ജസ്റ്റീസ് കര്‍ണ്ണന്‍ ഉയര്‍ത്തുന്ന ജുഡിഷ്യല്‍ വെല്ലുവിളികള്‍

പ്രസിഡന്റിന്റെ ഒപ്പോടുകൂടി നിയമിതനാകുന്ന ഒരു ഹൈക്കോടതി ജഡ്ജിനെ ഇംപീച്‌മെന്റ് നടപടിയിലൂടെയല്ലാതെ അദ്ദേഹത്തിന്റെ ഭരണഘടനാപരമായ തൊഴില്‍ ഇല്ലാതാക്കുവാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടോ? ജസ്റ്റിസ് കര്‍ണനുനേരെയുള്ള നടപടികള്‍ പാര്‍ലമെന്റില്‍ അറിയിച്ചുവോ? ഹൈക്കോടതിയുടെ അപ്പീല്‍ കോടതിയെന്നതിലുപരി സുപ്രീം കോടതിക്ക് ഹൈക്കോടതിയുടെ ഭരണനിര്‍വഹണത്തിലും അച്ചടക്ക നടപടികളിലും നിയന്ത്രണാധികാരം ഉണ്ടോ? ജനാധിപത്യ ഇന്‍ഡ്യയില്‍ ഭരണഘടനയാണ് പരമോന്നത നിയമം. ഭരണഘടനാനുസൃതമായി നിഷ്പക്ഷവും സ്വതന്ത്രവുമായ നീതി നിര്‍വഹണമാണ് കോടതികളുടെ ചുമതല. ഭരണഘടന നിശബ്ദമാകുന്നിടത്ത് പൗരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് സ്വതന്ത്രമായ ആശയപ്രകടനം മൗലിക അവകാശമാകുന്ന ജനാധിപത്യരാജ്യത്തില്‍ മാധ്യമങ്ങളെ വിലക്കുന്നത് അപകടകരമായ നിയമ അവസ്ഥയാണ്. ഇത്തരം കീഴ്‌വഴക്കങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടാം എന്നുള്ളതുകൊണ്ടാണ് പ്രമുഖ സീനിയര്‍ അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഇന്ദിരാ ജയ്‌സിംങിനെപ്പോലുള്ളവര്‍ ഇതൊരു അപകടകരമായ കീഴ്‌വഴക്കമാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നത്. ജസ്റ്റിസ് കര്‍ണന്‍ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ പൊരുതിപരാ ജയപ്പെട്ടേക്കാം എങ്കിലും വ്യവസ്ഥിതിയെ വെല്ലുവിളിച്ച, യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ട് അലോസരപ്പെടുത്തിയ ചരിത്രമായി അദ്ദേഹം നിലനില്‍ക്കും.

നീതിന്യായ സംവിധാനത്തില്‍ ദലിതരും ആദിവാസികളും ജാതീയ വിവേചനവും പ്രാതിനിധ്യമില്ലായ്മയും നേരിടുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നിലനിന്നുവരുന്നുണ്ട്. കെ.ആര്‍. നാരായണന്‍ പ്രസിഡന്റായിരിക്കവെ ജഡ്ജിമാരുടെ നിയമനങ്ങളില്‍ സ്ത്രീകള്‍ക്കും ദലിത്-പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് അദ്ദേഹം ഉന്നയിച്ച അഭിപ്രായം സജീവ ചര്‍ച്ചയായിരുന്നു. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ വിരമിച്ചശേഷം ഒരു ദലിത് ജഡ്ജിയും സുപ്രീംകോര്‍ട്ടിലില്ലെന്നും ഇന്ത്യയിലെ സംസ്ഥാന ഹെക്കോടതികളില്‍ ചീഫ് ജസ്റ്റിസ് ആയി ദലിതര്‍ ഇല്ലെന്നുമാണ് മനസിലാക്കുന്നത്.

