കമ്മത്ത് & കമ്മത്ത് ജാതീയമായ അതിക്രമത്തിന്റെ മറയില്ലാത്ത ദൃശ്യവത്കരണം

സ്വന്തം ജീവിതത്തോടുള്ള സ്‌നേഹം പോലും ബ്രാഹ്മണിസത്തിന്റെ നിലനില്‍പിനുവേണ്ടി ബലിയര്‍പ്പിക്കുകയാണ് അവര്‍. അതുകൊണ്ടാണ് ഗൗഡ സാരസ്വത ബ്രാഹ്മണനായ കമ്മത്തിന് ചരിത്രപരമായി തങ്ങളുടെ സമുദായം അഹിംസാവാദികളുടേതാണെന്ന് ലാഘവപൂര്‍വ്വം അവകാശപ്പെടാനാവുന്നത്. ഇക്കാരണത്താല്‍ തന്നെ, ജാതീയ സംഘട്ടനങ്ങള്‍ സാധാരണവല്‍കരിക്കപ്പെടുകയും, അവരുടെ (ബ്രാഹ്മണ) യുക്തിയില്‍ ആയുധം ഉപയോഗിച്ചവര്‍ ആരാണോ അവര്‍ അക്രമികളും കുറ്റാരോപിതരും ആവുകയും ചെയ്യുന്നു. ആര്‍ക്കു നേരെ എപ്പോള്‍ എവിടെവെച്ച് അക്രമം അഴിച്ചു വിടണമെന്ന് നിര്‍ദ്ദേശം കൊടുക്കുന്നവര്‍ കുറ്റവിമുക്തരാകുന്നു. ബ്രാഹ്മണ്യത്തിന്റെ ലോകബോധം, അതിന്റെ സങ്കല്പനങ്ങള്‍, നീതിബോധവുമായി ബന്ധപ്പെട്ട് ധാരണകള്‍ ഇവയെക്കുറിച്ച് ഈ അനുഭവങ്ങള്‍ നമ്മോട് പറയുന്നതെന്താണ്?

2103 ല്‍ മലയാളത്തിലിറങ്ങിയ ‘കമ്മത്ത് ആന്റ് കമ്മത്ത്’ എന്ന സിനിമയുടെ ഒരു സ്‌കീന്‍ ഷോട്ടാണ് താഴെ കൊടുത്തിരിക്കുന്നത്.
തുടര്‍ന്നെഴുതുന്നതിനു മുമ്പ് ഞാനൊരു കാര്യം വ്യക്തമാക്കട്ടെ. ഈ സിനിമയിലെ സഹോദരന്മാരുടെ ചേഷ്ഠകള്‍ ‘ഗൗഡ സാരസ്വത ബ്രാഹ്മണ’രുടെയോ (ജി. എസ്. ബി) കമ്മത്ത് കുടുംബങ്ങളുടേയോ അവരുടെ ശരീര ഭാഷയുടേയോ യഥാര്‍ത്ഥ പ്രതിനിധാനമാണെന്ന് ഞാനൊരിക്കലും കരുതുന്നതേയില്ല. സിനിമയുടെ കഥാഘടനയിലേക്കും അതിന്റെ ദൃശ്യവത്കരണത്തിലേക്കും നിങ്ങളുടെ ശ്രദ്ധ ക്ഷണക്കുക മാത്രമാണ് ചെയ്യുന്നത്. ഈ സിനിമയില്‍ മാത്രമല്ല, ഒട്ടുമിക്ക മലയാള സിനിമകളിലും കണ്ടുവരുന്ന പൊതു ആഖ്യാനപരത തന്നെയാണ് ഇവിടെയും ദൃശ്യവത്കരിച്ചിട്ടുള്ളത് എന്ന വസ്തുത ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഗൗഡ സാരസ്വത ബ്രാഹ്മണനായ (ജി. എസ്. ബി) ശ്രീ കമ്മത്ത്; അദ്ദേഹത്തെ തടയാന്‍ വന്ന എതിരാളികളെ തന്റെ വിശ്വസ്തനായ സേവകന്‍ (കള്ളി ഷര്‍ട്ട് ധരിച്ചയാള്‍) അടിച്ചു വീഴ്ത്തുന്ന രംഗം വീക്ഷിക്കുന്ന ഷോട്ടാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ ഗുണ്ടകളെ അയച്ചത് എതിരാളിയായ ഒരു ഹോട്ടലുടമയാണ്. സ്വാഭാവികമായി അയാളൊരു മുസ്ലീമാണ്. വിവിധതരം ദോശകള്‍ ഒരുക്കുന്ന തന്റെ ശുദ്ധവെജിറ്റേറിയന്‍ ഹോട്ടല്‍ ഉത്ഘാടനം ചെയ്യാനായി കമ്മത്ത് പോകുന്ന വഴിയിലാണ് ഇത് സംഭവിക്കുന്നത്. മറ്റൊരു ബ്രാഹ്മണനില്‍ നിന്നുമാണ് കമ്മത്ത് ഈ ഹോട്ടല്‍ വാങ്ങിയത്. ഈ ബ്രാഹ്മണന്‍ നേരത്തെ പറഞ്ഞ മുസ്ലീം ഹോട്ടലുടമയുടെ കുതന്ത്രങ്ങള്‍ കാരണം കടപൂട്ടി പോകേണ്ടി വന്ന ആളാണ്. ഈ മുസ്ലീം ഹോട്ടലുടമയ്ക്ക് സ്ഥലം വാങ്ങണമെന്നുണ്ട്. പക്ഷേ, ഹോട്ടല്‍ നില്ക്കുന്ന സ്ഥലം ഒരു മുസ്ലീമിന് വില്ക്കുവാന്‍ സാധ്യമല്ല എന്ന ഒരു പ്രശ്‌നം കൂടി ഉള്ളതുകൊണ്ടാണ് കമ്മത്ത് അത് വാങ്ങാന്‍ തീരുമാനിച്ചത്. കാരണം അവിടെയൊരു ഗണപതി വിഗ്രഹം ഉണ്ട്. ആ പ്രതിഷ്ഠയ്ക്കു വേണ്ട വിശുദ്ധപൂജകള്‍ എന്നും നടത്തേണ്ടതുണ്ട് (ബ്രാഹ്മണര്‍ സമം വിശുദ്ധി എന്നു വായിക്കുക). പ്രായമായി വരുന്ന, ബ്രാഹ്മണനായ സ്ഥലമുടമയ്ക്ക് ആ സ്ഥലം അശുദ്ധമാക്കപ്പെടുന്നത് സഹിക്കാനാവുന്ന കാര്യമല്ല.

