്പോലും വിലയിരുത്തി. രണ്ടു വര്‍ഷമേ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. ഇതു സംവരണ സീറ്റ് ആയിരുന്നുവെങ്കില്‍ അദ്ദേഹത്തിനു അഞ്ചു വര്‍ഷവും പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു എന്നാണ് എന്റെ വിശ്വാസം. സവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം പ്രസിഡന്റ് ആയോ മന്ത്രിയായോ എത്തുമ്പോള്‍ ചരിത്രപരവും സാംസ്‌കാരിക പരവുമായ ഒരു പിന്‍ബലമുണ്ടായിരിക്കും. മാത്രമല്ല, അതവര്‍ക്കു സ്വയം ശാക്തീകരിക്കുന്നതിനുള്ള ഒരു ഉപാധിയായും മാറുന്നു. ഒപ്പം പാരമ്പര്യം ഉപയോഗിച്ച്അധികാരം ആര്‍ജ്ജിക്കാനും നിലനിര്‍ത്താനും കഴിയുന്നു.’എന്റെ മുത്തച്ഛന്‍ രാജകൊട്ടാരത്തിലെ കണക്കെഴുത്തുകാരന്‍ ആയിരുന്നു’. ‘എന്റെ അച്ഛന്‍ പ്രസിഡന്റ് ആയ സമയത്താണ് ഇവിടെ റോഡു നിര്‍മ്മിച്ചത്’ എന്നിങ്ങനെയുള്ള പ്രചരണങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുക്കാന്‍ കഴിയുന്നു. അവ ചിലപ്പോള്‍ സാര്‍ത്ഥതാല്പര്യത്തിനുവേണ്ടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആയിരിക്കാം. എന്നാല്‍, ഇതുപോലെയുള്ള സാധ്യത ദളിത്/ പിന്നാക്ക വിഭാഗങ്ങള്‍ക്കില്ല എന്നോര്‍ക്കണം. അവരുടെ പൂര്‍വ്വീകര്‍ കൃഷിപ്പണിയിലോ മറ്റു കുലത്തൊഴിലുകളിലോ ആയിരിക്കും ഏര്‍പ്പെട്ടിരുന്നത്.

കുറച്ചുകൂടി പിന്നോട്ടുപോയാല്‍ പൂര്‍വ്വീകര്‍ ചിലപ്പോള്‍ അടിമകളും ആയിരുന്നിരിക്കും. വെറും സാമ്പത്തിക മൂലധനം ഉപയോഗിച്ച് ഒരു ദളിത്/ പിന്നാക്കക്കാരന് അധികാരം നേടാനോ നിലനിര്‍ത്തുവാനോ കഴിയില്ല. പിന്നാക്കം നില്‍ക്കുന്ന കലകള്‍ പ്രോത്സാഹിപ്പിച്ചും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൊക്കെ ഏര്‍പ്പെട്ടു സാമ്പത്തികേതര മൂലധന സ്രോതസ്സുകള്‍ ആര്‍ജ്ജിക്കാനും ഇനിയും സമയം എടുക്കും.

  • കൂടിയ ജാതിയില്‍ വന്നുപെടുമ്പോള്‍

നമ്മുടെ സമൂഹം എന്നതു ജാതീയമായ, മതപരമായ, വംശീയമായ, ഭാഷാപരമായ, ദേശപരമായ വൈവിദ്ധ്യമുള്ള ജനതയുടെ സമാഹാരം ആണ്. ഇത്തരം വൈവിദ്ധ്യങ്ങള്‍ സമ്പന്നരായ അധഃകൃത വിഭാഗങ്ങളെപ്പോലും പാര്‍ശ്വവത്കരിക്കരിക്കുന്നു. ഇത് പരിഗണിച്ചാണ് ഇംഗ്ലണ്ട് പോലുള്ള വികസത രാജ്യങ്ങളില്‍ സംവരണത്തിനു സമാനമായ അഫര്‍മേറ്റീവ് പരിപാടികള്‍ക്കു രൂപം കൊടുത്തിട്ടുള്ളത്. ഇവയെ പിന്തുടര്‍ന്നുകൊണ്ടാണ് പട്ടികജാതി-വര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തില്‍ സംവരണം എന്ന ആശയം അംബേദ്കര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(14) ഉള്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയരംഗങ്ങളില്‍ സംവരണം നടപ്പാക്കപ്പെട്ടു. അത്തരം അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളാതെ സാമ്പത്തിക സംവരണത്തിനു വാദിക്കുന്നതു ദാരിദ്ര്യവുമായി മാത്രം ബന്ധപ്പെടുത്തി വസ്തുതകളെ തമസ്‌കരിക്കുന്നതു കൊണ്ടാണ്.