പ്രാതിനിധ്യങ്ങളില്‍ മാത്രമല്ല വിധിന്യായങ്ങളിലും ജാതിവിരുദ്ധത നിലനില്‍ക്കുന്നതിന് ഉദാഹരണമാണ്. ക്രൂരമായി ബലാത്സംഗത്തിനിരയായ ‘ഭന്‍വാരിദേവി’കേസില്‍ ദലിത് സ്ത്രീയെ ഉന്നതകുലജാതരായ പുരുഷന്മാര്‍ ഒരിക്കലും ബലാത്സംഗം ചെയ്യില്ല എന്ന കോടതിവിധി. ദലിത് വിഭാഗത്തില്‍ പെടുന്ന ജഡ്ജിമാര്‍ കഴിവില്ലാത്തവരും ധാര്‍ഷ്ഠ്യക്കാരുമാണെന്ന പൊതു അഭിപ്രായം മിക്ക ബാറുകളില്‍ നിന്നും കേള്‍ക്കാറുണ്ട്; യാതൊരു അടിസ്ഥാനവുമില്ലെങ്കിലും. നീതിന്യായ രംഗത്ത് തുടരാനാവാതെ പലവിധ സമ്മര്‍ദ്ദത്താല്‍ ആത്മഹത്യചെയ്ത ദലിത് ജഡ്ജിമാരും, മുന്‍സിഫ്-മജിസ്‌ട്രേറ്റ്മാരും ഉണ്ട്. പാല്‍ സൊസൈറ്റിമുതല്‍ പാര്‍ലമെന്റ്‌വരെ സംവരണം നല്‍കുന്നു എന്ന് നിലവിളിക്കുമ്പോഴും നീതിന്യായ രംഗത്ത് നിയമിക്കപ്പെടുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍, സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ തുടങ്ങി മാറിമാറിവരുന്ന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഒന്നും തന്നെ ദലിത്-ആദിവാസി വിഭാഗത്തില്‍പ്പെടുന്ന അഭിഭാഷകര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാറില്ല. ഈയൊരു നീതിന്യായ പരിസരത്തുനിന്നാണ് ജസ്റ്റിസ് കര്‍ണ്ണന്‍ നേരിടുന്ന ജുഡീഷ്യല്‍ വെല്ലുവിളികള്‍ കാണേണ്ടതും വിലയിരുത്തപ്പെടേണ്ടതും.

കോടതിയലക്ഷ്യമായി ജസ്റ്റിസ് കര്‍ണ്ണന്‍ ചെയ്ത കൊടുംകുറ്റം എന്നത് അദ്ദേഹം ഉള്‍പ്പെടുന്ന മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസും, വിരമിച്ച ചില ജഡ്ജിമാരും അഴിമതി ആരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും, പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനും കത്തയച്ചു എന്നതാണ്. യഥാര്‍ത്ഥത്തില്‍ 2011 നവംമ്പര്‍മാസത്തില്‍ അദ്ദേഹം മദ്രാസ് ഹൈക്കോടതിയിലെ ചില ജഡ്ജിമാരില്‍ നിന്നും ജാതീയമായ വിവേചനം നേരിടുന്നതായി കാണിച്ചുകൊണ്ട് ദേശീയ പട്ടികജാതി കമ്മീഷന് കത്തയച്ചിരുന്നു. കുറ്റകരമായ മൗനവും നിഷ്പക്ഷതയും പാലിക്കുന്ന ഭരണകൂടം അദ്ദേഹത്തിന്റെ പരാതികളില്‍ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല എന്നതാണ് ഖേദകരം. ജസ്റ്റിസ് കര്‍ണ്ണന്‍ മാത്രമല്ല ഉന്നത ഉദ്യോഗപദവി യിലുള്ള മിക്ക ദലിതരും ജാതീയമായ വിവേചനം നേരിടുന്നുണ്ട് എന്നത് വസ്തുതയാണ്. ജാതീയവ്യവസ്ഥിതിയില്‍ അപ്രകാരം സംഭവ്യമാണ് എന്നു തിരിച്ചറിയപ്പെടുമ്പോഴാണ് പരാതികള്‍ക്ക് പരിഹാരമുണ്ടാവുക.