ഒരു ഗൗഡ സാരസ്വത ബ്രാഹ്മണന്‍ ആയതുകൊണ്ട് കമ്മത്ത് അഹിംസയില്‍ വിശ്വസിക്കുന്ന ആളാണ്. ആരെയും അടിക്കില്ല. അദ്ദേഹവും അദ്ദേഹത്തിന്റെ അനുജന്‍ കമ്മത്തും കൂടി ഒരു റിവോള്‍വറും അതിന്റെ ഉണ്ടകളും വെവ്വേറെയായി കയ്യില്‍ വയ്ക്കുന്നു. ഇതിനര്‍ത്ഥം തോക്കുണ്ടെങ്കിലും രണ്ടുപേര്‍ക്കും വെടിവയ്ക്കാന്‍ കഴിയില്ല. സ്വയം തികഞ്ഞ വെജിറ്റേറിയനാണെങ്കിലും അയാളുടെ വിശ്വസ്ത സേവകന് ബിഫ്, മട്ടണ്‍,ചിക്കന്‍ തുടങ്ങി എല്ലാ നോണ്‍ വെജിറ്റേറിയനുകളും ചേര്‍ത്തഭക്ഷണമാണ് കൊടുക്കുന്നത്. ഈ കമ്മത്ത് സഹോദരന്മാരുടെ അച്ഛന്റെ മേല്‍ വണ്ടി കയറ്റി അദ്ദേഹത്തെ അംഗപരിമിതനാക്കിയ ആളെ കാണിച്ചുകൊടുക്കുകയും, അങ്ങനെ സത്യസന്ധതയും വിശ്വസ്തതയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത ഒരാളാണ് സേവകനായി തെരഞ്ഞെടുക്കപ്പെട്ടത്. അയാളാണ് എതിരാളികളെ അടിച്ചൊതുക്കുന്നത്. കാരണം, ഗൗഡ സാരസ്വത ബ്രാഹ്മണര്‍ ചരിത്രപരമായി തന്നെ അഹിംസാവാദികളാണല്ലോ. പരസ്പരം പോരടിക്കുന്നവരായ മറ്റുള്ളവരുടെ ജാതി ഏതാണെന്ന് ഈ ഘട്ടത്തില്‍ വ്യക്തമാക്കപ്പെടുന്നില്ല. (സിനിമയുടെ അവസാന ഭാഗത്ത് ഒരുപക്ഷേ, ഇതുണ്ടാവാം. പക്ഷേ, അത് വീക്ഷിക്കുക അരോചകരമാണ്). അവരുടെ ഭക്ഷണരീതികള്‍, ശരീരഭാഷ, രോഷാകുലമായ മാനസികാവസ്ഥ എന്നിവയിലൂടെ അവര്‍ ആരായിരിക്കുമെന്നത് വെളിപ്പെടുന്നുണ്ട്. ഇപ്പോള്‍ നാം ചോദിക്കേണ്ട ഒരുചോദ്യമുണ്ട്. എന്താണ് വയലന്‍സ്? ആര്‍ക്കെതിരെ എപ്പോള്‍, എങ്ങിനെ കാഞ്ചി വലിക്കുന്നു എന്നതിനെ നിയന്ത്രിക്കുന്ന ആളാണോ അതോ കാഞ്ചി വലിക്കുന്ന ആളാണോ കുറ്റക്കാരന്‍. ഇവര്‍ തുല്യ പങ്കാളികളാണോ, അതോ ഇവരില്‍ ആര്‍ക്കെങ്കിലും ഇതില്‍ കൂടുതല്‍ പങ്കാളിത്തമുണ്ടോ? കാഞ്ചി വലിക്കുന്ന ആളിനെ കുറ്റകൃത്യത്തിന്റെ സൂത്രധാരനായി ചിത്രീകരിക്കുന്നത് ആശ്വാസ്യമാണോ? കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചവര്‍ക്ക് പോറലേല്‍ക്കാതെയുള്ള ചിത്രീകരണങ്ങളുടെ ധാര്‍മ്മിക സാംഗത്യമെന്താണ്?

