കശ്മീർ പെൺകുട്ടിക്കു സംഭവിച്ചത്: കശ്മീരും പ്രതിരോധത്തിന്റെ ഘടകങ്ങളും

കശ്മീർ പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത ശക്തികളെപ്പറ്റിയുള്ള ചർച്ചകൾ കശ്മീരി പ്രതിരോധ രാഷ്ട്രീയത്തിന്റെ വൈവിധ്യങ്ങളെ പരിഗണിക്കേണ്ടതുണ്ട്. ലിംഗ, മത, പ്രദേശ, ഗോത്ര രാഷ്ട്രീയ ഘടകങ്ങൾ ഈ ഹിംസയെ എങ്ങിനെ നിർണയിക്കുന്നുവെന്ന് അന്വേഷിക്കുന്ന ലേഖനം.

ജനുവരി പത്താം തിയ്യതി, ബകര്‍വാല്‍ സമുദായത്തില്‍ നിന്നുള്ള എട്ടു വയസ്സുകാരി കശ്മീരീ മുസ്‌ലിം പെണ്‍കുട്ടിയെ ജമ്മുകശ്മീരിലെ രസാന ഗ്രാമത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയി. കൊല ചെയ്യപ്പെടുന്നതിനു മുന്‍പ് മയക്കുമരുന്നു നല്‍കി  അവളെ പീഡിപ്പിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തിരുന്നതായി പിന്നീടു കണ്ടെത്തി.

കേസിനെത്തുടര്‍ന്ന്, പ്രാഥമികാന്വേഷണം നടക്കുന്നതിനിടയില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കപ്പെട്ടു, സംഭവത്തെ ഒരു വര്‍ഗീയപ്രശ്‌നമാക്കി മാറ്റി, വിഷയത്തെ രാഷ്ട്രീയവത്കരിച്ചു കേസ് മൂടിവെക്കാന്‍ വലതുപക്ഷ സമാജികര്‍ സമ്മര്‍ദ്ദം ചെലുത്തി. ജമ്മു മേഖലയിലെ ഹിന്ദു ഭൂരിപക്ഷത്തില്‍ നിന്നു് ഇരയുടെ സമുദായത്തിനു പീഡനങ്ങള്‍ നേരിടേണ്ടി വന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സ്വത്വത്തെ നിര്‍വചിക്കുന്ന മൂന്നു കാര്യങ്ങളിലൂടെയാണ് ഈ കുറ്റകൃത്യത്തെ നോക്കിക്കാണേണ്ടത്. പെണ്‍കുട്ടിയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നതിന്റെ കൂടെ, പെൺകുട്ടിയുടെ മൂന്നു സ്വത്വങ്ങളാണ് ബലാത്സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തത്. ഗോത്രപരവും മതപരവും പ്രാദേശികവുമായ ആ മൂന്നു സ്വത്വങ്ങള്‍, വെവ്വേറെ തന്നെ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്.

പാര്‍ശ്വവത്കൃത ഗോത്ര സ്വത്വം

സംസ്ഥാനത്തെ അരികുവത്കരിക്കപ്പെട്ട ഗോത്രസമൂഹങ്ങളാണ് ഗുജ്ജര്‍, ബകര്‍വാല്‍, പഹാരി എന്നിവ. 1991-ല്‍ ജമ്മുകാശ്മീര്‍ സംസ്ഥാന ഭരണകൂടം ഗുജ്ജറിനും ബകര്‍വാലിനും പട്ടികവര്‍ഗ പദവി നല്‍കി. ജമ്മു, കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെല്ലാം അവര്‍ ജീവിക്കുന്നുണ്ട്. ജമ്മു പ്രവിശ്യയിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം അവരാണ്.

ഇന്ത്യയില്‍ നിന്നു സ്വയംനിര്‍ണയാവകാശം നേടിയെടുക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ ഈ സമൂഹങ്ങള്‍ സുപ്രധാന സംഭാവകള്‍ അര്‍പ്പിച്ചിട്ടുണ്ട്.

ചൗധരി ഗുലാം അബ്ബാസ്

1947-ലെ ബ്രിട്ടീഷ് ഇന്ത്യ വിഭജനത്തിന് മുന്‍പ് ദോഗ്രാ ഭരണകൂടത്തിന്റെ ഏകാധിപത്യത്തെ പ്രതിരോധിക്കാന്‍ ഉടലെടുത്ത ആദ്യ രാഷ്ട്രീയ സംഘടനകളില്‍ ഒന്നായ ‘മുസ്‌ലിം കോണ്‍ഫറന്‍സി’ന്റെ നേതാവായിരുന്ന ചൗധരി ഗുലാം അബ്ബാസിനെ ആ സമൂഹങ്ങളില്‍ നിന്നുള്ള ഒരുപാടാളുകള്‍ പിന്തുണച്ചിരുന്നു.