ജാതി അധികാരബന്ധങ്ങളെ പരിപോഷിപ്പിക്കുന്ന സാമ്പത്തികേതര മൂലധനങ്ങള്‍ സവര്‍ണ്ണര്‍ക്ക് എത്രകണ്ട് പ്രയോജനപ്പെടുന്നുവെന്നതു സംവരണ വിരുദ്ധര്‍ മറച്ചുവയ്ക്കുന്നു. തൊഴില്‍രംഗമെടുത്താല്‍ കേവലം രണ്ടു ശതമാനത്തോളം വരുന്ന സര്‍ക്കാര്‍ ജോലികളില്‍ മാത്രമാണു സംവരണം ഉള്ളത്. അതില്‍ത്തന്നെ തുച്ഛമായ ദളിത്/പിന്നാക്ക സീറ്റുകളെപ്പറ്റി സംവരണ വിരുദ്ധര്‍ ആശങ്കപ്പെടുന്നതെന്തിന് ? സര്‍ക്കാര്‍ മേഖലയിലെ സംവരണ ഒഴിവുകള്‍ പോലും നികത്തപ്പെടുന്നില്ല. ഭൂരിഭാഗവും സവര്‍ണ്ണര്‍ തന്നെ. കൂടാതെ പി. എസ്. സിയുടെ റൊട്ടേഷന്‍ സമ്പ്രദായം സംവരണം എന്ന ഭരണഘടനാപരമായ അവകാശത്തെ തകിടം മറിക്കുന്നു. ” ഉയര്‍ന്നു മാര്‍ക്കു കിട്ടി റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയാലും, സംവരണ സമുദായമായ ഉദ്യോഗാര്‍ത്ഥികള്‍ സംവരണ ക്വാട്ടയില്‍ മാത്രം ഒതുക്കപ്പെടുകയാണിവിടെ. ഇത്തരം വസ്തുതകള്‍ നിരാകരിക്കപ്പെട്ടതുകൊണ്ടാണ് പിന്നാക്കക്കാര്‍ ജാതി സംവരണത്തിലൂടെ മുന്നോക്കക്കാരുടെ ജോലികള്‍ തട്ടിയെടുക്കുന്നുവെന്ന വാദം ഉയരുന്നത്”.

___________________________________
മെറിറ്റ് അഥവാ യോഗ്യത ജനിതകപരമല്ലെന്നും മറിച്ച് ആര്‍ജ്ജിക്കുന്നതാണെന്നുമുള്ള ബോര്‍ദ്യോയുടെ കണ്ടെത്തലുകളെ അടിവരയിട്ടു പറയേണ്ടതുണ്ട്. സംസ്‌കാരിക/പ്രതീകാത്മക മൂലധനങ്ങളുടെ രൂപത്തില്‍ സവര്‍ണര്‍ യോഗ്യത ആര്‍ജ്ജിക്കുന്നു. എന്നാല്‍ അവര്‍ണരുടെ സംസ്‌കാരങ്ങളും പ്രതീകങ്ങളും ജാതീയമായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നതിനാല്‍ അവ ഏതെങ്കിലും തരത്തില്‍ മൂലധനമായി പരിണിക്കുന്നില്ല. കൂടാതെ അവരുടെ യോഗ്യതയുടെ സൂചകങ്ങള്‍ സാമൂഹ്യനിര്‍മ്മിതമായ മാനദണ്ഡങ്ങള്‍ക്കു പുറത്തു നില്‍ക്കുന്നതിനാല്‍, അവരെ അയോഗ്യരായി സംവരണവിരുദ്ധ സമൂഹം കണക്കാക്കുന്നു. മെറിറ്റും സംവരണവുമായി ബന്ധപ്പെട്ട അത്തരം കീഴാളവിരുദ്ധ വ്യവഹാരങ്ങളെ നിരന്തരം തുറന്നുകാട്ടേണ്ടതുണ്ട്.
___________________________________ 

ദാരിദ്ര്യത്തെ നിര്‍ണ്ണയിക്കുന്നതില്‍ സാമ്പത്തിനൊപ്പം സാമ്പത്തികേതര ഘടകങ്ങളും പ്രധാന പങ്കുവഹിക്കുന്നു. ഉദാഹരണമായി ദാരിദ്ര്യത്തെ നിര്‍ണ്ണയിക്കുന്നതില്‍ ജാതി മൂലകാരണം ആണ്. എന്നാല്‍ ഒരാള്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതു കൊണ്ടു ദരിദ്രനാകുന്നു. മറ്റൊരാള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടതുകൊണ്ട് ധനികനാകുന്നു എന്നതിലേക്കു കാര്യങ്ങള്‍ ചുരുക്കരുത്. താരതമ്യേന ന്യൂനപക്ഷമായ ദരിദ്രര്‍ മുന്നോക്ക ജാതികളില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജാതിമൂലധനം ഉപയോഗിച്ച് കഷ്ടതകള്‍ തരണം ചെയ്യാന്‍ മുന്നാക്കക്കാര്‍ പ്രാപ്തരാണ്. മറുവശത്ത് ദളിത്/പിന്നാക്കക്കാര്‍ ധനികരായാല്‍പ്പോലും സാമൂഹ്യാ സാംസ്‌കാരിക, പ്രതീകാത്മക മൂലധനങ്ങളുടെ അപര്യാപ്തത മൂലം പ്രത്യക്ഷമായോ പരോക്ഷമായോ വിവേചനത്തിന്റെ ഇരകളാകുന്നുവെന്നു സംരവണവിരുദ്ധര്‍ തിരിച്ചറിയേണ്ടതുണ്ട്.