ഭൂരിപക്ഷം പേരും ഇതിന്റെ ഉത്തരം കണ്ടെത്തിയിട്ടുണ്ടാവാമെന്നാണ് എനിക്ക് തോന്നുന്നത്.

അതിനാല്‍, സാധ്യമായ മറ്റൊരു വിശദീകരണം കൗതുകകരമായിരിക്കും. അതായത് കടയുടമ നടത്തിയ അക്രമണത്തോടുള്ള പ്രത്യാക്രമണം മാത്രമാണ് കമ്മത്ത് സഹോദരന്മാര്‍ ചെയ്തത്. ഇവിടെയാണ് ഈ സിനിമയും ഇതേ ഘടനയുള്ള മറ്റു സിനിമകളും എങ്ങനെയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്ന് സൂക്ഷ്മമായി അന്വേഷിക്കേണ്ടതിന്റെ ആവശ്യകത അനുഭവപ്പെടുന്നത്. ഈ കഥയില്‍ ജി. എസ്. ബി. സഹോദരന്മാരുടെ ജീവിത ലക്ഷ്യത്തിനും വിജയത്തിനും പിന്നില്‍ ഒരു ചരിത്രമുണ്ട്. പക്ഷാഘാതം സംഭവിച്ച് കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റാതായ അച്ഛന്‍. പക്ഷേ, ഈ സഹോദരന്മാരുടെ ജി.ബി. എസ് സമുദായത്തിന്റെ ലക്ഷ്യവിജയാഭിലാഷങ്ങളെ ന്യായീകരിക്കുന്നതിനു വേണ്ടി കൂടുതല്‍ പഴയ ചരിത്രത്തിലേക്ക് നീളുന്ന മറ്റൊരു വസ്തുത കൂടി സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്നുണ്ട്. പോര്‍ച്ചുഗീസുകാരുടെ വരവോടെ സ്വന്തം നാടായ ഗോവയിലെ ജീവിതം ദുരിതപൂര്‍ണ്ണമായി അവിടെ നിന്നും പാലായനം ചെയ്യാനായി നിര്‍ബന്ധിക്കപ്പെട്ട് പല ഭാഗങ്ങളിലേക്ക് ചിതറിക്കപ്പെട്ട കൊങ്കണി ബ്രാഹ്മരുടെ ചരിത്രം. നിര്‍ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള ചരിത്രത്തിന്റെ ആനുകൂല്യങ്ങളോ, വ്യക്തിപരമായ ആഖ്യാനങ്ങളിലൂടെ സ്വയം വെളിപ്പെടുത്താന്‍ അവസരമോ ഇല്ലാത്തവരാണ് ഈ സിനിമയിലെ മുസ്ലീം വില്ലനും ഇതര ഗുണ്ടകളും. എന്തു പറയാന്‍, വില്ലന്മാര്‍ വില്ലത്തരത്തിലൂടെയാണല്ലോ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നത്. അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും പ്രതിപാദിക്കപ്പെടാവുന്നതോ പരാമര്‍ശിക്കപ്പെടാവുന്നതോ വിദൂരമായിപ്പോലും ആര്‍ക്കും താല്പര്യം ജനിപ്പിക്കുന്നതോ ആയതല്ല. അതുകൊണ്ടാണ് ഈ പ്രത്യേക സ്‌ക്രീന്‍ ഷോട്ട് ഇവിടെ കൊടുക്കുന്നത്. അത് സ്വയം വിശദീകരിക്കുന്നുണ്ട്. ഗുണ്ടകള്‍ ആയുധങ്ങളുമായി ഹൈവേയില്‍ നിലയുറപ്പിക്കുകയും കമ്മത്തിന്റെ കാര്‍ തടഞ്ഞിടുയും ചെയ്യുന്നു. അയാളുടെ ഡ്രൈവറും സേവകനുമായ ആള്‍ ആദ്യം കാറില്‍ നിന്ന് ഇറങ്ങി ഗുണ്ടകളോട് സംസാരിക്കുകയും, തുടര്‍ന്ന് യജമാനനോട് കാറില്‍ നിന്നിറങ്ങി വരാന്‍ പറയുകയും ചെയ്യുന്നു. ഈ സിനിമയില്‍ ഹീറോയായി മമ്മൂട്ടി പ്രവേശിക്കുന്ന ആദ്യരംഗമാണിത്. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ക്യാമറ അയാളെ പിന്‍തുടരുന്നു. വിരലുകളില്‍ അണിഞ്ഞ പാരമ്പര്യ മോതിരങ്ങള്‍, നെറ്റിയിലെ ചുവന്ന സിന്ദൂരപ്പൊട്ട്, വലത്തെ ചെവിയിലെ ചുവന്ന കല്ലു പതിച്ച കമ്മല്‍, സ്വര്‍ണ്ണ ഫ്രെയിമുള്ള കണ്ണട, സ്വര്‍ണ്ണ വാച്ച്, സ്വര്‍ണ്ണ ബോര്‍ഡറുള്ള കസവുമുണ്ട് കൂടെ ബ്ലെയ്‌സര്‍: തന്റെ അധികാരത്തിന്റെ ഈ ചിഹ്നങ്ങളെല്ലാം വഹിച്ചുകൊണ്ട് കമ്മത്ത് കാറില്‍ നിന്നിറങ്ങുന്നു. തുടര്‍ന്ന് തമാശകലര്‍ന്ന ഭാഷയില്‍ ഒരു ചെറുസംഭാഷണം അദ്ദേഹം ഗുണ്ടകളോട് നടത്തുന്നു. ‘താന്‍ ഗുണ്ടകളെ അടിക്കാറില്ല. എന്നാല്‍ തനിക്കുവേണ്ടി ഇത് ചെയ്യുന്നതിനായി ബീഫ്, മട്ടണ്‍, ചിക്കന്‍ എന്നിവയെല്ലാം കൊടുത്ത് പോറ്റുന്ന ഒരു ”കാട്ടുപോത്ത്” തന്റെ കൂടെയുണ്ട്’. വിനീത ഭൃത്യനായ ഗോപിയാണ് (നടന്‍ ബാബുരാജാണ് ഈവേഷത്തില്‍) അത്. പിന്നീട് ഗോപിയോട് കാര്യങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കാറിനടുത്തേക്ക് തിരിഞ്ഞു നടക്കുന്നു. അതാണ് താഴെ കൊടുത്തിരിക്കുന്ന സ്‌ക്രീന്‍ ഷോട്ടില്‍ കാണുന്നത്. ഇതിനിടയില്‍ കമ്മത്തിന്റെ പിന്‍ കഴുത്തിനു നേരെവന്ന രണ്ടുവാളുകളെ ഏറെ വൈദഗ്ദ്ധ്യത്തോടെ ഗോപി തടയുന്നു.