ഭൂമിശാസ്ത്ര അരികുകളില്‍ ജീവിക്കുന്ന കാരണത്താല്‍, ജമ്മുവിലും നിയന്ത്രണരേഖയ്ക്കു സമീപമുള്ള കശ്മീര്‍ താഴ്‌വരയുടെ വടക്കന്‍ ഭാഗങ്ങളിലും ഭരണകൂട ഒത്താശയോടെ നടക്കുന്ന അക്രമത്തിന്റെ മുഖ്യഇരകളാണ് ഈ സമൂഹങ്ങള്‍. നാടോടി ജീവിതരീതിയാണ് അവര്‍ പിന്തുടരുന്നത്.  പ്രാഥമിക വിഭവങ്ങളുടെ തൃപ്തികരമായ ലഭ്യത ഉറപ്പുവരുത്തപ്പെടുന്ന കാലത്തോളം, ഭരണകൂടത്തിന് അവരൊരു രാഷ്ട്രീയ ഭീഷണിയല്ല.

ഈ സമൂഹങ്ങളുടെ കൂട്ടായ നീക്കം ഒഴിവാക്കാനായി അവര്‍ക്ക്, ജലം, വൈദ്യുതി, റോഡുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വളരെ പ്രധാനമായി, പൊതുമേഖലയില്‍ ജോലിയും  ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്.

അവരുടെ ഊര്‍ജ്ജം മറ്റു വിഷയങ്ങളിലേക്കു തിരിച്ചുവിട്ടുകൊണ്ട് ഭരണകൂടം ഈ വ്യത്യസ്ത ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിനു തിരികൊളുത്തി. അങ്ങനെ – സ്വയം നിര്‍ണയാവകാശം എന്ന പൊതു ആവശ്യത്തിന്റെ പേരില്‍ – തങ്ങളുടെ കശ്മീരി സഹോദരങ്ങളോടൊപ്പം ഒരുമിച്ചു നിന്നുകൊണ്ടുള്ള ഗോത്രവര്‍ഗങ്ങളുടെ വിപ്ലവം തടയപ്പെട്ടു. പഹാരികള്‍ പട്ടികജാതി പദവി ആവശ്യപ്പെട്ടപ്പോള്‍ ഗുജ്ജറുകള്‍ അതിനെ എതിര്‍ത്തുകൊണ്ടു രംഗത്തുവന്നു. ഭരണകൂടം കളിക്കുന്ന ഇത്തരം വിഭാഗീയ രാഷ്ട്രീയത്തിന്റെ ഫലമാണ് ഗുജ്ജറുകള്‍ക്കും പഹാരികള്‍ക്കും ഇടയില്‍ ഉണ്ടാക്കപ്പെട്ട ശത്രുത.

അതിലുപരി, ഗോത്രവര്‍ഗക്കാര്‍ക്കു വനഭൂമിയും വനവിഭവങ്ങളും ഉപയോഗിക്കാനുള്ള അവകാശങ്ങള്‍ നല്‍കുന്ന, ഇന്ത്യയുടെ വനാവകാശ നിയമം, വലതുപക്ഷ പാര്‍ട്ടികളുടെ നിരന്തര എതിര്‍പ്പു കാരണം ജമ്മുകശ്മീരില്‍ നടപ്പാക്കിയിട്ടില്ല. ഗോത്രവര്‍ഗക്കാര്‍ തങ്ങളുടെ ഭൂമിയില്‍ നിന്നു പുറത്താക്കപ്പെടുന്നതിലാണ് അതു കലാശിച്ചത്. 2017-ല്‍, അഞ്ചു ലക്ഷം ചതുരശ്ര മീറ്ററിലധികം ഭൂമിയില്‍ നിന്നു് 250 ഗുജ്ജര്‍ കുടുംബങ്ങള്‍ ഒഴിപ്പിക്കപ്പെട്ടു. ഇതു വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി.

പ്രാദേശിക സ്വത്വം

ജമ്മുകശ്മീര്‍ എന്ന രാഷ്ട്രീയ തര്‍ക്ക സംസ്ഥാനത്തിന്റെ ഒരു പ്രാദേശിക ഘടകം എന്ന നിലയ്ക്ക് ജമ്മുവിനെ പരിഗണിക്കുമ്പോള്‍, സ്വയം നിര്‍ണയാവകാശത്തിനു വേണ്ടി ഒട്ടുമിക്ക ജില്ലകളും ചരിത്രപരമായി സ്വയം മുന്നോട്ടു വന്നിട്ടുണ്ടെന്നു കാണാം. സംഘര്‍ഷത്തില്‍ ദോഡ, ബദര്‍വാഹ്, കിശ്ത്വര്‍ എന്നീ ജില്ലകളില്‍ വ്യാപക അക്രമം അരങ്ങേറി. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്ത, സംസ്ഥാനത്തെ ആദ്യ അമുസ്‌ലിം സായുധസംഘം കിശ്ത്വറില്‍ നിന്നായിരുന്നു. പൂഞ്ച്, രജോറി എന്നിവയായിരുന്നു 1948-ല്‍ ദോഗ്രാ രാജാവിനെതിരെ നടന്ന സായുധ ആക്രമണത്തിന്റെ പ്രഥമ വിക്ഷേപണകേന്ദ്രങ്ങള്‍, അതു പിന്നീട് ഇന്ത്യന്‍ ഭരണകൂടത്തിനെതിരെയും തുടര്‍ന്നു.