”എന്തുചെയ്യാം, കൂടിയ ജാതിക്കാരായിപ്പോയി! വല്ലദളിതരോ മറ്റോ ആയിരുന്നെങ്കില്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ അവര്‍ക്കു കിട്ടിയേനെ”-സംവരണേതരായ ദരിദ്രരോട് ഇത്തരുണത്തില്‍ അനുകമ്പ പ്രകടിപ്പിക്കുന്ന പൊതുബോധം പിന്നാക്കക്കാരെപ്പോലും അടക്കിഭരിക്കുന്നതായി കാണാം. സംവരണത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം ആശങ്കകള്‍ക്കു പിന്നില്‍. സവര്‍ണജാതിയില്‍ പിറന്നുവെന്ന ആനുകൂല്യം ഇവര്‍ക്കെങ്ങനെ ഗുണകരമാകുന്നുവെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണ്ടതുണ്ട്. ഏവരും കരുതുന്നതുപോലെ സംവരണം ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന തൊഴില്‍ദാന പദ്ധതിയില്ല.

മുന്നോക്കക്കാരുടെ ദാരിദ്ര്യം എന്നതു ചരിത്രപരമായ ചില ആകസ്മിതകള്‍ മാത്രമാണ്. എന്നാല്‍ ദളിതരുടെ ദാരിദ്ര്യം ചരിത്രത്തിലെ മുന്‍ സംഭവങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒന്നാണ്. ഈ വസ്തുതകള്‍ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മാത്രമേ സാമ്പത്തിക സംവരണം എത്രത്തോളം അസംബന്ധവും സാമൂഹിക വിരുദ്ധവുമാണെന്നു തിരിച്ചറിയാനാകൂ. കേരളത്തിലെ മാനേജ്‌മെന്റ് സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യാപകന്‍ ആയി ജോലി കിട്ടണമെങ്കില്‍ വന്‍തുക സംഭാവന എന്ന ഓമനപ്പേരില്‍ കൈക്കൂലി കൊടുക്കണം. അത്തരം കോളേജില്‍ അഡ്മിഷനും ജോലിയും സ്വസമുദായങ്ങള്‍ക്കു സംവരണം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. നേരത്തെ വിവരിച്ചതുപോലെ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന സ്വജാതിക്കാരനു തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‘സൗജന്യമായി’ ജോലി നല്‍കി പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ.

സാമ്പത്തിക മൂലധനത്തിന്റെ അഭാവത്താല്‍ ദളിത്/പിന്നാക്കക്കാര്‍ ഭൂരിഭാഗത്തിനും സ്‌കൂളോ കോളേജോ സ്വന്തമാകുന്നില്ല. എന്നാല്‍ മുന്നോക്ക വിഭാഗത്തിനു സ്വന്തം സ്ഥാപനങ്ങളില്‍ ‘സംഭാവന’ നല്‍കുന്നതിനാല്‍ ഒരിടം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അവര്‍ക്കു ജാതിയെന്ന പ്രതീകാത്മക മൂലധനവും അതുവഴി നേടിയെടുക്കുന്ന സാമ്പത്തിക മൂലധനവും അനുകൂല ഘടകങ്ങളാകുന്നു. ആഞ്ഞിലി വിറ്റോ ഭൂമി വിറ്റോ പണയപ്പെടുത്തിയോ ഒക്കെയായിരിക്കും. അവര്‍ അഡ്മിഷനോ ജോലിക്കോ തുക കണ്ടെത്തുന്നത്. ഇതേ കോളേജുകളില്‍ ഒരു ദളിത്/പിന്നാക്കക്കാരനു ജോലി വാഗ്ദാനം ചെയ്താല്‍ തന്നെ സാമ്പത്തിക മൂലധനത്തിന്റെ അഭാവം അവരെ കടക്കെണിയിലാക്കും. ഇവിടെയാണ് സംവരണത്തെ സാമൂഹ്യ വിവേചനത്തെ നേരിടുന്ന ഒരു ഉപാധിയായി നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സാമ്പത്തിക സംവരണം എന്നത് ജാതി അധികാര ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ചില ചെപ്പടിവിദ്യകള്‍ മാത്രമാണ് എന്ന തിരിച്ചറിവും പ്രധാനമാണ്.