തന്നെ അക്രമിക്കാന്‍ വന്നവരെ ഗോപി വേണ്ടവിധം കൈകാര്യം ചെയ്തുകൊള്ളുമെന്ന പരിപൂര്‍ണ്ണ ആത്മവിശ്വാസത്തില്‍ കമ്മത്ത് കാറിന്റെ പുറത്ത് കയറിയിരുന്ന്, കാലുകള്‍ പിണച്ചുവച്ച്, സ്വര്‍ണ്ണനിറത്തിലും തടികൊണ്ടും നിര്‍മ്മിതമായ കൊത്തുപണികളുള്ള വെറ്റിലപ്പെട്ടി തുറന്ന് ചുണ്ണാമ്പു ചേര്‍ത്ത് അദ്ദേഹം ഒരു വെറ്റിലമുറുക്ക് സ്വയം തയ്യാറാക്കുന്നതില്‍ വ്യാപൃതനാവുന്നു.

കമ്മത്ത് ഫ്രെയിമില്‍ വരുമ്പോഴൊക്കെ പശ്ചാത്തല സംഗീതം കര്‍ണ്ണാടക സംഗീതത്തിലേക്ക് മാറുകയും, ഗുണ്ടകള്‍ രംഗത്ത് വരുമ്പോള്‍ അത് ഡിഷ്യൂം ഡിഷ്യൂം ശബ്ദത്താല്‍ നിറയുകയും ചെയ്യുന്നു. ഒരിക്കല്‍ ഗോപിയെ കാട്ടുപോത്തായി പരാമര്‍ശിക്കുന്ന സമയത്ത്, കാട്ടുപോത്തിന്റെ അലര്‍ച്ച സ്‌ക്രീനില്‍ കേള്‍ക്കുന്നു. ഇപ്രകാരം ഒരു അധികാരിയെപ്പോലെ അയാള്‍ കാറിന്റെ പുറത്ത് ഉപവിഷ്ഠനായി മുഴുവന്‍ രംഗവും വീക്ഷിച്ചുകൊണ്ട് ഗോപിക്ക് പ്രത്യേക ഘട്ടങ്ങളില്‍ സ്വയം രക്ഷയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ”ദലിത് ബഹുജന്‍”എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൂട്ടം മനുഷ്യര്‍ അവിടെ പരസ്പരം തമ്മില്‍തല്ലിക്കൊണ്ടിരിക്കുകയാണ്.

സ്റ്റണ്ടു രംഗം അവസാനിക്കുന്നത് ഈ പെറ്റിഗുണ്ടകളുമായി കമ്മത്ത് നടത്തുന്ന ഒരു സംഭാഷണത്തിലൂടെയാണ്. (മലയാളം അത്ര വഴങ്ങാത്തതിനാല്‍ രസകരമായ തെറ്റുള്ള മലയാളമാണ് അദ്ദേഹം പറയുന്നത്): തനിക്ക് എന്താണ് വിചാരിക്കാന്‍ കൊടുത്ത്? താന്‍ ഇയാളെ തല്ലി തോല്പിച്ചാല്‍ നമ്മള്‍ തന്നെ തല്ലാന്‍ വരുമെന്ന് വിചാരിച്ചു അല്ലേ മണ്ടന്‍! നമ്മള്‍ അങ്ങനെ ആപ്പമാരെയും ഊപ്പാന്മാരെയും ഒന്നും തല്ലാറില്ല. അതിരിക്കട്ടെ തന്നെ ആരാണ് ഇങ്ങോട്ടു പറഞ്ഞു വിടാന്‍ കൊടുത്തത്? അതു പറയൂ വെറുതെ പറയാന്‍ കൊടുക്കടോ?

ഇവിടെ, തന്റെ ഇരയാവാന്‍ യോഗ്യതയില്ലാത്ത ലോക്കല്‍ ഗുണ്ടകളെ തള്ളിക്കളഞ്ഞ് തനിക്ക് ചേര്‍ന്ന ഒരു ശത്രുവിനെ ഉണ്ടാക്കുകയാണ് കമ്മത്ത്. ഈ തള്ളിക്കളയലിന് പിന്നില്‍ തന്റെ പരിഗണനയ്‌ക്കോ ശ്രദ്ധക്കോ അര്‍ഹരല്ലാത്തവരാണിവര്‍ എന്ന സവര്‍ണ്ണ പുച്ഛം ഉള്ളിലടക്കിയിട്ടുണ്ട്, എന്നാല്‍ മനുഷ്യനെന്ന നിലയ്ക്കല്ലാതെ ഒരു കന്നുകാലിയെപ്പോലെ ഒരാളെ പോറ്റി വളര്‍ത്തുന്നതില്‍ യാതൊരു വൈരുദ്ധ്യവും അദ്ദേഹം കാണുന്നില്ല. തന്‍ നേരിടേണ്ട ശത്രു ഒരു മുസ്ലീം ഹോട്ടലുടമയാണെന്ന് ആഹ്ലാദപൂര്‍വ്വം അംഗീകരിക്കുന്ന ഒരു ബോധവും കൂടി ആ പ്രഖ്യാപനത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