ജമ്മുവിന്റെ ഇന്ത്യാ വിരുദ്ധ ചരിത്രം ഇപ്പോള്‍ അത്ഭുതകരമായി ‘ഇന്ത്യാ-അനുകൂല’മായി മാറിയിട്ടുണ്ട്. ഈ വലിയ മാറ്റം ആശങ്കാജനകവും അതോടൊപ്പം സൂക്ഷ്മവിശകലനം ആവശ്യമുള്ള  പഠനവിഷയവും കൂടിയാണ്. വിമതശബ്ദം ഇല്ലാതാക്കാന്‍ ഭരണകൂടം ഉപയോഗിച്ച സങ്കീര്‍ണ്ണമായ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ശ്യംഖലയും, കാരണങ്ങളില്‍ ഉള്‍പ്പെടും. സ്വന്തം സൈനികരെക്കൊണ്ടു യുദ്ധം ചെയ്യിക്കുന്നതിനു പകരം, സമുദായാംഗങ്ങളെ ഭരണകൂടം ആയുധമണിയിക്കുകയും സ്വസമുദായക്കാരോടു തന്നെ പോരടിക്കാന്‍ വിടുകയും ചെയ്തു.

അതിലുപരി, ഗോത്രവര്‍ഗക്കാര്‍ക്കു വനഭൂമിയും വനവിഭവങ്ങളും ഉപയോഗിക്കാനുള്ള അവകാശങ്ങള്‍ നല്‍കുന്ന, ഇന്ത്യയുടെ വനാവകാശ നിയമം, വലതുപക്ഷ പാര്‍ട്ടികളുടെ നിരന്തര എതിര്‍പ്പു കാരണം ജമ്മുകശ്മീരില്‍ നടപ്പാക്കിയിട്ടില്ല. ഗോത്രവര്‍ഗക്കാര്‍ തങ്ങളുടെ ഭൂമിയില്‍ നിന്നു പുറത്താക്കപ്പെടുന്നതിലാണ് അതു കലാശിച്ചത്. 2017-ല്‍, അഞ്ചു ലക്ഷം ചതുരശ്ര മീറ്ററിലധികം ഭൂമിയില്‍ നിന്നു് 250 ഗുജ്ജര്‍ കുടുംബങ്ങള്‍ ഒഴിപ്പിക്കപ്പെട്ടു. ഇതു വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി..

വില്ലേജ് ഡിഫന്‍സ് കമ്മറ്റികള്‍ എന്നറിയപ്പെടുന്ന ഗ്രൂപ്പുകളായാണ് ഈ കൂലിപ്പട്ടാളക്കാര്‍ സംഘടിപ്പിക്കപ്പെട്ടത്. അവരുടെ അനിയന്ത്രിത ശക്തിയുടെ ഫലമായി കൗണ്ടര്‍ ഇന്‍സര്‍ജന്‍സി വിജയം കൈവരിച്ചു.

പെയിന്റിംഗുകൾക്ക് കടപ്പാട്: റോളി മുഖർജി

കാശ്മീര്‍ താഴ്‌വരയില്‍ തമ്പടിച്ച ചെറുത്തുനില്‍പ്പിനു നേതൃത്വം നല്‍കിയവര്‍ക്ക് സംസ്ഥാനത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിലേക്ക് എത്തിപ്പെടാനും സാധിച്ചിരുന്നില്ല, കാരണം അവര്‍ അധികവും വീട്ടുതടങ്കലിലാണു കഴിഞ്ഞിരുന്നത്. വിദൂര പ്രദേശങ്ങളില്‍ അവര്‍ക്കു മനുഷ്യവിഭവസമ്പത്തും ഉണ്ടായിരുന്നില്ല.

‘Kashmir Conflict and the Muslims of Jammu’ (കശ്മീര്‍ കോൺഫ്ലിക്റ്റ് ആൻഡ് ദ് മുസ്ലിംസ്) എന്ന കൃതിയുടെ രചയിതാവ് സഫര്‍ ചൗധരി, ജമ്മു മുസ്‌ലിംകളുടെ നിര്‍ഭാഗ്യകരമായ അവസ്ഥ വിശദമായി വരച്ചിട്ടുണ്ട്:

‘കശ്മീരി മുസ്‌ലിംകളെ പോലെ തന്നെ ജമ്മു മുസ്‌ലിംകളും കാശ്മീര്‍ മൂവ്‌മെന്റിന്റെ ഭാഗമല്ല എന്നതില്‍ ഗീലാനികള്‍ക്കു ദുഃഖമുണ്ട്. തങ്ങളുടെ മുസ്‌ലിം അയല്‍വാസികള്‍ ഇന്ത്യയോടു സ്‌നേഹമില്ലാത്തവരാണെന്നാണ് കജൂരിയകളുടെ മുറുമുറുപ്പ്. ഇവിടെയാണു പ്രശ്‌നകാരണം കിടക്കുന്നത്. ജമ്മു മുസ്‌ലിംകളുടെ മനോവികാരങ്ങളെ സംബന്ധിച്ച് രണ്ടുകൂട്ടര്‍ക്കും വളരെ ചെറിയ ധാരണ മാത്രമാണുള്ളത്.

ക്ഷേമ പദ്ധതികളുടെ പേരുപറഞ്ഞ് പ്രാദേശിക ഭരണകൂടം ‘സൈനികവത്കൃത മാനവികവാദം’ നടപ്പാക്കി. അതോടൊപ്പം തന്നെ പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിന്റെ സകല മേഖലകളും സൈനികവത്കരിച്ചു. പ്രദേശത്തെ സംബന്ധിച്ച തന്റെ നരവംശശാസ്ത്ര വിവരണത്തില്‍ മോന ബാന്‍ എഴുതിയതു പോലെ, 1999-ലെ കാര്‍ഗില്‍ യുദ്ധത്തിനിടെ ലഡാക്കില്‍ ഭരണകൂടത്തിന് അനുകൂലമായി ഭവിച്ച അതേ തന്ത്രം തന്നെയായിരുന്നു അത്. സ്വന്തം ആളുകള്‍ക്കെതിരെ യുദ്ധം ചെയ്യാനായി ഭരണകൂടം ജനങ്ങള്‍ക്കു സൈന്യത്തില്‍ ജോലി നല്‍കുന്നു. വില്ലേജ് ഡിഫന്‍സ് കമ്മിറ്റികള്‍ ഇതിനൊരു മികച്ച ഉദാഹരണമാണ്.

മത ന്യൂനപക്ഷം

മൊത്തത്തില്‍ മുസ്‌ലിംകളാണ് ജമ്മുകശ്മീരിലെ ഭൂരിപക്ഷ മതവിഭാഗം. 1947-ലെ സംഭവവികാസങ്ങളാല്‍ ജനസംഖ്യാ കണക്കുകള്‍ മാറ്റിമറിക്കപ്പെടുന്നതു വരേക്കും ജമ്മുവില്‍ മാത്രമായി എടുത്താലും മുസ്‌ലിംകളായിരുന്നു ഭൂരിപക്ഷം.

മതനിരപേക്ഷ രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്ക് ആധികാരികത ഉറപ്പിക്കുന്നതിനു വേണ്ടി മാത്രമായിരുന്നു, സൈനിക ശക്തിയുടെ പിന്‍ബലത്തോടെ കശ്മീരിനെ ഇന്ത്യയോടു ചേര്‍ത്ത സംശയാസ്പദ നടപടി.

ജമ്മുവിന് അകത്തുള്ള മുസ്‌ലിം സ്വത്വത്തിന്റെ കാര്യം വരുമ്പോള്‍, മേഖലയിലെ ജനസംഖ്യാകണക്കുകളെ മാറ്റിമറിച്ച 1947-ലെ ജമ്മു കൂട്ടക്കൊലയാണു് ഓര്‍മവരുന്നത്. ജമ്മു ജില്ലയില്‍ മാത്രം, 1941-ല്‍ 37 ശതമാനമുണ്ടായിരുന്ന മുസ്‌ലിം ജനസംഖ്യ, 1961-ല്‍ 10 ശതമാനമായി താഴ്ന്നു.

പാകിസ്ഥാനുമായി ലയിക്കുന്നതിലേക്കു നയിച്ചേക്കാവുന്നതും അതിനെ അനുകൂലിക്കുന്നതുമായ, സംസ്ഥാനത്തെ മുസ്‌ലിം വാദത്തിനെതിരെ നടന്ന ഗൂഢാലോചന അല്ലെങ്കില്‍ തന്ത്രമായിരുന്നു പഞ്ചാബില്‍ നിന്നും ദോഗ്രാ സൈന്യത്തില്‍ നിന്നും ഇറക്കുമതി ചെയ്ത ഹിന്ദു തീവ്രവാദികളാല്‍ – ദോഗ്രാ രാജാവ് തന്നെയായിരുന്നു രണ്ടു കൂട്ടരുടെയും മേല്‍നോട്ടം വഹിച്ചത്- നടത്തപ്പെട്ട കൂട്ടക്കൊല.