ഇടതുപക്ഷചായ്‌വും പുരോഗമനവും ഒക്കെ ഉണ്ടെന്നു ധരിക്കുന്ന സെബാസ്റ്റ്യന്‍ പോളിനെപ്പോലെയുള്ളവര്‍ പറയുന്നത് ജസ്റ്റിസ് കര്‍ണന്‍ ഉന്നയിക്കുന്ന ആക്ഷേപത്തോട് അദ്ദേഹത്തിന് യോജിപ്പില്ലെന്നും ദലിത് സമൂഹത്തില്‍ നിന്നും വന്നതുകൊണ്ടാണ് അദ്ദേഹം ജഡ്ജിയായതും എന്നതാണ്. അതേസമയം വര്‍ഗ്ഗപരമായ താല്പര്യം ജഡ്ജിമാര്‍ക്കുണ്ട്. അതുണ്ടാകാന്‍ കാരണം അവരുടെ നിയമനരീതിയാണെന്നും അദ്ദേഹം സമ്മതിക്കുന്നു. അതിനുകാരണം ഇന്ത്യയില്‍ ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുന്നതാണ്. ഇത്തരം വൈരുദ്ധ്യങ്ങളാണ് മിക്ക പുരോഗമന നിഷ്പക്ഷചിന്തകരിലും അടങ്ങിയിട്ടുള്ളത്. കേരളത്തില്‍ ജീവിക്കുന്ന രജിസ്‌ട്രേഷന്‍ ഐ.ജി.യായി ഒരു ദലിതന്‍ റിട്ടയര്‍ ചെയ്തശേഷം സഹപ്രവര്‍ത്തകര്‍ അവിടെ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചത് അറിഞ്ഞിട്ടുണ്ടാവേണ്ടതാണ്. ഇത്തരം ആചാരങ്ങള്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ ഓഫീസിലും റിട്ടയര്‍മെന്റിന്റെ ഭാഗമായി ഇല്ലെന്നും അദ്ദേഹം അറിയേണ്ടതാണ്. കാരണം അദ്ദേഹത്തെപ്പോലുള്ളവര്‍ ആണ് പ്രധാനവിഷയങ്ങളില്‍ അഭിപ്രായം പറയുവാനായി ചാനലുകളില്‍ എത്തുന്നത്. ഇന്ത്യയില്‍ ജഡ്ജിമാരെ ജഡ്ജിമാര്‍തന്നെ തിരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായത്തെ ജസ്റ്റിസ് കര്‍ണ്ണനും എതിര്‍ക്കുന്നുണ്ട്. കൊളീജിയം മാത്രമല്ല ജില്ലാമജിസ്‌ട്രേട്ടു നിയമനങ്ങളില്‍ മത്സരപരീക്ഷ ജയിക്കുന്ന ദലിതര്‍, അഭിമുഖ പരീക്ഷയില്‍ തോല്‍ക്കുന്നതും നിയമനം കിട്ടാതാവുന്നതും കേരളത്തില്‍ തന്നെ ഉണ്ടായിട്ടുള്ളതാണ്. എല്ലാം ചര്‍ച്ചകളിലും ചാനലുകളിലെ വാര്‍ത്തകളിലും മാത്രം ഒതുങ്ങുമ്പോഴാണ് ജസ്റ്റിസ് കര്‍ണ്ണന്‍ നേരിട്ട് മദ്രാസ് ഹൈക്കോടതയിലെ കോടതിമുറി യിലെത്തി ജഡ്ജിമാരുടെ നിയമനത്തില്‍ അഴിമതി ഉണ്ട് എന്ന് ഞാന്‍ ഒരു സത്യവാങ് മൂലം ഫയല്‍ ചെയ്യാമെന്ന് പറയുന്നതും.

ഈ അവസരത്തില്‍ കര്‍ണ്ണാടക ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നോക്ക ന്യൂനപക്ഷ അഭിഭാഷക ഫെഡറേഷന്‍ ഇന്‍ഡ്യന്‍ ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, നിയമമന്ത്രി എന്നിവര്‍ക്കയച്ച പരാതികൂടി ശ്രദ്ധിക്കേണ്ടതാണ്. ഒന്‍പത് അഭിഭാഷകരെ കര്‍ണ്ണാടക ഹൈക്കോടതിയിലേക്ക് തെരെഞ്ഞെടുത്ത കര്‍ണ്ണാടക ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതിയായിരുന്നു അത്. ഒന്‍പതുപേരില്‍ ആറുപേര്‍ അന്നത്തെ ചീഫ് ജസ്റ്റിസിന്റെ സമുദായത്തില്‍ പെടുന്നവരും രണ്ടുപേര്‍ റിട്ടയര്‍ ചെയ്ത ഹൈക്കോടതി ജഡ്ജിമാരുടെ മക്കളും ആയിരുന്നു. ഇവരില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമുണ്ടായിരുന്നില്ല. അഴിമതി എന്നത് കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ മാത്രമല്ല സ്വജന പക്ഷപാതിത്വം കൂടിയാണ്. നിലവിലുള്ള നിയമചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് അയച്ച ഇത്തരം പരാതികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോഴാണ് കര്‍ണ്ണനെപ്പോലെ വിമതസ്വരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിലവിലെ പ്രോട്ടോകോളുകളും ചട്ടക്കൂടുകളും തകര്‍ത്ത് അസാധാരണമാം വിധം പെരുമാറേണ്ടിവരുന്നത്. അതു തകരാറിലായ മാനസിക നിലയായി നിയമ സാമൂഹ്യവ്യസ്ഥിതി കരുതിയേക്കാം. കാരണം അനുസരണയും അച്ചടക്കവും ഭയവും വിധേയത്വവും കൊണ്ട് ഇറങ്ങിപ്പോയ നാവുകള്‍ക്കും കുനിഞ്ഞശിരസിനും കര്‍ണ്ണന്‍ അനഭിമതനും മാനസിക വൈകല്യമുള്ള വനുമായി ചിത്രീകരിക്കേണ്ടത് അവരുടെ അന്തസിന്റെ നിലനില്‍പ്പിനാണ്. ജസ്റ്റിസ് കര്‍ണ്ണന്‍ അഴിമതിയും ജാതിവിവേചനവും ഉള്‍പ്പെടെയുള്ള സത്യം വിളിച്ചു പറയുന്നത് ഏതു ശിക്ഷാവിധിപ്രകാരമാണ് കുറ്റകരമാവുക? കോടതിയലക്ഷ്യ നിയമം 1971 -ഉം Rules to regulate proceedings for condumt of the Supreme Court 1975 ഉം പറയുന്നത് കോടതിയെ അപകീര്‍ത്തിപ്പെടു ത്തുന്നതിനെതിരെയാണ്. അപകീര്‍ത്തി (Scandalising) എന്നത് ബ്രിട്ടണ്‍ നിയമത്തില്‍ നിന്നും എടുത്തിട്ടു ള്ളതാണ്. എന്നാല്‍ ‘കോടതിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന കുറ്റം’ റദ്ദാക്കിക്കൊണ്ട് 2013-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഈ നിയമം ഭേദഗതി ചെയ്തു.