ഈ ദൃശ്യങ്ങള്‍ വെറും അക്രമണപരതയുടെ ഒരു വിന്യാസം മാത്രമല്ല പ്രകടിപ്പിക്കുന്നത്. ജാതീയമായ അതിക്രമത്തിന്റെ ഒരു വ്യവഹാരം കൂടിയാണത്. ഇവിടെ ബ്രാഹ്മണന്‍ മുകളിലിരുന്ന് ഫലം കൊയ്യുമ്പോള്‍ ‘ചെറു ജീവിത’ങ്ങള്‍ ബ്രാഹ്മണ മേധാവിധ്വം നിലനിര്‍ത്തേണ്ട ബാധ്യതയെന്നോണം പരസ്പരം അടിക്കുകയും സ്വയം നശിക്കുകയും ചെയ്യുന്നു. സ്വന്തം ജീവിതത്തോടുള്ള സ്‌നേഹം പോലും ബ്രാഹ്മണിസത്തിന്റെ നിലനില്‍പിനുവേണ്ടി ബലിയര്‍പ്പിക്കുകയാണ് അവര്‍. അതുകൊണ്ടാണ് ഗൗഡ സാരസ്വത ബ്രാഹ്മണനായ കമ്മത്തിന് ചരിത്രപരമായി തങ്ങളുടെ സമുദായം അഹിംസാവാദികളുടേതാണെന്ന് ലാഘവപൂര്‍വ്വം അവകാശപ്പെടാനാവുന്നത്. ഇക്കാരണത്താല്‍ തന്നെ, ജാതീയ സംഘട്ടനങ്ങള്‍ സാധാരണവല്‍കരിക്കപ്പെടുകയും, അവരുടെ (ബ്രാഹ്മണ) യുക്തിയില്‍ ആയുധം ഉപയോഗിച്ചവര്‍ ആരാണോ അവര്‍ അക്രമികളും കുറ്റാരോപിതരും ആവുകയും ചെയ്യുന്നു. ആര്‍ക്കു നേരെ എപ്പോള്‍ എവിടെവെച്ച് അക്രമം അഴിച്ചു വിടണമെന്ന് നിര്‍ദ്ദേശം കൊടുക്കുന്നവര്‍ കുറ്റവിമുക്തരാകുന്നു. ബ്രാഹ്മണ്യത്തിന്റെ ലോകബോധം, അതിന്റെ സങ്കല്പനങ്ങള്‍, നീതിബോധവുമായി ബന്ധപ്പെട്ട് ധാരണകള്‍ ഇവയെക്കുറിച്ച് ഈ അനുഭവങ്ങള്‍ നമ്മോട് പറയുന്നതെന്താണ്?

ഈ ദൃശ്യവിന്യാസങ്ങള്‍ മറ്റൊരു കപട ചരിത്ര നിര്‍മ്മിതിയുടെ പാഠങ്ങള്‍ കൂടി വെളിപ്പെടുത്തുന്നുണ്ട്. ബ്രാഹ്മണന്റെ അനുവാദത്തോടെ അരങ്ങേറുന്ന ഇത്തരം ആക്രമണങ്ങള്‍/കലഹങ്ങള്‍ ചരിത്രാഖ്യാനങ്ങളിലും വ്യക്തി ജീവിതത്തിലും ബ്രാഹ്മണന്‍ അനുഭവിച്ച വേദനയായിട്ടാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഇതേ സമയം ദലിത് ബഹുജനങ്ങളുടെ ജീവിതങ്ങളും ചരിത്രങ്ങളും സ്ഥാപനവത്കൃതമായ മറവികള്‍ക്കും നിരാകരണങ്ങള്‍ക്കുമൊപ്പം ചരിത്രത്തില്‍ എപ്പോഴും വിലകെട്ടതായും മാറുന്നു.
_____________________________________
(Sruthy Herbert is a Doctoral Candidate at SOAS- Univeristy of London)
വിവര്‍ത്തം:ജെ. എം. ജയചന്ദ്രന്‍

Top