പ്രസ്തുത സംഭവങ്ങള്‍ ഉണ്ടാക്കിയ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ല, അഹിന്ദു സമുദായങ്ങള്‍ക്കു നേരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നിലച്ചിട്ടുമില്ല.

2016-ലെ ഒരു റാലിയില്‍ വെച്ച് ജമ്മുവിലെ ഒരു ബി.ജെ.പി നേതാവ് 1947-ലെ അനുഭവത്തെക്കുറിച്ചു മുസ്‌ലിംകളെ ‘ഓര്‍മപ്പെടുത്തുകയും’ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി, അത്തരമൊരു സംഭവം ആവര്‍ത്തിക്കപ്പെടാമെന്നും അതു വളരെ എളുപ്പമാണെന്നുമാണ് അതിലൂടെ സൂചിപ്പിക്കുന്നത്.

ഹിന്ദു ദേശീയതാ രാഷ്ട്രീയത്തിന്റെ വളര്‍ച്ച കാരണമാണ് ജമ്മുകശ്മീരിന്റെ മുഖ്യധാര രാഷ്ട്രീയ രംഗത്തേക്കുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിജയകരമായ അതിക്രമിച്ചു കടക്കല്‍ സാധ്യമായത്.

അതിലുപരി ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ പുതിയ നിയോജകമണ്ഡലങ്ങള്‍ രൂപവത്കരിക്കുന്നതിനു് നിലനില്‍ക്കുന്ന രാഷ്ട്രീയ ഏകകങ്ങളെ വിഭജിച്ചത് ബി.ജെ.പിക്കു റെഡി മെയ്ഡ് വോട്ടുബാങ്കുകള്‍ പ്രദാനം ചെയ്തു. അനന്തരഫലമെന്നോണം, സംസ്ഥാന അസംബ്ലയില്‍ മൊത്തം 87 സീറ്റില്‍ 25 സീറ്റുകള്‍ അതു നേടുകയും-ഇന്ത്യന്‍ ഭരണകൂടത്തിന്റെ കശ്മീരിലെ മുഖ്യപ്രതിനിധിയായ- പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി തൂക്കുമന്ത്രിസഭ രൂപവത്കരിക്കുകയും ചെയ്തു.

ചുരുക്കിപ്പറയുകയാണെങ്കില്‍, ജമ്മു പ്രൊവിന്‍സിലെയും പ്രത്യേകിച്ചു ജമ്മു സിറ്റിയിലെയും മുസ്‌ലിംകളുടെ അവസ്ഥ അനിശ്ചിതത്വത്തില്‍ത്തന്നെ തുടരുകയാണ്. പ്രതിഷേധത്തിലോ അല്ലെങ്കില്‍ ഇന്ത്യയില്‍ ഒരു ഭീകരാക്രമണം സംഭവിച്ചാലോ ഏതുസമയവും പൊട്ടിത്തെറിച്ചേക്കാവുന്ന കാശ്മീര്‍ താഴ്‌വരയിലെ അപകടമുനമ്പിലാണ് അവര്‍ ജീവിക്കുന്നത്. കാശ്മീര്‍ താഴ്‌വരയിലേക്കുള്ള അടിസ്ഥാന അവശ്യസാധനങ്ങളുടെ വരവ് തടഞ്ഞുകൊണ്ട് ജമ്മു ഹിന്ദുക്കള്‍ 2008-ലും 2010-ലും ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തില്‍ ഈ ദൗര്‍ബ്ബല്യം വ്യക്തമായതാണ്.

പെയിന്റിംഗുകൾക്ക് കടപ്പാട്: റോളി മുഖർജി

 ഈ കേസ്

കേസിലേക്കു മടങ്ങി വരാം. ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത് പ്രായപൂര്‍ത്തിയാവാത്ത ഒരു ബകര്‍വാല്‍, മുസ്‌ലിം, ജമ്മുകശ്മീരി പെണ്‍കുട്ടിയാണ് എന്നു തന്നെ മനസ്സിലാക്കണം.

‘പെണ്‍കുഞ്ഞിനെ’ ആക്രമിച്ച് ഒരു സമുദായത്തെ മൊത്തത്തില്‍ ഭയപ്പെടുത്തുക എന്നതു തന്നെയായിരുന്നു ലക്ഷ്യമെന്ന കാര്യത്തില്‍ കുറ്റകൃത്യം ചെയ്ത മനുഷ്യനു യാതൊരു സംശയവുമുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത് സമുദായത്തില്‍ നിന്നും എല്ലാ പ്രദേശത്തുനിന്നും ഉള്ള പ്രതിഷേധങ്ങള്‍ക്കു തിരികൊളുത്തി. യുവഅഭിഭാഷകനും ആക്റ്റിവിസ്റ്റുമായ താലിബ് ഹുസൈന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്. പാര്‍ശ്വവത്കൃത ഗോത്രങ്ങള്‍ക്കു നീതി ലഭിക്കുന്നത് വേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍ ട്രൈബല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തലവനാണ് അദ്ദേഹം.