മെറിറ്റ് അഥവാ യോഗ്യത ജനിതകപരമല്ലെന്നും മറിച്ച് ആര്‍ജ്ജിക്കുന്നതാണെന്നുമുള്ള ബോര്‍ദ്യോയുടെ കണ്ടെത്തലുകളെ അടിവരയിട്ടു പറയേണ്ടതുണ്ട്. സംസ്‌കാരിക/പ്രതീകാത്മക മൂലധനങ്ങളുടെ രൂപത്തില്‍ സവര്‍ണര്‍ യോഗ്യത ആര്‍ജ്ജിക്കുന്നു. എന്നാല്‍ അവര്‍ണരുടെ സംസ്‌കാരങ്ങളും പ്രതീകങ്ങളും ജാതീയമായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നതിനാല്‍ അവ ഏതെങ്കിലും തരത്തില്‍ മൂലധനമായി പരിണിക്കുന്നില്ല. കൂടാതെ അവരുടെ യോഗ്യതയുടെ സൂചകങ്ങള്‍ സാമൂഹ്യനിര്‍മ്മിതമായ മാനദണ്ഡങ്ങള്‍ക്കു പുറത്തു നില്‍ക്കുന്നതിനാല്‍, അവരെ അയോഗ്യരായി സംവരണവിരുദ്ധ സമൂഹം കണക്കാക്കുന്നു. മെറിറ്റും സംവരണവുമായി ബന്ധപ്പെട്ട അത്തരം കീഴാളവിരുദ്ധ വ്യവഹാരങ്ങളെ നിരന്തരം തുറന്നുകാട്ടേണ്ടതുണ്ട്.

സാമ്പത്തിക മൂലധനം ഉപയോഗിച്ചുകൊണ്ടുമാത്രം ഒരു വ്യക്തിക്കു മുഖ്യധാരയിലെ അധികാര ബന്ധങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സാമൂഹികവും സാംസ്‌കാരികവും പ്രതീകാത്മകവുമായ മൂലധനങ്ങള്‍ ആര്‍ജ്ജിക്കുകയും അവ പരസ്പരം കൈമാറ്റം ചെയ്തുകൊണ്ടുമാണ് മുന്നാക്കക്കാര്‍ തങ്ങളുടെ പ്രമാണികത്വം മുഖ്യധാരയില്‍ ഉറപ്പിക്കുന്നത്. മുന്നാക്കക്കാര്‍ ദരിദ്രരായാലും സാമ്പത്തികേതര മൂലധനങ്ങളാല്‍ പ്രബലരാണെന്നു സംവരണ വിരുദ്ധര്‍ മനസ്സിലാക്കേണ്ടതുണ്ട്. പിന്നാക്കക്കാര്‍ സമ്പന്നരായാല്‍പ്പോലും സാമ്പത്തികേതര മൂലധന ദാരിദ്ര്യം അനുഭവിക്കുന്നു. ഇവിടെ മുന്നാക്കക്കാരില്‍ ചിലര്‍ ദരിദ്രര്‍ ആയതിനാലും പിന്നാക്കക്കാരില്‍ ചിലര്‍ സമ്പന്നര്‍ ആയതിനാലും സാമ്പത്തിക സംവരണം ആവശ്യമാണെന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്.

  • റഫറന്‍സ്

1. Dr. Wayne Veck, Senior Lecturer, Faculty of Education, University of Winchester . E-mail. way ne veck@wincheter.uk.
2. Dr. P Sanal Mohan. Asscoaite professor. School of Social Science . M.G Univerity e- mail- sanal mohan@gmail.com
3. Prof. Rajan Gurukal. Formar Vice Chanellor M.G University. E mail. rajangurukkal@gmail.com

(ലേഖകന്‍ ഇംഗ്ലണ്ടിലെ വിഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നും എജ്യുക്കേഷനില്‍ പിഎച്ച്.ഡി എടുത്തു. ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രിയാരയുമായി വിമര്‍ശനപരമായി സംവദിച്ചുകൊണ്ട്, വയനാട്ടിലെ ആദിവാസി അയല്‍ക്കൂട്ടങ്ങളേയും സമുദയ സംഘടനായോഗങ്ങളേയും കേന്ദ്രീകരിച്ച് അനൗപചാരിക വിദ്യാഭ്യാസം ആളുകളെയെങ്ങനെ പാര്‍ശ്വവത്കരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചാണ് പ്രബന്ധം (Oppression, Marginalisation and Education in Kerala: In dialogue with Freire) വിഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് സ്‌കോളര്‍ഷിപ്പ്(National Scholarship for International Research Students) വാങ്ങിയാണ് ഗവേഷണം ചെയ്തത്.)

Top