ജസ്റ്റിസ് കര്‍ണനെതിരെയുള്ള പരമോന്നത നീതിപീഠത്തിന്റെ നടപടികള്‍ വളരെയധികം നൈതിക ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. 1) സുപ്രീം കോടതിക്ക് ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ ജുഡീഷ്യല്‍ അധികാരം എടുത്തുകളയാനാവുമോ?

പ്രസിഡന്റിന്റെ ഒപ്പോടുകൂടി നിയമിതനാകുന്ന ഒരു ഹൈക്കോടതി ജഡ്ജിനെ ഇംപീച്‌മെന്റ് നടപടിയിലൂടെയല്ലാതെ അദ്ദേഹത്തിന്റെ ഭരണഘടനാപരമായ തൊഴില്‍ ഇല്ലാതാക്കുവാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടോ? ജസ്റ്റിസ് കര്‍ണനുനേരെയുള്ള നടപടികള്‍ പാര്‍ലമെന്റില്‍ അറിയിച്ചുവോ? ഹൈക്കോടതിയുടെ അപ്പീല്‍ കോടതിയെന്നതിലുപരി സുപ്രീം കോടതിക്ക് ഹൈക്കോടതിയുടെ ഭരണനിര്‍വഹണത്തിലും അച്ചടക്ക നടപടികളിലും നിയന്ത്രണാധികാരം ഉണ്ടോ? ജനാധിപത്യ ഇന്‍ഡ്യയില്‍ ഭരണഘടനയാണ് പരമോന്നത നിയമം. ഭരണഘടനാനുസൃതമായി നിഷ്പക്ഷവും സ്വതന്ത്രവുമായ നീതി നിര്‍വഹണമാണ് കോടതികളുടെ ചുമതല. ഭരണഘടന നിശബ്ദമാകുന്നിടത്ത് പൗരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് സ്വതന്ത്രമായ ആശയപ്രകടനം മൗലിക അവകാശമാകുന്ന ജനാധിപത്യരാജ്യത്തില്‍ മാധ്യമങ്ങളെ വിലക്കുന്നത് അപകടകരമായ നിയമ അവസ്ഥയാണ്. ഇത്തരം കീഴ്‌വഴക്കങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടാം എന്നുള്ളതുകൊണ്ടാണ് പ്രമുഖ സീനിയര്‍ അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഇന്ദിരാ ജയ്‌സിംങിനെപ്പോലുള്ളവര്‍ ഇതൊരു അപകടകരമായ കീഴ്‌വഴക്കമാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നത്.

ജസ്റ്റിസ് കര്‍ണന്‍ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ പൊരുതിപരാജയപ്പെട്ടേക്കാം എങ്കിലും വ്യവസ്ഥിതിയെ വെല്ലുവിളിച്ച, യാഥാര്‍ത്ഥ്യങ്ങള്‍കൊണ്ട് അലോസരപ്പെടുത്തിയ ചരിത്രമായി അദ്ദേഹം നിലനില്‍ക്കും.
____________________________

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകയും ആക്ടിവിസ്റ്റുമാണ് ലേഖിക)

Top