ജനുവരി 21-ന്, ഒരു പ്രതിഷേധ പരിപാടിക്കിടെ താലിബ് ഹുസൈന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കുറ്റക്കാരെ സംരക്ഷിക്കാന്‍ ബി.ജെ.പിയുടെ പ്രാദേശിക രാഷ്ട്രീയ നേതാവ് ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞ കാരണത്താല്‍ നീതിപൂര്‍വ്വകമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതിനാണ് അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാറിന്റെ ആജ്ഞ പ്രകാരം വിഷയത്തെ രാഷ്ട്രീയവത്കരിക്കാനും വര്‍ഗീയവത്കരിക്കാനും വേണ്ടി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് അധികാരികള്‍ ജനങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണെന്നു താലിബ് പറഞ്ഞു.

കുറ്റക്കാര്‍ക്കു കഠിനശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജനാധിപത്യ ഇടങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകേണ്ടത്, പക്ഷേ 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ കുറ്റക്കാരായ പോലിസുകാരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ചു കൊണ്ടുള്ള ഹിന്ദു ഏകതാ മഞ്ചിന്റെ റാലിയാണു നടന്നത്.

അഹിന്ദു സമുദായങ്ങളുടെ സാന്നിധ്യത്തില്‍ അരക്ഷിതാവസ്ഥ തോന്നുന്ന വലതുപക്ഷ ഹിന്ദുക്കളുടെ ഒരു കൂട്ടായ്മയാണ്, ബി.ജെ.പിയുടെ നിയമസഭാസാമാജികര്‍ അടക്കം അംഗങ്ങളായ ഈ എന്‍.ഇ.ഒ. ഗുജ്ജര്‍-ബകര്‍വാല്‍ സമുദായത്തിനെതിരെ ‘സാമൂഹിക ഭ്രഷ്ട്’ ആചരിക്കാന്‍ അത് ആഹ്വാനം ചെയ്തു. കേസ് സി.ബി.ഐ-ക്ക് വിടാനും, അറസ്റ്റ് ചെയ്യപ്പെട്ടവരെ മോചിപ്പിക്കാനും വേണ്ടി നിരാഹാരം കിടക്കുന്ന തരത്തിലേക്ക് അവരുടെ പ്രതിഷേധങ്ങള്‍ കനത്തിട്ടുണ്ട്.

അറസ്റ്റ് ചെയ്യപ്പെട്ട ഏഴു പേരില്‍, കുറ്റകൃത്യത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതപ്പെടുന്ന മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ചി റാമും അയാളുടെ മകന്‍ വിശാലും ഉള്‍പ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍, തെളിവുകള്‍ നശിപ്പിച്ചതിന്റെ പേരില്‍ ഒരു സബ് ഇന്‍സ്‌പെക്ടറും ഹെഡ്‌കോണ്‍സ്റ്റബിളും രണ്ടു സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും അറസ്റ്റിലായി.

കുറ്റക്കാര്‍ക്ക് അനുകൂലമായി ഹിന്ദു ഏകതാ മഞ്ച് നടത്തിയ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ സഞ്ചി റാം ഉണ്ടായിരുന്നപ്പോള്‍, ഭൂരിപക്ഷ സമുദായത്തിനും ഇന്ത്യന്‍ ഭരണകൂടത്തിനും ഇടയിലുള്ള ആഴമേറിയ ബന്ധത്തെയാണ് കുറ്റകൃത്യത്തില്‍ പോലീസിനുള്ള പങ്കു പ്രതിഫലിപ്പിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന കാര്യമെന്താണെന്നാല്‍, ബീഫ് കഴിച്ചതിനും പശുവിനെ അറുത്തതിനും ഭരണകൂട ബലപ്രയോഗങ്ങളെ എതിര്‍ത്തതിനും, എന്തിനധികം പറയുന്നു ഇന്റര്‍-റിലീജിയസ് പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരിലും ആളുകള്‍ (കൃത്യമായി പറഞ്ഞാല്‍ ഹിന്ദുക്കളല്ലാത്തവര്‍) കൊല്ലപ്പെട്ട, ജീവനോടെ കത്തിക്കപ്പെട്ട അല്ലെങ്കില്‍ വെടിയേറ്റു കൊല്ലപ്പെട്ട നരേന്ദ്ര മോദിയുടെ ഭരണകാലത്തെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് ഒളിഞ്ഞുനോക്കാന്‍ അതു നമ്മെ അനുവദിക്കുന്നുണ്ട് എന്നതാണ്.

ഇന്ത്യയുടെ അധികാര മൈതാനമായാണ് ജമ്മുകാശ്മീര്‍ പ്രവര്‍ത്തിക്കുന്നത്. അവിടെവെച്ചാണ്, 1994-ല്‍, കാശ്മീര്‍ താഴ്‌വരയുടെ വടക്കന്‍ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഇരട്ടഗ്രാമങ്ങളായ കുനാന്‍ പോഷ്‌പോറയിലെ സ്ത്രീകളെ ഇന്ത്യന്‍ സൈന്യം കൂട്ടബലാത്സംഗം ചെയ്തത്. ആ നിഷ്ഠൂരത മറന്നേക്കുക, ഇന്ത്യന്‍ സൈന്യമാണ് പ്രസ്തുത കൂട്ടബലാത്സംഗം നടത്തിയതെന്ന് ഇന്നുവരെ ഇന്ത്യന്‍ ഭരണകൂടം സമ്മതിച്ചിട്ടു പോലുമില്ല.

മികച്ച ജനാധിപത്യരാജ്യങ്ങളില്‍ ഒന്നില്‍ പോലും ദുരിതമനുഭവിക്കുന്ന പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ സാമൂഹിക ചട്ടക്കൂടു തകരാന്‍ ഈ അനിയന്ത്രിത സംഘട്ടനം കാരണമായി.

ഇന്ത്യയുടെ മാറ്റം

കൊലയാളികളായ ആള്‍ക്കൂട്ടത്തിന്റെ പ്രവൃത്തികളില്‍ ആനന്ദിക്കുന്ന വ്യക്തിയാണ് ഇന്ത്യയിലെ ഒരു മുഖ്യ മാറ്റം. നരേന്ദ്ര മോദി സര്‍ക്കാറിന്റെ കീഴില്‍, വലതുപക്ഷ കലാപ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരുന്ന പാര്‍ട്ടിയാണ് ഇന്ന് അധികാരത്തിലിരിക്കുന്നത് എന്നതിനാലാണ് ആ മാറ്റം സാധ്യമായത്. ഇതു സ്വാഭാവികമായി, കുറ്റവാളികള്‍ക്ക്, ശിക്ഷിക്കപ്പെടുകയില്ലെന്ന ധൈര്യം നല്‍കുന്നതിലേക്കു നയിച്ചു.

അഫ്‌സ്പ (Armed Forces Special Powers Act) പോലെയുള്ള നിയമങ്ങളാണ് അനീതി പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷിത സങ്കേതമായി ജമ്മുകശ്മീരിനെ മാറ്റുന്നത്.

എല്ലാവരും ഭരണകൂട സ്ഥാപനത്തിന്റെ നിരീക്ഷണവലയത്തിനുള്ളിലാണ്. അന്നന്നത്തെ അന്നത്തെക്കുറിച്ചു മാത്രം ആലോചിക്കുന്നവരായ, നാം ഇവിടെ ചര്‍ച്ച ചെയ്യുന്ന ഗോത്രവിഭാഗങ്ങളെ ഭരണകൂടം ആഴത്തില്‍ രാഷ്ട്രീയവത്കരിക്കുകയും വോട്ടുബാങ്കുകളായി ഉപയോഗിക്കുകയും ചെയ്തു.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തതു പോലെ, ജമ്മുകശ്മീല്‍ ഉടനീളം യുദ്ധോപകരണമെന്ന നിലയില്‍ ബലാത്സംഗം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

കശ്മീരി സമൂഹത്തെ വലിയ തോതില്‍ അടിച്ചമര്‍ത്തുന്നതിനുള്ള ഉപകരണമായി ബലാത്സംഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സീമ ഖാസി അഭിപ്രായപ്പെടുന്നു. കശ്മീരി ചെറുത്തുനില്‍പ്പിന്റെ മനോവീര്യം കെടുത്താന്‍ അത് ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ തങ്ങളോടു കല്‍പ്പിക്കപ്പെട്ടതായി കുറ്റസമ്മതം നടത്തിയ സൈനികരുടെ കേസുകളുണ്ട്.

വിദൂരമായ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരായതിനാല്‍, പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ ലൈംഗികാതിക്രമത്തിന് ഇരകളാവാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഫ്‌റെനി മനെക്ഷാ പറയുന്നു.  പെൺകുട്ടിക്കു നേരെയുണ്ടായ ലൈംഗിക പീഡനം അവളുടെ മാത്രമല്ല, മറിച്ച് അവളുടെ സമുദായത്തിന്റെ ഭാവിയെയും തീരുമാനിക്കും; സമുദായത്തെ ഭയം ചുറ്റിവരിയും. അതാണ് ഈ കുറ്റകൃത്യത്തിന്റെ മുഖ്യ സന്ദേശവും പ്രചോദനവും.

മുന്നോട്ടുള്ള ഗമനം

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും നീതി പ്രദാനം ചെയ്യുന്നതില്‍ ഇന്ത്യന്‍ ജുഡീഷ്യറി വീണ്ടും വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. ജുഡീഷ്യറിക്കു കഴിവില്ലാത്തതല്ല പ്രശ്‌നം, മറിച്ച് രാജ്യത്തുടനീളം ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ വെറിപൂണ്ടു നില്‍ക്കുന്ന, സൈന്യം ഭരിക്കുന്ന ജമ്മുകശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കണക്കാക്കുന്ന അതിലെ ഭൂരിപക്ഷത്തിന്റെ ആള്‍ക്കൂട്ട മനസ്സാക്ഷിയെ കടത്തിവെട്ടാന്‍ അതു സന്നദ്ധമല്ലാത്തതാണു പ്രശ്‌നം. അതുകൊണ്ട് അവരില്‍ നിന്നു യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

വിദൂരമായ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരായതിനാല്‍, പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ ലൈംഗികാതിക്രമത്തിന് ഇരകളാവാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഫ്‌റെനി മനെക്ഷാ പറയുന്നു. പെൺകുട്ടിക്കു നേരെയുണ്ടായ ലൈംഗിക പീഡനം അവളുടെ മാത്രമല്ല, മറിച്ച് അവളുടെ സമുദായത്തിന്റെ ഭാവിയെയും തീരുമാനിക്കും; സമുദായത്തെ ഭയം ചുറ്റിവരിയും. അതാണ് ഈ കുറ്റകൃത്യത്തിന്റെ മുഖ്യ സന്ദേശവും പ്രചോദനവും.

രണ്ടാമതായി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പുറമെയ്ക്കു കാണുന്നതു പോലെ അത്രയ്ക്കു ‘ലിബറല്‍’ അല്ല. ഇതാണ് ഇന്ത്യന്‍ രാഷ്ട്രീയം മനസ്സിലാക്കുന്നതിലുള്ള ഗോള്‍ഡന്‍ റൂള്‍. ബി.ജെ.പി പരസ്യ ഫാസിസ്റ്റ് പാര്‍ട്ടിയാണ്; അതേസമയം കോണ്‍ഗ്രസ് രഹസ്യ ഫാസിസ്റ്റ് പാര്‍ട്ടിയാണ്. ട്രംപുമാരുടെയും മോഡിമാരുടെയും യുഗത്തില്‍, ലിബറല്‍-മോറല്‍ രാഷ്ട്രീയത്തിന്റെ ഉത്തമമാതൃകമായി ഒബാമമാര്‍ പ്രത്യക്ഷപ്പെടും.

മൂന്നാമതായി, ഈ പ്രശ്‌നത്തിന്റെ പരിഹാരം വധശിക്ഷയല്ല. ജമ്മുകാശ്മീര്‍ ജനതയെ സംബന്ധിച്ചിടത്തോളം  വിശേഷിച്ചും. രാഷ്ട്രീയ മാനുഷിക അവകാശങ്ങളുടെ ലംഘനം അനുവദിച്ചുകൊടുക്കുന്ന  ഏകാധിപത്യ ഭരണകൂടത്തിന്റെ സമ്പൂര്‍ണ നാശം മാത്രമാണ് ആത്യന്തിക പരിഹാരം. അതിനു മാത്രമേ ജമ്മുകശ്മീരിലും ദക്ഷിണേഷ്യയിലും സമാധാനം സ്ഥാപിക്കാനും നിലനിര്‍ത്താനും സാധിക്കുകയുള്ളൂ. എല്ലാ ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും തങ്ങളുടെ വിഭവസമ്പത്ത് ഈ ലക്ഷ്യത്തിലേക്കു തിരിച്ചുവിടേണ്ടതുണ്ട്.

കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെറുത്തുനില്‍പ്പു നേതൃത്വം സംസ്ഥാനത്തെ സമാനചിന്താഗതിയുള്ളവരുമായി സാഹോദര്യബന്ധം ദൃഢമാക്കേണ്ടതുണ്ട്. വിമോചന പ്രസ്ഥാനത്തിന്റെ സ്വാധീനവൃത്തം, സാധ്യമാകും വിധം വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

മുസ്‌ലിംകളുടെയും കശ്മീരികളുടെയും അവകാശങ്ങള്‍ ചിവിട്ടിഞെരിക്കുന്ന അതേസമയത്തു തന്നെ, കശ്മീർ പെൺകുട്ടിയുടേത് പോലെയുള്ള കേസുകള്‍ തേച്ചുമായ്ച്ചു കളയാനുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ മൗനസമ്മതവും ബോധപൂര്‍വ്വമുള്ള നിഷേധവും ഇന്ത്യന്‍ ഭരണകൂടത്തിന്റെ മനസ്സും ജീവനുമായി വേഗത്തില്‍ മാറുന്നുണ്ട്.

(കശ്മീർ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ് ലേഖകൻ. New Arab, Outlook India, Cafe Dissensus Blog, Raiot തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലും കശ്മീരി പ്രിന്റ് മാധ്യമങ്ങളിലും സ്ഥിരമായി എഴുതാറുണ്ട്.)

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : https://goo.gl/QKa82T

Top